ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

15

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
 പതിനഞ്ചാം ഭാഗത്തിലേക്ക് സ്വാഗതം.

1 . സിനിമ (ബാലാരിഷ്ടത നല്ലവണ്ണം കാട്ടിയത്)
2  . ചവിട്ടുനാടകം
3  . അർജ്ജുനനൃത്തം
4  . അലാമിക്കളി
5  . തെയ്യം
6  . ഇരുളർ നൃത്തം
7  . പറക്കും കൂത്ത്
8. . കോതാമൂരിയാട്ടം
9  . കുറത്തിയാട്ടം
10. മംഗലം കളി
11. കളമെഴുത്ത്
12. തീയാട്ട്
13. കാളിയൂട്ട്
14. തലയാട്ടം
ഇവയ്ക്ക് ശേഷം
ഇന്ന് അവതരിപ്പിക്കുന്നത്
15. കുത്തിയോട്ടമാണ്.

കുത്തിയോട്ടത്തെക്കുറിച്ച് ഒരു കുറിപ്പും മനുഷ്യാവകാശ പ്രശ്ന വിവരവും ഭക്തന്റെ കാഴ്ചപ്പാടും ഇടുന്നു.
കൂടാതെ 2 ഫോട്ടോകളും ഒരു വീഡിയോയും.


 കുത്തിയോട്ടം

എന്താണ് കുത്തിയോട്ടം? പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ എഡിറ്റര്‍ ആയി പ്രസിദ്ധീകരിച്ച കേരള ഭാഷാ നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്: ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരിനം വഴിപാട്, കുത്തിയുടുത്തു നടത്തുന്ന ഒരുവക നൃത്തം എന്നാല്‍ ചെട്ടിക്കുളങ്ങരയില്‍ അരങ്ങേറി വന്നിരുന്ന കുത്തിയോട്ടത്തിന് നൃത്തബന്ധം കാണുന്നില്ല.

ആദിദ്രാവിഡകാലത്ത് മനുഷ്യരെ കുരുതി നല്‍കിയ ദേവിയെ ഊര്‍ജ്ജസ്വലയാക്കിയിരുന്ന ചടങ്ങില്‍ നിന്ന് ഉരുത്തിരിഞ്ഞ് രൂപംകൊണ്ട ഒരു ചടങ്ങായി പഴമക്കാര്‍ ഇതിനെ കണക്കാക്കുന്നു. പണ്ട് കുരുതിക്ക് നിയോഗിക്കപ്പെടുന്ന ആളെ ദേവിക്ക് അഭിമുഖമായി നിര്‍ത്തി പള്ളയില്‍ ചൂരല്‍വടി കുത്തി ഇറക്കി ശേഷിച്ച ഭാഗം അയാളുടെ ശരീരത്തില്‍ ചുറ്റികെട്ടുമായിരുന്നുവത്രേ! അതിനുശേഷമാണ് കുരുതിത്തറയിലേക്ക് ആനയിക്കപ്പെടുക. ആ ചടങ്ങിന്റെ ചെറിയൊരംശം കുത്തിയോട്ടത്തില്‍ കാണാം.
ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലെയും ഭദ്രകാളീക്ഷേത്രങ്ങളിലെയും ഒരു അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടം. ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം,ആറ്റുകാൽ ഭഗവതി ക്ഷേത്രം തുടങ്ങി പല ക്ഷേത്രങ്ങളിലും കുത്തിയോട്ടം നടത്തിവരുന്നു. ഇതു ഭക്തജനങ്ങൾ ദേവിക്ക് വഴിപാടായി നടത്തുന്ന ഒന്നാണ്.
പത്തുവയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളാണ് കുത്തിയോട്ടക്കാര്‍. ദിവസങ്ങള്‍ക്കു മുന്‍പേ കുട്ടിയുടെ വ്രതാനുഷ്ഠാനം തുടങ്ങും. ആരാണോ കുത്തിയോട്ടം നേര്‍ച്ചയായി നടത്തുന്നത് അവരുടെ തറവാട്ടുമുറ്റത്ത് പാട്ടും ചുവടും വയ്ക്കുന്ന ചടങ്ങുണ്ട്. ചുവന്ന പട്ടുടുത്ത് മാലയണിഞ്ഞ് താലപ്പൊലിയുടെ അകമ്ബടിയോടെ ഘോഷയാത്രയായിട്ടാണ് കുത്തിയോട്ടക്കാരന്റെ ക്ഷേത്രത്തിലേക്കുള്ള പുറപ്പാട്. കുത്തിയോട്ടം നടത്തുന്ന വീട്ടില്‍ വലിയ പന്തല്‍ ഇടുകയും വീട്ടില്‍ വരുന്നവര്‍ക്ക് യാതൊരു കുറവുകളുമില്ലാതെ അത്രയും ദിവസം ഭക്ഷണം ഒരുക്കുകയും ചെയ്യും. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങള്‍ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാന്‍ ഉണ്ടാകും. പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു. കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യണം. ഈ ഏഴു ദിവസവും പരിശീലനം നടത്തുന്ന ഗൃഹത്തിൽ വരുന്ന എല്ലാ ആളുകൾക്കും സദ്യ ഉണ്ടാകും, പിന്നീട് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര അങ്ങനെയാണ് ചെലവ് ലക്ഷങ്ങൾ വേണ്ടി വരുന്നത് . ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.
ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ. വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. 'തന്നനാ താനനാ' എന്ന രീതിയിലുള്ള ഈ പാട്ടുകൾ മധ്യതിരുവിതാംകൂർകാർക്ക് പരിചിതമാണ്. ആദ്യകാലത്ത് ഈ കലാരൂപം ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാൽ പിന്നീട് മറ്റു വിദൂര സ്ഥലങ്ങളിലും ഉള്ള ആളുകൾ ഈ വഴിപാട് നടത്തുവാൻ തുടങ്ങി. അങ്ങനെ മറ്റ് സ്ഥലങ്ങളിലേക്കും ഇതു വ്യാപിക്കുവാൻ തുടങ്ങി. കുത്തിയോട്ടത്തിനുപയോഗിക്കുന്ന പ്രത്യേകമായി ചിട്ടപ്പെടുത്തിയ പാട്ടുകളെ കുത്തിയോട്ടക്കുമ്മികൾ എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുമ്മിരീതിയിലുള്ള പാട്ടുകൾ ഉണ്ടായിരുന്നില്ല. കുത്തിയോട്ടത്തിന് ദ്രുത രീതിയിലുള്ള ചലനങ്ങൾ നൽകുവാനായി പിന്നീട് കുമ്മിശൈലിയിലുള്ള പാട്ടുകൾ കൂടി ഉണ്ടായി. ഈ പാട്ടുകൾ പ്രധാനമായും ദേവിയുടെ അപദാനങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ളതാണ്.കുത്തിയോട്ടപാട്ടുകളെ ജനപ്രിയമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കലാകാരനാണ് വിജയരാഘവക്കുറുപ്പ്.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ കൂടിയപങ്കും ബുദ്ധ മതത്തിന്റെ സംഭാവനയാണ്‌., കെട്ടുകാഴ്ച, ശാലയോട്ടം, കുത്തിയോട്ടം, താലപ്പൊലി, അന്നംകെട്ട്, മരമടി എന്നീ ചടങ്ങുകളും പുണ്യദിനങ്ങളിൽ സസ്യാഹരം, മഞ്ഞമുണ്ടുടുക്കൽ, തുടങ്ങിയ ആചാരങ്ങളും ബുദ്ധമതത്തിൽ നിന്ന് സ്വീകരിച്ചവയാണ്‌.



*സംസ്ഥാനത്തെ ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി തുടരുന്ന കുത്തിയോട്ടം മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി.കോശി. കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ആചാരത്തിനെതിരെ ഡോ.പി. മുരളീധരന്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം. ആചാരത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തില്‍ കുത്തിയിറക്കുന്ന കമ്പി കുട്ടികളില്‍ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നതുള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ പരാതി നല്‍കിയത്.
കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന 12 വയസ്സില്‍ താഴെയുള്ളവരുടെ ശരീരത്തില്‍ കൊരുക്കുന്ന ലോഹക്കമ്പി 24 മണിക്കൂര്‍ കഴിഞ്ഞാണ് മാറ്റുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഡോക്ടറുമായ അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഡോ.മുരളീധരന്‍ പരാതിക്കൊപ്പം ഹാജരാക്കിയിരുന്നു.
കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ആചാരമാണിത്. വര്‍ഷങ്ങളായി തുടരുന്നതിനാല്‍ നിര്‍ത്തലാക്കണമെന്നു പറയുന്നതില്‍ കഴമ്പില്ല. സര്‍ക്കാരാണു വിഷയം പരിഗണിക്കേണ്ടത്. ജസ്റ്റീസ് കോശി കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്തെ സതി, ദേവദാസി, തലാഖ് മുതലായ പ്രാകൃതമായ ആചാരങ്ങള്‍ നിയമം മൂലം നിരോധിച്ചതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പുതുപ്പളളി പോലുള്ള പളളികളിലെ കോഴി നേര്‍ച്ച, തമിഴ്‌നാട്ടിലെ കാളപ്പോര് തുടങ്ങിയവയും സുപ്രീം കോടതി നിരോധിച്ചിരുന്നു.*



തന്നന്ന താനന്ന തന്നാന താനെ താനന്ന താനന്നെ തന്നാന...
തന്നന്ന താനന്ന തന്നാന താനെ താനന്ന താനന്നെ തന്നാന.....

ഈ വരികള്‍ മൂളാത്ത ഒരു ഓണാട്ടുകരക്കാരനും ഈ നാട്ടില്‍ ഉണ്ടാവുകയില്ല.കുത്തിയോട്ടം എന്ന മഹത്തായ കലാരൂപത്തിന്റെപാട്ടിന്‍ തുടക്കം കുറിക്കുന്ന വരികള്‍ ആണ് ഇത്.പാച്ചുവാശാന്‍ ഉള്‍പ്പെടെ നിരവധി മഹദ് വ്യക്തികളുടെ സംഭാവനകള്‍ ആണ് ഇന്ന് കാണുന്ന കുത്തിയോട്ടപ്പാട്ടുകള്‍.ആരെയും പെരെടുത്തു പറഞ്ഞില്ല എങ്കില്‍ ക്കൂടി ഓണാട്ടുകരക്കാര്‍ക്ക് ഇവരെല്ലാം പ്രിയപ്പെട്ടവര്‍ തന്നെയാണ്.

കുത്തിയോട്ടം എന്നുള്ളത് ഒരു അനുഷ്ടാന കലാരൂപമാണ്.എങ്കിലും ചിലപ്പോളൊക്കെ അത് ഒരു വാണിജ്യ കലാരൂപമായി മാറുന്നുവോ എന്നൊരു ശങ്ക നിലനില്‍ക്കുന്നുണ്ട്.കുത്തിയോട്ടം എന്നുള്ളത് വ്രത നിഷ്ട്ടയോടു കൂടിയ കലാ രൂപമാണ്‌.ഭരണിക്കുത്തിയോട്ടം അല്ലാതെ നടക്കുന്ന പല പരിപാടികളിലും മത്സ്യ മാംസാധികള്‍ കഴിച്ചുകൊണ്ട് കുത്തിയോട്ടം നടത്തുന്നതായി ശ്രദ്ദയില്‍ പെട്ടിട്ടുണ്ട്.കുത്തിയോട്ടആശാന്മാര്‍ തീര്‍ച്ചയായും ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കുത്തിയോട്ടം എന്നുള്ളതും കുത്തിയോട്ട പ്പാട്ടുകളും അമ്മയ്ക്കായി അവരവരുടെ കഴിവനുസരിച്ച് അര്‍പ്പിക്കുന്നതാണ്.ഇതൊരു മത്സര ഇനമല്ല ആരാണ് കേമന്‍ എന്ന് പറയാന്‍. ഏതു വിശ്വാസത്തില്‍(അമ്മ) അധിഷ്ട്ടിതമായാണോ പാടുന്നത് അവര്‍ തീരുമാനിച്ചു കൊള്ളട്ടെ.

ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഈ ഭക്തന് ഉറക്കം വരില്ല.കുത്തിയോട്ടം എന്നുള്ളത് ഒരു അനുഗ്രഹീത കലയാണ്..അതിനെ കൊല്ലരുത്.അതിന്‍റെ തനിമ നില നിര്‍ത്താന്‍ എല്ലാവര്‍ക്കും കഴിയട്ടെ.(ചില കാര്യങ്ങള്‍ ശ്രെദ്ധയില്‍ പെട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി.ആര്‍ക്കും ദേഷ്യം തോന്നരുത്).



പറയട്ടെ ഞാൻ

ബലിയെന്ന സങ്കല്പം ഐതിഹ്യകഥകളിൽ ധാരാളം കാണുന്നു. വിശ്വാസത്തിന്റെ ആധിക്യമാകാം ഒരു പരിധി വരെയും  ബലി വിജയിപ്പിക്കുന്നതിന് കാരണം. ദൈവീക ബലികളേ പരസ്യമായി നിന്നു പോയിട്ടുള്ളൂ. ഒരർത്ഥത്തിൽ ചിന്തിച്ചാൽ കർണൻ മുതലിങ്ങോട്ട് സംരക്ഷണ കവചമൊരുക്കുന്ന ബലി മനുഷ്യരെ കുറിച്ച് നമുക്ക് ചിന്തിക്കാനാവാത്തതെന്തേ?


അധികമോതാതെ മാറിനില്പു ഞാൻ.