ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

05-06-17

📘📚📕 സർഗസംവേദനം💐💐💐
അനില്‍

സർഗ സംവേദനത്തിൽ ഇന്ന്...
🌖 പുസ്തക പരിചയം
       സബുന്നിസ ബീഗം

🌖 യാത്രാ വിവരണം
         കല
🍀🍀🍀🍀🍀🍀🍀🍀🍀                        

🌷 പുസ്തക പരിചയം 🌷

പള്ളിവൈപ്പിലെ കൊതിക്കല്ലുകൾ
          നോവൽ
പ്രസാ : ഡി. സി. ബുക്സ്.
വില    : 295 രൂപ.
നോവലിസ്റ്റ്     : സമദ്

കൊടുങ്ങല്ലൂരിലെ ശാന്തിപുരത്ത് ജനനം.പനങ്ങാട് ഹൈസ്കൂൾ,  അസ്മാബി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  പത്തുവർഷം ദുബായ് എയർപോർട്ടിൽ ജോലി. ഇപ്പോൾ പെട്രോളിയം വിതരണം, ടൂറിസംഎന്നീ മേഖലകളിൽ വ്യാപരിക്കുന്നു.

നോവലിലേക്ക് 
നൂറ്റാണ്ടുകൾക്കു മുമ്പ് യമനിൽ നിന്ന് കേരളത്തിലെത്തിയ ഒരു മഹാ വൈദ്യന്റെയും അദ്ദേഹത്തിന്റെ പരമ്പരയുടെയും കഥയാണ് ഇത്.
ഇസ്ലാമിക ജീവിതത്തിന്റെ ആന്തരിക വിശുദ്ധിയും ഔന്നത്യവും ഇതിൽ കാണാം .മണലാരണ്യത്തിലെ ഗോത്ര പാരമ്പര്യവും മലബാറിലെ ജീവിത സമ്പ്രദായവും രസകരമായാണ് താരതമ്യം ചെയ്യപ്പെടുന്നത്.

ഹക്കിം  മൂസ.
യമനിലെ ഭരണാധികാരിയുടെ അപ്രീതിയാൽ മലബാറിലേക്ക് അന്നു കാലത്തെ പട്ടുപാത, സുഗന്ധപാത എന്നൊക്കെ വാണിജ്യപരമായി വിളിക്കുന്ന പ്രാചീന പാത വഴി മലബാർ  എന്ന പ്രദേശം തേടി യാത്രയായി. ഒരേ വിദ്യാലയത്തിൽ ഗുരുവിന്റെ കീഴിൽ  വിദ്യാഭ്യാസം ചെയ്ത തന്റെ കൂട്ടുകാരൻ ഭരണതലത്തിൽ പിടിമുറുക്കയതിന്റെ ഫലമായിരുന്നു ഈ പലായനം. മൂസ മലബാറിലെത്തി. താൻ പഠിച്ച വൈദ്യം പാവപ്പെട്ടവർക്കായി ഉപയോഗപ്പെടുത്തി ജീവിക്കുന്നു. ആ സമയത്താണ് പാലിയത്തച്ഛന്റെ ഒരേയൊരു സഹോദരിക്ക്  കലശലായ അസുഖം പിടിപെടുന്നത്.  രഹസ്യമായി ചികിത്സ തേടുന്നു. കൊട്ടാരം വൈദ്യൻ കിണഞ്ഞു  ശ്രമിച്ചിട്ടും യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല. അവസാനം നിയോഗം ഹക്കീം മൂസയ്ക്കാകുന്നു. വിശേഷമായ അറബി വൈദ്യത്തിന്റെ ശ്രമം ഫലം കണ്ടു.  തമ്പുരാന്റെ സഹോദരിയുടെ അസുഖം മാറുന്നു.  പക്ഷേ  കടുത്ത മൂത്രാശയ രോഗബാധിതനായ തമ്പുരാനെക്കുടി ഹക്കീം മൂസയ്ക്ക് ചികിത്സിക്കേണ്ടി വന്നു. കടൽതീരത്തെ കക്കാപ്പൊടിയും മറ്റും ചേർത്ത മരുന്നു നല്കി രോഗം ഭേദമാക്കുന്നു. എന്നാൽ    വർജ്യമായ വസ്തു മരുന്നായി നല്കി എന്ന് കൊട്ടാരം വൈദ്യൻ കണ്ടെത്തുന്നു. 

അന്നു രാത്രി വൈദ്യൻ കൊല്ലപ്പെടുന്നു.
അരമന രഹസ്യം പുറത്തു പോകാതിരിക്കാനും ഉപകാരം ചെയ്തയാളെ കൊല്ലാൻ  മനസ്സുവരാഞ്ഞതിനാലും ഹക്കീം മൂസയേയും കൂട്ടാളി നാഗരരേയും ഭാര്യയേയും നാടുകടത്തുന്നു. കൊച്ചി രാജ്യത്തിനും  തിരുവിതാംകൂറിനും മലബാറിനും അവകാശമില്ലാത്ത പള്ളി വൈപ്പ് എന്ന സ്ഥലത്ത് അവർ താമസമാക്കുന്നു. ക്രമേണ ഈ സ്ഥലം വികസിക്കുന്നു.  സംശയരോഗിയായി മാറിയ നാഗരർ  ഭാര്യയെ ഉപേക്ഷിച്ചു ആദ്യഭാര്യയുടെ അടുത്തേക്ക് ഓടിപ്പോകുന്നു. നിരാലംബയായ ആ സ്ത്രീക്ക് ഹക്കീം മൂസ ജീവിതം നല്കുന്നു.  അവരുടെ പരമ്പര പള്ളി വൈപ്പിൽ പ്രമാണിമാരായി ജീവിക്കുന്നു.

ഹക്കിം മൂസ നാടുവിട്ടതിന് പിറ്റേവർഷം നടന്ന യമനിലെ പണ്ഡിത സദസ്സ് , സഹോദരൻ ഈസ സമർപ്പിച്ച പഠന രേഖ  ചർച്ച ചെയ്യുന്നു. മത പുരോഹിതർ ഭരണത്തിൽ  ഇടപെട്ടുതുടങ്ങിയ കാലമായിരുന്നു അത്.

ഈസയുടെ അറിവിലും കഴിവിലും അസൂയപുണ്ട ഒരുവൻ അവിടെ ഉണ്ടായിരുന്നു.  ഹക്കിം മൂസ യമനിൽ നിന്ന്  ഒടിപ്പോകാൻ കാരണമായ അതേ വ്യക്തി. 
ഇപ്രാവശ്യം കരു നീണ്ടത് ഈസയ്ക്കു നേരേ ആയിരുന്നു. 

"സുൽത്താൻ ഭരണം ഇസ്ലാമികമോ"??? 
ചോദ്യം  ഇതായിരുന്നു. 
അനിസ്ലാമികമെന്ന് ഈസ മറുപടി പറഞ്ഞു. 
അതോടെ ഭരണാധികാരി കോപിച്ചു....

ഈസയ്ക്ക് യമൻ  വിടേണ്ടി വരുന്നു. ധനുഷ്കോടി, രാമേശ്വരം പാതയാണ് ഈസ തിരഞ്ഞെടുത്തത്. മലബാറിലേക്ക് മുൻപ് പോയ സഹോദരനെ കണ്ടെത്തുക കൂടി ഈസയുടെ ദൗത്യമായിരുന്നു..... 

പോരുമ്പോൾ എല്ലാമറിയുന്ന ഗുരു  ഏഴു കാപ്പിക്കുരുക്കൾ ഈസയെ ഏല്പിച്ചു. 
ഇതുകൊണ്ട് ജീവിതം കണ്ടെത്തുക എന്നു പറഞ്ഞാണ് അവ കൈമാറിയത്.  

ഈസ വന്നെത്തിയത് മൂന്നാറിൽ. 
മൂന്നാറിൽ  നിന്നും മലബാറിലേക്കുള്ള യാത്രയിൽ മൂന്നാറിന്റെ സൗന്ദര്യത്തിൽ ഈസ ആകൃഷ്ടനാകുകയും അന്നത്തെ കാട്ടുരാജാവ്, ആദിവാസി മൂപ്പനോട് സ്ഥലം വാങ്ങി അവിടെ കാപ്പികൃഷി തുടങ്ങുന്നു. പതിയെ മലമുകളിൽ തേയിലകൃഷി നടത്തുന്ന സായിപ്പും കൂടുംബവുമായി ചങ്ങാത്തത്തിലാകുന്നു.

എലേന, ഹെൻറി, എന്നിവർ വിദ്യാഭ്യാസം കൊണ്ടും വിവരംകൊണ്ടും ഉന്നതസ്ഥാനത്തുള്ളവരായിരുന്നു. 
അവരുമായുള്ള അടുപ്പം ഈസയക്ക് ഹൃദ്യമായി തോന്നി. ഹെൻറി, എലേനയ്ക്കായി ഇംഗ്ലണ്ടിൽ നിന്ന് കടൽ കടത്തിക്കൊണ്ടുവന്ന സിസിൽ ചെടിയും   അതിനു ചുറ്റും തോഴിമാരെപ്പോലെ നില്ക്കുന്ന തിസിൽ പൂക്കളും........ അവരുടെ പ്രണയം അത്രമാത്രം തീവ്രമായിരുന്നു....

ഈസയുടെ കാപ്പിക്കൃഷി വികസിക്കുന്നു.  അതുവരെ ചായ മാത്രം കുടിച്ചു ശീലിച്ച സായിപ്പും നാട്ടുകാരും കാപ്പിശീലിക്കുന്നു.
അതിനിടയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഈസ ജീവിതത്തിലേക്ക് സ്വീകരിക്കുന്നു. അത് പക്ഷേ മൂസയുടെ അടുത്ത് നിന്ന് ഓടിപ്പോന്ന നാഗരരുടെ മകളായിരുന്നു എന്ന കാര്യം ആരും അറിയുന്നില്ല.  
ഈസയുടെ കുടുംബം മൂന്നാറിൽ വേരു പിടിക്കുന്നു.......

തലമുറകൾ കഴിഞ്ഞു.
ഇങ്ങു ദൂരെ പള്ളിവൈപ്പിലെ മൂസയുടെ ഇപ്പോഴത്തെ ഇളംതലമുറക്കാരൻ മൂസ....
അയാൾ രക്ഷപ്പെടുന്നതിനായി വീട്ടുകാർ  ഒരു കമ്പനിയിൽ പങ്കാളിത്തം സംഘടിപ്പിച്ചു കൊടുത്തു.  ബിസിനസ് ഭംഗിയായി നടന്നു.  പക്ഷേ കടം മാത്രം പെരുകി.  അവസാനം തന്റെ പ്രണയം കൂടി നഷ്ടമായപ്പോൾ മൂസ ബോംബേയ്ക്ക് പോകുന്നു. അവിടെ നിന്നും  ഒരു സുഹൃത്ത് വഴി അറേബ്യൻ നാട്ടിലും. ജീവിതം പച്ച പിടിച്ചു വരുന്ന സമയത്ത്  ഒരു ചതിയിൽ അകപ്പെട്ടു. അവിടെ നിന്നും രക്ഷപെടാൻ  അയാൾ മരുഭൂമിയിലെ പഴയ പട്ടുപാത, സുഗന്ധപാത എന്നിവയിലൂടെ ഒരു സഹായിയോടൊപ്പം യമനിലെത്തുന്നു.

തലമുറകൾക്ക്  വാണിജ്യ വും വിജ്ഞാനവും കടന്നുവന്ന വഴിയിലൂടെ വീണ്ടും  ഒരു യാത്ര.
യമനിൽ.

അൽഹരാസിസ് എന്ന ഗോത്രത്തിൽ തന്നെ  അയാൾ  എത്തുന്നു......
പിന്നീട് ഒരു ഉരുവിൽ കയറി ധനുഷ്കോടി, രാമേശ്വരം വഴി മൂന്നാറിലെത്തുന്നു. 
അവിചാരിതമായി ഈസയുടെ കുടുംബത്തെ പരിചയപ്പെടുന്നു.....

അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ മൂസ, നെടുമ്പാശ്ശേരിയിലെ തന്റെ സ്ഥലം വിറ്റ പണം കൊടുത്ത് സിസിൽ വാലി വാങ്ങുകയും
അവിടെ  ഹോട്ടൽ  പണിയുവാൻ ശ്രമിക്കുകയും ചെയ്യുന്നു.

പക്ഷേ..............

എല്ലാം  അവസാനിപ്പിച്ചു കൊച്ചിയിലേക്കുള്ള യാത്രയിൽ...........
കയ്യിൽ  അൽഹരാസിസ് ഗോത്രത്തിന്റെ തലമുറകൾ കൈമാറിക്കിട്ടിയ ഗ്രന്ഥത്തിന്റെ പുരാതന പകർപ്പ്........ അതുമായി
അയാളുടെ യാത്ര........

ശ്രീ സമദിന്റെ ആദ്യരചനയാണിത്. പക്ഷേ ഒരു തുടക്കക്കാരന്റെ പകപ്പോ, ജാള്യമോ ഇല്ലാതെ മനോഹരമായി ഭാഷ കൈകാര്യം ചെയ്തിരിക്കുന്നു. ഒരു വിജ്ഞാനകോശത്തിനു തുല്യമായ ഇത് യമനിൽ പണ്ട് നിലനിന്നിരുന്ന വിദ്യാഭ്യാസരീതി.....
ജീവിതരീതി......
മതം....
അന്നത്തെ വിശാലമായ ചിന്തകൾ ഒക്കെ വിശകലനവിധേയമാക്കുന്നു.
പത്തു നൂറ്റാണ്ടിന്റെ  ചരിത്രം ഈ ചെറിയ നോവലിൽ ശ്രീ സമദ് അടയാളപ്പെടുത്തുന്നു.

കേരളത്തിലേക്ക് കേവല വ്യാപാരലക്ഷ്യങ്ങൾക്കപ്പുറം അറിവിന്റെ വാഹകരായി എത്തിച്ചേർന്ന് വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ആദാന പ്രദാനങ്ങൾക്കു വഴിവച്ചവർ കൂടിയാണ് അറബികൾ എന്നുകൂടി ഓർമ്മിപ്പിക്കുന്നു.... ഇന നോവൽ.

വംശശുദ്ധി, കുലമഹിമ, ദേശീയത എന്നിവയുടെയൊക്കെ പേരിൽ ആവശ്യത്തിലേറെ അഭിമാനം കൊള്ളുകയും ആ ബോധം നമ്മെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ആത്മരക്ഷയ്ക്കായി വായിക്കാവുന്ന കൃതി.

വായിച്ചിരിക്കേണ്ട ഒരു  നോവൽ. 

കുറിപ്പ് തയ്യാറാക്കിയത്  :
സബുന്നിസ ബീഗം

🙏🙏🙏🙏🙏🙏🙏🙏





പള്ളി വൈപ്പിലെ കൊതിക്കല്ലുകൾ
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് യമനില്‍ നിന്ന് കേരളത്തില്‍ വന്നു താമസമാക്കിയവരുടെ പിന്‍ തലമുറയിലെ ഒരു പാട് പേരെ പരിചയമുണ്ട്.അവരുടെ വീടുകളില്‍ പോവുമ്പോഴെല്ലാം അവിടുത്തെ ഉമ്മുമ്മമാര്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ട്ടവുമാണ്.പക്ഷേ അവരില്‍ നിന്നൊന്നും കേള്‍ക്കാത്ത ഒരു കഥയാണ് പള്ളിവൈപ്പിലെ കൊതികല്ലുകള്‍ എന്ന പുസ്തകത്തിലെ ഈസയുടേയും മൂസയുടേയും കഥ.
അറേബ്യയില്‍ പ്രത്യേകിച്ചു യമനില്‍ നില നിന്ന പ്രാചീന വിദ്യാഭ്യാസത്തെ കുറിച്ച് ഭരണക്രമങ്ങളെ കുറിച്ച് യാത്രകളെ കുറിച്ച് മനോഹരമായ ഒരു പുസ്തകം.വായിക്കപെടേണ്ട പുസ്തകം.
പള്ളിവൈപ്പിലെ കൊതി കല്ലുകള്‍.
തികച്ചും വ്യത്യസ്ഥമായ ഒരു പുസ്തകം.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കച്ചവടവും അറിവുമായി വന്ന സാര്‍ഥവാഹക സംഘത്തോടൊപ്പം യമനില്‍ നിന്ന് വന്ന രണ്ടു സഹോദരങ്ങളുടേയും അവരുടെ പിന്‍ തലമുറക്കാരുടേയും കഥ.
ഭൂമിയുടെ നീല ഞരമ്പുകളിലൂടെ ഒഴുകുന്ന നനവിന്റെ ശബ്ദങ്ങളും ഇല്ലാത്ത കാലുകളാള്‍ കുതിച്ചും ഇല്ലാത്ത ചിറകുകളാല്‍ ഇഴഞ്ഞും വരുന്ന സൂക്ഷ്മ ജീവികളുടെ ശബ്ദം പോലും കേള്‍ക്കാവുന്നത്ര നിശബ്ദതയാര്‍ന്ന ഖബറിനടിയില്‍ അലിഞ്ഞു തുടങ്ങിയ സ്വന്തം ശരീരത്തെ വെറുത്ത് കിടക്കുമ്പോള്‍ മൂസാ നിന്റെ കുലമേത് എന്നു ചോദിച്ചു തുടങ്ങുന്ന മാലാഖമാര്‍ക്ക് സ്വന്തം കഥ പറഞ്ഞു കൊടുക്കുന്ന മൂസയില്‍ നിന്ന് തുടങ്ങുന്ന കഥ.
സമസ്ഥ ലോകത്തിലേയും ആദ്യ കാല പഠന കേന്ദ്രങ്ങളില്‍ ഒന്നായ ലോജുല്‍ ഉലൂമില്‍ നിന്ന് നല്‍കുന്ന മുഅല്ലിം ബിരുദത്തിനു മുന്നോടിയായി അവതരിപ്പിക്കേണ്ട മൂന്നു പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിനിടയില്‍ സുല്‍ത്താന്റെ ബന്ധുവും ലോജുല്‍ ഉലൂമിന്റെ തലവനുമായ സദര്‍ മുഅല്ലിം ഹാഷിമിന്റെ അപ്രീതിക്ക് പാത്രമായതിനാല്‍ നാടു വിടേണ്ടി വന്ന ഈസയുടെ പിന്‍ തലമുറക്കാരി ബില്‍ക്കീസും സുഹൃത്തുക്കളോടൊപ്പം സൂഫി ഖാനയില്‍ ഇരുന്ന് കാപ്പി കുടിച്ചതിന് വെള്ളിയാഴ്ച നമസ്ക്കാരത്തിനു ശേഷം പരസ്യമായി ചാട്ടവാറടി ലഭിച്ചതിന്റെ മാനക്കേട് സഹിക്കാതെ നാടു വിട്ട ഈസയുടെ സഹോദരന്‍ മൂസയുടെ പിന്‍ തലമുറക്കാരന്‍ മൂസയും മൂന്നാറിലെ സിസാള്‍ വാലി എസ്റ്റേറ്റില്‍ കണ്ടുമുട്ടുന്നിടത്താണവര്‍ കഥ പറഞ്ഞു തുടങ്ങുന്നത്.
വായിക്കുക,അറിയുക എന്ന ആദ്യ വെളിപാടോടു കൂടി അവതരിപ്പിക്കപ്പെട്ട വിശുദ്ധ പുസ്തകത്തെ പിന്തുടര്‍ന്നവര്‍ ഭയപ്പെട്ടില്ല.പുസ്തകത്തിന്റെ അന്തസത്ത അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു.അവര്‍ പഠിച്ചു.പഠിപ്പിച്ചു.ഗവേഷണങ്ങള്‍ നടത്തി.സം വദിച്ചു.പങ്കു വെച്ചു.എന്നാല്‍ ഇടക്കാലത്ത് അവരുടെ ഈമാന്‍ നഷ്ടപെട്ടു.മറ്റുള്ളവരില്‍ നിന്ന് പഠിക്കാന്‍ ,നല്ല കാര്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ വിസമ്മതിച്ചു.തങ്ങള്‍ക്ക് അറിയാവുന്നത് മാത്രമാണ് ശരി എന്നവര്‍ ധരിച്ചു.മറ്റുള്ള സമൂഹങ്ങളുടെ അറിവിനെ സംസ്കാരത്തെ അവര്‍ തിരസ്കരിച്ചു.അസഹിഷ്ണുത പെരുത്തു.അറിവ് താഴ്ന്നിടത്തേക്ക് ഒഴുകും.ഉയരത്തിലേക്ക് ഒഴുകില്ല.രാജഭരണം ഇസ്ലാമികമല്ല എന്നെല്ലാം പ്രബന്ധം അവതരിപ്പിക്കുന്നതിനിടയിലെ കൂസലില്ലാതെ തുറന്നടിച്ച ഈസക്ക് കടുത്ത ശിക്ഷ കിട്ടുമെന്നുറപ്പായപ്പോള്‍ ഗുരു അമീര്‍ ഹഷിം കാനൂന്‍ ഉല്‍ ദവ എന്ന അമൂല്യ ഗ്രന്ധവും ഏഴു കാപ്പികുരുവും കൊടുത്ത് യാത്രയാക്കുകയാണ്.
വറുക്കാത്ത കാപ്പി കുരു പുറത്തേക്ക് കൊണ്ടു പോകരുതെന്നായിരുന്നു അന്നത്തെ രാജ കല്പ്പന.കാപ്പികൃഷിയുടെ കുത്തക സം രക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയ നിയമമായിരുന്നു അത്.എങ്കിലും കാപ്പി ചെകുത്താന്റെ ദ്രാവകമാണെന്നും അത് ഉപയോഗിക്കുന്നതും വിതരം ചെയ്യുന്നതും അനിസ്ലാമികമാണെന്ന് പ്രചരിപ്പിക്കപെട്ട കാലമായിരുന്നു അത്.കാപ്പി ഉണ്ടായത് ഭാഖയിലാണ്.കാപ്പി കുടിക്കുന്ന സ്വഭാവം കിട്ടിയത് അവിടുത്തെ ആട്ടിടയിന്മാരില്‍ നിന്നാണ്.എത്രയോ കാലമായി കാപ്പിലോകം ആസ്വദിക്കപെട്ടിരുന്നെങ്കിലും പെട്ടൊരു ദിവസമാണ് കാപ്പി അനിസ്ലാമികമാണെന്ന് ഉത്തരവ് വന്നത്.കാപ്പി ഉത്പാദിപ്പിക്കാം വിദേശത്തയക്കാം.കുടിക്കാന്‍ പാടില്ല.സൂഫിസത്തെ ഒതുക്കാനുള്ള ഒരു രാഷ്ട്രീയ കളിയായിരുന്നു [രാത്രി 8:30 -നു, 5/6/2017] മിനി താഹിർ: അത്.അതിനെ എതിര്‍ത്ത് കാപ്പി കുടിച്ച് ദര്‍വേസുകളുമായി കൂടിയിരുന്ന് പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തതിനാണ് ഈസയുടെ സഹോദരന്‍ മൂസക്ക് പഠിത്തതില്‍ അതി സമര്‍ഥനായിട്ടും മുഅല്ലിം പദവി നഷ്ടപെട്ടതും അയാള്‍ മലബാറിലേക്ക് നാടുകടത്തപെട്ടതും.
സീസാര്‍ പൂക്കളെ സ്നേഹിച്ച, മരിച്ചാല്‍ മൂന്നാറില്‍ തന്നെ മറവു ചെയ്യണം എന്നു പറഞ്ഞ വെള്ളാരം കണ്ണുകളുള്ള എലീനയുടെയും അവളുടെ ഹെന്‍റിയുടേയും പ്രണയവം പ്രണയഭംഗവുമുണ്ട് ഇതില്‍.അവര്‍ ചെയ്ത കാപ്പികൃഷിയെ കുറിച്ചും
കാപ്പി കോപ്പ ഉയ്യര്‍ത്തി ഹെന്‍റി പറഞ്ഞു
കാപ്പി വിപ്ലവത്തിന്റെ വിജയത്തിന്.
ഈസ പറഞ്ഞു
ദേശാടനം ചെയ്യുന്ന ചെടികള്‍ക്കും പൂക്കള്‍ക്കും കായ്ക്കള്‍ക്കും പിന്നെ കാലഭേദമില്ലാത്ത പ്രണയത്തിനും.
അവര്‍ കാപ്പി കോപ്പയില്‍ ചുണ്ട് ചേര്‍ത്തു.എലേന പറഞ്ഞു.
ഇതിനു കയ്പ്പാണ്.പ്രണയത്തിന്റെ സൗമ്യമായ കയ്പ്പ്.
പിന്നീടൊരിക്കല്‍ ഒരു പേമാരി ദിവസം എലീനയെ നഷ്ട്ടപെട്ട കാലത്ത് കാപ്പി വിപ്ലവം പരാജയപ്പെടുന്നത് തിരിച്ചറിഞ്ഞത് മുതല്‍ ഹെന്‍റി മൗനത്തിലേക്കും സങ്കടത്തിലേക്കും കൂപ്പുകുത്തുന്നത് കണ്ട ഈസ മനസിലാക്കി മനസ്സിനേയും ബുദ്ധിയേയും ശരീരത്തേയും പ്രണയം പോലെ സ്വാധീനിക്കുന്ന ഒന്നിനേ ഹെന്‍റിയുടെ ദുഖം അകടറ്റാനാവു .തേടി പിടിക്കാവുന്നതല്ല പ്രണയം.വന്നു ചേരുന്നതാണ്.മനസ്സും ശരീരവും ആകസ്മികതയും ഭാഗ്യവും ഒത്തു ചേരുമ്പോള്‍ സംഭവിക്കുന്നതാണ് പ്രണയം.
ഒരു മല കയറ്റം പോലെയാണ് പ്രണയം.കയറിയാല്‍ ഇറങ്ങേണ്ടി വരും.ചിലപ്പോള്‍ വ്യക്തി പരമായ കാരണങ്ങള്‍ കൊണ്ട് ചിലപ്പോള്‍ ഇതു പോലെ വിധിയുടെ കാരണങ്ങള്‍ കൊണ്ട്.ഏതായാലും പ്രണയിച്ചാല്‍ ദുഖിക്കേണ്ടി വരും.ആരും ആരേയും ഇങ്ങിനെ സ്നേഹിക്കരുത്.സ്നേഹിച്ചാല്‍ എപ്പോഴെങ്കിലും അതിന്റെ വില കൊടുക്കേണ്ടി വരും.
പള്ളിവൈപ്പിലെ കൊതിക്കക്കല്ലുകള്‍
സമദ്
ഡീ സി ബൂക്സ്
പുസ്തകം അയച്ചു തന്ന ചങ്ങാതി..സ്നേഹം.നിന്നു പോയ വായന ഇവിടെ ഈ മനോഹര പുസ്തകത്തില്‍ നിന്നു തന്നെ ആയതില്‍ ഏറെ സന്തോഷം.                        
സൈറ മുഹമ്മദ്☝


ഇനി യാത്രാ വിവരണത്തിലേക്ക്...
സ്കന്ദ ഗുഹ... വിരൂപാക്ഷ ഗുഹ...
കല
എല്ലാവരിലും ഇല്ലെങ്കിലും ചില മനുഷ്യരില്‍ ഇപ്പോഴും കുറച്ച്   ഗുഹാമനുഷ്യര്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. സൌകര്യം കിട്ടുമ്പോള്‍ യാത്രാവഴികളിലെ  കേട്ടറിഞ്ഞ  ഗുഹകളിലേക്ക് ഒന്നെത്തി നോക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്  അവര്‍ക്കുള്ളില്‍  ഉറങ്ങുന്ന  ആ ഗുഹാമനുഷ്യരായിരിക്കാം. പരിഷ്ക്കാരത്തിന്‍റെ ബാഹ്യചിഹ്നങ്ങള്‍  വഹിക്കുമ്പോഴും  ഒരുതരം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള കൌതുകത്തോടെ കിലോ മീറ്ററുകള്‍ നടന്ന് ചെന്ന്  അന്തര്‍ലീനമായ  ഗുഹാകൌതുകങ്ങള്‍  അത്തരം മനുഷ്യര്‍  പൂര്‍ത്തിയാക്കുന്നു.

ഞാനും നടക്കുകയായിരുന്നു.

രമണാശ്രമത്തിന്‍റെ  പുറകിലുള്ള  വഴിയിലൂടെ സ്കന്ദ ഗുഹ തേടി.. രമണ മഹര്‍ഷി  അവിടെ ധ്യാനലീനനായിരുന്നു, 1915 മുതല്‍ 1922 വരെയുള്ള  കുറെക്കാലം. മഹര്‍ഷിയുടെ അമ്മ  ഇവിടെ താമസിച്ച് അദ്ദേഹത്തിനു ആഹാരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു. അവരുടെ മഹാസമാധിക്കു ശേഷമാണ് അദ്ദേഹം മലയിറങ്ങി താഴെ, ഇന്നത്തെ ആശ്രമം  നില്‍ക്കുന്നിടത്ത്  താമസമായത്. രമണാശ്രമത്തില്‍ വരുന്നവര്‍ക്കെല്ലാം,  ഹും  ആം ഐ എന്ന്  എപ്പോഴും  തന്നെത്തന്നെ സംശയിച്ച രമണ മഹര്‍ഷിയെ  ജയ ഗുരു സദ്  ഗുരു എന്ന് ഉറക്കെ  ജപിക്കുന്നവര്‍ക്കെല്ലാം  സ്കന്ദ ഗുഹയെപ്പറ്റി  എന്തെങ്കിലും ഒക്കെ പറയാന്‍ തോന്നും. അതുകൊണ്ട്  സംഭവിച്ചിട്ടുള്ള അതിശയങ്ങളുടെ  വര്‍ണാഭമായ കഥകള്‍   എത്ര വേണമെങ്കിലും  നമുക്ക് കേള്‍ക്കാന്‍ കഴിയും. 

ബസ്സിറങ്ങിയത്  തിരുവണ്ണാമലൈ ബസ് സ്റ്റാന്ഡിലായിരുന്നു. രമണാശ്രമത്തിലേക്ക് എന്ന് പറഞ്ഞപ്പോള്‍  ഓട്ടോക്കാര്‍ ഇരുനൂറു രൂപ ചോദിച്ചു. തമിഴ് നാട്ടില്‍ ഓട്ടോ ഒരിക്കലും ഒരു സാധാരണക്കാരന്‍റെ  വാഹനമാകുന്നില്ല.  ഇതു പോലെ  മോക്ഷത്തെക്കുറിച്ച് പറയുന്ന,  വിദേശികള്‍ ധാരാളമായെത്തുന്ന  ആത്മീയ  കേന്ദ്രങ്ങളില്‍ പോകുമ്പോള്‍ പ്രത്യേകിച്ചും.  പോണ്ടിച്ചേരിയിലെ  അരവിന്ദാശ്രമത്തിലേക്ക് പോകുമ്പോഴും  ഇതു  തന്നെയായിരുന്നു  അനുഭവം.  ബസ് സ്റ്റാന്‍ഡിലെ  പോലീസുകാരന്‍  രമണാശ്രമത്തിനു മുന്നിലൂടെ പോകുന്ന  സ്റ്റേറ്റ്  ട്രാന്‍സ്പോര്‍ട്ട് ബസ്സ്  കാണിച്ചു തന്നു.  പിന്നെ അതില്‍ കയറി രമണാശ്രമത്തിന്‍റെ മുന്നിലിറങ്ങി. തൊട്ടരികേയുള്ള  ശേഷാദ്രി  ആശ്രമത്തില്‍  ഭക്ഷണം അന്വേഷിച്ചു ചെന്നപ്പോള്‍ ഏകദേശം എല്ലാം തീര്‍ന്നു കഴിഞ്ഞിരുന്നുവെങ്കിലും വിശന്നു വലഞ്ഞ എന്‍റെ  മുഖം കണ്ട്  പാവം തോന്നിയിട്ടാവണം  എവിടുന്നോ  അവര്‍ ഒരു  മസാലദോശയും കാപ്പിയും സംഘടിപ്പിച്ചു തന്നു. 

എന്‍റെ കൂടെ നടക്കാനുണ്ടായിരുന്നവര്‍ എല്ലാം വാസ്തു ശില്‍പികളായിരുന്നു. മലയാളികള്‍ക്കൊപ്പം ഒരു ആസ്ത്രേലിയക്കാരനുമുണ്ടായിരുന്നു. അവരുടെ  സംഭാഷണ വിഷയങ്ങള്‍ കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് എന്‍റേതായ  ലോകത്തില്‍  ആണ്ടു മുങ്ങി ഞാന്‍ സ്കന്ദ ഗുഹ  ലക്ഷ്യമാക്കി നടന്നു.  കഥകള്‍  പറഞ്ഞു കേള്‍പ്പിക്കാമെന്ന് ചില  ഗൈഡുകള്‍  സമീപിച്ചെങ്കിലും  മരങ്ങളുടെ അനാദിയായ തണുപ്പൂറുന്ന പച്ചപ്പിലൂടെ  പാറക്കെട്ടുകള്‍ക്കിടയിലൂടെ പടികള്‍  കയറിക്കയറി  നിശ്ശബ്ദമായി നടക്കാനാണ് എനിക്ക് താല്‍പര്യം തോന്നിയത്. 

അരുണാചലനിര  ഉയര്‍ന്നു  കാണുന്നുണ്ടായിരുന്നു. കല്ലുകള്‍  പടിക്കെട്ടുകളായി പാവിയ  ഉയര്‍ന്നു യര്‍ന്നു പോകുന്ന വഴിയില്‍  ഇടയ്ക്കിടെ നിരപ്പായ പ്രതലങ്ങള്‍ കടന്നു വന്നു.  കടപ്പക്കല്ലിലും കല്‍ച്ചട്ടിക്കല്ലുകളിലും കൊത്തുപണികള്‍ ചെയ്ത് ചെറു  വിഗ്രഹങ്ങളുണ്ടാക്കി വില്‍ക്കുന്നവര്‍  അവിടെയുണ്ട്.  ഭര്‍ത്താവു കൊത്തുപണികള്‍ ചെയ്യുകയും ഭാര്യ വില്‍പന  നിയന്ത്രിക്കുകയും ചെയ്യുന്നു. പലതരം ചുണ്ടല്‍, ( കടലയും പയര്‍ വര്‍ഗങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന  ഒരു വിഭവം)  മോരുംവെള്ളം, പേരയ്ക്ക,  പഴം  എന്നിവയെല്ലാം വില്‍പനയ്ക്കു വെച്ച് ഒരുപാടു സ്ത്രീകളും കടുംപച്ചപ്പാര്‍ന്ന,  ഏതെല്ലാമോ കിളികള്‍ പാടുന്ന,  ആ വഴിയിലിരുപ്പുണ്ട്. ദാരിദ്ര്യംകൊണ്ട് നന്നെ  മെലിഞ്ഞ   അവരുടെ  തലമുടിയില്‍ ചൂടിയ പൂക്കള്‍ മാത്രം ചിരിച്ചുകൊണ്ടിരുന്നു. പച്ചച്ചമരങ്ങള്‍ക്കിടയില്‍ ആവശ്യത്തിനുള്ള  ഭക്ഷണം ലഭിക്കുന്നതുകൊണ്ടാവാം അനവധി കുരങ്ങന്മാരുണ്ടെങ്കിലും അവര്‍  നടന്നു കയറുന്നവരെ  ശല്യം ചെയ്യാത്തത്.  

സ്കന്ദഗുഹ എത്തും മുന്‍പ്  അരുണാചലേശ്വരന്‍റെ  അമ്പലവും തിരുവണ്ണാമലൈ  നഗരവും നന്നെ  ഉയരത്തില്‍  നിന്ന് കാണാവുന്ന ഒരു  പാറപ്രതലമുണ്ട്.  അവിടെ  ഫോട്ടോ  എടുക്കുന്നവരുടെ തിരക്കാണ്. നോക്കെത്താത്തിടത്തോളമായി പരന്നുകിടക്കുന്ന  നഗരവും ശില്‍പ  സൌകുമാര്യം വഴിഞ്ഞൊഴുകുന്ന ഗോപുരങ്ങളുമായി അരുണാചലേശ്വരനും കണ്ണുകള്‍ക്ക് വിരുന്നാകുന്നു.

മരങ്ങളുടെ തൊട്ടിലിലാണ് സ്കന്ദ ഗുഹ. നഗര നിരപ്പില്‍ നിന്ന്  ഏകദേശം എണ്ണൂറടി  മുകളില്‍.  കുരങ്ങുകള്‍ക്കും  നായ്ക്കള്‍ക്കും  പാലും  പഴവുമൊക്കെ  കൊടുക്കുന്ന സ്വാമിയെ സ്കന്ദഗുഹയില്‍ കണ്ടു. അവിടെ ധ്യാനിച്ചിരിക്കാനുള്ള മുറിയും  രമണ മഹര്‍ഷിയുടെ അമ്മ ഉപയോഗിച്ചിരുന്ന മുറിയുമുണ്ട്. പിന്നെ ഒരു  നടുമുറ്റവും.  കുറെ വിദേശികള്‍  ധ്യാനത്തിലിരിക്കുന്നതു കണ്ടു. ഗുഹയെ  ഒരു  മോഡേണ്‍  നിര്‍മ്മിതിയാക്കി ഗ്രില്ലും മറ്റുമിട്ട്  ഭദ്രമാക്കിയിരിക്കുന്നു. ഗുഹ എന്ന പേര്  ഇപ്പോള്‍ അതിനു ഒട്ടും ചേരില്ലെന്ന് എനിക്ക് തോന്നി. ഗുഹയ്ക്ക്  പിറകില്‍ ഭീമാകാരമായ  കറുത്തുമിന്നുന്ന പാറകള്‍ ആനക്കൂട്ടത്തെ ഓര്‍മ്മിപ്പിച്ചു. പാറപ്പിളര്‍പ്പുകള്‍ക്കിടയിലൂടെ തെളിനീരായി ഒഴുകുന്ന  ചോല.. എല്ലാവരും അതിലെ വെള്ളം കൈക്കുമ്പിളില്‍ കോരിക്കുടിച്ചു... മുഖം കഴുകി....  കുപ്പികളില്‍ ശേഖരിച്ചു. 

രമണമഹര്‍ഷിയും  ഈ വെള്ളം തന്നെയാണ്  കുടിച്ചിരുന്നതെന്നും  അദ്ദേഹം പാറപ്പുറത്തിരുന്നു ധ്യാനിക്കുമായിരുന്നുവെന്നും സന്ദര്‍ശകര്‍  തമ്മില്‍ത്തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു. 

സ്കന്ദഗുഹയ്ക്കു മുന്നിലൂടെ വിരൂപാക്ഷഗുഹയിലേക്കുള്ള വഴി കുത്തനെ താഴോട്ട് പോകുന്നു. ഏകദേശം  ഇരുനൂറടിയോളം താഴ്ചയിലാണ് ഗുഹ.   വിരൂപാക്ഷദേവന്‍  എന്ന  സന്യാസി 1300കളില്‍  ഈ ഗുഹയില്‍  ധ്യാനിച്ചിരുന്നുവത്രേ. അതാണ് ഈ പേരു വരാനുള്ള കാരണം.  ഗുഹ  ഓം  എന്ന ആകൃതിയിലാണെന്ന് കരുതപ്പെടുന്നു. അരുണാചല നിരയുടെ കിഴക്കന്‍ ചരിവിലാണ് വിരൂപാക്ഷ ഗുഹ. 1899 മുതല്‍  1915  വരെ  രമണമഹര്‍ഷിയും ഈ ഗുഹയില്‍ ധ്യാനനിരതനായി. അപ്പോഴാണ്  ‘സെല്‍ഫ്  എന്‍ക്വയറിയും’  ‘ഹു ആം  ഐ’ യും പോലെയുള്ള  ആത്മാന്വേഷണപരമായ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചത്. 

പാറക്കല്ലുകളുടെ നടപ്പാത  പലയിടത്തും കുത്തനെ ഉയര്‍ന്നുയര്‍ന്ന്  നടപ്പിനു നല്ല വെല്ലുവിളിയാകുന്ന ഒരു വഴിയാണ് ഗുഹയിലേക്കു നയിക്കുന്നത്.  കുടപിടിക്കുന്ന  മരങ്ങള്‍  പലയിടത്തും  പച്ചച്ച ഗുഹകള്‍ പണിതിട്ടുണ്ട്. നാലുവശത്തും പടരുന്ന  മരങ്ങളുടെ മൃദുലമായ  പച്ചപ്പില്‍ കിതപ്പാറ്റാന്‍  ഒതുങ്ങി നില്‍ക്കുമ്പോള്‍  അവര്‍  സൌമ്യമായി  വെളിപ്പെടുത്തുന്ന  ജൈവിക പാഠങ്ങള്‍  മനസ്സിലാക്കാനാവാത്തതാവാം മനുഷ്യവംശത്തിന്‍റെ പലതരം ദുരിതങ്ങള്‍ക്ക്  കാരണമാകുന്നതെന്ന് തോന്നിപ്പോകും.  ഇളം കാറ്റിലാടുന്ന ഇലകളുടെ മൃദുമര്‍മ്മരം ... കിളിപ്പേച്ചിന്‍റെ കാതുകുളിര്‍പ്പിക്കുന്ന   മാധുര്യം.. നഗരത്തിന്‍റെ  ഒത്ത നടുവില്‍ മറ്റൊന്നുമില്ലെങ്കില്‍ ഒരു  വിശ്വാസത്തിന്‍റെ പേരിലായാല്‍പ്പോലും ഇത്തരമൊരു പച്ചപ്പ് നിലനില്‍ക്കുന്നത് നല്ലതു തന്നെ..

വിരൂപാക്ഷഗുഹയും ഒരു മോഡേണ്‍  നിര്‍മ്മിതിയാണിപ്പോള്‍.  മരങ്ങള്‍ക്കിടയിലൂടെ അങ്ങു താഴെ അരുണാചലേശ്വരനെ കാണാനാകുമെന്ന്  എല്ലാവരും പറഞ്ഞു. ഗുഹയില്‍  ഒരു ശിവലിംഗമുണ്ട്.  രമണ മഹര്‍ഷി ധ്യാനിച്ചിരുന്ന ഈ ഗുഹയില്‍  വിദേശികളും സ്വദേശികളുമായ പലരും  പത്മാസനത്തില്‍ ധ്യാനനിരതരായിരുന്നു. കൃത്യമായി നിവര്‍ന്നിരുന്നാല്‍ ഗുഹയുടെ  മേല്‍ത്തട്ടില്‍ ശിരസ്സ് സ്പര്‍ശിക്കുമത്രേ. ധ്യാനിക്കുന്നവരെ ശല്യപ്പെടുത്തേണ്ടെന്ന് വെച്ച് ഞാന്‍  ആ പരീക്ഷണത്തിനു മുതിര്‍ന്നില്ല.

നീര്‍  സമൃദ്ധിയേറിയ ഒരു കുളത്തേയും  ഉല്ലാസത്തോടെ കുളിക്കുന്ന  കുട്ടികളേയും  അതിന്‍റെ തീരത്തിരിക്കുന്ന ഒരു കനത്ത ജടാധാരിയേയും പിന്നിട്ട്  അരുണാചലേശ്വരന്‍റെ  സമീപമെത്തിച്ചേരുന്ന വഴിയിലൂടെ  ഞങ്ങള്‍  മടക്കയാത്ര  ആരംഭിച്ചു.

ആ വഴിയില്‍  ഒരുപാട് യാചകരുണ്ടായിരുന്നു. വയസ്സു  ചെന്ന  സ്ത്രീകളായിരുന്നു അതില്‍ അധികവും. താഴോട്ട്  വരുന്തോറും അഴുക്കും  വിസര്‍ജ്ജ്യങ്ങളും ചെറു വീടുകളും നിറഞ്ഞ ചേരിയുടെ ഗന്ധം പടരാന്‍ തുടങ്ങി. കീറിയ കൊമ്പു മുറത്തിലിട്ട് അരി പെറുക്കുന്ന,  ചാണക വരളികള്‍ തിരുകി, പുക നിറഞ്ഞ  അടുപ്പു ഊതിയൂതിക്കത്തിക്കുന്ന  പെണ്ണുങ്ങള്‍. മൂക്കിളയൊലിപ്പിക്കുന്ന നഗ്നരായ  കുട്ടികള്‍. പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച മാലിന്യങ്ങള്‍ പലയിടത്തും അസഹനീയമായ ദുര്‍ഗന്ധം പരത്തുന്നു.  ഈ  ഭാഗം രമണാശ്രമത്തിന്‍റെ  മേല്‍നോട്ടത്തിലല്ലെന്നും  അതാണിങ്ങനെ നാശമായിക്കിടക്കുന്നതെന്നും ആശ്രമത്തിലെ ചിലര്‍ പിന്നീട് പറഞ്ഞു  തന്നു. ലോകമെല്ലാം ഒന്നെന്ന് പറഞ്ഞ, ഞാനാരെന്ന് പേര്‍ത്തും പേര്‍ത്തും ശങ്കിച്ച  രമണമഹര്‍ഷിയെ ആശ്രമത്തിലെ സദ്ഗുരുവാക്കിയപ്പോള്‍ സംഭവിച്ച അതിര്‍ത്തി തിരിവാകണം അത്. 

പൊടുന്നനെ ആരോ കൈയില്‍  പിടിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ കണ്ടത്  രണ്ടു കൊച്ചുപെണ്‍കുട്ടികളെയാണ്. സര്‍ക്കാര്‍ പള്ളിക്കൂടത്തിന്‍റെ  യൂണിഫോം  ധരിച്ച പിഞ്ചു കുഞ്ഞുങ്ങള്‍.. അഞ്ചും ആറും വയസ്സു  കാണും. 

‘ഒരു പെന്ന്  വാങ്കിക്കൊടുപ്പീങ്കളാ’  എന്നാണ് ചോദ്യം..  പേന കൊടുത്തപ്പോള്‍ കടയില്‍ അടുക്കി വെച്ചിട്ടുള്ള  ബിസ്ക്കറ്റ് പാക്കറ്റുകളിലേക്ക്   ആ  കുഞ്ഞിക്കണ്ണുകള്‍ ആര്‍ത്തിയോടെ നീളുന്നത് ഞാന്‍  കണ്ടു. 

ഓരോ പാക്കറ്റ്  ക്രീം ബിസ്ക്കറ്റ് കൈയില്‍ പിടിപ്പിച്ചപ്പോള്‍   അവര്‍ നിലാവു പോലെ  ചിരിച്ചു.

‘ അരുണാചലേശ്വരര്‍  കാപ്പാത്തട്ടും’  എന്നൊന്നും    വാഴ്ത്ത്  പറയാന്‍  അവര്‍ പഠിച്ചു കഴിഞ്ഞിരുന്നില്ല. 

എന്തുകൊണ്ടാവും ജീവിതത്തിലാദ്യം  കാണുന്ന എന്നോട്  കുട്ടികള്‍ പേന ചോദിച്ചത്?
കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാവാന്‍  വഴിയില്ല.  കിട്ടിയാല്‍  ലാഭം അല്ലെങ്കില്‍  പോട്ടെ   എന്ന്  കരുതീട്ടായിരിക്കുമോ? അതുമല്ലെങ്കില്‍ ഗതികേടുകൊണ്ടായിരിക്കുമോ?
ആ  കുഞ്ഞുങ്ങളുടെ ജീവിതാവസ്ഥയെപ്പറ്റി വിചാരിച്ചുകൊണ്ട് മലയിറങ്ങി  ഞാന്‍ അരുണാചലേശ്വരന്‍റെ സമീപമുള്ള  റോഡിലേക്കെത്തിച്ചേര്‍ന്നു.

⁠⁠⁠⁠⁠******************************************************
പ്രവീണ്‍ വര്‍മ്മ: സ്വന്തം പോസ്റ്റിന് കൂടെ ഇതോടു കൂടി വായിക്കേണ്ട മറ്റു പോസ്റ്റുകൾ കൂടി ഇടുക.
ടീച്ചർ സമ്മതിച്ചിരിക്കുന്നു; ഈ ശ്രമങ്ങൾ🙏   യാത്രയിൽ കണ്ടുമുട്ടുന്ന ഇത്തരം രംഗങ്ങളെ അവഗണനയിലോ അവജ്ഞയിലോ മുക്കാതുള്ള ഈ യാത്രാവിവരണം ഭംഗിയായി.
എവിടെയോ വായിച്ചതോർക്കുന്നു;
അരീക്കോടന്മാഷിന്റെ ഡൽഹിയാത്രയിൽ അദ്ദേഹം എടുത്ത അനേകം ഫോട്ടോകളിൽ താജ്‌മഹൽ എന്ന മഹാ സൗധത്തിന്റെ പിന്നാമ്പുറത്ത് മാലിന്യക്കൂമ്പാരത്തിൽ അന്നം തേടുന്ന രണ്ടു കുരുന്നുകളെ കാണാനിടയായിരുന്നു എന്നത്.                                             

അനില്‍: നന്നായിരിക്കുന്നു ടീച്ചർ...💐💐💐

വിജു: സമ്പന്നമായിരുന്നു കുറിപ്പുകളും അനുബന്ധങ്ങളും!                        
                       
ജ്യോതി: നോവലിന്റെ പതിവ് സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായ" കൊതിക്കല്ലുകൾ' വായനാനുഭവം... നന്നായി...ട്ടൊ.. ടീച്ചർ🌹😃👌🏽

ശിവശങ്കരന്‍:ഏറ്റവും മികച്ച ഒരു വായനാനുഭവം തന്നതിന് നന്ദി 
അഭിനന്ദനങ്ങൾ

********************************************************************