ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

19-7-2017

🌸🌸🌸🌸🌸🌸
     ലോക സാഹിത്യ
വേദിയിലേക്ക് സ്വാഗതം🌸🌸🌸🌸🌸🌸🌸🌸
നെസി
🦋🦋🦋🦋🦋🦋🦋🦋
ദാരിയോ ഫോ
🌸🌸🌸🌸🌸🌸🌸🌸
പ്രശസ്തനായ ഇറ്റാലിയൻ നാടകകൃത്ത്.നോബേൽ സമ്മാനിതൻ. തൂലിക കൊണ്ട് ഭരണകൂടങ്ങളെ വിറപ്പിച്ച എഴുത്തുകാരൻ.വിശേഷണങ്ങൾ എറെയുള്ള ദാരിയോ ഫോ തന്നെയാവട്ടെ ഇന്നത്തെ എഴുത്തുകാരൻ.
🌸🌸🌸🌸🌸🌸🌸🌸
🦋🦋🦋🦋🦋🦋🦋🦋

ഇറ്റാലിയൻ നാടകകൃത്തും നൊബേൽ സമ്മാന ജേതാവുമായ ഡാരിയോ ഫോ ഹാസ്യ  നാടകങ്ങളിലൂടെ സാഹിത്യ ലോകത്ത് വേറിട്ട വ്യക്‌തി മുദ്രപതിപ്പിച്ച കലാകാരനാണ് ഫോ. രാഷ്ട്രീയ ഹാസ്യങ്ങളായിരുന്നു ഫോയെ ശ്രദ്ധേയനാക്കിയത്. ആക്സിഡന്റ് ഡെത്ത് ഓഫ് ആൻ അനാർക്കിസ്റ്റ് ആൻഡ് കാണ്ട് പ്ലേ, വോണ്ട് പ്ലേ ആണ് ശ്രദ്ധേയമായ കൃതി. 1997ലാണ് ഫോയെ തേടി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം എത്തിയത്. സുവിശേഷത്തെ ആസ്പദമാക്കി 1969ൽ ഇറക്കിയ കോമിക്കൽ മിസ്റ്ററി ഫോയെ വിവാദ നായകനാക്കി.                        

തുളച്ചുകയറുന്ന വാക്കുകളാൽ ആക്രമിച്ച് അധികാരസ്ഥാനങ്ങളെ വിറപ്പിച്ച എഴുത്തുകാരൻ, സമകാലിക ലോകത്തെ കത്തുന്ന വിഷയങ്ങളെ നാടകങ്ങൾക്കു പ്രമേയമാക്കിയ എഴുത്തുകാരൻ  ദാരിയോ ഫോയെ പറ്റി പറയാൻ വിശേഷണങ്ങൾ ഇനിയുമുണ്ട്. 1997– ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ നാടകകൃത്ത്. വംശീയത, ദൈവശാസ്ത്രം, അധികാരം, ലിംഗവിവേചനം എന്നിവയെക്കുറിച്ചു വിമർശനാത്മകമായി എഴുതിയ ഫോയുടെ കൃതികൾ ലോകമെങ്ങുമുള്ള ഭാഷകളിലേക്കു വിവർത്തനം ചെയ്തു. നാടകങ്ങൾ ഭാഷയുടെയും ദേശത്തിന്റെയും അതിർത്തികൾ കടന്ന് അരങ്ങുകളെ തീപിടിപ്പിച്ചു. ജീവിതത്തെ പോരാട്ടമാക്കി, എഴുത്തിനെ മൂർച്ചയുള്ള ആയുധമാക്കി നൊബേൽ പുരസ്കാരലബ്ധിയെ അനശ്വര രചനകളിലൂടെ ന്യായീകരിച്ച് ഒരു കാലഘട്ടത്തിനു തിരശ്ശീല വീഴ്ത്തി ഫോ മടങ്ങുന്നു. അദ്ദേഹത്തിന്റെ കൃതികളിലെ ചൂടും ചൂരും തിരിച്ചറിഞ്ഞ സഹൃദയർ ചോദിക്കാതിരിക്കില്ല: ഇനി എന്നാണ് ഇങ്ങനെയൊരു നിർഭയനും സാഹസികനുമായ എഴുത്തുകാരൻ ?
ആക്സിഡന്റൽ ഡെത്ത് ഓഫ് ആൻ അനാർക്കിസ്റ്റ് - ദാരിയോ ഫോയെ വിശ്വപ്രസിദ്ധനാക്കിയ നാടകം. ഇംഗ്ലണ്ട്, അർജന്റീന, ചിലെ, റുമാനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കുപുറമെ നാൽപതിലേറെ രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ നാടകം ഇന്ത്യയുടെ തലസ്ഥാനത്തും അരങ്ങേറിയിട്ടുണ്ട്. നാൽപത്തിയാറു വർഷം മുമ്പ് 1970– ലാണു ഫോ ‘അരാജകവാദിയുടെ യാദൃച്ഛിക മരണം’ എഴുതി പ്രസിദ്ധീകരിക്കുന്നതും അവതരിപ്പിക്കുന്നതും. ഇരുപതാം നൂറ്റാണ്ടിന്റെ അരങ്ങ് സൃഷ്ടിച്ച ഏറ്റവും മഹത്തായ നാടകമായി ഇന്നും വിലയിരുത്തപ്പെടുന്ന നാടകം.
1969–ൽ ഇറ്റലിയിൽ നടന്ന ഒരു മരണം അഥവാ കൊലപാതകം. ഇറ്റാലിയൻ റെയിൽവേ ജീവനക്കാരനും അരാജകവാദിയുമായ പിനേലി മിലാനിലെ ഒരു പൊലീസ് സ്റ്റേഷന്റെ നാലാം നിലയിൽനിന്നു വീണു മരിക്കുന്നു എന്ന് ഔദ്യോഗികഭാഷ്യം. നാലാം നിലയിൽനിന്ന് പിനേലി വലിച്ചെറിയപ്പെട്ടു എന്ന് ആരോപണം. ബോംബ് സ്ഫോടനത്തിലൂടെ ഒരു ബാങ്ക് തകർത്തു എന്ന കുറ്റം ആരോപിക്കപ്പെട്ടിരുന്നെങ്കിലും പിനേലി കുറ്റവാളിയല്ലെന്നു പിന്നീടു തെളിഞ്ഞു. ഈ സംഭവമാണ് ഫോയുടെ നാടകത്തിന്റെ പ്രചോദനം. യഥാർഥ സംഭവത്തെ നാടകമാക്കിയെങ്കിലും ഭാവനയിലൂടെ കൂടുതൽ സംഭവങ്ങളെയും കഥാപാത്രങ്ങളെയും ഫോ നാടകത്തിൽ പുനഃസൃഷ്ടിക്കുന്നുണ്ട്. നാടകമാണോ ജീവിതമാണോ യാഥാർഥ്യം എന്ന ആശങ്കയും അവിശ്വാസവും വായനക്കാരിൽ സൃഷ്ടിച്ചുകൊണ്ട് അവസാനിക്കുന്ന പ്രഹസനം.
‘ആക്സിഡന്റൽ ഡെത്ത് ഓഫ് ആൻ അനാർക്കിസ്റ്റ്’ തുടങ്ങുമ്പോൾ പൊലീസ് സ്റ്റേഷന്റെ നാലാം നിലയിൽ ഇൻസ്പെക്ടർ ബെർട്ടൂസ്സോ ദ മാനിയാക് എന്നയാളെ ചോദ്യം ചെയ്യുന്നു. മാനിയാക് മിടുക്കനും ബുദ്ധിമാനുമാണ്. അയാൾ പലപ്പോഴും ബെർട്ടൂസ്സോയെ കവച്ചുവയ്ക്കുന്നു. അയാളുടെ പ്രതികരണങ്ങളിൽ ബെർട്ടൂസ്സോ തളർന്നുപോകുന്നുപോലുമുണ്ട്. ഇടയ്ക്ക് ബെർട്ടൂസ്സോ മുറി വിട്ടു പോകുമ്പോൾ ഫോൺ ശബ്ദിക്കുന്നു. ഇൻസ്പെക്ടർ പിസ്സാനി മറുതലയ്ക്കൽ. ഫോൺ എടുക്കുന്നത് മാനിയാക്. ഒരു അരാജകവാദിയുടെ മരണത്തെക്കുറിച്ചന്വേഷിക്കാൻ ജഡ്ജി ഉടൻ തന്നെ സ്റ്റേഷനിലെത്തുമെന്നാണു സന്ദേശം.
മാനിയാക് ഉടൻ തന്നെ ജഡ്ജിയായി വിജയകരമായി അഭിനയിക്കുന്നു. അയാൾ പൊലീസുകാരെക്കൊണ്ട് യഥാർഥത്തിൽ മിലാനിലെ പൊലീസ് സ്റ്റേഷൻ മുറിയിൽ സംഭവിച്ച കാര്യങ്ങളൊക്കെ അഭിനയിപ്പിക്കുന്നു. സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നു; പ്രേക്ഷകരെ അറിയിക്കുന്നു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ എത്തിയ യുവതിയായ ഒരു മാധ്യമപ്രവർത്തകയും രംഗത്തിലുണ്ട്. നാടകത്തിനു രണ്ട് ക്ലൈമാക്സുകൾ ഉണ്ട്. പ്രേക്ഷകർക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. ആദ്യത്തേതിൽ ഫെലെറ്റി എന്ന മാധ്യമപ്രവർത്തക പൊലീസ് സ്റ്റേഷൻ വിട്ടുപോകുകയും സ്റ്റേഷൻ ബോംബ് സ്ഫോടനത്തിൽ നശിക്കുകയും ചെയ്യുന്നു. രണ്ടാം ക്ലൈമാക്സിൽ ഫെലെറ്റി കുറ്റവാളിയുടെ കൈവിലങ്ങ് അഴിക്കുന്നതും അയാൾ ഫെലെറ്റിയെ ജനാലയോടു ചേർത്തു വിലങ്ങുവച്ചു കൊല്ലുന്നതും കാണാം. മാനിയാക് പ്രേക്ഷകരോട് ഇഷ്ട ക്ലൈമാക്സ് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോൾ ഫോയുടെ നാടകത്തിനു തിരശ്ശീല വീഴുന്നു; പ്രേക്ഷകരുടെ മനസ്സിൽ യഥാർഥ നാടകത്തിന്റെ അരങ്ങൊരുങ്ങുന്നു.

ഇറ്റലിയിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് ആവേശം പകർന്ന് ഒരു തലമുറയെ തെരുവിലിറക്കി മതമേധാവികളെയും അധികാരികളെയും വിറളി പിടിപ്പിച്ച എഴുത്തുകാരനാണ് ഫോ. തീവ്രഇടതുപക്ഷ ആശയങ്ങളുടെ പ്രചാരകൻ. എഴുപതുകളിൽ വ്യവസ്ഥാപിത ഇടതുപക്ഷവുമായി കലഹിച്ചതുപോലും പാർട്ടിക്കു വിപ്ലവം കുറഞ്ഞുപോകുന്നുവെന്നു ഫോയ്ക്കു തോന്നിയതിനാലാണ്. തീവ്രനിലപാടുകളാൽ അദ്ദേഹം രാഷ്ട്രീയനേതൃത്വത്തെ മാത്രമല്ല, മതനിന്ദ എഴുതി വത്തിക്കാനെയും മാർപാപ്പയെപ്പോലും വിമർശകരാക്കി.
ദ് പോപ്സ് ഡോട്ടർ, ദ് ട്രിക്സ് ഓഫ് ദ് ട്രേഡ്, ദ് പോപ്പ് ആൻഡ് ദ് വിച്ച് എന്നീ നാടകങ്ങളും ഫോയുടെ പ്രശസ്തി അതിർത്തികൾക്കപ്പുറമെത്തിച്ച് അനശ്വരനാക്കി. ഫോ യാത്ര പറഞ്ഞിരിക്കയാണ്; എക്കാലത്തെയും ഏറ്റവും വലിയ നിഷേധിയുടെയും അരാജകവാദിയുടെയും മനുഷ്യസ്നേഹിയുടെയും കസേര ശൂന്യമാക്കിക്കൊണ്ട്.

വിമര്‍ശവുമായി 'അരാജകവാദിയുടെ അപകടമരണം'

ഭരത് മുരളി നാടകോത്സവത്തില്‍ നാലാം നാടകമായി ഷാര്‍ജ തിയേറ്റര്‍ ക്രിയേറ്റീവിന്റെ 'അരാജകവാദിയുടെ അപകടമരണം' അരങ്ങേറി. ഇറ്റാലിയന്‍ നാടകകൃത്തായിരുന്ന ഡാരിയോ ഫോ, ഒരു രാഷ്ട്രീയ അരാജകവാദി പോലീസ് കസ്റ്റഡിയില്‍ മരിച്ച യഥാര്‍ഥസംഭവത്തെ ആസ്പദമാക്കി രചിച്ച നാടകമാണിത്. സ്വതന്ത്ര രംഗഭാഷ ഒരുക്കിയത് നാടകകൃത്തും സംവിധായകനുമായ ശ്രീജിത്ത് പൊയില്‍ക്കാവാണ്.
കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നിറഞ്ഞസദസ്സില്‍ അവതരിപ്പിച്ച നാടകത്തില്‍ ലളിതവും സുന്ദരവുമായ അവതരണ രീതിയായിരുന്നു അവലംബിച്ചത്. പ്രധാന വേദിയെ ഉപയോഗിക്കാതെ, താഴെ പ്രത്യേകം തയ്യാറാക്കിയ അരങ്ങിലാണ് നാടകാവതരണം നടന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് എന്നാണ് അരങ്ങിന് പേരിട്ടിരിക്കുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യം ഒരു സര്‍ക്കസ് കൂടാരമാണെന്നാണ് വിവക്ഷിക്കുന്നത്. നിരപരാധികള്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ഫാസിസ്റ്റ് ഭരണവ്യവസ്ഥയെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ വിമര്‍ശിക്കുന്നു.
കിറുക്കനായി വേഷമിട്ട അഷ്‌റഫ് കിരാലൂര്‍ അടക്കമുള്ള അഭിനേതാക്കള്‍ മികച്ചപ്രകടനം കാഴ്ചവെച്ചു. നിസാര്‍ ഇബ്രാഹിമിന്റെയും ശശിധരന്‍ വെള്ളിക്കോത്തിന്റെയും രംഗസജ്ജീകരണവും വിജു ജോസഫിന്റെ സംഗീതവും മികച്ചുനിന്നു. ചമയം ക്ലിന്റ് പവിത്രനും വെളിച്ചവിതാനം ശ്രീജിത്ത് പൊയില്‍ക്കാവും നിര്‍വഹിച്ചു.                        



വേദി ഗ്രൂപ്പ് അംഗങ്ങൾക്കായി വിട്ടു നൽകി കൊണ്ട് 🙏

******************************************************
സജിദ്: അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.ഹാസ്യാത്മകമായ നാടകാവതരണത്തിലൂടെ ജനപിന്തുണ അദ്ദേഹം ഉറപ്പുവരുത്തി.നാടകങ്ങൾ സ്വീകാര്യമായിരുന്നെങ്കിലും സഹിത്യകൃതികൾക്ക് അത്ര പിന്തുണ ലഭിച്ചിരുന്നോ എന്നു സംശയമാണ്.2015 /16അദ്ദേഹം അന്തരിച്ചു.

1

*****************************************************