ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

12

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ
പന്ത്രണ്ടാം ഭാഗമായി ഇന്നവതരിപ്പിക്കുന്നത്
തീയാട്ട് ആണ്.


തീയാട്ട്
അനുഷ്ടാനകലകള്‍ കലകള്‍ ഏതുമാകട്ടെ അവയെല്ലാം ഗ്രാമീണമായ വ്യഥകളുടെ നിഷ്കളങ്കമായ പ്രാര്‍ത്ഥനകളാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധങ്ങള്‍ അവയില്‍ വ്യക്തമായി കാണാം. നിര്‍ദ്ദോഷമായ ഇത്തരം ആചാരങ്ങളാല്‍ സമ്പുഷ്ടമാണ് നമ്മുടെ സംസ്കാരം. സംഗീതവും നൃത്തവും ഭക്തിയുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന, കേരളത്തിന്റെ തനതായൊരു അനുഷ്ഠാനകലയാണ് "തീയാട്ട്". അതിപ്രാചീനമായ ഈ കലാരൂപത്തെപ്പറ്റി കേരളോല്‍പ്പത്തിയിലും‍ പരാമര്‍ശമുണ്ട്. ദൈവാട്ടം അഥവാ ദൈവമായിട്ടാടല്‍ എന്നത് തെയ്യാട്ട് ആയി എന്നും അതില്‍ നിന്നാണ് തീയാട്ട് എന്ന പദം ഉണ്ടായതെന്നുമാണ് പ്രബലമായ മതം. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളത് ആയതിനാലാണ് തീയാട്ട് എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്.
തീയാട്ടിന്റെ പ്രകടനത്തിന് കുറഞ്ഞത് മൂന്നുപേർ വേണം. സന്ധ്യയ്ക്ക് ശേഷം പുണ്യാഹം കഴിച്ച് മുറ്റത്ത് കുലവാഴ നടും. ഭദ്രകാളിയുടെ/അയ്യപ്പന്റെ രൂപം വിവിധ വർണ്ണങ്ങളിൽ കളമെഴുതും. സംഘത്തിലെ പ്രധാനഗുരുവാണ് വേഷം കെട്ടുക. കളംവര കഴിഞ്ഞാൽ ഇഷ്ടദേവതാപ്രാർത്ഥന തുടങ്ങും. വാദ്യമേളങ്ങളോടു കൂടി പന്തം കത്തിച്ചുപിടിച്ച്, ഗാനം പാടിക്കൊണ്ട് നൃത്തം ചെയ്യുന്നു. കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചിൽ എന്നിവ തീയാട്ടിന്റെ മുഖ്യ ചടങ്ങുകളാണ്.
തീയാട്ട് പലവിധമുണ്ട്. അയ്യപ്പൻ തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നിവയാണ് പ്രധാനം.

ഭദ്രകാളിത്തീയാട്ട്
ഭദ്രകാളി ചരിതം ആണ് പ്രധാന പ്രമേയം. തിരുവല്ല, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും പരിസരത്തുമാണ് പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത്.കോട്ടയത്തെ പള്ളിപ്പുറത്തു കാവ് (കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കുടുംബക്ഷേത്രം - ഇവിടെ എല്ലാ വെള്ളിയാഴ്ച്ചയും), തിരുവല്ലയ്ക്കടുത്തുള്ള പുതുകുളങ്ങരെ ദേവി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും ആഘോഷങ്ങളോടൊപ്പം ഇത് അവതരിപ്പിക്കപ്പെടുന്നുണ്ട്. വീടുകളിലും (നമ്പൂതിരി ഭവനങ്ങൾ, തീയാട്ടുണ്ണിമാരുടെ വീടുകൾ) നടത്താറുണ്ട്. തീയാട്ടുണ്ണി എന്ന ഏക കലാകാരനാണ് ഇതവതരിപ്പിക്കുക. ഭദ്രകാളി ദാരികനെ വധിച്ച കഥയാണ് സാധാരണയായി അവതരിപ്പിക്കപ്പെടുന്നത്. കളം വരയ്ക്കലും വേഷ ഭൂഷാദികൾ അണിയലുമാണ് തീയാട്ടിന്റെ തയ്യാറെടുപ്പുകൾ. വലിയ വിളക്കു കൊളുത്തിയ വേദിയിലേയ്ക്ക് കിരീടമൊഴികെയുള്ള വേഷഭൂഷാദികളുമായി തീയാട്ടുണ്ണി പ്രവേശിക്കുന്നതോടെ തീയാട്ടിന് തുടക്കമായി. പല ദൈവങ്ങളിൽ നിന്നും അനുഗ്രഹത്തിനപേക്ഷിച്ച ശേഷം വലിയ കിരീടം കാണികൾക്കുമുന്നിൽ വച്ച് അണിയുന്നു. ഇതിനുശേഷം തീയാട്ടുണ്ണി ഭദ്രകാളിയുടെ പ്രതിരൂപമായാണ് കണക്കാക്കപ്പെടുന്നത്. ദാരികാസുരവധം ശിവനോട് ഭദ്രകാളി വിവരിക്കുന്നതായാണ് അവതരണം. കൊളുത്തിയ വിളക്കാണ് ശിവന്റെ പ്രതിരൂപം. താണ്ഡവനൃത്തശൈലിയിലുള്ള ചുവടുകളും മുദ്രകളും അവതരണത്തിന്റെ ഭാഗമാണ്. മുദ്രകൾ പരമ്പരാഗത നൃത്ത ശൈലിയിലുള്ളവയായിരിക്കില്ല. ദാരികാസുരനെ കൊല്ലുന്നത് അവതരിപ്പിക്കുന്നതോടെയാണ് അവതരണം അവസാനിക്കുന്നത്. ഇത് തിന്മയുടെ പരാജയത്തെ ദ്യോതിപ്പിക്കുന്നു. പിന്നീട് കാർമികൻ സാധാരണ വേഷത്തിൽ പൂജാകർമങ്ങൾ നടത്തും. പന്തം കൊളുത്തി തേങ്ങാ ഉടച്ച് ബലിയുഴിച്ചിൽ നടത്തുന്നതോടെയാണ് ചടങ്ങുകൾ അവസാനിക്കുക.
ഒരുപാട് പാരമ്പര്യകലകളുടെയും രീതികളുടെയും സമന്വയമായ തീയ്യാട്ടുകള്‍ എല്ലാ കാര്യങ്ങളിലും ഭഗവതിപ്പാട്ടിനോടു തുല്യമായ ഒന്നാകുന്നു. എങ്കിലും ഒരു വ്യത്യാസം ഉണ്ട്. പാട്ട് അഞ്ചാമത്തെ ഘട്ടത്തിലെത്തുമ്പോള്‍ ആവേശാന്ധമായ കോമരം തീയ്യില്‍ ചാടുകയും പതുക്കെ കാല്‍ച്ചുവടു വെച്ചുകൊണ്ടുള്ള നൃത്തം ആരംഭിക്കുകയും ചെയ്യുന്നു. ഭഗവതിപ്പാട്ടിലെ നൃത്തം ഒരു കുടുംബത്തിന്‍റെ നേര്‍ച്ചയായിട്ടോ ഏതെങ്കിലും ഒരു വഴിപ്പാടായിട്ടോ നടത്തുമ്പോള്‍, തീയ്യാട്ടിലെ നൃത്തം എല്ലാക്കാലത്തും ഒരു ഗ്രാമത്തിന്‍റെയോ വര്‍ഗത്തിന്‍റെയോ മുഴുവന്‍ നേര്‍ച്ചയോ ഏതെങ്കിലും വഴിപാടോ ആയിട്ടാണ് നടത്താറു.

അയ്യപ്പൻ തീയാട്ട്
ഭഗവതി തിയ്യാട്ടിന് (കാളി തിയാട്ടിന്) സമാനമായ ഒരു അനുഷ്ഠാന കലയാണ് അയ്യപ്പൻ തീയ്യാട്ട്. അയ്യപ്പൻകാവുകളിലും ശാസ്താക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ബ്രാഹ്മണാലയങ്ങളിലും തീയാടി നമ്പ്യാൻമാർ നടത്തുന്ന അനുഷ്ഠാനകലയാണിത്. അയ്യപ്പന്‍റെ അവതാരരൂപങ്ങളാണ് തീയാട്ട് കളത്തിനുള്ളില്‍ വരയ്ക്കുന്നത്. സവിശേഷമായ രീതിയില്‍ ഒരുക്കിയെടുക്കുന്ന പന്തല്‍ കുരുത്തോല കൊണ്ട് അലങ്കരിയ്ക്കുന്നു. പിന്നെ കരി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ച് കളം വരയ്ക്കുന്നു. അതിനുശേഷം താളമേളങ്ങള്‍ സജ്ജീകരിക്കുന്നു. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിന് ഉപയോഗിക്കുന്നത് അയ്യപ്പനെ പുകഴ്ത്തുന്ന, അയ്യപ്പന്‍റെ ഐതിഹ്യകഥകളാണ് അയ്യപ്പന്‍ തീയ്യാട്ടില്‍ അവതരിപ്പിക്കുന്നത്.കളമെഴുതിയതിനടുത്തിരുന്ന് 'തീയാടി' പറകൊട്ടിപ്പാടിക്കൊണ്ടാണ് ഇതിനു തുടക്കം കുറിക്കുക. തുടര്‍ന്ന് ഗണികേശ്വരന്‍റെ വേഷം കെട്ടി, വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളിൽ ചുവന്ന പട്ട് ചുറ്റി, നെറ്റിമേൽ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തിൽ തുളസിമാലകളുമണിഞ്ഞാണ്, തീയാട്ട് അവതരിപ്പിക്കുന്നയാൾ രംഗത്തെത്തുന്നത്. കൂത്ത് കഴിയുന്നതോടെ വെളിച്ചപ്പാട് കളം മായ്ക്കും.

തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാർത്ഥനയും ജീവിതത്തിൻറെ പ്രശ്നങ്ങളും കഥകളിലൂടെ, പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു.
കളമെഴുത്ത്‌,കഥാഭിനയം,കളപൂജ,കളം പാട്ട്‌, കളത്തിലാട്ടം, തിരിയുഴിച്ചില്‍ തുടങ്ങിയവയാണ്‌ തീയാട്ടിന്‍റെ പ്രധാന ചടങ്ങുകള്‍.പറയുടെയും ചേങ്ങിലയുടെയും അകമ്പടിയോടെ നടക്കുന്ന ഉച്ചപ്പാട്ടാണ്‌ തീയാട്ടിന്‌ തുടക്കം കുറിക്കുന്നത്‌.അതിനുശേഷം കളമെഴുത്ത്‌. കളം പാട്ടും കളത്തിലാട്ടവുമൊക്കെ പിന്നിട്‌ നടക്കും.
കുലധര്‍മ്മമായിട്ടാണ് ഈ കല അഭ്യസിച്ചിരുന്നതെങ്കിലും ഇന്ന് സാമൂഹിക മണ്ഡലങ്ങളില്‍ തീയ്യാട്ടിന് സവിശേഷമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. പല കലാകാരന്മാരുടെയും ശ്രമഫലമായാണ് ഇതുണ്ടായത്. കളംപാട്ട്, കൂത്ത്, കോമരം എന്നീ കലകളുടെ കൂടിച്ചേര്‍ന്ന രൂപമാണ് തീയാട്ട്. കൂത്തില്‍ നിലനില്‍ക്കുന്നത് പോലെതന്നെ ആംഗികവും ആഹാര്യവും ആയ അഭിനയരീതിയാണ് തീയാട്ടിലും.

ഇനി നമ്മുടെ നാട്ടിലെ തീയാട്ടിനെപ്പറ്റിയായാലോ. വൈരങ്കോടു തീയാട്ടിനെക്കുറിച്ച്.

കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരുനാവായക്കടുത്തുള്ള പുരാതന ഭദ്രകാളി ക്ഷേത്രമാണ് വൈരംകോട് ഭഗവതി ക്ഷേത്രം.അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായുള്ള വൈരംങ്കോടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

1500 വർഷങ്ങൾക്കുമുമ്പ് ആഴ്വാഞ്ചേരി തമ്പ്രാക്കളാണ് ഭവതിയെ വൈരംങ്കോട് കുടിയിരുത്തിയത് . കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയായ ദേവി പുഴകടന്ന് ആഴ്വാഞ്ചേരി മനക്കലെത്തുകയും മനക്കലെത്തിയ ഭഗവതിയെ തമ്പ്രാക്കൾ വൈരംകോട് കുടിയിരുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.

അങ്ങാടിപ്പുറം ഭഗവതിയുടെ ഭക്തരായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ദേവി ചൈതന്യം പ്രത്യക്ഷപ്പെടുകയും,ദേവി ചൈതന്യത്തെ തമ്പ്രാക്കൾ വൈരംങ്കോട് കുടിയിരുത്തുകയും ചെയ്തു എന്നുമൊരു ഐതിഹ്യവും നിലവിലുണ്ട്.അങ്ങാടിപ്പുറം ക്ഷേത്രത്തിനു വൈരംങ്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള അവകാശം ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നു.

ക്ഷേത്ര ഊരായ്മക്കാരായ ആഴ്വഞ്ചേരി തമ്പ്രാക്കൾ ക്ഷേത്രതിലെത്തിയാൽ ദേവി എഴുന്നേറ്റു വണങ്ങുമെത്രേ അതുകൊണ്ടുതന്നെ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വൈരങ്കോട് ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. തമ്പ്രാക്കൾ നിശ്ചയിക്കുന്ന കോയ്മക്കാണ് ക്ഷേത്രകാര്യങ്ങളിലെ ഉത്തരവാദിത്തം. തമ്പ്രാക്കളുടെ കോയ്മ അനുവാദം നൽകുന്നതോടുകൂടി മാത്രമാണ് ക്ഷേത്രോത്സവത്തിന്റെ തുടക്കമായ 'മരംമുറി' നടക്കുക. തുടർന്ന് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും മേൽനോട്ടം വഹിക്കുന്നതും ഉത്സവ സമാപനത്തിന്റെ ഭാഗമായ അരിയളവ് നടത്തുന്നതും കോയ്മയാണ്.

വൈരങ്കോട് ഉത്സവത്തിന്റെ പ്രധാന കൊടിവരവായ ആതവനാട്, ആഴ്‌വാഞ്ചേരി മന വരവുകളും തമ്പ്രാന്റെ അനുഗ്രഹം വാങ്ങിയേ വൈരങ്കോട്ടേക്ക് പുറപ്പെടൂ.

വൈരംങ്കോട് തീയാട്ട്

മലപ്പുറം ജില്ലയിലെ പ്രധാന ഗ്രാമീണക്ഷേത്രോത്സവങ്ങളിലോന്നാണ് വൈരംങ്കോട് വേല അല്ലെങ്കിൽ തീയാട്ട് .മലയാള മാസം കുംഭംത്തിലാണ് എല്ലാവർഷവും തീയാട്ട് ആഘോഷിക്കാറ്.ഒരാഴ്ച നീണ്ടു നിൽക്കുന്ന തീയാട്ട് മരം മുറിയോടെയാണ് തുടക്കമാകുന്നത് മൂന്നാം നാൾ ചെറിയ തീയാട്ടും ആറാം നാൾ വലിയതീയാട്ടും. വെട്ടത്ത്‌നാട്ടിലെ മതമൈത്രിയുടെ ഉത്സവമായിട്ടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയാട്ട് അറിയപ്പെടുന്നത്.ആയിരക്കണക്കിന് നാനാജാതി മതസ്ഥരാണ് തീയാട്ടിനു വൈരംങ്കോട് എത്തുന്നത്. ദൃശ്യവിരുന്നൊരുക്കിയ ദേശവരവുകളാണ് തീയാട്ടിന്റെ പ്രധാന ആകർഷണം .വരവുകളിൽ അണിനിരക്കുന്ന പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, കരിങ്കാളി, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളും ഇണപ്പൊയ്ക്കാളകളുമടങ്ങിയ ദേശവരവുകൾ അനിർവചനീയങ്ങളാണ്. ഗ്രാമീണ ഉൽപ്പന്നങ്ങളുടെ നല്ലൊരു വിപണി കൂടിയാണ് ഉലസവപ്പറമ്പ്,മൺ പത്രങ്ങൾ,മുളകൊണ്ടും കൈതോല കൊണ്ടുമുള്ള ഗ്രഹോപകണങ്ങൾ അലങ്കാര വസ്തുക്കൾ,പൊരി, നുറുക്ക് ,മിട്ടായികൾ,വിവിത തരത്തിലുള്ള മധുര പലഹാരങ്ങൾ എന്നിവയും ഉത്സവ പറമ്പുകളിൽ വിൽക്കുന്നു.ശുദ്ധ ജല മത്സ്യങ്ങളുടെ വിപണിയാണ് മറ്റൊരാകർഷണം,വിവിധ ദേശങ്ങളിൽ നിന്നും മീൻ പിടുത്തക്കാർ കൊണ്ടുവരുന്ന ഈ മത്സ്യങ്ങൾക്ക് മാത്രമായി ദൂര ദേശങ്ങളിൽ നിന്നും ആളുകളെ ത്താറുണ്ട്.

തീയാട്ടിനു മാറ്റു കൂട്ടി രാത്രി കരിമരുന്നു പ്രയോഗവും നടക്കുന്നു.മറ്റു കേരളീയ ക്ഷേത്രോത്സവങ്ങളിൽ വ്യത്യസ്തമായി വൈരംങ്കോട് തീയാട്ടിനു ആനകൾ ഉണ്ടാവാറില്ല.

കേരളീയ ഗ്രാമീണ ഗ്രാമീണക്ഷേത്രോത്സവങ്ങളുടെ എല്ലാ മനോഹാരിതയും,ഗാമീണ ജനതയുടെ ആഘോ ഷങ്ങളുടെ നേർക്കാഴ്ചയുമായ തീയാട്ട് മറക്കാനാവാത്ത ഒരനുഭവമാണ് പ്രേക്ഷകന് നൽകുക.

മരം മുറി ഉച്ചപൂജക്ക് ശേഷം ഭഗവതിയുടെ മൂലസ്വരൂപമായ വലിയകത്തൂട്ട് കോവിലകത്ത് മരം മുറിയുടെ അവകാശികൾ ഒത്തുകൂടുന്നു.ഗണപതി ഹോമവും വെള്ളരി പൂജക്കും ശേഷം ക്ഷേത്ര ഊരായ്മക്കാരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധി മരംമുറിക്കാനുള്ള അവകാശം നൽകും തുടർന്ന് അവകാശികളായ ആശാരിമാരുടെ നേതൃത്വത്തിൽ മരംമുറിക്കാനായെത്തുന്നു.മുറിക്കാനുള്ള മരത്തെ വലം വെച്ച് കോമരം വാൾകൊണ്ടു കൊത്തുന്നു ഈ സമയം കമ്മറമ്പിൽ പറയടിമുഴങ്ങും.തുടർന്ന് ദേശത്തിലെ മൂത്താശാരിയും അവകാശികളായ ആശാരിമാരും ചേർന്ന് മരം മുറിച്ചിടുന്നു.ശാഖകളൊന്നും വെട്ടാതെയാണ് മരം മുറിച്ചിടുക.ഭക്തർ വഴിപാടായി നൽകുന്ന വരിക്ക പ്ലാവാണ് മരം മുറിക്കു നൽകുക ഈ വിറക് മേലരിയാക്കി (വിറക്) തെക്കൻ കുറ്റൂർ നായന്മാർ മൂന്നാം നാൾ ക്ഷേത്ര പരിസരത്തെ കനലാട്ടക്കുഴിയിലെത്തിക്കും. കനലാട്ടത്തിന് നൂറ് ശതമാനം കൊള്ളിവിറക് വേണമെന്നാണ് സങ്കൽപം. ആറാം നാളത്തെ വലിയ തിയ്യാട്ടിനുള്ള മരം നാലാം നാളാണ് മുറിക്കുക.

മരം മുറിക്കു മൂന്നാം നാൾ നടക്കുന്ന ചെറിയ തീയാട്ടിലെ പ്രധാന ചടങ്ങുകൾ; തന്ത്രിയുടെ കാർമികത്വത്തിൽ ഉഷപ്പൂജയ്ക്കുശേഷം മേലാപ്പ് കെട്ടൽ, കനലാട്ടത്തിനുള്ള മേലരി കനലാട്ടക്കുഴിയിൽ കൊണ്ടുവന്നിടൽ, നെല്ലളവ്, പറനിറയ്ക്കൽ, തിയ്യാട്ട് കൊള്ളൽ, തോറ്റംചൊല്ലൽ എന്നിവയുണ്ടാകും. തുടർന്ന് നട അടയ്ക്കും. പിന്നീട് വൈകുന്നേരം നാലുമണിയോടെ നട തുറക്കു വെണ മെന്നാണ് വിധി. ദേശക്കാരുടെ കൊടിവരവുകളാണ് ചെറിയ തിയ്യാട്ടിനുണ്ടാവുക.

രാത്രിയാണ് അവകാശികളായ നായന്മാർ തലച്ചുമടായി കനലാട്ടക്കുഴിയിലെത്തിച്ച മേലരിക്ക് മാടമ്പത്ത് നായരുടെ മേൽനോട്ടത്തിൽ കോതയത്ത് നായരാണ് തീകൊടുക്കുക. തുടർന്ന് പകലാട്ടം, മുടിയാട്ടം, എഴുന്നള്ളത്ത്, ചുരികപിടുത്തം, കാടുകാണൽ എന്നീ ചടങ്ങുകൾ നടക്കും. നാലാം നാൾ പുലർച്ചെ കനലാട്ടം ഉണ്ടാകും.കൈത്തക്കരയിലുള്ള മുതലെത്തു നായൻമാർക്കാണ് കനലാട്ടത്തിന്റെ അവകാശം. കനലാട്ടത്തിന് ശേഷം വെളിച്ചപ്പാടിന്റെ ആയിരം തിരിയുഴിച്ചിലും കൽപനയും വന്നശേഷം ആഴ്‌വാഞ്ചേരി തമ്പ്രാങ്ങളുടെ കോയ്മ അവകാശികൾക്ക് അരിയളക്കുന്നു. ഇതോടെ ചെറിയ തിയ്യാട്ടിന്റെ ചടങ്ങുകൾ സമാപിക്കുന്നു.

വലിയ തിയ്യാട്ടു ദിവസമായ വെള്ളിയാഴ്ച പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തുക. ദൂരദേശത്തുനിന്നുള്ള കൊടിവരവുകളാണ് വലിയ തിയ്യാട്ടിനുണ്ടാകുക.ഇതിൽ പ്രധാനം ക്ഷേത്രത്തിന്റെ ഊരായ്മകാരായ ആഴ്വാഞ്ചേരി മന യിൽനിന്ന് പുറപ്പെടുന്ന ആതവനാട് ആഴ്വാഞ്ചേരി മനക്കലെ വരവാണ്.ചെറിയ തീയാട്ടിലെപ്പോലെ പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളുടെയും അകമ്പടിയോടെ അലങ്കരിച്ച കൂറ്റൻ ഇണപ്പോയ്‌ക്കാളകളുള്ള വരവുകൾ കാണാൻ വൻ ജനാവലിയാണ് വൈരംങ്കോടെത്തുക.


തീയാട്ടിനെക്കുറിച്ചൊരു പുസ്തകമുണ്ട്. അതേക്കുറിച്ച് ഒരു കുറിപ്പ്.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തീയാട്ട്‌ ഒരു പഠനം

പി.വി. നാരായണന്‍ ഉണ്ണി, വി. സുബ്രഹ്‌മണ്യശര്‍മ്മ
ഡി.സി. ബുക്ക്‌സ്‌

അതിപ്രാചീനമായ അനുഷ്‌ഠാനകലകളിലൊന്നാണ്‌ തീയാട്ട്‌. കൊട്ട്‌, പാട്ട്‌, ചിത്രരചന, അഭിനയം, മെയ്‌ വഴക്കം എന്നിവയെല്ലാം തീയാട്ടില്‍ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്നു. തീയാട്ടിന്റെ ഉത്ഭവം മുതല്‍ ഇന്നുവരെ ഈ അനുഷ്‌ഠാന കലയ്‌ക്കുണ്ടായ വികാസപരിണാമങ്ങളും രംഗാവിഷ്‌ക്കരണത്തിന്റെ വിശദമായ വിവരണങ്ങളും അതുസംബന്ധിച്ച ഐതിഹ്യങ്ങളും പാട്ടുകളും ചിത്രങ്ങളും ഈ ഗ്രന്ഥത്തിലുള്‍ക്കൊളളുന്നു. വളരെക്കാലത്തെ നിരന്തരവും നിസ്‌തന്ദ്രവുമായ പഠനത്തിന്റെ പരിണതഫലമായി പ്രസിദ്ധീകരിക്കുന്ന ഈ കൃതി വൈജ്ഞാനിക സാഹിത്യശാഖയ്‌ക്കു ലഭിക്കുന്ന മികവുറ്റ സംഭാവനയാണ്‌.

അവതാരിക: പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ