ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

22

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ 
ഇരുപത്തിരണ്ടാം ഭാഗമായി ഇന്നവതരിപ്പിക്കുന്നത് ആണ്ടിക്കളി. ഒന്നിലധികം കുറിപ്പുകളും മറ്റുമായി

ഇതിനോട് ചേർക്കാമോന്നറിയില്ല; ഒരു സിനിമാ ഗാനം

Music: കെ രാഘവൻ
Lyricist: ബിച്ചു തിരുമല
Singer: എസ് ജാനകി
Year: 1983
Film/album: കടമ്പ

ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ
ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ
തിരുവാണിയമ്മേടേ ആണ്ടിക്കിടാവിതാ
കുരുന്നാണ്ടിക്കിടാവിതാ..
പൂരത്തിരി കൊളുത്തായർത്താൻ മാളോരേ
പൂമാലപ്പൂതീടെ ആണ്ടിക്കിടാവിതാ
കരിമ്പാണ്ടിക്കിടാവിതാ

പന്തലിട്ട് കാവൊരുക്കി
ചേട്ടാഭഗോതിയെ കൂട്ടിരുത്തി
കൈക്കുടയും കരിഞ്ചൂരലും (2)
മണിയും കൊണ്ടായർത്താൻ കാവിലെത്തി
പള്ളിവില്ലും കൊണ്ടായർത്താൻ കാവിലെത്തി
(ആണ്ടി വന്നാണ്ടി . . )

പട്ടുടുത്ത് വാളെടുത്ത്
കോമരം തുള്ളി നടയ്ക്കലെത്തി
നാടുവാഴും ജന്മിമാരും (2)
എടുത്തും പടിയ്ക്കലെ തമ്പിരാനും
നല്ലോരാചാരം നിവരാൻ അരങ്ങിലെത്തി
(ആണ്ടി വന്നാണ്ടി . )

ചെമ്പകപ്പൂ ഐരാണിപ്പൂ
മുരിക്കുംപൂ മാലേം വെളക്ക് തൂക്കി
കുറുങ്കുഴലും കതിനകളും (2)
തിരുവാണിയമ്മയ്ക്ക് മൊഖം തെളിഞ്ഞേ
പിന്നെ ആണ്ടിയ്ക്ക് തെറ്റാൽ കൊരങ്ങനാണേ

ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ
കൂമാലപ്പൂതീടെ ആണ്ടിക്കിടാവിതാ
കുരുന്നാണ്ടിക്കിടാവിതാ..
ആണ്ടിച്ചി പെറ്റീട്ടതഞ്ചു കുരങ്ങന്മാർ
ആചാരം നിവരാനൊരാണ്ടിക്കിടാവിതാ
കുരങ്ങാണ്ടിക്കിടാവിതാ

ആണ്ടിയാട്ടം
ആണ്ടിക്കൂത്ത്, ആണ്ടിക്കളി, ആണ്ടിയാട്ടം, ഇവ മൂന്നും ഏതാണ്ട് പര്യായങ്ങള്‍പോലെ പ്രയോഗിച്ചുവരുന്നുണ്ടെങ്കിലും ഇവയ്ക്കുതമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ആണ്ടി എന്ന പദം സുബ്രഹ്മണ്യഭക്തനെക്കുറിക്കുന്നു; പണ്ടാരം, പരിവ്രാജകന്‍, അബ്രാഹ്മണനായ ശിവയോഗി, മോക്ഷത്തിനായി ഇരന്നുനടക്കുന്നവന്‍, പരദേശി എന്നിങ്ങനെയും അര്‍ഥകല്പനം ചെയ്തിട്ടുണ്ട്.
ആണ്ടികളുടെ കൂത്ത് അഥവാ കളി എന്ന അര്‍ഥത്തിലാണ് ആണ്ടിയാട്ടം എന്ന സംജ്ഞ പൊതുവേ പ്രയോഗിച്ചുവരുന്നത്. പണ്ടാരങ്ങള്‍ ഹനുമാന്റെ വേഷംകെട്ടി ആടുന്നതിനാണ് സാധാരണ ആണ്ടിയാട്ടം എന്നു പറയുക. ആണ്ടിപ്പണ്ടാരം ഹനുമാന്‍പണ്ടാരം, എന്നീ പ്രയോഗങ്ങള്‍ ഭാഷയില്‍ വന്നത് ഈ കൂട്ടത്തില്‍നിന്നാണ്. ഇതിനു 'വരിക്കൂത്ത്' എന്നും ചില ദിക്കില്‍ പറഞ്ഞുവരുന്നു. എന്നാല്‍ ആണ്ടിക്കൂത്ത് മൂന്നു ദിവസംകൊണ്ടവസാനിക്കുന്ന 'തേയത്തുകളി'യില്‍ ഒന്നാംദിവസത്തെ കളിക്കു പറയുന്ന പേരാണ്. ഇതിനും 'ആണ്ടിയാട്ടം' എന്നു പറയാറുണ്ട്. രണ്ടാംദിവസത്തേതിനു 'വള്ളോന്‍' എന്നും മൂന്നാംദിവസത്തേതിനു 'മലമ' എന്നും പറയും.
പാലക്കാട്ടുശേരിയില്‍ മലയാളികള്‍ ഇന്നും നടത്തിവരുന്ന ഈ 'ആണ്ടിക്കൂത്ത്' കൊല്ലവര്‍ഷാരംഭത്തിന് 500 വത്സരം മുന്‍പെങ്കിലും ആരംഭിച്ചിരിക്കണം. ഈ കൂത്തിനെക്കുറിച്ചാണ് കുഞ്ചന്‍നമ്പ്യാര്‍ ആണ്ടിയാട്ടം എന്നു പറയുന്നത്. ഇതിനു പ്രത്യേക താളക്രമത്തിലുള്ള പാട്ടുകളുണ്ട്. 'കുഞ്ചിച്ചിടയുള്ളൊരാണ്ടി-താങ്കള്‍ക്കുടെവന്തുകൂത്താടുമാണ്ടി' ഇപ്രകാരമാണ് പാട്ടുപോകുന്നത്. ഇതിനു മന്ദത്തുകളി, ലാലാകളി, നന്ന്യാര്‍കളി, ദേശത്തെക്കളി (തേയത്തുകളി) എന്നിങ്ങനെയും പേര്‍ പറഞ്ഞുവരുന്നു. തമിഴ്നാട്ടില്‍ ഇതു സര്‍വസാധാരണമാണ്. കേരളത്തില്‍ തമിഴ്നാടിനോട് സാമീപ്യസമ്പര്‍ക്കമുള്ള പ്രദേശങ്ങളിലല്ലാതെ ആണ്ടിയാട്ടം അത്ര പ്രചാരത്തിലില്ല. നോ: കാവടിയാട്ടം
(ജി. ഭാര്‍ഗവന്‍ പിള്ള; സ.പ.)

ആണ്ടിക്കളി
തൃശൂര്‍ ജില്ലയിലെ തൃശൂര്‍, തലപ്പിളി എന്നീ‍ താലൂക്കുകളില്‍ പാണസമുദായക്കാര്‍ നടത്തുന്ന അനുഷ്ഠാനപരവും വിനോദാത്മകവുമായ ഒരു കലയാണ്‌ ആണ്ടിക്കളി. പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള ആൺകുട്ടി‍യോ പെണ്‍കുട്ടി‍യോ ആയിരിക്കും 'ആണ്ടിക്കിടാവ്‌". കൂടെ രക്ഷകർത്താവായുണ്ടായിരിക്കും ആണ്ടി. കര്‍ഷകത്തൊഴിലാളികളാണ്‌ ഇതു് അവതരിപ്പിക്കാറുള്ളതു്‌. മുതിര്‍ന്ന ഒരു സ്ത്രീ ഉടുക്കുകൊട്ടി‍ പാടുന്നു. ഉടുക്കിനു പകരം ഓട്ടുകിണ്ണവും ഉപയോഗിക്കും. വിടര്‍ത്തിപ്പിടിച്ച 'കൂറ" രണ്ടു കൈ കൊണ്ടും ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു് വൃത്താകാരത്തില്‍ ചുവടു് വെച്ചു് ആണ്ടിക്കിടാവു് നൃത്തം വെക്കുന്നു. സാധാരണ രാവിലെ മുതല്‍ വൈകുന്നേരം വരെ കളി തുടരും. ക്ഷേത്രങ്ങളുടെയോ വീടുകളുടെയോ മുറ്റത്താണു് ഇതു് കളിക്കാറുള്ളതു്. പ്രത്യേകിച്ചു് അരങ്ങോ ദീപവിധാനമോ ഇല്ല. പെൺകുട്ടിയുടെ മുഖം അരിമാവുകൊണ്ട് അണിഞ്ഞിരിക്കും. തലമുടി ചുവന്ന നിറമുള്ള തുണികൊണ്ട് മറച്ചിരിക്കും.  പാവാടയും ജാക്കറ്റും ആണ്ടിക്കിടാവിന്റെ വേഷം. ആണ്ടി മുണ്ടും ജാക്കറ്റും ധരിക്കും‍. ആണ്ടിക്കിടാവു് തലയില്‍ ഒരു തുണികെട്ടും. ഇതിന്റെ പാട്ട് സാമാന്യം നല്ല ദൈർഘ്യമുള്ളതാണെങ്കിലും, മിക്കവാറും കളിക്കാർ ശരിക്കുള്ളതിന്റെ ചെറിയൊരുഭാഗം മാത്രമേ ആലപിക്കാറുള്ളൂ

സുഹൃത്തുക്കളേ ഒരപേക്ഷ ,
നെറ്റിൽ ഏറെ പരതിയിട്ടും  ആണ്ടിക്കളിയുടെ ഫോട്ടോസ് കിട്ടിയില്ല ..
ചിത്രങ്ങളോ വീഡിയോകളോ കൂടുതൽ വിവരങ്ങളോ ആരുടെയെങ്കിലും പക്കൽ ഉണ്ടെങ്കിൽ ദയവു ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യുക