ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

25-7-2017


25-7
കാഴ്ചയിലെ വിസ്മയം...

🎉🎉🎉🎉🎉🎉
പ്രിയ മലയാളം സുഹൃത്തുക്കളെ ,

ചൊവ്വാഴ്ചാ പംക്തിയായ
കാഴ്ചയുടെ വിസ്മയം
35 വാരങ്ങൾ പിന്നിട്ടിരിക്കുന്നു .

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ ഇതുവരെ നമ്മൾ പരിചയപ്പെട്ട കലാരൂപങ്ങൾ എല്ലാവരുടെയും അറിവിലേക്കായി താഴെ കൊടുക്കുന്നു ...

സിനിമ,
ചവിട്ടുനാടകം,
അർജുന നൃത്തം,
അലാമിക്കളി,
തെയ്യം,
ഇരുളർ നൃത്തം,
പറക്കും കൂത്ത്,
കോതാമൂരിയാട്ടം,
കുറത്തിയാട്ടം,
മംഗലം കളി,
കളമെഴുത്ത്,
തീയാട്ട്,
കാളിയൂട്ട്,
തലയാട്ടം,
കുത്തിയോട്ടം,
കുമ്മാട്ടി,
ഐവർ കളി,
പരിചമുട്ടുകളി,
ചിമ്മാനക്കളി,
വേലകളി,
കണ്യാർകളി,
ആണ്ടിക്കളി,
സംഘക്കളി,
പൊറാട്ടുനാടകം,
കൂടിയാട്ടം,
പാഠകം
പൂതനും തിറയും
പാന
മന്നാൻ കൂത്ത്
ഗദ്ദിക
ചിക്കാട്ടം
കുമ്മികളി
ഒപ്പന
തുമ്പിതുള്ളൽ
തിടമ്പ് നൃത്തം

എന്നിങ്ങനെ 35 കലാരൂപങ്ങൾ ...

ദൃശ്യകലകളുടെ മുപ്പത്തിയാറാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു
സർപ്പം തുള്ളൽ
അഥവാ സർപ്പം പാട്ട്
സർപ്പംതുള്ളൽ

പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സര്‍പ്പാരാധന/സര്‍പ്പം തുള്ളല്‍ . പ്രാചീനകലം മുതല്‍ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതില്‍ പുരാവൃത്തപരമോ മതപരമോ ആയ ദേവത പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യന്‍ ആരാധിക്കുകയും പ്രീണിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സര്‍പ്പാരാധനയും,സര്‍പ്പം തുള്ളലിന്റെയും തുടക്കം.നാഗക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും , വീട്ടുമുറ്റത്തും സര്‍പ്പം തുള്ളല്‍ എന്ന അനുഷ്ഠാന നൃത്തം നടത്താറുണ്ട്‌. കുരുത്തോല കൊണ്ട് അലങ്കരിച്ച പന്തലിനുള്ളില്‍ സര്‍പ്പത്തിന്റെ കളം വരച്ചാണ് ഇത് അരങ്ങേറുക. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാന്‍ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സര്‍പ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളില്‍ സര്‍പ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.പുള്ളോര്‍ക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവര്‍ നാഗസ്തുതികള്‍ പാടുന്നത്.

മണിപ്പന്തലില്‍ വെച്ചാണ് സര്‍പ്പം തുള്ളല്‍ നടത്തുന്നത്. ഈ മണിപ്പന്തലിനു നടുവിലായി‍ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തല്‍ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാന്‍ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തില്‍ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവില്‍ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞള്‍ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകള്‍ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവര്‍ണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാന്‍ തുടങ്ങിയാല്‍ മുഴുവനാക്കിയെ നിറുത്താന്‍ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാല്‍ മുകളില്‍ ചവിട്ടാന്‍ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയില്‍ തുളകളിട്ടാണ് ഉപയോഗിക്കുന്നത് .

സര്‍പ്പംതുള്ളല്‍



സര്‍പ്പപ്രീതിക്കുവേണ്ടി പുള്ളുവര്‍ സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും സര്‍പ്പപ്പാട്ട് നടത്താറുണ്ട്. അലങ്കരിച്ച പന്തലില്‍ സര്‍പ്പക്കളം ചിത്രീകരിച്ചിരിക്കും. പുള്ളുവര്‍ തന്നെയാണ് കളംപൂജയും മറ്റു കര്‍മങ്ങളും നടത്തുന്നത്. പുള്ളുവര്‍ പാടുമ്പോള്‍, വ്രതമെടുത്ത സ്ത്രീകള്‍ പന്തലില്‍ വരികയും നാഗരാജാവ്, നാഗയക്ഷി, സര്‍പ്പയക്ഷി, മണിനാഗം, എറിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ സങ്കല്പങ്ങളില്‍ ആടുകയും ചെയ്യും. പുള്ളുവക്കുടവും പുള്ളുവവീണയും താളക്കൊഴുപ്പുണ്ടാക്കുന്നു. പാട്ടിന്റെ രാഗതാളങ്ങള്‍ മുറുകുമ്പോള്‍ സര്‍പ്പംതുള്ളുന്നവരുടെ തുള്ളലും മുറുകും. 'ആടാടുയക്ഷിയമ്മേ, അഴകിനോടാടാടൂ', 'നാഗരാജാവിന്‍ തുള്ളോരാ, നാഗയക്ഷിക്കളിപോരല്ലോ' തുടങ്ങിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി തുള്ളിപ്പോകും. പാലാഴിമഥനം, ആസ്തികം, സര്‍പ്പോത്പത്തി തുടങ്ങിയ പല ആഖ്യാനങ്ങളും സര്‍പ്പപ്പാട്ടുകളിലുണ്ട്. സര്‍പ്പങ്ങളെ സ്തുതിച്ചുകൊണ്ടുള്ള ലഘുഗാനങ്ങളും പന്തല്‍, സര്‍പ്പംതുള്ളല്‍ എന്നിവയുടെ വര്‍ണനകളും കുറവല്ല. വീണയും കുടവും വായിച്ച് പാട്ടുപാടി സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തുവാന്‍ പുള്ളുവര്‍ക്ക് പാരമ്പര്യം സിദ്ധിച്ചതിന്റെ കഥകള്‍ ആഖ്യാനം ചെയ്യുന്ന ചില പാട്ടുകളും പുള്ളുവര്‍ പാടാറുണ്ട്          
     



1

2

3

സീത: സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും അപൂര്‍വ്വമായി ഗൃഹങ്ങളിലും നടത്തുന്ന ഒരു അനുഷ്ഠാനകല. പുള്ളുവസമുദായാംഗങ്ങളാണ് ഈ അനുഷ്ഠാന കലയുടെ അവതരണവും മേല്‍നോട്ടവും. പാമ്പുതുള്ളല്‍, പാമ്പിന്‍കളം, നാഗംപാട്ട്, സര്‍പ്പോത്സവം എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്.
വ്രതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കിയ സ്ത്രീകളാണ് അവതരിപ്പിക്കുക.
പുളളുവവീണയും, കുടവും മറ്റുമാണ് വാദ്യോപകരണങ്ങള്‍. കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യം നക്ഷത്രത്തിലാണ് സാധാരണമായി സര്‍പ്പംപാട്ട്  നടത്താറുളളത്.
അലങ്കരിച്ച പന്തലില്‍ സര്‍പ്പക്കളം ചിത്രീകരിക്കും. ഉച്ചയ്ക്കും രാത്രിയിലും പഞ്ചവര്‍ണ്ണപ്പൊടികള്‍കൊണ്ട് സര്‍പ്പയക്ഷിക്കളം, നാഗയക്ഷിക്കളം, അഷ്ടനാഗക്കളം എന്നിങ്ങനെ പലവിധത്തിലുളള കളങ്ങള്‍ പുളളവര്‍ ചിത്രീകരിക്കും. പന്തലില്‍ വിളക്കുകള്‍ തൂക്കും. കളത്തിനു ചുറ്റും തെറ്റ്, അരി, നാളികേരം, വെറ്റില, പഴുക്ക, പാല്‍കുടം, എന്നിവയില്‍ അലങ്കരിക്കും. കളം പൂജിച്ചു കഴിഞ്ഞാല്‍ സര്‍പ്പം തുളളുന്ന സ്ത്രീയെ പന്തലിലേക്ക് ആനയിക്കും. നാഗരാജാവ്, നാഗയക്ഷി, സര്‍പ്പയക്ഷി, മണിനാഗം, എരിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ  സങ്കല്‍പങ്ങളിലാണ് തുളളുക. ആര്‍പ്പും കുരവയും കഴിഞ്ഞശേഷം സ്ത്രീകള്‍  പൂക്കുല കൈകളിലേന്തി ആടാന്‍ തുടങ്ങും. വീണ, കുട, കൈമണി എന്നീ വാദ്യങ്ങളോടെ പുളളവര്‍ പാടാന്‍ തുടങ്ങും. ആ പാട്ടുകളുടെ രാഗതാളങ്ങള്‍ മുറുകുമ്പോള്‍ തുളളലുമുണ്ടാകും. സര്‍പ്പസങ്കല്പത്തിലാടുന്നവര്‍ അതിനിടയില്‍ ജനങ്ങളില്‍നിന്ന് വഴിപാടും സ്വീകരിക്കും. അവരെ അനുഗ്രഹിക്കുകയും ചെയ്യും. സര്‍പ്പംതുളളുന്നവരുടെ അരുളപ്പാടും നടക്കും. ആടുന്നവര്‍ വീണുരുണ്ട് കളങ്ങള്‍ മായ്ക്കുകയും ഒടുവില്‍ ആടിത്തളര്‍ന്ന് കിടക്കുകയും ചെയ്യും. ദിവസം മൂന്നു നേരം ഈ കര്‍മ്മങ്ങള്‍ ആവര്‍ത്തിക്കും. ചിലപ്പോള്‍ തുളളല്‍ ഒരാഴ്ചയിലധികം നീണ്ടു പോയേക്കാം. 

സാജിദ്: ബ്രഹ്മകുടം, വിഷ്ണുകൈത്താളം, കൈലാസവീണ എന്നീ മൂന്ന് വാദ്യോപകരണങ്ങളുമായി ശിവകുലം നാഗഗോത്രത്തിലായി പരമശിവൻ മനുഷ്യരെ സൃഷ്ടിച്ചുവെന്നും ദർഭയിൽനിന്നും ഉത്ഭവിച്ച ഇവരെ പുല്ലുവർ എന്ന് വിളിച്ചുപോരികയും ചെയ്തുവെന്നാണ് ഐതിഹ്യം. പുല്ലുവർ പിന്നീട് പുള്ളുവർആയി. ഭൂമിയിലെ സർപ്പദൈവങ്ങളെ പാടി പ്രീതിപ്പെടുത്താനായി നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു.
ആലപ്പുഴജില്ലയിലെ മണ്ണാറശ്ശാല പ്രസിദ്ധമല്ലേ                    
മണ്ണാറശ്ശാലയിലെ സർപ്പംതുള്ളലിനെ കുറിച്ച് നെറ്റിൽനിന്നും ലഭിച്ച കുറിപ്പ്👇
ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സർപ്പം തുള്ളൽ. ഇത് നാല്പത്തിയൊന്ന് കൊല്ലം കൂടുമ്പോഴാണ് നടത്തുന്നത്. ഏറ്റവും അവസാനമായി നടത്തിയത് 1976 ഏ. മാസത്തിലാണ്. സർപ്പം തുള്ളലിന് ഒൻപതു പേർ പങ്കെടുക്കുന്നു. നാഗരാജാവിന്റെയും യക്ഷിയമ്മയുടെയും പ്രതിനിധിയായി വലിയ അമ്മയും ചെറിയ അമ്മയും തുള്ളുന്നു. മറ്റുള്ള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം, ഐമ്പടനാഗം, നാഗയക്ഷി തുടങ്ങിയവയെ സങ്കല്പിച്ച് തുള്ളുന്നത് നായർ തറവാടുകളിലെ പ്രായംചെന്ന സ്ത്രീകളാണ്. ഏകദേശം രണ്ടാഴ്ചയോളമുള്ള പൂജാകർമങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായുള്ളത്. സർപ്പംപാട്ടും സർപ്പം തുള്ളലും കഴിഞ്ഞാൽ തൊട്ടടുത്ത വർഷം പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തുന്നു. അടുത്തവർഷം ഗന്ധർവൻപാട്ട് നടത്തുകയാണ് പതിവ്. ഇതിന്റെ പ്രത്യേകത കുറുപ്പന്മാർ കളമെഴുതുകയും ക്ഷേത്രത്തിലെ വലിയ അമ്മ പൂജ നടത്തുകയും ചെയ്യുന്നുവെന്നതാണ്. ഇതിന്റെ അടുത്തവർഷം പുലസർപ്പംപാട്ടുനടത്തും.                    
പാമ്പിൻ പക ഒടുങ്ങില്ല, തലമുറകൾ കഴിഞ്ഞും ഇഴഞ്ഞു വരും, കുലം മുടിക്കുന്ന സർപ്പശാപം, സന്താന വിഘ്നം വരുത്തും, ത്വക്ക് രോഗമായി തലമുറകളുടെ ശരീരത്തിൽ ഇഴഞ്ഞു കയറും, മനശ്ശാന്തി മാളത്തിൽ കയറും, ദോഷങ്ങൾ വന്നു പെട്ടാൽ നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ ദുർബ്ബലനായ മനുഷ്യൻ കളമൊരുക്കുന്നു...
പുള്ളുവരെയാണ് വിളിക്കുക, നാഗാരാധന നടത്തി ജീവിക്കാൻ ബ്രഹ്മാവ് തലയിൽ വരച്ചു വിട്ടവർ.
കൈലാസ നാഥനെ ചുറ്റു പിണഞ്ഞു കിടക്കുന്ന നൂറ്റൊന്നു നാഗങ്ങൾ....
പഞ്ചവർണ്ണങ്ങളിൽ നാഗയക്ഷികളുടെ രൂപങ്ങൾ ജനിക്കുന്നു...
കുരുത്തോലകളിൽ മന്ത്രങ്ങളുറങ്ങുന്ന രൂപങ്ങൾ കാവൽ നിർത്തി നാഗങ്ങളെ എഴുതിയുണർത്തുന്നു...
ആരാധനാനുഷ്ടാനങ്ങളിലൂടെ നമ്മുടെ കലാ സംസ്കാരം ഉറയുരിഞ്ഞ് അഭിവൃദ്ധിപ്പെട്ടു....
ഇവിടെ മതവും മനുഷ്യനും അനുഷ്ടാനവും ആരാധനയും കലയും കർമ്മവും വേർതിരിച്ചെടുക്കാനാവാത്ത വിധം ഇഴചേർന്ന് കിടക്കുന്നു...
അത്ഭുതപ്പെടുത്തുന്ന ഒരു കലാ പാരമ്പര്യം നൂറ്റാണ്ടുകളിലൂടെ ഇഴഞ്ഞ് നമ്മെ പത്തി വിരിച്ചു നോക്കുന്നു...
നാവേറു പാടി ദോഷമകറ്റി ഉണ്ണികളെ പുതിയ ലോകത്തേക്കു വിളിക്കുന്നു...
കളത്തിലെഴുതിയ ദൈവങ്ങളെ പാടിയുണർത്തുന്നു, തീയാലുഴിഞ്ഞ് പ്രീതിപ്പെടുത്തുന്നു...
ബലികളിൽ ഉണർത്തപ്പെട്ട കന്യാനാഗവും മണിനാഗവും അവർക്കായൊരുക്കി നിർത്തിയ ശരീരങ്ങളിൽ കയറി....
ഭക്തർ നിവേദിച്ച കളങ്ങളിൽ ഇഴഞ്ഞു നീങ്ങുന്നു...
മുടികളിലായിരം സർപ്പങ്ങളെയൊളിപ്പിച്ച് കന്യാനാഗം....
കൈലാസ നാഥനെ വലംവെയ്ക്കുന്ന മണിനാഗം...
ശേഷം...ഭക്തരുടെ സമർപ്പണത്തിൽ തൃപ്തരായി നാഗങ്ങൾ കാവുകളിലെ മാളങ്ങളിലേയ്ക്ക് അദൃശ്യരായി ഇഴഞ്ഞുപോയി...
അഴിച്ചിട്ട പാമ്പിൻതോൽ പോലെ വിശ്വാസങ്ങളിൽ പൊതിഞ്ഞ കലാ പാരമ്പര്യം അടുത്ത തലമുറകൾക്കായി ഈ കളങ്ങളിൽ പാതി മാഞ്ഞു കിടന്നു.

4

5

******************************************************