ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

27-9-2017

📚📚
📘📘📘📘📘📘📘
ലോക സാഹിത്യം - നെസി
📕📕📕📕📕📕📕

ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം

ഒക്ടേവിയോ പാസ്


മെക്‌സികന്‍ കവിയും എഴുത്തുകാരനുമായ ഒക്ടോവിയ പാസ് 1914 മാര്‍ച്ച് 31 ന് ജനിച്ചു. മികച്ച നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു. 1990 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998 മാര്‍ച്ച് 19 ന് അന്തരിച്ചു. 
മെക്സിക്കോയിൽ ഒക്ടാവിയോ പാസ് സോലർസാനോ, ജോസെഫീന പാസ് എന്നീ ദമ്പതിമാരുടെ പുത്രനായിട്ടാണ് പാസ് ജനിച്ചത്. പാസിന്റെ അച്ഛൻ ഡയസ് ഭരണകൂടത്തിനെതിരെയുള്ള വിപ്ലവത്തിന്റെ ഒരു സജീവ പ്രവർത്തകനായിരുന്നു. അമ്മയായ ജോസെഫീനയുടെയും അമ്മായി അമേലിയ പാസ് അമ്മൂമ്മയായ ഐറീനിയോ പാസ് എന്നിവരോടൊപ്പം ഇന്ന് മെക്സിക്കോ സിറ്റിയുടെ ഭാഗമായ മിക്സ്കോക് എന്ന ഗ്രാമത്തിലാണ് പാസ് വളർന്നത്. ഐറീനിയോ പാസ് ഒരു നോവലിസ്റ്റായിരുന്നു. വില്ല്യംസ് കോളേജിലാണ് പാസ് പഠനം പൂർത്തിയാക്കിയത്. പാസിന്റെ കുടുംബം എമിലീയോ സപ്പാറ്റയെ പിന്തുണച്ചിരുന്നു. അതിനാൽ പാസിന്റെ കുടുംബം സപ്പാറ്റ കൊല്ലപ്പെട്ടതിന് ശേഷം നാടുകടത്തപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിലാണ് പാസും കുടുംബവും അഭയം തേടിയത്.

സാഹിത്യത്തെ ആദ്യമായി പാസിന് പരിചയപ്പെടുത്തിയത് അമ്മൂമ്മയുടെ ഗ്രന്തശേഖരമാണ്. അമ്മൂമ്മയുടെ ഗ്രന്ഥശേഖരത്തിന്റെ സ്വാധീനം പാസിന്റെ ജീവിതത്തിലുടനീളം കാണാം. യൂറോപ്യൻ കവികളായ ജെറാർഡോ ഡിയഗോയുടെയും ജുവാൻ രമോൺ ജിമെനെസിന്റെയും അന്റോണിയോ മചാഡോയുടെയും സ്വാധീനം തന്റെ കൃതികളിലുണ്ടെന്ന് 1920കളിൽ ഒക്ടാവിയോ പാസ് കണ്ടെത്തി. കൗമാരപ്രായത്തിൽ 1931ൽ പാസ് തന്റെ ആദ്യ കവിതകൾ പ്രസിദ്ധീകരിച്ചു. "കാബെല്ലെറ"(Cabellera) എന്ന കവിത അവയിൽ ഒന്നായിരുന്നു. 2 വർഷങ്ങൾക്ക് ശേഷം 19-മത്തെ വയസ്സിൽ "ലൂണ സിൽവെസ്ട്രെ"(Luna Silvestre) എന്ന കവിതാസമാഹാരം പാസ് പ്രസിദ്ധീകരിച്ചു.
1975ൽ മെക്സിക്കൻ സർക്കാർ പ്ലൂരൽ നിർത്തലാക്കിയതിനെ തുടർന്ന് പാസ് വ്യുവൽറ്റ(Vuelta) എന്ന വാരിക ആരംഭിച്ചു. തന്റെ മരണം വരെ ഈ മാസിക എഡിറ്ററായി പാസ് തുടർന്നു. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ജറുസലേം പുരസ്കാരത്തിന് പാസ് 1977ൽ അർഹനായി. 1980ൽ ഹാർവാർഡിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. 1982ൽ പാസിന് ന്യൂസ്റ്റാഡ്റ്റ് പുരസ്കാരം ലഭിച്ചു. 1957നും 1987നുമിടയ്ക്ക് അദ്ദേഹം എഴുതിയ കവിതകൾ ഒരു കവിതാസമാഹാരമായി 1990ൽ പ്രസിദ്ധീകരിച്ചു. 1990ൽ പാസ് സാഹിത്യത്തിനുള്ള നോബേൽ സമ്മാനത്തിന് അർഹനായി.
ഒരു മികച്ച എഴുത്തുകാരനുമായ പാസിന്റെ കൃതികൾ അനേകം ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് പാസിന്റെ കൃതികൾ ആംഗ്ലേയത്തിലേക്ക് സാമുവൽ ബെക്കറ്റും ചാൾസ് ടോമിൽസണും എലിസബത്ത് ബിഷപ്പും മ്യൂറിയേൽ രൂക്സെയറും മാർക്ക് സ്ട്രാന്റുമാണ് വിവർത്തനം ചെയ്തത്. പാസിന്റെ ആദ്യകാലങ്ങളിലെ കവിതകളെ മാർക്സിസവും സർറിയലിസവും അസ്തിത്വവാദവും സ്വാധീനിച്ചിട്ടുണ്ട്. ഹിന്ദുമതം ബുദ്ധമതം എന്നിവയും പാസിന്റെ കൃതികളെ സ്വാധീനിച്ചിരുന്നു. പാസിന് നോബേൽ സമ്മാനം നല്കുന്ന വേളയിൽ പിയദ്ര ഡി സോൾ(Sunstone) എന്ന 1957ൽ രചിക്കപ്പെട്ട കൃതി വളരെയധികം പ്രശംസക്ക് പാത്രമായി. സർറിയലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി ഈ കൃതി എടുത്തുകാട്ടപ്പെട്ടു. പീന്നീടുള്ളാ പാസിന്റെ കൃതികൾ സ്നേഹത്തേയും സമയത്തിന്റെ സ്വഭാവത്തെയും ബുദ്ധമതത്തെയും കുറിച്ചാണ് പറഞ്ഞത്. ബാൽതൂസിനും ജോവാൻ മീറൊയ്ക്കും മാർസെൽ ഡുചാമ്പിനും ആന്റണി റോബർട്ട് റോഷെൻബർഗിനും സമർപ്പിച്ചുകൊണ്ട് പാസ് ആധുനിക ചിത്രകലയെക്കുറിച്ച് കവിതകളെഴുതി.
സ്പെയിനിലെ ആഭ്യന്തര യുദ്ധം നടക്കുന്ന കാലത്ത് പാസ് റിപ്പബ്ലിക്കന്മാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ സഹചാരികളിലോരാളെ റിപ്പബ്ലിക്കന്മാരാണ് കൊന്നത് എന്ന് മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ മാറ്റീമറിച്ചു. 1950കളിൽ പാരിസിലായിരുന്ന കാലത്ത് ഡേവിഡ് റൂസ്സെറ്റ്, ആന്ദ്രെ ബ്രെട്ടൺ, ആൽബർട്ട് കാമസ് എന്നിവർ പാസിനെ സ്വാധീനിച്ചു. ഈ സ്വാധീനം അദ്ദേഹത്തെ ഏകാധിപത്യത്തിനെതിരെ, പ്രത്യേകിച്ച് സ്റ്റാലിനെതിരെ വിമർശനങ്ങളിറക്കുന്നതിലേക്ക് നയിച്ചു.

ക്യൂമ പോലുള്ള കമ്യൂണിസ്റ്റ് ഭരണകൂടങ്ങളിലെ മനുഷ്യാവകാശലംഖനങ്ങൾ പാസ് തന്റെ "പ്ലൂരൽ"(Plural), "വ്യൂവൽറ്റ"(Vuelta) എന്നീ വാരികകളിലൂടെ വെളിച്ചത്ത് കൊണ്ടുവന്നു. ഇത് ലാറ്റിൻ അമേരിക്കയിലെ ഇടത് ഭരണകൂടങ്ങളുടെ ശത്രുതയ്ക്ക് കാരണമായി. പാസ് തന്റെ സമ്പൂർണ കൃതികളുടെ 9-ആം വാല്യത്തിനെഴുതിയ ആമുഖത്തിൽ പറയുന്നത് താൻ എതിർത്തതിനെ തുടർന്ന് മെക്സിക്കൻ രഹസ്യാന്വേഷണ സംഘടനയും തന്റെ ശത്രുവായി മാറി എന്നാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും പാസ് തന്നെ കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഒരു അനുഭാവിയായിട്ടാണ് കണ്ടിരുന്നത്.
സാഹിത്യത്തിനുള്ള നോബേൽ സമ്മാനം
സമാധാന പുരസ്കാരം.(German Book Trade)
സെർവാന്റിസ് പുരസ്കാരം
ദേശീയ സാഹിത്യ പുരസ്കാരം(മെക്സിക്കോ)
പ്രിമിയോ മൊണ്ടെല്ലോ (പാലേർമോ, ഇറ്റലി)
അൽഫോൻസോ റേയിസ് പുരസ്കാരം
സാഹിട്യത്തിനുള്ള ന്യൂസ്റ്റാഡ്റ്റ് അന്താരാഷ്ട്ര പുരസ്കാരം.
ജറുസലേം പുരസ്കാരം
മെനെണ്ടെസ് പെലായോ പുരസ്കാരം
അലെക്സിസ് ഡീ ടോക്ക്വില്ലെ പുരസ്കാരം
സേവ്യർ വില്ലോറൂടിയ പുരസ്കാരം
Doctor Honoris Causa (Harvard)

Doctor Honoris Causa (National Autonomous University of Mexico)

*******************************
മൊഴിമാറ്റം: സ്വാതി ജോര്‍ജ്

ഒരു കരിക്കട്ടയാല്‍

പൊട്ടിയ ക്രയോണിനാലെന്‍ ചോപ്പ് പെന്‍സിലാല്‍
ആരുടെയുമല്ലാച്ചുവരില്‍
വിലക്കപ്പെട്ട വാതിലില്‍
നിന്‍ പേരു
മുഖം
കാലടയാളം
കോറിയിടുന്നു
കൊത്തിവയ്ക്കുന്നു നിന്‍ ശരീരത്തിന്‍ പേരു
എന്റെ കത്തിവായ്ത്തല ചോരവാര്‍ക്കും വരെ
കന്മതില്‍ കരയും വരെ
ചുവരൊരു നെഞ്ച് പോലണയ്ക്കും വരെ
*******************************
നാം ഇതുവരെ കണ്ണു തുറന്നുവച്ചുകൊണ്ട് തെറ്റായ സ്വപ്നം കാണുകയായിരുന്നു.
ഇത് അസഹനീയമാണ്.
നമുക്കിനി കണ്ണുകളടച്ചുകൊണ്ട് 
യഥാര്‍ത്ഥ സ്വപ്നം കണ്ടുതുടങ്ങാം.

                  -ഒക്ടോവിയോ പാസ്
*******************************
There can be no society without poetry, but society can never be realized as poetry, it is never poetic. Sometimes the two terms seek to break apart. They cannot.
*******************************
കലാതീതനായ ഒരു സൂര്യനുകീഴില്‍ എന്റെ ഉണ്മയുടെ
തെരുവുവീധികളിലൂടെ ഞാന്‍ പോകുന്നു , ഒരു വൃക്ഷത്തെപോലെ
നീ എന്റെ അരികില്‍ നടക്കുന്നു, ഒരു നദിയെപ്പോലെ എന്നോട് സംസാരിക്കുന്നു
ധാന്യകതിരുപോലെ എന്റെ കൈകള്‍ക്കിടയില്‍ വളരുന്നു
അണ്ണാനെപ്പോലെ എന്റെ കൈക്കു...ള്ളില്‍ വിറകൊള്ളുന്നു 
ആയിരം കിളികളെപ്പോലെ പറക്കുന്നു, നിന്റെ ചിരിയുടെ
പത എന്നെ പൊതിയുന്നു, നിന്റെ തല 
എന്റെ കൈകല്‍ക്കിടയിലൊരു ചെറുതാരമാണ് 
നീ പുഞ്ചിരിച്ചുകൊണ്ട് നാരങ്ങ തിന്നുമ്പോള്‍ ഈ ലോകം 

വീണ്ടും പച്ചക്കുന്നു
*******************************
മാര്‍ക്സിസ്റ്റ് കവിയായ ഒക്ടോവ്യാപാസ്സിനെക്കുറിച്ച്
പാവ്ലോ നെറൂത, സെസാര്‍ ബായേഹോ, ഒക്ടോവ്യാ പാസ് ഇവര്‍ ലാറ്റിനമേരിക്കയിലെ മഹാന്മാരായ കവികളാണു്. പ്രതിപാദ്യവിഷയത്തിന്റെ സ്വീകാര്യത്തിലും പ്രതിപാദനരീതിയിലും ഇവരുടെ കാവ്യങ്ങള്‍ വൈവിദ്ധ്യം പുലര്‍ത്തുന്നുണ്ടെങ്കിലും മാര്‍ക്സിസത്തോടു് ബന്ധപ്പെട്ട സമൂഹപരിഷ്കരണവാഞ്ഛ മൂന്നുപേരെയും കൂട്ടിയിണക്കുന്നു. A Chilean Poet of great power എന്നു നിരൂപകന്മാരാല്‍ എപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന നെറൂത ഉറച്ച കമ്മ്യൂണിസ്റ്റായിരുന്നു. സെസാര്‍ബായേഹോ സമുദായത്തിലെ അധഃസ്ഥിതര്‍ക്കുവേണ്ടി വാദിക്കുകയും സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പരിശ്രമിക്കുകയും അതിന്റെ ഫലമായി കാരാഗൃഹത്തില്‍ കിടക്കുകയും ചെയ്ത ലോലഹൃദയനായ മഹാകവിയത്രേ. മാര്‍ക്സിസ്റ്റായിരുന്ന അദ്ദേഹം സ്പാനിഷ് ആഭ്യന്തര സമരത്തില്‍ പങ്കുകൊണ്ടു് തന്റെ മനുഷ്യസ്നേഹത്തെ വിളംബരം ചെയ്തു. ഒക്ടോവ്യാ പാസാകട്ടെ ഈ ലോകത്തിന്റെ ഇന്നത്തെ വ്യവസ്ഥിതിയോടു് അസംതൃപ്തി പ്രകടിപ്പിച്ച് അതിനു പരിവര്‍ത്തനം വരുത്തും എന്നു പ്രഖ്യാപിക്കുന്നു. “പാശ്ചാത്യദേശത്തെ സംഘട്ടനങ്ങളില്‍ ഇന്നത്തെ പരിഷ്കാരത്തിന്റെ തകര്‍ച്ച ദര്‍ശിച്ച അദ്ദേഹം എല്ലാക്കാലത്തും മാര്‍ക്സിസ്റ്റായിരുന്നു. 1962 തൊട്ടു് 1968 വരെ ഇന്ത്യയിലെ മെക്സിക്കന്‍ അംബാസിഡറായിരുന്ന അദ്ദേഹം ഭാരതസംസ്ക്കാരത്താല്‍ ആകര്‍ഷിക്കപ്പെട്ടെങ്കിലും അടിസ്ഥാനപരങ്ങളായ മാര്‍ക്സിസ്റ്റ് തത്വങ്ങളിലുള്ള ദൃഢവിശ്വാസം ഒരിക്കലും പരിത്യജിച്ചിരുന്നില്ല.

വ്യക്തിവാദം (Individualism) മാര്‍ക്സിസത്തിനു് അംഗീകരിക്കാന്‍ വയ്യ. വ്യക്തി സമൂഹബന്ധങ്ങളുടെ ആകത്തുകയായതുകൊണ്ടു് സമൂഹത്തിന്റെ ചരിത്രപരമായ അവസ്ഥയാണു് അവന്റെ അസ്തിത്വത്തിനു് കാരണമെന്നു് മാര്‍ക്സിസം കരുതുന്നു. അതിനാല്‍ സമൂഹത്തില്‍ നിന്നും രാഷ്ട്രത്തില്‍ നിന്നും സ്വതന്ത്രനായി നിന്നു് കേവലാധികാരങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന വ്യക്തിക്കു് മാര്‍ക്സിന്റെ തത്വചിന്തയില്‍ സ്ഥാനമില്ല. ശതാബ്ദങ്ങളായി ആധിപത്യം പുലര്‍ത്തിയ “സ്വകാര്യ സ്വത്തു്” എന്ന സങ്കല്പമാണു് വ്യക്തിവാദത്തിനു ഹേതുവെന്നു് ആ തത്വചിന്ത (മാര്‍ക്സിസം) യുക്താധിഷ്ഠിതമായി തെളിയിച്ചു. അതിനാല്‍ മാര്‍ക്സിസം അംഗീകരിച്ച ഈ മൂന്നു് കവികളും വ്യക്തിവാദികളല്ല; സമൂഹവാദികളാണു്. അതിനുയോജിച്ച കാവ്യസിദ്ധാന്തങ്ങളും അവര്‍ക്കുണ്ടു്. നമുക്കു പാസ്സിന്റെ സിദ്ധാന്തം മാത്രം പരിഗണിക്കാം.

കവിതയ്ക്കാകെ ഒരു ഐക്യം
കവിതയ്ക്കാകെ ഒരു ഐക്യമുണ്ടെന്നാണു് പാസ് ആദ്യമായി ചൂണ്ടിക്കാണിക്കുന്നതു്. മോസ്കോ തൊട്ടു് സാന്‍ഫ്രാന്‍സിസ്കോവരെയും, സാന്തിയാഗോ തൊട്ടു സിഡ്നിവരെയും അതു് വ്യാപിക്കുന്നു. ജര്‍മ്മനിയിലും പോളണ്ടിലും റൂമേനിയയിലും കവികളെഴുതുന്നതു് ഒരു കാവ്യം തന്നെ. ഇന്നല്ല എല്ലാക്കാലത്തും അങ്ങനെയായിരുന്നു. ഫ്രഞ്ച് കവിത, ഇറ്റാലിയന്‍ കവിത, സ്പാനിഷ് കവിത, ഇംഗ്ലീഷ് കവിത എന്നീ വിഭജനങ്ങള്‍ പ്രമാദത്താലുണ്ടായതാണു്. യഥാര്‍ത്ഥത്തില്‍ നവോത്ഥാനത്തിന്റെ കവിത, ബാരേക്ക് കവിത. റൊമാന്റിക്‍ കവിത എന്നീ വിഭജനങ്ങളേയുള്ളു. പാശ്ചാത്യ ദേശത്തെ വിഭിന്ന ഭാഷകളില്‍ രചിക്കപ്പെടുന്ന സമകാലികമായ ഒറ്റക്കവിതയേ ഇന്നുള്ളു. മറ്റൊരു തരത്തില്‍ പാസ് പറയുന്നു, സമൂഹത്തിന്റെ പ്രച്ഛന്നങ്ങളും വൈയക്തികങ്ങളല്ലാത്തതുമായ ശക്തിവിശേഷങ്ങള്‍ കൂട്ടിമുട്ടുന്ന സ്ഥലമാണു് കവിയുടെ മനസ്സു്. ഒരു കവിയില്‍ ആ ശക്തിവിശേഷങ്ങള്‍ ചെന്നടിയുമ്പോള്‍ അയാളങ്ങു് മരിച്ചുപോയാല്‍? മറ്റൊരു കവിയില്‍ അവ (ശക്തി വിശേഷങ്ങള്‍) കൂട്ടിമുട്ടുകയും അവ അനുരഞ്ജനത്തിലോ സംഘട്ടനത്തിലോ പര്യവസാനിക്കുകയും ചെയ്യുമെന്നു് പാസ് വിശ്വസിക്കുന്നതായി നമുക്ക് തെറ്റുകൂടാതെ വിശ്വസിക്കാം. ഇങ്ങനെ വ്യക്തിവാദത്തിനു് എതിരായി വര്‍ത്തിക്കുന്നു സമൂഹവാദിയായ ഒക്ടോവ്യാ പാസ്.

സൂര്യശില
മാര്‍ക്സിസത്തിന്റെ സിദ്ധാന്തങ്ങളനുസരിച്ച് വസ്തുക്കള്‍ പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണു്. Transition from quantity to quality എന്നതു് ഡയലക്ടിക്സിലെ അടിസ്ഥാനതത്വമാണു്. ഒക്ടോവ്യാ പാസ്സിന്റെ പ്രഖ്യാതമായ കാവ്യം “സൂര്യശില” — Sunstone-എന്നതത്രെ. അതു വായിച്ചാല്‍ “പരിമാണ” ത്തില്‍നിന്നു് ഗുണത്തിലേയ്ക്കുള്ള പരിവര്‍ത്തനം ദര്‍ശിക്കാം. വിഖ്യാതമായ “ആസ്റ്റെക് കലണ്ടര്‍ സ്റ്റോണാ”ണു് പാസ്സിന്റെ “സൂര്യശില”! അതില്‍ ജ്യോതി:ശാസ്ത്രം, ചരിത്രം, പരമ്പരാഗതങ്ങളായ കഥകള്‍ ഇവയെക്കുറിച്ചുള്ള രേഖകള്‍ കൊത്തിവെച്ചിട്ടുണ്ടു്. മദ്ധ്യത്തില്‍ “സൂര്യദേവന്റെ” ചിത്രവും. ആസ്റ്റെക് പ്രപഞ്ചത്തിനു പ്രതിനിധീഭവിക്കുന്നു പാസ്സിന്റെ സൂര്യശില. ജഡതയാര്‍ന്ന ആ സൂര്യകലയെ കവിത ദ്രവിപ്പിക്കണമെന്നാണു് കവിയുടെ സങ്കല്പം. ജഡതയാര്‍ന്ന ആസ്റ്റെക് സംസ്കാരത്തെ ചലനാത്മകശക്തിയാക്കിമാറ്റാന്‍ കവിതയ്ക്കു കഴിയണം എന്നു് വേറൊരു വിധത്തില്‍ പറയാം. അതിനു കഴിഞ്ഞില്ലെങ്കില്‍ കവിതകൊണ്ടു് ഒരു പ്രയോജനവുമില്ല. കല്ലിനെ ദ്രവിപ്പിക്കാന്‍ സൂര്യനെ അതിലേക്കു് ആനയിക്കുകയാണു് വേണ്ടതു്. അപ്പോള്‍ അതു് ഉരുകിത്തുടങ്ങും. സൂര്യനില്ലാതെ — കവിതയില്ലാതെ — ചലനാത്മകമായ സംസ്കാരമില്ലെന്നു് സാരം.

ഈ നിമിഷം മറ്റൊന്നിലേയ്ക്കു്, മറ്റൊന്നിലേക്കു പലായനം ചെയ്തു
സ്വപ്നം കാണാത്ത കല്ലിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടു
സംവത്സരങ്ങളുടെ അന്ത്യത്തില്‍ കല്ലുകളെപ്പോലെ
എന്റെ, തടവിലാര്‍ന്ന രക്തം പാടുന്നതു ഞാന്‍ കേട്ടു.
പ്രകാശത്തിന്റെ മര്‍മ്മരത്തോടെ സമുദ്രം പാടി.
ഭിത്തികള്‍ ഒന്നൊന്നായി വീഴുകയായിരുന്നു.
ഓരോ വാതായനവും തകരുന്നുണ്ടായിരുന്നു.
സൂര്യനാകട്ടെ എന്റെ നെറ്റിത്തടത്തിലൂടെ അതിന്റെ മാര്‍ഗ്ഗം
പിടിച്ചെടുക്കുകയായിരുന്നു.
എന്റെ അടഞ്ഞ കണ്‍പോളകള്‍ തുറന്നുകൊണ്ടു്
എന്റെ ഉണ്മയുടെ ചുറ്റിക്കെട്ടിയ വസ്ത്രങ്ങളെ അനാവരണം
ചെയ്തുകൊണ്ടു്
എന്നില്‍നിന്നു് എന്നെ വലിച്ചുകീറിയെടുത്തുകൊണ്ടു്
കല്ലിന്റെ മൃഗീയവും നിദ്രാലോലുപവുമായ ശതാബ്ദങ്ങളെ
എന്നില്‍നിന്നു വേര്‍പെടുത്തിക്കൊണ്ടു് (സൂര്യന്‍ മാര്‍ഗ്ഗം പിടിച്ചെടുക്കുകയായിരുന്നു.)

എന്നു ‘സൂര്യശില’യിലെ ഒരു ഭാഗം മര്‍മ്മ പ്രകാശികയാണു്. ഇവിടെ സൂര്യന്‍ കവിതയുടെ സിംബലാണു്. ശതാബ്ദങ്ങളുടെ നിദ്രയാകുന്ന കല്ലു് ജഡതയാര്‍ന്ന സംസ്കാരത്തിന്റെ പ്രതിരൂപമാണു്. കവിത പ്രകാശിക്കുമ്പോള്‍ സംസ്കാരത്തിന്റെ ജാഡ്യം നശിക്കുന്നു. കല്ലുകള്‍ സൂര്യപ്രകാശത്തില്‍ നിലവിളിക്കുമെന്നു് പോലും പാസ് പറയുന്നുണ്ടു്. മറ്റൊരു ചേതോഹരമായ സങ്കല്പം കാണുക. അതും കല്ലിനോടു് ബന്ധപ്പെടുത്തിയതാണു്.

Sulphur-coloured rocks, tall-stern stones. You are at my side. Your thoughts are black and golden. If I stretched out my hand I could cut a cluster of untouched truths. Below, among sparking rock, the sea, full of arms, comes and goes. Vertigos. The light rushes forward. I looked into your face, I leaned out over the abyss: mortality is transparency.
ഇങ്ങനെ പാസ് കല്ലുകള്‍ക്കു് പ്രകാശം നല്‍കി അവയെ സുതാര്യങ്ങളാക്കുന്നു. ഇതു തികച്ചും മൗലികവും അന്യാദൃശവുമായ സങ്കല്പമാണു്. അതേസമയം അതു മാര്‍ക്സിസത്തിന്റെ മൂലതത്ത്വങ്ങളോടു് യോജിച്ചിരിക്കുകയും ചെയ്യുന്നു. മാര്‍ക്സിസത്തില്‍ വിശ്വസിക്കാത്തവര്‍ക്കും ഈ സങ്കല്പത്തിന്റെ മനോഹാരിതയേയും ശക്തിയേയും നിഷേധിക്കാനൊക്കുകയില്ല.

ആദ്ധ്യാത്മികതയിലേക്ക്
മഹാന്മാരായ എല്ലാ കവികള്‍ക്കും കലാകാരന്മാര്‍ക്കും ഉള്ള സവിശേഷത ഒക്ടോവ്യാപാസിനും ഇല്ലാതില്ല. വിപ്ലവത്തിന്റെ പ്രലോഭനത്തിനു വിധേയനായ ആന്ദ്രേ മല്‍റോ കിഴക്കിന്റെ ആദ്ധ്യാത്മിക ശോഭ കണ്ടു് പുളകം കൊണ്ടിട്ടുണ്ടു്. ഇരുപതാം ശതാബ്ദത്തിലെ അത്യുജ്ജ്വല കലാശില്പമെന്നു് ഏവരും വാഴ്ത്തുന്ന ത്രീസ്ത് ത്രൂപ്പിക് എന്ന ആത്മകഥാപരമായ യാത്രാവിവരണമെഴുതിയ ക്ലോദ് ലവി സ്റ്റ്രോസ് മാര്‍ക്സിസത്തെ ആദരിച്ചുകൊണ്ടു് ബുദ്ധമതത്തിലേയ്ക്കു് തിരിയുന്നു. മാര്ക്സിസ്റ്റായ ഒക്ടോവ്യാപാസ് പൗരസ്ത്യമായ ആധ്യാത്മിക ചിന്തയാല്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടു്. എങ്കിലും മനുഷ്യനെ സ്വതന്ത്രനാക്കാന്‍ ശ്രമിക്കുന്ന മനുഷ്യസ്നേഹിയുടെ നാദമാണു് അദ്ദേഹത്തിന്റെ കാവ്യങ്ങളില്‍ നിന്നുയരുന്നതു്. “കന്യാകുമാരിക്കടുത്തു്” Near Cape comorin എന്ന കാവ്യത്തില്‍ പാസ് ചോദിക്കുന്നു:

Conjunction of sun and moon. It is getting dark.
The king fisher is a flash
Of topaz. Carbon dominates.
The drowned landscape dissolves.
Am I a lost soul or a wandering body?


ഒക്ടോവ്യാപാസ് നഷ്ടപ്പെട്ട ആത്മാവുമല്ല “അലഞ്ഞുതിരിയുന്ന ശരീരവുമല്ല” സമൂഹത്തിന്റെ ശക്തിവിശേഷങ്ങള്‍ ആശ്രയസ്ഥാനം കണ്ടെത്തുന്ന മഹാകവിയാണു്. അദ്ദേഹത്തിന്റെ ആത്മാവു് കഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു വേദനിക്കുന്ന മനുഷ്യനുവേണ്ടിയാണു്. അദ്ദേഹം അലഞ്ഞുതിരിഞ്ഞെങ്കില്‍ അതു് സത്യം തേടിയാണു്.
*******************************
ഈ നിമിഷം മറ്റൊന്നിലേയ്ക്കു്,
മറ്റൊന്നിലേക്കു പലായനം ചെയ്തു
സ്വപ്നം കാണാത്ത
കല്ലിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍
ഞാന്‍ സ്വപ്നം കണ്ടു
സംവത്സരങ്ങളുടെ അന്ത്യത്തില്‍
കല്ലുകളെപ്പോലെ
എന്റെ, തടവിലാര്‍ന്ന രക്തം
പാടുന്നതു ഞാന്‍ കേട്ടു.
പ്രകാശത്തിന്റെ മര്‍മ്മരത്തോടെ
സമുദ്രം പാടി.
ഭിത്തികള്‍ ഒന്നൊന്നായി
വീഴുകയായിരുന്നു.
ഓരോ വാതായനവും
തകരുന്നുണ്ടായിരുന്നു.
സൂര്യനാകട്ടെ എന്റെ നെറ്റിത്തടത്തിലൂടെ
അതിന്റെ മാര്‍ഗ്ഗം
പിടിച്ചെടുക്കുകയായിരുന്നു.
എന്റെ അടഞ്ഞ കണ്‍പോളകള്‍ തുറന്നുകൊണ്ടു്
എന്റെ ഉണ്മയുടെ ചുറ്റിക്കെട്ടിയ വസ്ത്രങ്ങളെ അനാവരണം
ചെയ്തുകൊണ്ടു്
എന്നില്‍നിന്നു് എന്നെ വലിച്ചുകീറിയെടുത്തുകൊണ്ടു്
കല്ലിന്റെ മൃഗീയവും നിദ്രാലോലുപവുമായ ശതാബ്ദങ്ങളെ

എന്നില്‍നിന്നു വേര്‍പെടുത്തിക്കൊണ്ടു് (സൂര്യന്‍ മാര്‍ഗ്ഗം പിടിച്ചെടുക്കുകയായിരുന്നു.)
*******************************
Sujatha Anil:
മഴ പലർക്കും പലതാണ്...
ചിലർക്ക് മഴ പ്രണയം...
മറ്റു ചിലർക്ക് വിരഹം...
ചിലർക്ക് ആനന്ദം...
ഏറ്റുവാങ്ങുന്നവന്റെ മാനസികാവസ്ഥയാണ് മഴ! 
വീടുള്ളവന്റെ മഴമല്ല വീടില്ലാത്തവന്റെ മഴ !
കാണുന്നവന്റെ മഴയല്ല കേൾക്കുന്നവന്റെ മഴ!
രണ്ടുമായിരിക്കില്ല കൊള്ളുന്നവന്റെ മഴ!
പുര ചോരുന്നവന്റെ മഴയും മണിമാളികയിൽ ഇരിക്കുന്നവന്റെ ചില്ലുജനാപ്പുറത്തെ മഴയും രണ്ടും രണ്ടാണ്....
മഴ നനയാൻ മാത്രമല്ല , നശിച്ച മഴ എന്ന് പ്രാകാനും കൂടി  ഉള്ളതാണ്..

                                          - ഒക്ടോവിയോ പാസ്-
*******************************