ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

12-6-2017

സർഗ സംവേദനത്തിലേക്ക്
സ്വാഗതം💐💐
അനില്‍
എരി.
🍀🍀🍀🍀🍀🍀🍀🍀
             പ്രദീപൻ പാമ്പിരി കുന്നിന്റെ ''എരി " എന്ന നോവൽ വായിച്ച് ഓരോ താളിലും ഞാൻ എരിഞ്ഞു തീർന്നു. പ്രദീപൻ ഓരോ താളിലും പിന്തുടർന്നു കൊണ്ടേയിരുന്നു. തന്റെ ജീവിതം കൊണ്ടും എഴുത്തുകൊണ്ടും ഹ്രസ്വകാലത്തിൽ പറയാൻ ശ്രമിച്ചതെല്ലാം എരിയിൽ സംഗ്രഹിച്ചിട്ടുണ്ട് അദ്ദേഹം. "എരി എന്റെ ആഗ്രഹങ്ങളുടെ കൂടി കലർപ്പുള്ള ആത്മനിഷ്ഠമായ ആഖ്യാനമാണെന്ന് സാറിന് വിലയിരുത്താം'' എന്ന് നോവലിലെ ഗവേഷകൻ പറയുന്നുണ്ട്. ഇത് പ്രദീപന്റെ ആത്മാഖ്യാനമാവുന്നതിനൊപ്പം ഒരു കാലത്തിന്റെ സാമൂഹിക ചരിത്രാഖ്യാനം കൂടിയായി മാറുന്നു.   ഇരുട്ടിൽ നിർത്തപ്പെട്ട  മനുഷ്യജീവിതാവസ്ഥകളിലേക്ക് ഒരു വെളിച്ചം കത്തിച്ചു വെച്ചിട്ടാണ് പ്രദീപൻ അകാലത്തിൽ കെട്ടുപോയത്.
             ജ്ഞാനാധികാരിയും കർമ്മാധികാരിയുമായി മാറാൻ കീഴാളൻ നടത്തിയ പോരാട്ടങ്ങൾ സവർണപ്രോക്തമായ ചരിത്രത്തിലെവിടെയുമില്ല.
"കാണുന്നീലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി " എന്ന് അതിനാൽ പൊയ്കയിൽ കുമാര ഗുരുവിനു പാടേണ്ടി വരുന്നു.
കെ.പി. വള്ളോനും കെ.പി.കറുപ്പനും ചരിത്രത്തിന്റെ അവസാന താളിലോ അനുബന്ധത്തിലോ പോലും ഇടം കിട്ടിയില്ല. അയ്യങ്കാളിയും പഞ്ചമിയും കയറിയ വിദ്യാലയം സവർണർ ചുട്ടെരിച്ചു കളഞ്ഞു. അതിനും എത്രയോ മുമ്പ് ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും കേരളത്തിലെ മുഖ്യാധാരാ ചരിത്രത്തിലൊന്നുമില്ല. ചരിത്രം നീതിയോടല്ല, അധികാരത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് പ്രദീപൻ ഒരു ലേഖനത്തിൽ എഴുതിയിട്ടുണ്ട്. അധികാരമുള്ളവരുടെ അനീതിയും നീതിയായി മാറി.
നമ്മുടെ നവോത്ഥാനത്തിന്റെ ചരിത്രമെഴുതിയവർ പോലും ഇരുട്ടിൽ നിർത്തിയ കീഴാളരായ അനേകം മനുഷ്യർക്ക് യഥാർത്ഥമായ ചരിത്രജീവിതമുണ്ടായിരുന്നു. അതെല്ലാം എവിടെപ്പോയി? ആരാണവ തമസ്കരിച്ചത്?
പറയനായ എരി ജീവിതത്തിലുടനീളം ഒരു കനലായി എരിഞ്ഞുകൊണ്ട് തന്റെ വംശത്തിന്റെ ആത്മബോധത്തിനായി ശ്രമിക്കുകയായിരുന്നു.
"ഈ ചത്ത പശുവിന്റെ ഇറച്ചി ഇനി നാം തിന്നുകയില്ല" എന്ന് എരി പത്തൊമ്പതാം നൂറ്റാണ്ടിലെപ്പോഴോ തന്റെ കൂട്ടക്കാരോട് പറയുന്നതായി നോവലിൽ ഉണ്ട്. ഇതേ വാക്കുകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഗുജറാത്തിലെ ഉനയിൽ വെച്ച് ദലിതരോട് ജിഗ്നേഷ് മേവാനിക്ക് ആവർത്തിക്കേണ്ടി വന്നതിന്റെ വൈരുദ്ധ്യം നാം ആലോചിക്കേണ്ടതുണ്ട്. രണ്ടു നൂറ്റാണ്ട് കൊണ്ട് നമ്മുടെ ജനാധിപത്യം എത്ര കുറച്ചാണ് നടന്നത്!

              പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണീർത്തുള്ളികളിൽ നിന്നാണ് ചരിത്രമുണ്ടാകുന്നത് എന്ന യാഥാർത്ഥ്യത്തെയാണ് പ്രദീപൻ എഴുതുന്നത്.
സ്വന്തം ജീവിത സാഹചര്യങ്ങളെല്ലാം അപരിഷ്കൃതമായിത്തോന്നുന്ന സാംസ്കാരികാ ധിനിവേശമാണ് കീഴാളർക്കു മേൽ സംഭവിച്ചത് എന്ന് പ്രദീപൻ എഴുതിയിട്ടുണ്ട്. അവർ എന്നും സ്വയം അന്യരായി കല്പിച്ചു. പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാത്ത പ റ യ ർ  അയിത്തത്തെ ഭയന്ന സവർണർക്കു മാത്രമല്ല, ചരിത്രകാരന്മാർക്കും അദൃശ്യരായി! പറയൻ എരിക്ക് പ്രദീപന് മുമ്പ് ജീവിതമില്ലായിരുന്നു,ചരിത്രമില്ലായിരുന്നു. തന്റെ അസാമാന്യതകൾ കൊണ്ട് പൊതുസമൂഹത്തിന്റെ സാമാന്യതകളെ അതിജീവിക്കാൻ അബോധാത്മകമായി ശ്രമിക്കുകയായിരുന്നു എരി.
             തോണി വിലങ്ങാത്ത പുഴകൾ എരി നിർഭയം നീന്തിക്കടന്നു. അത് നിങ്ങൾ നീന്തിയ പുഴയായിരുന്നില്ല. നിങ്ങൾ കണ്ണു തുറന്നിരിക്കേ, അയാൾ "ഒടി "മറഞ്ഞു! അയാൾ നിങ്ങൾക്കു പ്രവേശനമില്ലാത്ത മറ്റൊരു ലോകം സൃഷ്ടിക്കുകയായിരുന്നു. (അല്ലെങ്കിലും ജീവിതകാലം മുഴുവൻ ഒടിമറയാൻ വിധിക്കപ്പെട്ടവരായിരുന്നല്ലോ അവരുടെ വംശം)
           ഓർമ്മകളിൽപ്പോലും അവശേഷിക്കാതെ എരിഞ്ഞു തീർന്നു പോയ വംശാവലികൾ, ചവിട്ടിത്താഴ്ത്തപ്പെട്ട ഉന്നത ശിരസ്സുകൾ,
പുച്ഛിച്ചു തള്ളിയ മൗലിക ജ്ഞാനങ്ങൾ, അരിഞ്ഞു വീഴ്ത്തപ്പെട്ട ആത്മബോധത്തിന്റെ വെളിച്ചപ്പെടലുകൾ, ആർക്കോ വെളിച്ചമാവാനായി എരിഞ്ഞു തീർന്ന ചൂട്ടു കറ്റകൾ... എരി അവരെയാണ് പരതിയെടുക്കുന്നത്. " ന്റെ പാരമ്പര്യേ ഏങ്ങളെ കാത്തോളണേ" എന്നതായിരുന്നു പറയരുടെ പ്രാർത്ഥന. സമ്പന്നമായ ആ പാരമ്പര്യത്തെ ആരാണ് ജാതിവിവേചനത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടിത്താഴ്ത്തി കളഞ്ഞത്?
ഉത്തരമില്ലാത്ത (?) ചോദ്യങ്ങൾ ഈ നോവലിലുടനീളം അലഞ്ഞു നടന്ന് നിലവിളിക്കുന്നു. ഭൂതകാലത്തിന്റെ ഇരുട്ടിൽ നിന്ന് ചില വെളിച്ചങ്ങൾ നമ്മെ തേടിവരുന്നു. ആരോ ഒരു ചൂട്ടുകറ്റ കൊണ്ട് എന്റെ നെഞ്ചിൽ കുത്തുന്നു. നെഞ്ച് കത്തിയെരിഞ്ഞു കൊണ്ടേയിരിക്കുന്നു.

ഡോ. പി.സുരേഷ്

പ്രദീപൻ പാമ്പിരിക്കുന്നിനെ എല്ലാവർക്കും അറിയാമെന്ന് കരുതുന്നു...
ബൈക്ക് അപകടത്തിൽ പൊലിഞ്ഞു പോയി
ആ ദീപ്തനാളം....


⁠⁠⁠⁠⁠





**************************************************************
നെസി:പോരാടാൻ ഒരിക്കലും പൊലിയാത്ത കനലുകൾ അവശേഷിപ്പിക്കുന്നുണ്ട് പ്രദീപൻ പാമ്പിരിക്കുന്ന്.... " എരി" യും ഇനിയും.... 

പ്രജിത: പ്രശസ്ത ദലിത് ചിന്തകനും നിരൂപകനുമായിരുന്ന പ്രദീപൻ പാമ്പിരികുന്നിന്റെ ആദ്യനോവലാണ് ‘എരി‘ . ദൗര്‍ഭാഗ്യവശാല്‍ അവസാനത്തേതും. തികഞ്ഞ ലക്ഷ്യബോധത്തോടെയുള്ള എഴുത്തായിരുന്നു പ്രദീപൻ പാമ്പിരികുന്നിന്റേത് . ആധുനിക കേരളം രൂപപ്പെട്ടതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍തന്നെയാണ് ഈ നോവലിന്റെയും അടിസ്ഥാനം. വര്‍ഷങ്ങളായി കൊണ്ടു നടക്കുന്ന ആശയം സമര്‍ത്ഥമായി ആവിഷ്‌കരിക്കാന്‍ നോവലിന്റെ വലിയ കാന്‍വാസ് ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു പ്രദീപൻ പാമ്പിരികുന്ന്.
പറയരെ അദൃശ്യരാക്കിയ ഒരു മേലാളചരിത്രത്തെ തിരുത്തിയ എരിഎന്ന ഇതിഹാസപുരുഷന്റെ ജീവിതകഥയിലൂടെ എല്ലാവരാലും അവഗണിക്കപ്പെട്ട, തിരസ്‌കരിക്കപ്പെട്ട ഒരു കാലഘട്ടത്തിന്റെ ജീവിതചിഹ്നങ്ങള്‍ കണ്ടടുക്കുകയാണ് എരി എന്ന നോവലിലൂടെ എഴുത്തുകാരൻ. കീഴടക്കാനാവാത്ത ശരീരബലവും തളരാത്ത മനസ്സും തികഞ്ഞ ജ്ഞാനവും എരിക്കായി അദ്ദേഹം കരുതിവെച്ചിരുന്നു.
എരി സംസാരിച്ചുതുടങ്ങി:
”കൂട്ടരേ, നമുക്കൊരു വലിയ പാരമ്പര്യമുണ്ട്. നാം ഈ കാടിന്റെയും മലയുടെയും വെള്ളത്തിന്റെയും മക്കളാണ്. നമുക്കു ദൈവം തരുന്നതാണ് കാറ്റും വെളിച്ചവും. നമുക്ക് ജ്ഞാനമില്ല എന്നതാണ് പ്രശ്‌നം. നാമത് നേടണം.”
അതുവരെ പറയരുടെ ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന കീഴ്‌വഴക്കങ്ങള്‍ അതിലംഘിക്കേണ്ടവയാണെന്ന്എരി തന്റെ സമൂഹത്തോട് വിളിച്ചുപറയുന്നതോടെ ഉരിത്തിരിയുന്ന പ്രധാനപ്പെട്ട ഒരു തിരിച്ചറിവ് ചത്ത പശുവിന്റെ ഇറച്ചി ഇനി തിന്നരുത് എന്നുള്ളതാണ്. മേലാളര്‍ ഇട്ടുകൊടുക്കുന്ന ചത്തപശുക്കളെ ഇനി ഒരു പറയനും തൊട്ടുപോകരുത്, പട്ടിണി കിടന്നു ചത്താലും. അവര്‍തന്നെ അവരുടെ ചത്തപശുക്കളെ മറവുചെയ്‌തോട്ടെയെന്ന്. ആ ഒരു പ്രഖ്യാപനത്തിന്റെ പ്രതികരണം അവരെ സംബന്ധിച്ച് ഭീകരമായിരുന്നിട്ടും തീരുമാനത്തില്‍നിന്നു പിന്നോട്ട് മാറാത്ത ഒരു നിശ്ചയദാര്‍ഡ്യത്തിന്റെ ചരിത്രഗാഥകൂടിയാകുന്നു എരിഎന്ന അസാധാരണനോവല്‍.
മധുരം ഒരയഥാര്‍ത്ഥ മേലാളരുചിയാണെങ്കില്‍ എരിവ് ഒരു യഥാര്‍ത്ഥ കീഴാളരുചിയാണെന്നും തീയെരിയുന്നതുപോലെ, വിളക്കെരിയുന്നതുപോലെ ഈ എരിയോലയില്‍ എരി എന്ന കീഴാളനും എരിഞ്ഞുനില്ക്കുന്നുവെന്ന് അവതാരികയില്‍ കല്‍പ്പറ്റ നാരായണന്‍ എഴുതുന്നു.
കോഴിക്കോട് ജില്ലയിലെ പാമ്പിരികുന്നില്‍ 1969- ലാണ്പ്രദീപൻ പാമ്പിരികുന്ന് ജനിച്ചത്.  കേരള സംസ്‌കാരം ഒരു ദലിത് സമീപനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്.ദലിത് പഠനം: സ്വത്വം സംസ്‌കാരം സാഹിത്യം, ദലിത് സൗന്ദര്യശാസ്ത്രം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സുകുമാര്‍ അഴീക്കോട് എന്‍ഡോവ്‌മെന്റ് അവാര്‍ഡും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എന്‍.വി. സ്മാരക വൈജ്ഞാനിക അവാര്‍ഡും ലഭിച്ചു. 2016 ഡിസംബര്‍ 8-ന് പ്രദീപൻ പാമ്പിരികുന്ന് അന്തരിച്ചു.                  

അശോക് ഡിക്രൂസ്: എരി ശരിക്കും പൂർത്തിയാക്കിയിരുന്നോ?        

മിനി താഹിർ: തന്റെ സമുദായത്തിന്റെ പരാജയം തിരിച്ചറിയുകയും അത് പരിഹരിക്കാൻ വിജ്ഞാനം നേടുകയാണ് വേണ്ടതെന്നും അതുവരെ ശീലിച്ചു പോന്ന കീഴ് വഴക്കങ്ങളെ അതിലംഘിക്കണമെന്നും സ്വസമുദായത്തോടു വിളിച്ചു പറഞ്ഞ എരി....👌👍
വായിക്കാൻ പ്രേരിപ്പിക്കുന്നു.....
പ്രദീപൻ പാമ്പിരികുന്ന്.....
അദ്ദേഹത്തിന്.... ആഭരാഞ്ജലികൾ                  
                 
രതീഷ് കൃഷണൻ: എരിവുള്ളത്....
ഇഷ്ടാണ്
എരിയും...🙏🏿                  
ദലിത് ചിന്തകൻ
ഒരു അശ്ലീല പദാമാണ്...
🙏🏿                  

പ്രവീണ്‍ വര്‍മ്മ: http://www.madhyamam.com/local-news/kozhikode/2017/jun/12/271819                  
രതീഷ് കൃഷണൻ: എസ് ജോസ്ഫിനെ
കോഴിക്കോട് സാഹിത്യോത്സവത്തിൽ അവതാരിക അവതരിപ്പിച്ചപ്പോൾ വേദിയിൽ നിന്ന ഒരാൾ ഈ വാക്ക് ഉറക്കെ വിളിച്ചു പറഞ്ഞു...
🤓                  

സ്വപ്ന: പാതിവഴിയിൽ  വെച്ച് പടിയിറങ്ങിപോയ എഴുത്തുകാരൻ.(നിരൂപണം,നാടകം,പാട്ട്,നോവല്‍ ....)പ്രഭാഷകൻ,ചിന്തകൻ,ഗായകന്‍ ,മികച്ച അധ്യാപകന്‍ .....ഇനിയുമെത്രയോ വിശേഷണങ്ങൾ  ബാക്കിയാകുന്നു.ഇനിയുമെന്തൊക്കെയോ അദ്ദേഹത്തിന് നൽകാൻ  കഴിയുമായിരുന്നു. എരി എത്രയും പെട്ടന്ന് വായിച്ചേ തീരൂ. പരി്ചയപ്പെടുത്തലിന് അനിൽ മാഷിനും കൂട്ടിച്ചേർക്കലിന് പ്രജിത ടീച്ചർക്കും അഭിനന്ദനങ്ങൾ💐💐💐💐