ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

10-7-2017

📘📚📕 സർഗസംവേദനത്തിലേക്ക് സ്വാഗതം...💐💐💐
അനില്‍
അഗ്നി സാക്ഷി
_________
ലളിതാംബിക അന്തര്‍ജ്ജനം
👒👒👒👒👒👒👒👒

മലയാളസാഹിത്യലോകത്ത്  എന്നും തിളങ്ങിനില്ക്കുന്ന ഒരപൂര്‍വ്വ വ്യക്തിത്വത്തിനുടമയായ  ലളിതാംബികാ അന്തര്‍ജനത്തെ പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടോ എന്നത് പ്രസക്തിയില്ലാത്ത ചോദ്യമാണ്. ജീവിതത്തിന്‍റെ സായന്തനത്തില്‍ മലയാളിക്ക് ഹൃദയത്തിലേറ്റാന്‍ നല്കിയ നിത്യപരിമളം വീശുന്ന പൂച്ചെണ്ട് ആണ് അഗ്നിസാക്ഷി യെന്ന നോവല്‍. പേര് പോലെ തന്നെ അഗ്നിയില്‍ സ്പുടം ചെയ്തെടുത്ത അല്ലെങ്കില്‍, ജീവിതമാകുന്ന  ബലിപീഠത്തില്‍  ആര്‍ക്കോവേണ്ടി ബലിയായി തീരുന്ന ജ്വലിക്കുന്ന ചില ഹൃദയങ്ങളുടെ കഥയാണിത്‌. കഥക്കപ്പുറം ഒരു യാഥാര്‍ഥ്യവും.  ബ്രാഹ്മണ സമൂഹത്തില്‍ ഒരു കാലത്ത് അലിഖിത നിയമം പോലെ നടമാടിയിരുന്ന  സംബന്ധം എന്ന അസംബന്ധവും, അതിലുണ്ടാകുന്ന മക്കള്‍ക്ക്‌ തന്‍റെ പിതാവിനെ കാണാനോ സ്നേഹിക്കാനോ, പിതാവിന്‍റെ ശവശരീരത്തില്‍ തൊടാനോ സ്വതന്ത്ര്യം ഇല്ലായിരുന്ന വ്യവസ്ഥയും, തൊട്ടുകൂടായ്മയും, അടിച്ചമര്‍ത്തപ്പെട്ട ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീകളുടെ കണ്ണുനീരുമാണിത്. ഈ കഥയെഴുതുന്ന കാലഘട്ടത്തില്‍ ഇത്തരം ഒരു സാഹസത്തിന് മുതിര്‍ന്നത് പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ജീവജാലങ്ങളുടെ ഭാഗങ്ങള്‍ ഫോസിലുകലായി രൂപാന്തരം പ്രാപിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ആകുന്നപോലെ, ഒരു കഥാകൃത്തിന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്ന അനുഭവങ്ങള്‍ കാലാന്തരത്തില്‍  ഹൃദയ വിചാര വികാരങ്ങളിലൂടെ രൂപാന്തരം പ്രാപിച്ച് ഉജ്ജ്വലമായ കൃതിയായി തീരുന്നു.

തേതിയേടത്തി, ദേവകി മാനമ്പള്ളി, ദേവീബഹന്‍  എന്നീ മൂന്നു പേരുകളില്‍ പരിചയപ്പെടുന്ന സുമിത്രാനന്ദ കഴിഞ്ഞ തലമുറയിലെ സ്ത്രീ ജീവിതത്തിലെ മൂന്ന് മുഖങ്ങളെയാണ് നമുക്ക് മുന്നില്‍ വരച്ചുകാട്ടുന്നത്. തേതിയേടത്തിക്കൊപ്പം ജീവിച്ച്, ജീവിതത്തില്‍  തന്‍റെതായ വഴി കണ്ടെത്തിയ, തങ്കം നായര്‍-  ജീവിത സായന്തനത്തില്‍ തേതിയേടത്തിയേ തേടി ഗംഗയുടെ തീരത്ത് എത്തുന്നു. തങ്കം നായരുടെ മനസ്സിലെ ഓര്‍മകളുടെ താഴ്വാരങ്ങളിലൂടെ ഈ കഥ യാനം ചെയ്യുന്നു മധ്യകേരളത്തിലെ പ്രസിദ്ധമായ മനയാണ് മാനമ്പള്ളി മന, മനയുടെ ഭരണം അപ്ഫന്‍ തമ്പുരാനാണ് നടത്തിയിരുന്നത്. അന്നത്തെ കാലത്ത് നായര്‍ സ്ത്രീകള്‍ പുറത്തിറങ്ങില്ല സംബന്ധത്തിനായി തമ്പുരാക്കന്മാര്‍ അങ്ങോട്ട്‌ പോവുകയാണ് പതിവ് അപ്ഫന്‍ തമ്പുരാനാന്‍ കുറച്ച് വ്യത്യസ്തനായിരുന്നു . നായര്‍ തറവാട്ടില്‍ നിന്ന് പതിനേഴ്‌ വയസ്സുള്ള അമ്മാളുവമ്മയെ നാല്‍പ്പത് വയസ്സുള്ള തമ്പുരാന്‍ തന്‍റെ പത്തായപ്പുരയില്‍ കൂട്ടി അതിലുള്ള മകളാണ് തങ്കം. തങ്കത്തെ  അപ്ഫന്‍ തമ്പുരാന്‍ എടുത്തതായിട്ടോ തൊട്ടു ലാളിച്ചതായിട്ടോ തങ്കത്തിന് ഓര്‍മ്മയില്ല തമ്പുരാന്‍ തികഞ്ഞ ബ്രഹ്മനനല്ലേ ? പിന്നെ തങ്കത്തിനോട് ആകെ സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്നത്‌ ഉണ്ണിയേട്ടനോടാണ്. ഉണ്ണിയേട്ടന്‍റെ വേളി മംഗല്യസൂക്തങ്ങള്‍ മുഴങ്ങുന്നു വേളിയുടെ തിരക്കുകള്‍ ഏട്ടനെയും ഏട്ടത്തിയെയും കാണാനായി തങ്കം അകത്തോട്ട് കയറി, പെട്ടെന്ന് ആരോ വിളിച്ചു കൂവി എല്ലാം അശുദ്ധമാക്കി കാരണം തങ്കം  അപ്ഫന്‍ തമ്പുരാന്‍റെ  നായര്‍ സംബന്ധത്തിലുള്ളതല്ലേ ?,തങ്കം പടിപ്പുള്ളവള്‍ ആയിരുന്നു, തേതി ഏട്ടത്തി നല്ല വായനാശീലമുള്ള സ്ത്രീ ആയിരുന്നു, ഏകാന്തത അവരെ തങ്കവുമായി കൂടുതല്‍ അടുപ്പിച്ചു. ഉണ്ണിക്ക് എപ്പോഴും തേതേട്ടത്തിയുടെ അടുത്ത് ഇരിക്കാനോ കിടപ്പറയില്‍ പ്രവേശിക്കാനോ അനുവാദമില്ലായിരുന്നു. സന്താനാര്‍ത്ഥമല്ലാത്ത ഭര്‍തൃസംഗമം നിഷിദ്ധമായിരുന്നു. ഇല്ലത്ത് ഒരു ഭ്രാന്തിച്ചെറിയമ്മ ഉണ്ടായിരുന്നു അവര്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ആയിരുന്നു, അവരെ മുത്തപ്ഫന്‍ വേളി കഴിച്ചു, ആളിന് വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നു, അവസാനം അവര്‍ ഇല്ലത്ത് ഒരു ഭ്രാന്തിയായി മാറി, ഇതൊക്കെ മനയിലെ ഭൂതകാലങ്ങളില്‍ ചിലത്.തേതേട്ടത്തിക്ക്കുട്ടികളെ വളരെ ഇഷ്ടമായിരുന്നു, വായനയുടെയും വിദ്യഭ്യാസത്തിന്‍റെയും ചലനമാകാം അവര്‍ ജാതിയോ മതമോ നോക്കാതെ എല്ലാപേരെയും സഹായിക്കുമായിരുന്നു ഇതെല്ലാം ഇല്ലത്തില്‍ തേതേട്ടത്തിക്ക് എതിരെ ഒരു പടയൊരുക്കം ഉണ്ടാക്കി.. ഒരിക്കല്‍ തേതേട്ടത്തി ഒരു കത്ത് തങ്കം വഴി പോസ്റ്റ്‌ ചെയ്യാന്‍ കൊടുത്തുവിട്ടു അതിലെ അഡ്രസ്‌ ഇങ്ങനെ ആയിരുന്നു പി കെ പി, നമ്പൂതിരി ഇല്ലം.അത് ഏട്ടത്തിയുടെ ഓപ്പക്കായിരുന്നു. പി കെ പി അന്നത്തെ ആനുകാലിക കാര്യങ്ങളില്‍ പ്രസക്തമായി ഇടപെട്ടുകൊണ്ടിരുന്ന ഒരു നേതാവ് ആയിരുന്നു. ഓപ്പയുടെ മറുപടികള്‍ തേതേട്ടത്തിക്ക് ഒത്തിരി ആശ്വാസം പകര്‍ന്നുവെങ്കിലും ചിന്താശേഷിയുള്ള തേതേട്ടത്തിക്ക് ഇല്ലത്തെ അനാചാരങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

പഠിക്കാന്‍ മിടുക്കിയായിരുന്ന തങ്കം പത്താം തരം ജയിച്ചതോടെ വിവാഹാലോചനകള്‍ ആരംഭിച്ചു.പുറത്തേക്ക് പോയുള്ള പഠനം ഇല്ലത്തിന് കേട്ട് കേള്‍വി പോലുമില്ലായിരുന്നു. തങ്കം അതില്‍ വിജയിച്ചു, അപ്ഫന്‍ തമ്പുരാന്‍ ഒത്തിരി എതിര്‍ത്തു തല്ലി, പക്ഷെ തങ്കത്തിന്‍റെ വാശിക്ക്  മുന്നില്‍ അനിവാര്യമായ മാറ്റമുണ്ടായി. ഉണ്ണിയുടെ സഹോദരന്‍ അനിയും പഠിക്കാന്‍ തയ്യാറായത് തങ്കത്തിനും സഹായകമായി. തന്നെ കാണാന്‍
ഇടയ്ക്കു വരാറുണ്ടായിരുന്ന അനികുട്ടനില്‍ നിന്നാണ് തങ്കം ആ വിവരം അറിഞ്ഞത് തേതിയേട്ടത്തി മന വിട്ട് പോയി. തേതേട്ടത്തിയുടെ അമ്മ മരിക്കാന്‍ കിടക്കുന്നു, അമ്മയെ കാണാന്‍ പോകാന്‍ അവരെ ഭര്‍ത്താവും കുടുംബക്കാരും അനുവദിക്കുന്നില്ല, അവര്‍ വീട് വിട്ട് പോയി. സ്വന്ത ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് പോയി അതിനാല്‍ തിരികെ വീട്ടില്‍ കയറ്റാന്‍ നമ്പൂതിരി ഇല്ലം തയ്യാറായില്ല.വീട് വിട്ട് പോയ തേതേട്ടത്തി ദേവകി മാനമ്പള്ളി എന്ന പേരില്‍ ഒരു കാലഘട്ടത്തിലെ  അടിച്ചമര്‍ത്തപ്പെട്ട  സ്ത്രീകളുടെ പ്രധിനിധിയായായി അവരുടെ ഉന്നമനത്തിനായി സമൂഹത്തില്‍ നിറഞ്ഞുനില്കാന്‍ തുടങ്ങി. ദേവകി മാനമ്പള്ളിയുടെ പടം ഇല്ലാത്ത ഒരു പത്രം പോലും അന്ന് ഉണ്ടായിരുന്നില്ല, അത്രയ്ക്ക് അവര്‍ ഉയരങ്ങളില്‍ എത്തി. ഈ അവസരത്തില്‍ അപ്ഫന്‍ നമ്പൂതിരിക്ക് അസുഖം കലശലായി അനിയേട്ടന്‍ തങ്കത്തെ കൂട്ടി വീട്ടിലേക്ക് പോയി. കിടക്കയില്‍ കിടക്കുന്ന അപ്ഫന്‍ തമ്പുരാനെ സ്പര്‍ശിക്കാനോ ശുശ്രീഷിക്കാനോ തങ്കത്തിന് അവകാശമില്ലായിരുന്നു കാരണം അവള്‍ നായര്‍ കുട്ടിയല്ലേ. അപ്ഫന്‍ മരണപ്പെടുന്നു  അതോടെ തങ്കത്തിന്‍റെ കൈപിടിച്ച് അമ്മ ഇല്ലത്തുനിന്നു പുറത്തേക്ക് പോയി, അമ്മ മകളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു മകളെ മാനമ്പള്ളി തറവാടുമായുള്ള നമ്മുടെ ബന്ധം എന്നേക്കുമായി അവസാനിച്ചിരിക്കുന്നു. ആ കാലഘട്ടത്തില്‍ വലിച്ചെറിയപ്പെട്ട ജീവിതത്തിന്‍റെ ഒരു അടയാളം മാത്രമാണ് തങ്കം നായര്‍. അച്ഛന്റെ ശവ ശരീരം പോലും കാണാന്‍ കഴിയാത്തവള്‍.....

 ഒരു കാലത്ത് ജ്വലിച്ചുനിന്നിരുന്ന പി കെ പി നമ്പൂതിരി ഇന്ന് ഒന്നുമല്ലാതായി, ജീവിക്കാനുള്ള തന്ത്രപാടില്‍ ഒതുങ്ങി.എന്നാല്‍ സ്വാതന്ത്ര്യം കാംഷിച്ചിരുന്ന ദേവകി മാനമ്പള്ളി ദേവി ബഹന്‍ എന്ന പേരില്‍ എല്ലാപേരും അറിയപ്പെടാന്‍ തുടങ്ങി. ഗാന്ധിക്കും നെഹൃവിനുമൊപ്പം സ്വതന്ത്ര്യസമരത്തില്‍ അമരക്കാരിയായി വളര്‍ന്നു.തന്‍റെ ആശ്രമത്തില്‍ അഭയം കൊടുത്ത ഒരു മനുഷ്യനില്‍ നിന്നുണ്ടായ ഒരു തിക്താനുഭവത്തിന്‍റെ പേരില്‍ ആശ്രമം വിട്ട ദേവി ബഹന്‍  സ്വയം പീഡനത്തിനും ഉപവാസത്തിലേക്കും തിരിഞ്ഞു. തങ്കം നായര്‍ നാട്ടിലേക്ക്  വരുന്നതും ഉണ്ണിയേട്ടനെയും പി കെ പി യേയും കാണുന്നതും അവര്‍ക്ക് വന്ന മാറ്റവും വികാരോജ്വലമായി വര്‍ണ്ണിച്ചിട്ടുണ്ട്. കൂടെ ചില കവിതാ ശകലങ്ങളും കാണാം. ഉണ്ണിയേട്ടന്‍ തേതിയേട്ടത്തിയുടെ  കഴുത്തില്‍  അണിയിച്ച മംഗല്യസൂത്രം  തിരിച്ചു കൊടുക്കുമ്പോള്‍ കൂടെ അയച്ച കത്ത് ഒരു പക്ഷേ ഈ നോവലിന്‍റെ  അച്ചുതണ്ടായി ഞാന്‍ കാണുന്നു. പിരിഞ്ഞിരിന്നപ്പോഴും മംഗല്യസൂത്രം എനിക്ക് ശക്തിയായിരുന്നു വിളക്കായിരുന്നു, അങ്ങയുടെ ആയുസ്സിനായി ഇതില്‍ പിടിച്ച് ഞാന്‍ ലക്ഷോപലക്ഷം മന്ത്രങ്ങള്‍ ഉരുവിട്ടു എന്ന വാക്കുകള്‍, നമ്മെ ഓര്‍മ്മിപ്പിക്കുന്നത്  ഭാരതസ്ത്രീതന്‍ ഭാവ ശുദ്ധിയേയാണ്. ഉണ്ണിയേട്ടന്‍റെ മരണശേഷം സഹോദരനായ അനിയേട്ടനാണ് മംഗല്യസൂത്രം തങ്കത്തിന് അയച്ചുകൊടുക്കുന്നത്.  മഗല്യസൂത്രം കണ്ടതുമുതല്‍ തങ്കം നായരുടെ തകര്‍ന്ന മനസ്സ് ആ യോഗിനിയെ ഒരു മാത്ര കാണുവാനായി കൊതിച്ചുകൊണ്ടിരുന്നു.

 തങ്കം നായരിലൂടെ യാത്ര ചെയ്ത കഥ അതിന്‍റെ മൂര്‍ത്തീ ഭാവത്തിലേക്ക് നീങ്ങുമ്പോള്‍ യോഗിനിയായ സുമിത്രാനന്ദയിലേക്ക് എത്തുന്നു.ശ്രാവണമാസത്തിലെ പൌര്‍ണ്ണമി നാളില്‍ പതിവില്ലാതെ ഇന്ദ്രിയങ്ങള്‍ കെട്ടുപൊട്ടിക്കുംപോലെ , ബോധമണ്ഡലം വിറകൊള്ളുന്നു  നിയന്ത്രണംവിട്ടപോലെ.വളരെനാള്‍ ഏകാന്ത തപം ചെയ്ത് ശക്തി നേടിയവരാണ്. തീര്‍ഥഘട്ടത്തില്‍ വന്നതില്‍ പിന്നെ ഒരു മാറ്റം വന്നപോലെ. ആശ്രമത്തിനടുത്തുനിന്നുള്ള ഉടജത്തില്‍ നിന്ന് ഒഴുകിയ സ്തോത്രാലാപം അവരെ ഭൂതകാലത്തിലേക്ക് കൂട്ടികൊണ്ട് പോയി, ഒരു സന്യസിനിക്ക്‌ പൂര്‍വ്വാശ്രമം ഇല്ല,എന്നാല്‍ ഓരോ പരമാണുവിലും അത് മുഴങ്ങുന്നു. ഈ ലോകത്തെ നിരസിക്കുന്നവര്‍ക്ക് പരലോകവും ഇല്ലാതാകും.കഴിഞ്ഞ കാലങ്ങളിലേക്ക് മനസ്സ് പായുന്നു.സമുദായത്തെ ഉദ്ധരിക്കാന്‍ , നാടിനെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടു ഇന്ന് എവിടെ നില്‍ക്കുന്നു. ലോകത്തിന്‍റെ മായകള്‍, സ്നേഹം പോലും  സ്വര്‍ഥമല്ലേ ? സകല ജീവജാലങ്ങളിലും അന്തര്‍ലീനമായ സൃഷ്ടിവാസനയെ വെറുക്കാന്‍ കഴിയുമോ അമ്മ എന്ന വാക്ക്.
അമ്മേ എന്ന് വിളിക്കുന്ന ഒരു കുട്ടിയെയെങ്കിലും കണ്ടിരുന്നുവെങ്കില്‍. അവര്‍ ഗംഗയില്‍ സ്നാനം നടത്തി അവര്‍ നെറ്റി നിലത്ത് മുട്ടിച്ച് ജഗദീശരനോട് പ്രാര്‍ത്ഥിച്ചു. സുമിത്രാനാന്ദയുടെ പര്‍ണ്ണശാല മറ്റ് സന്യസിനികളുടെ ആശ്രമത്തെക്കാളും വ്യത്യസ്തമായിരുന്നു. കെടാത്ത ഒരു അഗ്നികുണ്ഡം  ഉണ്ടായിരുന്നു അവരുടെ ധ്യനമുറിയില്‍, അവര്‍ക്ക് കിട്ടുന്ന പാരിതോഷികങ്ങളുടെ ഒരു പങ്ക് എപ്പോഴും അഗ്നിക്ക് കൊടുക്കുമായിരുന്നു.
അന്നതിന്‍റെ ഒരംശം വിശ്വജീവന് സമര്‍പ്പിക്കണം അഗ്നി വിശപ്പിന്‍റെ  പ്രതീകമാണ് ഇതാണ് അവരുടെ സങ്കല്പ്പം. യവനപുരാണത്തിലെ പ്രോമിത്യൂസിനെ കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഈ ഭാഗങ്ങളില്‍ എഴുത്തുകാരി നല്ല ചില വിവരണങ്ങള്‍ നല്‍കുന്നുണ്ട്.

  ശ്രാവണദിവസം പ്രഭാതം മാതാജി ഇന്ന് പാരണ വീടും, ഗ്രാമവാസികളെ ഇന്ന് കാണും, ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചു.യോഗിനിമാതാവ് ധ്യനത്തിലായിരുന്നു. കണ്ണ് തുറക്കുമ്പോള്‍ ഭക്തരുടെ ഉപഹാരം സ്വീകരിക്കുകയും കുറച്ച് അഗ്നിക്ക് നാല്കയുംബാക്കി വിതരണം ചെയ്യാന്‍ ശിഷ്യകളെ ഏല്പിച്ചു. പെട്ടെന്ന് ആള്‍കൂട്ടത്തിനിടയില്‍ നിന്ന് ഒരു സ്ത്രീ ബോധം കെട്ട് നിലത്ത് വീഴുന്നുണ്ടായിരുന്നു, അവര്‍ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു--എന്‍റെ ഏട്ടത്തിയമ്മ--ഏട്ടത്തിയമ്മ-----.അവര്‍ യോഗിനിയുടെ കൈയില്‍ പിടിച്ച് പറഞ്ഞു അങ്ങ് ദൂരെ കേരളത്തില്‍ എനിക്കൊരു ഗുരുവുണ്ടായിരുന്നു , എന്‍റെ അനന്തരാവകാശി ഒരു സ്ത്രീയാണ്, നിന്‍റെ മകളാണ് അതിന്‍റെ തുടര്‍ച്ച ദേവകി എന്നാണ് പേര്, ദേവകി പുത്രാ രക്ഷിക്കണേ എന്ന് പറഞ്ഞാണ് അദ്ദേഹം അന്തരിച്ചത്‌. സുമിത്രാനന്ദക്ക് ഒരു ഭാവമാറ്റവുമുണ്ടായില്ല, എന്നിട്ട് അവര്‍ മൊഴിഞ്ഞു സര്‍വ്വസംഗ പരിത്യാഗിയായ ഈ താപസിനിയെ എന്തിനാണ് പിന്തുടരുന്നത് ? ആ സ്ത്രീ തന്‍റെ കൈസഞ്ചി തുറന്ന് ഒരു പൊതിയെടുത്തു , ഇത് എന്‍റെ കുട്ടിക്ക് ഗുരു സമ്മാനമായി നല്‍കിയതാണ് , ദുഖകരമായ നെടുമംഗല്യത്തിന്‍റെ മുദ്രയുണ്ടിതില്‍ ത്രിക്കൈകൊണ്ട് അനുഗ്രഹിക്കയോ തിരസ്കരിക്കയോ ചെയ്താലും. യോഗിനിമാതാവ് പൊതി തുറന്നു മുഷിഞ്ഞ നൂലില്‍ കോര്‍ത്ത ചെറുതാലിയായിരുന്നു. അവര്‍ അതിനെ അഗ്നികുണ്ഡത്തില്‍ എറിഞ്ഞു. അതിനുശേഷം അവര്‍ അതെടുത്ത് കുട്ടിയുടെ കൈയില്‍ കൊടുത്തു കുട്ടീ ഉരുക്കി ഇനി നിന്‍റെ തലമുറയ്ക്ക് ഇഷ്ടമുള്ളത് പണിയൂ, ഒരിക്കലും ഇതിന്‍റെ മാറ്റ് കുറക്കരുത്--
യോഗിനിമാതാവിന്‍റെ കണ്ണുകള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു, ബ്രഹ്മത്തില്‍ ലയിച്ചപോലെ, ഉയരത്തിലേക്ക് പറക്കാന്‍ പോകുന്ന മാലാഖയെപ്പോലെ ,  ഈ സമയത്ത് തീര്‍ഥാടകരുടെ നടുവില്‍ നിന്ന് ഒരു മാന്യന്‍ മുന്നോട്ട് വന്ന്, സാഷ്ടാംഗം പ്രണമിച്ച്‌ വിളിച്ചു പറഞ്ഞു അമ്മേ തിരിച്ചു വരൂ അമ്മേ തിരിച്ചു വരൂ ഞാനിതാ വന്നിരിക്കുന്നു, മാതാജി ആകാശത്തില്‍ നിന്ന് കണ്ണുകള്‍ പിന്‍വലിച്ചു അവന്‍റെ ശിരസ്സില്‍ തലോടി ശിഷ്യനല്ല, ആരാധകനല്ല സാക്ഷാല്‍ മകന്‍---മകനെ എന്‍റെ മകനെ -അമ്മേ എന്ന വിളികളാല്‍ മുഴങ്ങിയവിടം--ചരാചരങ്ങള്‍ മുഴുവന്‍ കേട്ടിരിക്കണം തപസ്സിന്‍റെ അന്ത്യം.-----
_________

  ഡൊമിനിക് വർഗീസ്
🌺🌺🌺🌺🌺🌺🌺🌺

മലയാള സാഹിത്യത്തിലെ ക്ലാസിക് രചനകളിലൊന്നായ ലളിതാംബിക അന്തർജനത്തിന്‍റെ അഗ്നിസാക്ഷി ഒരിക്കൽ കൂടി പുനർവായനയ്ക്ക് പ്രേരിപ്പിച്ചതിൽ അനിൽ മാഷേ നന്ദി. അഗ്നിസാക്ഷി എന്ന സിനിമയ്ക്ക്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോള്‍ അതിലെ കഥാപാത്രങ്ങളെല്ലാം തന്റെ മനസിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ടായിരുന്നുവെന്ന്‌ ഗാനരചയിതാവ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഒരിക്കൽ പറഞ്ഞു.