ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

18-9-2017

📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം - അനില്‍
📢📢📢📢📢
🔹🔹🔹🔹🔹🔹

രാമച്ചി എന്ന കാനനഗാഥ 
 നിധിൻ.വി.എൻ
🍃🍃🍃🍃🍃🍃🍃
"കാണുന്നു കാണുന്നു
കാണാത്ത വർണങ്ങൾ "
                                 (കാട്  -ഡി.വിനയചന്ദ്രൻ)
                ഒരു വ്യക്തിക്കുള്ളിൽ ഒരു കുട്ടി ഉറങ്ങുന്നതുപോലെ നമുക്കുള്ളിൽ ഒരു ആവാസഭൂമിയായി കാടും ഉറങ്ങി കിടക്കുന്നുണ്ട്.എന്നാൽ ഉറങ്ങി കിടക്കുന്ന  ചോതനകളെ ഉണർത്താൻ താല്പര്യമില്ലാത്തതു കൊണ്ട് civilised people-ആയി നാം ഓരോരുത്തരും ജീവിച്ചു പോകുന്നു.നമ്മുടെ സാംസ്കാരികത അതിന്റെ ഉയർച്ച അതെല്ലാം പ്രകൃതിയിൽ നിന്നും അകറ്റുന്നതാണ്.നാം നമുക്കുള്ളിൽ തന്നെ അപരിചിതനായി തുടരുന്നു.ആ തുടർച്ചയിൽ നിന്നും നമുക്കുള്ളിലേക്കുള്ള യാത്രയാണ് രാമച്ചി.രാമച്ചി എന്നത് കാനനഗാഥയാണ്.ആധുനിക മനുഷ്യൻ കെട്ടിയുണ്ടാക്കിയ ആറളം ഫാമിന്റെ വരണ്ട ഭൂമിയിലേക്ക് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ കഥ. ജൈവീകമായ തങ്ങളുടെ ലോകത്തേക്ക് സഞ്ചരിക്കാൻ താല്പര്യപ്പെടുന്ന മല്ലികയുടെയും മല്ലികയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുന്ന പ്രദീപന്റെയും കഥ. കൃത്രിമവും വരണ്ടതുമായ മാനസ്സികപരിസരത്തു നിന്നും കാടെന്ന ജൈവലോകത്ത് അതിന്റെ ഒഴുക്കിലേക്കും ആർദ്രതയിലേക്കും വരും തലമുറയെ വ്യാപരിക്കാൻ വിടുന്ന ഒരു അമ്മയുടെ കഥ, അങ്ങനെ ഏത് മാനങ്ങളിലൂടെയും ഈ കഥയെ വായിച്ചെടുക്കാനാവുന്നതാണ്.കാടിറങ്ങിയ ആനകൂട്ടങ്ങളെ കാടുകേറ്റാൻ ശ്രമിക്കുന്ന പ്രമുഖൻ, അത് നാം തന്നെയാണ്.ഒരിക്കൽ കാടിറങ്ങിയതിന്റെ അസുഖകരമായ ജീവിതപരിസരത്ത് മരിച്ചുജീവിക്കുന്ന നാം.പ്രമുഖൻ, ഭരണകൂടത്തിന്റെ ആയുധമാണ്.അവനെ നഷ്ടമാകുന്നത് അവരെ നിരാശരാക്കുമെങ്കിലും ഇനിയും പ്രമുഖന്മാർ ഉണ്ടായികൊണ്ടിരിക്കും.അവരെല്ലാം തലച്ചിമാരുടെ ആകർഷണത്താൽ കാടു കയറിയിരുന്നെങ്കില്ലെന്ന് ആശിച്ചുപോകുന്ന വൈരുദ്ധ്യത്തിന് നാം തല നീട്ടും.ഒരു തിരിച്ചു പോക്കിന് ഒരിക്കലും ശ്രമിക്കാത്ത ഒരു ജനതയാണെല്ലോ നാം.
 മല്ലിക,മഞ്ഞ മുത്തി,തലച്ചി (ആന) എന്നിവർക്ക് ഇടയിലെ സാമ്യങ്ങൾ കാടിന്റെ ജൈവികമായ പരിസരവുമായി ബന്ധപ്പെട്ടതാണ്.നമ്മുടെ ആർത്തികളാവട്ടെ പ്രകൃതിയുടെ സ്വഭാവിക ഇണക്കങ്ങളെ തകർക്കുന്നതും.എന്നാൽ കാടിന് അപരിചിതമായ ജീവിതശൈലിയിൽ നിന്നും കാടിന്റെ ജൈവീകതയിലേക്ക്, അതിന്റെ ഇണക്കമുള്ള ലാളിത്യത്തിലേക്ക് കൂട്ടികൊണ്ടു പോവുന്ന ശക്തിസ്രോതസ്സാണ് മൂവരും.മഞ്ഞ മുത്തി പരാജയപ്പെട്ടിടത്തു നിന്നും അവരുടെ അറിവിലൂടെ സഞ്ചരിച്ച് രാമച്ചിയിലെത്തുന്ന ശക്തിസാന്നിധ്യമാണ് മല്ലിക.ഇണയെ തിരഞ്ഞെടുക്കുന്നതിലും,ജീവിക്കേണ്ടുന്ന പരിസരത്തെ തിരഞ്ഞെടുക്കുന്നതിലും,സ്വന്തം തീരുമാനങ്ങൾ വ്യക്തമായി പ്രകടമാക്കുന്നതിലും അവൾ വിജയിക്കുന്നുണ്ട്.പ്രദീപനുമായുള്ള ശാരീരിക വേഴ്ച്ചയ്ക്കു ശേഷം അവനെ തന്റെ പുരുഷനായി അംഗീകരിക്കുന്ന മല്ലികയെ എത്രപേർക്ക് ഉൾക്കൊള്ളാനാവും എന്നറിയില്ല.കാടിന്റെ സ്വഭാവികമായ ജീവിതാവസ്ഥയെ നിലനിർത്താൻ ശ്രമിക്കുന്ന മഞ്ഞ മുത്തി,ദൈവീക സാന്നിധ്യമായാണ് അവർ കാണുന്നത്.എന്നാൽ കാട് വിട്ടിറങ്ങുന്ന കാടിന്റെ മക്കൾ ആധുനിക മനുഷ്യന്റെ ആർത്തികളിലേക്ക് സഞ്ചരിക്കുന്നു.അതു കൊണ്ടാണ്  മീനുകളുടെ പ്രജനനകാലത്ത് മീൻപിടിക്കരുതെന്ന മഞ്ഞ മുത്തിയുടെ അജ്ഞകളെ അവർ കാറ്റിൽ പറത്തുന്നത്. ആധുനിക മനുഷ്യന്റെ ജീവിത പരിസരത്തെത്തുന്ന കാടിന്റെ മക്കൾ മദ്യപാനികളായും, തങ്ങളുടെ  പെണ്ണുങ്ങളോട് ദയാരഹിതമായി പെരുമാറുന്നവരുമായി മാറുന്നു.വരേണ്യമായ നാമകരണത്തിൽ നിന്നും ദ്രാവിഡമായ സംസ്കാരത്തിലേക്കും  അതിന്റെ വ്യാപ്തിയിലേക്കമുള്ള യാത്രയാണ് രാമച്ചി.രാമച്ചി രണ്ടു സംസ്കാരങ്ങളുടെ ദ്വന്ദങ്ങളാകുന്നതും  ഇപ്രകാരമാണ്. നാടിന്റെ സ്വഭാവത്തിലേക്ക് അതിന്റെ രുചികളിലേക്ക് സഞ്ചരിക്കുന്ന കാടിന്റെ മക്കളും,
 രാമച്ചിയിലേക്കും കാടിന്റെ തനതു രുചികളിലേക്കും സഞ്ചരിക്കുന്ന പ്രദീപനും മല്ലികയും വിരുദ്ധ ദ്വന്ദ്വങ്ങളാണ്.അതു പോലെ രവിയും പ്രദീപും  വിരുദ്ധ ദ്വന്ദ്വങ്ങളാണ്. എന്നാൽ പ്രകൃതിയുടെ നിലനിൽപ്പിന് പ്രകൃതി എപ്രകാരമാണോ പ്രതിരോധങ്ങളുയർത്തുന്നത് അതുപോലെ ജൈവീകമായ പ്രതിരോധ ഭാഷ വശമുള്ള മല്ലിക രാമച്ചിയിലേക്ക് കാടു കയറുന്നത് പ്രദീപനെ കൊണ്ട് മാത്രമല്ല. ആ യാത്രയിൽ നാമും ഉൾപ്പെടുന്നു. ആശുപത്രിയിൽ ജനിച്ച് ആശുപത്രിയിൽ ഒടുങ്ങുന്ന ജീവിതത്തിന് വഴിവെട്ടാതിരിക്കുകയാണ് മല്ലിക.ജീവിത ശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നാം കാട്ടിലേക്ക് മടങ്ങി പോകാനിരിക്കുന്നതേയുള്ള്.
" കാട്..... കറുത്തകാട്
മനുഷ്യനാദ്യം ജനിച്ച വീട്" എന്ന ഗാനം നമുക്കുള്ളിൽ ശക്തമായി മുഴങ്ങി നിൽക്കട്ടെ.ഒരോർമ്മപ്പെടുത്തലിന് അവയെല്ലാം  നല്ലതാണ്.

***************************

Seethadevi: രാമച്ചി വായിച്ചപ്പോൾ  എൻമജെയിലെ ചില  സന്ദർഭങ്ങൾ  മനസ്സിലേക്കു  കടന്നു  വരുന്നു             
നിധിൻ വിഎൻ 

1992 സെപ്തംബർ 3-ന് തൃശ്ശൂർ ജില്ലയിലെ മരത്തംകോടിൽ നന്ദനാനന്ദൻ, മിനി ദമ്പതികളുടെ മകനായി ജനിച്ചു.ശ്രീ വിവേകാനന്ദ കോളേജ് - കുന്നംകുളം, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് -കോഴിക്കോട് എന്നിവിടങ്ങളിൽ ഉപരിപഠനം.

Swapnarani: വിനോയ് തോമസിന്റ കഥകൾ വായിക്കപ്പെടേണ്ടവ തന്നെ '

വിവിധ വീക്ഷണകോണുകളിൽ വിലയിരുത്താവുന്ന ഉടമസ്ഥൻ പോലുള്ള കഥകൾ പ്രത്യേകിച്ചും💐💐💐

Prajitha: 

Sajith: വിനോയ് തോമസിന്റെ ‘രാമച്ചി‘ക്ക് സക്കറിയയുടെ ‘തേനു‘മായിട്ട് ഒരു ബന്ധമുണ്ട്. കഥാപശ്ചാത്തലത്തിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട സംഗതിയിലാണത്. ഓരോ മേഖലയിലും വിദഗ്ദരായവരെഴുതുന്ന ലേഖനങ്ങളിൽ അതതുമേഖലയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ കടന്നുവരും. അതാണ് ആ എഴുത്തിന്റെ ആധികാരികത. സർഗാത്മകങ്ങളിൽ ഈ ആനുകൂല്യം പ്രത്യേക മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നില്ല. അഥവാ അങ്ങനെ നിന്നാൽ അതൊരു കുറവായിട്ടാണ് പൊതുജനം കണക്കിലെടുക്കുക. വൈദ്യവൃത്തിയെക്കുറിച്ചു മാത്രമെഴുതി കുഞ്ഞബ്ദുള്ളയും മാധ്യമരംഗത്തെക്കുറിച്ചു മാത്രമെഴുതുകയാണെങ്കിൽ ഇന്ദുഗോപനും ക്ലർക്കുമാരുടെ ജീവിതതകഥകൾ മാത്രം കൈകാര്യം ചെയ്താൽ അശോകൻ ചരുവിലും മലയാളസാഹിത്യനഭസ്സിന്റെ ചെരുവില്പോലും എത്തിപ്പെടൂലെന്ന് ഉറപ്പാണ്. മറിച്ച് കഥാകൃത്തുകൾ അപരിചിതമേഖലകൾ കഥയിൽ പരത്തിയാൽ അതൊരു കാഴ്ചയാണ്. ആളുകൾക്ക് ഇഷ്ടപ്പെടും. രണ്ടു കാര്യങ്ങളാണ് പെട്ടെന്ന് പ്രബുദ്ധം എന്ന മട്ടിൽ സ്വയം തള്ളുന്ന വായനയെ വശീകരിക്കുന്നത്. ഒന്ന് പ്രതിബദ്ധതതന്നെ. സമൂഹത്തിനുവേണ്ടി ഇപ്പോൾ എന്തു ചെയ്യുന്നു എന്ന് കഥാകൃത്ത് നേരിട്ടോ കനോട്ടേഷനുകളിലൂടെയോ വെളിപ്പെടുത്തണം. പ്രത്യയശാസ്ത്രത്തിന്റെ അപകടകരമായ അണുകൾ ചുറ്റിത്തിരിയുന്ന മേഖയാണിത്, ഓരോ വിരൾ ചലനത്തിലും കഥാകൃത്തുക്കൾ ശ്രദ്ധിക്കേണ്ട ഇടം. ഒരു ചെറിയ ശ്രദ്ധാക്കുറവുമതി, ഫാസിസത്തിന്റെയോ സവർണ്ണതയുടെയോ സ്ത്രീവിരുദ്ധതയുടേയോ മ്ലേച്ഛമായ ലൈംഗികവൈകൃതങ്ങളുടെയോ അരാഷ്ട്രീയതയുടെയോ ചെളിക്കുഴികളിൽ എഴുത്തുകാരൻ വീണുപോകാൻ. ചിലപ്പോൾ അയാൾക്ക് അവിടെനിന്നും രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരില്ല. ശ്രമിച്ചാലും സമ്മതിക്കൂലാ. രണ്ട്. അപരിചിതമേഖലകളെ വിശദമായി പരിചയപ്പെടുത്തണം. പഴയതുപോലെ കഥാസ്വാദകനായ നിരൂപകന് ജ്ഞാനം, എഴുത്തുകാരന് അന്തർജ്ഞാനം എന്ന തരം തിരിവ് ഇനിയുള്ള കാലം പ്രവർത്തിക്കുമെന്നു തോന്നുന്നില്ല.  പാണ്ഡിത്യവും ഭാവനയും സമാസമം - ആദ്യത്തേത് കലാപരമായി കൂടിയാലും തരക്കേടില്ല - ചേർത്തല്ലാതെ ഇനിയിപ്പോൾ സർഗാത്മകങ്ങളുടെ വണ്ടി ഉരുളുമെന്ന് തോന്നുന്നില്ല. ‘അനുഭവമുണ്ടെടോ അനുഭവം‘ എന്നൊന്നും വിളിച്ചുകൂവിയിട്ട് ഒരു കാര്യവുമില്ല. വിവരം വേണം. ഒന്നാം ക്ലാസ് വിവരം. അല്ലെങ്കിലാണ് കഥ വേണ്ടരീതിയിൽ ഉയർന്നില്ലെന്നോ വാരികയുടെ അന്തസ്സു താഴ്ത്തിയെന്നോ ഇയാളിൽനിന്ന് നമ്മളു വേറെയാണു പ്രതീക്ഷിച്ചതെന്നോ ഒക്കെയുള്ള ഖണ്ഡനങ്ങൾ വന്നു നിരക്കുന്നത്. 


‘തേനി‘നെ തുടർന്ന് സക്കറിയ, ആ കഥയിൽ താൻ പ്രയോഗിച്ച വനവിവരങ്ങൾ തനിക്ക് എവിടെനിന്നാണ് കിട്ടിയത് എന്നൊരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ചരിത്രസംഭവമാണെങ്കിൽ ശരിയെന്നു വയ്ക്കാം. ഒരു ഐതീഹ്യകഥയുടെ കെട്ടും മട്ടുമുള്ള കഥയ്ക്ക് എന്തിനാണ് അത്തരമൊരു റഫറൻസ്? സക്കറിയതന്നെ നന്നായി മനസ്സിലാക്കിയിട്ടുള്ളതുപോലെ ആ കഥയിലെ ആകർഷകമായ അംശം പശ്ചാത്തലസൃഷ്ടിയിലെ വിശദാംശമാണ്. കയ്യും മെയ്യും മറന്ന് പെണ്ണിനെ പരിപാലിക്കുന്ന കരടി എന്ന സങ്കല്പത്തേക്കാൾ വായിക്കുന്നവന് ചെന്നു കയറാൻ എളുപ്പമുള്ളത് വ്യക്തമായ വരകളോടെ നിർമ്മിച്ചിരിക്കുന്ന ആ കാട്ടിലാണ്. അങ്ങ് അവിടെ നടക്കുന്ന കാര്യമായതുകൊണ്ട് അതു പ്രത്യക്ഷത്തിൽ നമ്മളെ ബാധിക്കുന്ന കാര്യമല്ലെന്ന് സമാധാനിക്കാനും പറ്റും. അങ്ങനെ പ്രതിബദ്ധതയുടെയും കുറ്റബോധവിമുക്തതയുടെയും ഇരട്ടരുചികളാണ് കഥ വച്ചു നീട്ടുന്നത്. പ്രസവത്തിനായി രാമച്ചിയിലേക്ക് പോകുന്ന മല്ലികയുടെ കൂടെ നടന്ന് വിനോയ് തോമസ് ആനകളുടെ ജീവിതത്തെയും പകർത്തി. കഥയിലെ സമാന്തര വലയങ്ങളിൽ വിശദമായ വിവരണങ്ങൾകൊണ്ട് ആനകളുടെ ജീവിതാഖ്യാനത്തിനാണ് ഫോക്കസ് എന്ന കാര്യം സൗകര്യപൂർവം നമ്മൾ മറന്നുപോവുന്ന മട്ടിലാണ് കാര്യങ്ങളെ അടുക്കിയിരിക്കുന്നത്. മല്ലിക പ്രസവിച്ചു എന്നിടത്ത് എന്ത് പുതുമ? രാമച്ചിയിൽത്തന്നെ വേണം എന്ന അവളുടെ അടം പിടുത്തത്തിനു യാഥാർഥ്യവുമായി ബന്ധമൊന്നും ഇല്ല. എന്നാൽപ്പിന്നെ ശ്രീനിവാസൻ ക്യാൻസർ ആശുപത്രികൾ വേണ്ടെന്നു പറഞ്ഞതും ആളുകൾ കണക്കിലെടുക്കും. അതിനേക്കാൾ അപകടമാണിത്. പ്രകൃതിയിലേക്ക് ജനിച്ചു വീണ കുഞ്ഞിൽ പണ്ട് മറ്റൊരിടത്ത് ഇതുപോലൊരു കഠിനയാത്രയുടെ അവസാനം തൊഴുത്തിൽ ജനിച്ചു വീണ കുഞ്ഞിന്റെ നിഴൽ വീണു കിടപ്പുണ്ട്. അതു സമാന്തരമല്ല. ഛായയാണ്. അതല്ല മല്ലിക- പ്രദീപൻ (മനുഷ്യർ), പ്രമുഖൻ - തലച്ചി (ആന)വലയങ്ങളുടെ സ്ഥിതി.

Mini Thahir: ശ്രീ  വിനോയ് തോമസിന്റെ മനോഹരമായ  ഒരു കഥയാണ്  രാമച്ചി
കാടെന്ന ആവാസ വ്യവസ്ഥ നാടെന്ന  നാഗരീകതയുമായി കെട്ടുപിണയുമ്പോൾ ഉണ്ടാകുന്ന  സംഘർഷം  ഭംഗിയായി  അവതരിപ്പിച്ചു. 
കൂടാതെ അതിലെ ഓരോ കഥാപാത്രങ്ങളും ജീവസ്സുറ്റ ഇന്നിന്റെയും ഇന്നലെകളുടെയും പ്രതിരൂപങ്ങൾ തന്നെയാണ്.  
അംബികാസുതൻ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങൾ  നമുക്ക്  ഓർക്കാം. 
പുതു മഴയിൽ മത്സ്യങ്ങൾ  കയറി വരുന്നത് നമുക്ക്  ഭക്ഷണം  ആകാനല്ല. അവയുടെ പ്രത്യുത്പാദനപരമായ  ആവശ്യമാണ്. അതുകൊണ്ടാണ്  മീൻ പിടിക്കുന്നവരെ മുത്തശ്ശി ചീത്തവിളിക്കുന്നത്
കാടു നാടാക്കി നാഗരീകതയുടെ കോലങ്ങൾ  തീർക്കുമ്പോൾ ഇടയ്ക്ക്  ഇത്തരം കഥകളിലൂടെ ചില  ഓർമ്മപ്പെടുത്തലുകളുമായി കഥാകാരന്മാർ വരും... വരണം...
ആ ധർമ്മമാണ് ശ്രീ വിനോയ്  തോമസിന്റെ  രാമച്ചി
മനോഹരമായ പഠനം.

Prajitha: ശരിയാണ്. രാമച്ചിയെ കുറിച്ചുള്ള കുറിപ്പ് വായിച്ചപ്പോൾ മനസ്സിലേക്കാദ്യം വന്നത് 'രണ്ടു മത്സ്യങ്ങൾ'ആണ്.കഥയ്ക്കപ്പുറത്തും ഒരു രാമച്ചിയുണ്ട്.മാവോവാദികളുടെ താവളമായ രാമച്ചി കോളനി.

Mini Thahir: ഒറ്റക്കഥാ പഠനം
☘☘☘☘☘☘

രാമച്ചി - വിനോയ് തോമസ്

ഡി സി ജന്മശതാബ്ദി 2014 നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കരിക്കോട്ടക്കരി എന്ന നോവലിലൂടെ അരങ്ങെത്തെത്തിയ സാഹിത്യ പ്രതിഭയാണ് വിനോയ് തോമസ്. മൂർഖൻ പറമ്പ്, വിശുദ്ധ മഗ്ദ്ധലന മറിയത്തിന്റെ പള്ളി, കളി, ഉടമസ്ഥൻ എന്നിങ്ങനെയുള്ള കഥകൾ കഥാ സാഹിത്യത്തിലെ നാഴികക്കല്ലുകൾ ആവുന്നത് പിന്നീടു കണ്ട ചരിത്രം.

പണിയരുടെ പേര് പറയാത്ത അവരുടെ ഇതിഹാസമാണ് രാമച്ചി. പരിസ്ഥിതി സാഹിത്യം ഫോക് ലോർ , സ്ത്രീപക്ഷ സാഹിത്യം, നാട്ടറിവ് തുടങ്ങിയ എത് എലുകയിൽ പെടുത്തണം ഈ കഥ എന്നറിയാതെ നിരൂപകർ മിഴിച്ചു നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.

കാട്ടാനകളുടെ ശല്യം എന്ന നാട്ടിലെ മനുഷ്യന്റെ പ്രശ്നത്തിലാണ് കഥയുടെ തുടക്കം. പരിഹാരം കാട്ടിൽ നിന്ന് എന്നോ അപഹരിക്കപ്പെട്ട മനുഷ്യന്റെ ആയുധമായ പ്രമുഖൻ എന്ന ആന.
അവന്റെ തന്ത്രത്തെക്കുറിച്ചുള്ള വാദപ്രതിവാദത്തിൽ നിന്ന് ക്യാമറ ഒരു ഗർഭിണിയിലേക്ക് വിനോയ് മാറ്റുന്നത് നാം പോലും അറിയാതെയാണ്. മല്ലികയുടെ വിവാഹപൂർവ്വ ജീവിതം രവി കട്ടനെ വേണ്ടാന്ന് വച്ചത് കൂടിയാണ്. തന്നെ ലൈംഗീകമായി തൃപ്തിപ്പെടുത്തുന്നതിൽ വിജയിച്ച കാട്ടുപ്രദീപനെ തിരഞ്ഞെടുത്തത് മല്ലിക തന്നെയാണ് എന്നത് ശ്രദ്ധേയം. ഇവിടെ കഥ സ്ത്രീപക്ഷമാവുന്നു.
സ്ത്രീപക്ഷം പ്രകൃതിപക്ഷം കൂടിയാണ്. അത് പരിസ്ഥിതിക്കും അനുകൂലമാണ് എന്ന് മഞ്ഞ മുത്തി എന്ന തലച്ചിയിലുടെ കഥ തെളിയിക്കുന്നു. പ്രദീപനെ തിരഞ്ഞെടുത്ത മല്ലികയെ മഞ്ഞ മുത്തി അഭിനന്ദിക്കുന്നു. വിലക്കപ്പെട്ട കാലത്ത് മീൻ പിടിക്കുന്നവരെ തെറി പറയുന്ന മുത്തി ഒക്കെ ഇതിന് തെളിവാണ്.

കാടിറങ്ങി നാട്ടിലെത്തിയ സമൂഹത്തിൽ ആണധികാരം കൂടുന്നു. ആണിന്റേതാണ് ഭൂമി.
ഇതിന് പരിഹാരമായി മഞ്ഞ മുത്തി ജനിച്ച കാനാൻ ദേശത്തേക്ക് - രാമച്ചിയിലേക്ക് പ്രദീപനെ കൂട്ടി പോകുന്നതിൽ മല്ലിക വിജയിക്കുന്നിടത്ത് കഥയും വിജയിക്കുന്നു.

പ്രദീപൻ കൊടുത്ത മൂന്നിലകൾ ഉള്ള ആ വടി കഥയിൽ പ്രതീകമായി അവതരിക്കുന്നു എന്ന് കാണാം. ആ മാതൃകാകുടുoബത്തിന്റെയും മഞ്ഞമുത്തി - മല്ലിക - കുട്ടി ശ്രേണിയുടെയും പ്രതീകം.

പണിയന്റെ ഉത്സവത്തിന് മേൽ നാട്ടാചാരങ്ങൾ കടന്നു കയറുന്നത് ഈ കഥയിൽ വരച്ചിട്ടുണ്ട്. കച്ചവടത്തിൽ ആദിവാസിയെ ഊറ്റുന്നതിനുള്ള പരിഹാരം പെണ്ണിന്റെ താൻപോരിമയാണ് എന്ന് കഥാകൃത്ത് തെളിവുകളോടെ സമർത്ഥിച്ചിട്ടുണ്ട്. പുനർജന്മ സാധ്യതകൾ ഉൾച്ചേർത്ത ഈ കഥ ഹിന്ദു മിത്തോളജി ഗവേഷണത്തിനുള്ള ഒരു എൻസൈകളോപീഡിയയായി വർത്തിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ഒരു നോവൽ തന്നെയാണ് ഈ കഥ. വായനക്കാർ പൂരിപ്പിക്കുന്ന പരിപ്രേക്ഷ്യം കൂട്ടിച്ചേർക്കുമ്പോൾ ഈ കഥ നോവൽ തന്നെ.
തന്റെ ശത്രുവിനെതിരെ പ്രമുഖൻ തിരിഞ്ഞപ്പോൾ തലച്ചി പറഞ്ഞത് അവൻ കേട്ടു. എന്നാൽ പുരുഷകേന്ദ്രീകൃതമനുഷ്യ സമൂഹത്തിന് ഒരു തലച്ചി ഉണ്ടാവട്ടെ
എന്ന ചെറുകഥാകൃത്തിന്റെ സൂത്രവാക്യം നാം അംഗീകരിക്കുമോ?

'രണ്ട് മത്സ്യങ്ങൾ' എന്ന അംബികാ സുധൻ മാങ്ങാടിന്റെ കഥ ഉയർത്തിയ ചിന്തയുടെ തുടർച്ചയും പരിഹാരവും ഈ കഥയിലുണ്ട്. 

ആവശ്യത്തിന് ഉല്പാദിപ്പിക്കുക എന്ന ഗാന്ധിസം കഥയിൽ നിന്ന് തെളിച്ചെടുക്കാവുന്നതാണ്. മീൻ പിടുത്തത്തിലും മരത്തിൽ നിന്ന് ശേഖരിച്ച അപൂർവ പുഷ്പം അവിടെ തന്നെ വക്കുന്നതിൽ കാണിക്കുന്ന നിഷ്കൃഷയും ഉദാഹരണം.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്. ജൂൺ 11 - 17 ലക്കം കഥ)

അജീഷ്കുമാർ ടീ ബി.


***************************
***************************