ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

13-6-2017

കാഴ്ചയിലെ വിസ്മയം
പ്രജിത
സുഹൃത്തുക്കളേ ..
ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ മുപ്പതാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു  ഗദ്ദിക.
വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രചാരമുള്ള മന്ത്രവാദച്ചടങ്ങുകളുടെ ഭാഗമായുള്ള ഒരു
ദൃശ്യകലാ രൂപം .
അഭിപ്രായങ്ങളും  കൂട്ടിച്ചേർക്കലുകളും  പ്രതീക്ഷിക്കുന്നു..                  

ഗദ്ദിക
വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങളിലൊന്നാണ് അടിയോര്‍ (അടിയാന്മാര്‍). അച്ചുകുന്ന്, കുപ്പത്തോട്, പയ്യമ്പള്ളി, തൃശ്ശിലേരി എന്നിവയാണ് ഇവരുടെ ഗ്രാമങ്ങള്‍. മന്ത്രവാദത്തില്‍ വിശ്വസിക്കുന്ന അടിയോരുടെ ഇടയില്‍ ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പിലുണ്ട്. രോഗം മാറ്റാനും ദുരിതങ്ങള്‍ അകറ്റാനും അടിയോര്‍ നടത്തുന്ന മന്ത്രവാദ ചടങ്ങണ് ഗദ്ദിക. നാട്ടുകാരേയും വീട്ടുകാരേയും ബാധിക്കുന്ന പ്രേതബാധ നീക്കാനും ഗദ്ദിക നടത്തും. രോഗവും ദുരിതങ്ങളും ദൈവകോപം മൂലമാണെന്നു വിശ്വസിക്കുന്നവരാണ് ഇവര്‍.

പ്രധാന കാര്‍മ്മികനായ ഗദ്ദികക്കാരന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്. പ്രത്യേകവേഷം ധരിച്ച് ചുവന്ന പട്ടും ചൂടി വാദ്യമേളങ്ങളോടെ നാടുചുറ്റുന്ന പതിവും ഉണ്ട്.  നാടിന്റെ നന്മക്ക് വേണ്ടി നാട്ടുഗദ്ദികയും നടത്തും.  അടിയോര്‍ ഭയഭക്തിയോടെയാണ് ഗദ്ദികക്കാരനെ കാണുന്നത്. തങ്ങളുടെ ദുരിതാനുഭവങ്ങള്‍ ഇവര്‍ ഗദ്ദികക്കാരനോട് പറയുന്നു. ഗദ്ദികക്കാരന്‍  ഉറഞ്ഞു തുള്ളുകയും അരുളപ്പാടുകള്‍ നടത്തുകയും ചെയ്യും. എല്ലാറ്റിനും ശമനമുണ്ടാക്കാനുള്ള വഴികള്‍ ഗദ്ദികക്കാരന്‍ നിര്‍ദ്ദേശിക്കും. നാടിന്റെ മുഴുവന്‍ ഐശ്വര്യത്തിനായി ചെയ്യുന്ന ചടങ്ങാണ് നാട്ടുഗദ്ദിക.

ഗദ്ദികസംഘങ്ങള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടുചുറ്റുന്ന പതിവും ഉണ്ട്. സാധാരണ വര്‍ഷത്തിലൊരിക്കലാണ് ഗദ്ദിക നടത്തുന്നത്. ഗദ്ദിക സമയത്ത് അടിയോര്‍ അവരുടെ ഓരോ ദൈവത്തേയും സ്തുതിച്ചു പാടുന്നുണ്ട്. ചുവാനി, സിദ്ധപ്പന്‍, മലക്കാരി തുടങ്ങിയ ദൈവങ്ങളെ വാഴ്തുന്നവയാണ് ഇത്തരം പാട്ടുകള്‍. പാട്ട് പാടുന്നതിനിടയില്‍ ഗദ്ദികക്കാരന്‍ ഉറഞ്ഞുതുള്ളും. കര്‍മ്മങ്ങള്‍ക്കിടയിലും ഗദ്ദികക്കാരന്‍ ഉറഞ്ഞു തുള്ളുകയും അട്ടഹസിക്കുകയും ചെയ്യും.

അടിയോരുടെ മൂപ്പനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പി.കെ. കാളന്‍ ഗദ്ദിക പുറത്തുള്ള വേദികളില്‍ അവതരിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തു. വിശ്വാസത്തിന്‍റെ ഭാഗമായി മാത്രം അവതരിപ്പിച്ചു പോരുന്ന ഗദ്ദിക അതിന്‍റെ കലാമൂല്യങ്ങളോടുകൂടി കേരളത്തിനകത്തും പുറത്തുമുള്ള പൊതുവേദികളില്‍ അവതരിപ്പിച്ചത് കാളന്റെ നേതൃത്വത്തിലായിരുന്നു.                  

ഗദ്ദിക ഒരു മന്ത്രവാദച്ചടങ്ങാണ്. നാടിനെയും കുലത്തെയും വീടിനെയും വ്യക്തികളെയും ബാധിക്കുന്ന പിശാചുക്കളെയും ഭൂതപ്രേതാദികളെയും അകറ്റുന്നതിനായി നടത്തുന്ന അനുഷ്ഠാനമാണിത്. നാടിനായി നടത്തുന്ന ഗദ്ദിക എന്ന അർഥത്തിലാണ് നാടുഗദ്ദിക എന്ന പേരു വന്നത്.                  

ഒരു ഗദ്ദികക്കാരൻ അടിയാന്മാരെ ജന്മിക്കെതിരെ ബോധവാനാക്കിയതിന്റെ പേരിൽ, അടിയോർ കൂടുതൽ കൂടുതൽ മർദ്ദനവിധേയരാക്കപ്പെടുന്നതും, അവരുടെ തമസ്കരിക്കാനാകാത്ത പോരാട്ടവീര്യത്തിന്റെ ഉയർത്തെഴുന്നേല്പുമായിരുന്നു നാടുഗദികയിലൂടെ അവതരിപ്പിക്കപ്പെട്ടത്. നാടകാന്ത്യത്തിൽ കൊലചെയ്യപ്പെട്ട ഗദ്ദികക്കാരന്റെ ഉടയാട പുതിയൊരു ഗദ്ദികക്കാരൻ എടുത്തണിയുന്നു. അയാളുടെ നേതൃത്വത്തിൽ അടിയോർ വാഗ്ദത്തഭൂമിയിലേക്ക് മഹാപ്രസ്ഥാനം നടത്തുന്നു. മലയാള തെരുവുനാടകപ്രസ്ഥാനത്തിന്റെ ശക്തിസൌന്ദര്യങ്ങൾക്ക് ഉത്തമമാതൃകയായ ഇതിന്റെ പരുഷമായ അവതരണശൈലി പലമട്ടിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.

നടന്മാർ ഏറെയും കാടിന്റെ മക്കൾ; ഇതിവൃത്തം, കാടിന്റെ മക്കളുടെ വിമോചനം; ഇതിവൃത്തപശ്ചാത്തലം കാടിന്റെ മക്കളുടെ പുരാവൃത്തം; ഈണങ്ങളും വാദ്യങ്ങളും കാടിന്റെ മക്കൾക്ക് സ്വന്തമായ പാട്ടുകളുടേതും തുടികൊട്ടിന്റേതും-അങ്ങനെ പാരിസ്ഥിതിക സൌന്ദര്യശാസ്ത്രരംഗത്തെ മലയാളത്തിലെ ആദ്യ മാതൃകയിലൊന്നായും ഇത് വിലയിരുത്തപ്പെട്ടിട്ടുണ്ട്.


1

2


കണ്ണുനീരിന്റെ ഉപ്പായിരുന്നു പി.കെ. കാളന്‍ ജീവിതവഴികളെല്ലാം രുചിച്ചത്. ഒരു മണി വറ്റിന് ജന്മിയുടെ കാരുണ്യം തേടി കാവലുനിന്ന കുട്ടിക്കാലം. പഠിക്കാനുള്ള മോഹം ഉണ്ടായിട്ടും ഉള്ളിലടക്കി വയലിലെ ചെളിയില്‍ രാപ്പകല്‍ വിയര്‍പ്പു ചിന്തിയത്. അടിയാന് കൂലിയായ നെല്ലളന്നു കൊടുക്കുന്ന കൊളഗത്തില്‍ കള്ളത്തരം കാണിക്കുന്ന ജന്മിമാര്‍. അടിയ സമുദായത്തിനു നേരെ കൊടുംക്രൂരതകള്‍ അഴിച്ചുവിട്ടിരുന്ന നാടുവാഴിത്തവും ജന്മിത്വവും....

തന്നോട് നേരു പുലര്‍ത്തുന്ന ഒരാള്‍ക്ക് പ്രതികരിക്കാതിരിക്കാനാവുമായിരുന്നില്ല...

ചുറ്റും നടക്കുന്ന അനീതികളോട് മുഖം തിരിച്ചു നില്‍ക്കാനോ, അതിനോട് സമരസപ്പെടാനോ തയ്യാറായില്ല എന്നതാ‍ണ് കാളനെ കാളനാക്കിയത്. ശ്മശാന സമരവും വല്ലിസമ്പ്രദായത്തിനെതിരെയുള്ള സമരവുമടക്കമുള്ള പോരാട്ടങ്ങളിലൂടെ, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള നിശിതവിമര്‍ശനങ്ങളിലൂടെ, ആദിവാസി ജീവിതത്തിന്റെ പ്രശ്നങ്ങളില്‍ നേരിട്ടിടപെടാനും അവരെ സമരസജ്ജരാക്കാനുമുള്ള സന്നദ്ധതയിലൂടെ, ജനിച്ചുവളര്‍ന്ന ഭൌതികസാഹചര്യങ്ങളെ സാഹസികമായി മുറിച്ചുകടക്കാനും പുരോഗമന രാഷ്ട്രീയപ്രവര്‍ത്തകന്റെയും ആദിവാസി സമൂഹത്തിന്റെ സമുദ്ധാരകന്റെയും കടമകള്‍ സ്വയം ഏറ്റെടുക്കാനും തയ്യാറായതിലൂടെ, ഒരുതുണ്ട് ഭൂമിക്കുവേണ്ടി ആദിവാസി സമൂഹം ഇപ്പോഴും തുടരുന്ന ഭൂസമരത്തിന്റെ മുന്നണിപ്പോരാളിയായതിലൂടെ കാളന്‍ കാളനാവുകയായിരുന്നു. ഈ സമരങ്ങള്‍ക്കെല്ലാം അദ്ദേഹം വിശ്വസിച്ച് പ്രസ്ഥാനം അകമഴിഞ്ഞ പിന്‍‌തുണയും നല്‍കി. മരണം വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. നേതാക്കള്‍ക്കാണ് തെറ്റുപറ്റുക. പാര്‍ട്ടിക്ക് ഒരിക്കലും തകരാറുണ്ടാകില്ലെന്ന പ്രത്യയശാസ്ത്ര പാഠമായിരുന്നു പി.കെ. കാളനു പറയാനുണ്ടായിരുന്നത്.

തൃശ്ശിലേരി കൈതവള്ളി കോളനിയിലെ കൊളുമ്പന്റെയും കറുത്തയുടെയും മകനായിട്ടായിരുന്നു ജനനം. പിറന്നുവീണയുടനെ മരണമടഞ്ഞുപോയ കൂടപ്പിറപ്പുകളെക്കുറിച്ച് അമ്മ മകനു പറഞ്ഞുകൊടുത്തിരുന്നു. സഹോദരങ്ങളെപ്പോലെ പിറന്നു വീണയുടനെ മരണത്തിനു കീഴടങ്ങാത്ത കാളനെ അവര്‍ അതിരറ്റ് സ്നേഹിച്ചു. കാളനു വേണ്ടി ജീവിച്ചു. ഊരിലെ മറ്റു മൂപ്പന്മാരും ഇതേ സ്നേഹം കാളനു നല്‍കി...ജന്മിയുടെ വീട്ടുമുറ്റത്ത് കുട്ടികള്‍ പൂക്കളമൊരുക്കാന്‍ തിരക്കുകൂട്ടുന്ന ഓണക്കാലം കണ്ടുകണ്ട് കാളന്‍ വളര്‍ന്നു                  

യുവാവായതോടെ സ്വസമുദായത്തിലെ അനീതികള്‍ക്കെതിരെ കാളന്‍ ശബ്ദമുയര്‍ത്തിത്തുടങ്ങി. ഭ്രഷ്ടും വിലക്കുകളുമടക്കമുള്ള ശിക്ഷാമുറകളുമായി മൂപ്പന്മാര്‍ രംഗത്തെത്തി. എതിര്‍പ്പുകളെ വക വെയ്ക്കാതെ 'ഗദ്ദിക'യുടെ ചിട്ടവട്ടങ്ങളെല്ലാം കാളന്‍ പഠിച്ചെടുത്തു. ഒടുവില്‍ മൂപ്പന്മാര്‍ സന്ധിചെയ്താണ് പി.കെ. കാളന്‍ അരങ്ങില്‍ ഗദ്ദികയെത്തിക്കുന്നത്. ഇതോടെ ഗോത്രത്തിനു പുറത്തേക്കും ഗദ്ദികയെത്തി. ഗദ്ദികയിലൂടെ അടിയരെ ലോകമറിഞ്ഞു. അടിയസമുദായത്തില്‍ മാറ്റത്തിന്റെ വെളിച്ചവുമെത്തി.

ഗദ്ദിക, കൂളിയാട്ട് തുടങ്ങിയ മാന്ത്രികമായ അനുഷ്ഠാനങ്ങള്‍ കാലഹരണപ്പെട്ടുവെന്ന തിരിച്ചറിവ് വയനാട്ടിലെ ആദിവാസി സമൂഹത്തിന് പി കെ കാളന്‍ പകര്‍ന്നുകൊടുത്തു. അടിയാന്റെ ജീവിതവുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഗദ്ദിക എന്ന മാന്ത്രിക കര്‍മത്തിലൂടെ അവരുടെ ജീവിതപ്രശ്നങ്ങളെ വ്യാഖ്യാനിക്കുവാനാണദ്ദേഹം ശ്രമിച്ചത്. ഗദ്ദിക നടത്തിയതുകൊണ്ടുമാത്രം ഗര്‍ഭിണികള്‍ പ്രസവിക്കുകയില്ലെന്നും മരുന്നാണതിനാവശ്യമെന്നും സ്വാനുഭവത്തിലൂടെ അദ്ദേഹം ഗ്രഹിക്കുകയും അത് ജനങ്ങളുടെ മുമ്പില്‍ വിളിച്ചുപറയുകയും ചെയ്തു.                  

കേവലമൊരു നാടന്‍ അനുഷ്ഠാനമെന്നതിലുപരി അടിയാന്‍സമൂഹത്തിന്റെ സ്വത്വം പ്രകടമാക്കുന്ന ഗദ്ദിക പുതിയ രൂപത്തിലും ഭാവത്തിലും അദ്ദേഹം അവതരിപ്പിക്കുവാന്‍ തുടങ്ങി. അടിയാളരെ അടിച്ചമര്‍ത്തി ചൂഷണം ചെയ്തുവരുന്ന മേലാളന്മാരെ വിറപ്പിക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റെ തുടിയിലൂടെ മുഴങ്ങിയത്. 'ഗദ്ദിക അഥവാ പട്ടിണിമരണം' എന്ന് സ്വന്തം കലാവതരണത്തിന് പേര്‍ നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതിന്റെ പിന്നിലും ഈ വികാരം കാണാം. ഗോത്രസംസ്‌കൃതിയുടെ ഹൃദയതാളം പ്രകടിപ്പിക്കുന്ന തുടിയുടെ പശ്ചാത്തലത്തിലുള്ള മാധുര്യവും പാരുഷ്യവും കലര്‍ന്ന കാളന്റെ ഗദ്ദികപ്പാട്ട് നമ്മെ വിസ്മയിപ്പിക്കും. അതിന്റെ പാരമ്യത്തില്‍ അദ്ദേഹം ഉറഞ്ഞുതുള്ളുകതന്നെ ചെയ്യും.                  

സ്കൂളില്‍ പോകാനാവാതിരുന്ന പി.കെ. കാളനെ അക്ഷരങ്ങളുടെ ലോകത്തെത്തിച്ചത് സൌഹൃദങ്ങളായിരുന്നു. തൃശ്ശിലേരി സ്കൂളില്‍ പ്രൈമറി അധ്യാപകനായി എത്തിയ നാണുമാസ്റ്ററാണ് അക്ഷരത്തിന്റെ ലോകത്തേക്ക് പി.കെ. കാളനെ കൈപിടിച്ചാനയിക്കുന്നത്. നാടകവും പ്രത്യയശാസ്ത്രവും ചരിത്രവും ശാസ്ത്രവുമെല്ലാം സുഹൃത്തുക്കളില്‍നിന്നുതന്നെ പഠിച്ചെടുത്തു.

ഒട്ടേറെ പടവുകള്‍ ചവിട്ടിക്കയറിയാണ് കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ എന്ന പദവിയിലേക്ക് പി കെ കാളന്‍ ഉയര്‍ന്നത് . ആ പദവിയിലിരിക്കുമ്പോഴും ആത്മനിന്ദ കലര്‍ന്ന സ്വരത്തില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവത്തെക്കുറിച്ച് പൊതുവേദികളില്‍ അദ്ദേഹം പറയാറുണ്ട്. തന്റെ ആത്മകഥയുടെ ചുരുളുകള്‍ അഴിച്ചുകൊണ്ട് ക്രമാനുഗതമായി വികസിക്കുന്ന ആ പ്രഭാഷണം പെട്ടെന്ന് ഉയര്‍ന്ന നിലവാരത്തിലേക്കുയരുന്നത് കണ്ട് പ്രേക്ഷകര്‍ അത്ഭുതംകൂറും. ബാഹ്യമോടികളോ, ജാടകളോ ഇല്ലാത്ത ജീവിതവും പ്രവര്‍ത്തനശൈലിയുമായിരുന്നു കാളന്റേത്. വ്യവസ്ഥാപിത സംഘടനാരീതികള്‍ അദ്ദേഹത്തിന് അന്യമായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥതയും അലിഞ്ഞുചേരലുമാണ് താനുമായി ഇടപഴകുന്നവരെ അദ്ദേഹവുമായി അടുപ്പിക്കുന്നത്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ഗോകുല്‍ദേവും ഡോക്ടര്‍ രവീന്ദ്രനും വരെ സങ്കടം പൂണ്ടുനില്‍ക്കുന്നത് ഈയൊരു ആത്മസൌഹൃദത്തിന്റെ ഇഴയടുപ്പം ഒന്നുകൊണ്ടു മാത്രമാണ്.                  

നാടുഗദ്ദിക (നാടകം)

1970 കാലഘട്ടത്തിലെ ഒരു മലയാള നാടകമാണ് നാടുഗദ്ദിക. കേരളത്തിലെ ഒരു ഗോത്രജനതയുടെ നടുക്കുന്ന ജീവിതയാഥാർഥ്യങ്ങളിലൂന്നി നിന്നുകൊണ്ട്, വേറിട്ട രചനാശൈലിയിലൂടെയും അവതരണരീതിയിലൂടെയും എഴുപതുകളിൽ മലയാളനാടകവേദിയുടെ വ്യാകരണം മാറ്റിമറിച്ച നാടകം എന്ന നിലയിൽ ഇതിന് മലയാള നാടകചരിത്രത്തിൽ സവിശേഷസ്ഥാനമുണ്ട്. ഇതിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് കെ.ജെ. ബേബി ആയിരുന്നു. മലയാളനാടകവേദിയിലെ മേലാളഭാവുകത്വത്തിനെതിരായ കലാപം കൂടിയായിരുന്നു, അത്. അത്തരത്തിൽ മലയാള ദലിത് സാഹിത്യചരിത്രത്തിലും അതിന് വലിയ സ്ഥാനമുണ്ട്. വയനാടൻ ഗോത്രജനസമുദായത്തിന്റെ ഗദ്ദിക എന്ന അനുഷ്ഠാനത്തിൽനിന്ന് രൂപപ്പെട്ടതാണിത്. അങ്ങനെ ഇത് ഫോക്ലോറിനെ എങ്ങനെ സാംസ്കാരിക മുന്നേറ്റത്തിനുള്ള ആയുധമാക്കാം എന്ന അന്വേഷണത്തിന്റെ മാർഗ്ഗത്തിൽ കേരളം നല്കിയ മികച്ച സംഭാവനകളിലൊന്നുമാകുന്നു. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22-ന് അറസ്റുചെയ്തു. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മഞ്ഞുമലൈ മക്കൾ എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തിൽ നിരവധി പുനരവതരണങ്ങൾ നടന്നു.                  
കൂട്ടിച്ചേർക്കലുകൾ പ്രതീക്ഷിക്കുന്നു...

3


സ്വപ്ന: ഗദ്ദിക എന്ന വാക്കു കേൾക്കുമ്പോൾ തന്നെ കെ.ജെ. ബേബിയും പി.കെ. കാളനുമാണ് മനസ്സിലോടിയെത്തുക. ഈ കലാരൂപത്തെക്കുറിച്ച് കൂടുതൽ ധാരണകൾ പങ്കുവച്ചതിൽ സന്തോഷം പ്രജിത ടീച്ചർ👍👍👍                  

ജ്യോതി: 🌹🌹🌹👌🏽👌🏽 ഗംഭീരായി....                  

അശോകൻ: കാലിക്കറ്റ് യൂണിവേർസിറ്റി ക്യാംപസ്സിൽ വർമ്മങ്ങൾക്കുമുമ്പ് ഫോക് ലോറിന്റെ ആഭിമുഖ്യത്തിലാണെന്ന് തോന്നുന്നു പി.കെ.കാളനും സംഘവും വന്ന് നടത്തിയ നാട്ടുഗദ്ദിക യുടെയും
മറ്റ് ആദിവാസി കലാരൂപത്തിന്റെയും അലയൊലി
ഇപ്പോഴും അതുപോലെ. പി.കെ.കാളനെന്ന ആ കലാകാരനെയും സംഘത്തെയും നേരിട്ടു  കണ്ടത് ഒരു നല്ല അനുഭവമായിരുന്നു.                  
അതുപോലെത്തന്നെ കെ.ജെ. ബേബിയുടെ ,കനവ് എന്ന അമ്പലവയലിലെ ആദിവാസി സ്കൂളിലെ കുട്ടികളും സംഘവും ഞങ്ങളുടെ സ്കൂളിൽ അവതരിപ്പിച്ച വ്യത്യ സ്ത ആദിവാസി കലാരൂപങളും ആ കുട്ടികളും കെ.ജെ.ബേബിയെന്ന ഏകാധ്യാപക വിദ്യാലയത്തിന്റെ പ്രവർത്തനവും മറ്റൊരു അത്ഭുതമായി അനുഭവിച്ചതും ഓർക്കാതെ വയ്യ.                

*****************************************
പ്രവീണ്‍ വര്‍മ്മ: ഗദ്ദികയെക്കുറിച്ചുള്ള ഇന്നത്തെ ദൃശ്യകല ഒരുപാട് ധാരണ പകർന്നു🙏                  

വിജു: ഗദ്ദികയും കാളനും!വിവരങ്ങൾക്ക്🙏🙏🙏                  

മിനി താഹിർ: ഗദ്ദിക... ആദിവാസി കലാരൂപവും പി കെ കാളൻ... ..കലാകാരനെയും നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു.. നല്ല അറിവുകൾ...🙏                  

അശോക് ഡിക്രൂസ്: ഗദ്ദികയുടെ അവതരണം നന്നായിരുന്നു.👌🏽                  

ശിവശങ്കരൻ: ഇന്നത്തെ
കാഴ്ചയിലെ വിസ്മയം
ശരിക്കും വിസ്മയക്കാഴ്ചയായി
ഒരു ഗദ്ദികയാട്ടം
നേരിൽ കണ്ട പ്രതീതി .
അഭിനന്ദനങ്ങൾ പ്രജിത ടീച്ചർ                  
സീത: ബേബിസാറിനെയും പികെ കാളനെയും നാട്ടുഗദ്ദികയെയുംഫോക് ലോറിനെയും  ഒന്ന്കൂടി ഓര്മ്മിപ്പിച്ചതിന് പ്രജിതടീച്ചറിന് നന്ദി                  
            
സുജാത അനിൽ: ഗദ്ദിക... കാഴ്ചയിലെ വിസ്മയം ശരിക്കും  വിസ്മയിപ്പിച്ചു.നാട്ടു ഗദ്ദികയും ഫോക് ലോറും കാളനും ബേബി സാറുമൊക്കെ വി സ്മയക്കാഴ്ചകളായി. മറവിയുടെ മാറാല യെ തുടച്ചു വൃത്തിയാക്കുവാനും പരിപൂർണ മികവോടെ ഇതിനെ മനസിൽ കുടിയിരിത്തുവാനും ഇന്നത്തെ കാഴ്ച സഹായിച്ചു. നന്ദി ടീച്ചർ.                  

പ്രജിത: ഇന്നത്തെ 'കാഴ്ചയിലെ വിസ്മയം' വായിച്ചതിന്...കണ്ടതിന്...പ്രോത്സാഹനങ്ങൾക്ക്...നന്ദി..🙏🙏

***********************************************************