ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

16

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
പതിനാറാം ഭാഗം

മറ്റൊരു ദൃശ്യകലയായ സിനിമകളിൽ പ്രശസ്മായ കുമ്മാട്ടിയാണ് അവതരിപ്പിക്കുന്നത്.

ഏവർക്കും സ്വാഗതമോതി ക്കൊണ്ട് പറയട്ടെ മൂന്നോളം കുറിപ്പുകളും ചില ഫോട്ടോകളും വീഡിയോകളുമുള്ള
ഈ ഭാഗത്തേക്ക്
ഏവർക്കും സ്വാഗതം


           കുമ്മാട്ടി

ദേവ പ്രീതിക്കും വിളവെടുപ്പിനോട് അനുബന്ധിച്ച്  ഓണത്തപ്പനെ വരവേല്‍ക്കാനും കാലദോഷങ്ങള്‍ തീര്‍ക്കാനും കുട്ടികള്‍ക്ക് നന്മ നേരാനും എത്തുന്ന നാടന്‍ കലാരൂപമാണ് കുമ്മാട്ടി . വയനാട്‌, തൃശൂര്‍, പാലക്കാട്‌ (വടക്കാഞ്ചേരി, ആലത്തൂര്‍, കുനിശ്ശേരി, ചിറ്റൂര്‍) എന്നീ ജില്ലകളില്‍ പ്രചാരത്തിലുള്ള ഈ കല വിനോദപരമായും അനുഷ്‌ഠാനപരമായും നടത്താറുണ്ട്‌.

തൃശൂരില്‍ ഓണാഘോഷങ്ങളോടനുബന്ധിച്ചാണ്‌ കുമ്മാട്ടി നടത്തപ്പെടുന്നത്‌.
കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവർക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ്. പാണ്ഡവരുടെ വനവാസസമായത് ശത്രു നിഗ്രഹത്തിനായി ശക്തി ലഭിക്കാന്‍ തപസു ചെയ്ത അര്‍ജുനന്റെ മുന്നില്‍ പരമശിവന്‍ കാട്ടാള രൂപത്തില്‍ കിരാത മൂർത്തിയായി അവതരിക്കുകയും ഇരുവരും ഒരു കാട്ട് പന്നിയെ നിഗ്രഹികാന്‍ തുനിയുകയും ചെയ്തു. എന്നാല്‍ പന്നിയെ ആര് കൊന്നു എന്നതിന് വാഗ്വാദം ഉണ്ടാകുകയും അത് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു . ഒടുവില്‍ കാട്ടാളനോട് അര്‍ജുനന്‍ അടിയറവു പറഞ്ഞു . ഉടന്‍ ശിവന്‍ തന്റെ സ്വരൂപം കാണിച്ചു ദിവ്യമായ പാശുപതാസ്ത്രം നല്‍കി. അർജ്ജുനൻ ആദരപൂർവ്വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങൾ അവിടെയെത്തി. അവർ ശിവനേയും പാർവ്വതിയേയും സന്തോഷിപ്പിക്കാൻ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാർവ്വതിയും അപ്രത്യക്ഷരായി. വളരെ കാലത്തിന് ശേഷം ശിവൻ പാർവ്വതീസമേതനായി തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ കുടികൊണ്ടു. ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും ഒരിക്കൽ കൂടി കേൾക്കണമെന്ന് പാർവ്വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീർന്നതും പാർവ്വതി ഭൂതഗണങ്ങൾക്ക് പട്ടും വളയും സമ്മാനിച്ചു. അതിന് ശേഷം ശിവൻ ഭൂതഗണങ്ങളോട് ഇങ്ങനെ നിർദ്ദേശിച്ചു. "ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങൾ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവർ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോൾ നിങ്ങൾ ഭക്തരുടെ ഭവനങ്ങൾ സന്ദർശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം." അങ്ങനെയാണ് കുമ്മാട്ടിക്കളിയ്ക്ക് തൃശ്ശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്ന് ഐതിഹ്യം.

തൃശൂരില്‍ ഓണക്കലത്ത് തിരുവോണം മുതൽ ചതയം വരെയുള്ള മൂന്നു നാളുകളിൽ നടക്കുന്ന ആഘോഷത്തിൽ അമ്പതോളം കുമ്മാട്ടികൾ പങ്കെടുക്കും. തൃശ്ശുരിലെ കിഴക്കുമ്പാട്ടുകര കുമ്മാട്ടിയാണ് ഏറ്റവും പ്രധാനം. . കിഴക്കുമ്പാട്ടുകരയെ കുമ്മാട്ടിക്കളിയുടെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കുന്നു. കുട്ടികളും യുവാക്കളും  ഇതില്‍ പങ്കെടുക്കാറുള്ളൂ. പുരുഷന്മാര്‍ തന്നെ സ്‌ത്രീവേഷവും കെട്ടും. തൃശൂരില്‍ വെള്ളായ്‌ക്കല്‍, കാരപ്പുറത്ത്‌ തുടങ്ങിയ നായര്‍വീട്ടുകാരാണ്‌ കളിക്കു നേതൃത്വം കൊടുക്കുന്നത്‌. വീടുവീടാന്തരം കയറിയിറങ്ങിയാണ്‌ കുമ്മാട്ടികളിക്കുന്നത്‌. കളി അവസാനിച്ചുകഴിയുമ്പോള്‍ വീട്ടുകാര്‍ കളിക്കാര്‍ക്ക്‌ ഓണക്കാലത്തെ വിഭവങ്ങളും കോടിമുണ്ടും സമ്മാനമായി നല്‌കുന്നു.

തൃശൂരില്‍ നായന്മാരും പാലക്കാട്‌ ജില്ലയില്‍ മണ്ണാന്മാരും  വയനാട്ടില്‍ എല്ലാ ജാതിക്കാരും കുമ്മാട്ടി അവതരിപ്പിച്ചുവരുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.

കുമ്മാട്ടിക്കളി തൃശൂരിലെത്തുമ്പോള്‍ പ്രശസ്തമായ വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടായിരുന്നല്ലോ ഐതിഹ്യം .  കുനിശേരിയില്‍ എത്തുമ്പോള്‍ അവിടത്തെ പൂക്കുളങ്ങര ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം .കോഴിക്കോട് സാമൂതിരി രാജാവ് നാടുകള്‍ കീഴടക്കി മുന്നോട്ടു പോയ്ക്കൊണ്ടിരുന്നപ്പോള്‍ കുനിശ്ശേരിയും പിടിച്ചടക്കാന്‍ ആഗ്രഹിച്ചു . കുനിശേരിയിലെ രാജാവ് നാട്ടുകാരുടെ സഹായത്തോടെയാണ് പോരിനിറങ്ങിയത് . നാല് നാള്‍ കഴിഞ്ഞിട്ടും പരിചയ സമ്പന്നരായ സാമൂതിരിയുടെ പടയാളികള്‍ക്ക് കുനിശേരിയുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ആയില്ല . അഭിമാനം കാക്കാനായി ആ രാത്രി സാമൂതിരി പൂക്കുളത്തിയമ്മയുടെ നടയിലെത്തി ഉള്ളൂചുട്ട് പ്രാർഥിച്ചു. തന്റെ അഭിമാനം കാക്കണമെന്നും കുനിശ്ശേരിപ്പടയോട് കനിയരുതെന്നും അപേക്ഷിച്ചു. നാളെ യുദ്ധം തോറ്റാൽ ഈ നടയിലെത്തി ശിരസ്സു ഛേദിയ്ക്കുമെന്നും ജയിച്ചാൽ അമ്മയ്ക്ക് മതിവരോളം പൂജകളും നിവേദ്യങ്ങളും നടത്താം എന്നും പ്രാർത്ഥിച്ചു. രാജാവിനോട് പൂക്കുളത്തിയമ്മയ്ക്ക് സഹതാപം തോന്നി. സാമൂതിരിയുടെ അപേക്ഷകേട്ട് കുനിശ്ശേരിപ്പടയ്ക്കു് നേരെ ഭഗവതി കണ്ണടച്ചു. ഇത് അവരുടെ സൈന്യത്തെ നിഷ്ക്രിയരാക്കി. നിമിഷങ്ങൾക്കൊണ്ട് സാമൂതിരിപ്പട കുനിശ്ശേരിസേനയെ കീഴടക്കി. പൂക്കുളത്തിയമ്മ സ്വന്തം നാടിനെ ഒറ്റിക്കൊടുത്തു. പരാജയം ഉറപ്പായ നാടുവാഴി വജ്രം വിഴുങ്ങി ആത്മഹത്യചെയ്തു. തന്നെ സഹായിച്ചതിന് നന്ദിസൂചകമായി സാമൂതിരി എല്ലാവർഷവും പൂക്കുളത്തിയമ്മയുടെ പിറന്നാളാഘോഷത്തിന് കുനിശ്ശേരി സന്ദർശ്ശിച്ചു. ആ ആഘോഷം പിന്നീട് കുമ്മാട്ടി മാമാങ്കം എന്നറിയപ്പെട്ടു. ഒരു വർഷം ദേഹാസ്വാസ്ഥ്യം മൂലം സാമൂതിരിയ്ക്ക് ഉത്സവത്തിന് എത്താനായില്ല. പകരം ഒരു ഒടിയനെ തന്റെ വേഷത്തിൽ കുനിശ്ശേരിയ്ക്കയച്ചു. ഒടിയൻ ഭഗവതിയുടെ തിരുനടയിലെത്തി ഉത്സവത്തിൽ സംബന്ധിച്ചു. പക്ഷേ പൂക്കുളത്തമയ്ക്ക് സാമൂതിരിയുടെ ഈ ആൾമാറാട്ടം കണ്ടുപിടിയ്ക്കാൻ പറ്റിയിട്ടില്ലെന്നത് കൗതുകകരമാണ്.

പാലക്കാട്‌, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി, മണ്ണാന്മാര്‍ അവതരിപ്പിക്കുന്ന കുമ്മാട്ടി മകരമാസത്തെ വിളവെടുപ്പുകഴിഞ്ഞാണ്‌ ആരംഭിക്കുന്നത്‌. ചിറ്റൂരില്‍ കൊങ്ങന്‍പടയിലെ ഒരു ചടങ്ങായിട്ടാണ്‌ കുമ്മാട്ടി അവതരിപ്പിക്കുന്നത്‌. ദേവീസ്‌തുതിപരമായ ഈ കുമ്മാട്ടി വെള്ളിയാഴ്‌ച ദിവസമാണ്‌ സാധാരണ അരങ്ങേറുക. തകില്‍ , ചെണ്ട , നാദസ്വരം ,ചേങ്ങില തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ ചോടുവച്ചു കളിച്ച്‌ വീടുകള്‍ കയറി ഇറങ്ങുന്ന കുമ്മാട്ടി വീട്ടുകാരെ അനുഗ്രഹിച്ചു ആശീര്‍ വദിച്ചു ഉപഹാരങ്ങള്‍ സ്വീകരിച്ചു മടങ്ങും .

കുമ്മാട്ടിയെ ഏറ്റവും മനോഹരമാക്കുന്നത് അതിന്റെ വേഷം തന്നെ .
പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വക്കുന്നത്. ശരീരം മുഴുവനും കുമ്മാട്ടിപ്പുല്ല് (പർപ്പിടകപ്പുല്ല്),വാഴനാരു വച്ച്‌ കെട്ടിയാണ് ഇത് തയാറാക്കുന്നത്.. ദേഹമാസകലം പുല്ലുകൊണ്ട് മൂടി പേടിപ്പിക്കുന്ന രൂപത്തിലാണ് കുമ്മാട്ടികൾ വരുക. ആറരയടിയുള്ള ഒരാൾക്ക് കുമ്മാട്ടിവേഷം കെട്ടാൻ ഏകദേശം ഒരു കിന്റൽ പുല്ലുവേണ്ടിവരും എന്നാണ് ശരാശരി കണക്ക്. ഓണമാവാറായൽ കുമ്മാട്ടിസംഘങ്ങളുടെ പ്രഥമ ജോലി എന്നത് കുമ്മാട്ടിപ്പുല്ലുള്ള സ്ഥലങ്ങൾ തേടിപ്പിടിയ്ക്കുക എന്നതാണ്. കുമ്മാട്ടികളിയുടെ നിലനില്പ് തന്നെ ഈ കുമ്മാട്ടിപ്പുല്ലിനെ ആശ്രയിച്ചാണ് എന്ന് പറയാം. കുമ്മാട്ടിപ്പുല്ല് ഔഷധഗുണമുള്ളതാണ്. ഇത് ശരീരത്തോട് ചേർത്ത് കെട്ടുമ്പോൾ സുഗന്ധമുണ്ടാകുന്നു.  മണിക്കൂറുകളോളം കുമ്മാട്ടിക്കളിയിൽ വേഷം കെട്ടണമെങ്കിൽ ഈ പുല്ല് അതുകൊണ്ട് അത്യാവശ്യമാണ്. മറ്റ് സാധാരണപുല്ലാണ് കെട്ടുന്നതെങ്കിൽ വരിഞ്ഞുമുറുക്കി കെട്ടിയാൽ ശ്വാസം വിടാൻ തന്നെ പ്രയാസമാണെന്നതിനോടൊപ്പം അസഹ്യമായ ചൊറിച്ചിലും ഉണ്ടാകുന്നു. തൃശ്ശുർ ജില്ലയിലെ കുമ്മാട്ടിപ്പുല്ല് കിട്ടാതെ വന്നാൽ അതിന്റെ അന്വേഷണം സമീപജില്ലയിലേയ്ക്കും വ്യാപിപ്പിക്കുന്നു. സമീപകാലങ്ങളിൽ ഈ ചെടി ലഭിക്കാൻ തമിഴ്നാട് വരെ ചില സംഘങ്ങൾക്ക് പോകേണ്ടിവന്നിട്ടുണ്ട്. സാധാരണ വെട്ടുകല്ലുള്ള പ്രദേശത്ത് ഈർപ്പം കുറഞ്ഞിടത്താണ് ഈ പുല്ല് കാണുന്നത്. ചുവന്ന മണ്ണിലും ഇവ നന്നായി വളരും. ഗ്രാമങ്ങളിൽ കുന്നിടിച്ചൽ വ്യാപകമായതോടെ കുമ്മാട്ടിപ്പുല്ല് അപ്രത്യക്ഷമായി തുടങ്ങി. സ്വതവേ ഈ പുല്ല് കൃത്രിമമായി വച്ചു പിടിപ്പിയ്ക്കുക എളുപ്പമല്ല. പാടത്ത് സാധാരണ കാണുന്ന കുമ്മാട്ടിപുല്ലിനോട് സാദൃശ്യമുള്ള പട്ടിപ്പുല്ല് കുമ്മാട്ടി കെട്ടാൻ ചില സംഘങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും ചൊറിച്ചിൽ കൂടുതലാണ്..ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് ഒരാഴ്ചമുമ്പ് തന്നെ പുല്ലുകൾ എത്തിയ്ക്കും. ചിലത് കുഴിച്ചിടും. ഓടിന്മേൽവെച്ച് വെള്ളം സ്പ്രെ ചെയ്ത് പച്ചപ്പ് സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ നാല് ദിവസം വരെ പുല്ല് വാടാതിരിയ്ക്കും .പുല്ല് അങ്ങോട്ടുമിങ്ങോട്ടും പിരിച്ച് വെച്ച് ഒരു പ്രത്യേകതരത്തിലാന് കുമ്മാട്ടി വേഷം കെട്ടുക.
കളിക്കാരെല്ലാം ഓരോ തരത്തിലുള്ള മുഖാവരണങ്ങള്‍ ധരിച്ചിരിക്കും. കുമ്മാട്ടിയുടെ വേഷം പോലെ തന്നെ ആകര്‍ഷകമായ മുഖംമൂടികളാണിവ. കമുകിന്‍ പാളകള്‍ ഉപയോഗിച്ചാണ് മുഖം മൂടികള്‍ ഉണ്ടാക്കുന്നത് . പക്ഷേ ഇന്ന് കമുകിൻപാളകൾക്ക് ക്ഷാമം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ മുരിക്ക് പോലെയുള്ള ഭാരം കുറഞ്ഞ തടി ഉപയോഗിച്ചാണ് മുഖംമൂടി ഉണ്ടാക്കുന്നത്. ഒറ്റമുഖത്തിന് പതിനഞ്ച് കിലോയോളം തൂക്കം വരും.മുമ്പ് പാളയിൽ കരിയും ചെങ്കല്ലും ഉപയോഗിച്ച നിറങ്ങളാണെങ്കിൽ ഇന്ന് നിറങ്ങൾക്കും മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് പ്രകൃതി ദത്തമായ നിറങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് അതിന്റെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു. കാരപ്പുറത്ത് രാമൻ നായരും മാധവൻ നായരും ഗോവിന്ദൻകുട്ടി നായരുമാണ് ഈ മുഖങ്ങളുടെ ശിൽപികൾ. എന്നാൽ ഇന്ന് മൂന്ന് മാസത്തിലേറെ സമയമെടുത്ത് കുമിഴിന്റെ തടി കടഞ്ഞെടുത്താണ് പുതിയ കുമ്മാട്ടി മുഖങ്ങൾ തീർക്കുന്നത്. പതിനായിരം മുതൽ ഇരുപതിനായിരം വരെ ഇതിന് ചെലവാകുന്നു. തലമുടി ഉച്ചിയില്‍ കെട്ടിവച്ചിട്ടുള്ള പല്ലില്ലാത്ത കിഴവിയുടെ മുഖാവരണമാണ്‌ തള്ളക്കുമ്മാട്ടിക്കു നല്‌കുക. കാതില്‍ വഴുതിനങ്ങ കെട്ടിത്തൂക്കും; കുമ്മാട്ടിപ്പുല്ലുകൊണ്ട്‌ പാവാടയുണ്ടാക്കി അണിഞ്ഞിരിക്കും. തള്ളക്കുമ്മാട്ടി ഒരു കുമ്മാട്ടിക്കോലു പിടിച്ചുകൊണ്ട്‌ അഭിനയിക്കുന്നതോടൊപ്പം കളിക്കാരെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ശിവന്‍, സുഗ്രീവന്‍, ബാലി, കാളിതെയ്യം, മുത്തശന്‍, മുത്തശ്ശി, കിരാതന്‍, കാലന്‍, ഗരുഡന്‍, കാട്ടാളന്‍, ഗണപതി, ശ്രീകൃഷ്‌ണന്‍, ദാരികന്‍, ബ്രഹ്മാവ്‌, ഹനുമാന്‍ തുടങ്ങിയവയാണ് സാധാരണ കുമ്മാട്ടി രൂപങ്ങള്‍. ഇതിൽ
ശ്രീകൃഷ്‌ണന്‍, കിരാതന്‍, ഗണപതി, ദാരികന്‍, കാട്ടാളന്‍, ശിവന്‍ എന്നീ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന കളിക്കാര്‍ അതാതു വേഷങ്ങള്‍ക്കു യോജിച്ച മുഖാവരണം ധരിച്ചുകൊണ്ട്‌ കാഴ്‌ചക്കാരായി നോക്കി നില്‌ക്കുകയേയുള്ളൂ. കുമ്മാട്ടിയില്‍ കളിക്കാര്‍ പാടാറില്ല; പിന്‍ പാട്ടുകാര്‍ ഉണ്ടായിരിക്കും.

തൃശൂരില്‍ കിഴക്കുംപാട്ട് കര കുമ്മാട്ടിയും പാലക്കാട് കുനിശ്ശേരി പൂക്കുളങ്ങര കുമ്മാട്ടിയുമാണ് പ്രശസ്തം . ഓണനാളുകളില്‍ ഇവിടെ നടക്കുന്ന കുമ്മാട്ടി കളിയില്‍ അന്‍പതോളം കുമ്മാട്ടികള്‍ ആണ് പങ്കെടുക്കുക . കുനിശേരിയില്‍ ഉത്സവ കാലത്ത് നടക്കുന്ന കുമ്മാട്ടിക്കു പത്ത് ഗജ വീരന്മാരുടെ അകമ്പടിയുണ്ടാകും തലേ ദിവസം കണ്യാര്‍ കളിയും ഉണ്ടാകും.
ഓണക്കാലത്തെ കുമ്മാട്ടിക്കളി ഗാനങ്ങൾ പ്രസിദ്ധമാണ്‌. ഗായകര്‍ തന്നെ പശ്ചാത്തലത്തില്‍ ഓണവില്ലും കൊട്ടുന്നു. പനയുടെ വാരി വളച്ചു മുളകൊണ്ടു ഞാണിട്ടാണ്‌ വില്ല്‌ നിര്‍മിക്കുന്നത്‌. ഇതില്‍ ഒരടി നീളമുള്ള കമ്പുകൊണ്ട്‌ കൊട്ടിയാണ്‌ ശബ്‌ദം പുറപ്പെടുവിക്കുന്നത്‌. ചെറിയ ചെണ്ടയും ഉണ്ടായിരിക്കും. ഇവയുടെ താളത്തിനനുസൃതമായി കളിക്കാര്‍ ചുവടുവച്ചുതുള്ളുന്നു. തനി നാടോടി രീതിയിലുള്ള കുമ്മാട്ടിപ്പാട്ടുകളില്‍ നിരര്‍ഥകങ്ങളെങ്കിലും രസകരങ്ങളായ ശൈലീപ്രയോഗങ്ങള്‍ കാണാം.
"കുണ്ടന്‍ കിണറ്റില്‍ കുറുവടി വീണാല്‍
        കുമ്പിട്ടെടുക്കും കുമ്മാട്ടി...'
എന്ന ഗാനം പ്രസിദ്ധമാണ്‌. "ഉത്രാടംനാള്‍ അസ്‌തമനത്തില്‍
        എത്രയും മോഹിനി മോദത്തോടെ
        തെക്കന്‍, തെക്കന്‍ തെക്കിനിയപ്പന്‍
        തക്കത്തില്‍ ചില പേരുകള്‍ നല്‌കി
        ഗണനായകനും ഗുരുവരനും മേ
        തുണയായ്‌ വരണം കുമ്മാട്ടിക്ക്‌''
 എന്ന ഗാനത്തോടെയാണ്‌ കുമ്മാട്ടിക്കളി തുടങ്ങുന്നത്‌.
""ഓണത്തപ്പാ കുടവയറാ
        നാണംകൂടാതടുത്തുവാ
        തേങ്ങാമരമതു കായ്‌ക്കണമെങ്കില്‍
        കുമ്മാട്ടിക്കൊരു തേങ്ങ കൊടുപ്പിന്‍''
മഹാബലിയുടെ വരവിനെ വര്‍ണിച്ചും ഭഗവതിയെ പ്രകീര്‍ത്തിച്ചുംകൊണ്ടുള്ള കുമ്മാട്ടിപ്പാട്ടുകളും പ്രചാരത്തിലുണ്ട്‌. പാട്ടിന്റെ ആരംഭത്തിലും അവസാനത്തിലും ആര്‍പ്പുവിളിയുണ്ടായിരിക്കും.

 ആന്ധ്രപ്രദേശിലെ "ഗുമ്മത്തി' വിഭാഗക്കാരുടെ ഗുമ്മത്തിക്കളി കുമ്മാട്ടിയുടെ ഒരു വകഭേദമാണ്‌ എന്ന് പറയപ്പെടുന്നു.

നിലനില്പിന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് ഇന്ന് കുമ്മാട്ടിക്കളി.വളരെ ചിലവേറിയ കുമ്മാട്ടിക്കളിയ്ക്ക് അർഹമായ സാമ്പത്തിക സഹായം ലഭിക്കാത്തത് മൂലവും പുലിക്കളിയ്ക്ക് അമിത പ്രാധാന്യം കല്പിക്കുന്നത് കൊണ്ടും ഈ കലാരൂപം ഇന്ന് പ്രതിസന്ധിയിലാണ്. കുമ്മാട്ടിപ്പുല്ലിന്റെ ക്ഷാമവും അത് അന്യനാടുകളിൽ നിന്ന് കണ്ടെത്താനുള്ള വിഷമവും പണച്ചെലവും വളരെയധികമാണ്. 50 കുമ്മാട്ടികൾ അണിനിരക്കുന്ന വടക്കുംമുറി കിഴക്കുംപാട്ടുകര തുടങ്ങി കിഴക്കുപാട്ടുകര തെക്കുംമുറി, മുക്കാട്ടുകര ദേശകുമ്മാട്ടി, ശ്രീദുർഗ, പൃഥ്വി, കുളമുറ്റം ഋഷി, നെടിശേരി, നെടുപുഴ-ദർശന കലാവേദി, ഏവന്നൂർ, ചെമ്പൂക്കാവ്, അഞ്ചേരിപൂങ്കുന്നം,മൂർക്കനിക്കര, എന്നിങ്ങനെ വിവിധ ദേശകുമ്മാട്ടി സംഘങ്ങൾ തൃശ്ശൂരിൽ സജീവമായുണ്ട്.

തൃശ്ശൂർ ജില്ലയിൽ പ്രധാനമായിട്ടും പ്രചാരത്തിലുള്ള ഒരു നാടൻ പാട്ടാണ് കുമ്മാട്ടിപ്പാട്ട്. കുമ്മാട്ടി വേഷം കെട്ടി, തപ്പും തുടിയും കിണ്ണവുമൊക്കെ കൊട്ടി കുട്ടികൾ പാടുന്ന പാട്ടുകൾ

കുണ്ടൻ കിണറ്റിൽ കുറുവടി പോയാൽ
കുമ്പിട്ടെടുക്കും കുമ്മാട്ടി...
പൊക്കത്തിലുള്ളൊരു വാളൻപുളിങ്ങ
എത്തിച്ചു പൊട്ടിയ്ക്കും കുമ്മാട്ടി...

തള്ളേ തള്ളേ എങ്ങട്ടു പോണു ?..
ഭരണിക്കാവിലെ നെല്ലിനു പോണു..
അവിടത്തെ തമ്പുരാൻ എന്തു പറഞ്ഞു..
തല്ലാൻ വന്നു,കൊല്ലാൻ വന്നു.
ഓടിയൊളിച്ചു കൈതക്കാട്ടിൽ ..
കൈതെനിക്കൊരു പൂ തന്നു...

പഴോം പപ്പടോം തന്നില്ലെങ്കീ
പടിക്കല് തൂറും കുമ്മാട്ടി..

'ശിവപുരഗോപുര
പാലനകാരന
ശിവഹരി ഗോപുര
മന്ദിര നാമം...'

മഞ്ഞൻ നായര് കുഞ്ഞൻ നായര്
മഞ്ഞ കാട്ടിൽ പോകാല്ലോ
മഞ്ഞ കാട്ടിൽ പോയ പിന്നെ
മഞ്ഞ കിളിയെ പിടിക്കാലോ
മഞ്ഞ കിളിയെ പിടിച്ചാ പിന്നെ
പപ്പും തൂവലും പറിക്കാലോ
പപ്പും തൂവലും പറിച്ചാ പിന്നെ
ഉപ്പും മുളകും പുരട്ടാലോ
ഉപ്പും മുളകും പുരട്ടിയാ പിന്നെ
ചട്ടിയിലിട്ടു പൊരിക്കാലോ
ചട്ടിയിലിട്ടു പൊരിച്ചാ പിന്നെ
നാക്കില വാട്ടി പൊതിയാലോ
നാക്കില വാട്ടി പൊതിഞ്ഞാ പിന്നെ
കള്ള് ഷാപ്പിൽ പോകാലോ
കള്ള് ഷാപ്പിൽ പോയാ പിന്നെ
കള്ളും കൂട്ടി അടിക്കാലോ
കള്ളും കൂട്ടി അടിച്ചാ പിന്നെ
ഭാര്യേം മക്കളേം തല്ലാലോ
(വകഭേദം)
മഞ്ഞക്കാട്ടിലു പോവാലോ
മഞ്ഞക്കാട്ടിൽ പോയാൽ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ,
മഞ്ഞക്കിളിയെ പിടിച്ചാൽ പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ.
ചപ്പും ചവറും പറിച്ചാൽ പിന്നെ
ഉപ്പും മുളകും തിരുമ്മാലോ
ഉപ്പും മുളകും തിരുമ്മിയാൽ പിന്നെ-
ചട്ടീലിട്ടു പൊരിക്കാലോ
ചട്ടീലിട്ടു പൊരിച്ചാൽ പിന്നെ
നാക്കിലവെട്ടിപൊതിയാലോ
നാക്കിലവെട്ടിപ്പൊതിഞ്ഞാൽ പിന്നെ-
തണ്ടൻ പടിക്കൽ ചെല്ലാലോ.
തണ്ടൻ പടിക്കൽ ചെന്നാൽ പിന്നെ-
കള്ളേലിത്തിരി മോന്താലോ.
കള്ളേലിത്തിരി മോന്ത്യാൽ പിന്നെ
അമ്മേം പെങ്ങളേം തല്ലാലോ
അമ്മേം പെങ്ങളേം തല്ലാല്ല്യാൽ പിന്നെ-
കോലോത്തും വതില്ക്കൽ ചെല്ലാലോ
കോലോത്തും വതില്ക്കൽ ചെന്നൽ പിന്നെ-
കാര്യം കൊണ്ടിത്തിരി പറയാളോ
കാര്യം കൊണ്ടിത്തിരി പറഞ്ഞാൽ പിന്നെ-
കഴുമ്മേൽ കിടന്നങ്ങാടാലോ......മഞ്ഞക്കാട്ടിൽ പോവാലോ......

തള്ളേ തള്ളേ എങ്ങട്ട് പോണൂ
ഭരണിക്കാവിൽ നെല്ലിനു പോണൂ..
അവിടുത്തെ തമ്പ്രാൻ എന്ത് പറഞ്ഞു
തല്ലാൻ വന്നു കുത്താൻ വന്നു
ഓടി ഒളിച്ചു കൈതകാട്ടിൽ
കൈത എനിക്കൊരു കയറു തന്നു
കയറു കൊണ്ട് കാളയെ കെട്ടി
കാള എനിക്കൊരു കുന്തി തന്നു
കുന്തി കൊണ്ട് വാഴക്കിട്ടു
വാഴ എനിക്കൊരു കുല തന്നു
കുല കൊണ്ട് പത്തായത്തിൽ വെച്ചു
പത്തായം എനിക്കത് പഴിപ്പിച്ചു തന്നു
അതിലൊരു പഴം കുമ്മാട്ടി തിന്നു
ആറാപ്പോ................

കുമ്മാട്ടിക്കൊരു
തേങ്ങാ കൊടുപ്പിൻ
ഉത്രാടം നാൾ അസ്തമയത്തിൽ
എത്രയും മോഹിനിമോദത്തോടെ
തെക്കൻ തെക്കൻ തെക്കിനിയപ്പൻ
തക്കത്തിൽ ചില പേരുകൾ നൽകി
ഗണനായകനും ഗുരുവരനും മമ
തുണയായ് വരണം കുമ്മാട്ടിക്ക്
ഒാണത്തപ്പാ കുടവയറാ
നാണം കൂടാതടുത്തുവാ
തേങ്ങമരമതു കായ്ക്കണമെങ്കിൽ
കുമ്മാട്ടിക്കൊരു തേങ്ങാ കൊടുപ്പിൻ.

ചാടീ ഹനുമാൻ രാവണന്റെ മതിലിന്മേൽ.
ഇരുന്നൂ ഹനുമാൻ രാവണനോടൊപ്പം.
പറഞ്ഞൂ ഹനുമാൻ രാവണനോടുത്തരം.
“എന്തെട രാവണ, ഏതെട രാവണ, സീതേ കക്കാൻ കാരണം?
നിന്നോടാരാൻ ചൊല്ലീട്ടോ, നിന്റെ മനസ്സിൽ തോന്നീട്ടോ?”
“എന്നോടാരാൻ ചൊല്ലീട്ടല്ല; എന്റെ മനസ്സിൽ തോന്നീട്ട്.”

“പിടിക്ക്യ, വലിക്ക്യ, കല്ലറയിലാക്കാ.”

“കല്ലറയിലാക്ക്യാൽ പോരാ, വാലിന്മേൽ തുണി ചുറ്റേണം.
വാലിന്മേൽ തുണി ചുറ്റ്യാൽ പൊരാ, എണ്ണകൊണ്ടു നനയ് ക്കേണം.
എണ്ണകൊണ്ടു നനച്ചാൽ പോരാ, അഗ്നികൊണ്ടു കൊളുത്തേണം.“
“അഗ്നികൊണ്ടു കൊളുത്ത്യാൽ പോരാ, ലങ്ക ചുട്ടുപൊരിക്കേണം.
ലങ്ക ചുട്ടുപൊരിച്ചാൽ പോരാ, രാക്ഷസവംശം മുടിക്കേണം.
രാക്ഷസവംശം മുടിച്ചാൽ പോരാ, ദേവിയെ കൊണ്ടിങ്ങു പോരേണം.”


ഓണത്തിന്റെ ആരവങ്ങളില്‍ കുമ്മാട്ടി വീട്
കെ.കെ. ശ്രീരാജ്
ദേഹത്ത് പര്‍പ്പടകപ്പുല്ല് വരിഞ്ഞുകെട്ടി, രൗദ്രമുഖങ്ങള്‍ ചാര്‍ത്തി, തെരുവുകീഴടക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കുമ്മാട്ടിക്കൂട്ടങ്ങള്‍. ഉത്രാടം മുതല്‍ അവിട്ടംവരെയുള്ള ദിവസങ്ങളില്‍ പലദേശങ്ങളിലായി കുമ്മാട്ടിപ്പാട്ടുകളുയരും. ഒരുക്കത്തിന്റെ താളം മുറുകുന്നു.
കുമ്മാട്ടികള്‍ക്കൊരു തറവാടുണ്ടെങ്കില്‍ അതു കിഴക്കുംപാട്ടുകരയാണ്. ഇതില്‍ത്തന്നെ പഴക്കംകൂടിയത് തെക്കുംമുറി കുമ്മാട്ടിക്കും. ഇവിടത്തെ തൈക്കാട്ട് മൂസിന്റെ ഇല്ലത്തു വരുന്നത് അഞ്ച് കുമ്മാട്ടികള്‍.  ശിവരൂപമായ ഇവിടത്തെ കിരാതമൂര്‍ത്തിയാണ് ഇതിന്റെ അടിസ്ഥാനം എന്നാണ് വിശ്വാസം. കുമ്മാട്ടികള്‍ ശിവന്റെ ഭൂതഗണമാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണിത്.

തെക്കുംമുറി കുമ്മാട്ടി ഇത്തവണയിറങ്ങുമ്പോള്‍ ഈ ചരിത്രത്തിന് ഇരട്ടിമധുരമുണ്ട്. ഇവിടത്തെ മരംകൊണ്ടുള്ള കുമ്മാട്ടിമുഖങ്ങളുടെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷമാണിവര്‍ഷം.  ഇതിന്റെ ചടങ്ങുകള്‍ സപ്തംബര്‍ 8ന് നടക്കുന്നുണ്ട്. കിഴക്കുംപാട്ടുകരയില്‍നിന്ന് പടര്‍ന്നുപന്തലിച്ച കുമ്മാട്ടികള്‍ എവിടെയൊക്കെയെത്തിയെന്ന് ആര്‍ക്കുമറിയില്ല. എന്തായാലും നാല്‍പ്പതിലധികം സ്ഥലങ്ങളില്‍ കുമ്മാട്ടികള്‍ നടക്കുന്നുണ്ടെന്നാണ് ഏകദേശകണക്ക്.
പര്‍പ്പടകപ്പുല്ല് ദേഹത്തു വരിഞ്ഞുകെട്ടി രൗദ്രത തുളുമ്പുന്ന മുഖങ്ങളുമായി കുമ്മാട്ടിക്കൂട്ടങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ ദേശങ്ങളില്‍ ആരവങ്ങള്‍ ഉയരും.  പിന്നെ കുമ്മാട്ടികളോടൊപ്പമുള്ള ചടുല താളത്തിന്റെയാകും സമയം. തിരുവോണത്തലേന്നും തിരുവോണത്തിനും പിറ്റേന്നുമെല്ലാം തൃശ്ശൂര്‍ കുമ്മാട്ടിക്കളിക്കു കാതോര്‍ക്കും. ഇതിന്റെ ഒരുക്കങ്ങള്‍ ഓരോ കേന്ദ്രത്തിലും തകൃതിയായി നടന്നുകൊണ്ടിരിക്കയാണ്.
ദേശക്കുമ്മാട്ടികളാണ് ഇവയെല്ലാം എന്നതിനാല്‍ നഗരത്തിലേക്കെത്തില്ല ഇവ. എല്ലാം ദേശത്തിന്റെ ആരവങ്ങളായി മാറുകയാണ് പതിവ്. ശിവന്റെ ഭൂതഗണങ്ങളായ കുമ്മാട്ടികള്‍ ഓണവിശേഷം ജനങ്ങളോട് ചോദിച്ചറിയാനാണ് വരുന്നതെന്നാണ് വിശ്വാസം. ഋഷി കുളമുറ്റം, പൃഥ്വി കിഴക്കുംപാട്ടുകര, വടക്കുംമുറി, നല്ലെങ്കര തുടങ്ങി ഇരുപതോളം സംഘങ്ങളാണ് ഇത്തവണയും കുമ്മാട്ടിപ്പൂരത്തിനു തയ്യാറെടുക്കുന്നത്.
പാളമുഖങ്ങള്‍, പിന്നെ മരം
പാളമുഖങ്ങളായിരുന്നു കുമ്മാട്ടിക്ക് ആദ്യം. പിന്നെ തകിടുകൊണ്ടുള്ള മുഖങ്ങളായി. തുടര്‍ന്നാണ് മരത്തിന്റെ മുഖങ്ങള്‍ വന്നത്. പ്ലാവിലാണ് കുമ്മാട്ടിമുഖങ്ങള്‍ രൂപപ്പെടുന്നത്. കാട്ടാളന്‍, തള്ള, ഹനുമാന്‍, കാളി നരസിംഹം തുടങ്ങിയ മുഖങ്ങളാണ് പൊതുവേ ഉണ്ടാകാറ്. കനംക്കുറവിനുവേണ്ടി കുമിഴ് മരം മറ്റു പല നിര്‍മ്മിതികള്‍ക്കും ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുഖത്തുവെച്ചു തുള്ളുന്നതിനാല്‍ പൊട്ടിപ്പോകാന്‍ സാധ്യതയേറുന്നു എന്നതിനാലാണ് പ്ലാവില്‍ മുഖങ്ങള്‍ തീര്‍ക്കുന്നത്.  1935ല്‍ ആണ് പാളമുഖങ്ങള്‍ നാകത്തകിടിലേക്ക് ചുവടുമാറ്റിയത്. നാകത്തകിടില്‍ കൊത്തിയെടുക്കുക എളുപ്പമല്ലെന്നതിനാല്‍ 1941ല്‍ മരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. 1959 മുതലാണ് ചെട്ടിവാദ്യം ഇതിന്റെ കൂടെ വന്നത്.

പര്‍പ്പടകപ്പുല്ല് / അമ്മായിപ്പുല്ല്
പര്‍പ്പടകപ്പുല്ല് അന്വേഷിച്ചു നടന്ന കുമ്മാട്ടി സംഘാടകരിലൊരാള്‍ക്ക് ലക്ഷണങ്ങള്‍ പറഞ്ഞപ്പോള്‍ കോഴിക്കോട്ടുകാരന്‍ കാണിച്ചുകൊടുത്തത് അവിടത്തെ അമ്മായിപ്പുല്ല്. കുമ്മാട്ടിപ്പുല്ലെന്നും ഇതിനു പേരുണ്ട്. കുമ്മാട്ടിക്കളിക്ക് ഒരുങ്ങുന്ന ഓരോ സംഘത്തിനും വെല്ലുവിളി പര്‍പ്പടകപ്പുല്ലിന്റെ ലഭ്യതതന്നെ. ചേര്‍ത്തല, കോഴിക്കോട്, തിരുവില്വാമല തുടങ്ങി നാനാഭാഗത്തേക്കും ആളെവിട്ടാണ് ഇതു സംഘടിപ്പിച്ചെടുക്കുന്നത്.
പ്രത്യേക ഗന്ധമുള്ള പുല്ലാണിത്. ദേഹത്തുകെട്ടുമ്പോള്‍ അധികം ചൊറിയില്ലെന്ന പ്രത്യേകതയും ഉണ്ട്. നൂലില്‍ കെട്ടിയെടുത്താണ് പുല്ല് ദേഹത്ത് അണിയുന്നത്. പര്‍പ്പടകപ്പുല്ല് കിട്ടാനുള്ള ക്ഷാമം മൂലം ദിവസങ്ങള്‍ക്കുമുന്നെ പറിച്ചെടുത്ത് നട്ടുസൂക്ഷിക്കുകയാണ് പലരും ചെയ്യുന്നത്.
'ചാടി ഹനുമാന്‍....'
'തള്ളേ..തള്ളേ എവിടെ പോണു' കുമ്മാട്ടിപ്പാട്ടുകളില്‍ ജനകീയമായ പാട്ടുകളിലൊന്നു തുടങ്ങുന്നതിങ്ങനെയാണ്. എത്ര പാട്ടുകള്‍ ഉണ്ടെന്നു കൃത്യമായി അറിയില്ലെങ്കിലും പതിനഞ്ചോളം പാട്ടുകള്‍ എല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്. 'പണ്ടാരു മുനിവര ഹോമം ചെയ്തു' എന്നു തുടങ്ങുന്നത് ഇത്തരത്തില്‍ മറ്റൊരു പാട്ട്. 'ചാടി ഹനുമാന്‍ രാവണന്റെ മുന്നില്‍'എന്നപാട്ടു ഏറെ ഉപയോഗിക്കപ്പെടുന്നതാണ്. ഇതിനെല്ലാം ചുവടുവെച്ചാണ് കുമ്മാട്ടികള്‍ നീങ്ങുന്നത്.
ഓണവില്ലിന്‍ താളം
കുമ്മാട്ടിയുടെ പ്രധാന വാദ്യം ഓണവില്ലുതന്നെയാണ്. പിന്നീടത് ചെട്ടിവാദ്യത്തിലേക്കും മറ്റും പടര്‍ന്നുകയറുകയായിരുന്നു. ഋഷി കുളമുറ്റത്തിന്റെ കുമ്മാട്ടിസംഘത്തിന് അകമ്പടി സേവിക്കാന്‍ 15 പേരടങ്ങിയ വാദ്യസംഘമാണ് ഇത്തവണയുള്ളത്. മുമ്പെല്ലാം കുമ്മാട്ടികള്‍ വീടുകള്‍ തോറും കയറിയിറങ്ങിയിരുന്നത്രെ. ഓണപ്പുടവകളും സമ്മാനങ്ങളും സ്വീകരിച്ചുകൊണ്ടായിരുന്നു യാത്ര. കാലണയോ രണ്ടുപഴമോ ഒക്കെയാണ് അന്നു വീടുകളില്‍നിന്നും കിട്ടിയിരുന്നത് എന്നാണ് ഒരു പഴയ ഓര്‍മ്മ.
ദേശങ്ങളുടെ ഉത്സവം
പുലിക്കളിപോലെ കുമ്മാട്ടിക്കളിയും ഏകോപിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ദേശങ്ങള്‍ വിട്ടൊരു കളിയുമില്ലെന്ന് സംഘങ്ങള്‍ കട്ടായം പറഞ്ഞതോടെ ഇതു നിലച്ചു. എല്ലാ കുമ്മാട്ടികളും റൗണ്ടില്‍ കയറുന്ന രീതിയിലാണ് ഇതു വിഭാവനം ചെയ്തിരുന്നത്.
കടല്‍കടന്ന് മുഖങ്ങള്‍
കുമ്മാട്ടിമുഖമണിഞ്ഞ് തുള്ളിയൊടുക്കാന്‍ ആളുകള്‍ എത്തുന്നത് ഗള്‍ഫില്‍നിന്ന്. കുമ്മാട്ടിക്കളി ലക്ഷ്യമാക്കി അവധിയെടുത്ത് വരാനായി നില്‍ക്കുന്ന പ്രവാസികള്‍ തെക്കുമുറിയില്‍ത്തന്നെയുണ്ട് ധാരാളം. ബംഗളൂരു, പുണെ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം കുമ്മാട്ടിക്കൂട്ടങ്ങളെത്തും. ഇത്തരം ആളുകളെല്ലാം ഇതിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള വേവലാതിയിലാണ്. പര്‍പ്പടകപ്പുല്ലിന്റെ ലഭ്യത, ചെലവ് എല്ലാം ഇവരെ വിഷമത്തിലാക്കുന്നു. കുമ്മാട്ടിക്കളി നിന്നുപോകുന്നത് ഇവര്‍ക്കു സഹിക്കാനാവില്ലെന്നതുതന്നെ കാര്യം.
മുഖങ്ങള്‍ക്ക് പ്രായം 75
കിഴക്കുംപാട്ടുകര തെക്കുംമുറി കുമ്മാട്ടിയിലെ മൂന്നുമുഖങ്ങള്‍ക്ക് പ്രായം 75.  കാട്ടാളന്‍, തള്ള, ഹനുമാന്‍ തുടങ്ങിയ മുഖങ്ങളാണ്  എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കുമ്മാട്ടിക്കളിയാണ് ഇതെന്നതിനാല്‍ ഏറ്റവും പഴക്കമുള്ള മുഖങ്ങള്‍ ഇതുതന്നെ.
പ്ലാവില്‍തീര്‍ത്തതാണെങ്കിലും താരതമ്യേന കനംകുറഞ്ഞ മുഖങ്ങളാണ് ഇവ. പിന്നീടു ഇത്ര കനക്കുറവില്‍ മുഖങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നു എസ്.എന്‍.എ. ഔഷധശാല എം.ഡി. അഷ്ടവൈദ്യന്‍ പി.ടി.എന്‍. വാസുദേവന്‍മൂസ്സും കുമ്മാട്ടിക്കു നേതൃത്വം നല്‍കുന്ന ഉണ്ണികൃഷ്ണനും പറയുന്നു.  കാരപ്പുറത്ത് മാധവന്‍നായരുടെയും രാമന്‍നായരുടെയും ഗോവിന്ദന്‍കുട്ടിനായരുടെയും നേതൃത്വത്തില്‍ നിര്‍മ്മിച്ച മുഖങ്ങളാണ് ഇവ. വിശ്വനാഥന്‍ ആശാരിയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു.
കുന്നമ്പത്ത് കൃഷ്ണന്‍കുട്ടിനായര്‍, കുറുപ്പത്ത് കരുണാകരന്‍നായര്‍, കാരപ്പുറത്ത് കൊച്ചുണ്ണിനായര്‍ എന്നിവരാണ് ഇത് ആദ്യമായി അണിഞ്ഞത്.

നാടൻ കലകളെ മലപ്പുറം മുതലുള്ള ഉത്തരകേരളം ഫാഷനും ഭക്തിയും മിക്സ് ചെയ്താസ്വദിക്കുമ്പോൾ തിരുവനന്തപുരം മുതൽ പാലക്കാടും വരെയുള്ള കേരളം ഭക്തി സാന്ദ്രമാക്കുകയാണ് ചെയ്യുന്നത്. തൃശൂർ ഇതിൽ വേറിട്ട് നില്ക്കുന്ന ഒന്നാണെന്ന് കാണാം. അവിടെ കലയെ ലഹരിയായ് നെഞ്ചിലേറ്റപ്പെടുന്നു. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം കലയെ ലഹരിയായ് കാണുന്നതിനാൽ ആകണം അതിനൊരു നെറ്റിപ്പട്ടം കെട്ടി കോലമെടുത്ത് വരുന്ന ആനയുടെ തലയെടുപ്പുള്ളത്.

അതെന്തുമാകട്ടെ;
ഇത് നിങ്ങൾക്ക് മുമ്പിൽ നിരത്തി വെച്ച് പിറകോട്ട് മാറുന്നു.
ശേഷം നിങ്ങളായ്;................