ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

14-6-2017

ലോക സാഹിത്യം
നെസ്സി
    ലോക സാഹിത്യത്തിലേക്ക് സ്വാഗതം🌈                  
 📚
    ഇന്നത്തെ പുസ്തകം

📕📕📕📕📕📕📕📕
പീറ്റേഴ്സ് ബർഗിലെ
           മഹാഗുരു
📘📘📘📘📘📘📘
എഴുത്തുകാരൻ
📗📗📗📗📗📗📗
ജെ.എം.കൂറ്റ്സി
📙📙📙📙📙📙                  

പീറ്റേഴ്‌സ്‌ ബർഗിലെ മഹാഗുരു ജെ.എം. കൂറ്റ്‌സി മാതൃഭൂമി ബുക്സ്‌ വില - 275 നൊബേൽ ജേതാവായ ജെ.എം. കൂറ്റ്‌സിയുടെ പ്രശസ്ത നോവലിന്റെ പരിഭാഷ. വിഖ്യാത റഷ്യൻ നോവലിസ്റ്റ്‌ ദൊസ്‌തോയെവ്‌സ്കിയുടെ ജീവിതവും റഷ്യയുടെ ചരിത്രവും ഗ്രന്ഥകാരന്റെ ജീവിതവും പശ്ചാത്തലമായി വരുന്ന വ്യത്യസ്തമായ രചന. പീറ്റേഴ്‌സ്‌ബർഗ്‌ നഗരത്തിന്റെ ഇടവഴികളിലൂടെ അലഞ്ഞുനടക്കുന്ന ദൊസ്തോയെവ്‌സ്കിയെന്ന കഥാപാത്രത്തിലൂടെ നോവൽരചനയുടെ ശക്തിയും സൗന്ദര്യവും വായനക്കാർക്ക്‌ അനുഭവപ്പെടുത്താൻ കൂറ്റ്‌സിക്ക്‌ കഴിഞ്ഞിരിക്കുന്നു. പരിഭാഷ: രാജൻ തൂവ്വാര                  
📝
     ഭൂമിയിലെ ഏക ദയാരഹിതമായൊരു ജീവിതമായിരുന്നു ദസ്തയെവിസ്കിയുടേതെന്ന് വിമർശകനായ ബെലൻസ്കി അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് കാലത്തിന്റെ കനത്ത ശിക്ഷകളിലൊന്നായിരുന്നുവെന്ന് അദ് ദേഹം കൂട്ടിച്ചേർക്കുന്നു .ജീവിതത്തെ എത്രത്തോളം ആഴത്തിൽ മുറിവേൽപ്പിക്കാമോ അത്രത്തോളം മുറിവേൽപ്പിക്കുകയും സ്വന്തം ഹൃദയത്തെ ഗുരുതരമായി നിന്ദിക്കുകയും ചെയ്തതിലൂടെ ദസ്തയേവിസ്കി എഴുത്തുകാർക്കിടയിലെ ആദ്യത്തേയും അവസാനത്തേക്കും രക്തസാക്ഷിയാവുകയായിരുന്നു. ദസ്തയേവിസ്കിക്കു മുമ്പും പിമ്പും മറ്റൊരു ദസ്തയേവിസ്കി ഉണ്ടായിരുന്നില്ലെന്ന് വിമർശകനായ മിഖായ് ലോവ്സ്കി പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. ഈ അനുഭവങ്ങളുടെ നിർവ്വചനമാണ്.... പീറ്റേഴ്സ് ബർഗിലെ മഹാഗുരു.📚                  
ഭ്രാന്താലയത്തിലെ ഷേക്സ്പിയർ പീറ്റേഴ്സ്ബർഗിൽ !
മകനുവേണ്ടി ഒരു പിതാവിന് എന്തൊക്കെ ചെയ്യാം?
ഉത്തരം പറയും മുമ്പ് ഡ്രെസ്ഡനിൽനിന്നു പീറ്റേഴ്സ്ബര്‍ഗിൽ മകനേത്തേടിയെത്തിയ മധ്യവയസ്കനായ ഒരു മനുഷ്യന്റെ കഥയറിയണം. ദാരിദ്ര്യവും കഷ്ടപ്പാടും അവസാനിപ്പിക്കാനും സമത്വസമൂഹം സൃഷ്ടിക്കാനുമായി മനസ്സും ശരീരവും വിപ്ളവത്തിനു സമർപ്പിച്ച മകൻ പാവേൽ അലക്സാൻഡ്രോവിച്ചിനെ തേടിയെത്തിയ പിതാവ്.

സ്വന്തം മകനല്ല. മരിച്ചുപോയ ഭാര്യയുടെ മകൻ! അവനു പിതാവിനെ നേരത്തെ നഷ്ടപ്പെട്ടു. പിന്നീടു മാതാവിനെയും. അവന്റെ കാര്യങ്ങളിൽ താൽപര്യമുള്ള, തേടിയിറങ്ങാൻ അർഹതയുള്ള ഒരേയൊരാൾ താനാണെന്ന് ആ മനുഷ്യൻ ഉറച്ചുവിശ്വസിക്കുന്നു. യഥാര്‍ഥ പിതാവു തന്നെയെന്നു പരിചയപ്പെടുത്തുന്നു. ദുരൂഹസാഹചര്യത്തില്‍ പാവേൽ മരിച്ചുവെന്ന സന്ദേശവുമായാണ് പിതാവിന്റെ വരവ്. ഒപ്പം പാവേലിനെക്കുറിച്ചുള്ള ഓർമകൾ ശേഖരിക്കാനും ഇനിയുള്ള ജീവിതകാലം അവ സംരക്ഷിച്ചുവയ്ക്കാനും. മകന്റെ താമസസ്ഥലത്തും പൊലീസ് സ്റ്റേഷനിലും അവന്‍ പോകാനിടയിള്ള സ്ഥലങ്ങളിലും അയാൾ അലയുന്നു.

മകനുവേണ്ടി ഒരു പിതാവു നടത്തുന്ന സത്യാന്വേഷണ പരീക്ഷണങ്ങൾ. മരിക്കുമ്പോൾ ആരും തനിച്ചല്ല പോകുന്നതെന്ന് ഒരിക്കൽ അയാൾ പറയുന്നുണ്ട്. സ്നേഹിക്കുന്നവരെ നെഞ്ചേറ്റിക്കൊണ്ടുപോകുന്നു. പാവേൽ തീർച്ചയായും തന്റെ പിതാവിനെയും കൊണ്ടുപോയിരിക്കണം. സാധാരണക്കാരനല്ല ആ പിതാവ്. അയാളെ ലോകമറിയും. ഏറെ ആരാധകരുള്ള ഒരു എഴുത്തുകാരനാണ് അയാൾ. ഇഡിയറ്റ്,ഭൂതാവിഷ്ടർ,കുറ്റവും ശിക്ഷയും എന്നീ നോവലുകളിലൂടെ പ്രസിദ്ധനായ ഫയദോർ മിഖാലിയേവിച്ച് ദെസ്തയേവ്സ്കി.

‘ഭ്രാന്താലയത്തിലെ ഷേക്സ്പിയർ’ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരൻ. അപ്രതീക്ഷിത അപസ്മാരങ്ങളുടെ ഇരയായും ചൂതുകളിയിലെ പ്രലോഭനം നിയന്ത്രിക്കാനാകാതെയും ജീവിതത്തെ വിചിത്രകഥയാക്കിയ അത്ഭുതമനുഷ്യൻ. ദെസ്തയേവ്സ്കി മുഖ്യ കഥാപാത്രമാകുകയാണ് ഒരു നോവലിൽ. നൊബേൽ,ബുക്കർ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ജെ.എം.കൂറ്റ്സിയുടെ ‘പീറ്റേഴ്സ്ബർഗിലെ മഹാഗുരു’ എന്ന നോവലിൽ. കൂറ്റ്സിയുടെ മാസ്റ്റർപീസ് എന്നാണ് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നത്.വായിച്ചുകഴിയുമ്പോൾ ലോക സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നാണ് കൂറ്റ്സിയുടെ നോവൽ എന്നു വായനക്കാരും സമ്മതിക്കും.നോവലിന്റെ മലയാള പരിഭാഷ പുറത്തുവന്നിരിക്കുന്നു. മൗലിക കൃതിയോട് ഏറെക്കുറെ നീതി പുലർത്തുന്നു രാജൻ തുവ്വാരയുടെ മൊഴിമാറ്റം.

ഏറ്റവും കൂടുതൽ പുസ്തകങ്ങൾക്കും സിനിമകൾക്കും പ്രമേയമായ ജീവിതങ്ങളിലൊന്നാണു ദെസ്തയേവ്സ്കിയുടേത്.  വിവിധ ഭാഷകളിൽ കഥകളും നോവലുകളും സിനിമകളും ഡോക്യുമെന്ററികളും അനേകം. ചിത്രകലയിൽ വാൻഗോഗ് എന്നപോലെ സാഹിത്യത്തിൽ ദെസ്തയേവ്സ്കി എണ്ണമറ്റ കഥകളിലെ നായകനായി. മലയാളത്തിൽ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ അവയിലൊന്നുമാത്രം. പക്ഷേ, കൂറ്റ്സിയുടെ കൃതി മറ്റുള്ളവയിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു;അവതരണത്തിലും ഉള്ളടക്കത്തിലും ശൈലിയിലുമെല്ലാം.

ഒരുപക്ഷേ, ദെസ്തയേവ്സ്കിയെക്കുറിച്ച് ഒന്നുമറിയാത്ത ഒരാൾക്കുപോലും പീറ്റേഴ്സ്ബർഗിലെ മഹാഗുരു വായിച്ചാസ്വദിക്കാം. മഹാനും പ്രശസ്തനുമായ ഒരു മനുഷ്യന്റെ ജീവിതമാണു പ്രമേയമെന്ന നാട്യമില്ല കൂറ്റ്സിയ്ക്ക്. റഷ്യൻ ചരിത്രത്തെക്കുറിച്ചോ ദെസ്തയേവ്സ്കിയുടെ ജീവിതത്തെക്കുറിച്ചോ വലിയ വിശദാംശങ്ങളും നൽകുന്നില്ല. സൂചനകളും പരാമർശങ്ങളും മാത്രമെങ്കിലും ചുരുങ്ങിയ വാക്കുകളിലൂടെ 19–ാം നൂറ്റാണ്ടിലെ റഷ്യയുടെ ചോരപുരണ്ട ചരിത്രം ഇതൾ വിരിയുന്നു. ഒപ്പം സന്യാസിയും ഭ്രാന്തനും കാമുകനും ചൂതാട്ടക്കാരനുമായി ജീവിച്ച മനുഷ്യന്റെ ജീവിതവും.ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ളയാൾ എന്നു സങ്കീർത്തനകാരൻ വാഴ്ത്തിയ ദെസ്തയേവ്സ്കി. ചുഴലിക്കാറ്റിന്റെ പിടിയിൽപെട്ട ആ മനുഷ്യന്റെ ചെകുത്താനും ദൈവവും മാറിമാറി ഭരിക്കുന്ന
മനസ്സിന്റെയും അക്ഷരാർഥത്തിൽ ഐതിഹാസികമെന്നു പറയാവുന്ന ജീവിതത്തിന്റെയും സൗന്ദര്യാത്മകരൂപം.

മുപ്പത്തിയഞ്ചു വയസ്സാകുന്ന ദിവസം തലച്ചോറിലൂടെ ഒരു വെടിയുണ്ട പായിക്കുമെന്ന പറഞ്ഞ യുവാക്കളുടെ തലമുറയിലുള്ളയാളാണു പാവേൽ. ഭാവിക്കുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതത്തിന്റെ ഉടമ. പാവേൽ അവശേഷിപ്പിച്ച കുറച്ചു സാധനങ്ങൾ തിരികെക്കിട്ടുകയാണു പിതാവിന്റെ ലക്ഷ്യം.കുറച്ചു വസ്ത്രങ്ങളും ഏതാനും പുസ്തകങ്ങളും കത്തുകളും. എല്ലാം പൊലീസിന്റെ കസ്റ്റഡിയിൽ. വധിക്കാൻ ഹിറ്റ്ലിസ്റ്റിൽപ്പെടുത്തിയ ആളുകളുടെ പട്ടിക കൈവശമുണ്ടായിരുന്നയാളായിരുന്നു മകനെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ദെസ്തയേവ്സ്കിയെ അറിയിക്കുന്നു.വിപ്ളവകാരി.പരിശോധന കഴിഞ്ഞുമാത്രമേ മകൻ അവശേഷിപ്പിച്ച സാധനങ്ങൾ തിരികെക്കിട്ടൂവെന്നും.

നാട്ടിലേക്കു പെട്ടെന്നു തിരിച്ചുപോകാൻവന്ന പിതാവിനു പ്രതീക്ഷിച്ചതിലുമധികം ദിവസങ്ങൾ പീറ്റേഴ്സ്ബർഗിൽ തങ്ങേണ്ടിവരുന്നു. മകൻ താമസിച്ച അതേ മുറിയിൽ,അവൻ കിടന്ന കിടക്കിയിൽ, അവനു പ്രിയപ്പെട്ട വസ്ത്രങ്ങളണിഞ്ഞു പിതാവു കിടക്കുന്നു. മകന്റെ കുഴിമാടം കണ്ടെത്തുന്നു. ഒരു വിജന ദ്വീപിൽ കടലലകളാൽ ചുറ്റപ്പെട്ട് , അവഗണിക്കപ്പെട്ട്. അയാൾക്ക് അവിടെ ഏതാനും നറുമണമുള്ള പൂക്കൾ വയ്ക്കണം. ഒരു മെഴുകുതിരി കത്തിക്കണം. ഹൃദയത്തിൽ ഏതുകാറ്റിലും കെടാതെ എരിയുന്ന പ്രർഥനാനാളം. മകൻ ഉറങ്ങുന്ന മണ്ണിൽ പിതാവ് മുഖംകുത്തി വീഴുന്നു. പൊട്ടിക്കരയുന്നു. പാവേൽ പീറ്റേഴ്സ്ബർഗിലിയുണ്ടായിരുന്നപ്പോൾ അവനു താമസിക്കാൻ ഇടംകൊടുത്ത അന്ന സെർജിയേവ്നയും മകൾ മട്രിയോനയും കൂടെയുണ്ട്. ആ യുവതിയുമായും അവരുടെ മകളുമായുമുള്ള ദെസ്തയേവ്സ്കിയുടെ അസാധാരണ ബന്ധമാണ് നോവലിന്റെ കാതൽ.ഒരു പേരിട്ടും വിളിക്കാനാവാത്ത ഒരു ബന്ധം അന്നയുമായി ഉടലെടുക്കുന്നു. ഏതാനും ദിവസം കഴിയുമ്പോൾ അയാൾ പീറ്റേഴ്സ്ബർഗ് വിട്ടുപോകണം. അതയാൾക്കറിയാം.അവൾക്കും. എന്നിട്ടും അവർ എങ്ങനെ അടുത്തു; ഇനിയൊരിക്കലും അകലാനാകാത്തരീതിയിൽ. മടക്കയാത്രയുടെ ടിക്കറ്റ് പോക്കറ്റിലുണ്ട്. അതെത്രതവണ മാറ്റിവയ്ക്കും...? പാപ–പുണ്യങ്ങളുടെ അങ്ങേക്കരയിൽമാത്രം നീതികരിക്കപ്പെടുന്ന വിശുദ്ധബന്ധം. ആദരവില്ലാത്ത ജീവിതം.പരിധികളില്ലാത്ത വഞ്ചന. അവസാനമില്ലാത്ത കുറ്റസമ്മതം.

പാവേൽ ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്നു.പക്ഷേ യഥാർഥത്തിൽ പൊലീസിന്റെ പീഡനത്തിനൊടുവിൽ കൊല്ലപ്പെടുകയായിരുന്നു. ആ അറിവിലേക്കു നടന്നടുക്കുന്ന പിതാവിന്റെ യാത്രയെ അനുഗമിക്കുമ്പോൾ വായനക്കാരുടെ ഹൃദയമിടിപ്പുകൾക്കും വേഗമേറും. ജീവിതത്തെ അഴത്തിൽ അറിഞ്ഞ വാക്കുകളാൽ കൂറ്റ്സി എഴുതുന്നു. മനസ്സിനെ സ്പർശിക്കുന്ന രംഗങ്ങളാൽ പിടിച്ചുലയ്ക്കുന്നു. ചുഴലിക്കാറ്റിൽ, മഞ്ഞുകാറ്റിനെതിരെ മുടന്തിനീങ്ങുന്ന ദെസ്തയേവ്സ്കിയെപ്പോലെ വായനക്കാരും അക്ഷരക്കൂട്ടങ്ങളിൽ തട്ടിത്തടയുന്നു. ഒരോ വാക്കും ഒരുജ്വല കലാസൃഷ്ടി. ഒരോ വാചകവും ഒരു ഇതിഹാസം പോലെ 1. ദെസ്തയേവ്സ്കിയുടെ ഒരു നോവൽ വായിക്കുമ്പോൾ അനുഭവിക്കുന്ന അതേ മാനസികാഘാതം സമ്മാനിക്കും പീറ്റേഴ്സ്ബർഗിലെ മഹാഗുരവും. വായനയുടെ സാഫല്യം. അക്ഷരങ്ങളുടെ അനവദ്യത. സാഹിത്യത്തിന്റെ ശ്രേഷ്ഠത. വായന എന്ന കർമത്തിന്റെ ഉദാത്തതയാണു കൂറ്റ്സിയെ വായിക്കൽ. പ്രത്യേകിച്ചും പീറ്റേഴ്സ്ബർഗിലെ മഹാഗുരു.                  

ഒരു കുറിപ്പുകൂടി നെറ്റിൽ നിന്ന്                  
പീറ്റേഴ്സ്ബർഗിലെ മഹാഗുരു
ദസ്തേയവ്സ്കിയെക്കുറിച്ച് ഏറ്റവും ഹൃദ്യമായി വായിച്ചത് പെരുപടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിലാണു.  കോളേജ് ജീവിതത്തിന്റെ ആദ്യനാളുകളിലൊന്നിൽ വായിച്ച ആ നോവലിലൂടെ തന്നെയാണ് ദസ്തേയവ്സ്കി എന്ന ഭ്രാന്തൻ ജീവിതവും എഴുത്തും മനസ്സിൽ കുടിയേറിയതും. ഒരൊറ്റ ദിവസം കൊണ്ട് കോടീശ്വരനും നിസ്വനുമായി മാറിയ , ജീവിതം കൊണ്ട് ചൂത് കളിക്കുന്ന ആ മനുഷ്യന്റെ ചിത്രം ഒട്ടും മങ്ങാതെ ഇന്നും മനസ്സിലുണ്ട്. അതിൽ‌പ്പിന്നെ അതേ ചൂതുകളിയുടെ അനിശ്ചിതത്വങ്ങളും ദുരന്തങ്ങളും നിറഞ്ഞു നിൽക്കുന്ന അദ്ധേഹത്തിന്റെ കൃതികളിലൂടെയും യൌവ്വനത്തിന്റെ ആദ്യനാളുകൾ കടന്നു പോയി. അതേ ദസ്തേയവ്സ്കിയുടെ മറ്റൊരു തലമാണു ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ജെ എം കൂറ്റ്സിയുടെ മാസ്റ്റർ ഓഫ് പീറ്റേഴ്സ്ബർഗ് അഥവാ പീറ്റേഴ്സ്ബർഗിലെ മഹാഗുരു നൽകുന്നത്. ഒരു ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ദസ്തേയവ്സ്കിയുടെ ജീവിതത്തെ ആസ്പദമാക്കി നോവലെഴുതുന്നത് ആദ്യമൊരു കൌതുകമുണർത്തിയെങ്കിലും ഇങ്ങ് നമ്മുടെ കൊച്ചുമലയാളത്തിനു പോലും ദസ്തേയവ്സ്കിയും മാർകേസുമൊക്കെ സ്വന്തക്കാരാണല്ലോ എന്ന ചിന്തയിൽ ആ തോന്നലലിഞ്ഞു പോയി.

തന്റെ മുൻഭാര്യയുടെ മകന്റെ , മരിച്ചു പോയ പാവേൽ ഇസായേവിന്റെ , ശേഷിപ്പുകൾ തേടി വരുന്ന ദസ്തേയ്‌വ്സ്കിയിലാണു നോവൽ ആരംഭിക്കുന്നത്. അവന്റെ ശേഷിപ്പുകൾ എന്ന പോലെ അവന്റെ മരനകാരണവും അയാൾക്കറിയേണ്ടതുണ്ട്. തന്റെ ഉത്തമർണ്ണരെ ഭയന്ന് കള്ളപ്പേരിൽ അവൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെത്തുന്ന അയാൾ വിധവയായ വീട്ടുടമസ്ഥ അന്നയുടെയും അവരുടെ മകൾ കൌമാരത്തിലേയ്ക്ക് കടക്കുന്ന മട്രിയോനയുടെയും വിപ്ലവ അരാജകവാദി നെചയേവിലൂടെയും കടന്നു പോകുന്നു, തീവ്രമായ വികാരപ്രക്ഷുബ്ധതകളോടെത്തന്നെ. അയാൾ ആഗ്രഹിക്കാതെ തന്നെ പൊലീസ് ഓഫീസർ മാക്സിമോവും, ഐവനേവും അയാളുടെ ജീവിതത്തിലേയ്ക്കും കടന്നു വന്ന് മുറിവുകളേൽ‌പ്പിക്കുന്നു. ആത്മഹത്യയോ കൊലപാതകമോ എന്ന ചോദ്യത്തിനുത്തരമില്ലാതെ പാവേലിന്റെ മരണം പ്രഹേളികയാകുന്നു. ബോധത്തിനും അബോധത്തിനുമിടയിൽ പാവേൽ അയാളും അയാൾ പാവേലുമായി കൺകെട്ടിക്കളിക്കുന്നു. വായനക്കാരനെ കുഴപ്പത്തിലാക്കിക്കൊണ്ട് ഒടുവിൽ അയാൾ തെരുവിലേയ്ക്കിറങ്ങി നടക്കുന്നു. ഇതിനിടയിൽ 1860 കളിലെ പ്രക്ഷുബ്ധമായ റഷ്യ അതിന്റെ എല്ലാ ക്ഷോഭത്തോടെയും കടന്നു വരുന്നുണ്ട്, നെചയേവിലൂടെ. നായകനാണോ പ്രതിനായകനാണോ എന്ന് തീർച്ചപ്പെടാതെ നെചയേവ് വന്നു പോകുന്നു. ഒരർത്ഥത്തിൽ നോവലിലുടനീളം ഈ തീർച്ചയില്ലായ്മ കാണാം. ആമുഖാദ്ധ്യായങ്ങൾക്ക് ശേഷമുള്ള ഓരോ അദ്ധ്യായവും അതുവരെയുള്ള വായനയെയും വായനക്കാരന്റെ ധാരണകളെയും അട്ടിമറിക്കാൻ പോന്നതാണു.

എടുത്തു പറയേണ്ടൊന്ന് അന്നയെന്ന് കഥാപാത്രമാണു. ഒരു സങ്കീർത്തനത്തിലെ വിശുദ്ധയായ , മാലാഖ പരിവേഷം പരത്തുന്ന അന്ന ഈ നോവലിൽ പാവേലിന്റെ രൂക്ഷമായ എതിർപ്പുകൾക്ക് പാത്രമാകുന്ന  ദസ്തെയവ്സ്കിയുടെ നിലവിലെ ഭാര്യയും അതേസമയം പാവേലിനോടുള്ള അടുപ്പത്തിന്റെ നിഴലുകൾ വീഴുന്നവളുമാണു , ഓർമ്മകളിലും ചിന്തകളിലും മാത്രം കടന്നു വരുന്നവൾ . എന്നാൽ നോവലിലെ പ്രധാന കഥാപാത്രമായ അന്ന സെർജിലോവ്ന എന്ന വിധവയായ വീട്ടുടമസ്ഥ സദാചാരികളുടെ നെറ്റി ചുളിപ്പിക്കുന്ന,  മദ്ധ്യവയസ്സിന്റെ കരുതലുള്ള , ആസ്ക്തയായ തികഞ്ഞ സ്ത്രീയാണ് , പെരുമ്പടവത്തിന്റെ അന്നയുടെ വിശുദ്ധ നാട്യങ്ങൾ ഭാരപ്പെടുത്താത്തവൾ . ബന്ധത്തിന്റെ നിർവചനങ്ങൾ ഈയന്നയിൽ അപ്രസക്തമാകുന്നത് കാണാം. എന്നാൽ നോവലിൽ മികച്ചു നിൽക്കുന്നത് മട്രിയോന എന്ന പെൺകുട്ടിയാണു, അവൾ ഒരേസമയം കൊച്ചു പെൺകുട്ടിയും അതേസമയം ചപലയും പിടിവാശിക്കരിയുമായ കാമുകിയുമാണു. അന്നയുടെ ദസ്തേയവ്സ്കിയുമായുള്ള ബന്ധമാണു നിർവചിക്കാൻ പ്രയാസമെങ്കിൽ മട്രിയോന എന്ന കഥാപാത്രം തന്നെ തീർപ്പുകൾക്ക് നിന്ന് തരാത്തവളാണു. മറ്റു കഥാപാത്രങ്ങളൂം കഥയിലെ അവരുടെ സമയത്തിനപ്പുറം ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന , വായനക്കാരനിൽ തങ്ങളുടെ അടയാളങ്ങൾ അവശേഷിപ്പിക്കുന്നവരും ഒരു വായനയിലൊതുങ്ങാത്തവരുമാണു.

നോവലിന്റെ രാഷ്ട്രീയവും പിടിതരാത്ത ഒന്നാണു, അരാജക സംഘങ്ങളും, അവരുടെ പ്രതികാരങ്ങളും മുഴുവനായും കേന്ദ്രീകരിക്കുന്ന നെചയേവും, അവയോടും അവനോടുമുള്ള ദസ്തേയവ്സ്കിയുടെ രൂക്ഷമായ കലഹങ്ങളും , ഒരു പക്ഷെ അന്നത്തെ റഷ്യയുടെ , കലങ്ങി മറിഞ്ഞ റഷ്യയുടെ, പരിച്ഛേദമാകാം. ഈയടുത്ത കാലത്ത് മുഖപ്പുസ്തകത്തിൽ നാം ചർച്ച ചെയ്ത പീഡോഫീലിയയുടെ ചില എത്തിനോട്ടങ്ങൾ നോവലിൽ കാണാം , അതും കേന്ദ്രകഥാപാത്രത്തിൽ തന്നെ, ഒരുപക്ഷെ ഖസാക്കിലെ രവിയുടെ കാര്യത്തിലെന്ന പോൽ. അതുപോലെ അങ്ങേയറ്റത്തെ കാമാതുരനായ, ആസക്തനായ ഒരാളായി ദസ്തേയവ്സ്കിയെ ചിത്രീകരിക്കുന്നതും മുഖം ചുളിപ്പിക്കുന്ന ഒന്നാണ്. എന്നാൽ അത്തരത്തിൽ ചിലത് അദ്ധേഹത്തിന്റെ ഏതോ ഒരു രചനയിൽ എഡിറ്റർ തമസ്കരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നത് നോവലിസ്റ്റിനെ സാധൂകരിക്കും.

നോവലിന്റെ വായന ഒട്ടൊക്കെ കഠിനമാണു, നേരത്തെ സൂചിപ്പിച്ച പോലെ വായനക്കാരനെ പരീക്ഷിക്കുന്ന ഒന്ന്. മൂന്നാം കണ്ണിൽ നിന്നെഴുതുമ്പൊഴും ദസ്തെയവ്സ്കിയിൽ നിന്ന് ഒരിക്കൽ പോലും നോവലിന്റെ കേന്ദ്രം മാറുന്നില്ല, ആവശ്യമുള്ളപ്പോഴൊക്കെ പ്രക്ഷുബ്ധമായ ആ മനസ്സിലേയ്ക്ക് മുഴുവനായും ആണ്ടിറങ്ങാനും ഭ്രമാത്മക സ്വപ്നങ്ങൾ കുടഞ്ഞിടാനും നോവലിസ്റ്റ് മടിക്കുന്നുമില്ല. മനുഷ്യസ്വഭാവത്തിന്റെ രൂക്ഷമായ വശങ്ങൾ , പാപങ്ങളും കുമ്പസാരങ്ങളും വീണ്ടും പാപങ്ങളും , ഒന്നിനെയും സാധൂകരിക്കാത്ത , ഒന്നിലും തീർപ്പ് കൽ‌പ്പിക്കാത്ത , വരികൾക്കിടയിൽ വായിക്കാൻ വായനക്കാരനെ വെല്ലുവിളിക്കുകയാകാം ഒരുപക്ഷേ നോവലിസ്റ്റ്.                  
     കൂട്ടിച്ചേർക്കലുകൾ ഉണ്ടാവും ദസ്തയേവിസ്തിക്ക് എന്ന പ്രതീക്ഷയിൽ🙏⁠⁠⁠⁠

⁠⁠⁠⁠⁠ജെ.എം.കൂറ്റ്സിയുടെ വിഖ്യാതമായ
പീറ്റേഴ്സ് ബർഗിലെ മഹാഗുരു
പരിചയപ്പെടുത്തിയതിന് നന്ദി നെസി ടീച്ചർ

⁠⁠⁠⁠⁠🔹🔹🔹🔹🔹🔹🔹
1866 ഒക്ടോബർ 4-നാണ് അന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ സ്റ്റെനോഗ്രാഫറായെത്തുന്നത്.ചൂതാട്ടക്കാരൻ എന്ന നോവലാണ് അക്കാലത്ത് അദ്ദേഹം എഴുതിക്കൊണ്ടിരുന്നത്. ചുരുങ്ങിയ ഒരു കാലത്തിൽ അദ്ദേഹം തന്റെ പ്രണയം അന്നയെ അറിയിച്ചു. ഇക്കാലയളവിൽ ഒരു ദിനം ദസ്തയേവ്‌സ്കി താൻ ഉടനെ എഴുതുവാൻ ഉദ്ദേശിക്കുന്ന നോവലിലെ ഒരു രംഗത്തിൽ വൃദ്ധനായ ഒരു ചിത്രകാരന് തന്നേക്കാൾ വളരെ ഇളപ്പമായ ഒരു പെൺകുട്ടിയോട് തോന്നുന്ന പ്രണയത്തിന്റെ സ്വാഭാവികതയെക്കുറിച്ചും പെൺകുട്ടിയുടെ പ്രതികരണത്തെക്കുറിച്ചും സ്ത്രീകളുടെ പൊതുവായ മന:ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അന്നയുടെ അഭിപ്രായം ആരാഞ്ഞുക്കൊണ്ട് അവരുടെ മനസ്സ് വായിച്ചെടുക്കുന്നതായി അന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്.

1867 ഫെബ്രുവരി 15-ന് അന്നയും ദസ്തയേവ്‌സ്കിയും വിവാഹിതരായി. തുടർന്ന് അവർ വിദേശത്തേക്ക് പോയി. 1871 ജൂലൈയിൽ തിരിച്ചെത്തി. ബേഡനിൽവച്ച് ചൂതുകളിച്ച് ദസ്തോവ്സ്കിയുടെ സകല സമ്പാദ്യവും നഷ്ടമായി. അപ്പോൾ മുതൽ അന്ന ഡയറി എഴുതാൻ തുടങ്ങി. പീന്നീട് എകദേശം ഒരു വർഷത്തോളം അവർ ജനീവയിൽ താമസിച്ചു. ജീവിതം മുന്നോട്ട് നീക്കുവാനായി ദസ്തോവ്സ്കി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. 1868 ഫെബ്രുവരി 22ന് അന്ന അവരുടെ ആദ്യത്തെ മകൾ സോഫിയക്ക് ജന്മം നൽകി. പക്ഷെ ആ കുഞ്ഞ് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോൾ മരിച്ചുപോയി. 1869-ൽ അന്ന ല്യുബോ എന്ന ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകി . പിന്നീട് സെന്റ് പീറ്റേഴ്സ് ബർഗിൽ തിരികെയെത്തിയ ശേഷം ഫിയോദർ, അലക്സി എന്നീ ആൺകുഞ്ഞുങ്ങൾ കൂടി അവർക്കു പിറന്നു. അന്ന പുസ്തകങ്ങളുടെ പ്രസാധനം ഉൾപ്പെടെ എല്ലാ സാമ്പത്തിക കാര്യങ്ങളും ഏറ്റെടുത്തു. വൈകാതെ ദസ്തോവ്സ്കി തന്റെ എല്ലാ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും മോചിതനായി. 1871-ൽ ദസ്തോവ്സ്കി ചൂതുകളി ഉപേക്ഷിച്ചു.
🔹🔹🔹🔹🔹🔹🔹

ജെ.എം.കൂറ്റ്സി                        
[രാത്രി 9:00 -നു, 14/6/2017] പ്രജിത: ജോൺ മാക്സ്വെൽ ജെ.എം.കൂറ്റ്സി .(/kʊtˈsiː/ kuut-see;[1] Afrikaans: [kutˈseə]; ജനനം 9 ഫെബ്രുവരി 1940).ഒരു സൗത്ത് ആഫ്രിക്കൻ സാഹിത്യകാരനാണ് ജെ.എം.കൂറ്റ്സി.നോവലിസ്റ്റും ലേഖകനും ഭാഷാ വിദഗ്ദ്ധനും വിവർത്തകനുമായ അദ്ദേഹത്തിന് 2003 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.2002 ൽ ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കൂറ്റ്സി 2006 മുതൽ ഓസ്ട്രേലിയൻ പൗരനുമാണ്.                        

ഇത്തരം അറിവുകൾക്ക് കൂട്ടിച്ചേർക്കാൻ കൈവശമൊന്നുമില്ല
സംരംഭത്തിന്🙏                        

ശരിക്കും ഉപകാരപ്രദം...
ദസ്തയേവ്സ്കി വിശ്വസാഹിത്യത്തിൽ തന്നെ അറിയപ്പെടുന്ന പ്രതിഭയാണ്..
ഒരു സങ്കീർത്തനം പോലെ എന്ന കൃതിയുടെ വായന നമുക്ക്
നിർബന്ധിതമാണ്..
കൂടുതൽ ഉപകരിക്കാൻ ചേർത്ത് വായിക്കാവുന്ന
മറ്റൊരു രചന പരിചയപ്പെടുത്തിയ നെസി ടീച്ചർക്ക്💐💐💐💐                        

നെസി ടീച്ചർ.... റഷ്യൻ ഗുരുവിനെ... കൂറ്റ് സിയെ... പരിചയപ്പെടുത്തിയത്... ഉഷാറായി.....🌹🌹👌🏽👌🏽                        

കഴിഞ്ഞ വാരം പരിചയപ്പെടുത്തിയ ഹെർമൻ ഹെസ്സെയും ഈയാഴ്ചത്തെ എഴുത്തുകാരൻ കൂറ്റ്സിയും നമ്മുടെ ക്ലാസ്സ് റൂമുകളിൽ പരിചയപ്പെടുത്തപ്പെടും എന്നു പ്രതീക്ഷിച്ചു കൊണ്ടും ആഗ്രഹിച്ചു കൊണ്ടും
     ഇന്നത്തെ ലോക സാഹിത്യ വേദിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടും   
                      🖐                        

പീറ്റേഴ്സ് ബർഗിലെ മഹാഗുരു എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ്വായിച്ചു തുടങ്ങിയപ്പോൾ ഒരു ശരാശരി മലയാളിയെപ്പോലെ സ്വാഭാവികമായും ഒരു സങ്കീർത്തനം പോലെ ഓർത്തു പോയി . എന്തായാലും ഏറെ ഉയർന്ന തലത്തിലുള്ള ഈ കൃതി വായിക്കാൻ പ്രേരണയായതിൽ സന്തോഷം. സജിത് മാഷിന്റെയും പ്രജിത ടീച്ചറുടെയും കൂട്ടിച്ചേർക്കലുകളും നന്നായി.                        

കുറ്റവും ശിക്ഷയും,നിന്ദിതരും പീഠിതരുംകാരമസോവ്  ബ്രദേഴ്‌സ്,
ഡോസ്‌തോവ്സ്കി എന്ന  അതുല്യ പ്രതിഭയെ അറിയാൻ ഈ കൃതികൾ വായിക്കണം.
ഒപ്പം അന്ന യുടെ ഡയറിക്കുറിപ്പുകളും                        
************************************************************************