ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

25-9-2017

📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം
അനില്‍
📢📢📢📢📢
🔹🔹🔹🔹🔹🔹

📕    📗     📘     📙
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ🐋🐬
         ആത്മകഥ👮🏻
    ജേക്കബ് തോമസ്
🔥🔥🔥🔥🔥🔥🔥🔥🔥🔥

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ അംഗീകാരം നേടിയ ഐ.പി.എസ് ഓഫീസറാണ് ശ്രീ.ജേക്കബ് തോമസ്.കടുത്ത നിലപാടുകളാൽ നിരവധി തവണ സ്ഥാനചലനം നേരിട്ട അദ്ദേഹത്തിന്റെ ആത്മകഥയും ഉദ്വേഗം നിറഞ്ഞതാണ്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ വിരമിച്ച ശേഷം എഴുതുന്ന സർവ്വീസ് സ്റ്റോറികൾ പോലും പലരുടേയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുമെന്നിരിക്കേ സർവ്വീസിലിക്കെ എഴുതിയ ആത്മകഥയെപ്പറ്റി വിവാദങ്ങളുണ്ടാവുക സ്വാഭാവികം. ചട്ടങ്ങൾ ലംഘിച്ചാണ് ആത്മകഥയെഴുതിയതെന്ന് റിപ്പോർട്ട് നല്കി ചീഫ് സെക്രട്ടറിയും പ്രകാശനച്ചടങ്ങിൽ നിന്നും അവസാന നിമിഷം പിന്മാറി മുഖ്യമന്ത്രിയും വിവാദങ്ങൾക്ക് തിരികൊളുത്തിയപ്പോൾ  പുസ്തകം ചൂടപ്പം പോലെ വിറ്റുതീർന്നു.
ജേക്കബ് തോമസിന്റെ ഔദ്യോഗികജീവിതത്തെ അന്വർത്ഥമാക്കുന്നത് തന്നെയാണ് ആത്മകഥയുടെ തലക്കെട്ടും "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ".  സ്ഥാപിത താല്പര്യക്കാരായ അഴിമതി സ്രാവുകളോടൊപ്പമായിരുന്നു സർവ്വീസിലുടനീളം ഭയലേശമെന്യേ അദ്ദേഹം നീന്തിക്കയറിയത്.തങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസമായ ജേക്കബ് തോമസിനെ ഉപദ്രവിച്ചോടിക്കാൻ അഴിമതി സ്രാവുകൾ നടത്തിയ നീക്കങ്ങൾ ഒരു പരിധി വരെ വിജയത്തിലെത്തി എന്നതിന്റെ തെളിവാണ് പുസ്തകത്തിന്റെ അവസാനം അനുബന്ധമായി ചേർത്ത അദ്ദേഹത്തിന്റെ 31 ഓളം വരുന്ന ഔദ്യോഗിക പദവികളുടെ പട്ടിക.പലതും അപ്രധാനമായ വകുപ്പുകളുടെ നേതൃത്വം.കാര്യ പ്രാപ്തിയുള്ള ഓഫീസറായിരുന്നിട്ടും പ്രധാനപ്പെട്ട വകുപ്പുകൾ കൈയ്യാളിയത് ചുരുങ്ങിയ കാലയളവ് മാത്രം. വിജിലൻസ് ഡയറക്ടറായി സ്ഥാനമേറ്റ ശേഷം എഴുതിത്തുടങ്ങിയ പുസ്തകത്തിന്റെ അവസാനവട്ട ജോലികളെത്തിയപ്പോഴേക്കും രണ്ടര മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിക്കപ്പെട്ടു. സീനിയർ ഓഫീസറായിരുന്നിട്ടും മടങ്ങിയെത്തിയത് അപ്രധാനമായ ഐ.എം.ജി യുടെ ഡയറക്ടറായി. പിടിപ്പത് പണിയുള്ള ഡി.ജി.പി. ലോക് നാഥ് ബെഹ്റക്ക് വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലയും.

പ്രകൃതി നിയമങ്ങൾ - സാമൂഹിക പാഠങ്ങൾ, വടക്കൻ കളരിയിലെ ഗുരുക്കന്മാർ, അനുഭവങ്ങൾ - പാളിച്ചകൾ, കുറ്റവും - ശിക്ഷയും, നീഹാരികയുടെ കേരളം എന്നിങ്ങനെ 5 ഭാഗങ്ങളായാണ് ആത്മകഥാഖ്യാനം നടത്തിയിരിക്കുന്നത്. ജേക്കബ് തോമസ് ജീവിതം തുടങ്ങിയത് അപ്പൻ തൊമ്മിച്ചന്റ അമ്മയോടൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടിത്തറ വല്യമ്മച്ചിയായിരുന്നു. പേടിപ്പിച്ചാണ് വളർത്തിയതെങ്കിലും എന്ത് ജോലി ചെയ്യാനും ഏത് കഠിന സാഹചര്യങ്ങളെ നേരിടാനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്താനും അദ്ദേഹത്തെ പ്രാപ്തനാക്കിയത് വല്ല്യമ്മയുടെ പരുക്കൻ പേരന്റിങ്ങ് തന്നെയാണ്.

ഈരാറ്റുപേട്ടക്കടുത്തുള്ള തീക്കോയ് ഗ്രാമത്തിൽ ജനിച്ചു വളർന്ന ജേക്കബ് തോമസിന്റെ മനസിനെ സമ്പന്നമാക്കിയത് ആ കാർഷിക ഗ്രാമത്തിന്റെ പച്ചപ്പാണ്. കൃഷി ജീവവായുവായത് കൊണ്ട് തന്നെയാണ് ഉപരിപഠനവും കൃഷിശാസ്ത്രത്തിലായത്.ഉയരത്തിലേക്ക് പറന്നപ്പോഴും ഈ തീക്കോയിക്കാരൻ ആ നാട്ടിലെ മണ്ണിന്റെ മണവും വെള്ളത്തിന്റെ രുചിയും മറന്നില്ല.മക്കൾ നീതിബോധത്തോടെ വളരണമെന്നാഗ്രഹിച്ച അപ്പച്ചൻ മക്കൾക്കായി സൂക്ഷിച്ച് വച്ച 3 പുസ്തകങ്ങളായിരുന്നു അദ്ദേഹത്തെ സാമൂഹിക സേവനം എന്ന ഉദ്യേശത്തോടെ സിവിൽ സർവീസ് തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതും. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളും ഫാ. ഡാമിയന്റേയും ,ഡൊമിനിക് സാവിയോയുടേയും ജീവിത കഥകളായിരുന്നു അവ. ഡൽഹിയിലെ ഉപരിപഠനം അദ്ദേഹത്തെ പുസ്തകങ്ങളുടെ കളിത്തോഴനാക്കി. ആൺ-പെൺ ഭേദമില്ലാത്ത ബാല്യ- കൗമാര സൗഹൃദങ്ങൾ കൊണ്ടാവാം പ്രേമമെന്ന വൻകരയിലേക്കും അദ്ദേഹം എത്തിയില്ല.

അടിമുടി കർഷകനായ, കൃഷിയിൽ ഗവേഷണം ചെയ്ത ജേക്കബ് ഏറെ ആസ്വദിച്ചതും കൃഷിയുമായി ബന്ധപ്പെട്ട ഹോർട്ടികോർപ്പ് പോലെയുള്ള വകുപ്പുകളിലെ നിയമനമായിരുന്നു. ഈ വകുപ്പുകളിലെല്ലാം ഒരു അഡ്മിനിസ്ട്രേറ്റർ എന്ന തിനേക്കാളുപരി കൃഷിയിലുള്ള തന്റെ ആഴത്തിലുള്ള അറിവും താല്പര്യവും പ്രയോജനപ്പെടുത്തി താഴേത്തട്ടിലുള്ള കർഷകരുടെ ശാക്തീകരണത്തിനുള്ള പല പദ്ധതികളും വിജയകരമായി അദ്ദേഹം നടപ്പിലാക്കി.ബാച്ച്മേറ്റ്സായ ലോക് നാഥ് ബെഹ്റയും ഋഷിരാജ് സിങ്ങുമായിരുന്നു ഉറ്റ സുഹൃത്തുക്കൾ. ഔദ്യോഗിക തീരുമാനങ്ങളെടുക്കുമ്പോ ൾ മുറുകെപ്പിടിച്ച കറയറ്റ മൂല്യബോധവും, ആർക്കു മുന്നിലും നട്ടെല്ല് വളക്കാത്ത പ്രകൃതവും കൊണ്ടാവാം ഉയർന്ന തസ്തികകളിൽ നിന്നും ചുരുങ്ങിയ കാലം കൊണ്ട് തന്നെ പടിയിറങ്ങേണ്ടി വന്നു. പ്രകൃതിയിലെ ഓരോ പുൽക്കൊടിക്കും നീതി കിട്ടണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ചെറുപ്പത്തിന്റെ തിളപ്പുമായി നിന്ന ജേക്കബ് തോമസിനെ ആത്മസംയമനത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത് മുൻമന്ത്രി M.V. രാഘവനാണത്രെ🙄🙄 കണ്ണൂരിൽ എ.എസ്.പിയായിരിക്കെ രാഘവന്റെ സഭ്യമല്ലാത്ത പ്രസംഗം പ്രകോപിതനാവാതെ ഏറെ നേരം കേട്ടാണ് ആത്മസംയമനം ശീലമായത്😂😂.

മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അണിയറ നാടകങ്ങളും ഫയർഫോഴ്സ് മേധാവിയായിരിക്കെ ഉണ്ടായ വിവാദങ്ങളും വെളിപ്പെടുത്തുന്നുണ്ട് അദ്ദേഹം.ഒരുവേള അഴിമതിയുടെ മൊത്ത വിതരണ ശൃംഖലയായ സപ്ലൈകോയെ ശുദ്ധികലശം നടത്തി ആധുനികവത്കരിച്ച് 1000 കോടി വാർഷിക വിറ്റുവരവിലേക്കെത്തിച്ചതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനാണ്. സപ്ലൈകോയിലെ അഴിമതിക്കെതിരായ നിലപാടുകൾ സ്വീകരിച്ചതോടെ സ്വാധീനിക്കാൻ ശ്രമിക്കലും വധഭീഷണിയുമുണ്ടായി. പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ സ്ഥാനചലനങ്ങൾ തുടർക്കഥയായപ്പോൾ തുടങ്ങി വച്ച പദ്ധതികൾ പലതും പാതിവഴിയിൽ നിലച്ചുപോകുന്നത് വേദനയോടെ നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് സ്ഥാനമാറ്റം സംഭവിച്ചാലും തുടരാവുന്ന രീതികളിലായി അദ്ദേഹത്തിന്റെ ആസൂത്രണം.

ഫയർഫോഴ്സ് ഡയറക്ടറായിരിക്കേ ബഹുനിലകെട്ടിടനിർമ്മാണത്തിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായി നടപ്പിലാക്കിയതിനെ തുടർന്ന് നിർമാണ ലോബി അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി പത്ര സമ്മേളനം നടത്തി IPS ഓഫീസറെ  " ജനവിരുദ്ധ" നെന്ന വിളംബരം നടത്തുന്നത് വരെയെത്തി വിവാദങ്ങൾ.

സർവ്വീസിലുടനീളം കൈകാര്യം ചെയ്ത വകുപ്പുകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും വിശദീകരണങ്ങളും ഉൾപ്പെടുത്തിയുണ്ട് പുസ്തകത്തിൽ.ഒപ്പം കാര്യക്ഷമമായ ഔദ്യോഗിക ജീവിതത്തിൽ അംഗീകാരത്തിന്റെ പുഷ്പ കിരീടം സമ്മാനിച്ച അധികാരികളേയും അഴിമതി സ്രാവുകൾക്കെതിരായ പോരാട്ടത്തിൽ മുൾക്കിരീടമണിയിച്ചവരേയും പേരെടുത്ത് പരാമർശിക്കുന്നുണ്ട്.

ഔദ്യോഗിക ജീവിതത്തിൽ പറ്റിയതെന്ന് വിശ്വസിക്കുന്ന അബദ്ധങ്ങളുടേയും പിഴവുകളുടേയും തിരിച്ചറിവുകളുടേയും അക്കമിട്ട നീണ്ട പട്ടികയും ചേർത്തിട്ടുണ്ട്. മകളായ നീഹാരികയുടെ കാഴ്ചപ്പാടിലൂടെ കേരളത്തെക്കുറിച്ചുള്ള  യുവതലമുറയുടെ ആഗ്രഹങ്ങൾ ഉൾക്കൊള്ളിച്ച "നീഹാരികയുടെ കേരളം" എന്ന അദ്ധ്യായത്തോടെ ആത്മഭാഷണം അവസാനിപ്പിക്കുന്നു. ഔദ്യോഗികജീവിതത്തിന്റെ അസ്തമയ ശോഭ കാണുന്ന ഈ വേളയിലെങ്കിലും പ്രതിഭാധനനായ ഈ ഓഫീസറുടെ അറിവും കഴിവും ആധുനികകേരളത്തിന് മുതൽക്കൂട്ടാവുമെന്ന് പ്രത്യാശിക്കാം🙏🏾

      ബൽക്കി👸🏻
🔥🔥🔥🔥🔥🔥🔥🔥🔥🔥