ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

14

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ

പതിനാലാം ഭാഗത്തിലേക്ക് സ്വാഗതം.

ഇന്ന് തലയാട്ടം അഥവാ മുടിയാട്ടം എന്ന കലാരൂപത്തെക്കുറിച്ചാണ്.
ഇതിനെക്കുറിച്ച് ഒന്നും തലയാട്ട കലാകാരിയെക്കുറിച്ചൊന്നും ഒരു ലേഖന ഭാഗമായൊന്നുമായി മൂന്നു കുറിപ്പുകളും കലാകാരിയുടെ ഒരു ഫോട്ടോയും തലയാട്ടത്തിന്റെ ഒരു വീഡിയോ ക്ലിപ്പും ഇടുന്നു.


തലയാട്ടം അഥവാ മുടിയാട്ടം
ഒരു കേരളീയ നാടോടി നൃത്തമാണ് തലയാട്ടം. പുലയസമുദായത്തിലെ ഉപവിഭാഗമായ തണ്ടപ്പുലയരാണ് ഇത് സാധാരണയായി അവതരിപ്പിച്ചു വരുന്നത്. സാംബവർ, വേട്ടുവർ, ഉള്ളാടർ തുടങ്ങിയ സമുദായക്കാരുടെയിടയിലും ഇത് നിലനില്ക്കുന്നുണ്ട്. തെക്കേ മലബാർ, കൊച്ചി, ചേർത്തല എന്നിവിടങ്ങളിൽ 'തലയാട്ടം' എന്ന പേരിലും, മാവേലിക്കര, പന്തളം, പത്തനംതിട്ട, ചെങ്ങന്നൂർ, വൈക്കം, കോട്ടയം, ഇടുക്കി, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിൽ മുടിയാട്ടം എന്ന പേരിലുമാണ് ഇത് അറിയപ്പെടുന്നത്.

താളമേളത്തോടുകൂടിയ നൃത്താഭിനയമാണിത്. പാട്ടുപാടിക്കൊണ്ട് വാദ്യങ്ങൾ മുഴക്കുമ്പോൾ സ്ത്രീകൾ കഴുത്തിന്റെ മുകൾ ഭാഗം വട്ടത്തിൽ ചലിപ്പിച്ചും തലമുടി ചുഴറ്റിയും നൃത്തം ചെയ്യുകയാണ് പതിവ്. നിന്നുകൊണ്ടു മാത്രമല്ല, താളത്തിൽ ചുവടുവച്ചു നടന്നും വട്ടത്തിൽ നടന്നും തലയാട്ടം നടത്താറുണ്ട്. മുതിർന്ന സ്ത്രീകളും കൌമാരപ്രായത്തിലെത്തിയ പെൺകുട്ടികളും ഈ നൃത്തമവതരിപ്പിക്കാറുണ്ട്. പാട്ടുപാടുന്നതും മേളം മുഴക്കുന്നതും പുരുഷന്മാരാണ്.

മദ്ദളം, പറ, മരം, കരു, കൊക്കേരോ എന്നിവയാണ് പിന്നണി വാദ്യങ്ങൾ. ചിലയിടങ്ങളിൽ ഓട്ടുകിണ്ണമോ കൈമണിയോ മാത്രമേ ഉപയോഗിക്കാറുള്ളൂ. പാട്ടുകൾ ദേവതാസ്തുതിപരമായവയാണ്.

ഉത്സവസന്ദർഭങ്ങളിലും തിരണ്ടുകല്യാണത്തിനുമാണ് ഇതവതരിപ്പിക്കുന്നത്. ഋതുമതിയായ പെൺകുട്ടി തലയാട്ടം നടത്തിയാലേ ശുദ്ധയാവുകയുള്ളൂ എന്ന വിശ്വാസമാണ് തിരണ്ടുകല്യാണത്തിന്റെ ഭാഗമായി ഈ നൃത്തമവതരിപ്പിക്കുന്നതിനുള്ള കാരണം. തണ്ടപ്പുലയ സമുദായത്തിലെ പെൺകുട്ടികൾ ഋതുമതികളായിക്കഴിഞ്ഞാൽ പതിനഞ്ചാം ദിവസമാണ് തിരണ്ടുകുളി നടത്തുക. കുളി കഴിഞ്ഞെത്തുന്ന കന്യക മുറ്റത്ത് കിഴക്കോട്ടു തിരിഞ്ഞിരിക്കണം. അപ്പോൾ മന്ത്രവാദികളും പാട്ടുകാരും ഇരുവശങ്ങളിലുമായി നിരന്ന് പാട്ടുതുടങ്ങും. അതോടെ കന്യക തലയാട്ടം തുടങ്ങുന്നു. ബോധമറ്റ് വീഴുംവരെ തലയാട്ടം നടത്തണമെന്നതാണ് ആചാരം.

മലബാറിൽ ചില പ്രദേശങ്ങളിൽ മുടിയാട്ടം എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. കളം പാട്ടിനെത്തുടർന്നു കളമഴിക്കൽ ചടങ്ങിൽ 'മുടിയഴിച്ചാട്ടം' നടത്താറുണ്ടെങ്കിലും അതിന് തലയാട്ടവുമായി ബന്ധമില്ല.

പ്രശസ്തയായ മുടിയാട്ടം കലാകാരിയാണ് നാരായണി. പഴയ തലമുറയിലെ മുടിയാട്ടം കലാകാരിയാണ് നാരായണി. പതിനെട്ടാം വയസ്സിൽ മുടിയാട്ടം അവതരിപ്പിച്ചുതുടങ്ങിയിട്ടുണ്ടത്രെ അവർ.


ആടിത്തുടങ്ങിയാല്‍ പ്രായം പതിനെട്ട്
എം.അഭിലാഷ്‌

അത്തിന്തോ തനതിന്തോ തിന്താ തിന്നാ തിന്തിനന്തോ
തെനതിന്തോ തിന്തിന്തോ തിന്താ തിനന്തോ

ശരണം പാടിത്തുടങ്ങുമ്പോള്‍ നാരായണി ആടിത്തുടങ്ങും. നാലു ദിക്കുകളും തൊഴുതു വണങ്ങി പരമശിവനെയും ശ്രീപാര്‍വതിയെയും മനസ്സില്‍ ധ്യാനിച്ചാണ് ആട്ടം. പാട്ടിന്റെ താളം മുറുകുന്തോറും മുടിയഴിച്ചിട്ട്, നിന്നും മുട്ടുകുത്തിയും മുന്നോട്ടും പിന്നോട്ടും പ്രത്യേകതാളത്തില്‍ വട്ടം കറങ്ങിയും കുമ്മിയടിച്ചും ആട്ടവും മുറുകുന്നു. ആടിത്തുടങ്ങിയാല്‍ നാരായണി പ്രായം മറക്കും.

പഴയ തലമുറയിലെ മുടിയാട്ടം കലാകാരികളില്‍ ജീവിച്ചിരിക്കുന്ന അപൂര്‍വം പേരിലൊരാളാണ് നാരായണി. പതിനെട്ടാം വയസ്സില്‍ മുടിയാട്ടം അവതരിപ്പിച്ചുതുടങ്ങിയ നാരായണിക്കിപ്പോള്‍ പ്രായം 65 പിന്നിടുന്നു.

അമ്പലപ്പുഴ കരൂര്‍ തറയില്‍ പത്മനാഭന്റെ ഭാര്യയാണ് നാരായണി. പതിനാറാം വയസ്സിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയ നാരായണി, നാത്തൂന്മാര്‍ ആടുന്നത് കണ്ടാണു പഠിച്ചത്. ഒരിക്കല്‍ ഭര്‍ത്താവിന്റെ അച്ഛന്‍ ഇട്ടിയാതി ഉടുക്കുകൊട്ടി പാടിയപ്പോള്‍ നാരായണിയെ ആടാന്‍ വിളിച്ചു. നാത്തൂന്മാര്‍ ധൈര്യം പകര്‍ന്നപ്പോള്‍ നാരായണി ആടി. അതായിരുന്നു ആദ്യ അരങ്ങ്.

1958ല്‍ അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആദ്യ കലാപരിപാടി നാരായണിയും സംഘവും അവതരിപ്പിച്ച മുടിയാട്ടമായിരുന്നു. അങ്ങനെ ആദ്യമായി സ്റ്റേജിലെത്തി. പിന്നെ കേരളത്തിലെമ്പാടും വേദികള്‍. സര്‍ക്കാര്‍പരിപാടികളില്‍ പ്രത്യേക ക്ഷണം. അറിയപ്പെടുന്ന കലാകാരിയായെങ്കിലും സര്‍ക്കാര്‍ സഹായങ്ങളൊന്നും നാരായണിയെ തേടിയെത്തിയില്ല. വിവിധ കലാസമിതികളും സാംസ്‌കാരികസ്ഥാപനങ്ങളും നല്‍കിയ സ്വീകരണങ്ങളിലും പുരസ്‌കാരങ്ങളിലും നാരായണി അവഗണനയുടെ വേദന മറക്കുന്നു.

മുടിയാട്ടം പാട്ടിന്റെ അര്‍ഥം മനസ്സിലാക്കിയാണ് ആടുന്നതെന്ന് നാരായണി പറയുന്നു. ഒട്ടേറെ മുടിയാട്ടം പാട്ടുകള്‍ ഇവര്‍ക്ക് മനഃപാഠം. എണ്ണമറ്റ ശിഷ്യഗണങ്ങള്‍ക്ക് ഉടമ. പുതിയ തലമുറയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ മുടിയാട്ടം അവതരിപ്പിക്കാനെത്തുന്നത് നാരായണിക്കു സന്തോഷം പകരുന്നു. എന്നാല്‍ ഇവര്‍ താളം മാത്രം മുന്‍നിര്‍ത്തി പുതിയ പാട്ടെഴുതി അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ പ്രയാസം.

നാരായണിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടിനും ആരാധകരേറെ. തന്നിലെ കലാവൈഭവം അന്യംനിന്നു പോവാതിരിക്കാന്‍ ചെറുമക്കളെ പഠിപ്പിക്കുകയാണിപ്പോള്‍ നാരായണി. ആറു മക്കളുള്ള നാരായണിയും ഭര്‍ത്താവും ഇമയ മകനൊപ്പമാണിപ്പോള്‍ താമസം.

സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ തൂപ്പുജോലി ചെയ്താണ് നാരായണി ജീവിതത്തിനുള്ള വക കണ്ടെത്തുന്നത്. ഏതുറക്കത്തിലും നാരായണിയോടു പാടാന്‍ പറഞ്ഞാല്‍ മനോഹരമായി മൂളിത്തുടങ്ങും; മലയാളികള്‍ കേട്ടുമറന്ന ഒരു പിടി നാടന്‍പാട്ടുകള്‍. ആമയിട എല്‍.പി. സ്‌കൂളിലെ പഴയ നാലാംക്ലാസുകാരി പാട്ടിന്റെ അര്‍ഥം വിശദീകരിക്കുമ്പോള്‍ തഴക്കം വന്ന അധ്യാപികയുടെ ഭാവം. ജീവനുള്ള കാലത്തോളം കലാരംഗത്തു തുടരുമെന്നും നാരായണി പറയുന്നു.


കുന്നുകുഴി എസ് മണിയുടെ തണ്ടപ്പുലയരും ജീവിതരീതികളും എന്ന ലേഖനത്തിലെ ഒരു ഭാഗം

പുലയരുടെ ഇടയിലുളള ഒരു ചെറിയ ഉപവര്‍ഗ്ഗമാണ് തണ്ടപ്പുലയര്‍. കറപ്പപ്പുലയര്‍, വെട്ടുവപ്പുലയര്‍ എന്നീ രണ്ടു വിഭാഗങ്ങളില്‍ വെട്ടുവപ്പുലയരെയാണ് തണ്ടപ്പുലയര്‍ എന്നും പറയുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അരൂര്‍, തുറവൂര്‍, വയലാര്‍ എന്നിവിടങ്ങളി ലായിട്ടാണ് തണ്ടപ്പുലയരെ കാണപ്പെട്ടിരുന്നത്. കറപ്പപ്പുലയര്‍, തണ്ടപ്പുലയര്‍ എന്നിവരില്‍ ആഭിജാത്യത്തില്‍ ഉയര്‍ന്നവരാണ് കറപ്പപ്പുലയര്‍. ഇവര്‍ ഒന്നിച്ചുകൂടുക പതിവില്ലെന്നുമാത്രമല്ല തമ്മില്‍ പന്തി ഭോജനവും വിവാഹ ബന്ധം തന്നെയും ഇല്ല. വളരെ പണ്ട് ഇവര്‍ തമ്മില്‍ തീണ്ടലും ആചരിച്ചിരുന്നു.

തണ്ടപ്പുലയര്‍ വളരെ അധികം കഠിനാധ്വാനം ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ ഉറച്ച ശരീരഘടനയാണ്. നല്ല കറുകറുത്ത നിറമാണ് ഇവര്‍ക്ക്. ശരാശരി അഞ്ചടി ഒരിഞ്ച് പൊക്കവും നീണ്ടതലയും വീതി കുറഞ്ഞ നെറ്റിയും പതിഞ്ഞതോ, ഉയര്‍ന്നതോ അല്ലാത്ത മൂക്കും വീതിയേറിയ നെഞ്ചും ഇവരുടെ പ്രത്യേകതകളാണ്.

ഓട്ടുകിണ്ണമോ, കൈമണിയോ കിട്ടിയാല്‍ താളം പിടിച്ച് മനോഹരമായ ഈണത്തില്‍ തലയാട്ടി പാട്ടുപാടാനുള്ള കഴിവ് ഇവര്‍ക്കുള്ള ഒരു സവിശേഷതയാണ്. കുടിച്ചു കൂത്താടി നടത്തപ്പെടുന്ന സമുദായാചാര ചടങ്ങുകള്‍ ഇവര്‍ക്കിടയില്‍ നിലനില്ക്കുന്നു. കോവിലും, കാവും, കുളവും, മരിച്ചവരും എല്ലാം ഇവര്‍ക്ക് ആരാദ്ധ്യ ദേവതകളാണ്. ദുര്‍മൂര്‍ത്തികളുടെ കോപം കൊണ്ടാണ് രോഗങ്ങള്‍ക്ക് കാരണമെന്നും രോഗം മാറാന്‍ മരുന്നു സേവിക്കുകയല്ല മൂര്‍ത്തികളെ പ്രീതിപ്പെടുത്തു കയാണ് വേണ്ടതെന്നും തണ്ടപ്പുലയര്‍ വിശ്വസിക്കുന്നു. മിക്കവാറും ഒരുനേരത്തെ ഭക്ഷണം കൊണ്ട് കഴിയുന്ന ഇവരുടെ ആരോഗ്യം സുസ്ഥിരമായി നിലനില്ക്കുന്നത് അത്ഭുതകരമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ചേര്‍ത്തല താലൂക്കിലെ കരിപ്പാടങ്ങളുടെ സമീപത്ത് കൊച്ചു പുലയ മാടങ്ങള്‍ ഉണ്ടാക്കിതാമസിക്കുന്ന ഇവരുടെ ഉല്പത്തിയെ സംബന്ധിച്ച ചില ഐതിഹ്യങ്ങള്‍ നിലവിലുണ്ട്.

ചേര്‍ത്തല താലൂക്കില്‍ തണ്ടപ്പുല്ല് വളര്‍ന്നു കിടക്കുന്ന തരിശു ഭൂമി ധാരാളമായിട്ടുണ്ടായിരുന്നു. ഇവിടെ നെല്‍കൃഷിക്ക് പറ്റിയതാണെന്ന് ഒരു നായര്‍ പ്രമാണിക്കുതോന്നി. തണ്ടപ്പുല്ലെല്ലാം വെട്ടിമാറ്റി നിലമാക്കി. നിലമുഴുത് വിത്തു വിതച്ചു. പക്ഷെ വിതച്ച വിത്തൊന്നും കിളിര്‍ത്തു കണ്ടില്ല. വീണ്ടും വിത്തു പാകിയെങ്കിലും ഒന്നും കിളിര്‍ത്തില്ല. ജന്മി പാടത്തെത്തി പരിശോധിച്ചപ്പോള്‍ വിതച്ച വിത്തൊന്നും കാണാനുണ്ടായി രുന്നില്ല. എന്നാല്‍ ഇതിന്റെ രഹസ്യം കണ്ടെത്താന്‍ ഒരു രാത്രി മുഴുവന്‍ ആ നായര്‍ പ്രമാണി കാത്തിരുന്നു. അര്‍ദ്ധ രാത്രി ആയപ്പോള്‍ ഒരു പറ്റം നഗ്നമനുഷ്യര്‍ (ആണും-പെണ്ണും) വന്ന് വിതച്ചവിത്തെല്ലാം പെറുക്കിയെടു ക്കുന്നത് അയാള്‍ കണ്ടു. ഇവരില്‍ നിന്നും ഒരാണിനേയും ഒരു പെണ്ണിനേയും ജന്മിപിടിച്ചു നിറുത്തി. ശേഷിച്ചവര്‍ ഓടിമറഞ്ഞു. നായര്‍ പ്രമാണി ഇതില്‍ ആണിന് തന്റെ രണ്ടാം മുണ്ട് ദാനം ചെയ്തു. പെണ്ണാകട്ടെ അടുത്തുകണ്ട തണ്ടപ്പുല്ലുകൊണ്ട് തന്റെ നാണം മറച്ചു. ഇങ്ങനെ തണ്ടപ്പുല്ലിന്റെ ഇല കീറി ഒരറ്റം പിന്നി നീളത്തില്‍ കോര്‍ത്ത് സ്ത്രീധരിച്ചതുകൊണ്ടാണ് ഇവരെ തണ്ടപ്പുലയര്‍ എന്ന് വിളിക്കുന്നത്. ഈ ദമ്പതിമാരുടെ മക്കളാണ് തങ്ങളെന്ന് തണ്ടപ്പുലയര്‍ വിശ്വസിക്കുന്നു. ഇവര്‍ കുഴികളില്‍ താമസിക്കുന്നതുകൊണ്ട് കുഴിപ്പുലയരെന്നും പേരുണ്ടായി.

തണ്ടപ്പുലയരുടെ ഇടയിലും ഏഴ് ഉപ വര്‍ഗ്ഗങ്ങളാണ്. കൊച്ചിത്തറ പ്പുലയന്‍, അറുപ്പുപ്പുലയന്‍, നീണ്ടൂര്‍ പുലയന്‍, പാനാട് പുലയന്‍, കോച്ചിനല്‍ പുലയന്‍, മാടക്കന്‍ പുലയന്‍, വേലന്‍ പുലയന്‍ എന്നിവയാണ് ഉപവര്‍ഗ്ഗങ്ങള്‍. താമസ സ്ഥലത്തോട് ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ ചില പേരുകള്‍ ഇവര്‍ക്കുണ്ടായത്. ഈ ഉപവര്‍ഗ്ഗക്കാര്‍ തമ്മില്‍ വിവാഹം നടത്താറില്ല. അമ്മയുടെ ഗോത്രം കണക്കാക്കുന്നവരാണ് തണ്ടപ്പുലയരും.

തിരണ്ടു തീണ്ടാരിയും തലയാട്ടവും

ഋതുവാകുന്ന തണ്ടപ്പുലയ പെണ്‍കുട്ടിയെ കുടിലില്‍ തന്നെയുള്ള ഒരു പ്രത്യേക മുറിയില്‍ താമസിപ്പിക്കുകയാണ് പതിവ്. പ്രത്യേക മാടത്തിലോ, കുടിലിലോ ഇവര്‍ താമസിപ്പിക്കാറില്ലന്നത് തണ്ടപ്പുലയരുടെ പ്രത്യേകതയായി ചൂണ്ടികാട്ടുന്നു. പതിന്നാലുദിവസമാണ് ഇവര്‍ക്ക് അശുദ്ധിയുള്ളത്. ഈ പതിനാലു ദിവസവും തിരണ്ടിരിക്കുന്ന പെണ്ണുതന്നെ ഒരു കലത്തില്‍ തന്നത്താന്‍ അരിവച്ചുകഴിക്കണം. തേങ്ങ ചിരകിയിട്ട്കഞ്ഞി മാത്രമേ പതിനാലു ദിവസവും കഴിക്കാന്‍ പാടുള്ളു. ഉപ്പും, മത്സ്യവും ഈ കാലത്ത് ഉപയോഗിക്കാന്‍ പാടില്ല. പതിനഞ്ചാം ദിവസം സൂര്യന്‍ ഉദിച്ചുയരും മുന്‍പുതന്നെ ഋതുവായ പെണ്ണ് കുളികഴിക്കണം. കുളി കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ കിഴക്കോട്ടു തിരിഞ്ഞ് ഇരിക്കണം. മന്ത്രവാദികള്‍ അവളുടെ രണ്ടുവശവും നിന്ന് പാട്ടുപാടുന്നു. പാട്ട് അതിന്റെ ഉച്ചാവസ്ഥയിലെത്തുമ്പോള്‍ യുവതി തുള്ളിക്കൊണ്ട് തലയാട്ടിത്തുടങ്ങും. കൈമണിയുടെ താളത്തിന് ഒപ്പിച്ചാവും മന്ത്രവാദി കളുടെ പാട്ടും ഋതുമതിയുടെ തലയാട്ടവും. ഈ തലയാട്ടം ബോധം കെട്ടുവീഴും വരെ തുടരും. തറയില്‍ വീണു കഴിഞ്ഞാല്‍ പെണ്‍കുട്ടിക്ക് കരിക്കിന്‍ വെള്ളം കൊടുത്ത് ബോധക്കേടുമാറ്റും. ഋതുമതിയുടെ തലയാട്ടത്തില്‍ മറ്റ് സ്ത്രീകളും പങ്കെടുക്കാറുണ്ട്. തലയാട്ടിത്തിന് മന്ത്രവാദികള്‍ പാടുന്നപാട്ട് ഇങ്ങനെയാണ്.

പെണ്ണേ ! മിടുക്കോടെയാടു
തലയാട്ടം നടക്കട്ടെ നന്നായ്
താളം പിഴയ്ക്കാതാടു പെണ്ണേ
താളം പിഴയ്ക്കാതെ പാടാം.
ഇതാണ് തലയാട്ടത്തിനായി മന്ത്രവാദികള്‍ പാടുന്നപാട്ട്. ഈ തലയാട്ടം കഴിഞ്ഞാല്‍ ഋതുവായ പെണ്ണിന് മീനും, ഉപ്പും കൂട്ടി ചോറുകൊടുക്കും. പാട്ടുപാടുന്ന മന്ത്രവാദികള്‍ക്ക് 15 ചക്രം വീതം സമ്മാനവും കൊടുക്കുന്നു. തലയാട്ടം കഴിഞ്ഞാലേ ഋതുമതി ശുദ്ധിയാകൂ എന്നാണ് തണ്ടപുലയരിലെ വിശ്വാസം. കൈമണിക്കുപകരം ഓട്ടുകിണ്ണവും വടിയും താളത്തിനായി ഉപയോഗിക്കാറുണ്ട്.

ഇനി പറയട്ടെ

ആചാരങ്ങളാൽ നിറഞ്ഞതാണ് ഓരോ പ്രദേശവും. അവയുടെ കലാരൂപങ്ങളുടെ തുടക്കത്തിനും ഇന്നിനുമിടയിൽ ഒരുപാട് കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടന്നിട്ടുണ്ട്.
ഇവ ശു-അശുദ്ധീകരിക്കയാണോ എന്നന്വേഷിക്കുന്നതിന് നില്ക്കാതെ
തലയാട്ടം നിങ്ങൾക്കേകി മാറിനിലക്കുന്നു.