ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

13

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ
പതിമൂന്നാം ഭാഗമായി ഇന്നവതരിപ്പിക്കുന്നത്
കാളിയൂട്ട് ആണ്.
ഒരു കുറിപ്പും മൂന്നാല് ഫോട്ടോകളും ഒരു വീഡിയോയും ഇടുന്നു.


കാളിയൂട്ട്
കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴിച്ച നാളിൽ നടക്കുന്ന ഒരു അനുഷ്ഠാനകലയാണ് കാളിയൂട്ട്, കാളിനാടകം എന്നും പറയാറുണ്ട്. . കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇതിന്റെ ഇതിവൃത്തം. കാളിയൂട്ട് മഹോത്സവമായി ആഘോഷിക്കുന്നു.

കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച ശാർക്കര ക്ഷേത്രത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവം ആണ് കാളിയൂട്ട്. ജനങ്ങൾക്ക്‌ ദുരിതങ്ങൾ സമ്മാനിച്ച്‌ ജനങ്ങളെ പൊറുതി മുട്ടിച്ചു കൊണ്ടിരുന്ന ദാരികനെ നിഗ്രഹിച്ച്, ജനങ്ങൾക്ക്‌ സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്നതാണ് ഇതിന്റെ പൊരുൾ.

തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന മാർത്താണ്ഡ വർമ്മ മഹാരാജാവ്, കായംകുളം രാജാവും ആയി യുദ്ധത്തിനു പുറപ്പെടും മുൻപ് ശർക്കര ക്ഷേത്രത്തിൽ വെച്ച് നേർച്ച ആയി നടത്താമെന്ന് ഏറ്റു പറഞ്ഞു തുടങ്ങിയതാണ് കാളിയൂട്ട്. ആ യുദ്ധത്തിൽ ജയിച്ച് കായംകുളം കൂടി തിരുവിതംകൂറിനോട് ചേർത്തതിനു ശേഷം വർഷാവർഷം നടത്തി വരുന്ന ഒരു ഉത്സവമാണ് കാളിയുട്ട്.

പുരാതന ക്ഷേത്രകലകളിലെ മുടിയേറ്റ്, പടയണി, കാളിത്തീയാട്ട്, പറണിത്തോറ്റം തുടങ്ങിയ കലാരൂപങ്ങള്‍ കൂടിക്കലര്‍ന്നതാണ് കാളിയൂട്ട് എന്ന അനുഷ്ഠാന കല. ഇതിന് കാളിനാടകം എന്നും പേരുണ്ട്.
കാളിയൂട്ട് ഗ്രാമീണമായ ഉത്സവമാണ്. അത് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹൈന്ദവ സങ്കല്‍പ്പങ്ങളില്‍ അധിഷ്ഠിതമാണ് ഈ കലാരൂപം എങ്കിലും ഇതിലെ ചില ചടങ്ങുകള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ് നടത്തുക എന്നതുകൊണ്ട് ഇതിന് ജാതിമത ഭേദമില്ല എന്ന് അനുമാനിക്കാം.

കാളിയൂട്ട് അനുഷ്ഠാനത്തിന് കഥാപാത്രങ്ങള്‍ ഏറെയുണ്ട്. കാളിനാടകത്തില്‍ വിശാലമായ ക്ഷേത്രപരിസരവും അവിടെ കെട്ടിയുയര്‍ത്തിയ മണ്ഡപവും കാവല്‍ മാടപ്പുരയുമൊക്കെ അരങ്ങാ‍യി മാറുന്നു.
കാവിലുടയ നായര്‍, പുലയന്‍, കണിയാരുകുറുപ്പ്, മൂത്തത്, ഇളയത്, പരദേശി, ബ്രാഹ്മണന്‍ എന്നിങ്ങനെ സമകാലിക ജീവിതത്തില്‍ നിന്ന് എടുത്തു ചേര്‍ത്ത കുറേ കഥാപാത്രങ്ങള്‍ കാളീ പുരാവൃത്തത്തിന് കാലികമായ വ്യാഖ്യാനം നല്‍കാന്‍ എത്തുന്നുണ്ട്.

കാളിയുട്ടിനു തലേദിവസം ദാരികനെ അനേഷിച്ചു ദേവി എല്ലകരകളിലും പോകുന്ന ചടങ്ങാണ് "മുടിയുഴിച്ചിൽ "എന്ന് അറിയപെടുന്നത്. അന്ന് ദാരികനെ നിലത്തിൽ പോരിനു വെല്ലുവിളികുകയും അതു അനുസരിച്ച് പിറ്റേന്ന് വെള്ളിയാഴിച്ച ശാർകര മൈതാനത്ത് നിലത്തിൽ പോര് നടത്തുകയും അവസാനം പ്രതീകാത്മകമായി കുലവാഴയും കുംബളവും വെട്ടി വിജയാഹ്ലാദത്തോടെ നൃത്തം ചവുട്ടി, ഈ സന്തോഷ വർത്തമാനം പരമശിവനെ അറിയിക്കാൻ കൈലാസത്തിലേക്ക് പോയി അവിടെ വെച്ച് ആനന്ത നൃത്തം ചവുട്ടി തീരുന്നതാണ് സങ്കൽപം.

ഒൻപതു ദിവസത്തെ ആചാരനുഷ്ടാനങ്ങളോടെ അത്യധികം ആർഭാടമായാണ് ഇന്നും കാളിയൂട്ട് നടത്തുന്നത്. മതമൈത്രിക്കു ഒരു മഹിതോദാഹരണം ആണ് ശ്രീ ശാർക്കരദേവീ ക്ഷേത്രം. മുടിയുഴിച്ചിൽ ദിവസം നാട്ടുകാർ ദേവിക്ക് അർപ്പിക്കുന്ന നെൽപ്പറ ശേഖരിക്കുന്നതിനുള്ള അവകാശം ഇന്നും ഒരു മുസ്ലിം കുടുംബത്തിനാണ്‌. അതുപോലെ മീനമാസത്തിലേ ഭരണി നാളിൽ നടക്കുന്ന ഗരുഡൻ തുകത്തിനു വില്ല് വലിക്കാൻ ഉപയോഗിക്കുന്ന കയർ നൽകുവാനുള്ള അവകാശം ഇപ്പോഴും ഒരു ക്രിസ്ത്യൻ കുടുംബത്തിനാണ്‌.

കാളിയൂട്ടിന് കുറിപ്പ് കുറിച്ചു കഴിഞ്ഞാൽ പിന്നെ ഒമ്പത് ദിവസം സാമൂഹിക അനാചാരങ്ങളെ കളിയാക്കുന്ന പലവിധ കഥകളായി കാളീ നാടകം അരങ്ങേറും. ഓരോ ദിവസവും സമയം കൂട്ടിക്കൂട്ടി ഒമ്പതാം ദിവസം പുലരും വരെ നീളുന്നവിധമാണ് കാളീനാടക ചടങ്ങുകൾ നടക്കുക.

ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള തുള്ളൽ പുരയിലാണ് ഇത് നടക്കുന്നത്. വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദൻ പുറപ്പാട്, നായർ പുറപ്പാട്, ഐരാണി പുറപ്പാട്, കണിയാരു പുറപ്പാട്, പുലയർ പുറപ്പാട്, മുടിയുഴിച്ചിൽ, നിലത്തിൽ പോര് എന്നിവയാണ് കാളിയൂട്ടിലെ ഒമ്പത് ദിവസത്തെ പ്രധാന ചടങ്ങുകൾ.

ഒന്നാം ദിവസം രാവിലെ കുറികുറിപ്പ് നടത്തുന്നു. കാളിയൂട്ട് നടത്തുന്ന തീയതി തീരുമാനിക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്ന് പൊന്നറ കുടുംബത്തില്‍ നിന്നും പതിനേഴര പേരുടെ കാളിയൂട്ട് കളിപ്പിള്ള മുണ്ടും തോര്‍ത്തും വാങ്ങാനുള്ള പണം ഏറ്റുവാങ്ങുന്നു.
പഴയവീട്ടില്‍ പിള്ളയുടെ അധ്യക്ഷതയില്‍ മേല്‍‌ശാന്തി ഭദ്രകാളിയെ വിളക്കില്‍ ആവാഹിച്ച് പാട്ടുപുരയില്‍ കൊണ്ടുവരുന്നു. രാത്രി നടത്തുന്ന ചടങ്ങാണ് വെള്ളാട്ടം കളി രണ്ട് പേര്‍ ചേര്‍ന്ന് ദേവിയുടെ കഥപറയുന്നു.

രണ്ടാം ദിവസത്തെ ചടങ്ങാണ് കുരുത്തോല ചാട്ടം. ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്ന രണ്ട് പേര്‍ കുരുത്തോല കൊണ്ട് ആഭരണമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും കഥപറയുകയും ചെയ്യുന്നു.

 മൂന്നാം ദിവസം കുരുത്തോളചാട്ടം, വെള്ളാട്ടംകളി എന്നിവയ്ക്ക് ശേഷം നാരദരുടെ പുറപ്പാട്നടത്തുന്നു. നാരദരുടെ വേഷം കെട്ടിയാണ് അന്ന് ദാരികവധം കഥ മുഴുവനും പറയുക.

.
നാലാം ദിവസം കാളിയൂട്ട് പുരയില്‍ കാവല്‍ നില്‍ക്കുന്ന ഒരു നായർ പുറപ്പാട് കഥയാണ് പറയുക. അതിനായി ഒരാള്‍ കാവിലുടയ നായരുടെ വേഷം കെട്ടുന്നു.

അഞ്ചാം ദിവസം ഐരാണി പറയാണ്. മാലമ്പള്ളി, ഉഗ്രം‌പള്ളി എന്നിങ്ങനെ രണ്ട് പേര്‍ വടക്ക് നിന്ന് തെക്കോട്ടെത്തി കാളിയൂട്ട് നടത്തുന്നു എന്നാണ് സങ്കല്‍പ്പം.

ആറാം ദിവസം കണിയാരുകുറുപ്പ്ആണ് കാളിനാടകം നടത്തുക. അതില്‍ നയനര്‍, കാന്തര്‍ എന്നിങ്ങനെ രണ്ട് പേര്‍ കഥപറയും.

ഏഴാം ദിവസം ഒരാള്‍ കുറത്തിവേഷം കെട്ട് തുള്ളല്‍ പുരയുടെ മറ പിടിച്ച് പാട്ടിനും താളത്തിനുമൊപ്പം കളിക്കുന്നു. അന്ന് വില്വമംഗലം സ്വാമിയാര്‍ കണ്ട ദേവിയുടെ രൂപമാണ് ഇവിടത്തെ സങ്കല്‍പ്പം. പുലയക്കുട്ടിമാരോടൊപ്പം ദേവി മണല്‍ വാരിക്കളിക്കുമ്പോള്‍ സ്വാമിയാരോടൊപ്പം എഴുന്നേറ്റ് പോയി.
ഇതുകണ്ട് ദേവിയെ ഈശാങ്കോ നീയിങ്ങുവായോ എന്ന് വിളിച്ച് തുള്ളല്‍ പുരയിലേക്ക് പുലയര്‍ കയറിപ്പോകുന്നു. ഇവരുടെ കളിയും പാട്ടും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും.

എട്ടാം ദിവസം കാളീനാടകം ക്ഷേത്രത്തിനകത്തു നിന്ന് ജനമധ്യത്തിലേക്കിറങ്ങും. അന്നത്തെ മുടിയുഴിച്ചിലില്‍ ദേവിയോട് തോറ്റ് ദാരികന്‍ പലയിടത്തും പോയി ഒളിക്കുന്നു. രാത്രി വളരെ വൈകി ദേവി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു, ദാരികനെ കണ്ടുകിട്ടിയുമില്ല.

ഒമ്പതാം ദിവസം നിലത്തില്‍ പോരാണ് - ദാരികനുമായി നേരിട്ടുള്ള യുദ്ധം. ഇതിനായി ഒരാള്‍ ഭദ്രകാളിയായും മറ്റേയാള്‍ ദാരികനായും വേഷംകെട്ടുന്നു. ദാരികന്‍റേയും ഭദ്രകാളിയുടേയും വേഷം തെയ്യം, കഥകളി തുടങ്ങിയവയുടെ വേഷങ്ങളോട് സമാനതയുള്ളതാണ്.

കാളീ നാടകത്തിലെ ഓരോ ദിവസവും കഥ തുടങ്ങുമ്പോള്‍ പൊന്നറ കുടുംബത്തിന്‍റെ കഥയോടൊപ്പം ചില തെറിപ്പാട്ടുകളും തെറിക്കഥകളും പറയാറുണ്ട്. ദേവീകോപം കുറയ്ക്കാനാണ് ഇങ്ങനെ ആഭാസ വചനങ്ങള്‍ പറയുന്നത് എന്നാണ് വിശ്വാസം.

വിവിധ ബലി കര്‍മ്മങ്ങളും നാടകീയമായ രംഗങ്ങളും പാട്ടുകളും ഉള്ള കലാപ്രകടനമാണ് ഇത്. ചില സ്ഥലങ്ങളില്‍ ഇതിന് പറണേറ്റ് എന്നാണ് പേര്.
കലാപ്രകടനം കാണുകയാണ് എന്ന ബോധം ഉണ്ടാക്കാതെ വിശ്വാസത്തില്‍ അധിഷ്ഠിതമായ ദിവ്യമായ അനുഭവം ഉണ്ടാക്കുകയാണ് അനുഷ്ഠാന കലകളുടെ ലക്‍ഷ്യം. അതുകൊണ്ട് കാണികള്‍ ഉണ്ടായാലും ശരി ഇല്ലെങ്കിലും ശരി അനുഷ്ഠാനം മുറപോലെ നടന്നിരിക്കും.
അനുഷ്ഠാന കലകള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ പഴയ നാടോടി നാടകങ്ങളാണ് അല്ലെങ്കില്‍ തനത് നാടകത്തിന്‍റെ പ്രാക്‍തന രൂപമാണെന്ന് പറയാം.


ഇനിയുള്ളത്

അന്വേഷിക്കുന്തോറും കേരളദൃശ്യകലകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അനുഷ്ഠാനമാക്കപ്പെടുക വഴിയാണ് ഇവയുടെ നിലനില്പിന് കോട്ടം വരാതിരുന്നത് എന്നു കാണാം.
ഇത്തരം വിശ്വാസങ്ങളുടേയും അധികാരങ്ങളുടേയും പിൻബലമില്ലാത്തതിനാൽ നാം അറിയാതെ പോയ എത്ര കലാരൂപങ്ങളുണ്ടായിരിക്കാം?
അത്തരം ചിന്തകൾ മാറ്റി നിർത്തി ഇനി  വായനക്കാർക്കായ്.