ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

17

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
 പതിനേഴാം ഭാഗം

*ഐവർകളി * യെയാണ് ഇന്ന് അവതരിപ്പിക്കുന്നത്.

ഏവർക്കും സ്വാഗതമോതി ക്കൊണ്ട് പറയട്ടെ കുറിപ്പുകൾക്കൊപ്പം വീഡിയോയുമുണ്ടെന്ന് പറഞ്ഞുകൊള്ളട്ടെ.
ഈ ഭാഗത്തേക്ക്
ഏവർക്കും ഒരിക്കൽ കൂടി സ്വാഗതം.


                     ഐവർകളി

വാമൊഴികളിലൂടെ തലമുറകൾ നേടിയെടുത്ത്‌ ഭഗവതിക്ക്‌ വഴിപാടായി നടത്തുന്ന ആദിമവംശ സ്‌മൃതികളുറങ്ങുന്ന ഐവർകളി എന്ന അനുഷ്‌ഠാനത്തിന്‌ ആണ്ടുകളുടെ പഴക്കമുണ്ട്‌. പ്രധാനമായും കാളീചരിതം പ്രതിപാദിച്ച് വള്ളുവനാടൻ‍ പ്രദേശങ്ങളിൽ അവതരിപ്പിയ്ക്കപ്പെടുന്ന അനുഷ്ഠാനകലയാണ് ഇത്. ഐവര്‍നാടകം, പാണ്ഡവര്‍കളി, തട്ടിന്മേല്‍ക്കളി, കണ്ണില്‍കുത്തിക്കളി എന്നീ പേരുകളിലും ഈ കലാരൂപം അവതരിപ്പിച്ചു വരാറുണ്ട്.

പതിനെട്ടര കാവുകളിലെ കുംഭ ഭരണി ആഘോഷത്തിനാണ് പരമ്പരാഗതമായി ഐങ്കുടിക്കമ്മാളരായ വിശ്വകര്‍മ്മജര്‍ ഐവര്‍കളി അവതരിപ്പിക്കുന്നത്. ഐങ്കുടിക്കമ്മാളര്‍ അഞ്ചു സമുദായക്കാരാണ്. ആശാരി (ദാരുശില്പി), മൂശാരി (വാര്‍പ്പുശില്പി), കരുവാന്‍ (ലോഹശില്പി), തട്ടാന്‍ (ഹേമശില്പി), കമ്മാളര്‍ (കല്ല്ശില്പി) എന്നിവരാണിവര്‍. അതായത് തൊഴില്‍ സംസ്‌കാരമുള്ള സമുദായങ്ങള്‍ ഐക്യത്തോടെ കാവുകളില്‍ നടത്തുന്ന ഒരു ചടങ്ങാണിത്.  പഞ്ചശീലബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്നു. ജാതിയുടെ ഉച്ചനീചത്വങ്ങളെ ഭേദിക്കുകയും ചെയ്യുന്നു.

ഐവർകളിക്ക്‌ ചിലയിടങ്ങളിൽ ‘തട്ടിൻമേൽകളി’ എന്നും പറയും. ഉയർന്ന തറയിൽനിന്ന്‌ കളിക്കുന്നതുകൊണ്ടാകാം ആ പേർ ലഭിച്ചത്‌. ക്ഷേത്ര മതലിനു വെളിയിൽ മൂന്നോ നാലോ അടി ഉയരത്തിൽ കെട്ടിയുണ്ടാക്കിയ തറയിലാണ് കളി അരങ്ങേറുന്നത്. ഇതാണ് തട്ടിന്മേൽ കളി എന്ന പേരുവരാൻ കാരണം. 5 കോല്‍ 2 വിരല്‍ സമചതുര അളവില്‍ പലക കൊണ്ടുണ്ടാക്കിയ തട്ടിന്‍മേലാണ് കളി നടത്തുന്നത്. അതിന് 24 കാലുകളാണ് ഉണ്ടാവുക. ഇത് അശോകചക്രത്തിന്റെ ആരക്കാലുകളെ ഓര്‍മ്മപ്പെടുത്തുന്നു. തട്ട് താല്‍ക്കാലികമായി ഉണ്ടാക്കുന്നതും ചടങ്ങ് കഴിഞ്ഞാല്‍ പൊളിച്ചുമാറ്റുന്നതുമാണ്. 5, 8, 24 എന്നീ അക്കങ്ങള്‍ ബൗദ്ധര്‍ക്ക് വിശേഷപ്പെട്ടവയാണ്.  സ്ഥിരമായ ഐവര്‍കളി തറകളുള്ള ക്ഷേത്രങ്ങളുണ്ട്.  മറ്റു സ്ഥലങ്ങളില്‍ മരപ്പലക വിരിച്ച് തട്ടുകളുണ്ടാക്കും. തറയിൽ മുളംപന്തലിട്ട് കുരുത്തോലകൊണ്ട് തോരണം തൂക്കുന്നു. എഴുതിരിയിട്ട വിളക്കിനുമുമ്പിൽ (ചിലപ്പോൾ ഐന്തിരി) നാക്കിലയിൽ അരി, പൂവ്, നാളീകേരം എന്നിവവച്ച് പ്രാരംഭ ചടങ്ങെന്നോണം വിളക്കിനെ വന്ദിച്ച് തൊഴുകയ്യോടെ ചുവട്‌വെയ്ക്കുന്നു. അഞ്ചോ, ഏഴോ, ഒൻപതോ, പതിനൊന്നോ കളിക്കാരാണ് ഉണ്ടാവുക. കരചരണങ്ങളുടേയും മെയ്യഭ്യാസത്തിന്റേയും വേഗതയനുസരിച്ച് ചലനങ്ങളെ ഒന്നാംചുവടെന്നും രണ്ടാംചുവടെന്നും തുടങ്ങി എട്ട് ചുവടുകൾ വരെ തിരിച്ചിരിയ്ക്കുന്നു. ഈ നൃത്തനാടകം വട്ടക്കളി, പരിചകളി, കോൽ‌ക്കളി എന്നിങ്ങനെ സന്ദർഭാനുസരണം തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തരിച്ചിലമ്പു പിടിപ്പിച്ച ചെറുകോലുകൾ കുലുക്കിയുള്ള നൃത്തം പ്രധാനമാണ്. വട്ടത്തില്‍ കളിക്കുന്ന ഈ കളിയില്‍ പൊതുവേ പുരുഷന്‍മാരാണ് പാടുന്നതും ചുവടുവച്ച് കളിക്കുന്നതും.

ആശാന്‍സ്തുതി ഗീതം ചൊല്ലിക്കൊടുക്കും. മറ്റു കളിക്കാര്‍ അത് ഏറ്റുപാടുകയും ചെയ്യും. പാട്ടിനൊത്ത് ചുവടുകളും വെക്കും. പതിഞ്ഞ താളത്തിലും ദ്രുതതാളത്തിലും ഉള്ള ചുവടുകളുണ്ട്. രാവിലെ തുടങ്ങിയ കളി ഉച്ചയോടെ സമാപിക്കും. ഭരണി ആഘോഷത്തിന്റെ ഭാഗമല്ലാതെയുള്ള കളി സന്ധ്യക്കു ശേഷമാണ് അരങ്ങേറുന്നത്.  കുഴിത്താളവും പൊന്തി അഥവാ കോല്‍മണിയുമാണ് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നത്. ആശാന്മാരുടെ കൈയിലാണ് വാദ്യോപകരണങ്ങള്‍. വട്ടക്കളി, പരിചക്കളി, കോല്‍ക്കളി എന്നിങ്ങനെ മൂന്നു വിധത്തില്‍ കളിക്കും.

നിലവിളക്കിന് ചുറ്റും നിന്നുള്ള ചുവടുകളാണ് വട്ടക്കളി.
വാളും പരിചയും എടുത്തുള്ള കളി പരിചക്കളി. മരം കൊണ്ടുണ്ടാക്കിയ വാളും പരിചയുമാണ് ഉപയോഗിക്കുന്നത്.
കോല് (ചെറിയ വടി) കയ്യിലേന്തി ചുവടുവെച്ചുകൊണ്ടുള്ള കളിയാണ് കോല്‍ക്കളി.

ഗുരുക്കന്മാരിൽ നിന്നും പകർന്നുകിട്ടിയ ചുവടുകളും കൈമുദ്രകളും തലമുറകളായി കൈമാറിവന്ന താളിയോലഗ്രന്ഥങ്ങളിലെ കീർത്തനങ്ങളും അഭ്യസിച്ചതിനു ശേഷമാണ് കളിക്കാർ തട്ടിലേറുന്നത്‌. ഇവർക്ക് വ്രതം നിർബന്ധമാണ്.

പൊങ്ങി, ഇലത്താളം എന്നിവയാണ് താളമായി ഉപയോഗിക്കുന്നത്. ദേശത്തെ അധികാരപ്പെട്ട വേലന്‍മാരില്‍ നിന്നും സ്വീകരിക്കുന്ന തിരുടാട (തിരുഉടയാട) നടുവില്‍ വച്ച് വിളക്ക് തെളിയിച്ച് പൂവെറിഞ്ഞ് അതിനുചുറ്റുമാണ് കളി നടത്തുന്നത്. തിരുടാടയില്‍ ദേവി പുറത്തേക്കെഴുന്നള്ളുന്നു എന്നാണ് വിശ്വാസം. രാമായണം, വാല്‍ക്കണ്ണാടി എന്നിവ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു.

മധ്യകേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ ഉത്‌സവകാലത്ത്‌ നടത്താറുളള ഐവർനാടകത്തിന്‌ കാളീചരിതമാണ്‌ മുഖ്യമായും പാടുക. ഭദ്രകാളിയെ തൃപ്‌തിപ്പെടുത്താൻ പാണ്‌ഡവൻമാർ പാടിക്കളിച്ചതാണ്‌ ഐവർകളിയെന്നാണ്‌ ഐതിഹ്യം. ഭദ്രകാളിയുടെ ഭക്‌തനായ കർണ്ണനെ പാണ്‌ഡവൻമാർ വധിച്ചതറിഞ്ഞ്‌ കാളി രൗദ്രവേഷമെടുത്ത്‌ പാണ്‌ഡവവംശത്തെ മുടിക്കുവാൻ പുറപ്പെട്ടു. ഈ വിവരമറിഞ്ഞ ശ്രീകൃഷ്‌ണൻ പാണ്‌ഡവൻമാരെ വരുത്തി ദേവിയെ സ്‌തുതിച്ച്‌ പാട്ടുപാടിക്കളിച്ച്‌ ദേവീപ്രീതി നേടണമെന്ന്‌ പറഞ്ഞു. ശ്രീകൃഷ്‌ണൻതന്നെ വിളക്കായിനിന്ന്‌ പാട്ടുപാടികൊടുത്ത്‌ പാണ്‌ഡവരെക്കൊണ്ട്‌ കളിപ്പിച്ചു. തൽഫലമായി ദേവി പ്രസാദിച്ച്‌ പാണ്‌ഡവരെ അനുഗ്രഹിച്ചു. ഈ പശ്ചാത്തലത്തിൽ ഇതിനെ ‘പാണ്‌ഡവക്കളി’ എന്നു ചിലയിടങ്ങളിൽ പറയുന്നു. സീതാവിരഹത്താൽ ദുഃഖിതനായ രാമനെ സന്തോഷിപ്പിക്കാൻ സുഗ്രീവാദികൾ നടത്തിയ വിനോദമാണ് എന്നും കഥയുണ്ട്. ഐവർനാടകം തികച്ചും ഗാനപ്രധാനമായൊരു ദൃശ്യകലാരൂപമാണ്. ഈ കളിയ്ക്കുവേണ്ടി താളം പിടിയ്ക്കാൻ കുഴിത്താളവും പൊന്തിയുമാണ് ഉപയോഗിയ്ക്കുന്നത്. 927-ൽ മംഗളോദയം പ്രസ്സിൽനിന്നു പ്രസിദ്ധീകരിച്ച പാട്ടുകൾ എന്ന പേരിലുള്ള ഗ്രന്ഥാവലിയിൽ ഐവർ കളിപ്പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഭീമൻ സൗഗന്ധികപുഷ്‌പം തേടിപ്പോകുമ്പോൾ ഹനുമാൻ വഴിയിൽ കിടക്കുന്നതായി വർണ്ണിക്കുന്ന കല്യാണസൗഗന്ധികത്തിലെ കഥയും പാശുപതാസ്‌ത്രം കരസ്‌ഥമാക്കാൻവേണ്ടി അർജ്ജുനൻ ശിവനെ തപസ്സുചെയ്‌തതും രാമൻ ബാലിയെ അമ്പെയ്‌തു വീഴുത്തുന്നതും രാവണൻ സീതയെ കട്ടുകൊണ്ടുപോകുന്നതും ദമയന്തീവിവാഹത്തിനു പോകുന്ന നളന്റെകഥയും തുടങ്ങി പുരാണേതിഹാസകഥകളുടെ പാട്ടുകൾ ഈ നാടോടിവിജ്‌ഞ്ഞാനധാരയിലെ പ്രതിപാദ്യങ്ങളാണ്‌. രാമായണ ഭാരതേതിഹാസകഥകളെ ആസ്‌പദമാക്കി രചിച്ചിട്ടുള്ള "ഒളരിക്കരപ്പാട്ട്" "നമ്പോർക്കാവിലെപ്പാട്ട്" തുടങ്ങിയ ഏറെ ജനപ്രീതിനേടിയ ഐവർകളിപ്പാട്ടുകളാണ്. ശേഖരിച്ച ഐവർകളിപ്പാട്ടുകളിൽ മിക്കവയും തൃശൂർ ജില്ലയിൽ നിന്നായതിനാൽ ഈ പ്രദേശത്തെ ഐങ്കുടിക്കമ്മാളരുടെ പ്രാദേശിക ഭാഷാസ്വരൂപം ഈ പാട്ടുകളിൽ പ്രകടമാണ്‌. കാളീചരിതങ്ങൾ‌ക്കു പുറമേ രാമായണം, മഹാഭാരതം, കല്യാണസൗഗന്ധികം, ശ്രീകൃഷ്ണകഥകൾ, നള-ദമയന്തി കഥകളും ഇതിൽ അവതരിപ്പിയ്ക്കപ്പെട്ടുപോരുന്നു. രാമായണത്തിലേയോ ഭാരതത്തിലേയോ കഥകൾ പ്രമേയമാക്കിയാണ് ഈ കളി. ഇതിലെ പാട്ടുകൾ ചമ്പൂഗദ്യം പോലെ നീട്ടിച്ചൊല്ലുന്നവയാണ്.  ഇതിലെ പാട്ടുകള്‍ ദേവീസ്തുതികളാണ്. അവ പഞ്ചശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. കാവുകള്‍ പഴയ ബൗദ്ധകേന്ദ്രങ്ങളായിരുന്നു എന്ന വസ്തുത ഇതിന് പിന്‍ബലമേകുന്നു. വേല, താലപ്പൊലി ഇവയോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കുക.

മണിത്തറയിലെ ശങ്കു ആശാരിയായിരുന്നു ഐവർനാടക ആചാര്യൻ. അദ്ദേഹത്തിന്റെ വേർപാടോടെ ഐവർ നാടകത്തിന്റെ ഉണർവ്വൊന്നു കുറഞ്ഞു. അദ്ദേഹം എഴുതിയുണ്ടാക്കിയ കുറെപാട്ടുകളാണ്‌ ഇന്നത്തെ കളിക്കാരുടെ അമൂല്യസമ്പത്ത്‌. ശേഷംവന്ന തലമുറയിലെ കരുവാൻ കുഞ്ഞിമോൻ, ആശാരി നാരായണൻ, ശങ്കരൻ ആശാരി, എന്നിവരും പൂർവ്വികരുടെ ശ്രേയസ്സ്‌ നിലനിർത്തി. കരുവാൻ രാമന്റെ നേതൃത്വത്തിലുളള കളിസംഘമാണ്‌ ഇപ്പോൾ അനുഷ്‌ഠാനം നിലനിർത്തുന്നത്‌. മകരസംക്രാന്തിക്ക്‌ ഒരാഴ്‌ചമുമ്പ്‌ പടിഞ്ഞാറെപുരയ്‌ക്കൽ മണിയാശാരിയുടെ വീട്ടിൽ പണികഴിഞ്ഞെത്തിയ ആശാരിമാരും കരുവാൻമാരും ഒത്തുചേരുന്നു. തുടർന്ന്‌ പരിശീലനമാണ്‌.

   ഭദ്രദീപത്തിനു ചുറ്റും വട്ടമിട്ടുകളിക്കുന്നവർ താളമാറ്റമനുസരിച്ച്‌ ചുവടുകളും മാറും. ചുവടുകൾ പലതരത്തിലുണ്ട്‌. ഒന്നാംചോട്‌, രണ്ടാം ചോട്‌, മൂന്നാംചോട്‌ തുടങ്ങി എട്ടുചോടുകൾ വരെയുണ്ട്‌. കരചരണങ്ങളുടെ സ്‌ഥാനത്തേയും മെയ്യഭ്യാസത്തേയും ആസ്‌പദമാക്കിയുളള നിലകൾക്കാണ്‌ ചോടുകൾ എന്നുപറയുന്നത്‌. പാദംകൊണ്ടുളള അളവാണ്‌ ചുവട്‌. ആട്ടക്കാരുടെ കാലുവെയ്‌പിനെ ‘ചുവടുവെയ്‌പ്‌’ എന്നും വിളിക്കുന്നു. വികാരതീവ്രതയും വേഗതയും അനുസരിച്ച്‌ ചലനങ്ങളിൽ വരുന്ന മാറ്റങ്ങൾ ആകർഷണീയമാണ്‌.

ഒളരിക്കരയിലെ ഭഗവതിക്ഷേത്രത്തിൽ കളിക്കുവാനുളള തറകൾ കല്ലിൽ കെട്ടിയുണ്ടാക്കിയിരുന്നുവത്രെ. അപ്പൻതമ്പുരാൻ അവിടെ കളിക്കാറുണ്ടായിരുന്ന കലാകാരൻമാരെ അയ്യന്തോൾ കോവിലകത്തേക്ക്‌ ക്ഷണിച്ച്‌ അവരുടെ കലാവൈഭവത്തെ പ്രോത്‌സാഹിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഉത്‌സവവേളയിലെ ആഘോഷത്തിനുവേണ്ടി ജൻമമെടുത്തിട്ടുളള ഗ്രാമീണനാടകമാണിതെങ്കിലും ഓണം, വിഷു എന്നീ വിശേഷദിവസങ്ങളിലും വിവാഹാഘോഷങ്ങളിലും ഐവർനാടകം അവതരിപ്പിക്കാറുണ്ട്‌. പഴയകാല ഓർമ്മകൾ ചികയവേ വിവാഹാഘോഷങ്ങളിൽ വരന്റെ സംഘവും വധുവിന്റെ സംഘവും മത്‌സരിച്ച്‌ ഐവർകളിയിൽ പങ്കെടുത്തിരുന്നതായി 65 കാരനായ കരുവാൻ രാമൻ പറഞ്ഞു. ഒരാഴ്‌ചക്കാലത്തെ വ്രതശുദ്ധിയാർന്ന പരിശീലനത്തിനു ശേഷം മകരസംക്രാന്തിയിൽ മണിത്തറ ശ്രീപാനോർക്കാവ്‌ ഭഗവതിക്ഷേത്ര സന്നിധിയിൽ അരങ്ങേറുന്ന ഈ പ്രാചീന കൂട്ടായ്‌മയിൽ കരുവാൻ രാമനോടൊപ്പം മണി ആശാരി, പൊന്നു കരുവാൻ, ചന്ദ്രശേഖരൻ, പി.വി.സുരേഷ്‌, എം.ആർ.വൽസൺ, എം.വി. അശോകൻ, പി.എസ്‌.ഗോപാലൻ, പി.എസ്‌.രാജൻ, എം.എസ്‌.ബാലകൃഷ്‌ണൻ, എം.ബി.ഗോപി, പി.വി.സുജേഷ്‌ എന്നിവരും അണിനിരക്കുന്നു. വരുംകാലരാവുകളെ സാന്ദ്രമാക്കാൻ പുതിയ തലമുറയിലെ വിജിത്‌, ബിനീഷ്‌, രാധാകൃഷ്‌ണൻ എന്നിവരും പാട്ടുകളും ചുവടുകളുമായി മുന്നിലുണ്ട്‌.

‘അരങ്ങും പന്തലും ദീപവും വാഴ്‌ക അരുണാദിത്യനും ചന്ദ്രനും വാഴ്‌ക മുമ്പിലെന്നുടെ ഗുരുനാഥൻ വാഴ്‌ക ഭദ്രകാളിയും മുമ്പായി വാഴ്‌ക…’ കളിയാശാൻ ആദ്യം പാടുകയും കളിക്കാർ അത്‌ ഏറ്റുപാടുകയുമാണ്‌ പതിവ്‌.

വട്ടപ്പറമ്പിലെ തട്ടത്തെ ഭൂമിയിൽ അക്കത്തിലമരുമെന്റമ്മ ദേവി
കാശി രാമേശ്വരം നാട്ടിന്നകത്തൊരു പ്രഥമ വൈലേറും പനോർക്കാവ്‌
വാർത്ത്‌ കെട്ടിച്ചൊരു ആൽത്തറയും തീർത്ത്‌ കെട്ടിച്ചൊരു ചുറ്റമ്പലവും
അമ്പലത്തിന്റെ തിരുനടയിൽ അൻപൊന്ന്‌ കൂട്ടിയ ദീപസ്തംഭം
ദേവിക്ക്‌ തീർത്ഥാടാൻ മണികിണറും നല്ല കന്നിരാശിക്ക്‌ മണികുളവും
ചെത്തിയും ചെമ്പകം മല്ലിക പിച്ചകം ഇഷ്‌ടമാ കൂവള മാല ചാർത്തി
മകരമാസം നല്ല മുപ്പതാം തീയ്യതി താലപ്പൊലി വിളക്കാഘോഷവും
മംഗല്യമക്കൾ തരുണിമണികളങ്ങിനെ ഏഴുനാൾ മുൻപ്‌ കുളിച്ചൊരുങ്ങും
ആടകൾ നന്നായി ഞൊറിഞ്ഞൊടുത്ത്‌ കാർകൂന്തൽ മെല്ലെ കുടഞ്ഞുകെട്ടി
അഞ്ഞ്‌ജനം കൊണ്ടവർ കണ്ണെഴുതി കളഭം തൊട്ടവർ ദേഹമുണർത്തി
(മണിത്തറയിലെ ഐവർനാടകത്തിന്റെ ആശാൻ അന്തരിച്ച ശങ്കു ആശാരി എഴുതിയത്‌)
ഏറിയ മുല്ല ഇളംകൊട്ടിതെയ്യിൻമേൽ
ഏറിയ മങ്കമാർ പൂവറുത്തു
ഒന്നറുത്തൊന്ന്‌ മുടിയിലും ചൂടി
ഒന്നര വട്ടക പൂവ്വറുത്തു
പൂവ്വറുത്തീടുന്ന മങ്കമാരെ നിങ്ങൾ
ഞങ്ങൾക്കൊരു മാല കെട്ടിതരോ
ഇന്നത്തെ പൂവ്‌ പഴംപൂവായി പോയി
നാളത്തെ പൂ കൊണ്ട്‌ മാല കെട്ടാം
കാർമുല്ല ചൂടുന്ന മങ്കമാരെ നിങ്ങൾ
കാർവർണ്ണനെ കണ്ടോരുണ്ടോ
ഇന്നലെ ഈ നേരം നട്ടുച്ച നേരത്ത്‌
കോട്ടയ്‌ക്കകത്തൊരു അത്തിമേലെ
അത്തിപ്പഴം കൊത്തി അമൃത്‌ ഭുജിക്കുമ്പോൾ
ഞങ്ങളും ഞങ്ങളും കണ്ടോരുണ്ടേ…
നിങ്ങൾ കാണുന്ന നേരം എന്തൊരടയാളം
ചൊല്ലണം ചൊല്ലണം പെൺകിടാവേ…
അരനിറ കിങ്ങിണി പുലിനഖ മോതിരം
ഞങ്ങള്‌ കാണുന്ന നേരം അടയാളം കൂട്ടരേ
ആനങ്കുത്തും പൊന്നങ്കവാൽ കൊങ്കലും
അഞ്ഞ്‌ജനകണ്ണും ചുവന്ന ചുണ്ടും
നൂലിനും മാലക്കും മാറിടം പോരാഞ്ഞ്‌
നൂറ്റെട്ട്‌ പാണവർ മാല കെട്ടി
(ഐവർ നാടകത്തിന്റെ ഇപ്പോഴത്തെ ആശാൻ കരുവാൻ രാമൻ പാടി കേൾപ്പിച്ചത്‌)

നമ്മുടെ മൺമറഞ്ഞു പോയ സംസ്കാരത്തിന്റെ നിഴലുകളാണല്ലോ ദൃശ്യകലകളിൽ പലതും. ഈ കലകളിൽ നിന്ന് സംസക്കാരത്തെ അറിയാനോ അന്വേഷിക്കാനോ ശ്രമിക്കൽ എത്രമാത്രമുണ്ടാകുന്നുണ്ടെന്നത് ചിന്തിക്കേണ്ട ഒന്നാണ്. ആസ്വാദകർക്ക് മുമ്പിൽ അത്തരമൊരു തോന്നൽകൂടി പകർന്നു കൊണ്ട് അവതരണ ലക്ഷ്യ പൂർത്തിയായി പിൻവലിയട്ടെ.
.