ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

29-05-17


 📚📘📕
സർഗ സംവേദനത്തിലേക്ക്
സ്വാഗതം
അനില്‍
📗📘📒📙📗📘📕📗📘📙

 പുസ്തക പരിചയം

AND THE MOUNTAINS ECHOED

       (  പർവ്വതങ്ങളും  മാറ്റൊലികൊള്ളുന്നു  )
        (നോവൽ )

ഖാലിദ് ഹൊസൈനി

----------------------------------------------

പ്രസാധകർ  : ഡി. സി.  ബുക്സ്
വില  : 450രൂപ.

നോവലിസ്റ്റ്  - ഖാലിദ് ഹൊസൈനി

ഖാലിദ് ഹൊസൈനി 1965 ല്‍ അഫ്ഘാനിസ്ഥാനിലെ കാബൂളില്‍ ജനിച്ചു. അഫ്ഘാന്‍ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. അമ്മ കാബൂളില്‍ ചരിത്രാദ്ധ്യാപികയും. 1976 ല്‍ അച്ഛന് പാരീസിലേക്ക് ജോലി മാറ്റം ലഭിച്ചു. 1980 ല്‍ കാബൂളിലേക്ക് തിരിച്ചു വരാനിരിക്കെയാണ് അഫ്ഘാനിസ്ഥാനില്‍ ഭരണമാറ്റവും റഷ്യന്‍ അധിനിവേശവും നടന്നത്. ഹൊസൈനികള്‍ക്ക് അമേരിക്ക രാഷ്ട്രീയാഭയം നല്‍കി. 1980 സെപ്റ്റംബറില്‍ അവര്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ എത്തി. 1984 ല്‍ ഖാലിദ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. 1996 മുതല്‍ 2004 വരെ മെഡിക്കല്‍ ഡോക്ടർ ആയി ജോലിചെയ്തു.  2003 മാര്‍ച്ചില്‍ ദ കൈറ്റ് റണ്ണര്‍ എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ഒരു അന്താരാഷ്ട്ര ബെസ്റ്റ് സെല്ലര്‍ ആയ കൈറ്റ് റണ്ണര്‍ ഇതുവരെ എഴുപതു രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിഖ്യാതമായ ഒരു സിനിമയും ഈ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ചിട്ടുണ്ട്. 2006 ല്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി സംഘടനയായ UNHCR അദ്ദേഹത്തെ അവരുടെ ഗുഡ് വില്‍ അംബാസ്സഡറായി നിയോഗിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലാണ് എ തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്. 2007 പ്രസിദ്ധീകരിച്ച ഈ നോവല്‍ അറുപതു രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഖാലിദ് ഹൊസൈനി വടക്കന്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്നു

വിവർത്തക  - രമാ മേനോൻ

1944സെപ്തംബർ 10ന് തൃശ്ശുരിൽ ജനിച്ചു. പരേതനായ പൂത്തേഴത്തു രാമമേനോന്റെ മകൾ. മുപ്പതു വർഷത്തോളം അഹമ്മദാബാദിൽ സ്കൂൾ ടീച്ചർ ആയിരുന്നു. പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ്,  ഫിഫ്ത് മൗണ്ടൻ,  ചെകുത്താനും  പെൺകിടാവും,  ഖാലിദ് ഹൊസൈനിയുടെ കൈറ്റ് റണ്ണർ,  എ തൗസൻഡ് സ്പ്ളെന്റീഡ് സൺസ്,  ആൻഡ് ദി മൗണ്ടൻസ് എക്കോഡ് എന്നിവ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു.

നോവലിലേക്ക്

നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുകയും നമ്മെ ഓരോരുത്തരെയും നിർവചിക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ സമസ്യകളെ പൂരിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഖാലിദ് ഹൊസൈനി ഈ നോവലിൽ നടത്തുന്നത്.

അഫ്ഗാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ മൂന്നു വയസുകാരി പരിയും അവളുടെ സഹോദരൻ പത്തുവയസുകാരൻ അബ്ദുള്ള യും തമ്മിലുള്ള ബന്ധത്തിന്റെ വളർച്ചയിൽ സംഭവിക്കുന്ന സങ്കീർണ്ണതകളെ ആവിഷ്കരിക്കുകയാണ് ഈ നോവലിൽ.

മൂന്നുവയസുള്ള അനുജത്തിയെ നഷ്ടപ്പെട്ട ജേഷ്ഠന്റെ ദുഃഖം ജീവിതാവസാനം വരെ അവനെ പിന്തുടരുന്നു.

അസാധാരണമായിരുന്നു അവർ തമ്മിലുള്ള ബന്ധം. അവൻ പരിയുടെ സഹോദരൻ മാത്രമായിരുന്നില്ല, അച്ഛനും അമ്മയും കൂടിയായിരുന്നു. തീരെ കുഞ്ഞായിരുന്നപ്പോൾ ഉറക്കത്തിൽ നിന്നുണർന്നു കരയുന്ന സഹോദരിയെ വാരിയെടുത്തു തോളിലിട്ടുറ ക്കിയിരുന്നത് അവളുടെ അഴുക്കായ വസ്ത്രം മാറ്റി അവളെ  വൃത്തിയാക്കിയിരുന്നത് പിന്നെ ചേർത്തുകിടത്തി പാട്ടുപാടി ഉറക്കിയിരുന്നത് ഒക്കെ അവൻ തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും അമൂല്യമായ നിധി എന്ന മട്ടിലാണ് അവളെയും ഒക്കത്തെടുത്തുകൊണ്ട് ഗ്രാമം മുഴുവൻ അവൻ നടക്കാറുണ്ടായിരുന്നത്.

പരിയ്ക്കും ജീവിതത്തിലുടനീളം ഒരു നഷ്ടബോധം ഉണ്ടായിരുന്നു. എന്നാൽ അബ്ദുള്ളയെക്കുറിച്ചുള്ള ഓർമ്മകളൊന്നും അവളിലുണ്ടായിരുന്നില്ല. തന്റെ ജീവിതത്തിൽ സാരമായ ഒന്നിന്റെ അഭാവം, ആ ഒരു തോന്നൽ എപ്പോഴും അവളെ അലട്ടിയിരുന്നു. അതുപോലെ അവളുടെ പ്രിയപ്പെട്ട നായ ഷുജ യെക്കുറിച്ചും.

പിൽക്കാലത്തു അവർ കണ്ടുമുട്ടുമ്പോൾ അബ്ദുള്ളയുടെ ഓർമ്മകൾ പാടെ നശിച്ചിരുന്നു. എന്നാൽ ഓർമ്മകൾ അഗാധമായ ചുഴിയിലേക്ക് എടു ത്തെറിയപ്പെടുന്നതിനു മുമ്പുതന്നെ അയാൾ തന്റെ കുഞ്ഞനുജത്തിക്കായ് കാത്തുവച്ചിരുന്ന അവളുടെ പ്രിയങ്കരങ്ങളായ സാധനങ്ങൾ അവളുടെ പേരെഴുതി പൊതിഞ്ഞു തന്റെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. തന്റെ തന്നെ പേരുള്ള മകൾ അതേല്പിച്ചപ്പോൾ പരിയ്ക്കു മനസിലായി താൻ മറന്നുവച്ച സഹോദരൻ ജീവിതത്തിലുടനീളം തന്നെ ഹൃദയത്തിലേക്ക് ചേർത്തു നിറുത്തിയിരിക്കുകയായിരുന്നുവെന്ന്...

ഗ്രാമത്തിൽ നിന്നാരംഭിച്ച് പാരീസ്, സാൻഫ്രാൻസിസ്കോ, ഗ്രീസ് എന്നിടങ്ങളിലേക്ക് വികസിക്കുന്ന സ്ഥല രാശിയിൽ സ്നേഹവും വെറുപ്പും വഞ്ചനയും കാരുണ്യവും ത്യാഗവുമെല്ലാം മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്നത് എങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചു കാട്ടുന്നു.

തയ്യാറാക്കിയത്  : സബുന്നിസാ  ബീഗം

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹                  

🍀 വായനാക്കുറിപ്പ്🍀

     🌕ഞാൻ സഫിയ🌕
   റാഫേൽ മാസ്റ്റോ
വിവർത്തനം :രാജൻ തുവ്വാര

കൊടുങ്കാറ്റ് കീറിപ്പറിച്ചെറിയുന്ന കരിയില പോലെ തകരുമ്പോഴും അടിയുറച്ച വിശ്വാസവും അവകാശബോധവും കൊണ്ട് ചില സ്ത്രീകൾ ഏതു മൗനത്തിലും ജ്വലിച്ചുയരുന്നു. വാക്കുകൾക്കായി ദാഹിക്കുന്ന മനസ് അനുഭവങ്ങളുടെ വെളിപാടുകളിലൂടെ ലോക മന:സാക്ഷിയെ കുലുക്കിയുണർത്തുന്നു.  മതമൗലിക വാദികൾ  മനുഷ്യാവകാശങ്ങളെ ധ്വംസിക്കുമ്പോൾ ഇരകളാക്കപ്പെടുന്നവരുടെ കൂട്ടത്തിൽ സ്വന്തം ഇച്ഛയും ശബ്ദവും ജീവിതവും തന്നെ ഹോമിക്കേണ്ടി വരുന്ന സ്ത്രീകളുടെ സംഖ്യ എത്രയോ വലുതാണ്. വല്ലപ്പോഴും അപൂർവ്വ ശോഭയോടെ കത്തിയുയരുന്ന സ്ത്രീ ജന്മകൾ അതിനൊരപവാദമാണ്. അതാണ് "ഞാൻ സഫിയ " എന്ന് പ്രസാധകക്കുറിപ്പ്.
         ജന്മദേശവും അവിടത്തെ ആളുകളും ചേർന്ന് സമ്മാനിച്ച കല്ലെറിഞ്ഞ് കൊല്ലുക എന്ന നികൃഷ്ട വിധിയിൽ നിന്നും രക്ഷ തേടാൻ കൈക്കുഞ്ഞിനേയുമായി ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ഒളിച്ചോടുന്ന സഫിയയുടെ ദിവസങ്ങൾ നീണ്ട യാത്രയാണ് ആമുഖത്തിൽ പ്രതിപാദിക്കുന്നത്. കയ്യിലുള്ള ഭക്ഷണവും വെള്ളവും തീർന്ന് ദാഹിച്ച് കരഞ്ഞ് ക്ഷീണിച്ചുറങ്ങുന്ന കുഞ്ഞിനേയുമായുള്ള ദുരിതയാത്ര ആടുജീവിതത്തിലെ നജീബിന്റെ രക്ഷപ്പെടലിനെ അനുസ്മരിപ്പിക്കുന്നു.

    വടക്കൻ നൈജീരിയയിലെ മുസ്ലീം ആവാസ കേന്ദ്രമായ ടുങ്കാർ ടുഡു ഗ്രാമത്തിൽ ഗ്രാമപുരോഹിതന്റെ സ്ഥാനമലങ്കരിക്കുന്ന ഒരു ക്ഷുരകന്റെ മകളായി ജനിച്ച സഫിയയുടെ ആത്മകഥയാണീ പുസ്തകം. പരിഷ്കൃതികൾ എത്തി നോക്കാത്ത  കുറ്റിക്കാട്ടിലെ ഗോത്ര സമൂഹമെന്ന് വിശേഷിപ്പിക്കുന്ന അവിടത്തെ ജനത ഇസ്ലാം മത ഉദ്ബോധനങ്ങളാണ് പിന്തുടരുന്നത്.
ഏഴ് വയസായപ്പോഴേക്കും കുടുംബ കാര്യങ്ങളിൽ പ്രവീണ്യയായ സഫിയയുടെ ഏറ്റവും വലിയ ആഗ്രഹം മദ്രസയിൽ പോയി എഴുതാനും വായിക്കാനും പഠിക്കുകയായിരുന്നു. മദ്രസയിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്ന സഫിയ നാട്ടുനടപ്പനുസരിച്ച് പതിമൂന്നാമത്തെ വയസിൽ  അമ്പത് കാരനായ യൂസഫിന്റ ഭാര്യയാകുമ്പോൾ  ഋതുമതിയായിട്ടുണ്ടായിരുന്നില്ല.ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ നാലു കുട്ടികളുടെ അമ്മയായ സഫിയയുടെ ഭർതൃഗൃഹത്തിലെ ആഹ്ലാദകരമായ ജീവിതത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. കടുത്ത ജീവിത യാഥാർത്ഥ്യങ്ങളെ കരുത്തോടെ നേരിട്ട സഫിയക്ക് 24 വയസായപ്പോഴേക്കും വസൂരി ബാധിച്ച് രണ്ട് മക്കളും നഷ്ടപ്പെട്ടു. മുത്തലാഖോടെ ഭർത്താവും കൈയൊഴിഞ്ഞ് ജീവിച്ചിരിക്കുന്ന രണ്ട് മക്കളേയും പിരിഞ്ഞ് ടുങ്കാർ ടുഡുവിലുള്ള മാതാപിതാക്കളുടെ അടുത്ത് തിരിച്ചെത്തി.അവിവാഹിതളായ സ്ത്രീകൾ സാമൂഹിക തിന്മകളാണ് നൈജീരിയയിൽ.
വീണ്ടും മൂന്ന് പ്രാവശ്യം വിവാഹിതയാവുകയും മൊഴി ചൊല്ലപ്പെടുകയും ചെയ്ത സഫിയ രണ്ട് മക്കൾക്ക് കൂടി ജന്മം നല്കി. അകന്ന ബന്ധുവായ യാക്കൂബിന്റ ചതിയിൽ പെട്ട് ഗർഭിണിയായ സഫിയയെ ശരീഅത്ത് കോടതി വ്യഭിചാരക്കുറ്റത്തിന് കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചപ്പോൾ കുറ്റം നിഷേധിച്ച യാക്കൂബിനെ വെറുതെ വിടാൻ ഉത്തരവായി. നൈജീരിയയിലെ പല പ്രദേശങ്ങിലും വ്യഭിചാരം കൊടും കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നു. മേൽകോടതിയിൽ അപ്പീലിന് പോയ സഫിയക്കെതിരായി സഹോദരൻ മുഹമ്മദു ഇസ്ലാമിക തീവ്രവാദികളുടെ നിർബന്ധത്തിന് വഴങ്ങി മൊഴി നൽകിയപ്പോൾ രണ്ട് പ്രാവശ്യം കൂടി വധശിക്ഷ ശരിവച്ച് ശരീഅത്ത് കോടതി ഉത്തരവായി.മകൾ അഡാമയുടെ മുലകുടി പ്രായം കഴിഞ്ഞ് ശിക്ഷ നടപ്പാക്കാൻ ഉത്തരവായി.
മകൾ അഡാമയുമായി മരുഭൂമിയിലൂടെ  ഒളിച്ചോടി രക്ഷപ്പെടാൻ ശ്രമിച്ച സഫിയയെ പിതൃസഹോദരൻ വീട്ടിലെത്തിച്ചു. മാതാപിതാക്കളുടേയും ബന്ധുക്കളുടേയും പിന്തുണയോടെ അബ്ദുൾ ഖാദർ ഇമാം ഇബ്രാഹിം എന്ന പ്രശസ്തനായ വക്കീലിന്റെ സഹായത്തോടെ അവസാന ശ്രമമെന്ന നിലയിൽ അപ്പീലിന് പോയ സഫിയയുടെ ജീവിതത്തിൽ വഴിത്തിരിവായത് ബി.ബി.സി. ലേഖകനായ ഉമർ സാഹിയുടെ സമയോചിതമായ ഇടപെടലുകളായിരുന്നു. [വൈകുന്നേരം 7:36 -നു, 29/5/2017] അനി യൂണി: ബി.ബി.സി.യിലും മറ്റ് യൂറോപ്യൻ, ആഫ്രിക്കൻ പത്രമാധ്യമങ്ങളിലൂടെയും സഫിയയുടെ ദുരന്ത ചിത്രം വെളിയിൽ വന്നപ്പോൾ വിചാരണക്കോടതിയിലെ ജഡ്ജിമാർ കടുത്ത അന്താരാഷ്ട്ര സമ്മർദ്ദത്തിന് വിധേയരായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനപിന്തുണയും ഇമാം ഇബ്രാഹിമിന്റെ അനിഷേധ്യമായ മതാധിഷ്ഠിതമായ വാദമുഖങ്ങളും സഫിയയെ വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തി.

സഫിയയുടെ ആത്മകഥ ആഫ്രിക്കയിലെ ഒരുവിദൂര ഗ്രാമത്തിലെ പാവം സ്ത്രീയുടെ ജീവിതകഥല്ല മറിച്ച് നൈജീരിയയിലെ മതമൗലികവാദികളുടെ കരാളഹസ്തങ്ങളിൽ കത്തിയമരുന്ന പതിനായിരക്കണക്കിന് സ്ത്രീ ജന്മങ്ങളുടെ നേർക്കാഴ്ചയാണ്.സഫിയയുടെ വിജയം അവർക്ക് പ്രത്യാശയുടെ പൊൻകിരണവും മതമൗലീക വാദികൾക്കുള്ള മുന്നറിയിപ്പുമാണ്.സഫിയയുടെ കഥ പ്രസിദ്ധീകരിച്ചതോടെ ഇറ്റാലിയൻ സന്നദ്ധ സംഘടനയായ 'കൂപി' ഒരു ഇസ്ലാമിക സന്നദ്ധ സംഘടനയുമായി ചേർന്ന്  സ്ത്രീ സാന്നിദ്ധ്യം ഉറപ്പാക്കിക്കൊണ്ടുള്ള വികസന പദ്ധതികളും മനുഷ്യാവകാശബോധവത്കരണ പരിപാടികളും ടുങ്കാർ ടു ഡുവിൽ നടത്തുന്നുണ്ട്. കൂപിയുടെ സഹായത്തോടെ തൊഴിൽ ചെയ്ത് സ്വയം പര്യാപ്തയായി പുനർവിവാഹം ചെയ്ത് ജീവിക്കുന്നു സഫിയ ഇപ്പോൾ.


ഞാൻ സഫിയ
വില... 125
പ്രസാധകർ :സമത, തൃശൂർ
                
**********************************************
രതീഷ്: 👏🏻👏🏻👏🏻👏🏻
ഞാൻ ജുനൂദ് വാങ്ങിയത് പുസ്തകക്കുറിപ്പ് കണ്ടാണ്
ഞാൻ സഫിയ വായിക്കേണ്ടതില്ലെന്നു തോന്നുന്നു.
അത്ര വിശദമാണ് വായനാക്കറിപ്പ്
അഭിനന്ദനങ്ങൾ                    

നുജൂദ് അല്ലേ രതീഷ് മാഷേ
ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത
ഈ പുസ്തകത്തെ ഓർമിപ്പിച്ചു ഞാൻ സഫിയ                    
            
നെസ്സി: ഹൊസൈനിയുടെ മറ്റു രണ്ടു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഇതു വായിച്ചിട്ടില്ല. സ്നേഹ ബന്ധങ്ങളുടെ തീവ്രത തന്നെയാണ് ഈ പുസ്തകത്തേയും ശ്രദ്ധേയമാക്കുന്നതെന്നു തോന്നുന്നു.അതോടൊപ്പം കഥ നടക്കുന്ന പ്രദേശത്തെ ജീവിതവും സംസ്കാരവും സത്യസന്ധമായി ആവിഷ്കരിക്കുന്ന രചന രീതിയും മനോഹരം. തീർച്ചയായും വായിക്കും'   അയാൻ ഹർസി അലിയുടെ 'അവിശ്വാസി' ഓർമ്മ വന്നു. ഈ ലോകത്ത് ഇത്തരത്തിൽ ദുരന്തമനുഭവിക്കുന്നവർ അതും സ്ത്രീയായതുകൊണ്ടു മാത്രം ഉണ്ടെന്നുള്ള സത്യം പലപ്പോഴും ബോധപൂർവ്വം മറന്നു കളയുന്ന നമ്മുക്ക് ഇതരോർമ്മപ്പെടുത്തൽ തന്നെ.                    

മിനി താഹിർ: ഈ രണ്ടു പുസ്തകങ്ങളോടൊപ്പം ചേർത്തുവായിക്കാൻ പറ്റിയ മറ്റൊരു പുസ്തകം കൂടി ജീവനോടെ കത്തിയെരിഞ്ഞവൾ സൗദ...
ഡി.സി.ബുക്സ്
വില... 125 രൂപ
⁠⁠⁠⁠⁠മനുഷ്യബന്ധങ്ങളുടെ ആഴം അളന്നെടുക്കുക സാധ്യമല്ല.തീവ്രമായ സ്നേഹ ബന്ധം സാഹിത്യത്തിന് എക്കാലത്തും വിഷയമാണ്. അതിന് ഭാഷ, വേഷം, വംശം .മതം ഒന്നും പ്രശ്നമാകുന്നില്ല
പർവതങ്ങളും മാറ്റൊലിക്കൊള്ളുന്നു എന്ന നോവൽ പർവതങ്ങളും മാറ് റൊലിക്കൊള്ളുന്ന ഹൃദയ ബന്ധത്തിന്റെ തീ വ്രത  വെളിപ്പെടുത്തുന്നു.3 വയസുകാരി പരി യും 10 വയസുകാരൻ അബ്ദുള്ളയും ഒരു നൊമ്പരമായി വായനക്കാരന്റെ ഉള്ളിൽ നിറയുന്നു.
സബൂന്റെ പരിശ്രമത്തിന് അഭിനന്ദനങ്ങൾ.👍👍

സുജാത അനിൽ: പേരിൽ സഫിയ നുജൂദിനെ ഓർമിപ്പിക്കുന്നു.                    

സീത: പുസ്തകപരിചയം വളരെ നന്നായി..പുസ്തകം വായിക്കേണ്ട അവസ്ഥ തന്നെ ഇല്ല . അത്രയ്ക്ക് സമഗ്രമായി പരിചയപ്പെടുത്തിയിരിക്കുന്നു.അവതാരകന്💐                    

രതീഷ് കൃഷണൻ: വിലയിരുത്തൽ...
വിലയേറിയത്...
സമഗ്രം...
അഭിവാദ്യങ്ങൾ...🙏🏿🙏🏿🙏🏿                    

അശോക് ഡിക്രൂസ്: സമ്പന്നമായ പുസ്തക പരിചയങ്ങൾ! ഏതായാലും സഫിയയെ ഒന്നു പരിചയപ്പെട്ടാൽ കൊള്ളാമെന്നു തോന്നുന്നു. തുടർ പ്രതികരണങ്ങളും നന്നായി.                      

നെസ്സി: വൈകാരികമായ ഒരു തലത്തിൽ മാത്രം ഇത്തരം പുസ്തകങ്ങൾ വായിക്കപ്പെടുന്നു എന്ന ഒരു പരിമിതിയുണ്ടോ? ഒരു സംശയമാണേ?                    

പ്രജിത: മിനി ടീച്ചർ സൂചിപ്പിച്ച "ജീവനോടെ കത്തിയെരിഞ്ഞവൾ" എന്ന പുസ്തകത്തിന്റെ വായനാക്കുറിപ്പ്.തയ്യാറാക്കിയത് ഹാസിം അമരവിള                     
പ്രജിത: തികച്ചും അവിശ്വസനീയമായ ഈ പേര് കണ്ണുകളെ കവര്‍ന്നെടുത്തപ്പോഴാണ്  ഡി.സി.ബുക്സിന്‍റെ പുസ്തകമേളയില്‍ നിന്നും ഈ പുസ്തകം വാങ്ങിയത്‌. നാല്പത്തിഅഞ്ചാം വയസ്സില്‍ യൂറോപ്പിലിരുന്ന് താന്‍ ജനിച്ച പലസ്തീന്‍ വെസ്റ്റ്‌ബാങ്കിലെ ഒരു കുഗ്രാമത്തിലെ  പുരുഷകേന്ദ്രീകൃത നിയമങ്ങള്‍ തന്നെ എങ്ങനെ വേട്ടയാടിയെന്ന് സൗദ അക്ഷരങ്ങളിലൂടെ പെറുക്കിയടുക്കുമ്പോള്‍  അത് സിനിമക്കഥകളെപ്പോലും വെല്ലുന്ന അതിശയോക്തി നിറഞ്ഞ അനുഭവമായി വായനക്കാരനെ നൊമ്പരപ്പെടുത്തും.

      ഇസ്രായേല്‍-പലസ്തീന്‍ വംശജരുടെ പകപോക്കലും ഇസ്രായേല്‍ കടന്നു കയറ്റവുമേ ഇത്രനാളും മാധ്യമങ്ങള്‍ എന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുള്ളൂ. എന്നാല്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പലസ്തീനിലെ വെസ്റ്റ്‌ബാങ്കിലെ  ഗ്രാമപ്രദേശത്ത് സ്വന്തം വംശജരുടെ കിരാതമായ പുരുഷനിയമങ്ങള്‍ക്ക് ബലിയായി ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ അനുഭവങ്ങളാണ് "ജീവനോടെ കത്തിയെരിഞ്ഞവള്‍" എന്ന ആത്മകഥയിലൂടെ സൗദ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ആടുകളെ മേയ്ക്കാന്‍ പുല്‍മേടുകളിലേക്ക് പോകുന്ന പതിനഞ്ചുവയസുകാരി കൊച്ചുസൗദയ്ക്കറിയാം, തന്‍റെ ആടുകള്‍ക്കുള്ള സ്ഥാനം പോലും സ്വന്തം വീട്ടില്‍ തനിക്കില്ലെന്ന്. കാരണം താനൊരു പെണ്ണാണ്, വെറും പെണ്ണ്. സൗദയുള്‍പ്പടെയുള്ള നാല് സഹോദരിമാര്‍ക്കിടയില്‍ പിറന്ന ഇളയഅനുജന്‍ രാജകുമാരനാണ്. യാതൊരുവിധ നിയമങ്ങളും രാപ്പകല്‍ ഭേദമന്യേ അവന് ബാധകമല്ല. എന്നാല്‍ സൂര്യാസ്തമയത്തിനുമുന്‍പ് ആടുകളെയും കൊണ്ട് വീടെത്തിയില്ലെങ്കില്‍ സൗദയെയും മറ്റു സഹോദരിമാരെയും കാത്തിരിക്കുന്നത് ബാപ്പയുടെ തുകല്‍ബെല്‍റ്റിന്‍റെ പ്രഹരങ്ങളാണ്. വഴിവക്കില്‍ ഏതെങ്കിലും പുരുഷനെ കണ്ണുയര്‍ത്തി നോക്കുകയോ സംസാരിക്കുകയോ ചെയ്‌താല്‍ അവള്‍ ചാര്‍മൂട്ടയായി(വേശ്യ) പ്രഖ്യാപിക്കപ്പെടും. വിറകു കീറുന്നതിനിടെ കോടലിത്തലകൊണ്ടോ വെള്ളം കോരുന്നതിനിടെ കിണറ്റിലെറിയപ്പെട്ടോ തറയില്‍ വിരിച്ച ആട്ടിന്‍തോലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ചോ തന്‍റെ ബാപ്പയോ അനുജനോ തന്നെ കൊല്ലുമെന്ന് ഭയന്നാണവള്‍ ഓരോ ദിനവും തള്ളിനീക്കുന്നത്.

തന്‍റെ കുഞ്ഞനുജത്തി ചെയ്ത തെറ്റെന്താണെന്ന് ഈ നാല്പത്തിഅഞ്ചാം വയസ്സിലും സൗദക്ക് അറിയില്ല. സൗദയുടെ പതിനാറാം വയസ്സിലാണ് സ്വന്തം അനുജന്‍ ടെലഫോണ്‍ വയറുകുരുക്കി അനുജത്തിയെ രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ കൊന്നത്. പുരുഷനുണ്ടാക്കിയ നിയമത്തിനുമുന്‍പില്‍ അവന്‍ സ്ത്രീകളെ കൊല്ലുന്നതെല്ലാം ന്യായീകരിക്കപ്പെടും.

         പതിനാറോ പതിനേഴോ വയസ്സില്‍ ബാപ്പ ആരില്‍ നിന്നെങ്കിലും പുരുഷധനം വാങ്ങിയാല്‍ അയാളെ ഭര്‍ത്താവായി സ്വീകരിച്ചുകൊണ്ട് കൂടെപോകാന്‍ വിധിക്കപ്പെട്ടവളാണ് സ്ത്രീ. പിന്നെ പിതാവിന്‍റെ പൈശാചികമായ പീഡനങ്ങളില്‍ നിന്നും താത്കാലിക മോചനം നേടിക്കൊണ്ട് ഭര്‍ത്താവിന്‍റെ പീഡനമുറകള്‍ ആരംഭിക്കുകയായി. അയാള്‍ക്കായി ആണ്‍കുഞ്ഞുങ്ങളെ പെറ്റുകൂട്ടേണ്ട ചുമതല അവള്‍ക്കാണ്. ജനിക്കുന്നത് പെണ്‍കുട്ടികളാണെങ്കില്‍ കുട്ടിയുടെയും അമ്മയുടെയും കഷ്ടകാലം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

        ആദ്യരാത്രി കഴിഞ്ഞ് അടുത്തപ്രഭാതത്തില്‍ പുതുമണവാട്ടിയുടെ വെളുത്തവസ്ത്രത്തില്‍ പടര്‍ന്ന കന്യാരക്തവുമായി മണവാളന്‍ വീടിന്‍റെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടും. താഴെകൂടിനില്‍ക്കുന്ന ബന്ധുക്കള്‍ക്കുനേരെ അവനത് ഉയര്‍ത്തിവീശുമ്പോള്‍ ആഹ്ലാദാരവങ്ങളോടെ വിവാഹച്ചടങ്ങുകള്‍ അവസാനിക്കും. ആ പരീക്ഷണത്തില്‍ അവള്‍ പരാജയപ്പെട്ടാല്‍ പിന്നെ അവളെ കാത്തിരിക്കുന്നത് ചാര്‍മൂട്ടയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വധശിക്ഷയാണ്.

       പതിനേഴ് വയസുവരെ പരപുരുഷന്‍റെ മുഖത്ത് നോക്കാത്ത സൗദ തന്നെ പെണ്ണ് ചോദിച്ചു വരുന്ന ഉദ്യോഗസ്ഥനുമായി പ്രണയത്തിലായി. ഭാവി ജീവിതത്തിലെ ഏകപ്രതീക്ഷയായ അയാളും, തന്നില്‍ നിന്നകലാതിരിക്കാനായി ഒലിവു മരങ്ങള്‍ക്കിടയില്‍ അയാളുടെ ആഗ്രഹങ്ങള്‍ക്ക് അവള്‍ കീഴ്പ്പെടുന്നു. സൗദയുമായുള്ള ബന്ധത്തില്‍ കന്യരക്തംകണ്ട് ഭയപ്പെടുന്ന കാമുകനോട് വിവാഹശേഷം ശരീരത്തിലെ ഏതെങ്കിലും ഭാഗം മുറിച്ച് നാട്ടുകാരെകാണിക്കാനുള്ള [രാത്രി 9:16 -നു, 29/5/2017] പ്രജിത: രക്തം താന്‍ നല്‍കാമെന്ന് പറഞ്ഞവള്‍ ധൈര്യപ്പെടുത്തുന്നുണ്ട്. അയാളാല്‍ കൈവിടപ്പെട്ട അഞ്ചുമാസം ഗര്‍ഭിണിയായ സൗദയെ ദുരഭിമാനം ഭയന്ന് വധിക്കാന്‍ ബന്ധുക്കള്‍ ചേര്‍ന്ന് തീരുമാനിക്കുന്നു. ആ നിയോഗം എത്തിച്ചേരുന്നത് അവളുടെ സഹോദരി ഭര്‍ത്താവിനാണ്. രക്ഷകര്‍ത്താക്കള്‍ വീട്ടില്‍ നിന്നും മാറി കൊല്ലാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയാണ് അയാള്‍ ചെയ്തത്. തീപൊള്ളലേറ്റ് വീട്ടില്‍ നിന്നിറങ്ങിയോടിയ സൗദ ബോധരഹിതയായി നിലംപതിക്കുമ്പോള്‍ ആരെല്ലാമോ അവളെ ആശുപത്രിയില്‍ കൊണ്ടെത്തിക്കുന്നു. അവിടെയും തന്നെ സന്ദര്‍ശിക്കാന്‍ വന്ന സ്വന്തം ഉമ്മ, അവള്‍ കാരണം കുടുംബത്തിനുണ്ടായ അപമാനം പറഞ്ഞ് മനസിലാക്കി ഗ്ലാസില്‍ വിഷംപകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. ഗര്‍ഭിണിയായ സൗദയെ ചികിത്സിക്കാതെ അവളുടെ ദുര്‍നടപ്പുകള്‍ക്കുള്ള ശിക്ഷയാണ് ഈ പൊള്ളലേറ്റ ശരീരമെന്ന് വിധിച്ച്  മരണത്തിന് വിട്ടു കൊടുക്കാനാണ് ആശുപത്രി അധികൃതര്‍  താത്‌പര്യം പ്രകടിപ്പിച്ചത്‌. ആയുസിന്‍റെ ബലം കൊണ്ടും ജാക്വിലിന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ ഇടപെടല്‍കൊണ്ടും 'സര്‍ഗീര്‍' എന്ന ദുരഭിമാനക്കൊലയ്ക്കെതിരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ശ്രമഫലവുമായി യൂറോപ്പിലെത്തി പുഴുവരിച്ച ശരീരത്തില്‍ നിന്നും ചലനമറ്റ കൈകളില്‍ നിന്നുമൊക്കെ മോചനം നേടി സൗദയ്ക്ക് ജീവിതത്തിലേക്ക്‌ തിരിച്ചു വരാന്‍ കഴിഞ്ഞു.

          തന്‍റെ നാല്പത്തിഅഞ്ചാം വയസ്സില്‍,'ജീവനോടെ കത്തിയെരിഞ്ഞവള്‍' എന്ന ആത്മകഥ പുറത്തുവരുമ്പോഴും സ്വന്തം മേല്‍വിലാസം പുറത്തറിയിക്കാന്‍ സൗദയ്ക്ക് കഴിയുന്നില്ല. ഏതുനിമിഷവും  ദുരഭിമാനകൊലയ്ക്കായി തന്‍റെ ബാപ്പയോ അനുജനോ സഹോദരി ഭര്‍ത്താവോ തന്നെ തേടിയെത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നുണ്ട്. ആയിരം കിലോമീറ്ററുകള്‍ക്കപ്പുറമിരുന്ന് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും സ്വന്തം ബന്ധുക്കളെ സൗദ ഭയപ്പെടുന്നുണ്ടെങ്കില്‍ നമുക്കൂഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ദുരഭിമാനക്കൊലയുടെ തീവ്രത.

      ജാതിയുടെ പേരിലുള്ള സമാനസംഭവങ്ങള്‍ തൊട്ടടുത്ത തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും ഇടയ്ക്കിടെ പത്രവര്‍ത്തകളായി എത്തിച്ചേരാറുണ്ട്. വടക്കേഇന്ത്യയിലും ഇത്തരം വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. ദുരഭിമാനകൊല എന്ന് ഗൂഗിളില്‍ പരതിയപ്പോള്‍ ഞെട്ടിക്കുന്ന കുറെ സംഭവങ്ങളാണ് വായിക്കാന്‍ കഴിഞ്ഞത്. നമുക്ക് ചുറ്റുമുള്ള ലോകം ഇത്രത്തോളം കലുഷിതവും പ്രക്ഷുബ്ധവുമാണോ? ഭാവനാശാലിയായ എഴുത്തുകാരന്‍റെ ചിന്തപഥത്തില്‍ ഉരുവംകൊള്ളുന്ന സങ്കല്‍പത്തിലധിഷ്ടിതമായ സമ്പന്നമായ കഥകളേക്കാള്‍ അത്ഭുതവും അനുഭവതീവ്രതയാല്‍ മനസിനെ കാര്‍ന്നു തിന്നുന്ന സങ്കടങ്ങളാല്‍ മാത്രം  ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവരായി അനേകംപേര്‍ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ള കഥകളില്‍  ഹൃദയഭേദകമായ ഒരു  കഥ മാത്രമാണ് സൗദയുടേത്‌. ഒന്നുറക്കെ ശബ്ദമുയര്‍ത്താനാകാതെ പുറംലോകമിനിയുമറിയാതെ സ്വന്തം സ്വത്വം വെളിപ്പെടുത്താനാകാതെ   ആയിരമായിരം സൗദമാര്‍ മരണവുംകാത്ത് നമുക്കുചുറ്റുമുണ്ട്. ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകള്‍ വകഞ്ഞുമാറ്റി ഒരാളെ ഇഷ്ടപ്പെട്ടത്തിന്‍റെ പേരില്‍ എട്ടും പത്തും വര്‍ഷങ്ങള്‍ക്കിപ്പുറവും കാത്തിരുന്ന് സ്വന്തം ബന്ധുക്കളാല്‍ വെട്ടിവീഴ്ത്തപ്പെടുന്ന അനേകം ജീവനുകള്‍ക്ക് മുമ്പില്‍ നിസ്സഹായതയുടെ മുഖംമൂടിയണിഞ്ഞു ഞാനെന്‍റെ നാലു ചുവരുകള്‍ ഉയരംകൂട്ടി വെള്ളപൂശി ഉറപ്പുള്ളതാക്കട്ടെ...                    
രജനി: ദൈവമേ... ഈ ലോകമെന്തൊരു വിചിത്രമാണ്.... സൗദമാരെ നിങ്ങൾ ഞങ്ങൾക്ക് മാപ്പു തരിക...         എന്തൊരു ദുഷിച്ചു നാറിയ വ്യവസ്ഥിതിയും ലോകവുമാണിത്...!!!                    ഇതൊരു പുസ്തകമല്ല... ഒരായിരം സൗദമാരുടെ നിലവിളിയായാണ് എനിയ്ക്കു തോന്നിയത്....                    

മിനി താഹിർ: സൗദ - ജീവനോടെ കത്തിയെരിഞ്ഞവള്‍ ...

സൗദ നിന്നെ പരിചയപ്പെടുത്താന്‍ ഞാന്‍ മൊബൈല്‍ സക്രീനില്‍ ടൈപ്പ് ചെയ്യുമ്പോള്‍ എന്‍റെ കൈകള്‍ വിറയ്ക്കുന്നു, ചുണ്ടുകള്‍ വിതുമ്പുന്നു,കവിളിലൂടെ അറിയാതെ കണ്ണീര്‍ ഇറ്റുവീഴുന്നു എങ്ങനെ ഞാന്‍ ലോകോര്‍ക്ക് നിന്നെ പരിചയപ്പെടുത്തും ?.  ഈയൊരുവസ്ഥ എനിക്ക് മുമ്പുണ്ടായത് നുജൂദിനെ പരിചയപ്പെടുത്തിയപ്പോളാണ് ഒരു പക്ഷേ നിന്നെ വച്ച് നോക്കുമ്പോള്‍ നുജൂദ് എത്രയോ ഭാഗ്യവതിയാണ്.അസാധ്യം പെണ്ണേ നിന്‍ ജീവിത കഥ..ഈ പുസ്തകം വായിക്കുമ്പോള്‍ നിങ്ങള്‍ക്കിത് ഒരു പക്ഷേ കെട്ടുകഥയായി തോന്നിയേക്കാം ചില ജീവിതകഥകള്‍ അങ്ങനെയാണ് കെട്ടുകഥകളെക്കാള്‍ വിചിത്രവും ഭീകരവുമായവ.

ഇനി എന്‍റെ സൗദയുടെ ജീവിത കഥയിലേക്ക് വരാം
പലസ്റ്റീനിലെ വെസ്റ്റ്ബാങ്ക് പ്രദേശത്തെ ഒരു കുഗ്രാമത്തിലെ ഒരു  യാഥാസ്ഥിക മുസ്ലീം കുടുബമായിരുന്നു അവളുടെത്.പിതാവ് കര്‍ഷകനായിരുന്നു മാതാവ് ഒരു സാദാ വീട്ടമ്മയും. പെണ്‍കുട്ടികള്‍ ജനിക്കുന്നത് തന്നെ ഒരു ശാപമാണെന്ന് കരുതുന്ന ഒരു സമൂഹത്തിലേക്കാണ് അവള്‍ ജനിച്ച് വീണത് അവള്‍ക്ക് മുകളില്‍  മൂത്തത് രണ്ട്  സഹോദരിമാരും താഴെ ഒരു സഹോദരിയും സഹോദരനും .മൂത്ത സഹോദരിമാര്‍ നൗറയും കൈനാട്ടും ഇളയവര്‍ ഹനാനും ആസാദും.

സൗദക്ക് തന്‍റെ ബാല്യകാല ജീവിതത്തെക്കുറിച്ച് വലിയ ഓര്‍മ്മകളില്ലെങ്കിലും അത് ഏകദേശം ഇപ്രകാരമായിരുന്നു.പെണ്ണിന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നതിനാല്‍ സൗദയും സഹോദരിമാരുടെയും പ്രധാന തൊഴില്‍ ആടിനെ മേയ്ക്കിലായിരുന്നു.കൂടാതെ വീട്ടിലെത്തിയാല്‍ കാലിക്കൂടുകള്‍ വൃത്തിയാക്കുക തുണയലക്കുക മുതലായവ.പുല്‍മേടുകളിലേക്ക് ആടുകളുമായി പോകുന്ന  കൊച്ചുസൗദയ്ക്കറിയാമായിരുന്നു താന്‍ മേയ്ക്കുന്ന കാലികള്‍ക്കുള്ള സ്ഥാനം പോലും സ്വന്തം വീട്ടില്‍ തനിക്കില്ലെന്ന്,  കാരണം അവള്‍ വെറും പെണ്ണാണ് ആണിന്‍റെ കാല്‍ചുവട്ടിലെ അടിമയായി ജീവിക്കാന്‍ മാത്രം വിധിക്കപ്പെട്ട  വെറും പെണ്ണ്.

എന്നാല്‍  സൗദയുള്‍പ്പടെയുള്ള നാല് സഹോദരിമാര്‍ക്കിടയില്‍ പിറന്ന ഇളയഅനുജന്‍ ആസാദിന്  സകലവിധ ആനുകൂല്യങ്ങളും നല്കപ്പെട്ടിരുന്നു നല്ല വിദ്യാഭ്യാസം, വസ്ത്രം, സ്വാതന്ത്യം അങ്ങനെയെല്ലാം.  ഏത് സമയവും അവനെ സഹോദരിമാരും ഉമ്മയും ബാപ്പയുമെല്ലാം പരിചരണങ്ങള്‍കൊണ്ടും ലിളനകള്‍ കൊണ്ട മൂടി. ചുരുക്കത്തില്‍ ഒരു രാജകുമാരനെപോലെ  തന്നെ. അവന് യാതൊരു ജോലികളും ചെയ്യണ്ട വീട്ടിലെ കര്‍ശന നിയമങ്ങള്‍ പാലിക്കണ്ടാ എന്നാല്‍ സഹോദരിമാര്‍ക്ക് ഉച്ചത്തിലൊന്ന് സംസാരിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല കൂടാതെ  സൂര്യാസ്തമയത്തിനുമുന്‍പ് ആടുകളെയും കൊണ്ട് വീടെത്തിയില്ലെങ്കിലോ അവയിലൊന്നിനെ നഷ്ടപ്പെട്ടാലോ  സൗദയെയും  സഹോദരിമാരെയും കാത്തിരിക്കുന്നത് ബാപ്പയുടെ തുകല്‍ബെല്‍റ്റിന്‍റെ പ്രഹരങ്ങളായിരുന്നു .

 പാതയോരത്ത് ഏതെങ്കിലും പുരുഷനെ കണ്ണുയര്‍ത്തി നോക്കുകയോ ചിരിക്കുകയോ  സംസാരിക്കുകയോ ചെയ്‌താല്‍ അവള്‍ ചാര്‍മൂട്ടയായി(വേശ്യ) വിളിയ്ക്കപ്പെടും. അങ്ങനെ വിളിക്കപ്പെട്ടാല്‍ അവള്‍ക്ക് സമൂഹം ഭ്രഷ്ട് കല്പിക്കും അവള്‍ക്ക് പിന്നെ ഒറ്റ ശിക്ഷയെ ഉള്ളു മരണം.അതവളുടെ വീട്ടുകാര്‍ തന്നെ ചെയ്തുകൊള്ളണം അല്ലെങ്കില്‍ ആ കുടുബത്തിന് തന്നെ ഭ്രഷ്ടകല്പിക്കുന്ന കാടന്‍ നിയമങ്ങളാണ് ആ സമൂഹത്തില്‍ നിലനിന്നിരുന്നത് .ഏതാണ്ടാരു താലിബാന്‍ മോഡല്‍ മതചിന്തകളും ആചാരങ്ങളും.അതിനാല്‍ തന്നെ ദുരഭിമാനക്കൊല പാലസ്തീന്‍ സമൂഹത്തില്‍ അക്കാലത്ത് സര്‍വ്വസാധാരണമായിരുന്നുവെന്ന് സൗദ പറഞ്ഞുവയ്ക്കുന്നു. അത്തരത്തിലുള്ള ഒരു ദുരഭിമാനക്കൊല സൗദ നേരില്‍ കണ്ടു അത് സ്വന്തം കുടുംബത്തില്‍ തന്നെ .തന്‍റെ ഇളയ സഹോദരി ഹനാനെ സഹോദരന്‍ ആസാദ് ടെലഫോണ്‍ കേബിള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കണ്ട് അവള്‍ക്ക് നോക്കിനില്‍ക്കേണ്ടി വന്നു.ഹനാന്‍ ചെയ്ത കുറ്റമെന്തെന്ന് ആരും ആസാദിനോട് ചോദിച്ചില്ല.ചോദിക്കാന്‍ ധൈര്യപ്പെട്ടുമില്ല അത്രക്കുണ്ടായിരുന്നു ആ കുടുബത്തില്‍ പെണ്‍കുട്ടികള്‍ക്ക് വില.അനുജത്തി ഹനാനെ രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെയാണ്  [രാത്രി 9:25 -നു, 29/5/2017] മിനി താഹിർ: കൊന്നതെന്ന് സൗദക്ക് പിന്നീട് ബോധ്യമായി. പുരുഷനുണ്ടാക്കിയ നിയമത്തിനുമുന്‍പില്‍ അവന്‍ സ്ത്രീകളെ കൊല്ലുന്നതെല്ലാം ന്യായീകരിക്കപ്പെടുമെന്ന് അതോടെ അവള്‍ക്ക് ബോധ്യമായി.

ഈ ഒരു സംഭവത്തോടെ സൗദയുടെയും സഹോദരിമാരുടെയും ഭയവും ഇരട്ടിയയി .സ്വന്തം കുടുംബത്തില്‍ പോലും ജീവന് യാതൊരു വിലയുമില്ലാത്ത അതി ഭീകരമായ അവസ്ഥ.വിറകു കീറുന്നതിനിടയില്‍ കോടലിമാടുകൊണ്ടോ വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് തള്ളിയിടപ്പെട്ടോ ,തറയില്‍ വിരിച്ച ആട്ടിന്‍തോലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ചോ തങ്ങളുടെ ബാപ്പയോ അനുജനോ തങ്ങളെ  കൊല്ലുമെന്ന് ഭയന്നാണവര്‍  ഓരോ ദിനവും തള്ളിനീക്കിയരുന്നത് .ഇതിനിടയില്‍ മൂത്ത സഹോദരിയുടെ വിവാഹം ഹുസൈന്‍ എന്നൊരു തനി യാഥസ്ഥിതികനായ യുവാവുമായും സഹോദരന്‍ ആസാദിന്‍റെ വിവാഹം അടുത്ത ഗ്രാമത്തിലുള്ള ഫാത്തിമ എന്ന യുവതിയുമായും കഴിഞ്ഞിരുന്നു.

 പതിനഞ്ചോ പതിനാറോ  വയസ്സിനുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ അവള്‍ ദുഃശ്ശകുനമായി കരുതപ്പെട്ടിരുന്നു അവളുടെ സമൂഹത്തില്‍ .അതിനാല്‍ തന്നെ ബാപ്പ ആരില്‍ നിന്നെങ്കിലും പുരുഷധനം വാങ്ങിയാല്‍ അയാളെ ഭര്‍ത്താവായി സ്വീകരിച്ചുകൊണ്ട് കൂടെപോകാന്‍ വിധിക്കപ്പെട്ടവളാണ്തങ്ങളെന്ന്  അവര്‍ കരുതിയിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്തെ പലസ്തീന്‍ പെണ്‍കുട്ടികള്‍ക്ക് ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങളോ വിവഹത്തെക്കുറിച്ചുള്ള മധുര സ്വപ്നങ്ങളോ ഉണ്ടായിരുന്നില്ല. വിവാഹത്തോടെ പിതാവിന്‍റെ പൈശാചികമായ പീഡന പരമ്പരയില്‍  നിന്നും താത്കാലിക മോചനം നേടിക്കൊണ്ട് ഭര്‍ത്താവിന്‍റെ പീഡനമുറകള്‍ക്കായി  കഴുത്ത് നീട്ടുക.ചുരുക്കം  പറഞ്ഞാന്‍ എരിതീയില്‍ നിന്നും വറചട്ടയിലേക്കുള്ള ഒരു ദുരന്തയാത്ര അത്രതന്നെ. അയാള്‍ക്കായി ആണ്‍കുഞ്ഞുങ്ങളെ പെറ്റുകൂട്ടേണ്ട ചുമതലയാണ് അവള്‍ വിവാഹത്തോടെ ഏറ്റെടുക്കുന്നത്. ജനിക്കുന്നത് പെണ്‍കുട്ടികളാണെങ്കില്‍ കുട്ടിയുടെയും അമ്മയുടെയും കഷ്ടകാലം വീണ്ടും ആരംഭിക്കുന്നു.
   

 വിവഹം കഴിഞ്ഞുള്ള ആദ്യരാത്രിയാണ് ഏത് പലസ്തീന്‍ പെണ്‍കുട്ടിയേയും ഏറ്റവും ഭയപ്പെടുത്തിയിരുന്നത്. ആദ്യ സംയോഗത്തിനുശേഷം അടുത്തപ്രഭാതത്തില്‍ പുതുമണവാട്ടിയുടെ വെളുത്തവസ്ത്രത്തില്‍ പടര്‍ന്ന കന്യാരക്തവുമായി മണവാളന്‍ വീടിന്‍റെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടും താഴെകൂടിനില്‍ക്കുന്ന ബന്ധുക്കള്‍ക്കുനേരെ അവനത് ഉയര്‍ത്തിവീശുമ്പോള്‍ ആഹ്ലാദാരവങ്ങളോടെ വിവാഹച്ചടങ്ങുകള്‍ അവസാനിക്കും.ഏതെങ്കിലും കാരണത്താല്‍ അവളുടെ കന്യാചര്‍മ്മം മുമ്പേ നഷ്ടപ്പെട്ട് അവള്‍ ആ പരീക്ഷണത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ അവളെ കാത്തിരിക്കുന്നത് ചാര്‍മൂട്ടയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വധശിക്ഷയാണ്.

തന്‍റെ പതിനേഴമത്തെ വയസ്സ് വരെ പരപുരുഷന്‍റെ മുഖത്ത് നോക്കാതെ  തന്‍റെ തൃഷ്ണകളെയും മോഹങ്ങളെയും അടക്കി ജീവിച്ചു. പതിനേഴ് വയസ്സ് വരെ വിവാഹം നടക്കിതെയിരിക്കുകയെന്നത് ഒരു പലസ്തീന്‍ പെണ്‍കുട്ടിയെ സംബന്ധിച്ച് ഒരു നീണ്ട കാലയളവായിരുന്നു അക്കാലഘട്ടത്തില്‍. തന്‍റെ യൗവ്വനമോഹങ്ങളെ അവള്‍ അടക്കി നിര്‍ത്തി . തന്‍റെ മൂത്ത സഹോദരി കൈനാട്ടിന്‍റെ വിവാഹം കഴിയാതെ തന്‍റെ വിവാഹം നടക്കില്ലെന്ന് അവള്‍ക്കറിയാമായിരുന്നു .തന്‍റെ വിവാഹസ്വപ്നത്തെക്കുറിച്ച് ഒരിക്കലവള്‍ പിതാവിനോട് സൂചിപ്പിച്ചപ്പോള്‍ തുകല്‍ ബല്‍റ്റിന് പുറത്തുള്ള അടിയായിരുന്നു മറുപടി.സ്വന്തം മാതാവിന്‍റെ ജാരസംസര്‍ഗ്ഗത്തിന് പലപ്പോഴും കാവല്‍ നില്‍ക്കേണ്ടതായി പോലും  വന്നിട്ടുണ്ട് സൗദയ്ക്ക്. യൗവ്വനയുക്തയായ ഒരു പെണ്‍കുട്ടിയെ സംബ്ന്ധിച്ച് അത് അതിഭീകരമായ അവസ്ഥയായിരുന്ന തുകല്‍ബെല്‍റ്റിനൂള്ള ആടിയേയും പിച്ചാത്തിപ്പിയേയും ഭയന്ന് അതവള്‍ തന്‍റെ പിതാവില്‍ നിന്നും മറച്ച് വച്ചു.

ഇക്കാലയളവിലാണ് തന്‍റെ അയല്‍വാസ്സിയും സര്‍ക്കാരുദ്യോഗസ്ഥനുമായ ഫയാസ്സുമായി സൗദ പ്രണയത്തിലാവുന്നത്.ഒരു പലസ്തീന്‍ പെണ്‍കുട്ടിയെ സംബന്ധിച്ച് അതീവ ദുഷ്ക്കരമായ ഒരു ശ്രമമാണ് വിവാഹത്തിന് മുമ്പ്ഒരു പുരുഷനുമായി പ്രണയത്തിലാവുകയെന്നത്.  അതിനാല്‍ തന്നെ ഭാവി ജീവിതത്തിലെ ഏകപ്രതീക്ഷയായഫയാസ്സ് തന്നില്‍ നിന്നകലാതിരിക്കാനായി ഒലിവു മരങ്ങള്‍ക്കിടയില്‍ വച്ച്  അയാളുടെ ആഗ്രഹങ്ങള്‍ക്ക് അവള്‍ കീഴ്പ്പെടുന്നു. സൗദയുമായുള്ള ബന്ധത്തില്‍ കന്യരക്തംകണ്ട് ഭയപ്പെടുന്ന ഫയാസ്സിനെ ആദ്യരാത്രിശേഷമുള്ള പ്രഭാതത്തില്‍ കന്യരക്തം പറ്റിയുള്ള വെള്ളത്തുണിക്കായി ശരീരത്തിലെ ഏതെങ്കിലും ഭാഗം മുറിച്ച് തുണിയില്‍ രക്തം പുരട്ടി ബന്ധുജനങ്ങളെയും നാട്ടാരെയും കാണിച്ച് രക്ഷപെടാമെന്ന് സൗദ ധൈര്യപ്പെടുത്തി.എന്നാല്‍ സൗദ തന്നില്‍ നിന്നും ഗര്‍ഭിണിയാണെന്നറിഞ്ഞ ഫയാസ്സ് അവള്‍ക്ക് നല്കിയ  വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി.

സൗദയെ പിന്നീട് കാത്തിരുന്നത് ദുരന്തങ്ങളുടെ പരമ്പരയായിരുന്നു.അവള്‍ പിഴച്ചു ചാര്‍മൂട്ടയായെന്നും കുടുബത്തിന് അപമാനം വരുത്തിയെന്നും മനസ്സിലാക്കിയ കുടുബം
 ഗര്‍ഭിണിയായ സൗദയെ ദുരഭിമാനം ഭയന്ന് വധിക്കാന്‍ തീരുമാനച്ചു. ആ നിയോഗം എത്തിച്ചേരുന്നത് അവളുടെ സഹോദരി നൗറയുടെ  ഭര്‍ത്താവ് ഹുസൈനാണ്.സൗദ ഭയന്നിരുന്ന ആ ദുര്‍ദിനം വന്നെത്തി . മാതാപിതാക്കളും സഹോദരങ്ങളും വീട്ടില്‍ നിന്നും മാറിനിന്ന് അവവളെ കൊല്ലാനുള്ള സാഹചര്യം സൃഷ്ടിച്ചു. പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയാണ് ഹുസൈന്‍ സൗദയെ കൊല്ലാനായി തീരുമാനിച്ചത്. തീപൊള്ളലേറ്റ് വീട്ടില്‍ നിന്നിറങ്ങിയോടിയ സൗദ ബോധരഹിതയായി അവള്‍ തെരുവില്‍ നിലം പതിച്ചു .ആരെക്കെയോ ചേര്‍ന്ന്  അവളെ ആശുപത്രിയില്‍ കൊണ്ടെത്തിച്ചു.ശരീരത്തില്‍ എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ അവള്‍ മരണത്തെ മുമ്പില്‍ കണ്ട് കിടന്നു  ആരാലുംപരിചരിക്കപ്പെടാനില്ലാതെ .

ആശുപത്രിയിലെ മരണകിടക്കയിലും അവള്‍ അനുഭവിച്ച ദുരിതങ്ങള്‍ എഴുതി കാണിക്കാവുന്നവയല്ല.
 അവിടെ അവളെ  സന്ദര്‍ശിക്കാന്‍ വന്ന  അവളെ നൊന്തു പ്രസവിച്ച ഉമ്മ, അവള്‍ കാരണം കുടുംബത്തിനുണ്ടായ അപമാനം പറഞ്ഞ് മനസിലാക്കി ഗ്ലാസില്‍ വിഷംപകര്‍ന്നു നല്കി വീണ്ടും കൊല്ലാന്‍ ശ്രമിച്ചു. ആയസ്സിന്‍റെ ബലം കൊണ്ടും ഗര്‍ഭസ്ഥ ശിശുവിന്‍റെ ഭാഗ്യം കൊണ്ടും അവള്‍ അതിനെയും  അതിജീവിച്ചു. ഗര്‍ഭിണിയായ സൗദയെ ചികിത്സിക്കാതെ അവളുടെ ദുര്‍നടപ്പുകള്‍ക്കുള്ള ശിക്ഷയാണ് ഈ പൊള്ളലേറ്റ ശരീരമെന്ന് വിധിച്ച്  മരണത്തിന് വിട്ടു കൊടുക്കാനാണ് ആശുപത്രി അധികൃതരും താത്‌പര്യം പ്രകടിപ്പിച്ചത്‌.  അവിടെ വച്ച് അവള്‍ ഒരു മാസം തികയാത്തരണ്‍കുഞ്ഞിന് ജന്മമേകി......

സൗദയുടെ ബാക്കിയുള്ള കഥപറഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ പുസ്തകം വാങ്ങി വായിക്കാനുള്ള താത്പര്യം നഷ്ടമാകും അതിനാല്‍ തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു നീറുന്ന വേദനയോടെ തന്നെ...ഈ പുസ്തകം എനിക്ക് സമ്മാനിച്ച് അക്ഷരങ്ങളുടെ,വായനയുടെ കൂട്ടുകാരന്‍ കുരുവിള മാഷിന് നന്ദിയും കടപ്പാടും...

പുസ്തകം- ജീവനോടെ കത്തിയെരിഞ്ഞവള്‍ - സൗദ.
എഴുത്ത്-മേരി തെരീസ് ക്യൂനി.
വിവര്‍ത്തനം - കെ എസ് വിശ്വംഭരദാസ്.
പ്രസാധനം -ഡിസി ബുക്സ്.
വില -125                    

മിനി താഹിർ: ''ഞാന്‍ നുജൂദ് ,വയസ്സ് 10 വിവാഹ മോചിത''
       നുജൂദ് -എന്‍റെ കുഞ്ഞി പെങ്ങള്‍ ,അവളുടെ ജീവിതത്തിന്‍റെ കഥയായ ''ഞാന്‍ നുജൂദ്'' ഈ പോസ്റ്റിലൂടെ നിങ്ങളെ പരിചയപ്പെടുത്താന്‍ ടൈപ്പ് ചെയ്യുമ്പോളും എന്‍റെ കണ്ണിലൂടെ പൊഴിഞ്ഞ കണ്ണീരിന്‍റെ ഉപ്പുരസംമാറിയിട്ടില്ല.....

എന്‍റെ നുജൂദ്അനാഥയല്ല എന്നാല്‍  രാജകുമാരിയുമല്ല....  അച്ഛനമ്മമാരും സഹോദരങ്ങളും ബന്ധുജനങ്ങളും കളിക്കൂട്ടുകരുമൊക്കെയുള്ള ഒരു സുന്ദരിപ്പെണ്ണ്. ഒളിച്ചുകളിക്കാനും ചോക്ലേറ്റ് തിന്നാനുംചിത്രം വരയ്ക്കാനുമൊക്കെ ആഗ്രഹമുള്ള ഒരു ഗ്രാമീണ പെണ്‍കുട്ടി,അവള്‍ ചിരിക്കുമ്പോള്‍ അവളുടെ നുണക്കുഴി കാണാന്‍ എന്തു ചന്തമാണന്നോ.....
എന്നാല്‍ അവള്‍ക്ക് ,എന്‍റെ നുജൂദിന് എന്‍റെ കുഞ്ഞിപെങ്ങള്‍ക്ക് 9 വയസ്സുള്ളപ്പോള്‍ അവളുടെ ചിരിമാഞ്ഞു അതെ അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നു.........

വളരെ ചെറിയ പ്രായത്തില്‍ വിവാഹിതയാകുകയും പത്താം വയസ്സില്‍ വിവാഹ മോചിതയാകുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിത കഥയാണിത്.സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തന്‍റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചു പറഞ്ഞ ധൈര്യശാലിയായ ഒരു പെണ്‍കുട്ടിയുടെ പൊള്ളുന്ന,കണ്ണീരണിയിക്കുന്ന ജീവിത കഥ.

നുജൂദിന്‍ന്റെ  കഥ ശുഭപ്രതീക്ഷയുടെ ഒരു സന്ദേശം കൂടി നല്കുന്നുണ്ട് .പുരാതനമായി നിലനിന്നിരുന്ന വലിയൊരു വിലക്കിന്‍റെ ചങ്ങല പൊട്ടിച്ചെറിഞ്ഞവള്‍ .
അറേബ്യ എന്ന ഉപഭൂഖണ്ഡത്തില്‍ ഒന്നാകെ മാറ്റത്തിന്‍റെ അലയൊലികള്‍ സൃഷ്ടിച്ചവള്‍.ബാലവിവാഹം ഒരാചാരമായി, ഒരു സംസ്ക്കാരമായി കൊണ്ടുനടന്ന , അടുത്ത കാലംവരെ അതിനൊരു  മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കാതിരുന്ന ഒരിടത്താണ് അവള്‍ വിപ്ലവം സൃഷ്ടിച്ചത്.നുജൂദ്  കാണിച്ചഅവിശ്വസനീയമായ ആ ധൈര്യം അറേബ്യന്‍ സ്ത്രീകള്‍ക്ക് കരുത്ത് നല്‍കിയിരിക്കുന്നു.സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ അവര്‍ പഠിച്ചു.

നുജൂദില്‍ നിന്നും പ്രചോദനംകൊണ്ട്
ഏറ്റവും  അപരിഷ്കൃതമായ ദാമ്പത്യബന്ധനത്തില്‍നിന്നും മോചനം നേടാന്‍ നിയമപരമായ പോരാട്ടത്തിനൊരുങ്ങി പല അറേബ്യന്‍ പെണ്‍കുട്ടികളും മുന്നോട്ട് വന്നു.നുജൂദിന്‍റെ പോരാട്ടത്തിന്‍റെ ഫലമായി.2009 ഫെബ്രുവരിയില്‍ യമന്‍ പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹ പ്രായം നിയമപരമായി പതിനേഴ് വയസ്സാക്കി ഉയര്‍ത്തി.

നമ്മുടെയും ലോകം മുഴുവനുമുള്ള പെണ്‍കുഞ്ഞുങ്ങള്‍ക്കും പ്രതികരിക്കാനും പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ഊര്‍ജ്ജവും സന്ദേശമാണ് നുജൂദ് നല്കുന്നത്....
പ്രസാധനം -ഒലീവ് പബ്ലിക്കേഷന്‍
                             കോഴിക്കോട്
         വിവര്‍ത്തനം -രമാ മേനോന്‍                    

എന്റെ സുഹൃത്ത് ജോയ് ഷ് ജോസ് തയ്യാറാക്കിയ കറിപ്പുകൾ.... കൂട്ടിച്ചേർക്കലായി സ്വീകരിക്കൂ....
⁠⁠⁠⁠⁠
[
നടവഴിയിലെ നേരുകൾ- ഷെമി (ആത്മകഥാപരമായ നോവ ൽ )
ഡി.സി.ബുക്സ്
വില 495
639 പേജുകൾ
ആദ്യ പ്രതി 2015 മെയ് മാസത്തിൽ പ്രസിദ്ധപ്പെടുത്തി.......
...............................................
കുട്ടിക്കാലത്ത്
തെരുവിൽ അലഞ്ഞും പിന്നീട് അനാഥാലയത്തിൽ താമസിച്ചും ജീവിതത്തിന് റ കയ്പ് മുഴുവൻ അനുഭവിച്ച് തീർക്കേണ്ടി വന്ന ഷെമിയുടെ ജീവിതകഥയാണിത്.
ദരിദ്രരായ ഉപ്പയ്ക്കും ഉമ്മയ്ക്കും ഉണ്ടായ സുന്ദരികളും സുന്ദരന്മാരുമായ മക്കളിൽ കറുത്തവളും കോലം കെട്ടതുമായി ഇവൾ കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തതായി.
മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുള്ള കുടുംബത്തിന് വയറ് നിറച്ചാ ഹാരമോ കയറിക്കിടക്കാൻ കൂര യോ ഉണ്ടായിരുന്നില്ല. വാടക കൊടുക്കാൻ സാധിക്കാത്തതിനാൽ  വാടക വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന കുടുംബത്തിൽ ലഹരിയ്ക്കും മദ്യത്തിനും അടിപ്പെട്ട രണ്ടാമത്തെ മകൻ പല തരത്തിൽ തലവേദന സൃഷ്ടിക്കുന്നു. കഴിയും വിധം മക്കൾക്ക് വിദ്യാഭ്യാസം നൽകിയതിനാൽ മൂത്ത മകൻ സർക്കാർ ഉദ്യോഗസ്ഥനായെങ്കിലും കുടുംബത്തിനോട് വേണ്ടത്ര പരിഗണനയോ സ്നേഹമോ കാണിക്കാൻ അയാൾ തുനിയുന്നില്ല. ക്രൂരമായ പരിതസ്ഥിതിയിൽ പെൺമക്കളെ പല വീടുകളിൽ പണിക്കാരായി പാർപ്പിക്കേണ്ടി വരുമ്പോൾ ചേലില്ലാത്ത പെൺകുട്ടിയായ ഷെമി (കഥയിൽ ഷീനയെന്നോ മറ്റോ പേര് ഒന്നു രണ്ടിടത്തേ പറയുന്നുള്ളൂ) ഉപ്പയോടൊപ്പം തെരുവിൽ അരക്ഷിതമായി കഴിയേണ്ടി വരുന്നു. ക്ഷയരോഗിയായ അയാൾക്കൊപ്പം കഴിയുമ്പോഴും പിന്നീട് വലിയ ബന്ധു വീടുകളിൽ പണിക്കാരിയായിരിക്കേണ്ടി വരുമ്പോഴും പഠിച്ച്സർക്കാർ ജോലി വാങ്ങണം എന്ന ചിന്ത അവളിൽ നിറയുന്നു. അതിനായി ഏത് വിപരീത സാഹചര്യങ്ങളെയും നേരിടാൻ അവൾക്ക് കഴിയുന്നു.
എല്ലായിടത്തും പ്രശ്നങ്ങൾ മാത്രമുണ്ടാക്കുന്ന ആങ്ങളമാരെയും ഒരിക്കലും സഹായിക്കാൻ തയ്യാറല്ലാത്ത സമൂഹത്തെയുമെല്ലാം നേരിടാൻ അവളെ സജ്ജ യാ ക്കുന്നത് ഉള്ളിൽ ജ്വലിക്കുന്ന അറിവെന്ന ബോധ്യം മാത്രമാണ്.
ദാരിദ്ര്യവും കഷ്ടപ്പാടും അപമാനവും അവഹേളനങ്ങളും അവളെ പരവശയാക്കുമ്പോഴും ആത്മാഭിമാനത്തെ പണയം വെക്കാൻ അവൾ ഒരുക്കമല്ല.

ഉപ്പയുടെയും ഉമ്മയുടെയും മരണശേഷം സഹായത്തിന് ആരുമിെല്ലെന്ന തിരിച്ചറിവ് അവളെയും സഹോദരിമാരെയും കൊണ്ടുചെന്നെത്തിക്കുന്നത് കോഴിക്കോട് കെ. ഡി.റ്റി അനാഥാലയത്തിലാണ്. അവിടുത്തെ കെടുകാര്യസ്ഥതയും അഴിമതിയും തോന്നിവാസങ്ങളും മറ നീക്കി കാണിക്കുന്നതിലൂടെ സമൂഹത്തിലെ പല ഉന്നതരുടെ മുഖം മൂടികളും വലിച്ചു ചീന്താനുള്ള ശ്രമവും ഈ നോവലിലുണ്ട്.
 ഒടുവിൽ പഠിച്ച് നഴ്സായിജോലി നേടി സ്വന്തം കാലിൽ നിൽക്കുമ്പോഴേക്കും താത്പര്യമില്ലാത്ത വിവാഹ ജീവിത ത്തിൽ നിന്നു മോചിതയായ അവളെ വിവാഹിതരായ കൂടപ്പിറപ്പുകൾ  ഒറ്റപ്പെടുത്തുന്നു.
ഇന്ത്യാവിഷനിൽ ജോലിയുള്ള അർസലും അവളും പരസ്പരം പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്നു. ഗർഭിണിയായ അവളെ വിട്ട് ദുബായിലേക്ക് പോയ അർസലിനോടൊത്ത് ജീവിക്കാൻ െെകക്കു
ഞ്ഞുമായി ദുബായിലെത്തുന്ന അവളെ സ്വീകരിക്കാൻ അർസൽ ഉണ്ടായിരുന്നില്ല. വിധി അവളെ നോക്കി അവിടെയും പല്ലിളിക്കുന്നു.

ജീവിത യാഥാർത്ഥ്യങ്ങളെ നിസംഗതയോടെ നോക്കിക്കാണുന്ന ഈ നോവൽ അനുഭവങ്ങളുടെ നേർക്കാഴ്ചകൊണ്ട് കണ്ണു നനയ്ക്കുന്നു.                    
**********************************************************************