ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

19

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
പത്തൊമ്പതാം അധ്യായം ചിമ്മാനക്കളി .
രണ്ട് ചെറു പോസ്റ്റുകളും കുറച്ച് ഫോട്ടോകളും ഇടുന്നു. കൂട്ടിച്ചേർക്കാൻ തുനിയുമെന്ന വിശ്വാസത്തോടെ

ചിമ്മാനക്കളി
ഉത്തര കേരളത്തിലെ പുലയരുടെ പൊറാട്ടുകളിയാണ് ചിമ്മാനക്കളി. അനുഷ്ഠാനത്തിന്റെ ഭാഗമായി നടത്തിവരാറുണ്ട്. പുലയര്‍ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീര്‍ഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. പുലയ വിഭാഗത്തിന്റെ ചരിത്രവും ദൈന്യതകളും ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും പാട്ടിനോടൊപ്പം നൃത്ത–അഭിനയ രൂപത്തില്‍ ആവിഷ്കരിക്കുന്നു. നര്‍മ്മരസമൂറുന്ന പാട്ടുകളും സംഭാഷണങ്ങളും ഉണ്ടാകും. തുടിയാണ് വാദ്യം. മാവിലന്‍ , മാവിലത്തി, മാപ്പിള തുടങ്ങിയവര്‍ കഥാപാത്രങ്ങളാണ്.

അത്യുത്തര കേരളത്തിലെ പുലയർ ഗർഭിണികളെ പുരസ്‌കരിച്ച്‌ അഞ്ചാം മാസത്തിൽ നടത്താറുളള കന്നൽക്കളമ്പാട്ട്‌ എന്ന ഗർഭബലികർമ്മത്തോടനുബന്ധിച്ച്‌ അവതരിപ്പിക്കപ്പെടുന്നതാണ്‌ ചിമ്മാനക്കളി. അനുഷ്‌ഠാനബദ്ധമായ വിനോദ കലാനിർവ്വഹണമാണതെന്നു പറയാം. മായിലത്തിയും മാപ്പിളയും തമ്മിലുളള അവിഹിത ബന്ധവും അവരുടെ ദുരന്തവും ചിമ്മാനക്കളിപ്പാട്ടിലെ മുഖ്യ ഭാഗമാണ്‌. അന്നപൂർണ്ണേശ്വരിയമ്മയോടൊപ്പം മരക്കലമിറങ്ങിയ ചോയികൾ പുനംകൃഷി ആരംഭിച്ചു. അതിനു കാവലായി നിന്നത്‌ മായിലൻ കണ്ണനാണ്‌. മാടായി നഗരത്തിലെ മമ്മു എന്നമാപ്പിള നാടുതോറും നടന്ന്‌ ചക്കരയും കൊപ്പരയും ‘കല്ലക്കീം പുല്ലക്കീം’ വില്പന നടത്തുന്നവനാണ്‌. അവൻ മായിലന്റെ കുടിയിലെത്തിയപ്പോൾ, കണ്ണൻ പുനത്തിൽ കാവലിന്‌ പോയിരിക്കുകയാണെന്ന്‌ മനസ്സിലായി. അവന്റെ ഭാര്യയോട്‌
‘ഇന്നന്തി വരട്ടോന്റെ മായിലത്തി കുമ്പപ്പെണ്ണേ’
എന്ന്‌ മാപ്പിള ചോദിച്ചു. അവൾ സമ്മതം മൂളി. മമ്മു അവിടെനിന്നു പോയി. ചക്കരയും കൊപ്പരയുമായി സന്ധ്യയ്‌ക്ക്‌ കുമ്പയുടെ വീട്ടിലെത്തി. അവൾ വാതിൽ തുറന്ന്‌ അവനെ സ്വീകരിച്ചു. കണ്ണന്റെ തറവാട്ടിലെ ദൈവങ്ങളും കാരണവൻമാരും പുനത്തിൽകിടന്നുറങ്ങുന്ന കണ്ണന്‌ സ്വപ്‌നം കാട്ടിക്കൊടുത്തു. അവൻ ഞെട്ടിയുണർന്ന്‌ ഓടമുളച്ചൂട്ടും അളളടൻകത്തിയുമായി പുറപ്പെട്ടു. കണ്ണൻ വീട്ടിലെത്തി, ‘ഉറക്കുമന്ത്രം’ ജപിച്ച്‌ അകത്തുളളവർക്ക്‌ ഉറക്കം കയറ്റി. ‘തൗമന്ത്രം’ ചൊല്ലി വാതിൽ തുറന്നു. കട്ടിൻമേൽ കിടക്കുന്ന മാപ്പിളയെയും തന്റെ ഭാര്യയായ കുമ്പയെയും കണ്ണൻ തറിച്ചു കൊന്നു. പുറത്തുവന്ന്‌ പുരയ്‌ക്കു തീ കൊടുത്തു. മായിലത്തിയുംമാപ്പിളയും കത്തിക്കരിഞ്ഞു ചാമ്പലായി. മായിലത്തിയും മാപ്പിളയും ദുർമൂർത്തികളായി മാറിയത്രേ. അന്തിപ്പറവ, ചുടലക്കാളി, ഉതിരക്കാളി, കരുവാൾ, പാലോചന്ദ്രൻ തുടങ്ങിയ ദുർദേവതകളോടൊപ്പം ഈ ‘കൊലമൂർത്തി’കളും ചേർന്നുവത്രേ. ‘കറുത്തമേനി’ കണ്ടും ‘പെണ്ണെ നല്ല മുടിക്കോലം’ കണ്ടും ആ മൂർത്തികൾ ബാധിക്കുവാൻ തുടങ്ങിയത്രേ. ഗർഭബലി കർമ്മത്തിനുളള ഈ കലാനിർവ്വഹണത്തിൽ മാപ്പിള, മായിലത്തി, മായിലൻ തുടങ്ങിയ കഥാപാത്രങ്ങൾ കടന്നു വന്നതിപ്രകാരമാണ്‌.

എം.വി.വിഷ്‌ണു നമ്പൂതിരി