ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

10

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
 പത്താം ഭാഗമായ ഇന്ന് പറയുന്നത് മംഗലംകളിയെക്കുറിച്ചാണ്.

മംഗലം കളി

ഉത്തരമലബാറിലെ മാവിലർ,മലവേട്ടുവർ സമുദായത്തിനിടയിൽ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് തുടിതാളത്തിനുസരിച്ച് സ്ത്രീകളും പുരുഷന്മാരും ചെയ്യുന്ന നൃത്തരൂപമാണ് മംഗലം കളി. കല്യാണക്കളി എന്നു കൂടി ഇതിനു പേരുണ്ട്.

തുളുഭാഷ ഏറിയ മാവിലഭാഷയിലെ മംഗലം കളിപ്പാട്ടുകള്‍ മനോഹരവും കഥയുള്ളതുമാണ്.
കാസർഗോഡ്ജില്ലയിലും കണ്ണൂർജില്ലയുടെ ഉത്തരഭാഗത്തും ജീവിച്ചുവരുന്ന ഇവരുടെ ജീവിതരീതി മംഗലംകളി പാട്ടിന്റെ വരികളിൽ പ്രതിഫലിക്കുന്നു. വേട്ടുവരും മാവിലന്മാരും പാടുന്ന പാട്ടുകളിൽ വ്യത്യാസം ഉണ്ടെങ്കിലും അവതരണത്തിൽ മൗലികമായ വ്യത്യാസം കാണാനില്ല. പുരുഷന്മാരാണ് സാധാരണയായി ഈ കലാരൂപം അവതരിപ്പിക്കുന്നത്. വിവാഹാവസരങ്ങളിൽ പത്തോ അതിൽ കൂടുതലോപേർ വട്ടത്തിൽ നിന്ന് പാട്ട് പാടി ചുവട് വയ്ക്കുന്നു. കല്യാണപന്തലിലാണ് മംഗലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ മുപ്പതോളം ആളുകൾ ഉണ്ടാകും. വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് പുരുഷന്മാർ മാത്രമായിരിക്കും. രാത്രി മുതൽ പുലർച്ച വരെ കളി തുടർന്നുകൊണ്ടിരിക്കും. പകൽ കല്യാണപ്പെണ്ണിനേയും കൊണ്ട് ജന്മിഗൃഹങ്ങളിലേയ്ക്ക് പോകുന്ന സമയത്തും പാട്ട് പാടി നൃത്തം വയ്ക്കേണ്ടതാണ്. ഗോത്രസംസ്കാരത്തിന്റെ സവിശേഷതകൾ ഈ കലാരൂപത്തിലും ദർശിക്കാം.കർണാടകമാണ് ഇവരുടെ ജന്മദേശമെന്ന് വരികൾ വ്യക്തമാക്കുന്നു. മംഗലംകളിയിൽ പാടുന്ന പാട്ടുകളിൽ കല്യാണചടങ്ങുകളെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. മനുഷ്യജീവിതത്തിന്റെ വ്യക്തമായ പ്രതിഫലനം ചില പാട്ടുകളിൽ കാണാവുന്നതാണ്. ഓണം, വിഷു, കല്യാണം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും മറക്കുവാൻ അവർ ആടുകയും പാടുകയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളിൽ ഒരാളുടെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ പാട്ടുകളായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. മിക്ക പാട്ടുകൾക്കും അതിന്റേതായ ഈണവും ഉണ്ടാകും. ഒരു പാട്ടിൽ നിന്നും മറ്റൊരു പാട്ടിലേക്ക് കടക്കുമ്പോൾ താളം മാറ്റാനുള്ള അസാധാരണമായ കഴിവ് തുടി ഉപയോഗിക്കുന്നവർക്ക് ഉണ്ടാകും. ഓരോ പാട്ടിലും ഓരോ കഥയായിരിക്കും പ്രതിപാദിക്കുന്നത്. സ്ത്രീപുരുഷന്മാർ പാട്ടിന്റേയും തുടിയുടേയും താളത്തിനൊത്ത് നൃത്തം വെയ്ക്കുന്ന മംഗലംകളിയുടെ വാദ്യസംഘത്തിൽ പൊതുവേ തുടിയാണ് ഉപയോഗിക്കുന്നത്. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയാണ് തുടിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഉടുമ്പ്,വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോലാണ് ഇതിനുപയോഗിക്കുന്നത്. ശബ്ദം ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനം ചെണ്ടയിലെന്ന പോലെ തുടിയിലുമുണ്ട്. ചെറുതും വലുതുമായ തുടികളുടെ ശബ്ദത്തിൽ വ്യത്യാസമുണ്ടാകും. മംഗലംകളിയിൽ ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിക്കുന്നത്.

മാണിനങ്കരെ തങ്കാട്ടി കുമരിനങ്കരെ
ബീരാജ്പേട്ട ദുണ്ട്ഗയ മാണിനങ്കരേ”

മാവിലരുടെ പൈതൃകവേഷത്തിൽ തന്നെയാണ് മംഗലംകളിക്ക് ഇവർ പ്രത്യക്ഷപ്പെടുക. കല്ലുമാലയും ധരിച്ചിരിക്കും.


ഇനിയുള്ളത്

2000 ന് ശേഷം കേരളത്തിൽ വന്ന വിദേശ ദൃശ്യകലയാണ് ബിനാലെ. എന്നാൽ ഒരു ബുജിദൃശ്യകലയായി മാറിയതിനാൽ പ്രചാരമേറെയുണ്ടായിട്ടും ആസ്വാദകരുടെ എണ്ണത്തിൽ അതിനനുസരിച്ചുള്ള വർധനയുണ്ടായില്ല.  അധ്യാപകരായ നാമും അതിനെ കുറിച്ച് ചർച്ച ചെയ്യാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത്.
ഒരു പക്ഷെ,
ഇപ്പഴുള്ളതല്ല പണ്ടത്തെയാ ഗംഭീരം എന്ന
എന്തിനുമുള്ള,
ഏവർക്കുമുള്ള അഭിപ്രായം
നമുക്കുമുണ്ടായി തുടങ്ങിയിട്ടായിരിക്കാം.

ഇനി നിങ്ങൾക്ക്;