ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

29-5-2017b


     🌕ഞാൻ സഫിയ🌕
   റാഫേൽ മാസ്റ്റോ
വിവർത്തനം :രാജൻ തുവ്വാര

കൊടുങ്കാറ്റ് കീറിപ്പറിച്ചെറിയുന്ന കരിയില പോലെ തകരുമ്പോഴും അടിയുറച്ച വിശ്വാസവും അവകാശബോധവും കൊണ്ട് ചില സ്ത്രീകൾ ഏതു മൗനത്തിലും ജ്വലിച്ചുയരുന്നു. വാക്കുകൾക്കായി ദാഹിക്കുന്ന മനസ് അനുഭവങ്ങളുടെ വെളിപാടുകളിലൂടെ ലോക മന:സാക്ഷിയെ കുലുക്കിയുണർത്തുന്നു.  മതമൗലിക വാദികൾ  മനുഷ്യാവകാശങ്ങളെ ധ്വംസിക്കുമ്പോൾ ഇരകളാക്കപ്പെടുന്നവരുടെ കൂട്ടത്തിൽ സ്വന്തം ഇച്ഛയും ശബ്ദവും ജീവിതവും തന്നെ ഹോമിക്കേണ്ടി വരുന്ന സ്ത്രീകളുടെ സംഖ്യ എത്രയോ വലുതാണ്. വല്ലപ്പോഴും അപൂർവ്വ ശോഭയോടെ കത്തിയുയരുന്ന സ്ത്രീ ജന്മകൾ അതിനൊരപവാദമാണ്. അതാണ് "ഞാൻ സഫിയ " എന്ന് പ്രസാധകക്കുറിപ്പ്.
         ജന്മദേശവും അവിടത്തെ ആളുകളും ചേർന്ന് സമ്മാനിച്ച കല്ലെറിഞ്ഞ് കൊല്ലുക എന്ന നികൃഷ്ട വിധിയിൽ നിന്നും രക്ഷ തേടാൻ കൈക്കുഞ്ഞിനേയുമായി ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ഒളിച്ചോടുന്ന സഫിയയുടെ ദിവസങ്ങൾ നീണ്ട യാത്രയാണ് ആമുഖത്തിൽ പ്രതിപാദിക്കുന്നത്. കയ്യിലുള്ള ഭക്ഷണവും വെള്ളവും തീർന്ന് ദാഹിച്ച് കരഞ്ഞ് ക്ഷീണിച്ചുറങ്ങുന്ന കുഞ്ഞിനേയുമായുള്ള ദുരിതയാത്ര ആടുജീവിതത്തിലെ നജീബിന്റെ രക്ഷപ്പെടലിനെ അനുസ്മരിപ്പിക്കുന്നു.

    വടക്കൻ നൈജീരിയയിലെ മുസ്ലീം ആവാസ കേന്ദ്രമായ ടുങ്കാർ ടുഡു ഗ്രാമത്തിൽ ഗ്രാമപുരോഹിതന്റെ സ്ഥാനമലങ്കരിക്കുന്ന ഒരു ക്ഷുരകന്റെ മകളായി ജനിച്ച സഫിയയുടെ ആത്മകഥയാണീ പുസ്തകം. പരിഷ്കൃതികൾ എത്തി നോക്കാത്ത  കുറ്റിക്കാട്ടിലെ ഗോത്ര സമൂഹമെന്ന് വിശേഷിപ്പിക്കുന്ന അവിടത്തെ ജനത ഇസ്ലാം മത ഉദ്ബോധനങ്ങളാണ് പിന്തുടരുന്നത്.
ഏഴ് വയസായപ്പോഴേക്കും കുടുംബ കാര്യങ്ങളിൽ പ്രവീണ്യയായ സഫിയയുടെ ഏറ്റവും വലിയ ആഗ്രഹം മദ്രസയിൽ പോയി എഴുതാനും വായിക്കാനും പഠിക്കുകയായിരുന്നു. മദ്രസയിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്ന സഫിയ നാട്ടുനടപ്പനുസരിച്ച് പതിമൂന്നാമത്തെ വയസിൽ  അമ്പത് കാരനായ യൂസഫിന്റ ഭാര്യയാകുമ്പോൾ  ഋതുമതിയായിട്ടുണ്ടായിരുന്നില്ല.ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ നാലു കുട്ടികളുടെ അമ്മയായ സഫിയയുടെ ഭർതൃഗൃഹത്തിലെ ആഹ്ലാദകരമായ ജീവിതത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. കടുത്ത ജീവിത യാഥാർത്ഥ്യങ്ങളെ കരുത്തോടെ നേരിട്ട സഫിയക്ക് 24 വയസായപ്പോഴേക്കും വസൂരി ബാധിച്ച് രണ്ട് മക്കളും നഷ്ടപ്പെട്ടു. മുത്തലാഖോടെ ഭർത്താവും കൈയൊഴിഞ്ഞ് ജീവിച്ചിരിക്കുന്ന രണ്ട് മക്കളേയും പിരിഞ്ഞ് ടുങ്കാർ ടുഡുവിലുള്ള മാതാപിതാക്കളുടെ അടുത്ത് തിരിച്ചെത്തി.അവിവാഹിതളായ സ്ത്രീകൾ സാമൂഹിക തിന്മകളാണ് നൈജീരിയയിൽ.
വീണ്ടും മൂന്ന് പ്രാവശ്യം വിവാഹിതയാവുകയും മൊഴി ചൊല്ലപ്പെടുകയും ചെയ്ത സഫിയ രണ്ട് മക്കൾക്ക് കൂടി ജന്മം നല്കി. അകന്ന ബന്ധുവായ യാക്കൂബിന്റ ചതിയിൽ പെട്ട് ഗർഭിണിയായ സഫിയയെ ശരീഅത്ത് കോടതി വ്യഭിചാരക്കുറ്റത്തിന് കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചപ്പോൾ കുറ്റം നിഷേധിച്ച യാക്കൂബിനെ വെറുതെ വിടാൻ ഉത്തരവായി. നൈജീരിയയിലെ പല പ്രദേശങ്ങിലും വ്യഭിചാരം കൊടും കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നു. മേൽകോടതിയിൽ അപ്പീലിന് പോയ സഫിയക്കെതിരായി സഹോദരൻ മുഹമ്മദു ഇസ്ലാമിക തീവ്രവാദികളുടെ നിർബന്ധത്തിന് വഴങ്ങി മൊഴി നൽകിയപ്പോൾ രണ്ട് പ്രാവശ്യം കൂടി വധശിക്ഷ ശരിവച്ച് ശരീഅത്ത് കോടതി ഉത്തരവായി.മകൾ അഡാമയുടെ മുലകുടി പ്രായം കഴിഞ്ഞ് ശിക്ഷ നടപ്പാക്കാൻ ഉത്തരവായി.
മകൾ അഡാമയുമായി മരുഭൂമിയിലൂടെ  ഒളിച്ചോടി രക്ഷപ്പെടാൻ ശ്രമിച്ച സഫിയയെ പിതൃസഹോദരൻ വീട്ടിലെത്തിച്ചു. മാതാപിതാക്കളുടേയും ബന്ധുക്കളുടേയും പിന്തുണയോടെ അബ്ദുൾ ഖാദർ ഇമാം ഇബ്രാഹിം എന്ന പ്രശസ്തനായ വക്കീലിന്റെ സഹായത്തോടെ അവസാന ശ്രമമെന്ന നിലയിൽ അപ്പീലിന് പോയ സഫിയയുടെ ജീവിതത്തിൽ വഴിത്തിരിവായത് ബി.ബി.സി. ലേഖകനായ ഉമർ സാഹിയുടെ സമയോചിതമായ ഇടപെടലുകളായിരുന്നു. [വൈകുന്നേരം 7:36 -നു, 29/5/2017] അനി യൂണി: ബി.ബി.സി.യിലും മറ്റ് യൂറോപ്യൻ, ആഫ്രിക്കൻ പത്രമാധ്യമങ്ങളിലൂടെയും സഫിയയുടെ ദുരന്ത ചിത്രം വെളിയിൽ വന്നപ്പോൾ വിചാരണക്കോടതിയിലെ ജഡ്ജിമാർ കടുത്ത അന്താരാഷ്ട്ര സമ്മർദ്ദത്തിന് വിധേയരായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനപിന്തുണയും ഇമാം ഇബ്രാഹിമിന്റെ അനിഷേധ്യമായ മതാധിഷ്ഠിതമായ വാദമുഖങ്ങളും സഫിയയെ വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തി.

സഫിയയുടെ ആത്മകഥ ആഫ്രിക്കയിലെ ഒരുവിദൂര ഗ്രാമത്തിലെ പാവം സ്ത്രീയുടെ ജീവിതകഥല്ല മറിച്ച് നൈജീരിയയിലെ മതമൗലികവാദികളുടെ കരാളഹസ്തങ്ങളിൽ കത്തിയമരുന്ന പതിനായിരക്കണക്കിന് സ്ത്രീ ജന്മങ്ങളുടെ നേർക്കാഴ്ചയാണ്.സഫിയയുടെ വിജയം അവർക്ക് പ്രത്യാശയുടെ പൊൻകിരണവും മതമൗലീക വാദികൾക്കുള്ള മുന്നറിയിപ്പുമാണ്.സഫിയയുടെ കഥ പ്രസിദ്ധീകരിച്ചതോടെ ഇറ്റാലിയൻ സന്നദ്ധ സംഘടനയായ 'കൂപി' ഒരു ഇസ്ലാമിക സന്നദ്ധ സംഘടനയുമായി ചേർന്ന്  സ്ത്രീ സാന്നിദ്ധ്യം ഉറപ്പാക്കിക്കൊണ്ടുള്ള വികസന പദ്ധതികളും മനുഷ്യാവകാശബോധവത്കരണ പരിപാടികളും ടുങ്കാർ ടു ഡുവിൽ നടത്തുന്നുണ്ട്. കൂപിയുടെ സഹായത്തോടെ തൊഴിൽ ചെയ്ത് സ്വയം പര്യാപ്തയായി പുനർവിവാഹം ചെയ്ത് ജീവിക്കുന്നു സഫിയ ഇപ്പോൾ.


ഞാൻ സഫിയ
വില... 125
പ്രസാധകർ :സമത, തൃശൂർ
                
**********************************************