ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

18

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
പതിനെട്ടാം ഭാഗമാണിന്ന്. നമുക്കിവിടെ പരിചമുട്ട് കളിയായാലോ.
ഏവർക്കും സ്വാഗതം
മൂന്ന് കുറിപ്പുകൾക്ക് ശേഷം ചില നിശ്ചല - ചലന ചിത്രങ്ങളും കൂടി ഇടുന്നു.

കേരളത്തിലെ വിവിധഭാഗങ്ങളിലായി പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. പത്തോപന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമായാണ് അവതരിപ്പിയ്ക്കുന്നത്. വാളും പരിചയം കയ്യിലേന്തി ആശാൻ ചൊല്ലുന്ന പാട്ടിന്റെ ഈണത്തിൽ കളരിച്ചുവടുകൾ വച്ച് നൃത്തം ചെയ്താണ്‌ ഈ കളി അവതരിപ്പിക്കുന്നത്. കളരിപ്പയറ്റിന്റേയും പരിചകളിയുടേയും സ്വാധീനം ദർശിക്കാവുന്നതായ ഈ കലാരൂപം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ വിശേഷവസരങ്ങളിൽ മുഖ്യഇനമായി അവതരിപ്പിച്ചു വന്നിരുന്നു. ഇപ്പോഴും ചില പ്രദേശങ്ങളിൽ പെരുന്നാളുകളോടനുബന്ധമായി പരിചമുട്ടുകളി അവതരിപ്പിക്കാറുണ്ട്. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു, മുസ്ലീം പാരമ്പര്യത്തിലും ഈ കളി അവതരിപ്പിക്കപ്പെടുന്നു.

പാരമ്പര്യരീതികൾ
ക്രൈസ്തവ പാരമ്പര്യം
ഉത്ഭവം
കേരളത്തിലെ നസ്രാണികൾക്കിടയിൽ പതിനാറാം നൂറ്റാണ്ടിലാണ്‌ ഇത് ഉടലെടുത്തത്. നസ്രാണികൾ, പ്രത്യേകിച്ച് ക്‌നാനായ സമുദായക്കാർ കളരി അഭ്യാസത്തിനായി വടക്കെ മലബാറിൽ നിന്നും കളരി ആശാന്മാരെ കൊണ്ടുവരികയും പരിശീലന സമയങ്ങൾക്കിടയിൽ വിനോദത്തിനായി ഈ കലാരൂപം ചിട്ടപ്പെടുത്തുകയും ചെയ്തു എന്ന് ചിലർ പറയുന്നു. മാർഗ്ഗംകളിയോട് പരിചമുട്ടുകളിക്ക് സാദൃശ്യം ഉണ്ട്. മാർഗ്ഗം കളി മന്ദതാളത്തിലാണെങ്കിൽ പരിചമുട്ടുകളി ദ്രുതതാളത്തിലാണ്. ക്‌നാനായക്കാരാണ് പരിചമുട്ടുകളി ചിട്ടപ്പെടുത്തിയത് എന്നു വിശ്വസിക്കുന്ന ആളുകൾ ഈ കലാരൂപം പിന്നീട് യാക്കോബായ,ലത്തീൻ,മാർത്തോമാ തുടങ്ങിയ സമുദായക്കാർ പഠിച്ചെടുക്കുകയായിരുന്നു എന്ന് പറയുന്നു. പുലയ സമുദായക്കാർ വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ചപ്പോൾ അവരും ഈ കലാരൂപത്തെ സ്വീകരിക്കുകയുണ്ടായി. പുലയർക്കിടയിൽ പ്രചാരമുള്ള കോൽക്കളി, വട്ടക്കളി, പരിചകളി എന്നിവയുടെ സ്വാധീനം പരിചമുട്ടിക്കളിയിൽ വന്നു ചേർന്നതങ്ങനെയാണ്‌.

സംഗീതവും നൃത്തവിന്യാസങ്ങളും വാളിന്റെയും പരിചയുടെയും അകമ്പടിയോടെ ചിട്ടപ്പെടുത്തിയ ഈ കലാരൂപം ക്രൈസ്തവ വിശ്വാസങ്ങളെ ജനഹൃദയങ്ങളിൽ പരിചിതമാക്കുന്നതിന് സഹായകരമായി. കാരണം കളിയുടെ ഇതിവൃത്തം പൊതുവേ വേദപുസ്തക സംഭവപരമ്പരകളായിരുന്നു.

അരോഗദൃഡഗാത്രരായ ഒരു സംഘം പുരുഷന്മാർ കൈയ്യിൽ നീളം കുറഞ്ഞ വാളും വൃത്താകൃതിയിലുള്ള പരിചയുമേന്തിയാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്. അരക്കച്ച, തലയിൽക്കെട്ട് തുടങ്ങിയ വേഷവിധാനങ്ങളും ചില പ്രദേശങ്ങളിൽ നിലവിലുണ്ട്. വാദ്യങ്ങളുടെ സഹായത്തോടും അല്ലാതെയും ഇത് അവതരിപ്പിയ്ക്കാറുണ്ട്. അതുപോലെ തന്നെ കല്യാണവീടുകളിലും മറ്റും നാട്ടുകാർ ചേർന്നു പരിചമുട്ടുകളിക്കുമ്പോൾ എല്ലാവിധ വേഷവിധാനങ്ങളും ഉപയോഗിച്ചു കാണെണമെന്നില്ല. കളി തുടങ്ങും മുൻപ് കത്തിച്ച നിലവിളക്കിന് ചുറ്റും നിന്ന് കളിക്കാർ ദൈവസ്തുതി നടത്തും.ആദ്യം അഭ്യാസങ്ങളാണ് അവതരിപ്പിക്കുന്നത്. പിന്നെ വാളും പരിചയും ധരിച്ച് വൃത്തത്തിൽ നിന്ന് താളം ചവിട്ടും. വൃത്തത്തിനുള്ളിൽ ആശാൻ ഉണ്ടാവും. പാട്ടുകൾ ആലപിക്കുന്നത് ആശാനായിരിക്കും. ഇലത്താളവുമായി ഒരേ താളത്തിലും നീട്ടിയും പാട്ടുകൾ അവതരിപ്പിക്കും. ശിഷ്യന്മാരായ സംഘാംഗങ്ങൾ അതേറ്റുപാടുകയും താളത്തിൽ പരിചമുട്ടിക്കുകയും ചെയ്യും.സാധാരണയായി യുദ്ധമുഖത്തുകാണുന്ന തന്ത്രങ്ങളുടെ ഒരു രൂപം ഇതിലൂടെ അവതരിപ്പിയ്ക്കുന്നു. ഉയർ‌ന്നും താഴ്ന്നും കുതിച്ചുചാടിയും പിൻ‌വാങ്ങിയും വാളുകൊണ്ട് വെട്ടിയും പരിച കൊണ്ട് തടുത്തുമെല്ലാം മുന്നേറുന്നതിനിടെ ആശാൻ ഇലത്താളം മുറുക്കുകയും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായ് "ഹോയ് ഹോയ്" എന്നട്ടഹസിക്കുകയും "ഹായ് തിന്തകത്തെയ് തിന്തകത്തെയ് " എന്നു കലാശം കൊടുക്കുകയും ചെയ്യാറുണ്ട്.ചിലപ്പോൾ കളിവൃത്തത്തിന് പുറത്തുനിന്നും ആശാൻ പാട്ടു പാടാറുണ്ട്.

ക്രൈസ്തവരുടെ ഇടയിൽ തന്നെ വിവിധ സമുദായങ്ങൾ വ്യത്യസ്ത കേളീശൈലികൾ പിൻതുടർന്നു വന്നിരുന്നു. കല്യാണവീടുകളിലും പള്ളിപ്പെരുന്നാളുകളിലും മറ്റും പരിചമുട്ടു കളിക്കുമ്പോൾ തലപ്പാട്ട് പാടുന്നതു് കളിയിൽ തഴക്കവും പഴക്കവുമുള്ള ആളുകളായിരിക്കും. കളരിയാശാന്റെയും ആശാനെപ്പോലെതന്നെ ഇക്കാര്യത്തിൽ അവഗാഹമുള്ളവരുടെയും അവകാശമാണിതെങ്കിലും പ്രായോഗികമായി കണ്ടുവരുന്ന രീതി, കളത്തിൽ നിൽക്കുന്ന കളിക്കാരിൽ ആരെങ്കിലുമൊക്കെ മാറിമാറി തലപ്പാട്ടുപാടി കളിക്കുന്നതും കൂടെ കളിക്കുന്നവർ അതേറ്റുപാടി കളിക്കുന്നതുമാണ്. എന്നാൽ യുവജനോത്സവങ്ങളിൽ അക്കാദമികമായ ചിട്ടവട്ടങ്ങളനുസരിച്ച് കളിയവതരിപ്പിക്കുമ്പോൾ കളിയിൽ നേരിട്ടു പങ്കെടുക്കാതെ കളത്തിനുവെളിയിൽ നിന്ന് ഇലത്താളത്തിന്റെ അകമ്പടിയോടെ ഒരാൾ പാടിക്കൊടുക്കുകയും കളിക്കാർ കോറസിൽ അതേറ്റുപാടി കളിക്കുകയും ചെയ്യുന്ന രീതി കണ്ടുവരുന്നു. കളിമുറുക്കാനും ചുവടുകൾ പെരുക്കാനുമായി പാടുന്നതിനിടയിൽ "തത്തരികിട തിന്തകം താതരികിട തിന്തകം താതെയ്യത്തക തങ്കത്തരിങ്കിണ..." എന്ന വായ്ത്താരി ഇടാറുണ്ടു്. കളി തുടർന്നു് മുറുക്കാൻ കഴിയാത്തവണ്ണം വേഗം കൂടിയാലോ പാടിക്കൊടുക്കുന്ന ഗാനം അവസാനിക്കുമ്പോഴോ ചുവട് നിർത്താനായി "തായിന്തത്തരികിടതികിതത്തെയ്ത്തതികിതെയ്" എന്ന കലാശമാണുപയോഗിക്കാറ്. അവതരണം, ചമയം, വേഷഭൂഷാദികൾ എന്നിവയിൽ വിവിധ ശൈലികൾ തമ്മിൽ അത്ര പ്രകടമായ വ്യത്യാസങ്ങൾ ഇല്ല. പ്രധാന വ്യത്യാസം കളിപ്പാട്ടിലെ സാഹിത്യത്തിലാണ്‌.

 പരിചമുട്ടുകളിപ്പാട്ടുകൾ
കേരളത്തിലെ സുറിയാനിക്രൈസ്തവർ തങ്ങളുടെ പരിചമുട്ടുകളിപ്പാട്ടുകൾക്ക് തോമാശ്ലീഹയുടെ ഭാരതത്തിലെ പ്രേഷിതപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങളും അദ്ദേഹം സ്ഥാപിച്ച പള്ളികളെക്കുറിച്ചുമുള്ള വിവരണങ്ങളും മറ്റും അവലംബമാക്കുമ്പോൾ ലത്തീൻക്രൈസ്തവർ ബൈബിൾ പ്രമേയങ്ങളും സെബസ്ത്യാനോസ്, അന്തോണിയോസ് തുടങ്ങിയ പുണ്യവാളന്മാരുടെ ചരിത്രങ്ങളും ആധാരമാക്കി വരുന്നു. സുറിയാനി സമുദായത്തിൽ തന്നെ ഉൾപ്പെടുന്ന ക്‌നാനായ വിഭാഗക്കാർ ക്‌നായിത്തൊമ്മന്റെ കേരളത്തിലേക്കുള്ള വരവും ചേരമാൻ പെരുമാളുമായുള്ള കൂടിക്കാഴ്ചയുമെല്ലാം അവരുടെ കളിപ്പാട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഹൈന്ദവ പാരമ്പര്യം
ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലെ ദളിത് സമൂഹങ്ങൾക്കിടയിലാണ്‌ ഈ കലാരൂപം നിലനിൽക്കുന്നത്. കണ്ണൂർ, കാസർഗോഡ് എന്നിവടങ്ങളിലെ അരയ സമുദായക്കാരുടെ ഇടയിലും പരിചമുട്ടുകളി‎ പ്രചാരത്തിലുണ്ട്.

കോട്ടയം ജില്ലയിലെ മണർകാട്, തിരുവഞ്ചൂർ, മാലം, തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും ഈ കല നിലനിൽക്കുന്നു. ഈ പ്രദേശങ്ങളിൽ ക്രൈസ്തവദേവാലയങ്ങളുമായി ബന്ധപ്പെട്ട് പരിചമുട്ടുകളി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 1984-ൽ കേരള സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സ്കൂൾ യുവജനോത്സവത്തിലെ മത്സരയിനങ്ങളുടെ കൂട്ടത്തിൽ പരിചമുട്ടുകളിയെയും ഉൾപ്പെടുത്തി. പിന്നീട് ഹയർസെക്കൻഡറി യുവജനോത്സവങ്ങളിലെ ഒരു മത്സരയിനമായും പരിചമുട്ടുകളി അംഗീകരിക്കപ്പെട്ടു. ഇതോടെ കാല, ദേശ, ഭാഷാ വ്യത്യാസമനുസരിച്ച് സ്വകീയമായ ശൈലിയിൽ ആശാന്മാർ ചിട്ടപ്പെടുത്തിയിരുന്ന പരിചമുട്ടുകളിക്ക് ഒരേകീകൃതഭാവം കൈവരുകയും കൂടുതൽ ജനകീയമാവുകയും ചെയ്തു.

 പരിചമുട്ടുകളിപ്പാട്ടുകൾ
പരിചമുട്ടുകളിയിൽ ഉപയോഗിക്കപ്പെടുന്ന പാട്ടുകളാണ് പരിചമുട്ടുകളിപ്പാട്ടുകൾ. പരിചമുട്ടുകളിയിൽ പങ്കെടുക്കുന്ന സംഘാംഗങ്ങൾ തന്നെ ഈ പാട്ടുകൾ പാടുകയും അവയുടെ താളത്തിനൊത്ത് ചുവടുകൾ വെക്കുകയും ചെയ്യുന്നു.

നാടൻ പാട്ടിന്റെ ശൈലിയിലുള്ളതാണ് പരിചമുട്ടുകളിപ്പാട്ടുകൾ എല്ലാം തന്നെ. നീട്ടി പാടിത്തുടങ്ങി ദ്രുതതാളത്തിൽ അവസാനിപ്പിക്കുന്ന തരത്തിലുള്ള ശൈലിയിലാണ് പൊതുവേ ഉള്ളത്. വിവിധമതവിഭാഗങ്ങൾ വ്യത്യസ്തവിഷയങ്ങളെ ആസ്പദമാക്കിയുള്ള പാട്ടുകൾ ഉപയോഗിക്കുന്നു.

ക്രൈസ്തവസമുദായങ്ങൾ ബൈബിൾ കഥകളും വിശുദ്ധന്മാരുമായി ബന്ധപ്പെട്ട സംഭവങ്ങളും പരിചമുട്ടുകളിപ്പാട്ടുകൾക്ക് വിഷയമാക്കുന്നു. ബൈബിൾ ഇതിവൃത്തമായ പാട്ടുകളിൽ പഴയനിയമ കഥകളാണു് കൂടുതലായും ഉപയോഗിക്കുന്നതു്. പുതിയനിയമ കഥകളുമുണ്ടു്. കൂടാതെ കുത്തുപാട്ടുകൾ എന്ന വിഭാഗവുമുണ്ടു്. രണ്ടുകരക്കാർ ഒരേ വലയത്തിൽ കളിക്കുമ്പോൾ പരസ്പരം കളിയാക്കി മത്സരിച്ച് പാടുന്ന പാട്ടുകളാവും ഇവ. ബൈബിളുമായോ ആരാധനയുമായോ ഒരു ബന്ധവുമില്ലാത്ത മറ്റുപാട്ടുകളും ഉപയോഗിക്കാറുണ്ടു്. ബൈബിൾ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പാട്ടുകളിൽ ഏറെ പ്രചാരമേറിയവയാണ് "ആദത്തെ സൃഷ്ടിച്ചുടൻ ഏദനിലാക്കി ദൈവം", "പുണ്യവാനിസഹാക്കിനുണ്ടായി രണ്ടുമക്കൾ" തുടങ്ങിയവ.

ആദത്തെ സൃഷ്ടിച്ചുടൻ ഏദനിലാക്കി ദൈവം
ആദത്തെ സൃഷ്ടിച്ചുടൻ ഏദനിലാക്കി ദൈവം
ഏകനായ് ഇരിക്കാതെ സ്ത്രീവേണം കൂട്ടവനു്
നിദ്രയിലാദത്തിന്റെ അസ്ഥിയിലൊന്നെടുത്തു്
സ്ത്രീയാക്കി ചമച്ചവൻ ഹവ്വായെന്നു പേരുമിട്ടു
തോട്ടം സൂക്ഷിപ്പാനും കായ്‌കനികൾ ഭക്ഷിപ്പാനും
തോട്ടത്തിൻ നടുവിലവരെ കാവലുമാക്കിയ ദൈവം
തോട്ടത്തിൻ നടുവിൽ നിൽക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ
തിന്നുന്ന നാളിൽ മരിക്കും നിശ്ചയം തന്നെ
ആദത്തെ വഞ്ചിപ്പാനായ് സാത്താനൊരു സൂത്രമെടുത്തു
സർപ്പത്തിൻ വായിൽ കയറി സാത്താൻ വശവുമായി
തോട്ടത്തിൻ നടുവിൽ നിൽക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ
തിന്നുന്നനാളിൽ കണ്ണുതുറക്കുംനിങ്ങൾ
കണ്ണുതുറക്കും നിങ്ങൾ ദൈവത്തെ പോലെയാകും
നേരെന്നു വിശ്വസിച്ചു പഴംനാലവൾ പറിച്ചു
രണ്ടെണ്ണം തിന്നുവേഗം കൊണ്ടെ കൊടുത്തവന്
തിന്നപ്പോൾ ഇരുവരും നഗ്നരായ് ചമഞ്ഞല്ലോ
ആദത്തെ വിളിച്ചപ്പോൾ ഏദനിൽ കാണ്മാനില്ല
ഇതിനോ ആദമേ നിന്നെഞാൻ തോട്ടത്തിലാക്കി*
തോട്ടത്തിൽ നിന്നുമവരെ ആട്ടിവെളിയിലാക്കി
"ഇതിനാണോ ആദമേ നിന്നെ ഞാനാക്കിയത്" എന്നും ഈ വരി പാടിക്കേൾക്കാം.


പുണ്യവാനിസഹാക്കിനുണ്ടായി രണ്ടുമക്കൾ
പുണ്യവാനിസഹാക്കിനുണ്ടായി രണ്ടുമക്കൾ
ഒന്നാമനേശാവെന്നും പിന്നാമൻ യാക്കോബുംതാൻ

താതനങ്ങതിപ്രീതി ഏശാവോടതുപോലെ
മാതാവിനതിരറ്റ വാത്സല്യം യാക്കോബിനെ

വാർദ്ധക്യം കൊണ്ടു കണ്ണിൻ കാഴ്ചപോയവസാന-
യാത്രയ്ക്കടുത്തിരിക്കും യിസ്സഹാക്കൊരുദിനം

വില്ലാളിവീരനാകും നന്ദനെനേശാവോട്
ചൊല്ലിനാൻ മനോരഥം ലൗകീക മോഹംതീർപ്പാൻ

ഓമനമകനെ നീ പോകേണം വേട്ടയാടാൻ
വേട്ടചെയ്തിറച്ചിയും കൊണ്ടിങ്ങുവന്നിടേണം

മാംസമുണ്ടെങ്കിലല്പം വല്ലതും ഭക്ഷിക്കാം ഞാൻ
താതന്റെ ആശയേതും സാധിക്കും നല്ലപുത്രൻ

അപ്പോഴെ വില്ലുമമ്പും തൻകരം തന്നിലേന്തി
താതൻപറഞ്ഞിട്ടവൻ നായാടാൻ പോയി കാട്ടിൽ

ഈക്കാര്യം ഗൂഢമായിട്ടൊക്കെയുമമ്മ കേട്ടു
വേഗംവിളിച്ചുചൊന്നാൾ യാക്കോബിനോടിവണ്ണം

നിൻപിതാവിന്റെ ഇഷ്ടം സാധിച്ചാശിസം വാങ്ങാൻ
അൻപോടെ നിന്റെ ജ്യേഷ്ഠനെന്നു ഞാനറിഞ്ഞപ്പോൾ

ആഹാരം രുചികര,മായിട്ടുവേണമെന്ന്
താതൻ പറഞ്ഞിട്ടവൻ നായാടാൻ പോയി കാട്ടിൽ

വേട്ടിചെയ്തിറച്ചിയും കൊണ്ടവൻ വരുംമുമ്പേ
വേഗമൊരാടിനെ നീ കൊണ്ടിങ്ങുവന്നിടേണം

പാകംചെയ്തതു ഞാനൊരു പാത്രത്തിലാക്കിത്തരാം
പാരാതെ പിതാവിനു കൊണ്ടക്കൊടുത്തിടേണം

ഏശാവാണെന്നോർത്തപ്പൻ ആശിസു നിനക്കേകും
ശാപമെനിക്കും കിട്ടും, ആകുലമില്ലതിന്

ചോദിച്ചാനമ്മയോട് യാക്കോബുമതുനേരം
സോരനേശാവിന് രോമംനിറഞ്ഞദേഹം

താതൻ തലോടും നേരം ആളറിഞ്ഞീടുമല്ലോ
ഞാനതിനെന്തുചെയ്യും, മാതാവെ പറഞ്ഞാലും

ആടിനെ കൊന്നതിന്റെ തോലും പുതച്ചും കൊണ്ട്
താതെന്റടുത്തു ചെന്നാൽ, കാര്യംസാധിക്കാം കുഞ്ഞേ

ഏവം സമ്മതിപ്പിച്ചു, മാതാവ് യാക്കോബിനെ
ഏതും വൈകാതെ പിതൃസന്നിധൗ യാത്രയാക്കി

വേട്ടചെയ്തിറച്ചിയും കൊണ്ടിതാ വന്നു ഞാനും
ഭക്ഷിച്ചനുഗ്രഹം നൽകണേ പൊന്നുതാതാ

മാർവ്വോടടുത്തു വാഴ്ത്തപ്പെട്ട നിന്നെ ഞാനും
യാക്കോബിന്റൊച്ച എന്റെ, ഏശാവിൻ ശരീരവും

ആർക്കറിയാമിതെല്ലാം എന്നേവമോർത്തു വൃദ്ധൻ
ഭക്ഷിച്ചു തൃപ്തിയായി അനുഗ്രഹം വേണ്ടുവോളം

നീപോകും നാട്ടിലെല്ലാം രക്ഷകൻ കൂടെയുണ്ട്

ഏറെ താമസിയാതെ ഏശാവു വന്നുചേർന്നു
കാര്യം നടന്നതെല്ലാം താതനു ബോദ്ധ്യമായി.


ചില പാട്ടുകൾ ആരംഭിക്കുന്നത് തന്നെ ദൈവസ്തുതിയോടെയാണ് . 'യാക്കോബിന്റെ വട്ടക്കളി'യുടെ പ്രാരംഭം ഇതിനൊരുദാഹരണമാണ്.

ആദിപെരിയോനേ ആലാഹാനായോനേ
പുത്രൻ മിശിഹായും വെളിവേറും റൂഹായും
അഴകേറുമുമ്മായും യൗസേപ്പും മാലാഖാ
അമ്പോടെയിന്നിനിക്കു തുണയാകവേണം
കളിക്കിടയിൽ ക്ഷീണം തീർക്കാനുള്ള വേളയിൽ പാടുന്ന പാട്ടുകളാണ് കൽത്തുറ പാട്ടുകൾ. കൽത്തുറ ചൊല്ലുക എന്നാണ് ഇത് അറിയപ്പെടുന്നത് . വൃത്തത്തിൽ കളിച്ചു ക്ഷീണിക്കുമ്പോൾ വിളക്കിനു ചുറ്റും ഇടംവലം തിരിഞ്ഞു നടന്നു് കളരിയാശാൻ ചൊല്ലുന്ന വാചകത്തിനു് ഈണത്തിൽ ഓഓഓ എന്നു് ഓരിയിട്ടു് പോകുകയാണ് രീതി. കൽത്തുറകൾ ബൈബിൾ സംബന്ധിയായതും അല്ലാത്തതുമുണ്ടു്. അല്ലാത്തവയിൽ കുത്തുകൽത്തുറകളും ഉൾപ്പെടും.

സ്തുതിപ്പ്
പരിചമുട്ടുകളി ആരംഭിക്കുന്നത് സ്തുതിപ്പോടുകൂടിയാണ്. കളി നടക്കുന്ന പ്രദേശത്തെ പ്രധാനപ്പെട്ട ദേവാലയവും അത് ആരുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടുവോ, ആ നാമവും അനുസ്മരിച്ചുകൊണ്ടാവും സ്തുതിഗീതം പാടുക. ഈ സമയമത്രയും കളിക്കാര്‍ നിലവിളക്കിനു ചുറ്റും വലയം സൃഷ്ടിച്ച് കൂപ്പുകൈകളോടെ നില്ക്കും. കളത്തിലുള്ള മുഴുവനാളുകളും ഒരുമിച്ചുചേര്‍ന്നാവും പാടുക. പല ശബ്ദങ്ങളുണ്ടാവില്ല.

അഞ്ചോ ആറോ വര്‍ഷം കൂടുമ്പോള്‍ മൂന്നുമാസമെങ്കിലും ദൈര്‍ഘ്യമുള്ള കളരിയിട്ട് രണ്ടോ മൂന്നോ ആശാന്മാരുടെ നേതൃത്വത്തിലാവും പുതിയ തലമുറയ്ക്ക് ഈ കല കൈമാറുക. അങ്ങനെ കളി പഠിച്ച കൂട്ടത്തിലുള്ള ഒരുവനാണ് ഞാന്‍. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ കോട്ടമുറി എന്ന സ്ഥലത്താണ് എന്‍റെ വീട്. പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ച് ഊരുകള്‍ ചേര്‍ന്നതാണ് തിരുവഞ്ചൂര്‍ എന്ന പ്രദേശം. ഇവിടങ്ങളില്‍ ഇപ്പോഴും പള്ളിപ്പെരുന്നാളുകളോടനുബന്ധിച്ചും വിവാഹത്തലേന്ന് കല്യാണവീടുകളിലും പരിചമുട്ടുകളിക്കാറുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ കളിമുറുകുമ്പോള്‍ കരക്കാര്‍ തമ്മിലുള്ള മത്സരക്കളികളും അരങ്ങേറും.

നമ്മുടെ ഒന്നോ രണ്ടോ വയസ്സിനു താഴെ അടുത്ത തലമുറ നില്‍ക്കുന്നു. അല്ലെങ്കില്‍ അത്ര ചെറിയ പ്രായ വ്യത്യാസത്തില്‍ പോലും തലമുറകളുടെ വിടവ് പ്രകടമാവുന്നു. ഞങ്ങളുടെ തരപ്പടിക്കാര്‍ കളി പഠിച്ച് അരങ്ങേറിയ ശേഷം വളരെ ദീര്‍ഘമായ ഇടവേള വേണ്ടിവന്നു, അടുത്ത തലമുറയ്ക്ക് വേണ്ടി കളരിയൊരുങ്ങാന്‍. ഞങ്ങളേക്കാള്‍ ഏഴോ എട്ടോ വയസ്സിന്‍റെ കുറവുള്ള വിദ്യാര്‍ത്ഥികള്‍. കുട്ടികളുടെ എണ്ണം കുറഞ്ഞതായിരുന്നില്ല, മറിച്ച് അവരുടെ താത്പര്യങ്ങളിലും മുന്‍ഗണനകളിലും വന്ന മാറ്റമായിരുന്നു, ഇതിന് കാരണം. ഇനി അന്നാട്ടില്‍ സമീപകാലത്തൊന്നും ഒരു കളരിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.

ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പ്രധാന ദേവാലയം മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലാണ്. ഇതു കൂടാതെ തിരുവഞ്ചൂര്‍ ചാണഞ്ചേരി സെന്‍റ് മേരീസ് പള്ളി, തിരുവഞ്ചൂര്‍ കുരിശുപള്ളി, തിരുവഞ്ചൂര്‍ സെന്‍റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്ക പള്ളി, തോട്ടം പള്ളി തുടങ്ങി മറ്റു ദേവാലയങ്ങളുമുണ്ട്. ഞങ്ങള്‍ കളരിയിട്ടപ്പോള്‍ പഠിച്ച സ്തുതിപ്പ് മണര്‍കാടുപള്ളിയില്‍ വാണരുളുന്ന കന്യാകാ മറിയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതായിരുന്നു.

വളരെ പഴക്കം ചെന്ന ഒരു ദേവാലയമാണത്. ഇന്ത്യയിലെ പ്രധാന മരിയന്‍ തീര്‍ത്ഥാടക കേന്ദ്രമായി ഈയടുത്ത കാലത്ത് സ്ഥാനപ്പെടുത്തല്‍ നടന്ന ദേവാലയം. വിശുദ്ധ ദൈവമാതാവിന്‍റെ സൂനോറോ (അരപ്പട്ട) യുടെ ഒരു ചെറിയ ഭാഗം ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. ഇവിടുത്തെ എട്ടുനോമ്പുപെരുന്നാള്‍ വളരെയധികം ഭക്തജനങ്ങളെ മതദേശ ഭേദങ്ങള്‍ക്കപ്പുറം ആകര്‍ഷിക്കുന്നുമുണ്ട്. ഹൈന്ദവ ക്ഷേത്രങ്ങളിലെന്ന പോലെ നടതുറക്കല്‍ നടക്കുന്ന ലോകത്തിലെ ഏക ക്രൈസ്തവ ദേവാലയവും ഇതുതന്നെയാവും. എല്ലാവര്‍ഷവും സെപ്തംബര്‍ 7നാണ് ഇവിടെ നടതുറക്കല്‍. അന്നുമുതല്‍ ഒരാഴ്ചക്കാലം ഇവിടെ പ്രധാന ത്രോണോസില്‍ യേശുക്കുഞ്ഞിനെയും ഒക്കത്തിരുത്തി ഒരുകയ്യില്‍ നെല്‍ക്കതിരുമായി നില്‍ക്കുന്ന കന്യകമാതാവിന്‍റെ ചിത്രം തുറക്കപ്പെടും.

എട്ടുനോമ്പു പെരുന്നാളിനോടനുബന്ധിച്ച് എല്ലാവര്‍ഷവും ഇവിടെ പരിചമുട്ടുകളിയും മാര്‍ഗ്ഗംകളിയും അരങ്ങേറാറുണ്ട്. വളരെ വ്യത്യസ്തമാണ് ഈ രണ്ടുകളികളും. മാര്‍ഗ്ഗംകളി പൊതുവില്‍ ഇന്ത്യയുടെ കാവല്‍പ്പിതാവായി ഗണിക്കപ്പെടുന്ന മാര്‍ തോമാ ശ്ലീഹായുടെ അപദാനങ്ങളാണ് വാഴ്ത്തുന്നതെങ്കില്‍ പരിചമുട്ടുകളി അല്‍പ്പം കൂടി തുറന്നതാണ്. വേദപുസ്തകം അടിസ്ഥാനമാക്കിയുള്ള പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും കഥകള്‍, ചരിത്രസംഭവങ്ങള്‍, തമാശകള്‍ തുടങ്ങിയവയെല്ലാം പരിചമുട്ടുകളിയില്‍ ഇതിവൃത്തമാകും.

ഇവിടെ പകര്‍ത്തുന്നത് ഞങ്ങള്‍ പാടിപ്പഠിച്ച പുകഴ്ത്തുപ്പാട്ടാണ്. അറിവുള്ളവരുടെ പരിഹാസവും തങ്ങളുടെ കുറവുകളും ക്ഷമിച്ച് അനുഗ്രഹിക്കണമെന്ന അപേക്ഷയാണ് അതിലുള്ളത്.


മന്നില്‍ പരിപാവനമാം മണര്‍കാടു പള്ളിതന്നില്‍
വാണരുളും കന്നിയമ്മേ നീ കനിഞ്ഞുകാത്തരുളണേ
നിന്‍ തിരുമലരടിയടിയാര്‍ നിനച്ച നീ തരവിനയമായ്
ചന്തമേറും പരിചകളിക്കൊരുമ്പെടുന്നീ സഭതന്നില്‍
അറിവുള്ളവര്‍ പരിഹസിപ്പതും സഹജമല്ലിതില്‍ വന്നിടും
കുറവശേഷം ക്ഷമിച്ചു ഞങ്ങളെയനുഗ്രഹിക്കണമേവരും
തിരുഹൃദയം തുറന്നു വേണ്ടും വെളിവു ഞങ്ങള്‍.ക്കേകുവാന്‍
കരുണയുള്ളോരുടയവനെ നീ കനിഞ്ഞുകാത്തരുളണേ
തത്തരികിടതിന്തകം താതരികിടതിന്തകം
താതെയ്യത്തക തൊങ്കത്തതിങ്കിണ – തിരുഹൃദയം...


പരിചമുട്ടുകളി പാട്ടുകള്
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില് പ്രചാരത്തിലിരുന്ന നാടന് കലാരൂപമാണ് പരിചമുട്ടുകളി. ഒരു കൂട്ടം ആളുകള് സംഘം ചേര്ന്ന് നിലവിളക്കിന് ചുറ്റും വൃത്താകൃതിയില് അണിനിരന്നാണ് പരിചമുട്ടുകളിക്കുക. സ്കൂള് യുവജനോത്സവങ്ങളില് കാണുന്നതുപോലെ വാളും പരിചയും ഏന്തിയൊന്നുമല്ല നാട്ടുന്പുറങ്ങളില് പരിചമുട്ടുകളിക്കുന്നത്. മുണ്ടു തറ്റുടുത്ത് മേല്വസ്ത്രം അണിഞ്ഞോ അണിയാതെയോ വിളക്കിനെ വന്ദിച്ച് കളത്തേയും വന്ദിച്ച് ചുറ്റും കൂടിയിരിക്കുന്നവരെയും വന്ദിച്ച് സകല കുറ്റങ്ങളും കുറവുകളും പൊറുക്കണെ എന്ന് പ്രാര്ത്ഥിച്ചാണ് കളിക്കാര് തുടങ്ങുക.

ഒറ്റച്ചുവടില് തുടങ്ങി ഇരട്ടച്ചുവടും കുമ്മിയും മറിഞ്ഞുവെട്ടും ഒക്കെയായി സങ്കീര്ണ്ണമായ ഒട്ടേറെ ചുവടുവെപ്പുകളിലേയ്ക്ക് കളിയങ്ങനെ മുറുകും. ഓരോ പാട്ടിന്റെയും ഇടവേളയില് കളിക്കാര് ക്ഷീണം തീര്ക്കാന് വളഞ്ഞുപുളഞ്ഞ് നടന്ന് കൂട്ടത്തിലെ പ്രധാനി ചൊല്ലുന്ന കല്ത്തുറയ്ക്ക് - നീട്ടിക്കുറുക്കിയുള്ള സംഭാഷണമാണത് - ഓ ഓ എന്ന് ഓരിയിട്ട് നടക്കും. അടുത്ത പാട്ട് തുടങ്ങുന്നതിന് മുന്പ് കാഴ്ച്ചക്കാരില് കളിയറിയാവുന്ന ആര്ക്കു വേണമെങ്കിലും കളത്തില് കയറാം. കളത്തിലുള്ള ആര്ക്കു വേണമെങ്കിലുത്ത ഇറങ്ങുകയും ചെയ്യാം. നല്ല മെയ്വഴക്കവും വേഗതയും ആവശ്യപ്പെടുന്ന കലയാണിത്.

കേരള നസ്രാണിക്ക് പൊതുവില് കലയുമായി ബന്ധമില്ല എന്നാണ് നാട്ടുവര്ത്തമാനം. എന്നാല് എല്ലാ സമുദായങ്ങളിലും എന്ന പോലെ മലയാളി നസ്രായന്മാര്ക്കിടയിലും ചില കലാരൂപങ്ങള് നിലനിന്നിരുന്നു. ഇന്നും ചില പ്രദേശങ്ങളില് സാന്പ്രദായിക രീതിയില് ഇവയില് ചിലതെങ്കിലും നിലനില്ക്കുന്നുണ്ട്. നശിച്ചുകൊണ്ടിരിക്കുന്ന അത്തരം കലാരൂപങ്ങളിലൊന്നാണ് പരിചമുട്ടുകളി. അതിലെ ഗാനങ്ങളേയും ചിട്ടകളേയും കുറിച്ചുള്ള ഒരു ബ്ളോഗാണ് ഉദ്ദേശിക്കുന്നത്.

കഴിയാവുന്നത്രയും പാട്ടുകള് ശേഖരിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. മിക്കവയും ബൈബിളിലെ പഴയനിയമ കഥകളാണ്. പുതിയ നിയമപുസ്തകങ്ങളും പാട്ടുകള്ക്ക് വിഷയങ്ങളായിട്ടുണ്ട്. കൂടാതെ ചുറ്റും നടക്കുന്ന സംഭവങ്ങളും തമാശകളും കൃഷ്ണലീല പോലും പാട്ടുകളുടെ കൂട്ടത്തിലുണ്ട്. ഇവയുടെ ബിബ്ളിക്കലും സാമൂഹ്യവുമായ വിശകലനങ്ങളും പ്രസിദ്ധപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

പരിചമുട്ടുകളിയുടെ മറ്റൊരു മുഖം രണ്ടു കരക്കാര് ഒരേ സമയം കളത്തിലുള്ളപ്പോള് വാശിക്ക് മാറി മാറി പാടുന്ന കുത്തുപാട്ടുകളും കുത്തുകല്ത്തുറകളുമാണ്. കളം മുറുക്കി എതിര്ക്കരക്കാരനെ കളത്തിന് പുറത്താക്കുന്ന വിദ്യയുമുണ്ട്. ഇവ പലപ്പോഴും ആശാന്മാരുടെ സ്വകാര്യ ശേഖരത്തിലേ കാണൂ. അതുകൊണ്ടു തന്നെ ഇവ ശേഖരിക്കാന് പ്രയാസവുമാണ്.


ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ പതിനെട്ടോളം കലകൾ സൂചിപ്പിക്കപ്പെട്ടു. പലർക്കും പലതും സുപരിചിതമായിരുന്നു. കേരളമെന്ന കൊച്ചു ഭൂപ്രദേശത്ത് പറഞ്ഞതിനേക്കാളെത്രയോ ഇരട്ടി പറയാനിരിക്കുന്നുണ്ടെന്ന് നമുക്കറികയും ചെയ്യാം. കലകളുടെ ഈ എണ്ണപ്പെരുപ്പം സംസ്ക്കാരത്തിന്റെ വലിപ്പം കൊണ്ടാണോ അതോ സമന്വയത്തിന്റെ, സ്വാംശീകരണത്തിന്റെ
ശക്തി കൊണ്ടാണോ?
നിങ്ങൾക്കായി വിട്ടുതന്നു കൊണ്ട്.....