ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

4-7-2017

കാഴ്ചയിലെ വിസ്മയം
പ്രജിത

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ മുപ്പത്തിമൂന്നാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു
ഒപ്പന.
കേരളത്തിലെ ,പ്രത്യേകിച്ച് മലബാർ മേഖലയിലെ മുസ്ലീങ്ങൾക്കിടയിൽ പ്രചാരമുള്ള ഒരു
ദൃശ്യകലാ രൂപം .
അഭിപ്രായങ്ങളും  കൂട്ടിച്ചേർക്കലുകളും  പ്രതീക്ഷിക്കുന്നു..

ഒപ്പന
ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. കോഴിക്കോട്, കണ്ണൂർ മലപ്പുറം തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.

 ‘അബ്ബന’ എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത്.

വിവാഹത്തലേന്നാണ് ഒപ്പനയ്ക്ക് അരങ്ങൊരുങ്ങുന്നത്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. സ്വർണ്ണാഭരണ വിഭൂഷിതയാ‍യി മധ്യത്തിലിരിക്കുന്ന വധുവിനു ചുറ്റും സഖിമാർ നൃത്തച്ചുവടുകൾ വച്ച് ഒപ്പന കളിക്കുന്നു. വിവിധ താളത്തിൽ പര‍സ്പരം കൈകൾക്കൊട്ടി ലളിതമായ പദചലനങ്ങളോടെയാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം പിൻപറ്റി മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്.

ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണഗണങ്ങൾ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകൾ തയ്യാറാക്കുന്നത്. നിക്കാഹിനായി വധുഗൃഹത്തിലേക്കു പുറപ്പെടും മുൻപ് വരന്റെ വീട്ടിലും ചിലപ്പോൾ ഒപ്പന അരങ്ങേറാറുണ്ട്. ഇവിടെ പക്ഷേ നൃത്തമവതരിപ്പിക്കുന്നത് പുരുഷന്മാരായിരിക്കും. മധ്യത്തിലിരിക്കുന്നത് മണവാളനും.

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്നതും ഏഷ്യയിലെ ഏറ്റവും വലിയ കലാസാഹിത്യ സമ്മേളനം എന്നറിയപ്പെടുന്നതുമായ സംസ്ഥാന യുവജനോത്സവത്തിലെ ഒരു മത്സരയിനം കൂടിയാണു ഒപ്പന. എന്നാൽ മതപരമായ യാതൊരു അടിസ്ഥാനവും ഈ കലാരൂപത്തിനില്ല.


ഒപ്പന
സാമൂഹിക പ്രതിഭാസങ്ങളെന്ന നിലക്ക് കലാരൂപങ്ങള്‍ക്ക് ഏതിനുമുണ്ട് ചരിത്രപരവും ഭൂമി ശാസ്ത്രപരവുമായ ഒരടിത്തറ. അത്‌കൊണ്ട് തന്നെ സാമൂഹിക പ്രതിഭാസങ്ങളുടെ ഉല്‍പത്തി വികാസങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നത് സമൂഹത്തിന്റെ ഭൗതികവും സാംസ്‌കാരികവുമായ പ്രതലത്തില്‍ നിന്നാണ്. മാപ്പിള കലകളെ സംബന്ധിച്ച് ഈ അടിസ്ഥാന പ്രമാണത്തിന് വ്യത്യാസമൊന്നുമില്ല. മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വേരോടിയാണ് മാപ്പിള കലകള്‍ വികാസം പ്രാപിച്ചത്. മാപ്പിള കലകളെ മറ്റു കലകളായി താരതമ്യപ്പെടുത്തി തരം താഴ്ത്തി കാണിക്കുന്നത് മാപ്പിള കലകളുടെ തനിമ നഷ്ടപ്പെടുത്താനും വികലവും അസ്വാഭാവികവുമാക്കി മാറ്റാനും മാത്രമേ ഉപകരിക്കൂ.
ഇതര സമൂഹങ്ങളോട് ആരോഗ്യപരമായ ബന്ധം പുലര്‍ത്തിയാണ് ഇസ്‌ലാം കേരളത്തില്‍ വളര്‍ന്നുവന്നതെന്ന് ഈ കലാരൂപങ്ങള്‍ വ്യക്തമാക്കുന്നു. മാപ്പിളമാരുടെ ജീവിതസാഹചര്യങ്ങളിലും ആചാരങ്ങളിലും കേരളീയത തങ്ങിനിന്നിരുന്നു. മാപ്പിള കലകള്‍ കൂടുതലും ദൈനംദിന ജീവിതത്തോടും ഗാര്‍ഹികാഘോഷങ്ങളോടുമാണ് ചേര്‍ന്ന് കിടന്നിരുന്നത്. ജീവിത മുഹൂര്‍ത്തങ്ങളോട് ഇണങ്ങി നില്‍ക്കുന്നതു കൊണ്ട് തന്നെ മാപ്പിള കലകള്‍ ജീവസുറ്റാതാകുന്നു. കലയുടെ ആത്മാവിലേക്ക് സൂക്ഷിച്ചുനോക്കുമ്പോള്‍ മാനുഷിക ജീവിതത്തെ കടഞ്ഞെടുത്ത് നന്മയുടെ അമൃത് സഹൃദയരിലേക്ക് സംക്രമിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യമാകും.

 ഒപ്പന കല്യാണ പന്തലുകളില്‍ മാത്രം ഒതുങ്ങി നിന്നവയായിരുന്നില്ല. മാര്‍ക്കകല്യണം, വയസ്സറിയല്‍, 40 കുളി തുടങ്ങിയ ചടങ്ങുകളില്‍ നിറപ്പകിട്ടാര്‍ന്ന ഉടയാടകള്‍ ധരിച്ച് പെണ്‍കുട്ടികള്‍ ഒപ്പനപ്പാട്ട് പാടുക പതിവാണ്. വിവാഹഘോഷങ്ങളുടെ കുത്തക എന്ന കലക്കുപരി ഇത് ജനസമ്മതി നേടിയ കലാരൂപമായിരുന്നു. സാധാരണക്കാരുടെ സന്തോഷനാളുകള്‍ കൊണ്ടാടാനുള്ള ഒരു വേദിയായി ഒപ്പനപ്പാട്ടുകള്‍ നിലകൊണ്ടു. ഒരു ജനസമൂഹത്തില്‍ നിഴലിച്ചിരുന്ന സാമൂഹ്യ ചുറ്റുപാട് പറഞ്ഞു തരുന്ന ഒരു കലാരൂപം കൂടിയാണ് ഒപ്പന.
മൗലികതയെ നിഗ്രഹിക്കുന്ന പരിവര്‍ത്തനങ്ങള്‍ കലാരൂപത്തിന്റെ സാമൂഹിക പ്രസക്തി നശിപ്പിക്കുന്നു. അത്‌കൊണ്ട് തന്നെ ഒപ്പന പോലുള്ള കലാരൂപങ്ങള്‍ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ദ്വിമുഖ പ്രതിസന്ധിയുണ്ടാകുന്നു. 
1) കലാരൂപത്തിന്റെ ചരിത്ര പശ്ചാത്തലം സംരക്ഷിക്കേണ്ടിവരുന്നു. പുതുമയുടെ തിരത്തല്ലലില്‍ നിന്ന് പഴമയെ അവഗണിക്കാതിരിക്കുവാന്‍  അയാള്‍ നിര്‍ബന്ധിതനാകുന്നു. 
2) പഴമയിലേക്ക് പൂര്‍ണ്ണമായ തിരിച്ചുപോക്ക് സാധ്യമല്ലെങ്കിലും അതിന്റെ അവശേഷിക്കുന്ന അംഗങ്ങള്‍ ആകാവുന്നത്ര പരിരക്ഷിക്കേണ്ടി വരുന്നു.
മാപ്പിള കലാ സംസ്‌കാരത്തിന്റെ സമ്പത്താണ് ഒപ്പന. അറേബ്യന്‍ സംസ്‌കാരത്തിന്റെയും കേരളീയതയുടെയും സമന്വയത്തില്‍ രൂപം കൊണ്ട ഈ കലാരൂപത്തിന് മതാനുഷ്ഠാനവുമായി യാതൊരു ബന്ധവുമില്ല. വധൂവരന്‍മാരുടെ അതിരുകവിഞ്ഞ നാണം നീക്കുകയും അവയെ ആശീര്‍വദിക്കുകയും ചെയ്യുക. കാതുകുത്തിനും സുന്നത്തു കര്‍മത്തിനും വിധേയരാകുന്ന ബാലികാബാലന്‍മാരുടെ ഭയമകറ്റുക മുതലായ ലക്ഷ്യങ്ങള്‍ ഒപ്പനക്കു പിന്നിലുണ്ട് താനും.
ഒപ്പന സംഘങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ കല്യാണ വീടുകള്‍ വാശിയേറിയ മത്സരവേദികളായി മാറുകയെന്നത് വളരെ രസകരമായ കാഴ്ചയായിരുന്നു. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന കല്യാണ സദസ്സുകള്‍ക്ക് അലങ്കാരമായിരുന്നു ഒപ്പന. ഒപ്പനപ്പാട്ടില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വിവാഹം പോലുള്ള ആഘോഷങ്ങളോട് ബന്ധപ്പെടണമെന്നില്ല. നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം എന്നേയുളളൂ. സമൂഹത്തിന്റെ നേര്‍ക്കുള്ള കണ്ണാടിയായി മാറുക എന്ന ധര്‍മം ഒപ്പന നിര്‍വഹിച്ചു പോന്നിരുന്നു. 
ആദി മുതല്‍ പുരാണ........... എന്ന ഒപ്പന ഇശലിലുള്ള പാട്ടുകള്‍ വളരെക്കാലം മുമ്പ് വിവാഹവേളകളിലും മറ്റും പാടിയിരുന്നു. ഇതിലെ പ്രതിപാദ്യ വിഷയം നബിയുടെ ജനനം മുതല്‍ ഹലീമ ബീവി പാലൂട്ടിയതുവരെയുളള്ള ചരിത്രമാണ്. കല്യാണ ഒപ്പനയില്‍ പാടുന്ന പാട്ടുകള്‍ മണവാളന്‍, മണവാട്ടി, വസ്ത്രം, കല്യാണ പന്തല്‍, ആചാരങ്ങള്‍ മുതലായവയെ വര്‍ണ്ണിച്ചതാവാം.
പെരുന്നാള്‍ ദിവസങ്ങളിലും മറ്റു ചില ആഘോഷവേളകളിലും രണ്ടു ചേരികളായി ഇരുന്ന് ചോദ്യവും ഉത്തരവും എന്ന രീതിയില്‍ പാടുന്നു.

കുഞ്ഞാലി മെച്ചം പെണ്ണുണ്ടോ
സാമിസറുക്ക പെണ്ണുണ്ടോ

മാപ്പിളപ്പാട്ടിന്റെ ഇശലിന്റെ പേരാണ് ഒപ്പന. ഒപ്പന ചായല്‍, ചായല്‍ മുറുക്കം, മുറുക്കം , മുറുക്കത്തില്‍ പാട്ട്, മുറുക്കത്തില്‍ ചുരുട്ട് പാട്ട് എന്നീ വകഭേദങ്ങള്‍ ഒപ്പന എന്ന ഇശലിനുണ്ട്. മാപ്പിളപ്പാട്ടുകള്‍ക്ക് ദൃശ്യാവിഷ്‌കാരം വന്നപ്പോഴാണ് ഒപ്പനക്ക് പ്രചാരം സിദ്ധിച്ചത്. ഒപ്പന എന്ന കലാരൂപത്തിന് ഈ പേര്‍ ലഭിച്ചത് അര നൂറ്റാണ്ടു മുമ്പു മാത്രമാണ്. അതിന് മുമ്പ് കല്യാണപ്പാട്ടുകാര്‍ വട്ടപ്പാട്ടുകാര്‍ മൊഗത്ത ഉപാടുകള്‍ എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. ഒപ്പന എന്ന ഇശലിനു പുറമേ കപ്പപ്പാട്ട്, തൊങ്കല്‍, വൈനീളം, ആകാശം ഭൂമി തുടങ്ങിയ ഇശലുകളും പാടി വരുന്നു. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പാട്ടുസംഘങ്ങളുണ്ടാവും. സംഘത്തലവന്മാരെ ഗുരുക്കന്‍മാര്‍ എന്നോ മൂപ്പന്‍മാര്‍ എന്നോ  വിളിക്കുന്നു. പെണ്ണുങ്ങളാണെങ്കില്‍ മൂപ്പത്തി, കാരണോത്തി എന്നിങ്ങനെ പറയുന്നു. പാട്ടുകാരില്‍ മുട്ടുള്ളവരും മുട്ടില്ലാത്തവരും എന്നീ രണ്ടു വിഭാഗങ്ങള്‍ കോഴിക്കോട് ഭാഗങ്ങളില്‍ ഉണ്ട്. കുറ്റിച്ചിറ, കുണ്ടുങ്ങല്‍, ഇടിയത്തര, കല്ലായി തുടങ്ങിയ സ്ഥലങ്ങളിലാണിത് ഉള്ളത്. മുട്ടുള്ളവരും മുട്ടില്ലാത്തവരും തമ്മില്‍ വിവാഹബന്ധം പോലും നടന്നിരുന്നില്ല. കൈകൊട്ടുന്നത് ശറഇന്ന് വിരുദ്ധമാണ് എന്നതായിരുന്നു ഇവരെ വേര്‍തിരിച്ചത്. പാട്ടുസംഘത്തില്‍ മൂപ്പനോ മൂപ്പത്തിയോ പല്ലവി പാടി തുടങ്ങുകയും പിന്നിലുള്ളവര്‍ ഏറ്റു പാടുകയും ചെയ്യുന്നു. ഹംദും സ്വലാത്തും വെച്ച് തുടങ്ങുന്നു. ചില സംഘങ്ങള്‍ കുഴിത്താളം അഥവാ കിന്നാരം എന്ന ചെറിയ താളവാദ്യം കൈയടിക്കൊപ്പം ഉപയോഗിച്ചിരുന്നു. അറബി സബീനകളില്‍ നിന്നുള്ള ഭക്തി ഗാനങ്ങള്‍, ചരിത്ര ഗാനങ്ങള്‍, കല്യാണ പാട്ടുകള്‍, തമിഴ് പുലയന്‍മാര്‍ രചിച്ച തമിഴ് പുസ്തകത്തില്‍ നിന്നുള്ള പാട്ടുകളുമായിരുന്നു കല്യാണപ്പാട്ടു സംഘങ്ങള്‍ പാടിയത്.

പയ്യല്‍ വയ്യാത്തിന്റെ തിരുതളമാല, രസംകൃതി മാല, പി.കെ. ഹലീമാബീവിയുടെ ചന്ദിരസുന്ദരിമാല, പി.കെ കോയയുടെ മംഗലപ്പൊള്ളാട്ടിയുടെ ജയമണിമാല, ചേറ്റുവായി പരീക്കുട്ടിയുടെ സൗഭാഗ്യ സുന്ദരി എന്ന ഒപ്പനപ്പാട്ട്, കെ.ടി. മുഹമ്മദിന്റെ പുരുഷാര മംഗളം കല്യാണപ്പാട്ട്, നല്ലളം ബീരാന്റെ ബദര്‍ ഒപ്പനപ്പാട്ട് എന്നിവ പ്രചാരത്തിലുണ്ടായിരുന്ന പാട്ടുകളായിരുന്നു. ഇവക്ക് പുറമെ രചയിതാവിന്റെ പേര്‍ അറിയാത്ത പഴയ അമ്മായിപ്പാട്ട്, അപ്പപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, വെറ്റിലപ്പാട്ട്, തുടങ്ങിയവയും പെണ്‍പാട്ടുകാര്‍ പാടിവന്നിരുന്നു. കുണ്ടോട്ടിയിലെ കല്യാണപ്പാട്ടുകാരിയായ മാളുത്താത്തയില്‍ നിന്ന് കേട്ട വെറ്റിലപ്പാട്ടിലെ ഏതാനും വരികള്‍
(ഇശല്‍  ചായല്‍ മുറുക്കം)

ബഹുമാന സഭയില്‍ വെച്ചിടും വെറ്റില
ബഹുജോറില്‍ തിന്ന് രസിച്ചിടും വെറ്റില
വട്ടൊത്ത തട്ടില്‍ വെക്കും തളിര്‍ വെറ്റില
വര്‍ണ്ണനാ ബഹുമെച്ചം പച്ചവെറ്റില

ഒപ്പനയുടെ വേഷത്തില്‍ അതതു നാട്ടിലെ പരമ്പാരഗത വേഷങ്ങളുടെയും  ആഭരണങ്ങളുടെയും മാപ്പിളത്തനിമ കാണാം. കസവു പുള്ളികളുള്ള കള്ളി തുണിയും പുള്ളിയുള്ള തട്ടവും ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന പുള്ളിയുടെ വ്യത്യാസമനുസരിച്ച് വിവിധ പേരില്‍ അറിയപ്പെടുന്നുണ്ട്. കള്ളിയിലെ പുള്ളി, അമാടപ്പുള്ളി എന്നിവ ഇതില്‍ പെടാത്തതാണ്. സമ്പന്നരായ സ്ത്രീകള്‍ ധരിച്ചിരുന്നതാണ് മത്താവി. (കസവ് തുന്നിപ്പിടിപ്പിച്ചത്.) ഇവയ്ക്കുശേഷമാണ് വെള്ളക്കാച്ചി തുണിയുടെ കളര്‍ നൂലുകൊണ്ട് വീതിയില്‍ തുന്നിയ വെള്ളക്കുപ്പായവും നിലവില്‍ വന്നത്. ചിറ്റ്, കുമ്മത്ത്, തോട, മിന്നി, മണിക്കാത്, അന്‍തോടിക്കാതില, വൈരക്കാതില, പൂക്കാതില എന്നിവ കാതിലും കൊരലാരം, ഉള്ളക്ക കൊലരാലം തുടങ്ങിയവ കഴുത്തിലും ചങ്കോലസ്സ്, പരന്നോലസ്സ്, കല്ലുമണി, പതക്കം, മുല്ലപ്പൂമാല, ചക്രമാല, ദസ്‌വിമാല എന്നിവ മാറിലും അന്നണിഞ്ഞിരിരുന്നു. ഇങ്ങനെ തുടങ്ങുന്ന വേഷവിധാനത്തില്‍ ഒരു സമുദായത്തിന്റെ യഥാര്‍ത്ഥ ചിത്രം പറഞ്ഞുതരുന്നു. ഒരു സാംസ്‌കാരിക പാരമ്പര്യം ഒപ്പനയുടെ വേഷവിധാങ്ങളില്‍ ഒളിച്ചു കിടക്കുന്നുണ്ട്. യഥാര്‍ത്ഥ മാപ്പിളമാര്‍ ആരായിരുന്നു എന്തായിരുന്നു എന്ന സംഭാഷണമാണ് ഈ വേഷ വിധാനങ്ങളില്‍ പ്രതിഫലിക്കുന്നത്. 
തിരുവാതിരക്കളിയിലും മാര്‍ഗം കളിയിലും പതിഞ്ഞ ശബ്ദത്തിലാണ് കൈകൊട്ടുന്നത്. എന്നാലൊപ്പനയിലും കല്യാണപ്പാട്ടുകളിലും പ്രധാന താളം കൈകൊട്ടുന്നതിന്റെ വ്യതിയാനമാണ്.                        
[വൈകുന്നേരം 7:33 -നു, 4/7/2017] പ്രജിത: പണ്ടുകാലത്ത് പുരുഷന്മാര്‍ കളിച്ചിരുന്ന കൈകൊട്ടിപ്പാട്ട് പിന്നീട് ഒപ്പനയായി രൂപാന്തരപ്പെട്ടു. വൈവിധ്യമാര്‍ന്ന ഇശലുകളിലുള്ള പാട്ട് തന്നെയാണ് ഒപ്പനയുടെ മര്‍മപ്രധാനമായ വശം. കഴുത്ത്, കമ്പി, വാലുമ്മക്കമ്പി, വിരുത്തം തുടങ്ങിയ നിയമാവലികള്‍ ഒപ്പനപ്പാട്ടില്‍ പാലിക്കപ്പെടേണ്ടതുണ്ട്.


മലബാര്‍ മാപ്പിള (മുസ്ലിം) സംസ്കാരത്തിന്റെ സംഭാവനയാണ് ഒപ്പന. കല്ല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. മാര്‍ക്ക കല്ല്യാണം, കാതുകുത്ത്, നാല്പതുകുളി, പിറപ്പുമുടികളയല്‍ തുടങ്ങിയ ചടങ്ങുകളുടെ ഭാഗമായും ഒപ്പന അരങ്ങേറാറുണ്ട്. വധൂവരന്മാരുടെ അതിരുകവിഞ്ഞ നാണം മാററുക, കാതുകുത്തിനും സുന്നത്തിനും മററും വിധേയരാകുന്ന കുട്ടികളുടെ ഭയം മാററുക ഇവ ആയിരുന്നു ഈ കലാരൂപത്തിന്റെ ദൗത്യം. കല്ല്യാണത്തിന് വരന്റേയും വധുവിന്റേയും ഭാഗത്തുള്ള സംഘങ്ങള്‍ മത്സരബുദ്ധിയോടെ ഒപ്പന പാടും. മാപ്പിളപ്പാട്ടിന്റെ ഒരു ഇശല്‍ വിഭാഗമാണ് ഒപ്പനക്കായി പാടുന്നത്. താളനിബദ്ധമായ ഗാനങ്ങളാണ് ഇവ.  ശൃംഗാരരസം നിറഞ്ഞ പാട്ടുകള്‍ക്കൊപ്പം പടപ്പാട്ടുകളും മററും ഒപ്പനയില്‍ പാടാറുണ്ട്.

പാട്ടിന് ചായല്‍, മുറുക്കം എന്നിങ്ങനെ രണ്ടു ഗതിഭേദങ്ങളുണ്ട്. ചായലിനു പതിഞ്ഞ താളക്രമമാണ്. അതിനിടയല്‍ ചായല്‍മുറുക്കം. മുറുക്കത്തിലെത്തുമ്പോഴേക്കും താളം ദ്രുതഗതിയിലാകും

അതാതു സ്ഥലങ്ങളിലെ പരമ്പരാഗതവേഷങ്ങളും ആഭരണങ്ങളുമായിരുന്നു മുന്‍കാലത്തു ഒപ്പനപ്പാട്ടുകാര്‍ ധരിച്ചിരുന്നത്. പുള്ളികളുള്ള കളര്‍തുണിയും തട്ടവുമണിഞ്ഞ വേഷം വര്‍ണ്ണശബളമായിരുന്നു. അരയില്‍ പടിവെച്ച വെള്ളി അരഞ്ഞാണവും കൈകളില്‍ കുപ്പിവളയും ധരിക്കുക സാധാരണമാണ്. കാതില (കര്‍ണാഭരണം) പല തരമുണ്ട്. തോട, മണിക്കാതില, ചിററ്, മിന്നി, വൈരക്കാതില, പൂക്കാതില, അന്തോടിക്കാതില -ഇവ അവയില്‍ ചിലതു മാത്രം. കഴുത്തില്‍ അണിയാന്‍ കൊരലാരം, ഇളക്കക്കൊരലാരം തുടങ്ങിയ ആഭരണങ്ങളാണ് വേണ്ടത്. കൂടെ ചങ്കേല്, പരന്നേല്, കല്ലുമണി, പതക്കം, ചക്രമാല, ദസ്വി, മുല്ലമാല ഇവയും ഉപയോഗിക്കാറുണ്ട്. ഒപ്പന നൃത്തകല അല്ലെന്നും, ഒന്നിച്ചുനിന്നും ഇരുന്നും സ്ഥാനം മാറിയും ചുററിനടന്നും ഉള്ള കളിയാണെന്നുമാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഇശലുകളുടെ മാത്രകള്‍ക്കൊത്ത് കളിക്കാര്‍ കൈമുട്ടണം. 

പുരുഷന്മാരും ഒപ്പന അവതരിപ്പിക്കാറുണ്ട്. സ്ത്രീകളുടെ ഒപ്പനയില്‍ നിന്ന് ഇതിന് പല മാററങ്ങളുമുണ്ട്. പുരുഷന്മാര്‍ പുതുമാരനെ വലയം ചെയ്തുകൊണ്ടാണ് ഒപ്പന പാടുന്നത്.  വെള്ള മുണ്ടും ഷര്‍ട്ടും ആണ് സാധാരണ ഉപയോഗിക്കുന്ന വേഷം. തൊപ്പിയോ തലയില്‍ കെട്ടോ ഉണ്ടാകും.

മാപ്പിള വീടുകളിലെ അകത്തളങ്ങളില്‍നിന്നും ഒപ്പന ക്രമേണ സാംസ്കാരിക സദസുകളിലേക്കും യുവജനോത്സവങ്ങളിലേക്കും പറിച്ചു നടപ്പെട്ടു. തനതു രീതികള്‍ക്കൊപ്പം ഒട്ടേറെ പരിഷ്കാരങ്ങള്‍ക്കും ഇതു വഴി വെച്ചു. ഹൃദ്യവും ആകര്‍ഷകവും ആയ ഒരു കലാവിരുന്നായി ഒപ്പന രൂപാന്തരപ്പെട്ടു എന്നു പറയാം.

1

2

3

4

പുരുഷൻമാരും ഒപ്പന അവതരിപ്പിക്കാറുണ്ട്.അതാണ് വട്ടപ്പാട്ട്.വട്ടപ്പാട്ടിനെക്കുറിച്ച് അൽപം...

ഒപ്പനയ്ക്കു സമാനമായ ഒരു മാപ്പിള കലാരൂപമാണ് വട്ടപ്പാട്ട്. ഒപ്പനയിൽ പെണ്ണുങ്ങളെന്നതു പോലെ ഇത് ആണുങ്ങളാണ് അവതരിപ്പിക്കുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ട് ആളുകൾ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്.

കല്ല്യാണ വീടുകളില്‍ വട്ടമിട്ടിരുന്ന് പാടിയ വട്ടപ്പാട്ട് എന്ന കലാരൂപം കലോല്‍സവ വേദിയിലെത്തിയതോടെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവുകയായിരുന്നു. 1950വരെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ വട്ടപ്പാട്ട് സജീവമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. പാട്ടുസംഘം വട്ടത്തിലിരുന്ന് പാടുന്നതുകൊണ്ടാണ് ഈ കലാരൂപത്തിന് വട്ടപ്പാട്ടെന്ന് പേര് ലഭിച്ചത്

5

ഒപ്പന എന്ന വാക്കിന്‌ എന്താണര്‍ത്ഥം?

കേരളീയ മുസ്ലീങ്ങളുടെ കല്യാണാഘോഷവുമായി ബന്ധപ്പെട്ട ഒരു കലാരൂപത്തിന്റെ പേരായതുകൊണ്ട്‌ ആ പദം അറബിയാണെന്നു തോന്നാം. പക്ഷേ, ഒപ്പന ഒരു ദ്രാവിഡപദമാണ്‌. അറബിയില്‍ "പ " എന്നൊരക്ഷരംതന്നെയില്ല.മുസ്ലീംകളുടെ കലാരൂപത്തെക്കുറിക്കുന്ന ഒപ്പന എന്ന പ്രയോഗത്തില്‍ അലങ്കരിച്ച വേഷം എന്നാവാം അര്‍ത്ഥം. അണിയിച്ചൊരുക്കിയ മണവാളനെയോ മണവാട്ടിയേയോ ആ പദം കുറിക്കുന്നുണ്ടാവാം.

കേരളത്തിലെ മുസ്ലീംകളുടെ ദൃശ്യകലാരൂപങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ ഒപ്പന. ഇവിടത്തെ മുസ്ലീം സ്ത്രീകളുടെ ഒരേയൊരു കലാരൂപം. പ്രധാനമായും വിവാഹാഘോഷത്തോടു ബന്ധപ്പെട്ട കലാപ്രകടനമാണിത്‌. കല്യാണത്തിന്‌ വധുവിനെ അലങ്കരിച്ചിരുത്തി കൂട്ടുകാരികളും വരനെ അണിയിച്ചൊരുക്കി കൂട്ടുകാരും ചുറ്റും ഇരുന്നും നിന്നും കൈമുട്ടി മാപ്പിളപ്പാട്ടുകള്‍ പാടുന്നതാണ്‌ ഒപ്പന. സാധാരണയായി ഇതിനെ ഒപ്പന പാടുക എന്നു പറയുന്നു. ഇടയ്ക്ക്‌ കൈമുട്ടുള്ളതിനാല്‍ ഒപ്പന മുട്ടുക എന്നു പറയും. ഒരാള്‍ മുന്‍പോട്ടു പാടിയാല്‍ മറ്റുള്ളവര്‍ ഏറ്റുപാടും. ഈ കലാപ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരുതരം വാദ്യവും ഉപയോഗിക്കുന്ന പതിവ്‌ പണ്ട്‌ ഇല്ല.

ഇത്‌ സ്ത്രീകളുടെ മാത്രം കലാരൂപമാണെന്ന്‌ സാമാന്യമായി ഒരു ധാരണയുണ്ട്‌. അതു ശരിയല്ല. സ്ത്രീകള്‍ക്ക്‌ ഒപ്പനയുള്ളതുപോലെ പുരുഷ?ാ‍ര്‍ക്കും ഒപ്പനയുണ്ട്‌. ശ്രദ്ധേയമായ കാര്യം ആണും പെണ്ണും ഇടകലരുന്ന ഒപ്പനയില്ല എന്നതാണ്‌. ഇവിടത്തെ മുസ്ലീംകള്‍ക്ക്‌ ആണും പെണ്ണും ഇടകലരുന്ന പാരമ്പര്യകലകള്‍ ഒന്നുമില്ല.

ആണുങ്ങളുടെ ഒപ്പനയെ സാധാരണയായി ഒപ്പന വയ്ക്കുക എന്നാണ്‌ പറയുക. ആണുങ്ങളുടെ കലാപ്രകടനത്തില്‍ പെണ്ണുങ്ങളുടേതിനെ അപേക്ഷിച്ച്‌ ശരീരചലനങ്ങള്‍ കുറവാണ്‌. വാദ്യങ്ങള്‍ ഉപയോഗിക്കാതെ വായ്പാട്ടും കൈമുട്ടും മാത്രമായി ആണുങ്ങളും ഈ കലാരൂപം അവതരിപ്പിക്കുന്നു.

മലബാറിലെ മുസ്ലീംകള്‍ക്കിടയില്‍ കല്യാണത്തിന്റെ തലേദിവസത്തെ ആഘോഷവും വളരെ പ്രധാനമാണ്‌. മെയിലാഞ്ചി, വെറ്റിലക്കെട്ട്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ആഘോഷത്തിനും ഒപ്പന പതിവുണ്ട്‌. അന്ന്‌ വധുവിനെ മെയിലാഞ്ചിയണിയിക്കുന്ന ചടങ്ങും സാധാരണമാണ്‌.
വരനെ പുതിയാപ്പിള (പുതിയ മാപ്പിള) എന്നു വിളിക്കുന്നു. പുതിയാപ്പിള വധൂഗൃഹത്തിലേക്കു പോകുന്നത്‌ വളരെ ആഘോഷമായിട്ടാണ്‌. പുതിയാപ്പിളപ്പോക്കി ന്റെ ഈ ഘോഷയാത്രയില്‍ വഴിയിലുടനീളം കൂട്ടുകാര്‍ കൈമുട്ടിപ്പാടും. മാപ്പിളപ്പാട്ടില്‍ വഴിനീളം എന്ന പേരില്‍ ഒരു ഇശല്‍തന്നെയുണ്ട്‌. മണിയറയില്‍ അയാളെ ഇരുത്തിയശേഷവും ചങ്ങാതിമാര്‍ കളിയാക്കിപ്പാടും. 

വധുവിനെ പുതിയെണ്ണ്‌ (പുതിയ പെണ്ണ്‌) എന്നാണ്‌ വിളിക്കുക. പുതിയ കുട്ടി എന്ന അര്‍ത്ഥത്തില്‍ പിയ്യുട്ടി എന്നും പറയും. അവള്‍ വരന്റെ ഗൃഹത്തിലേക്ക്‌ ആഘോഷമായി പോകുന്നതിന്‌ പുതുക്കം പോവുക എന്നാണ്‌ പേര്‌. പുതുക്കം പോകുമ്പോഴും മണിയറ പൂകിക്കഴിഞ്ഞാലും നേരത്തെ പറഞ്ഞപോലെ പാട്ടും കൈമുട്ടും ഉണ്ട്‌.

ആണ്‍കുട്ടികളുടെ മാര്‍ക്കക്കല്യാണം, പെണ്‍കുട്ടികളുടെ കാതുകുത്തു കല്യാണം, പ്രസവത്തിന്റെ നാല്‍പതാം ദിവസമുള്ള നാല്‍പതുകുളി തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ ചിലേടങ്ങളില്‍ ഒപ്പന യുണ്ടായിരുന്നു എന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌.

കല്യാണത്തിന്‌ വാദ്യങ്ങള്‍ വായിച്ചും കൈമുട്ടിയും പാട്ടുപാടിയും സന്തോഷും ഉത്സാഹവും പ്രകടിപ്പിക്കുന്ന പതിവ്‌ അറബികള്‍ക്കിടയില്‍ ഉണ്ട്‌. പക്ഷേ, അറേബ്യന്‍ സംസ്കാരവുമായി നേരിട്ടു ബന്ധമില്ലാത്ത പല കേരളീയ സമൂഹങ്ങളിലും ഇത്തരത്തില്‍ വിവാഹത്തെ പാടിപ്പൊലിപ്പിക്കുന്ന ആചാരങ്ങള്‍ കാണാം. കല്യാണാഘോഷത്തിന്റെ ഭാഗമായി പാടുകയും ചുവടുവയ്ക്കുകയും ചെയ്യുന്ന കലാപ്രകടനങ്ങള്‍ ഇവിടത്തെ മുസ്ലീംകള്‍ക്കെന്നപോലെ മറ്റു സമൂഹങ്ങള്‍ക്കും ഉണ്ടായിരുന്നു എന്നര്‍ത്ഥം.
മുസ്ലീംകളുടെ ഒപ്പനയില്‍ പാടുന്ന മാപ്പിളപ്പാട്ടുകളില്‍ സാധാരണയായി വിഷയമാകുന്നത്‌ പുതുമണവാളനും പുതുമണവാട്ടിയും ആണ്‌. കൂട്ടുകാര്‍ അവരെ കളിയാക്കിപ്പാടുകയാണ്‌. അവരുടെ സൗന്ദര്യവും ശീലഗുണങ്ങളും കുടുംബമഹിമയും ആ മാപ്പിളപ്പാട്ടുകളില്‍ വാഴ്ത്തപ്പെടുന്നു. ഇടയ്ക്ക്‌ അവ കളിയാക്കപ്പെടുന്നു. ദൈവസ്തുതികളും പ്രവാചകസ്തുതികളും പാട്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും കടന്നുവരിക പതിവാണ്‌.

പ്രവാചകനായ മുഹമ്മദ്‌ നബിയുടെയും സഹചര?ാ‍രുടെയും കഥകളും അവര്‍ നടത്തിയ വിശുദ്ധയുദ്ധങ്ങളുടെ ചരിത്രങ്ങളും ഒപ്പനപ്പാട്ടുകളില്‍ കാണാം. പ്രമേയമല്ല, ഈണവും ഭാവവും ആണ്‌ ഒപ്പനപ്പാട്ടുകളില്‍ പ്രധാനം.

മാപ്പിളപ്പാട്ടുകളിലെ ഇശലുകള്‍ എന്നറിയപ്പെടുന്ന ഈണങ്ങള്‍ക്കിടയില്‍ ഒപ്പന ഒരു ഇനമാണ്‌. ഒപ്പനയുടെ ഈണം രണ്ടുതരത്തിലുണ്ട്‌ - ഒപ്പനമുറുക്കം, ഒപ്പനചായല്‍. ദ്രുതതാളത്തിലുള്ളതാണ്‌ മുറുക്കം; അയഞ്ഞതാളത്തിലുള്ളത്‌ ചായല്‍. മുറുക്കം പാടുമ്പോള്‍ മാത്രമേ പണ്ട്‌ കൈമുട്ടാറുള്ളു.

കല്യാണപ്പാട്ടുമായോ കല്യാണവുമായോ നേരിട്ടു ബന്ധമില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ ആവിഷ്കരിക്കുവാനും ഒപ്പനമുറുക്കം, ഒപ്പനചായല്‍ എന്നീ ഇശലുകള്‍ മാപ്പിളപ്പാട്ടെഴുത്തുകാര്‍ ഉപയോഗിക്കാറുണ്ട്‌. പ്രവാചകന്റെ കാലത്ത്‌ അറേബ്യയിലെ ബദര്‍ എന്നുപേരുള്ള മലഞ്ചെരുവില്‍ നടന്ന യുദ്ധചരിത്രം ആവിഷ്കരിക്കുന്ന ബദര്‍ ഒപ്പന യുള്ളത്‌ ഉദാഹരണം. മോയിന്‍കുട്ടി വൈദ്യര്‍ (1852-1892) എന്ന കവി ബദറുല്‍ മുനീര്‍ - ഹുസ്നുല്‍ ജമാല്‍ (1872) എന്ന കാവ്യത്തില്‍ ചില രംഗങ്ങള്‍ ചിത്രീകരിക്കുന്ന പാട്ടുകള്‍ രചിച്ചിരിക്കുന്നത്‌ ഒപ്പന ഇശലില്‍ ആണ്‌. പ്രണയം, ഉത്സാഹം, ആവേശം, അമിതമായ ആഹ്ലാദം തുടങ്ങിയ പ്രസന്നഭാവങ്ങള്‍ക്ക്‌ ശബ്ദാവിഷ്കാരം നല്‍കാന്‍ ഒപ്പനയുടെ ഈണത്തിന്‌ സവിശേഷമായ പ്രാപ്തിയുണ്ട്‌.

ശൃംഗാരപ്രധാനമായ മാപ്പിളപ്പാട്ടുകള്‍ക്കാണ്‌ ഒപ്പനയില്‍ പ്രാധാന്യം. അതിന്‌ ഒളിവു നല്‍കിക്കൊണ്ട്‌ ഭക്തിയും ചരിത്രവും നില്‍ക്കുന്നു.
പൊതുവേ പറഞ്ഞാല്‍, കേരളത്തിലെ കൈകൊട്ടിക്കളിയുടെ പാരമ്പര്യത്തില്‍പ്പെടുന്ന നാടന്‍ കലാരൂപമാണ്‌ ഒപ്പന. അതില്‍ ഇന്ന്‌ കണ്ടുവരുന്ന അളവിലുള്ള ശരീരചലനങ്ങള്‍ പണ്ടുണ്ടായിരുന്നില്ല. സിനിമയും രംഗവേദികളും നല്‍കിയ പരിഷ്കാരത്തിലൂടെ ഒപ്പന ഇന്നൊരു നൃത്തരൂപമായിരിക്കുന്നു. ഇത്‌ പാരമ്പര്യത്തില്‍നിന്നുള്ള വ്യതിയാനമോ വളര്‍ച്ചയോ ആണ്‌.

കല്യാണവുമായി ബന്ധപ്പെട്ട അറബികളുടെ കലാപ്രകടനങ്ങളുടെയും കേരളീയരുടെ ദൃശ്യരൂപങ്ങളുടെയും മിശ്രമായി ഒപ്പന എന്ന കലാരൂപത്തെ കാണാവുന്നതാണ്‌. അറബിയും കേരളീയവുമായ താളങ്ങള്‍ ഒത്തുചേരുന്ന ഈണമാണ്‌ ഒപ്പനയ്ക്കുള്ളത്‌. ഇസ്ലാമികവും പ്രാദേശികവുമായ ഇതിവൃത്തങ്ങള്‍ ഒപ്പനപ്പാട്ടുകളില്‍ മേളിക്കുന്നു.

ഒരു മതവിശ്വാസവും ഒരു പ്രാദേശിക സംസ്കൃതിയും മനുഷ്യജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന സുരഭില മുഹൂര്‍ത്തത്തില്‍ സംഗീതസാന്ദ്രമായി ലയിച്ചുചേരുന്നതിന്റെ പ്രതീകമാണ്‌ ഒപ്പന.
(നിറവ്‌, 1997 ജനുവരി)

ഡോ. എം.എന്‍. കാരശ്ശേരിയുടെ ആരും കൊളുത്താത്ത വിളക്ക്‌ എന്ന പുസ്തകത്തില്‍നിന്ന്‌...

കൂട്ടിച്ചേർക്കലുകൾ ഉണ്ടാവണേ...
****************************************
സൈനബ "മാപ്പിളപ്പാട്ടിന്റെ വേരുകൾ തേടി " എന്ന ഹസ്സൻ നെടിയങ്ങാടിന്റെ പുസ്തകത്തിൽ ഒപ്പനയെ കുറിച്ച് വിശദമായി പറയുന്നുണ്ട് ... അദ്ദേഹം ഒരിക്കൽ ഞങ്ങൾക്ക് ഈ വിഷയത്തിൽ ക്ലാസെടുത്തിരുന്നു.
പ്രജിത ടീച്ചർ ആക്ലാസ്സിൽ കേട്ടു മറന്നത് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിൽ സന്തോഷം💐💐💐 SAINAB

പ്രജിത എന്റെ കുട്ടിക്കാലത്ത് പുള്ളിത്തുണിയും,സാറ്റിൻതുണി കൊണ്ടുള്ള മുഴുക്കെെ ജമ്പറുമായിരുന്നു ഒപ്പനക്കാരുടെ വേഷം.കാതിൽ മുത്തു ജിമുക്കി,കയ്യിൽ നിറമുള്ള വളകൾ.അമ്മയ്ക്ക് കലകളിൽ താത്പര്യമുള്ളതുകൊണ്ട് അമ്മയായിരുന്നു ഒപ്പനടീച്ചർ.പഴയ സിനിമകളിലെ ഒപ്പനഗാനങ്ങൾ കോർത്തിണക്കിയായിരുന്നു ഒപ്പനകളിച്ചിരുന്നത്.കുറച്ചുകഴിഞ്ഞപ്പോൾ പുള്ളിത്തുണി കാച്ചിയ്ക്ക് വഴിമാറി.അന്ന് കാച്ചി വെണ്ടത്ര ലഭ്യമല്ലാത്തതിനാലും,ഇന്നത്തെ പോലെ വാടകയ്ക്ക് dress വാങ്ങുന്ന കട ഇല്ലാത്തതിനാലും ഞങ്ങൾ കളർ പേപ്പർ കരപോലെ വെള്ള മുണ്ടിൽ ഒട്ടിച്ച് കാച്ചി പോലെയാക്കും.കാലം കഴിയുന്തോറും മാറ്റങ്ങൾ വന്നു തുടങ്ങി.പരിശീലകർ വർദ്ധിച്ചു. 
*************************************************************************