ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

28-6-2017

📚📚📚📚📚📚📚📚
ലോക സാഹിത്യത്തിലേക്ക്
              സ്വാഗതം
നെസി
📚📚📚📚📚📚📚📚
        എഴുത്തുകാരൻ
🔺🔺🔺🔺🔺🔺🔺🔺
       സാദിഖ് ഹിദായത്ത്
🔻🔻🔻🔻🔻🔻🔻🔻
അകാലത്തിൽ ജീവിതം അവസാനിപ്പിച്ച അസാമാന്യ പ്രതിഭകൾ ലോക സാഹിത്യത്തിന് വരുത്തിയിട്ടുള്ള നഷ്ടം കണക്കുകൾക്കപ്പുറത്താണ്. ആ നഷ്ടങ്ങൾക്കൊപ്പമാണ് സാദിഖ് ഹിദായത്തും ഓർമ്മിക്കപ്പെടുക.
      തെഹ്റാനിലെ ഒരു പുരാതന കുടുംബത്തിൽ ജനനം. തെഹ്റാൻ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിലായി പഠനം .യൂറോപ്പിലെ പ്രസിദ്ധ വ്യക്തിത്വങ്ങളുമായി അടുത്തതോടെ ലിറ്ററേച്ചൽ പoനത്തിലെത്തുന്നു.
            എഡ് ഗർ, അലൻ പോ, മോപ്സാങ് ,റിൽക്ക, കാഫ്ക, ചെക്കോവ്, ദസ്തയേവ സ്കി, തുടങ്ങിയവരുടെ കൃതികളിൽ ആണ്ടു മുങ്ങി കറേക്കാലം. കാഫ്കയുടെ ഒരു പാട് രചനകൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തു. Penal Colony ഉൾപ്പെടെ .1930-ൽ ഇറാനിൽ തിരിച്ചെത്തി.4 വർഷത്തിനു ശേഷം          Buried alive എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചു. തുടർന്ന് നാടകങ്ങൾ, കഥകൾ,  തുടങ്ങി ധാരാളം കൃതികൾ.1951 ൽ പാരീസിൽ വെച്ച് ജീവിതം അവസാനിപ്പിച്ചു.
🌈🌈🌈🌈🌈🌈🌈🌈

🔺🔻🔺🔻🔺🔻🔺🔻
    ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം      
                  🙏
✍✍✍✍✍✍
   എഴുത്തുകാരൻ
✍✍✍✍✍✍✍
       അഡോണിസ്
🔻🔻🔻🔻🔻🔻🔻
        കവിതയെ ആയുധമാക്കിയ കവി.
ലോകത്തെ മനോഹരമായ നിർമ്മിതികളെല്ലാം കവിതയാണെന്ന് പഠിപ്പിച്ച കവി.കവിതയിലൂടെ സമൂഹത്തെ മാറ്റാൻ കഴിയണം എന്നു വിശ്വസിച്ച കവി, ചിത്രകാരൻ  വിശേഷണങ്ങൾ ഒരു പാട് .
      ഈ പരിചയപ്പെടുത്തൽ കൂടുതൽ അറിയാനും അറിയിക്കാനും നിമിത്തമാവും എന്നു പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങട്ടെ.📝
കുരുടന്‍ കൂമന്‍

അസ്തിത്വചിന്ത അലട്ടിയിരുന്ന സാദിഖ്‌ ഹിദായത്തിന്‌ ഈ നോവല്ല ഒരു സര്‍ഗ്ഗാത്മക ഒളിച്ചോട്ടമായിരുന്നു. അതേസമയം താന്‍ ജീവിച്ചിരുന്ന കാലത്തേയും സാഹചര്യങ്ങളേയും അതിജീവിക്കാനുള്ള ഒരു പ്രവണതകൂടി ഈ കൃതിയില്‍ കാണുന്നുമുണ്ട്‌.
1903ല്‍ ജനിച്ച്‌ 1951ല്‍ അത്മഹത്യചെയ്ത സാദിഖ്‌ ഹിദായത്ത്‌ ഇറാനില്‍ വളരെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്‌. അദ്ദേഹം ജീവിച്ചിരുന്നത്‌ ഇറാനിലെ റേസാ ഷായുടെ ഏകാധിപത്യഭരണകാലത്തായിരുന്നു. വളരെ സാമൂഹിക നിയന്ത്രണങ്ങള്‍ ഉള്ള അന്നത്തെ ലോകം തന്റെ സങ്കല്‍പ്പ ലോകമല്ല എന്ന്‌ ഹിദായത്ത്‌ ഈ കൃതിയിലൂടെ പറയുന്നു. തന്റെ ജീവിത സാഹചര്യങ്ങളെ യഥാതഥമായി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവിച്ചതിനാലായിരിക്കാം അസ്തിത്വബോധം അസാമാന്യമായി അലട്ടിയിരുന്ന സാദിഖ്‌ ഹിദായത്ത്‌ ഇങ്ങനെ ഒരു സര്‍റിയലിസ്റ്റ്‌ രചനാസങ്കേതം തെരഞ്ഞെടുത്തത്‌.
നിഴലിനോട്‌ കഥപറയുന്ന ഒരു കറുപ്പു തീറ്റക്കാരന്റെ കഥയാണ്‌ സാദിഖ്‌ ഹിദായത്തിന്റെ "കുരുടന്‍ കൂമന്‍" എന്ന ചെറു നോവല്‍. 1937-ല്‍ ഇന്ത്യയില്‍ പ്രസിദ്ധീകൃതമായ ഈ ഇറാനിയന്‍ നോവലിന്‌ ഇപ്പോഴും മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തിയുണ്ട്‌. നിഴലിനോട്‌ കഥപറയേണ്ട സാഹചര്യം സാദിക്ക്‌ ഹിദായതിന്‌ അന്നനുഭവപ്പെട്ടിരുന്നെങ്കില്‍ ഇന്നും സ്ഥിതി വിഭിന്നമല്ല. ഇതിലെ ഒരോ സംഭവങ്ങളും ഒരോ കഥപാത്രങ്ങളും പ്രതീകങ്ങളാണ്‌. നിഴലിനോട്‌ കഥപറയുന്ന പ്രധാന കഥപാത്രത്തിന്റെ പേരു തന്നെ ഇവിടെ അപ്രസക്തമാണ്‌. അത്‌ നാമായിരിക്കാം; വ്യാമോഹങ്ങള്‍ക്കടിമപ്പെട്ട നമ്മിലെ സാധാരണമനുഷ്യന്‍. ഇദ്ദേഹത്തിന്റെ പണിയോ പേനാക്കൂടില്‍ ചിത്രങ്ങള്‍ വരയ്ക്കുക!
അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഒരേ ചിത്രങ്ങളായിരുന്നു!. കാലാകാലങ്ങളിലായി മനുഷ്യവംശം അതാതു കാലത്തില്‍ ജീവിക്കുക എന്ന "ചിത്രരചന" അല്ലേ നടത്തിയിരുന്നത്‌? കാലത്തിന്റെ കാന്‍വാസിലുള്ള ചിത്രങ്ങള്‍! ദൈനംദിന ജീവിതത്തിന്റെ ആവര്‍ത്തന വിരസത!
ഇന്ത്യാക്കാരന്‍ സന്യാസി പോലെ ഒരു വൃദ്ധന്‍, പിന്നെ വൃദ്ധന്‌ കോളാമ്പിപ്പൂക്കള്‍ കൊടുക്കാനായുന്ന കറുപ്പു മൂടിയ ഒരു യുവതി, വൃദ്ധനും യുവതിയ്ക്കും മദ്ധ്യേ ഒരു അരുവി, പിന്നെ ഒരു സൈപ്രസ്സ്‌ മരം. അത്ഭുതം കൂറിയെട്ടന്നവണ്ണം ചുണ്ടില്‍ ചൂണ്ടുവിരല്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ഈ വൃദ്ധനില്‍ പ്രകൃതിയും കാലവും ഭൂതകാല സാംസ്കാരികപാരമ്പര്യവും എല്ലാം സമ്മേളിച്ചിരിക്കുന്നു അഥവാ അതിന്റേയെല്ലാം പ്രതീകമാണ്‌ ഈ വൃദ്ധന്‍. യുവതി തികച്ചും ചിത്രകാരന്റെ കാല്‍പ്പനിക ലോകം തന്നെ. ഈ ചിത്രം, പ്രധാന കഥാപാത്രം യഥാര്‍ത്ഥജീവിതത്തില്‍ ഒരു നിമിഷനേരത്തെയ്ക്കെങ്കിലും തട്ടിന്‍പുറത്തുള്ള അലമാറയുടെ വിടവിലൂടെ കാണുന്ന മുതല്‍ക്കാണ്‌ കഥയുടെ ചുരുള്‍ നിവരുന്നത്‌. ഈ യുവതിയുടെ കണ്ണുകള്‍ കഥാപാത്രത്തെ വേട്ടയാടുകയാണ്‌. വിലക്കപ്പെട്ട കനിയുടെ രുചി തന്നെയാണ്‌ ഈ കണ്ണുകളുടെ മറക്കാത്ത ഓര്‍മ്മ പ്രതിനിധീകരിക്കുന്നത്‌. അയാള്‍ കൂടുതല്‍ കറുപ്പിനടിമയാകുന്നു. പിന്നീടയാള്‍ ഈ യുവതിയെ സ്വന്തം വീട്ടില്‍ യാദൃശ്ചികമായി കാണുന്നു. അവന്റെ സ്വത്വം തിരിച്ചറിഞ്ഞു. ആ യുവതി മരിച്ചതോടെ സ്വന്തം ആത്മാവ്‌ നഷ്ടപ്പെട്ടവനായാണ്‌ കഥാപാത്രം പെരുമാറുന്നത്‌. പുതിയ ഉള്‍ക്കാഴ്ച്ച മൂലം ഉണ്ടാകുന്ന വ്യര്‍ഥതാബോധത്തിന്റെ സൂചന ആണിത്‌. സ്വന്തം ജീവിതം പിഴിഞ്ഞ്‌ സത്തയെടുത്ത്‌ തന്റെ തന്നെ നിഴലിന്റെ ദാഹാര്‍ത്തമായ തൊണ്ടയിലൂടെ തുള്ളിതുള്ളിയായി ഒഴിച്ചുകൊടുക്കാന്‍ കഥാപാത്രം വെമ്പുന്നു.
ഈ യുവതി കഥാപാത്രത്തിന്റെ ഭാര്യയാണ്‌. കണ്ണില്‍കണ്ടവരുടെയൊക്കെ ഒപ്പം ശയിക്കുന്ന ഇവളെ കഥാപാത്രവും പ്രാപിക്കാന്‍ വെമ്പുന്നു. പക്ഷെ അവള്‍ പിടികൊടുക്കുന്നില്ല. സത്തയെ അല്ലെങ്കില്‍ അര്‍ത്ഥമന്വേഷിക്കുന്ന ജീവിതചിന്ത; അന്വേഷിക്കുന്നത്‌ കിട്ടാതെ, തൃപ്തിലഭിക്കാതെ അലയുന്ന ആത്മബോധത്തിന്റെ പിടച്ചിലാണിവിടെ കാണുന്നത്‌. അവസാനം അയാള്‍ അവളെ കൊല്ലുകയാണ്‌. പിടികൊടുക്കാത്ത സങ്കല്‍പ്പലോകം! ചങ്ങമ്പുഴയുടെ സ്മരണ ഇവിടെ മിന്നിമറയുന്നുണ്ടോ? അല്ലെങ്കില്‍ ഒമര്‍ ഖയ്യാമിന്റെ?
"നാലു ചുവരുകള്‍ക്കിടയ്ക്ക്‌ രൂപപ്പെടുന്ന മുറിയില്‍ (ജീവിതത്തിനും ചിന്തകള്‍ക്കും ചുറ്റും ഞാന്‍ പടുത്തുയര്‍ത്തിയിട്ടുള്ള കോട്ടയാണത്‌) ഒരു മെഴുകുതിരി കണക്കേ എന്റെ ജീവിതം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. അല്ല തെറ്റി, അടുപ്പിന്റെ ഒരു വശത്തുകൂടെ തിരുകിക്കയറ്റുകയും മറ്റ്‌ മരക്കഷ്ണങ്ങളില്‍ നിന്ന്‌ തീപ്പടര്‍ന്ന്‌ ചൂടേറ്റ്‌ വിങ്ങിവെന്ത്‌ കരിക്കട്ടയായിത്തീരുകയും ചെയ്യുന്ന വിറകുകൊള്ളിപോലെയാണത്‌. കത്തുകയോ പച്ചയായിത്തന്നെ ഇരിക്കുകയോ ചെയ്യുന്നില്ല. മറ്റ്‌ വിറകുകൊള്ളികളില്‍നിന്നുള്ള ആവിയും പുകയുമേറ്റ്‌ സ്തംഭിച്ചങ്ങനെ കഴിയുകയാണ്‌".
ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഒര്‍മ്മയും പലപ്പോഴും ഈ പുസ്തകം എന്നിലുണര്‍ത്തി. അതുകൊണ്ടുതന്നെ ഇത്തരം മാനസികാവസ്ഥകള്‍ കാലങ്ങളായി ഭൂമിയില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി ഇത്‌ കണക്കാക്കാം.
ഖസ്സാക്കുക്കാരനേക്കാളധികം അസ്തിത്വബോധം സാദിഖ്‌ ഹിദായത്തിനെ അലട്ടിയിരുന്നതിനുകാരണം അവര്‍ രണ്ടുപേരും ജീവിച്ചിരുന്ന സാഹചര്യങ്ങളുടെ അന്തരം തന്നെയായിരിക്കാം. സാദിഖ്‌ ഹിദായത്ത്‌ ജീവിച്ചിരുന്നത്‌ ഒരേകാധിപതിയുടെ കാലത്തായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സങ്കല്‍പ്പലോകവും യാഥര്‍ഥ്യലോകവും തമ്മിലും കൂടുതല്‍ അന്തരമുണ്ടായിരിക്കനുള്ള സാധ്യത കൂടുതലുമാണ്‌.
ഭൂതകാലം ഒരു ഭാരമായിരുന്നു കഥാപാത്രത്തിന്‌. ഏകാന്തത, മരണം, ഭയം തുടങ്ങിയ വികാരങ്ങള്‍ മഥിയ്ക്കുന്ന മനസ്സ്‌. കവിതയ്ക്കു സമാനമായ രീതിയില്‍ ബിംബകല്‍പ്പനകളാല്‍ അലങ്കരിച്ച എഴുത്ത്‌. ഒരേ തരത്തിലുള്ള ബിംബങ്ങള്‍ തന്നെ വിവിധ സന്ദര്‍ഭങ്ങളില്‍ അല്‍പ്പാല്‍പ്പവ്യത്യാസത്തോടെ അവതരിപ്പിച്ചിട്ടുണ്ട്‌. അതിനാല്‍ തന്നെ ഈ വിവിധ സന്ദര്‍ഭങ്ങളിലെ ബിംബങ്ങളെ വിവരിക്കുമ്പോള്‍ വിവര്‍ത്തകന്‍ അല്‍പം കൂടെ ശ്രദ്ധിക്കണമായിരുന്നു. സമാനമായ വാക്കുകള്‍ എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നത്‌ വായനക്കാരന്‌ ചര്‍വിതചര്‍വ്വണസുഖമേ തരുന്നുള്ളൂ.
നമ്മുടെ ആധുനിക കവികള്‍ ഉപയോഗിക്കുന്ന തരത്തില്‍ ബിംബങ്ങളും, വികാരങ്ങളെയും മാനസികസ്ഥിതിയെയും സംവദിക്കാന്‍ പ്രകൃതിയേയും വസ്തുക്കളുടെ അവസ്ഥാന്തരങ്ങളേയും വളരെ സമര്‍ത്ഥമായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു.
വളരെ കുറച്ചു കഥാപാത്രങ്ങള്‍ ഉള്ള ഈ 'നോവല്ല'യില്‍ കഥാപാത്രത്തിന്റെ അമ്മയും അമ്മയ്ക്കു സമാനയായ കഥാപാത്രത്തെ നോക്കിവളര്‍ത്തുന്ന ആയയും മാത്രമാണ്‌ നല്ല സ്ത്രീ കഥാപാത്രങ്ങള്‍. കഥാപാത്രം ഇവരോടുമാത്രമെ അല്‍പ്പമെങ്കിലും വൈകാരികമായ അടുപ്പം കാണിക്കുന്നുള്ളൂ. ബക്കിയെല്ലാ സ്ത്രീകഥാപാത്രങ്ങളേയും അവിശ്വാസത്തിന്റെ കണ്ണിലൂടെയാണ്‌ അദ്ദേഹം കാണുന്നത്‌. പുതിയ കാലത്ത്‌ ഇത്തരം ആശയങ്ങളെ സ്ത്രീവിരോധമായി കാണാമെങ്കിലും, എല്ലാം വിവിധ ആശയങ്ങളുടെ മൂര്‍ത്തരൂപങ്ങളായി കാണുമ്പോള്‍ ഇതില്‍ വളരെ അപാകതയില്ല. എന്നിരുന്നാലും സാദിഖ്‌ ഹിദായത്തിന്റെ സ്ത്രീകളോടുള്ള കാഴ്ച്ചപ്പാട്‌ ഒരിത്തിരിയെങ്കിലും ഇതില്‍ ഒളിഞ്ഞിരിക്കാതെ നിര്‍വ്വാഹമില്ല.

കല്യാണം തന്നെ ഒരു വഞ്ചനയായാണ്‌ അദ്ദേഹം കാണുന്നതെങ്കിലും അവളെ പ്രാപിക്കാന്‍ അയാള്‍ക്ക്‌ വെമ്പലാണ്‌. അവള്‍ വഴങ്ങുന്നില്ലെങ്കില്‍ കൂടി. അവളാണ്‌ തന്റെ അവസ്ഥകള്‍ക്കെല്ലാം കാരണം എന്നാണ്‌ കഥാപാത്രത്തിന്റെ കണ്ടുപിടുത്തം. നമ്മുടെ മിത്തോളജിയിലെന്ന പോലെ പെണ്ണിനെ പാമ്പിനോടാണ്‌ ഉപമിച്ചിരിക്കുന്നത്‌. പെണ്ണാണ്‌ ഈ അവസ്ഥകള്‍ക്കെല്ലാം കാരണം എന്ന്‌ പറയുന്നതിലൂടെ പണ്ടുതിന്ന വിലക്കപ്പെട്ട കനിയുടെ ഓര്‍മ്മ നമ്മിലേക്ക്‌ കൊണ്ടുവരുന്നു.
വാസ്തവികതയില്‍ നിന്നും ഇത്തരത്തില്‍ മിത്തുണ്ടാക്കി അതിലൂടെ വളരെ ഫലപ്രദമായി തന്റെ ആശയങ്ങളെ സംവേദനം ചെയ്യാനുള്ള സാദിഖ്‌ ഹിദായത്തിന്റെ കഴിവിനെ എത്രപ്രകീര്‍ത്തിച്ചാലും മതിവരില്ല. അന്നത്തെ ചുറ്റുപാടുകള്‍ വിലയിരുത്തി, ജന്മാന്തരങ്ങളിലൂടെ കാലത്തില്‍ പിന്നോട്ടുള്ള യാത്രയുടെ വിവരണത്തിലൂടെ സാദിഖ്‌ ഹിദായത്തിന്റെ, കാലം അസ്തിത്വം തുടങ്ങിയ സങ്കല്‍പ്പങ്ങളെ കുറിച്ച്‌ നമുക്കറിവു ലഭിക്കുന്നു. അദ്ദേഹത്തിനെ മുജ്ജന്മവും പാപവും പുനര്‍ജന്മവുമൊക്കെ അലട്ടിയിട്ടുണ്ട്‌ എന്ന്‌ തോന്നുന്നു.
കഥാപാത്രം അലമാരയുടെ വിടവിലൂടെയാണ്‌ ആദ്യം സുന്ദരിയുടെ കണ്ണുകള്‍ കാണുന്നത്‌. അതിനുള്ള കാരണമോ, അമ്മാമന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‌ കുടിക്കാന്‍ വീഞ്ഞെടുക്കാന്‍ തട്ടിന്‍പുറത്തുകയറിയതും. ഇവിടെ അമ്മാമന്‍ ലൌകികജീവിതത്തിന്റെ പ്രതീകമാണ്‌. കനിതിന്നാന്‍ പ്രേരിപ്പിച്ച പാമ്പിന്റെ മണം ഇവിടെ അടിക്കുന്നുണ്ട്‌. സ്വത്വം തിറിച്ചറിഞ്ഞാല്‍ വരുന്ന കാലം എത്ര ഉള്‍ക്കാഴ്ച്ചയോടേ കാണാവുന്നതാണ്‌, അനുഭവിക്കാവുന്നതാണ്‌ എന്നതിന്റെ സൂചകമാണ്‌ രണ്ടാം ഭാഗത്തിന്റെ അവസാനം. കര്‍മ്മബന്ധങ്ങളുടെ ചരടഴിയുന്നു. പിന്നീടുള്ള യാത്രയില്‍ കര്‍മ്മബന്ധങ്ങളില്ല. ശാശ്വതസത്യം മാത്രം. ഇതാണ്‌ സ്വാതന്ത്ര്യം. ഇതിന്‌ സഹായിക്കുന്നതോ? വൃദ്ധന്‍ തന്നെ. ശവപ്പെട്ടി വലിക്കുന്ന കുതിരകളും വൃദ്ധനും പൂര്‍വജന്മങ്ങളുടെ, മനുഷ്യസംസ്കാരത്തിന്റെ പ്രതീകമാണ്‌.
ആത്മസത്തമനസ്സിലാക്കുന്നതിന്‌ മുന്‍പുള്ള ജീവിതം എന്തായിരുന്നുവെന്ന്‌ താഴെപ്പറയുന്ന വരികളിലൂടെ നമുക്ക്‌ മനസ്സിലാക്കാം. ഹൃദയം ശരീരത്തിനോട്‌ മാത്രമല്ല, മനസ്സിനോടും വിരോധത്തിലാണ്‌ (പേജ്‌ 65)ചേര്‍ച്ചയില്ലാത്ത വസ്തുക്കളുടെ വിചിത്രമായ ഒരു കൂട്‌! ഞാന്‍, പരിത്യജിക്കപ്പെട്ട ഒരാളെപ്പോലെ, ആള്‍ത്താമസമില്ലാത്ത വീട്‌ പോലെ ആണ്‌ എനിക്ക്‌ ജീവിതം (സാദിക്ക്‌ ഹിദായത്ത്‌ ആത്മഹത്യ ചെയ്തതാണ്‌ എന്നോര്‍ക്കുക) ഭരണി തിരിച്ചു കൊടുക്കുന്ന ലൊട്ടുലൊടുക്കുക്കാരന്‍ വൃദ്ധന്റെ ആത്മാവ്‌, കഥപാത്രത്തില്‍ പ്രവേശിക്കുന്നു. ശാശ്വതസത്യവുമായി കഥാപാത്രത്തിന്റെ സത്ത അലിഞ്ഞുചേര്‍ന്നതായി നമുക്ക്‌ ഇതിനെ വിവക്ഷിക്കാം. മതങ്ങള്‍ പറയുന്ന മോക്ഷമാര്‍ഗ്ഗമല്ലെ ഇത്‌? സവിശേഷമായ തിരിച്ചറിവിന്റെ പ്രതീകമാണ്‌ ഭരണി. ആത്മീയമായ മുറിവ്‌, അതുണ്ടാക്കുന്ന ഭ്രമാത്മകമായ വേദനകള്‍, സര്‍റിയലിസം പകരുന്ന വിഭ്രമാത്മകമായ നിറക്കൂട്ടുകള്‍, ഇതിന്റെയെല്ലാം ആകത്തുകയാണീ നോവെല്ല.
സാദിക്ക്‌ ഹിദായത്ത്‌ (1903-1951). 1927-ല്‍ പാരീസില്‍ വെച്ച്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒമര്‍ ഖയ്യാം കൃതികളും ബുദ്ധിസവും അദ്ദേഹത്തെ നല്ലപോലെ സ്വാധീനിച്ചിരുന്നു. കുരുടന്‍ കൂമന്‍ പ്രസിദ്ധീകരിച്ചതിനുശേഷം ഇറാനില്‍ ആതമഹത്യാനിരക്ക്‌ കൂടിയതായി പറയപ്പെടുന്നു. ഖസാക്കിലെ ഇതിഹാസം ഇറങ്ങിയതിനു ശേഷം നടന്ന സംഭവങ്ങള്‍ നമുക്ക്‌ വായിച്ചെങ്കിലും അറിയാമല്ലോ
കഥാപാത്രത്തിന്‌ ലൊട്ടുലൊടുക്കുകച്ചവടക്കാരന്റെ രൂപവുമായി സാദൃശ്യം വരുത്തി തുടര്‍ന്നുള്ള കഥാപാത്രത്തിന്റെ മാനസിക സ്ഥിതിയെ സൂചിപ്പിച്ചതുകൊണ്ടാണ്‌ സാദിക്ക്‌ ഹിദായത്ത്‌ ഈ നോവല്‍ അവസാനിപ്പിയ്ക്കുന്നത്‌. ലൊട്ടുലൊടുക്കുകച്ചവടക്കാരന്‍ ഭരണി തിരികെ നല്‍കിയതോടെ കഥപാത്രത്തിന്‌ ജീവിതസത്ത മനസ്സിലായി വിരക്തിയാണുണ്ടാവുന്നത്‌.
വിലക്കപ്പെട്ട കനിയുടെ രുചി, ഭാരമായി തീരാതിരിക്കാന്‍ ഫലേച്ഛ ഇല്ലാതെ കര്‍മ്മം ചെയ്യുക എന്ന ഭാരതീയ ചിന്തയെ ഉദ്ബോധിപ്പിക്കുന്നതാണ്‌ ഈ ചെറു ഇറാനിയന്‍ നോവല്‍. അശ്ലീലം പറയാതെ അശ്ലീലത്തെ ചിത്രീകരിക്കുന്ന ലൈംഗികതയെ വെറുപ്പിക്കുന്ന എന്തിന്‌ പെണ്ണിനെ തന്നെ വെറുപ്പിക്കുന്ന ഒരു തരം രചനാ ശൈലി ആണ്‌ സാദിഖ്‌ ഹിദായത്ത്‌ ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌. പെണ്‍വര്‍ഗ്ഗത്തെ നാശമായി അദ്ദേഹം പറയാതെ പറയുന്നു. "എഴുത്തുകാരന്റെ മരണം" സംഭവിക്കുന്ന ഒരോവായനയിലും ഒരോതരത്തിലുള്ള ചിന്തകള്‍ ഉണര്‍ത്തിവിടുന്ന ഒരു മഹത്തായ കൃതിയാണ്‌ "കുരുടന്‍ കൂമന്‍".

കുരുടന്‍മൂങ്ങ - വിവര്‍ത്തനത്തിന്റെ കല

പനിനീര്‍പ്പൂക്കളുടെയും ഉമാര്‍ ഖയ്യാമിന്റെയും നാട്ടില്‍ ജനിച്ചുവളര്‍ന്ന് ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ അതികായനായിത്തീര്‍ന്ന സാദിക് ഹിദായത്തിന്റെ അതിവിചിത്രവും അനന്യസാധാരണവുമായ ഒരു വിശിഷ്ടനോവലാണ് കുടുരന്‍മൂങ്ങ.
മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തനം നിര്‍വഹിച്ചത് കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ പ്രശസ്ത നോവലിസ്റ്റായ വിലാസിനിയാണ്.ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ അനശ്വരകൃതിയാണ് സാദിക്ക് ഹിദായത്തിന്റെ 'കുരുടന്‍ മൂങ്ങ' (ബുഫ് ഇകൂര്‍ )
വിലാസിനിയുടെ അതീവഹൃദ്യമായ പരിഭാഷയിലൂടെ പനിനീര്‍പ്പൂക്കളുടെയും ഉമര്‍ ഖയ്യാമിന്റെയും നാട്ടില്‍ ജനിച്ചുവളര്‍ന്ന പ്രതിഭാശാലിയായ ഒരെഴുത്തുകാരന്റെ അനര്‍ഘരത്‌നം നമുക്ക് ലഭിച്ചു.അതിവിചിത്രവും അനന്യസാധാരണവുമായ 'കുരുടന്‍മൂങ്ങ' എന്ന കൃതിയെ നമുക്കടുത്തറിയാം.
ആധുനിക ഇറാന്‍ സാഹിത്യത്തിലെ അനശ്വരപ്രതിഭ സാദിക്ക് ഹിദായത്തിന്റെ മാസ്റ്റര്‍പീസ് എന്ന് പറയാവുന്ന നോവലാണ് ബുഫ് ഇകൂര്‍. കുരുടന്‍മൂങ്ങ എന്നര്‍ഥം. മൂങ്ങയെപ്പോലെ വെളിച്ചത്തെ ഭയന്ന്
ഏകാന്തതയിലിരുന്നു മൂളുന്ന കേന്ദ്രകഥാപാത്രത്തിന്റെ ആത്മാഭാഷണമാണ് ഇതിവൃത്തം. സ്വന്തം ശവക്കല്ലറയിലിരുന്നു കൂമനെപ്പോലെ വിലപിച്ചുമൂളുന്ന അയാള്‍ മരിച്ചിട്ടും മരിക്കാത്ത അശാന്തകാമന തന്നെയാണ്. നീലത്താമരകള്‍ പൂത്ത നദീതീരത്തെ സൈപ്രസ്സ് വൃക്ഷത്തിന്റെ രൂപകം കഥയിലുടനീളം നമ്മെ പിന്തുടരുന്നു. എണ്ണച്ചായത്തില്‍ മുക്കിവരച്ച പെയ്ന്റിംഗ് പോലെ മനോഹരം ഹിദായത്തിന്റെ കൃതി. കാഫ്കയുടെ കാസില്‍ പോലെ ഒരു എകാന്തഭവനത്തില്‍ ഹിദായത്തിന്റെ നായകനും പകല് മുഴുവന്‍ കഴിഞ്ഞു. കറുപ്പ് തിന്നും ചഷകം നുണഞ്ഞും ബാഹ്യലോകത്ത് നിന്ന് ഒളിച്ചോടിയ അയാളുടെ പ്രധാന ജോലി എഴുത്തുപെട്ടിയുടെ ഉറകളില്‍ ചിത്രം വരയ്ക്കുകയായിരുന്നു. പേനയും മഷിയുമടക്കമുള്ള ലേഖനസാമഗ്രികള്‍ സൂക്ഷിക്കുന്ന എഴുത്തുപെട്ടികള്‍ അലങ്കരിക്കുന്ന പ്രവൃത്തി മടുപ്പില്ലാതെ ചെയ്തുപോന്നു അയാള്‍. എടുത്തുപറയേണ്ട സംഗതി, വരയ്ക്കുന്ന എല്ലാചിത്രങ്ങളുടെയും പ്രമേയം ഒന്നുതന്നെയായിരുന്നെ എന്നതാണ്. ഒരു സൈപ്രസ് വൃക്ഷം. അതിന്റെ കടയ്ക്കല്‍ നീണ്ട നിലയങ്കി ധരിച്ചു നിലത്തു പടിഞ്ഞിരിക്കുന്ന ഒടിഞ്ഞുതൂങ്ങിയ ഒരു വൃദ്ധന്‍. അയാളുടെ മുഖം എല്ലായ്‌പ്പോഴും ഒരിന്ത്യന്‍യോഗിയെ ഓര്‍മിപ്പിച്ചു. അമ്പരന്നതുപോലെ ഇടത്തെ ചൂണ്ടുവിരല്‍ ചുണ്ടത്തുവെച്ചാണ് ഇരിപ്പ്. കിഴവന്റെ മുന്‍പില്‍ നീണ്ട കറുത്ത കുപ്പായം ധരിച്ച ഒരു പെണ്‍കിടാവ്. അവര്‍ക്കിടയിലൊരു നീരരുവി ഒഴുകി. അവള്‍ കുനിഞ്ഞ്, മുന്നോട്ടാഞ്ഞ് ചാലിന്റെ മീതെ അയാള്‍ക്കൊരു താമരപ്പൂവ് നല്‍കുന്നു. എപ്പോള്‍ തൂലികയെടുത്താലും അയാള്‍ വരക്കുന്നത് ഇതേ ചിത്രമാണ്. അത്രയ്ക്ക് ആ സ്വപ്നത്തിന്റെ വശ്യതയില്‍ മുങ്ങിപ്പോയിരുന്നു അയാള്‍. ഒരിക്കല്‍ തന്റെ എകാന്തഭവനത്തില്‍ വിരുന്നുവന്ന ചിറ്റപ്പനെ സല്ക്കരിക്കാനായി ഉത്തരത്തിന്റെ താഴെ ചുമരിലുള്ള പൊത്തില്‍ പൈതൃകമായി കാത്തുസൂക്ഷിച്ച ഒരു കൂജ വീഞ്ഞുണ്ടായിരുന്നത് എടുക്കാന്‍ ശ്രമിക്കവേ, അയാളുടെ ജീവിതത്തെ മാറ്റിമറച്ച വിഷനീലിമയാര്‍ന്ന ഒരനുഭവമുണ്ടായി.ചുമരിലെ സൂത്രപ്പഴുതിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ മുറിയുടെ പിറകിലുള്ള പറമ്പില്‍ ,ഒരു സൈപ്രസ് വൃക്ഷത്തിന്റെ കടയ്ക്കല്‍ ആ ഒടിഞ്ഞുതൂങ്ങിയ വൃദ്ധന്‍ ഇരിക്കുന്ന കാഴ്ച. മുന്‍പില്‍ അതേ പെണ്‍കിടാവ്.അപ്‌സരസ്സിനെപ്പോലെ മോഹിനിയായ അവള്‍ മുന്നോട്ടല്‍പ്പം കുനിഞ്ഞുനിന്ന് വലത്തേ കൈ കൊണ്ട് ഒരു പുഷ്പം കിഴവന് നല്‍കുന്നു. അവളുടെ ചുണ്ടില്‍ അവ്യക്തമായൊരു പുഞ്ചിരി സ്വയം വിടര്‍ന്നുവറ്റിയിരുന്നു. അവളുടെ വശ്യവും അഴകും മുറ്റിയ, പേടിപ്പെടുത്തുന്ന എന്നാല്‍ മാടിവിളിക്കുന്ന, അമാനുഷമായ ലഹരിപിടിപ്പിക്കുന്ന കണ്ണുകള്‍ കഥാനായകന്‍ കണ്ടു. കാന്തശക്തിയുള്ള അവളുടെ കണ്ണുകള്‍ അയാളുടെ ജീവസ്സാകെ ഊറ്റിക്കുടിച്ചു.അവളുടെ മാദകമായ അധരങ്ങള്‍ തൃഷ്ണ ശമിക്കാത്ത ചുംബനത്തിനിടയില്‍ അടര്‍ത്തിയെടുത്തതുപോലെ കാണപ്പെട്ടു. ഒരു ക്ഷേത്രനര്‍ത്തകിയെപ്പോലെ താളാത്മകമായിരുന്നു അവളുടെ നില്പ്. ശാന്തി ഉടലെടുത്ത മുഖഭാവമായിരുന്നെങ്കിലും
ആരോ സ്വന്തം ഇണയില്‍നിന്നു വേര്‍പെടുത്തിയ, ആലംഗനത്തില്‍ നിന്നടര്‍ത്തിമാറ്റിയ ദുദായി വേര് പോലെയായിരുന്നു അവളുടെ നില. അവള്‍ അരുവിക്കപ്പുരത്തുള്ള കിഴവന്റെ സമീപമെത്താന്‍ വെമ്പി നില്‍ക്കുന്നതുപോലെ കാണപ്പെട്ടു. കിഴവന്‍ അതുനോക്കി കര്‍ണകഠോരമായി പൊട്ടിച്ചിരിച്ചു. ഭയാനകമായ ആ ചിരിയുടെ ഒലി കൃതിയിലുടനീളം കേള്‍ക്കാം. ആത്മാവിനെ ഗ്രസിച്ച ഒരര്‍ബുദത്തിന്റെ വ്രണംവാര്‍ന്നൊലിക്കുന്ന അനുഭവമാണ് കുരുടന്‍ മൂങ്ങയുടെ പ്രമേയം. സ്വന്തം ജീവിതത്തെയും അസ്തിത്വതെയും ബാധിച്ച ജീര്‍ണതമൂലം വ്രണിതഹൃദയനായ
ഹിദായത്ത്, തന്റെ ഹൃദയത്തില്‍ ഉറഞ്ഞുകൂടിയ നീലവിഷാദത്തിനുകൊടുത്ത രൂപമാണ് ഈ നോവെല്ല. ഇറാനിലെ സാമൂഹ്യജീവിതവുമായി പൊരുത്തപ്പെടാനാവാതെ ജീവിച്ച അന്തര്‍മുഖനായ ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. പേര്‍ഷ്യയിലെ മണ്മറഞ്ഞ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ആരാധകനായിരുന്ന ഹിദായത്തിനെ 'ആയിരത്തിയൊന്നു രാവുകള്‍' പോലുള്ള അറബിക്കഥകളും, ഒമര്‍ ഖയ്യാമിന്റെ 'റുബായിയാത്ത്' പോലുള്ള രചനകളും അളവിലേറെ സ്വാധീനിച്ചിരുന്നതായി നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. കുരുടന്‍മൂങ്ങയുടെ ഭയാനകമായ ഇരുണ്ട സൌന്ദര്യം കാഫ്കയുടെ കഥകളില്‍ കാണുന്നതിനും അപ്പുറത്തായിരുന്നു. കഥ പറയുന്നതിലെ ഇന്ദ്രജാലം ഇറാന്റെയും അറബിക്കഥകളുടെയും ആഖ്യാനപാരമ്പര്യത്തെ പിന്തുടരുന്നു. റില്‍ക്കെയുടെ മൃത്യുപൂജയോടും, കാഫ്കയുടെ ഭ്രമാത്മക ശൈലിയോടുമുള്ള സാമീപ്യവും കുരുടന്‍ മൂങ്ങക്ക് അസാധാരണമായൊരു രഹസ്യസൌന്ദര്യം പകരുന്നു. ചാക്രികമായ ആഖ്യാനത്തിലൂടെ കാലത്തെ കീഴ്‌മേല്‍ മറിക്കാനും വൃത്തത്തിനുള്ളില്‍ വൃത്തമെന്ന പോലെ കഥക്കുള്ളില്‍ കഥ എന്ന ആഖ്യാനതന്ത്രം ഭാരതീയ പാരമ്പര്യത്തിലെ 'യോഗവാസിഷ്ഠ'ത്തെയും 'പഞ്ചതന്ത്ര'ത്തേയും ഓര്‍മിപ്പിക്കാതിരിക്കില്ല. കാഫ്ക്കയുടെയും ബോര്‍ഹസിന്റെയും കഥകളുടെ കയ്യടക്കം ഹിദായത്തിലും പ്രകടമാണ്. ഇറാനിലെ പഹ് ലവി കാലഘട്ടത്തിലെ ഇതിഹാസങ്ങളും നാടോടി പാരമ്പര്യവും ജരതുഷ്ട്രയുടെ തത്വചിന്തയും, സെന്റ് അവസ്ത തുടങ്ങിയ പ്രാചീനകൃതികളും സാദിക്ക് ഹിദായത്തിനെ ആഴത്തില്‍ സ്വാധീനിച്ചതായി പറയപ്പെടുന്നു. അവെസ്തയിലെ കീര്‍ത്തനങ്ങളുടെയും ക്രിയകളുടെയും താളക്രമം കുരുടന്‍മൂങ്ങയുടെ ഏകാന്തമായ അനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒമര്‍ഖയാമിനെപ്പോലെ ആത്മീയമായ യാതനകളുടെ വ്യാഖ്യാനമാണ് ഹിദായത്തും തന്റെ കൃതിയിലൂടെ നിര്‍വഹിക്കുന്നത്. ലോകത്തെവിടെയുമുള്ള മനുഷ്യന്റെ വിചിത്രാനുഭവങ്ങളുടെ ദുരവസ്ഥതന്നെയാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. സൂത്രപ്പഴുതിലൂടെ മൂങ്ങ കാണുന്ന സ്വപ്നലോകം പ്രത്യാശയുടെതാണ്. എന്നാല്‍ അശാന്തമായ നേരനുഭവങ്ങളുടെ വെറുംതടവില്‍
കഴിയാന്‍ വിധിക്കപ്പെട്ടവരുടെ പാരതന്ത്ര്യമാണ് പേരില്ലാത്ത, വേരുകള്‍ മുറിഞ്ഞുപോയ പ്രധാനകഥാപാത്രം ശക്തമായി ധ്വനിപ്പിക്കുന്നത്. എന്നിട്ടും,ഹിദായത്തിന്റെ നായകന്‍ സൂത്രപ്പഴുതിലൂടെ കാണുന്ന ലോകത്തിനു യോഗാത്മകതയുണ്ട്. ഗുഹയില്‍ നിന്നെന്ന പോലെ ഉയര്‍ന്ന ചിരിയുടെയും കാലത്തെ പ്രതിഫലിപ്പിച്ച സൈപ്രസ് മരത്തിന്റെയും ഇടയില്‍ ഒഴുകിയ നീരരുവിയും അവിടെ വിരിഞ്ഞ നീലത്താമരയും ഒടുങ്ങാത്ത പ്രത്യാശയുടെ, അവസാനിക്കാത്ത സ്വപ്നങ്ങളുടെ വേര്‍പൊടിപ്പുകളായി നമുക്ക് കാണാം.
വിവര്‍ത്തകന്റെ വിയര്‍പ്പുനീര്‍ വീണ 'കുരുടന്‍ മൂങ്ങയുടെ' മൊഴിമാറ്റം പ്രതിഭാശാലിയായ ഒരെഴുത്തുകാരന്റെ കൈയ്യൊപ്പ് പതിഞ്ഞതാണ്..

സാദിഖ് ഹിദായത്ത് - അഗ്ന്യാരാധകൻ

പാരീസിലെ ഒരു ഗസ്റ്റ് ഹൌസിന്റെ മൂന്നാമത്തെ നിലയിലുള്ള ഒരു മുറിയിൽ തന്റെ പഴയ കൂട്ടുകാരിൽ ഒരാളോടൊപ്പമിരിക്കുകയാണ്‌ ഫ്ളാന്റൺ; അയാൾ ഇറാനിൽ നിന്നു മടങ്ങിവന്നിട്ട് അധികമായിട്ടില്ല. ഇരുവർക്കുമിടയിലുള്ള ഒരു ചെറിയ മേശ മേൽ ഒരു വൈൻ കുപ്പിയും രണ്ടു ഗ്ളാസ്സുകളും വച്ചിട്ടുണ്ട്; താഴത്തെ കഫേയിൽ നിന്ന് സംഗീതം ഉയരുന്നു. പുറത്ത് ഇരുട്ടായിരിക്കുന്നു; ആകാശം മേഘച്ഛന്നം; ഒരു പൊടിമഴ തുള്ളിയിടുകയും ചെയ്യുന്നു. ഫ്ളാന്റൺ കൈത്തലത്തിൽ നിന്നു മുഖം ഉയർത്തിയിട്ട് ഒരു ഗ്ളാസ്സെടുത്ത് ഒറ്റയിറക്കിനു തീർത്തു; എന്നിട്ടയാൾ തന്റെ സ്നേഹിതനെ നോക്കി. “തനിക്കറിയാമോ- ആ തകർന്ന എടുപ്പുകൾക്കും മലകൾക്കും മരുഭൂമികൾക്കുമിടയിൽ ഞാൻ എന്നെക്കൊണ്ടുപോയിത്തുലച്ചു എന്നെനിക്കു തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ചോദിച്ചു: ‘ഞാൻ ഒരു ദിവസം സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോവുക എന്നതുണ്ടാവുമോ? നാം ഇപ്പോൾ കേൾക്കുന്ന ഈ സംഗീതം എന്നെങ്കിലുമൊരിക്കൽ എനിക്കു കേൾക്കാൻ പറ്റുമോ?’ നാട്ടിലേക്കു മടങ്ങണമെന്നു ഞാൻ ആഗ്രഹിച്ചു. ഇങ്ങനെ നാം രണ്ടു പേർ മാത്രമുള്ള ഒരു നിമിഷത്തിനായി, മനസ്സിലുള്ളതൊക്കെ തുറന്നു പറയാനായി ഞാൻ ആഗ്രഹിച്ചു. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായതൊന്നാണ്‌ ഇന്നെനിക്കു നിന്നോടു പറയാനുള്ളത്; നിനക്കു വിശ്വാസം വരില്ലെന്ന് എനിക്കറിയാവുന്നതൊന്ന്: മടങ്ങിപ്പോന്നത് തെറ്റായിപ്പോയെന്ന് എനിക്കിപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു. നിനക്കറിയാമോ, ഞാൻ ഇപ്പോഴും ഇറാനു വേണ്ടി ദാഹിക്കുന്നു. എനിക്കെന്തോ നഷ്ടം പറ്റിയ പോലെ!“

ഇതു കേട്ടപ്പോൾ അയാളുടെ സ്നേഹിതൻ മുഷ്ടി കൊണ്ട് മേശ മേൽ കളിയായി ഒന്നിടിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. ”തമാശ കളയെടാ, യൂജിൻ. നീ ചിത്രകാരനാണെന്ന് എനിക്കറിയാമായിരുന്നു. കവിയും കൂടിയാണെന്ന് ഇപ്പോഴാണു മനസ്സിലായത്. നിനക്കപ്പോൾ ഞങ്ങളെയൊക്കെ മടുത്തുവല്ലേ? അതോ നിനക്കവിടെ ആരെങ്കിലുമായി അടുപ്പം തുടങ്ങിയോ? കിഴക്കുള്ളവർ കാണാൻ സുന്ദരികളാണെന്നു ഞാൻ കേട്ടിരിക്കുന്നു!“

” ഹേയ്, ഇതതൊന്നുമല്ല. ഞാൻ തമാശ പറഞ്ഞതുമല്ല.“

”അതിരിക്കട്ടെ, കഴിഞ്ഞൊരു ദിവസം ഞാൻ നിന്റെ സഹോദരനെ കാണാൻ പോയിരുന്നു. സംസാരം ഒടുവിൽ നിന്നെക്കുറിച്ചായി. നീ അടുത്ത കാലത്ത് ഇറാനിൽ നിന്നയച്ച ചിത്രങ്ങൾ അവൻ എന്നെ കാണിച്ചു. തകർന്ന എടുപ്പുകളുടേതായിരുന്നു എല്ലാ ചിത്രങ്ങളുമെന്ന് ഞാനോർക്കുന്നു...അതെയതെ, അതിലൊന്ന് അഗ്നിപൂജ നടത്തുന്ന ഒരു സ്ഥലത്തിന്റേതാണെന്ന് അവൻ പറഞ്ഞിരുന്നു. ഇപ്പോഴും അവിടെ അഗ്നിപൂജ നടക്കുന്നുണ്ടെന്നാണോ നീ പറയുന്നത്? അവിടെ നല്ല പരവതാനി കിട്ടുമെന്നു മാത്രമേ ആ നാട്ടിനെക്കുറിച്ച് എനിക്കു വിവരമുള്ളു. അവിടെ നീ കണ്ടതൊക്കെ ഒന്നു വിസ്തരിച്ചു പറഞ്ഞാട്ടെ. നിനക്കറിയാമല്ലോ, ഞങ്ങൾ പാരീസുകാർക്ക് അതൊക്കെ വലിയ പുതുമ ആയിരിക്കും!“

ഫ്ളാന്റൺ ഒരു നിമിഷം മിണ്ടാതിരുന്നിട്ടു പറഞ്ഞു: ”നീ പറഞ്ഞതു കേട്ടപ്പോൾ എനിക്കൊരു സംഗതി ഓർമ്മ വരുന്നു. അന്നൊരു ദിവസം ഇറാനിൽ വച്ച് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അസാധാരണമായ ഒരു കാര്യം സംഭവിച്ചു. ഇതു വരെ ഞാൻ ഇതാരോടും പറഞ്ഞിട്ടില്ല. അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന കോസ്റ്റ എന്ന കൂട്ടുകാരനോടു പോലും. അവൻ എന്നെ കളിയാക്കിച്ചിരിക്കുമെന്നായിരുന്നു എന്റെ പേടി. ഞാൻ ഒരവിശ്വാസിയാണെന്ന് നിനക്കറിയാമല്ലോ. ആയുസ്സിലൊരിക്കലേ മനസ്സു തുറന്ന്, ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു. അത് ഇറാനിൽ വച്ചായിരുന്നു, നീ ഫോട്ടോയിൽ കണ്ട അതേ ക്ഷേത്രത്തിൽ വച്ച്. അന്നൊരു ദിവസം തെക്കൻ ഇറാനിലെ പെഴ്സിപ്പൊളീസിൽ ഉത്ഖനനം നടത്തുന്നതിനിടെ ഒറ്റയ്ക്കു ഞാൻ നഗ്ഷേ റൊസ്തമിൽ പോയിരുന്നു. പണ്ടു കാലത്ത് മലകൾ തുരന്ന് പേഴ്സ്യൻ രാജാക്കന്മാരെ അടക്കം ചെയ്തിരുന്നത് അവിടെയാണ്‌. നീ ചിത്രം കണ്ടുകാണും. മലയിൽ ഒരു കുരിശുതുരന്നെടുത്ത പോലെ തോന്നും. അതിനു മുകളിലായി അഗ്നിയുടെ ക്ഷേത്രത്തിനു മുന്നിൽ നില്ക്കുന്ന ഒരു രാജാവിന്റെ ചിത്രം കാണാം; അദ്ദേഹത്തിന്റെ ഒരു കൈ അഗ്നിക്കു നേരേ നീട്ടിയിരിക്കുന്നു. ക്ഷേത്രത്തിനും മുകളിൽ അഹുര മസ്ദ, അവരുടെ ദൈവം. ക്ഷേത്രത്തിനു ചുവട്ടിലായി പൂമുഖം പോലെ പാറ വെട്ടിയിറക്കിയതിനുള്ളിൽ രാജാവിന്റെ ജഡം വച്ച പേടകം. ഈ തരം പേടകങ്ങൾ അവിടെ കുറേ കാണാം. അവയ്ക്കു നേരേ എതിരായി അഗ്നിക്കായുള്ള മഹാക്ഷേത്രം, സൊറാസ്റ്ററുടെ കാബ.

“എനിക്കു നല്ല ഓർമ്മയുണ്ട്, നേരം സന്ധ്യയോടടുക്കുകയാണ്‌. ആ ദേവാലയത്തിന്റെ അളവുകളെടുക്കുന്നതിൽ മുഴുകിയിരിക്കുകയാണു ഞാൻ. ക്ഷീണവും ചൂടും കാരണം ഞാനാകെ വശം കെട്ടിരിക്കുന്നു. പെട്ടെന്നാണ്‌, രണ്ടു പേർ ഞാനിരിക്കുന്ന ദിക്കു നോക്കി നടന്നുവരുന്നത് എന്റെ ദൃഷ്ടിയിൽ പെട്ടു. സാധാരണ പേഴ്സ്യക്കാരുടേതു പോലെയല്ല അവരുടെ വേഷം. അടുത്തെത്തിയപ്പോൾ ഇരുവർക്കും നല്ല പ്രായമായിട്ടുണ്ടെന്നു ഞാൻ കണ്ടു. വൃദ്ധന്മാരെങ്കിലും ബലവും ഓജസ്സുമുള്ള രണ്ടു പേർ. തിളങ്ങുന്ന കണ്ണുകൾ. മനസ്സിൽ തറയ്ക്കുന്ന മുഖങ്ങൾ. അവർ വടക്കേ ഇറാനിലെ യാസ്ദിൽ നിന്നു വരുന്ന വ്യാപാരികളാണെന്നു ഞാൻ ചോദിച്ചു മനസ്സിലാക്കി. യാസ്ദിലെ മിക്കവരുടെയും മതം തന്നയാണ്‌ അവരുടേതും; എന്നു പറഞ്ഞാൽ അഗ്നിയെ ആരാധിക്കുന്നവർ, ഇറാനിലെ പ്രാചീനരായ രാജാക്കന്മാരെപ്പോലെ. പ്രാചീനമായ ഈ അഗ്നിക്ഷേത്രത്തിൽ ആരാധന നടത്താൻ മാത്രമായി പതിവു വഴി വിട്ടു വന്നിരിക്കുകയാണവർ. സംസാരത്തിനിടയിൽത്തന്നെ അവർ ചുള്ളിക്കമ്പുകളും കരിയിലകളും തൂത്തുകൂട്ടി ചെറിയൊരു തീക്കുണ്ഡം ജ്വലിപ്പിച്ചു കഴിഞ്ഞിരുന്നു. വിസ്മയസ്തബ്ധനായി ഞാൻ അവരെ നോക്കിനിന്നു. അവർ പിന്നെ ഞാൻ മുമ്പു കേട്ടിട്ടില്ലാത്ത ഒരു സവിശേഷഭാഷയിൽ മന്ത്രങ്ങളും പ്രാർത്ഥനകളും ഉരുവിടാൻ തുടങ്ങി. ഇതു തന്നെയായിരിക്കണം സൊറാസ്റ്ററുടെയും അവെസ്തയുടെയും ഭാഷ. ശിലകളിൽ ക്യൂണിഫോമായി കോറിയിട്ടിരിക്കുന്നതും ഇതേ ഭാഷ തന്നെയാവണം.
“ഈ സമയത്ത്, ആ രണ്ട് അഗ്ന്യാരാധകർ പ്രാർത്ഥനാനിരതരായി നില്ക്കുന്ന നേരത്ത്, ഞാനൊന്നു മുകളിലേക്കു നോക്കി. അവിടെ കല്ലിൽ കൊത്തിവച്ചിരിക്കുന്ന രംഗം ഇവിടെ എന്റെ കണ്മുന്നിൽ അരങ്ങേറുന്ന ഈ ജീവൽദൃശ്യം തന്നെയാണെന്നു ഞാൻ കണ്ടു. വേരിറങ്ങിയപോലെ ഞാൻ തറഞ്ഞുനിന്നുപോയി. ഡാരിയസിന്റെ ശവകുടീരത്തിനു നേരേ മുകളിലുള്ള ആ ശിലാമനുഷ്യർ ആയിരമായിരം വർഷങ്ങൾക്കിപ്പുറം ജീവൻ വച്ചിറങ്ങിവന്നതാണെന്നപോലെ; എനിക്കു മുന്നിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവത്തിന്റെ പ്രത്യക്ഷത്തെ ആരാധിക്കുകയാണെന്നപോലെ. എനിക്കു വിസ്മയം തോന്നി: ഇത്ര കാലം കഴിഞ്ഞിട്ടും, അതിനെ തകർക്കാനും തുടച്ചുമാറ്റാനും മുസ്ലീങ്ങൾ എത്രയൊക്കെ കിണഞ്ഞുപണിതിട്ടും ഈ പ്രാചീനമതത്തിന്‌ ഇന്നും അനുയായികളുണ്ടല്ലോ! രഹസ്യമായിട്ടാണെങ്കിലും തുറന്ന സ്ഥലത്ത് അഗ്നിക്കു മുന്നിൽ അവർ നമസ്കരിക്കുന്നുണ്ടല്ലോ!

”പിന്നെ ആ രണ്ടു പേരും അവിടെ നിന്നു പോയി. ഞാൻ മാത്രം ശേഷിച്ചു; ആ കൊച്ചു തീക്കുണ്ഡം അപ്പോഴും എരിയുന്നുണ്ടായിരുന്നു. എങ്ങനെയാണതു സംഭവിച്ചതെന്ന് എനിക്കറിയില്ല- ഏതോ ഒരതീതശക്തി എന്നെ കീഴമർത്തുകയായിരുന്നു. എങ്ങും കനത്ത നിശബ്ദതയായിരുന്നു. മലയുടെ ഒരു വശത്തുനിന്ന് എരിയുന്ന ഗന്ധകഗോളം പോലെ ചന്ദ്രൻ പുറത്തേക്കു വന്നു; അതിന്റെ വിളറിയ വെളിച്ചം ആ മഹാക്ഷേത്രത്തെ നിമഗ്നമാക്കുകയായിരുന്നു. കാലം രണ്ടോ മൂന്നോ ആയിരം കൊല്ലത്തേക്കു പിന്നിലേക്കു പോയപോലെ തോന്നി. ഞാൻ ഏതു ദേശക്കാരനാണെന്നും ഞാനാരാണെന്നും എന്റെ ചുറ്റുപാടുമെല്ലാം ഞാൻ മറന്നു. അജ്ഞാതരായ ആ രണ്ടു വൃദ്ധന്മാർ ആരാധിച്ചും സ്തുതിച്ചും കൊണ്ട് നമസ്കരിച്ച ആ ചാരക്കൂനയിലേക്കു ഞാൻ കണ്ണു നട്ടു. അതിൽ നിന്ന് നീലപ്പുക ഒരു തൂണു പോലെ പൊങ്ങി വായുവിൽ ചുരുണ്ടുകയറുകയായിരുന്നു. തകർന്ന ശിലകളുടെ നിഴലുകൾ, ധൂസരമായ ചക്രവാളം, എന്റെ തലയ്ക്കു മേൽ അന്യോന്യം കണ്ണു ചിമ്മുന്ന ദീപ്തനക്ഷത്രങ്ങൾ, ഈ നിഗൂഢമായ അവശേഷങ്ങൾക്കും പ്രാക്തനദേവാല യങ്ങൾക്കുമിടയിൽ പ്രശാന്തഗംഭീരമായ താഴ്വാരം- ആ പരിസരവും മരിച്ചവരുടെ ആത്മാക്കളും ശവപേടകങ്ങൾക്കും തകർന്ന ശിലകൾക്കും മുകളിൽ തങ്ങിനില്ക്കുന്ന അവരുടെ ചിന്തകളുടെ ബലവും ഒക്കെക്കൂടി എന്നെ പിടിച്ചുവലിക്കുകയോ പ്രചോദിപ്പിക്കുകയോ ആയിരുന്നു; എന്റെ പിടിയിലായിരുന്നില്ല ഒന്നും. ഞാൻ, ഒന്നിലും വിശ്വാസമില്ലാത്ത ഞാൻ, നീലപ്പുകച്ചുരുളുയരുന്ന ആ ചാരത്തിനു മുന്നിൽ മുട്ടുകുത്തി; ഞാനതിനെ ആരാധിച്ചു. എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു; പക്ഷേ ഞാനെന്തെങ്കിലും ഉച്ചരിക്കണമെന്നുമുണ്ടായിരുന്നില്ല. ഒരു മിനുട്ടേ കഴിഞ്ഞിട്ടുണ്ടാവുള്ളു, അപ്പോഴേക്കും എനിക്കു സ്വബോധം വന്നു. പക്ഷേ ഞാൻ അഹുര മസ്ദയുടെ പ്രത്യക്ഷത്തെ ആരാധിച്ചു കഴിഞ്ഞിരിക്കുന്നു- ഒരുപക്ഷേ ഇറാനിലെ പ്രാക്തനരായ രാജാക്കന്മാർ അഗ്നിയെ ആരാധിച്ച അതേ രീതിയിൽ. ആ മുഹൂർത്തത്തിൽ ഞാൻ ഒരഗ്ന്യാരാധകനായി. ഇനി നിനക്ക് എന്നെക്കുറിച്ച് എന്തു വേണമെങ്കിലും ചിന്തിക്കാം. അതൊരുപക്ഷേ മനുഷ്യവർഗ്ഗം ബലഹീനമായതു കൊണ്ടാവാം, അതിനു കഴിയില്ല.
* സൊറാസ്റ്റർ (സരതുഷ്ട്ര)- ഇറാനിലെ സരതുഷ്ട്ര മതത്തിന്റെ സ്ഥാപകൻ.
*സെന്ദ് അവെസ്ത- സൊരാഷ്ട്രിയനിസത്തിന്റെ വേദഗ്രന്ഥം.                    

ഗംഭീരൻ ലോക സാഹിത്യ സദ്യ
💐💐💐Ratheesh


1 
Prajitha

*****************************************************************