ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

3-7-2017

സര്‍ഗ്ഗസംവേദനം
അനില്‍

പിരിയൻ ഗോവണിക്കു കീഴിലെ ഒറ്റ ജീവിതങ്ങൾ

വി.എം.ദേവദാസിെൻറ ‘അവനവൻതുരുത്ത്’ എന്ന കഥാസമാഹാരത്തിന്റെ വായനാനുഭവം
 ഫൈസൽ ബാവ 

ആഖ്യാനതന്ത്രം കൊണ്ടും ഭാഷകൊണ്ടും വായനക്കാരനെ അൽഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ് യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ വി.എം ദേവദാസ്. കഥകളുടെ തട്ടകത്തിൽ ഇതിനകം തന്നെ തെൻറ ഇടം ഉറപ്പാക്കിയ ദേവദാസിെൻറ ഏറ്റവും പുതിയ സമാഹാരമായ ‘അവനവൻ തുരുത്തും’ വായനയുടെ വ്യത്യസ്തമായ അനുഭവം പകരുന്നുണ്ട്. കുളവാഴ, ചാച്ചാ, നാടകാന്തം, അവനവൻ തുരുത്ത്, മാന്ത്രികപ്പിഴവ്, ആഗ്രഹസ്തം, നഖശിഖാന്തം എന്നിങ്ങനെ ഏഴ് കഥകളാണ് ഉള്ളത്. ഓരോ കഥയും പുതുകാലത്തിെൻറ ഭാവുകത്വം അടയാളപ്പെടുത്തുന്നു. അനുബന്ധ പഠനത്തിൽ വി.എം ദേവദാസിനെ പറ്റി സുനിൽ സി.ഇ പറയുന്നത് കൃത്യമാണെന്ന് കഥകൾ വായിച്ചു പുസ്തകം മടക്കുേമ്പാൾ മനസ്സിലാകും. ‘ഫ്ലെക്സിബിളിസകാലത്തിെൻറ അഥവാ ലിംഗ്വിസ്റ്റിക് ഇലാസ്റ്റിസിസ (Linguistics elasticism) കാലത്തിെൻറ പ്രചാരകനാണ് വി.എം. ദേവദാസ് എന്ന എഴുത്തുകാരൻ. അയാൾക്ക് ഭാഷ എഴുത്തെന്ന മാധ്യമത്തിലേക്കു പ്രവേശിക്കാനുള്ള പിരിയൻഗോവണിയാണ്’     

ആദ്യ കഥയായ ‘കുളവാഴ’ വിസ്മയിപ്പിക്കുന്നുണ്ട്. കഥയിലെ  സാഹചര്യങ്ങളെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്നതിനുള്ള രീതി മറ്റു കഥകളിൽ നിന്നും ഏറെ വ്യത്യസ്‍തമാണ്. ഗർഭവതിയായ നായികയാണ് കഥ പറയുന്നത്. അതും തെൻറ വയറ്റിൽ വളരുന്ന ഏതുനിമിഷവും അബോർഷെൻറ കൊടുങ്കാറ്റിൽ പറന്നു അലിഞ്ഞില്ലാതാകാൻ സാധ്യതയുള്ള ഒരു ജീവെൻറ തുടിപ്പിനോട്. ‘മെയിൽ ഷോവനിസത്തിെൻറ കടുത്ത മര്യാദ ലംഘനങ്ങളെ ഒരു സാമൂഹികക്കരാർ സിദ്ധാന്തമുപയോഗിച്ചാണ് ദേവദാസ് ചികിൽസിക്കുന്നത്. പുരുഷമേധാവിത്വത്തിനെതിരെ ഗതിവേഗമുള്ള ഭാവനകളെ അയയ്ക്കാൻ ഈ കഥാകാരൻ നടത്തുന്ന ശ്രമങ്ങൾ ഭാഷയുടെ ആയുധശേഖരമായി നാം മനസ്സിലാക്കേണ്ടതുണ്ട്’ -^ കഥയുടെ ആന്തരിക ഭംഗിയെ ഇതിനെക്കാൾ  നന്നായി വിവരിക്കാൻ ആകില്ല എന്നതിനാലാണ് അനുബന്ധ പഠനത്തിൻറെ വരികൾ ഇവിടെ കുറിച്ചിട്ടത്. സ്ത്രീ പുരുഷ ബന്ധത്തിെൻറ നേർരേഖ മുറിയുന്നത് കഥയിൽ വിവരിക്കുന്ന രീതി പെണ്ണിെൻറ കാഴ്ച മാത്രമായി ചുരുക്കി കാണേണ്ടതില്ല.

‘ഏറെ ഭാവി പദ്ധതികളും ജീവിതത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോധമുണ്ടെന്നു കരുതിയിരുന്ന കാലത്താണ് ഞാനവനെ പ്രണയിക്കാൻ തുടങ്ങിയത്. അവെൻറയുള്ളിൽ സൂത്രശാലിയും അപകടകാരിയുമായ മറ്റൊരു ജീവിയുണ്ടെന്നു തിരിച്ചറിവുണ്ടായ കാലത്താണ് ഞാനവനെ ചെറുതായി ഭയപ്പെടാൻ തുടങ്ങിയത്. എങ്കിലും എന്നെയവൻ കൂടെകൂട്ടുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. കാര്യങ്ങളെങ്ങനെ മുന്നോട്ടു പോയികൊണ്ടിരിക്കെ ബന്ധത്തെ ഉറപ്പിക്കുന്നതിനും ശരീരത്തെ ശമിപ്പിക്കുന്നതിനുമായി ഞങ്ങൾ കാണിച്ച കുറുമ്പുകൾക്കിടെ നേരവും സുരക്ഷയും തെറ്റിയൊരു നേരത്ത് നീയെെൻറ വയറ്റിൽ  ജീവനെടുത്തു’. സ്വാഭാവികമായും ഈ വരികളിൽ നിന്നും ഏകദേശ ധാരണ കിട്ടും എന്നായിരിക്കും കഥാവായനയുടെ തുടക്കത്തിൽ നമുക്ക് തോന്നുക. എന്നാൽ, തുടർന്നങ്ങോട്ട് കഥയുടെ ഒരു ഘട്ടം മാറുകയാണ്. ഗുണ്ടാ ആൻറണിയുടെ ഇടപെടൽ നമ്മിൽ സംശയം ജനിപ്പിക്കും. എങ്കിലും, അതും നായികയുടെ ഒരു തന്ത്രം ആയിരുന്നു എന്നത് കഥയിലെ പ്രധാന  ട്വിസ്റ്റ് ആണ്. ഗർഭസ്ഥ ശിശുവിനോട് അവർ തന്നെ പറയുന്ന കഥയാണ്. യാഥാർഥ്യവും ഭാവനയും സമന്വയിപ്പിച്ച് പക്വമായി കഥാരചന നടത്താൻ ദേവദാസിന് കഴിയുന്നു. ‘മൂന്നുമാസമായി നീയെെൻറ വയറ്റിലുള്ള  കാര്യം എനിക്കും അവനും ഐകെയർ ഹോസ്പിറ്റലുകാർക്കും, പിന്നെ നിനക്കും മാത്രമല്ലേ  അറിയൂ’. ഇവിടെ നാലാമത്തെ ആളാണ് ഗർഭസ്ഥ ശിശു. അമ്മയും കുഞ്ഞും തമ്മിലുള്ള ജൈവികമായ ബന്ധത്തിനപ്പുറം സാമൂഹികമായ ഒരു സംവാദമാണ് അവർ തമ്മിൽ നടക്കുന്നത്.

തികച്ചും അസ്വാഭാവികമാകാമായിരുന്ന ഈ രീതിയെ വളരെ സമർത്ഥമായി കഥയിലേക്ക്‌ ദേവദാസ് സമന്വയിപ്പിക്കുന്നു. ഇവിടെയാണ് കഥ വിജയിക്കുന്നതും. ദേവദാസിെൻറ കഥയിലൊക്കെ തന്നെ അറിഞ്ഞോ അറിയാതെയോ മരണം ഒരു ഓർമപ്പെടുത്തലാണ്. ഇവിടെയും ജനിച്ചില്ല എങ്കിലും നാളെയോ മറ്റന്നാളോ ആ ജീവൻ ഉദരത്തിൽ നിന്നും മുറിച്ചുമാറ്റുന്നതോടെ ഒരു ബന്ധത്തിെൻറ നേർരേഖ മുറിച്ചുമാറ്റുന്നു. ഗർഭാവസ്ഥയിൽ കഴിയുന്ന കുഞ്ഞിലേക്ക് പോലും സാമൂഹിക ജീവിതത്തിെൻറ ഭീഷണികൾ വിവിധ രൂപത്തിൽ ഇഴഞ്ഞുചെല്ലുകയാണ്. ഗർഭസ്ഥ ശിശുവുമായുള്ള സല്ലാപം ഒരു സ്ത്രീക്ക് പറയാനുള്ള ധീരമായ കാൽവെപ്പുകളാണെന്നു പറയാതെ പറയുന്നു. ഒപ്പം പുരുഷാധിപത്യത്തിെൻറ നെടുംതൂണുകളിൽ ശക്തമായ പ്രകമ്പനം ഉണ്ടാകാനും കഥക്ക് ആവുന്നുണ്ട്.  

കുളവാഴയിൽ നിന്നും വ്യത്യസ്തമാണ് അവനവൻ തുരുത്ത്. ഇതുതന്നെയാണ് പുസ്തകത്തിെൻറ ശീർഷകവും. ‘പ്രതികാരം തീർന്നവെൻറ കൈയിലെ ആയുധം അർബുദംപോലെ അപകടമാണ്. അത് പിന്നെ കൈവശക്കാരനു  നേരെ തിരിയാനുള്ള, ഉടയോനെത്തന്നെ ഇല്ലാതാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ ഓരോ മനുഷ്യരും സ്വയം ഒരു ദ്വീപായി മാറുന്നുണ്ടോ എന്ന സംശയം ഒട്ടുമിക്കവരിലും ജനിച്ചിട്ടുണ്ടാകും. സ്വയം ഒരു ദ്വീപായി ചുരുങ്ങിയ ഐസക്കിെൻറ മനോവിചാരങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. താൻ കണ്ടുതീർത്ത  ജീവിതങ്ങളിൽ നിന്നും ഉണ്ടായ  അനുഭവങ്ങൾ വരിഞ്ഞു മുറുക്കിയതിനാലാകാം തന്നിൽ പ്രതികാര വാഞ്ചയുണ്ടാകുന്നത്. നിരീശ്വരവാദത്തിൽ എത്തപ്പെടുന്നത്. കഥാ പഠനത്തിൽ സുനിൽ നൽകിയ വിവരണം വളരെ കൃത്യമാണ് ‘തിന്മ ശ്വസിച്ചുകഴിയുന്ന മനുഷ്യരുടെ ഏകാന്തതക്കും ഭയത്തിനും പ്രതികാരദാഹത്തിനും അധർമ്മത്തിെൻറ രുചിയുണ്ടാകും’  അവനവൻ തുരുത്ത് ഇക്കാര്യം െവളിവാക്കുന്നത് ദേവദാസിെൻറ സമർഥമായ ആഖ്യാനത്തിലൂടെയാണ്. ജീവിതത്തെയും മരണത്തെയും ചുറ്റിത്തിരിഞ്ഞു നിൽക്കുന്ന ഈ മാന്ത്രികത തെല്ലൊന്നു മാറിയാൽ ഉണ്ടാകാവുന്ന വിരസതയെ  എഴുത്തിെൻറ മാസ്മരികത കൊണ്ട് ഭംഗിയായി മറികടക്കുന്നു.

പ്രണയ ജീവിതത്തിെൻറ വിചാരങ്ങളെ മനശാസ്ത്രപരമായി സമീപിക്കുന്ന ‘അഗ്രഹസ്തം’ മരണമെന്ന യാഥാർഥ്യത്തെ അതിെൻറ പൂർണതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ‘നാടകാന്തം’, നരകത്തിെൻറ കഥ പറയുന്ന ‘നഖശിഖാന്തം’,  ചാച്ചാ, മാന്ത്രികപ്പിഴവ്  തുടങ്ങിയ മികച്ച ഏഴു  കഥകളുടെ സമാഹാരമാണ് അവനവൻതുരുത്ത്. ഏഴുകഥകളെയും സമഗ്രമായി വിലയിരുത്തുന്ന  സുനിൽ സി.ഇ യുടെ ‘വായനയുടെ പിരിയൻ ഗോവണികൾ’ എന്ന അനുബന്ധ പഠനവും അനുയോജ്യമായി.

പുതിയ തലമുറയിൽ ഏറെ പ്രതീക്ഷ തരുന്ന എഴുത്തുകാരനാണ് വി എം ദേവദാസ്. എഴുതുമ്പോൾ ഒക്കെ ഒരു എക്സ്ട്രാ ജീനിെൻറ പ്രതിപ്രവർത്തനം ഇപ്പോഴും ദേവദാസ് എന്ന എഴുത്തുകാരനിൽ സംഭവിക്കുന്നു എന്ന നിരീക്ഷണം അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ മനസിലാകും. 



അവനവൻതുരുത്ത്  
(കഥാ സമാഹാരം)
വി എം ദേവദാസ്

പ്രസാധകർ:  ഡി സി ബുക്ക്സ്

112  പേജ്, വില 100

*********************************
സ്വപ്ന ചെറുകഥ ഒരു സാഹിത്യരൂപമെന്ന നിലയ്ക്ക് എന്നും സജീവവും സാമാന്യ വായനക്കാരെ ആകർഷിക്കുന്നതുമാണ്.വി.എം ദേവദാസ് എന്ന കഥാകൃത്തിനെയും അവനവൻ തുരുത്ത് എന്ന സമാഹാരത്തിലെ കഥകളെയും പരിചയപ്പെടുത്തുന്ന കുറിപ്പ് വളരെ ഉചിതമായി. വായനയിലേക്ക് നയിക്കുന്ന കുറിപ്പിന് അഭിനന്ദനങ്ങൾ👌🏻👌🏻💐💐💐💐

പ്രജിത ഫ്‌ലെക്‌സിബിളിസകാലത്തിന്റെ അഥവാ ലിംഗ്വികിക് ഇലാസ്റ്റിസിസ കാലത്തിന്റെ പ്രചാരകനാണ് വി.എം. ദേവദാസ് എന്ന എഴുത്തുകാരന്‍. അയാള്‍ക്ക് ഭാഷ എഴുത്തെന്ന മാധ്യമത്തിലേയ്ക്ക് പ്രവേശിക്കാനുള്ള പിരിയന്‍ ഗോവണിയാണ്. ‘But if there is a language instinct, it has to be embodied somewhere in the brain, and those brain circuits must have been prepared for their role by the genes that built them’  എന്ന്  സ്റ്റീവന്‍ പിങ്കര്‍ പറയുമ്പോലെയുള്ള ഒരു എക്‌സ്ട്രാ ജീവിന്റെ പ്രതിപ്രവര്‍ത്തനം എപ്പൊഴും ദേവദാസ് എന്ന എഴുത്തുകാരനില്‍ സംഭവിക്കുന്നു. വി.എം ദേവദാസിന്റേത് ഒരു വിദേശമനസ്സും സ്വദേശശരീരവുമാണ്, അതു കൊണ്ടുതന്നെ ഒരു സങ്കരയിന സംസ്‌ക്കാരം എഴുത്തില്‍ രൂപപ്പെടുന്നു. മനസ്സ് ഓരോ രചനയ്ക്ക് മുമ്പും കുടിയേറ്റകുടിയിറക്കങ്ങള്‍ക്ക് ഒരുമ്പെടുന്നു. ‘ഭാഷ അനുഭവങ്ങളുടെ വാതിലും സ്‌നേഹത്തിന്റെ കിടപ്പറയും അനിശ്ചിതത്വത്തിന്റെയും ചോദ്യം ചെയ്യലിന്റെയും അന്തരീക്ഷത്തിലേയ്ക്ക് തുറക്കുന്ന ജനാലയുമാണെന്ന്’ എഴുതിയത് കാര്‍ലോസ് ഫുവേന്തസാണ്. സൗന്ദര്യത്തിന്റെ തടവറയില്‍ നിന്നും ആ കുറ്റകൃത്യങ്ങളുടെ അധോമുഖമായ പാരതന്ത്ര്യത്തിലേയ്ക്കു വികസിക്കുന്ന നൈമിഷികതയുടെ മൊഴിയടുപ്പങ്ങളിലാണ് ആര്‍തര്‍ കോനാന്‍ ഡോയലും അഗതാ ക്രിസ്തിയും തങ്ങളുടെ ഭാവനകളെ കൊരുത്തിട്ടത്. അത്തരം ചില അന്വേഷണ വഴികളാണ് ദേവദാസ് എന്ന എഴുത്തുകാരനെ ശ്രദ്ധിപ്പിക്കുന്നത്. യൂജിന്‍ ഗുഡ് ഹാര്‍ട്ട് എന്ന നിരൂപകന്‍ ദൊസ്‌തേയവ്‌സ്‌കിയുടെ ‘കരാമസോവ് സഹോദരന്മാര്‍ക്ക്’ എഴുതിയ പഠനത്തില്‍ മിത്യാ എന്ന കഥാപാത്രത്തെ മറ്റൊരു ഇടത്തില്‍ നിര്‍ത്തി പരിചരിക്കുന്നുണ്ട്. മിത്യയുടെ ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്  ആളുകള്‍ പാവങ്ങളായത് എന്തുകൊണ്ടാണ്? കുഞ്ഞുങ്ങള്‍ ദരിദ്രരായത് എന്തുകൊണ്ടാണ്? എന്തു സംഭവിച്ചു എന്നതല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നാണ് സ്വപ്നത്തിലെ മിത്യാ ചോദിക്കുന്നതെന്നാണ് യൂജിന്‍ ചൂണ്ടിക്കാണിച്ചത്. അതുപോലെ ഇവിടെ എന്തു സംഭവിക്കുന്നുവെന്ന് എല്ലാവരും അവരുടെ ജേര്‍ണലിസ്റ്റിക് ഭാഷകൊണ്ട് എഴുതിയിറങ്ങുമ്പോള്‍ ‘എന്തുകൊണ്ടാണ് ലോകത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്’ അന്വേഷിക്കാന്‍ ഒരുമ്പെടുന്നത് ബുദ്ധിയുടെ സര്‍ക്യൂട്ടാണ് 

മലയാളത്തിലെ പുതുമുഖ എഴുത്തുകാരില്‍ ഏറ്റവുമധികം എതിര്‍ ബിംബങ്ങള്‍ ഉപയോഗിക്കുന്ന എഴുത്തുകാരനാണ് ദേവദാസ്. ആദ്യനോവലായ ഡില്‍ഡോ; ആറു മരണങ്ങലുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം പോലും എതിര്‍ ബിംബങ്ങളുടെ നിര്‍മ്മിതിയാണ്. ആദ്യമായി ബിംബം എന്ന സങ്കല്‍പ്പത്തെത്തന്നെ ചോദ്യം ചെയ്യാന്‍ ബിംബങ്ങളെ ഉപയോഗിച്ചത് ഷെനെയാണ്. അതുപോലെ ജീവിതത്തിനു നേരെയുള്ള തന്റെ മനോഭാവം പ്രകടിപ്പിക്കാന്‍ ദേവദാസും ഉപയോഗിക്കുന്നത് എതിര്‍ബിംബങ്ങളെയാണ്.

ഫിക്ഷന്‍  നിര്‍മ്മാണത്തിന്റെ പൊതുരീതികളെ കൈയൊഴിയാനുള്ള ശ്രമങ്ങള്‍ ദേവദാസ് ഡില്‍ഡോയില്‍ തുടങ്ങിവെച്ചതാണ്. ഫിക്ഷന്‍ എന്ന സങ്കല്‍പ്പത്തെ ചിതറിക്കുന്നിടത്താണ് ദേവദാസ് എന്ന എഴുത്തുകാരന്‍ എതിര്‍ബിംബങ്ങളുടെ ഉപഭോക്താവാകുന്നത്. അപ്പോഴും കഥയെ പൂര്‍ണ്ണതയില്‍ പെറുക്കിക്കൂട്ടി തടയുവാനുള്ള ഉത്തരവാദിത്വം വായനക്കാര്‍ക്കു നല്‍കുകയാണ്. ഇത്തരം എതിര്‍ബിംബങ്ങളുടെ സൃഷ്ടിയാണ് ‘പന്നിവേട്ട’ എന്ന രണ്ടാമത്തെ നോവലും. വിപണീവത്കൃതവും ഉപഭോഗവത്കൃതവുമായ ഏറ്റവും പുതിയ സോഷ്യല്‍ പ്രെമിസ്സില്‍ നിന്നുകൊണ്ട് കാലത്തെ സംബന്ധിക്കുന്ന പൊതുബോധത്തൊട് കലഹിക്കുകയാണ് പന്നിവേട്ടയില്‍.

നോവലില്‍ നിന്ന് കഥകളിലേയ്ക്ക് വരുമ്പോഴും മാറിമാറി വരുന്ന ബിംബങ്ങളുടെ ദര്‍ശനബോധത്തെ ധ്വനിപ്പിക്കാന്‍ ദേവദാസ് തീര്‍ക്കുന്ന കഥാപാത്രങ്ങള്‍ നമ്മെ അമ്പരപ്പിക്കും. ‘മരണസഹായി’ എന്ന ആദ്യ കഥാസമാഹാരത്തില്‍ ആഖ്യാനത്തിന്റെ പുത്തന്‍ പ്രവണതകളെ ദേവദാസ് പ്രവചിക്കുന്നതു നമുക്ക് മനസ്സിലാകും. ഭാഷ പ്രമേയത്തെ വികസിപ്പിക്കാനും സങ്കോചിപ്പിക്കാനുമുള്ള മാധ്യമമാണെന്ന് സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ കഥാപുസ്തകമായ ‘ശലഭജീവിതം’ നമുക്ക് പറഞ്ഞുതരുന്നത്.

നമുക്കപരിചിതമായ ഒരു ക്രാന്തിവൃത്തത്തില്‍ ഭ്രമണം ചെയ്യുന്ന ഒരുപാടു കഥാപാത്രങ്ങളെ സൃഷ്ടിച്ച ദേവദാസിന്റെ ഏറ്റവും പുതിയ കഥാപുസ്തകമായ ‘അവനവന്‍ തുരുത്തിലെ; കഥകളെ നിരീക്ഷിക്കാന്‍ ഇത്തരം ഒരു ആമുഖം ആവശ്യമാണെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നു. കഥയ്ക്ക് വെളിയിലുള്ള ജീവിതത്തെ പൂര്‍ണ്ണമായും ആവാഹിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന കഥാകൃത്താണ് ദേവദാസ്.


അവനവന്‍ തുരുത്തിലെ കഥാപാത്രങ്ങളുടെ അന്തരീക്ഷത്തില്‍ ശ്വസിച്ചു കഴിയണമെങ്കില്‍ അതിന് ചില നിരീക്ഷണങ്ങള്‍ ആവശ്യമാണ്. പിഴപറ്റാത്ത പദങ്ങള്‍ വഴി ഫ്‌ലെക്‌സിബിളിസ കാലത്തെ അഭിസംബോധന ചെയ്യുന്നതിലെ ഓരോ കഥകളെയും ഒറ്റയൊറ്റ ദ്വീപുകളായി കണ്ട് പരിചരിക്കുക എന്നത് അനിവാര്യമായ ധര്‍മ്മമാണ്.

കഥയുടെ എല്ലാ ജ്യാമിതീയ നിരൂപണങ്ങളെയും തകര്‍ക്കുന്ന ദേവദാസിന്റെ കഥകള്‍ വായനക്കാരന്റെ പാരായണ പരിചയ ചക്രവാളത്തെ വിസ്തൃതമാക്കുക തന്നെ ചെയ്യും. ‘അവനവന്‍ തുരുത്തി’ലെ കഥകള്‍ വായിക്കുമ്പോള്‍ മരണത്തിന്റെയും ഏകാന്തതയുടെയും ജീവിതപരാജയങ്ങളുടെയും തണുപ്പുകള്‍ നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു. ജീവിതത്തെയും മരണത്തെയും വായിക്കാനുള്ള പിരിയന്‍ ഗോവണികളായി ഈ കഥകള്‍ മാറുന്നത് അതുകൊണ്ടാണ്. 

***************************************************************************