ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

29-5-2017



 📚📘📕
സർഗ സംവേദനത്തിലേക്ക്
സ്വാഗതം
അനില്‍
📗📘📒📙📗📘📕📗📘📙

 പുസ്തക പരിചയം

AND THE MOUNTAINS ECHOED

       (  പർവ്വതങ്ങളും  മാറ്റൊലികൊള്ളുന്നു  )
        (നോവൽ )

ഖാലിദ് ഹൊസൈനി

----------------------------------------------

പ്രസാധകർ  : ഡി. സി.  ബുക്സ്
വില  : 450രൂപ.

നോവലിസ്റ്റ്  - ഖാലിദ് ഹൊസൈനി

ഖാലിദ് ഹൊസൈനി 1965 ല്‍ അഫ്ഘാനിസ്ഥാനിലെ കാബൂളില്‍ ജനിച്ചു. അഫ്ഘാന്‍ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. അമ്മ കാബൂളില്‍ ചരിത്രാദ്ധ്യാപികയും. 1976 ല്‍ അച്ഛന് പാരീസിലേക്ക് ജോലി മാറ്റം ലഭിച്ചു. 1980 ല്‍ കാബൂളിലേക്ക് തിരിച്ചു വരാനിരിക്കെയാണ് അഫ്ഘാനിസ്ഥാനില്‍ ഭരണമാറ്റവും റഷ്യന്‍ അധിനിവേശവും നടന്നത്. ഹൊസൈനികള്‍ക്ക് അമേരിക്ക രാഷ്ട്രീയാഭയം നല്‍കി. 1980 സെപ്റ്റംബറില്‍ അവര്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ എത്തി. 1984 ല്‍ ഖാലിദ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. 1996 മുതല്‍ 2004 വരെ മെഡിക്കല്‍ ഡോക്ടർ ആയി ജോലിചെയ്തു.  2003 മാര്‍ച്ചില്‍ ദ കൈറ്റ് റണ്ണര്‍ എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ഒരു അന്താരാഷ്ട്ര ബെസ്റ്റ് സെല്ലര്‍ ആയ കൈറ്റ് റണ്ണര്‍ ഇതുവരെ എഴുപതു രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിഖ്യാതമായ ഒരു സിനിമയും ഈ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ചിട്ടുണ്ട്. 2006 ല്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി സംഘടനയായ UNHCR അദ്ദേഹത്തെ അവരുടെ ഗുഡ് വില്‍ അംബാസ്സഡറായി നിയോഗിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലാണ് എ തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്. 2007 പ്രസിദ്ധീകരിച്ച ഈ നോവല്‍ അറുപതു രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഖാലിദ് ഹൊസൈനി വടക്കന്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്നു

വിവർത്തക  - രമാ മേനോൻ

1944സെപ്തംബർ 10ന് തൃശ്ശുരിൽ ജനിച്ചു. പരേതനായ പൂത്തേഴത്തു രാമമേനോന്റെ മകൾ. മുപ്പതു വർഷത്തോളം അഹമ്മദാബാദിൽ സ്കൂൾ ടീച്ചർ ആയിരുന്നു. പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ്,  ഫിഫ്ത് മൗണ്ടൻ,  ചെകുത്താനും  പെൺകിടാവും,  ഖാലിദ് ഹൊസൈനിയുടെ കൈറ്റ് റണ്ണർ,  എ തൗസൻഡ് സ്പ്ളെന്റീഡ് സൺസ്,  ആൻഡ് ദി മൗണ്ടൻസ് എക്കോഡ് എന്നിവ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു.

നോവലിലേക്ക്

നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുകയും നമ്മെ ഓരോരുത്തരെയും നിർവചിക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ സമസ്യകളെ പൂരിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഖാലിദ് ഹൊസൈനി ഈ നോവലിൽ നടത്തുന്നത്.

അഫ്ഗാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ മൂന്നു വയസുകാരി പരിയും അവളുടെ സഹോദരൻ പത്തുവയസുകാരൻ അബ്ദുള്ള യും തമ്മിലുള്ള ബന്ധത്തിന്റെ വളർച്ചയിൽ സംഭവിക്കുന്ന സങ്കീർണ്ണതകളെ ആവിഷ്കരിക്കുകയാണ് ഈ നോവലിൽ.

മൂന്നുവയസുള്ള അനുജത്തിയെ നഷ്ടപ്പെട്ട ജേഷ്ഠന്റെ ദുഃഖം ജീവിതാവസാനം വരെ അവനെ പിന്തുടരുന്നു.

അസാധാരണമായിരുന്നു അവർ തമ്മിലുള്ള ബന്ധം. അവൻ പരിയുടെ സഹോദരൻ മാത്രമായിരുന്നില്ല, അച്ഛനും അമ്മയും കൂടിയായിരുന്നു. തീരെ കുഞ്ഞായിരുന്നപ്പോൾ ഉറക്കത്തിൽ നിന്നുണർന്നു കരയുന്ന സഹോദരിയെ വാരിയെടുത്തു തോളിലിട്ടുറ ക്കിയിരുന്നത് അവളുടെ അഴുക്കായ വസ്ത്രം മാറ്റി അവളെ  വൃത്തിയാക്കിയിരുന്നത് പിന്നെ ചേർത്തുകിടത്തി പാട്ടുപാടി ഉറക്കിയിരുന്നത് ഒക്കെ അവൻ തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും അമൂല്യമായ നിധി എന്ന മട്ടിലാണ് അവളെയും ഒക്കത്തെടുത്തുകൊണ്ട് ഗ്രാമം മുഴുവൻ അവൻ നടക്കാറുണ്ടായിരുന്നത്.

പരിയ്ക്കും ജീവിതത്തിലുടനീളം ഒരു നഷ്ടബോധം ഉണ്ടായിരുന്നു. എന്നാൽ അബ്ദുള്ളയെക്കുറിച്ചുള്ള ഓർമ്മകളൊന്നും അവളിലുണ്ടായിരുന്നില്ല. തന്റെ ജീവിതത്തിൽ സാരമായ ഒന്നിന്റെ അഭാവം, ആ ഒരു തോന്നൽ എപ്പോഴും അവളെ അലട്ടിയിരുന്നു. അതുപോലെ അവളുടെ പ്രിയപ്പെട്ട നായ ഷുജ യെക്കുറിച്ചും.

പിൽക്കാലത്തു അവർ കണ്ടുമുട്ടുമ്പോൾ അബ്ദുള്ളയുടെ ഓർമ്മകൾ പാടെ നശിച്ചിരുന്നു. എന്നാൽ ഓർമ്മകൾ അഗാധമായ ചുഴിയിലേക്ക് എടു ത്തെറിയപ്പെടുന്നതിനു മുമ്പുതന്നെ അയാൾ തന്റെ കുഞ്ഞനുജത്തിക്കായ് കാത്തുവച്ചിരുന്ന അവളുടെ പ്രിയങ്കരങ്ങളായ സാധനങ്ങൾ അവളുടെ പേരെഴുതി പൊതിഞ്ഞു തന്റെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. തന്റെ തന്നെ പേരുള്ള മകൾ അതേല്പിച്ചപ്പോൾ പരിയ്ക്കു മനസിലായി താൻ മറന്നുവച്ച സഹോദരൻ ജീവിതത്തിലുടനീളം തന്നെ ഹൃദയത്തിലേക്ക് ചേർത്തു നിറുത്തിയിരിക്കുകയായിരുന്നുവെന്ന്...

ഗ്രാമത്തിൽ നിന്നാരംഭിച്ച് പാരീസ്, സാൻഫ്രാൻസിസ്കോ, ഗ്രീസ് എന്നിടങ്ങളിലേക്ക് വികസിക്കുന്ന സ്ഥല രാശിയിൽ സ്നേഹവും വെറുപ്പും വഞ്ചനയും കാരുണ്യവും ത്യാഗവുമെല്ലാം മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്നത് എങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചു കാട്ടുന്നു.

തയ്യാറാക്കിയത്  : സബുന്നിസാ  ബീഗം

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹