പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ് പൊറാട്ടു നാടകം. പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് പൊറാട്ട് നാടകം പ്രധാനമായും അരങ്ങേറുന്നത് . സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. നിത്യ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കലാരൂപത്തിലെ പ്രധാന വിഷയങ്ങൾ. പുരുഷന്മാരാണ് ഈ കലാരൂപം അവതരിപ്പിക്കുന്നതെങ്കിലും സ്ത്രീകൾ ഉൾപ്പെടെ വളരെ അധികം കഥാപാത്രങ്ങൾ ഉള്ള ഒരു കലാരൂപം കൂടിയാകാം ഇത്. ഇതിന്റെ പശ്ചാത്തല വാദ്യമായി ഉപയോഗിക്കുന്നത് മൃദംഗം, ചെണ്ട, ഇലത്താളം എന്നിവയാണ്. ഈ കളിയിൽ പാണന്മാർക്ക് വലിയ പങ്കുണ്ട്.
പാണൻ എന്ന സമുദായത്തിൽ പെട്ടെവരാണ് ഇത് അവതരിപ്പിക്കുന്നത്. പുരുഷന്മാരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.
ചരിത്രം
നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നു സംശയിക്കുന്ന ഈ നാടോടി നാടകത്തെ പരിഷ്കരിച്ച് ഇന്നത്തെ പോലെയുള്ള രംഗാവതരണ ശൈലിയിൽ വളർത്തിയെടുത്തത് പൊൽപ്പള്ളി മായൻ എന്ന കളിയാശാനാണെന്ന് പറയപ്പെടുന്നു. പൊറാട്ട് എന്നാൽ പുറത്തെ ആട്ട്, അതായത് പുറം ജനങ്ങളുടെ ആട്ട് (നൃത്തം) എന്നാണർത്ഥം.. നാടുവാഴി കാലഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും പുറത്താക്കിയ, കീഴാളരുടെ നാടകം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊറാട്ടു നാടകത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുന്നതിന് ആശാൻമാർ ശ്രമിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് നെന്മാറക്കാരൻ സി.ശങ്കരൻ കളിച്ചു വന്ന പൊറാട്ടു നാടകത്തിൽ ഗാന്ധി സ്തുതിയുണ്ട്.
വിശദാംശങ്ങൾ
കളിയുടെ ആദ്യം മുതൽ അവസാനം വരെ വിദൂഷകനായ ഒരു ചോദ്യക്കാരനുണ്ടാകും. കഥാപാത്രങ്ങൾ രംഗത്തു വന്നാൽ ഇയാൾ ഫലിതം പുരണ്ട ചോദ്യങ്ങൾ ചോദിക്കും. ഒരു വിദൂഷകനെ പോലെ രസിപ്പിച്ച് കഥ മുന്നോട്ടു കൊണ്ടു പോകുന്ന അയാൾക്ക് നീളം കൂടിയ തൊപ്പിയും പല നിറങ്ങളുള്ള ഉടുപ്പും അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് വേഷം. ചോദ്യങ്ങൾക്ക് കഥാപാത്രങ്ങൾ നൽകുന്ന മറുപടിയിലൂടെയാണ് കഥാഭാഗങ്ങളെ ബന്ധിപ്പിക്കുന്നത്.[4] വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിവിധ പൊറാട്ടുകളുടെ സംഗമ സ്ഥാനമാണ് വേദി. ഓരോ പൊറാട്ടും സ്വയം പൂർണ്ണ്ണവും മറ്റു കഥാപാത്രങ്ങളോട് ബന്ധമില്ലാത്തതുമാണ്. അവരവർക്കുള്ള ഭാഗം കളിച്ചു കഴിഞ്ഞാൽ വേറെ പൊറാട്ട് പ്രവേശിക്കുന്നു. സ്ത്രീ പൊറാട്ടും പുരുഷ പൊറാട്ടും തമ്മിലുള്ള സംഭാഷണത്തിൽ പ്രണയ കലഹങ്ങളും അവിഹിത ബന്ധങ്ങളും പരാമർശ വിഷയങ്ങളാകും.
ആദ്യം വണ്ണാത്തിയുടെ പുറപ്പാടാണ്. വണ്ണാത്തി രംഗത്തു വന്നാൽ ആദ്യമായി ഗുരു, ഗണപതി, സരസ്വതി, ഇഷ്ടദേവത എന്നിവരെ വന്ദിക്കുന്ന ഒരു വിരുത്തം പാടുന്നു. പിന്നെയാണ് ചോദ്യോത്തരം.
പ്രധാന വേഷങ്ങൾ
ദാശി, മണ്ണാൻ, കുറവൻ, കുറത്തി, ചെറുമൻ, ചെറുമി, കവറ, കവറച്ചി, ചക്കിലിയൻ, ചക്കിലിച്ചി, പൂക്കാരി, മാതു, അച്ചി ഇവരൊക്കെയാണ് രംഗത്തു വരുന്ന പ്രധാന വേഷങ്ങൾ. കൂട്ടപ്പുറാട്ട്, ഒറ്റപ്പുറാട്ട് എന്നിങ്ങനെ പൊറാട്ടിനു വക ഭേദമുണ്ട്.
പ്രത്യേകതകൾ
മണ്ണാൻ -മണ്ണാത്തി, ചെറുമൻ-ചെറുമി, കുറവൻ-കുറത്തി എന്നിങ്ങനെ അനേകം പൊറാട്ടുകൾ ഈ കലയിലൂടെ അവതരിപ്പിക്കുന്നു. ഓരോ സമുദായത്തിന്റെ ജീവിത രീതികൾ ഫലിത രൂപത്തിൽ അവതരിപ്പിക്കുന്ന ഇതിൽ പുരുഷന്മാർ തന്നെയാണ് സ്ത്രീ വേഷവും കെട്ടുന്നത്. നർമ്മ സംഭാഷണം, ചടുലമായ നൃത്തം, ആസ്വാദ്യമായ പാട്ടുകൾ എന്നിവയാണ് ഈ കലാരൂപത്തിന്റെ പ്രത്യേകതകൾ. കളിയാശാൻ, ചോദ്യക്കാരൻ എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളാണ് ഈ കലയിലെ കഥ നിയന്ത്രിക്കുന്നത്. ചോദ്യക്കാരൻ വിദൂഷകന്റെ വേഷവും അഭിനയിക്കുന്നു.
അരങ്ങ്
കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലാണ് സാധാരണ പൊറാട്ട് അവതരിപ്പിക്കുന്നത്. ഇതിലേക്കായി നാലു തൂണുകൾ നിർത്തി നടുവിൽ തിരശ്ശീലയിട്ടാണ് അവതരിപ്പിക്കുന്നത്. വേഷങ്ങൾ അതതു സമുദായങ്ങളുടെ സാധാരണ വേഷം തന്നെയായിരിക്കും.
പ്രചാരം
പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ എന്നീ താലൂക്കുകളിലും തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ അപൂർവ്വം ചില പ്രദേശങ്ങളിലും മാത്രമേ പ്രചാരമുള്ളൂ.
പ്രധാന കലാകാരന്മാർ
പൊൽപ്പള്ളിമായൻ
ചാമുക്കുട്ടിയാശാൻ
എത്താർമായൻ
പാലം തോണി വേലായുധൻ
ആയക്കാട് ചെല്ലൻ
മണ്ണൂർ ചാമിയാർ
തെങ്കുറുശ്ശി മുരുകച്ചൻ
സി.ശങ്കരൻ
മണ്ണൂർ ചന്ദ്രൻ
തത്തമംഗലം കലാധരൻ
പൊറാട്ട് നാടകം രംഗപാഠം
പൊറാട്ട് നാടകംകളി എന്നിങ്ങനെ പൊറാട്ട് നാടകത്തെ പണ്ട് വിളിച്ചിരുന്നു. 40 വർഷങ്ങൾക്കു മുമ്പാണ് ശ്രീ. തച്ചപ്പുളളി അടിമ, അടുത്ത ഒരു ബന്ധുകൂടിയായ ശ്രീ. തച്ചപ്പുളളി ശങ്കരനിൽനിന്നും പൊറാട്ടുനാടകം അഭ്യസിച്ചത്. ഓരോരുത്തരുടെ കഴിവുനോക്കി ആശാൻ ഓരോ വേഷങ്ങൾ കൊടുക്കുന്നു. പൊറാട്ടുനാടകത്തിലെ പ്രധാനവേഷമായ ബഫൂൺ വേഷമാണ് ശ്രീ. തച്ചപ്പുളളി അടിമ സ്‌ഥിരമായി ചെയ്‌തിരുന്നത്. നാടകത്തിൽ ബാലപ്പാർട്ട്, ബഫൂൺപാർട്ട് എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ഉണ്ട്.
പൊറാട്ട് നാടകത്തിന് ഗ്രന്ഥങ്ങളോ അപൂർവ്വ രേഖകളോ ഉളളതായി ആർക്കും അറിയില്ല. ഇന്നത്തെ തലമുറക്കാർ, അറിയുന്ന കാര്യങ്ങൾ എഴുതിവെച്ചിട്ടുണ്ടെന്നു മാത്രം. പൂർണ്ണമായും ഒരു രംഗകലയായിട്ടാണ് പൊറാട്ട് നാടകം അവതരിപ്പിക്കുന്നത്. പ്രത്യേക കാലമൊന്നും ഇതിന്റെ അവതരണത്തിനില്ല. ഏതവസരത്തിലും പൊറാട്ട് നാടകം അവതരിപ്പിക്കാറുണ്ട്. അന്നും ഇന്നും, താല്‌പര്യമുളള ആർക്കും ഇത് പഠിപ്പിക്കാൻ തയ്യാറാണ്. പ്രത്യേക സമുദായമോ ജാതിയോ നോക്കാതെ എല്ലാവരും ഇടകലർന്ന് പൊറാട്ടുനാടകം അവതരിപ്പിക്കുന്നു. അന്ന് തമ്പ്രാക്കൻമാരുടെ അകായികളിലും സാധാരണക്കാർക്കുവേണ്ടിയും പൊറാട്ട് നാടകം അവതരിപ്പിച്ചിരുന്നു. സിനിമയുടെയും പ്രൊഫണൽനാടകത്തിന്റെയും അതിപ്രസരത്തിനുമുമ്പ് പൊറാട്ടുനാടകം തന്നെയായിരുന്നത്രെ എല്ലാവരുടെയും വിനോദോപാധി. അതുകൊണ്ടുതന്നെയാവണം പൊറാട്ടു നാടകത്തിന് പ്രത്യേകകാലം ഇല്ലാത്തത്. ഭാര്യാഭർത്താക്കൻമാരുടെ പരസ്‌പരവഴക്കും സംശയവും സംശയനിവാരണവും പുനരേകീകരണവും മറ്റും പ്രത്യക്ഷമായും പരോക്ഷമായും ഈ പൊറാട്ടുനാടകത്തിൽ പ്രതിപാദിക്കുന്നു. വിഷയങ്ങളിലോ പാട്ടുകളിലോ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ ഓരോരുത്തരും ശ്രമിക്കാറുണ്ട്. ഉദാഹരണമായി സഭ്യേതരമായ പാട്ടുകളും ഡയലോഗുകളും ആണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് അവ പരമാവധി ഒഴിവാക്കി രാമായണത്തിൽനിന്നും മറ്റുമുളള വരികളാണ് ഉപയോഗിക്കുന്നത്. മറ്റുളളവരുടെ പരിഹാസം ഭയന്നാണ് ഈ രീതിയിലുളള മാറ്റങ്ങൾ വരുത്താൻ അവർ നിർബദ്ധരാകുന്നത്. പൊറാട്ടു നാടകത്തെ ‘പെലാട്ടുനാടകം’ എന്ന് വിളിച്ച് അപമാനിച്ചിരുന്നുവത്രെ.
ഉൽസവങ്ങൾക്ക് പൊറാട്ട് അവതരിപ്പിക്കാത്തത് സമയപരിമിതി മൂലമാണ്. പൊറാട്ട്‌നാടകം രാത്രി തുടങ്ങിയാൽ പുലരുന്നതുവരെ ഉണ്ടുകും. നാടകത്തിലെ ബഫൂണിന്റെ യുക്തിക്കനുസരിച്ച് ഈ സമയം നീട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാം. തച്ചപുളളി അടിമ ഇപ്പോൾ നാടകത്തിൽ ബഫൂണിനെ അവതരിപ്പിയ്‌ക്കാറില്ല (പ്രായാധിക്യത്താൽ) ഇന്നത്തെ തലമുറയിൽ ശ്രീ. പുഞ്ചിറ ചന്ദ്രനും സംഘവുമാണ് പൊറാട്ട് നാടകം അവതരിപ്പിക്കുന്നത്. മുമ്പ് നാടകത്തിൽ കഥാപാത്രങ്ങൾ 14 ആണ് ഉണ്ടായിരുന്നത്. ഇന്ന് അത് പത്തായി ചുരുക്കിയിട്ടുണ്ട്. എന്നാൽ തർജ്ജമക്കാരനായി ഒരു ബഫൂണിനെ വേറെ കൂട്ടിച്ചേർത്തിട്ടുണ്ട്. ചെണ്ട, ഇലത്താളം, പിൻപാട്ടുകാരൻ എന്നിവരടക്കം ഇന്നത്തെ നാടകത്തിലും 14 ആൾ ഉണ്ട്. പുഞ്ചിറ കലാസമിതിയുടെ ഗ്രാമീണനൃത്ത സംഗീതനാടകം ‘കണ്ടച്ചൻ അഥവാ ചാത്തച്ചൻ’ എന്നാണ് പൊറാട്ടുനാടകത്തിന് ഇവർ നൽകിയിട്ടുളള പേര്.
ബാലപ്പാർട്ട്‌ഃ ആൺകുട്ടിഃ ട്രൗസർ, ഷർട്ട്, തൊപ്പി, വലതുകൈയിൽ വടി, ഇടതുകൈയിൽ ടൗവ്വൽ (ഇന്ന് കസവുമുണ്ട്, വടി, തൊപ്പി, ടൗവ്വൽ). ഗണപതി സരസ്വതി എന്നിവരെ സ്‌തുതിക്കുന്നു. അഭിവന്ദനം അറിയിക്കുന്നു. നാടകത്തിന് ആശീർവാദങ്ങൾ അഭ്യർത്ഥിക്കുന്നു. തെറ്റുകളും കുറവുകളും സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. വന്ദനഗാനം ആലപിക്കുന്നു.
“വന്തനം തന്തേ ബഫൂൺ വന്തനം തന്തേ
വന്തേൻ തന്തേൻ വന്തേൻ തന്തേൻ സഭയ്‌ക്കു വന്തേൻ” ഈ പാട്ടിനുശേഷം സദസ്സിനെ വണങ്ങുകയും അരങ്ങത്തുനിന്നു വിടവാങ്ങുകയും ചെയ്യുന്നു.
അതിനുശേഷം വരുന്നത് സ്‌ത്രീവേഷമാണ്. ദാസിഃ സാരി, ബ്ലൗസ്, ആഭരണങ്ങൾ തുടങ്ങിയ വേഷഭൂഷാദികളോടുകൂടി ഇടതുകൈയിൽ ടൗവ്വലുമായി വരുന്നു. വരവുപാട്ട്‌ഃ
“വാരാൻ മാതി മുകിലേ ജോറായി എൻസഭയ്‌ക്ക്
നേരെ നടിനം ചെയ്‌വുതേമൊഴി വാമൊയിലേ” അതിനുശേഷം
“അയ്യയ്യാ ഇന്തടത്തിൽ വന്താൻ ആരേയും പാക്ക ഇല്ലയാ..”
എന്ന് ഒന്നുരണ്ടുതവണ ഇടവിട്ടിടവിട്ട് ചോദിക്കുന്നു. പണ്ട് ഈ നേരത്ത് സദസ്സിലെ ആരെങ്കിലും തന്നെ കോമാളി അഥവാ ബഫൂണിനെ വിളിച്ചു വരുത്തിയിരുന്നു. ഇന്ന് ബഫൂൺ തനിയെ വരുന്ന രീതിയാണ്. ട്രൗസറും ഏതെങ്കിലും തരത്തിലുളള കോട്ടും വേഷം. മുഖത്തുതോന്നിപോലെ ചായം തേച്ചുപിടിപ്പിച്ചിരിക്കും. കൂമ്പൻതൊപ്പി. ഒറ്റനോട്ടത്തിൽത്തന്നെ ആരെയും ചിരിപ്പിക്കുന്ന രൂപം. ദാസി-തമിഴത്തി. സാരി, ബ്ലൗസ്സ്, ഇടതുകൈയിൽ ടൗവൽ. ആഭരണങ്ങൾ അണിഞ്ഞിരിക്കും. വരവുപാട്ട്‌ഃ
“വാരാൻ മാതിമുകിലേ ജോറായി എൻസഭയ്‌ക്കു
നേരെ നടിനം ചെയ്‌വുതേമൊഴി വാമൊയിലേ” (ആരെയും കാണാഞ്ഞിട്ട്)
“അയ്യയ്യാ ഇന്ത ഇടത്തിൽ വന്താൽ ആരെയും പാക്കേ ഇല്ലയാ” എന്ന് ചോദിക്കുന്നു. കുറച്ചുകഴിഞ്ഞ് വീണ്ടും ചോദ്യം ആവർത്തിക്കുന്നു (പണ്ട് സദസ്സിലെ ആരെങ്കിലും കോമാളിയെ വിളിച്ചുവരുത്തുന്ന രീതിയായിരുന്നു). ‘ചേട്ട ചേട്ട എന്നുവിളിച്ചതെന്തിനേതിന്’ എന്നു ചോദിച്ചുകൊണ്ട് കോമാളി കടന്നു വരുന്നു. (തലയിൽ കൂമ്പൻതൊപ്പി, ട്രൗസർ, കോട്ട്, മുഖത്ത് എന്തെങ്കിലും ചായം-ഒറ്റനോട്ടത്തിൽത്തന്നെ ചിരിയുണർത്തുന്ന രൂപം). ആ സമയത്ത് ദാസി വീണ്ടും പ്രത്യക്ഷപ്പെടുന്നു. കോമാളി ദാസിയോട് ഊരും പേരും മറ്റും ചോദിച്ചറിയുന്നു. ആഗമനോദ്ദേശ്യം ചോദിച്ച മാത്രയിൽ ദാസി പറയുന്നുഃ ‘ഞാനെന്റെ ചെട്ട്യാരെ തേടിവന്നതാണ്.
കോമാളിഃ ഓഹോ, എങ്കിൽ നീ കുറച്ചുസമയത്തേയ്‌ക്ക് ഇവിടെനിന്ന് മാറിനിൽക്ക്. നിന്റെ ചെട്ട്യാര് ഇവിടെ എവിടെയെങ്കിലും ഉണ്ടോന്ന് ഞാനൊന്നു നോക്കട്ടെ. ദാസി വീണ്ടും രംഗം വിടുന്നു. മറ്റൊരു ഭാഗത്തുകൂടി കോമാളിയും. അടുത്ത രംഗത്തിൽ ചെട്ട്യാർ പ്രവേശിക്കുന്നു (മുണ്ട്, ഷർട്ട്, ടൗവൽ, വടി, ഉറുപ്പ) കോമാളി വീണ്ടും കടന്നുവരുന്നു. ചെട്ട്യാരോട് പലതും ചോദിച്ചറിഞ്ഞ കൂട്ടത്തിൽ വരവിന്റെ ഉദ്ദേശ്യവും ആരാഞ്ഞു. കല്ലുവിൽക്കാൻ വന്ന തന്റെ പണം പിടുങ്ങുകയും തന്നെ ചതിക്കുകയും ചെയ്‌ത ദാസിയെ തിരഞ്ഞു വന്നതാണ് താൻ എന്ന് ചെട്ട്യാര് പറയുന്നു. ’എങ്കിൽ കുറച്ചുസമയം ഇവിടെനിന്ന് മാറിനിൽക്കാ‘നും
“ദാസിയെങ്കിൽ കൊടുത്ത പണവും
ആനവായിൽ പോയ കരിമ്പും മടക്കിക്കിട്ടുമോടാ” എന്നു പറഞ്ഞ് ചെട്ട്യാരെ കളിയാക്കുകയും ചെയ്യുന്നു. അടുത്ത രംഗത്തിൽ വരവുപാട്ടുപാടിക്കൊണ്ട് മണ്ണാത്തി പ്രവേശിക്കുന്നു. (സെറ്റ്‌മുണ്ട്, ബ്ലൗസ് വേഷം).
പാട്ട്‌ഃ ’വാണി സരസോതി നാവിൽ വസിക്കേണേയ്
തൂണതോന്നിയ്‌ക്കണം കവിത‘ പിന്നീട് ’കണ്ടച്ച മുണ്ടച്ച ചാത്തച്ചൻമാരാരുവിടില്ലേ‘ എന്നു ചോദിക്കുന്നു. അല്പം കഴിഞ്ഞ് ചോദ്യം ഒന്നുകൂടി ആവർത്തിച്ച് അവിടെനിന്നു പോകുന്നു. അന്നേരം കോമാളി ഏതെങ്കിലും പാട്ടുപാടി വരുന്നു. ആരാണ് ഈ കണ്ടത്തിന്റെ വരമ്പോക്കെ വെട്ടിമുറിച്ചു വന്നിട്ടുളളത് എന്ന് ദേഷ്യപ്പെടുന്നു. അപ്പോൾ അവിടെയെത്തുന്ന മണ്ണാത്തിയെ കാണുകയും പെണ്ണിനെ കണ്ടാലുളള ആർത്തിയിൽ അടുക്കുകയും ചേഷ്‌ടകൾ കാണിക്കുകയും ചെയ്യുന്നു. നീ ജാതിയിൽ ആരാണെന്നും ചോദിക്കുന്നു.
“ഞാൻ ജാതിയിൽ മണ്ണാത്തിയാണ്. ദേശം തറകളൊക്കെ നടന്ന് ഏറ്റുമാറ്റുകളൊക്കെ എടുക്കുന്ന സ്‌ത്രീയാണ്.” “നിന്റെ പേരെന്താണ് പെണ്ണേ?”
“അച്ഛനമ്മമാർ വിളിക്കും കുഞ്ചുദേവി. നാട്ടിലച്ചൻമാർ വിളിക്കും അമ്മാളൂന്ന്”
“നിന്റെ നാടെവിടെയാണ്?”
“താണിപ്പാടം കാക്കശ്ശേരി എന്റെ രാജ്യം. കെട്ടിക്കൊണ്ടുവന്ന രാജ്യം മുല്ലശ്ശേരി” (ഈ സ്‌ഥലനാമങ്ങൾ, പരിപാടി അവതരിപ്പിക്കുന്ന സ്‌ഥലങ്ങളെ അനുസരിച്ച് പാട്ടിൽ മാറ്റി അവതരിപ്പിക്കും).
“ദേശം തറകൾ ചുറ്റിത്തുണിവാങ്ങി വന്നവളാണെന്റെ പേര് അമ്മാളു”.
“എന്തിനു വന്നു?”
“മണ്ണാനെ അന്വേഷിച്ച്”.
“നിന്റെ മണ്ണാൻ ഇവിടുണ്ടെന്ന് ആരാ പറഞ്ഞെ?”
“ദേശം തറകളൊക്കെ ചുറ്റിത്തുണി വാങ്ങി വരുമ്പോളറിഞ്ഞു.”
“എങ്കിൽ നീ കുറച്ചു മാറി നിക്ക്. നിന്റെ മണ്ണാൻ ഇവിടെയുണ്ടോന്ന് ഞാനൊന്നാന്വേഷിക്കട്ടെ”. ആ സമയത്ത് മണ്ണാൻ വരുന്നു. (മുണ്ട്, ഷർട്ട്, തലേക്കെട്ട്, ടൗവൽ, വടി)
“അമ്പിനമകനെ കുടവയറഴികിയ തുമ്പിക്കരമുടയവ-
നമ്പിനാലൊരു കവി നാവിൽ തോന്നിക്കണേ” വരവുപാട്ട്.
“കണ്ടച്ച മുണ്ടച്ച എന്താണച്ചാ നിങ്ങളെന്നെ കണ്ടിട്ടറിഞ്ഞില്ലേ”
“കണ്ടിട്ടറിയാൻ ഇന്റെ കയ്യില്
കല്ലൊന്നുംണ്ടായിരുന്നില്ലെടാ അതൊക്കെ പോട്ടെ നീ ജാതിയിൽ ആരാണ്?”
“ഞാൻ മണ്ണാൻ രാമനാ”
“ഇടുക്കെടാ തലേക്കെട്ട്”
“ഇനിക്കിത് സ്‌ഥാനം കിട്ടീട്ടൊളളതാണ്”
“ആ സ്‌ഥാനം എവിടുന്ന് കിട്ടി?”
“അഴാഞ്ചേരി മനയ്‌ക്കൽനിന്നും അതാതു ജാതിപ്പകുത്തതിൽ നിന്ന് മണ്ണാൻ രാമൻ ഞാനാണച്ഛാ”
“ആ നീയ് ഇവിടെ വരാൻളള കാരണം?” ഞാനെന്റെ മണ്ണാത്തിയെ തേടിവന്നതാണ്. ഇന്നാ നീയ് കൊറച്ചങ്ങ്‌ട് മാറിനിൽക്ക്. നിന്റെ മണ്ണാത്തിയെ ഞാനൊന്നന്വേഷിക്കട്ടെ (മണ്ണാൻ പോകുന്നു) മണ്ണാത്തി വരുന്നു. “ഇന്റെ മണ്ണാൻ ഇവിടെ വന്നോ അച്ഛാ”
നിന്റെ മണ്ണാനെ ഞാൻ കാണിച്ചരാം എന്നു പറഞ്ഞ് മണ്ണാനെ വിളിക്കുന്നു.
മണ്ണാനും മണ്ണാത്തിയും കണ്ടുമുട്ടുന്നു. രണ്ടുപേരോടും ഉപദേശങ്ങൾ നൽകി ഒരുമിച്ച് പറഞ്ഞയയ്‌ക്കുന്നു. കോമാളിയും നിഷ്‌ക്രമിക്കുന്നു. അടുത്തത് മൂത്തൊർത്തിയുടെ (മൂത്തകുറത്തി) രംഗപ്രവേശമാണ്. “എൻ പേര് ലക്ഷ്‌മിയാണെന്നുടെ നാടാലപ്പുഴ അഴകോടെയെൻ കുറവൻ നാണുവിനേയും വിട്ട് ഓരോരോ ദിക്കിലായ്.”
“അയ്യയ്യോ എൻ പുന്നാര സെറിയച്ചോ നിങ്ങളിവിടാരൂല്ലേ”
“ആരാണീ ചുക്കും ചൊറിയും കൈപിടിച്ച് ഈ രാത്രി നേരത്തിങ്ങട് കേറുവന്ന്‌ളള്”
“നീയെവിടെനിന്നും വരുന്നു?”
“തെക്കുതെക്ക് തിരുവനന്തപുരത്തൂന്നാണ് വരുന്നത്.”
“ആരാടീ തിക്കിത്തിരക്കി ഇങ്ങട് കൊടന്നത്?” എന്ന് കോമാളി ചോദിക്കുന്നു.
തൃശൂർപൂരം കണ്ടിട്ടുളെളാരു മഹിമ
എട്‌ത്ത് പാടുന്നു ലക്ഷ്മിക്കുട്ടി കവിത നീ എന്തിനു വന്നു?
“ഞാനെന്റെ കുറവനെ അന്വേഷിച്ചു വന്നതാണ്.” തുടർന്ന് കുറവനെപ്പറ്റി വർണ്ണിക്കുന്നു. “വായുദേവൻ തന്നുടെ അനുമാൻ സാമിയുടെ രൂപമൊന്നുണ്ടച്ചാ എൻകുറവന്”
“നിന്റെ കുറവൻ ഇവിടെയെവിടെയെങ്കിലും ഉണ്ടോന്ന് ഞാനൊന്നു തിരക്കട്ടെ. നീ കൊറച്ച് നേരങ്ങ്‌ട് മാറി നിൽക്ക്.” അവൾ പോകുന്നു. കുറവൻ വരുന്നു.്
“ശ്രീപളനിയിൽ വാണിരിക്കും കുറവനാണച്ചാ എൻ പേര് നാണുവും
ഏറിയ നാടുകൾ ചുറ്റി കുറത്തികളെ തേടി ഞാൻ സഭ തന്നിൽ
പാർക്ക വരികിൻറേൻ. തികൃതച്ചം, തച്ചം, തിമൃതത്തെയ്”
“എവിട്‌ന്നാ കല്യാണം കഴിച്ചത്? നല്ല നിലയ്‌ക്ക് കഴിച്ചതാണോ?”
“വൈക്കത്തിന്റെ വടക്കു തലയ്‌ക്കെ ശങ്കരൻ മകളെ പെണ്ണുതിരഞ്ഞു. ലച്ച്‌മി, ഗൗരി,മാളൂ, നാണി ഇങ്ങനെ അന്നവർ നാലാളുണ്ട്. ഇവരിൽ നാലാൾ പഞ്ചരസത്തെ കണ്ടാശ്രിയത്വം ലച്ച്‌മിക്കേയുളളൂ.” തുടർന്ന് കുറത്തിയെ വർണ്ണിക്കുന്നു.
“എന്തൊരഴകാണച്ചാ എന്റെ പൊന്നു ലച്ച്‌മിയെ നിനച്ചാ ചന്ത മേനിയഴകും അവളുടെ ചായിൽ മുടിക്കെട്ടുമേ” പിന്നെ അൽപം മടിയോടെ.
“എനിക്കൊരു കുറത്തികൂടിയുണ്ടച്ചാ. അതവളറിയണ്ടാ” (ആദ്യത്തെ കുറത്തി).
“ഉവ്വോ എങ്കിൽ നീ കുറച്ച് നെരങ്ങ്‌ട് മാറിനിൽക്ക് (കുറവൻ പോകുന്നു). അപ്പോൾ രണ്ടാമത്തെ കുറത്തിവരുന്നു.
”അമ്പത്തൊന്നക്ഷരമതിൽ മൂന്നക്ഷരം
ഞാനിതാ സഭയിൽ കുറിച്ചൊന്നു ചൊല്ലുന്നു
ശ്രീ രാമലക്ഷ്‌മണൻമാരും പണ്ട് പർണശാല വാഴും കാലം…“
”നിന്റെ പേരെന്താണുപെണ്ണേ“. ”എന്റെ പേര് ഗൗരി“.
”നീ എന്തിനാ വന്നത്“
”ഞാനെന്റെ കുറവനെ അന്വേഷിച്ച് വന്നതാ“. (ആദ്യരംഗങ്ങളുലേതുപോലെതന്നെ ഇളങ്കുറത്തിയോടും ചോദ്യങ്ങൾ ചോദിക്കുന്നു. കുറത്തി അതിനെല്ലാം ഉത്തരം നൽകുന്നു. അവളോട് മാറിനിൽക്കാൻ നിർദ്ദേശിച്ചതനുസരിച്ച് അവൾ പോകുന്നു.) അതിനിടെയിൽ അളിയൻ കുറവൻ വരുന്നുണ്ട്. കുറവനും അളിയനും തമ്മിൽ വഴക്കടിക്കുകയും ചെയ്യും. കോമാളി ഇടപെട്ട് രംഗം ശാന്തമാക്കുന്നു.
പൂക്കാരത്തീം കളളനുംഃ പൂക്കാരത്തി വരുന്നു. (മറ്റു രംഗങ്ങളിലേതുപോലെതന്നെയാണ് ഇവിടെയും) കോമാളി അവളെ പരിചയപ്പെടുത്തുന്നു.
”ആര്യാകാട് സൂര്യാകാട് ഞാനിരിക്കും പാലക്കാട്
പാലക്കാട് പട്ടണത്തി പൂവ്വാറുപ്പാൻ വന്നോളാണ്.
കളളന്റെ വരവ് തില്ലാലക്കിടി തില്ലാലക്കിടി
തില്ലാലക്കുയിലേ മയിലേ തില്ലാലഞ്ചും പാട്ടും പാടി വന്താണ്ടി മയിലേ
ചെറുമനും ചെറുമീംഃ ചെറുമിഃ ആദിപടിഞ്ഞാറ് കല്ലടിക്കോടാണ്്
കല്ലടിക്കോട്ടിലെ വെളളച്ചെറുമി ഞാൻ.“ (ചെറുമി കോമാളിയോട് ചെറുമനെപ്പറ്റി സങ്കടം പറയുന്നു). അന്തിയാവോളം തമ്പ്രാന്റെ വീട്ടിലെ പണിചെയ്‌തു കിട്ടണകാശിന് കളളുകുടിച്ച് വന്ന് വഴക്കുണ്ടാക്കുന്നു.
ഈ പരാതികൾ കേട്ടശേഷം മുമ്പുളള രംഗങ്ങളിലേതുപോലെത്തന്നെ, ചെറുമൻ വരികയും കോമാളി അവനോട് ചോദ്യങ്ങൾ ചോദിക്കുകയും രണ്ടുപേരെയും ഉപദേശിക്കുകയും ഒരുമിച്ച് പറഞ്ഞയയ്‌ക്കുകയും ചെയ്യുന്നു. ഒടുവിൽ എല്ലാവരുംകൂടി വട്ടത്തിൽനിന്ന് മംഗളം പാടിക്കളിച്ച് പൊറാട്ട് നാടകം അവസാനിപ്പിക്കുന്നു. ചെറുമിയും ചെറുമനും കോമാളിയെ മുത്തച്ഛനെന്നും മറ്റുളളവർ അച്ഛനെന്നും വിളിക്കുന്നു. പാണർക്ക് മണ്ണാൻ തുണി അലക്കിക്കൊടുക്കാറില്ല. കണ്യാർക്കളിക്കിട്ട കളിപ്പന്തലുവീണു മണ്ണാൻകുലം മുടിഞ്ഞു. അതത്രെ കാരണം. കോമാളിക്ക് നാരദന്റെ റോളാണുളളത്.
പറഞ്ഞുതന്നത്‌ഃ 1. തച്ചപ്പുളളി അടിമ (65 വയസ്സ്, വെങ്കിടങ്ങ്) 2. പൂഞ്ചിറ ചന്ദ്രൻ 3. കൊച്ചൻ മുല്ലശ്ശേരി.


https://www.youtube.com/watch?v=Tu96kCQNNKA