ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

12-9-2017

🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം...
🎉🎉🎉🎉🎉🎉🎉

🌘ദൃശ്യകലയുടെ വരമൊഴിയിണക്കം.... 
🌘 അവതരണം: പ്രജിത ടീച്ചർ
🌾🌾🌾🌾🌾🌾🌾
**************************************
സുഹൃത്തുക്കളെ,

    മൂന്നരപതിറ്റാണ്ടുകൾക്ക് ശേഷം ഓണക്കാലത്ത് പുനരാവിഷ്ക്കാരം നടത്തിയ ഒരു കലാരൂപമാണ് 'ദൃശ്യകലയുടെ വരമൊഴിയിണക്ക'ത്തിന്റെ നാൽപ്പത്തിമൂന്നാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നത്.ചരിത്രത്തോളം പഴക്കമുണ്ടായിരുന്നതും ഓണക്കാലത്തുമാത്രം വേദിയിലെത്തിയിരുന്നതുമായ ഒരു നൃത്തരൂപം_ സീതക്കളി
കേരളത്തിലെ ഒരു നാടൻ വിനോദമായിരുന്നു സീതക്കളി. കുറവ സമൂഹത്തിന്റെ അനുഷ്ഠാന കലാ രൂപങ്ങളിലൊന്നാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് സീതക്കളിയും ഭാരതക്കളിയും ആചരിക്കുന്നത്.ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി ജാതി–മത വിവേചനങ്ങൾക്ക് അതീതമായി ജനകീയ കലാരൂപമെന്ന നിലയിലറിയപ്പെട്ടിരുന്നു. നാരദൻ‍, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, മന്ഥര, ദശരഥൻ, ശൂർപ്പണഖ, രാവണൻ, പൊന്മാൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ മാറ്റു കൂട്ടുന്നു. വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിച്ചിരുന്നത്. രാമായണ കഥയിലെ വനയാത്ര മുതൽ ലങ്കാദഹനം വരെയുള്ള കഥാഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആശാൻമാർ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാർ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടുന്നതാണ് സീതക്കളി.
സീതക്കളിയും ഭാരതക്കളിയുംകേരളത്തിലെ നാടന്‍ പ്രകടനകലകളില്‍ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും വാമൊഴിവഴക്കങ്ങളായ പാട്ടുകളും ചുവടുകളുമായി സമ്മേളിക്കുന്നുണ്ട്. ആദിമജനസഞ്ചയത്തിന്റെ പിന്‍മുറക്കാരായ കുറവ സമൂഹത്തിന്റെ അനുഷ്ഠാനകലാരൂപങ്ങളാണ് ഭാരതക്കളിയും സീതക്കളിയും. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കന്‍ മേഖലകളിലാണ് സീതക്കളിയും ഭാരതക്കളിയും ആചരിക്കുന്നത്. ഇതില്‍ ഭാരതക്കളി തീര്‍ത്തും അനുഷ്ഠാനപരമാണെങ്കില്‍ സീതക്കളിക്ക് വിനോദത്തിന്റെ മുഖവുമുണ്ട്. ഓണക്കാലത്ത് മലങ്കാവുകളിലും നേര്‍ച്ചയുടെ ഭാഗമായി തറവാടുമുറ്റങ്ങളിലും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ 'രാമായണകഥ' പാടിക്കളിക്കുന്നതാണ് സീതക്കളി. 
''പണ്ടു പണ്ടു കാലത്തല്ലിയോ (2) 
ത്രേതായുഗകാലത്തല്ലിയോ(2) 
വടക്കുവടക്കു രാജ്യം 
നാലുപാടും വളഞ്ഞൊഴുകും 
സരയൂനദി തീരത്തല്ലിയോ 
അയോധ്യാപുരം കൊട്ടാരമേ 
അന്നവിടെ വാണിരുന്നത് 
ദശരഥ രാജാവല്ലിയോ .......................... 
ചേട്ടനുമനുജനുമേ ഭാര്യേമായിട്ടല്ലിയോ 
അയോധ്യയ്ക്കു പോയവര് 
വാക്കതിനെ കേട്ടുകൊണ്ട് 
തലേദിവസം വന്നവരെല്ലാം 
അയോധ്യയ്ക്ക് പോകന്നൊണ്ട് 
ശ്രീരാമനും സീതാദേവീം 
സൗമിത്രിയും കൂടല്ലിയോ 
ചിത്രകൂടവനത്തിലൂടെ 
യാത്രചെയ്ത് പോയവര്....'' 
        ഇങ്ങനെ പോകുന്നു സീതക്കളിയുടെ വരികള്‍. 
മൂന്ന് പതിറ്റാണ്ട് മുൻപ് മൺമറഞ്ഞുപോയ ഓണക്കാല കലാരൂപം " സീതകളിക്ക് "പുനർജൻമം. കൊല്ലം പെരിനാട് ഗ്രാമത്തിന്റെ തനതു കലാരൂപമായിരുന്ന സീതകളി ഗ്രാമീണരുടെ കൂട്ടായ്മയിലാണ് വീണ്ടും യഥാർഥ്യമായത്. പഴമക്കാരുടെ ഓർമകളിൽ മാത്രമുള്ള സീതകളി പുതിയ തലമുറയ്ക്ക് വേറിട്ട കാഴ്ചയായി. സന്ധ്യമയങ്ങുമ്പോൾ ആര്‍പ്പോവിളിയുമായി ചമയമണിഞ്ഞ് എത്തുന്ന കലാകാരന്‍മാരേ, സ്വീകരിച്ച് ആനയിക്കുന്നതോടുകൂടിയാണ് സീതകളിയെന്ന കലാരൂപം അരങ്ങിലെത്തുന്നത്. കഥയറിയാതെ ആട്ടം കാണാൻ ആകാംഷയോടെ കാത്തിരുന്ന പെരിനാടുകാര്‍ക്ക് മുന്നിലേയ്ക്ക് രാമായണ കഥ ചൊല്ലാന്‍ ആദ്യം നാരദനെത്തി.  രാമയാണകഥ പറയുന്ന സീതകളിയിൽ , സീത തന്നെയാണ് പ്രധാന കഥാപാത്രം. രാമന് ദൈവീക പരിവേഷം നല്‍കുന്നില്ല എന്നതും സീതക്കളിയുടെ പ്രത്യകതയാണ്.ഓണക്കാലത്ത് അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ രാത്രി വീടുകള്‍ തോറും കയറി ഇറങ്ങിയാണ് സീതകളില പണ്ടു കാലങ്ങളിൽ അവതരിപ്പിച്ചിരുന്നത്  പണ്ട് സീതക്കളി അവതരിപ്പിച്ചവരുടെ സഹായത്തില്‍ പാട്ടുകള്‍ ശേഖരിച്ച് ആറ് മാസത്തിലധികം നീണ്ട പരിശീലനത്തിനൊടുവിലാണ് മണ്‍മറഞ്ഞ് പോയ കലാരൂപത്തെ പുനര്‍സൃഷ്ടിച്ചത്.  പാട്ടിനൊപ്പം ചുവട് വെച്ച് അഭിനയിക്കുകയാണ് സീതകളിയുടെ രീതി. മുഴുവന്‍ സമയവും കഥാപാത്രങ്ങള്‍ വേദിയില്‍ ചലിച്ചുകൊണ്ടിരിക്കും. എകദേശം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സീതക്കളി ഹനുമാന്റെ ലങ്കാ ദഹനത്തോടെയാണ് അവസാനിക്കുന്നത്.





ഓണത്തിന് വേദിയിലെത്തുന്ന സീതക്കളി അരങ്ങിലെത്തി

30 വർഷങ്ങൾക്ക് ശേഷം വീണ്ടും സീതക്കളി


******************************************************

Ratheesh: പണ്ട് തീവണ്ടി ചങ്ങല വലിച്ചു നിർത്തി വാർത്തകളിലിടം പിടിച്ച പെരിനാട് ( ചന്ദനത്തോപ്പ്) ഒരു നന്മയിലൂടെ വീണ്ടും വാർത്തകളിലെത്തുകയാണല്ലോ? സീതക്കളി എന്ന പേരു പോലും വളരെ മങ്ങിയ ഒരോർമ്മ മാത്രമാണ്. അതിനെ പുനർജീവിപ്പിച്ച പ്രജിത ടീച്ചറിന്. നന്ദി. 🙏🏻🙏🏻🙏🏻

Raveendran: പ്രജിത ടീച്ചർ👏👏👏.... കൊല്ലം പത്തനംതിട്ട ജില്ലകളിൽ കുറവ സമുദായക്കാർക്കിടയിലെ കലാരൂപമെന്ന് വായിച്ചു ' .. ഈ സമുദായം സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലുമില്ലേ. ..? അവിടങ്ങളിൽ ഈ കലാരൂപമുള്ളതായി അറിയുമോ ...?

 Prajitha: കണ്ണൂർജില്ലയിലെ തളിപ്പറമ്പ് ഭാഗത്ത് ഈ കലാരൂപം ഉണ്ടായിരുന്നതായി ലേഖനങ്ങളിൽ കാണുന്നു.

Mini Thahir: സീതക്കളി നന്നായി പരിചയപ്പെടുത്തി... സീതക്കുളം ഉണ്ട്....

സഞ്ചാരികള്‍ക്ക് അത്രത്തോളം അടുത്തറിയാന്‍ കഴിയില്ലെങ്കിലും ദൃശ്യ മനോഹാരിതയുടെ ഈറ്റില്ലമാണ് മൂന്നാറിലെ സീതക്കുളം. നിവധി ചിത്രങ്ങള്‍ക്ക് ചിത്രീകരണ വേദിയായ സീതകുളത്തിന്റെ വിശേഷങ്ങള്‍ കാണാം. സീതക്കുളത്തില്‍ നിന്നാണ് ദേവികുളം എന്ന സ്ഥലനാമം പോലും ഉണ്ടായത്. വനവാസ കാലത്ത് സീതാ രാമന്മാരുടെ വാസകേന്ദ്രമായിരുന്നു ഇവിടം. സീതാ ദേവി നിത്യേന നീരാടിയിരുന്നതായും കഥയുണ്ട്. എന്നാല്‍ ഈ മനോഹരമായ ഇടം ടാറ്റയുടെ ഉടമസ്ഥതയിലാണ്. ഓഡിനറി, ഉദയനാണ് താരം, ത്രീ ഡോട്ട്‌സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിരുന്നു ഇവിടം. ആരെയും ആകര്‍ഷിക്കുന്ന ഭംഗിയും എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന നിശബ്ദതയും ഇവിടേയ്ക്ക് ആരെയും ആകര്‍ഷിക്കും. 

Kala: പരിചൊടു കളിയാടും, സീത രാമന്നുമൊത്തു

           പൊരുമയിലൊളിചിന്നും നൽക്കഥാ പാത്രമെല്ലാം
           അരുമയിലൊരു കാന്തിച്ചേർക്കുമന്നാരദന്നും
           വിരവിലുകളിയാടും സീതയാട്ടം നിനച്ചാൽ

Prajitha: രാമായണ,മഹാഭാരത ഇതിഹാസങ്ങളുടെ നാടോടിരൂപങ്ങൾ മിക്കയിടത്തും കാണാൻ കഴിയും.ഈ ഇതിഹാസങ്ങളിലെ കഥാംശങ്ങളും സന്ദർഭങ്ങളും ലോകത്തിന്റെ തന്നെ പലയിടങ്ങളിലും അവിടങ്ങളിലെ പ്രാദേശികതനിമയോടെ കാണാൻകഴിയും.കേരളത്തിലെ മിക്ക ആദിവാസിവിഭാഗങ്ങൾക്കിടയിലും വാമൊഴിരാമായണച്ചിന്തുകളുണ്ട്.ഈ വാമൊഴിരാമായണവഴക്കങ്ങളുടെ കൂടെ ചുവടുവെച്ച് പ്രകടനകലയും കൂടിച്ചേർന്നപ്പോൾ സീതക്കളി എന്ന മനോഹരമായ നൃത്തകലാരൂപം നമുക്കുലഭിച്ചു.അന്യം നിന്നുപോയ ഈ കലാരൂപത്തെ പുനർജനിപ്പിച്ച കലാകാരൻമാർക്ക് അഭിനന്ദനവും,കൂട്ടിച്ചേർക്കലുകളും ഇടപെടലുകളും നടത്തിയ പ്രിയ സുഹൃത്തുക്കൾക്ക് നന്ദിയും രേഖപ്പെടുത്തിക്കൊണ്ട് വിടവാങ്ങട്ടെ...

******************************************************