ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

23-5-2017


കാഴ്ചയുടെ വിസ്മയം
അവതരണം ലത


ചൊവ്വാഴ്ചാ പംക്തിയായ
കാഴ്ചയുടെ വിസ്മയം
26 വാരങ്ങൾ പിന്നിട്ടിരിക്കുന്നു .

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ ഇതുവരെ നമ്മൾ പരിചയപ്പെട്ട കലാരൂപങ്ങൾ എല്ലാവരുടെയും അറിവിലേക്കായി താഴെ കൊടുക്കുന്നു ...

സിനിമ,
ചവിട്ടുനാടകം,
അർജുന നൃത്തം,
അലാമിക്കളി,
തെയ്യം,
ഇരുളർ നൃത്തം,
പറക്കും കൂത്ത്,
കോതാമൂരിയാട്ടം,
കുറത്തിയാട്ടം,
മംഗലം കളി,
കളമെഴുത്ത്,
തീയാട്ട്,
കാളിയൂട്ട്,
തലയാട്ടം,
കുത്തിയോട്ടം,
കുമ്മാട്ടി,
ഐവർ കളി,
പരിചമുട്ടുകളി,
ചിമ്മാനക്കളി,
വേലകളി,
കണ്യാർകളി,
ആണ്ടിക്കളി,
സംഘക്കളി,
പൊറാട്ടുനാടകം,
കൂടിയാട്ടം,
പാഠകം

എന്നിങ്ങനെ 26 കലാരൂപങ്ങൾ ...                    

കാഴ്ചയിലെ വിസ്മയം
ദൃശ്യകലകളുടെ വരമൊഴിയിണക്കം ..
ഇരുപത്തിയേഴാം അധ്യായമായി നമ്മൾ പരിചയപ്പെടുന്നു ,
പൂതനും തിറയും

നിങ്ങൾക്കേറെ പരിചിതമായ ഈ വള്ളുവനാടൻ കലാരൂപത്തെ കുറിച്ച് ഇനിയുമേറെ പറയാനുണ്ടാവും ...
കൂട്ടിച്ചേർക്കുക ..
വിലയിരുത്തുക ...
വിശകലനം ചെയ്യുക ....                    


പൂതനും തിറയും

വള്ളുവനാടന്‍ പ്രദേശത്ത് പ്രചാരത്തിലുള്ള അനുഷ്ഠാനകലയാണ് പൂതനും തിറയും. തിറ കാളിയേയും പൂതം ഭൂതഗണങ്ങളേയും പ്രതിനിധീകരിക്കുന്നു. കണ്ണകി ആരാധനയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഐതിഹ്യങ്ങള്‍ ഈ അനുഷ്ഠാനത്തിന്റെ ഭാഗമായി പ്രചാരത്തിലുണ്ട്. കാവുകളുലും ഭഗവതിക്ഷേത്രങ്ങളിലുമാണ് ഈ അനുഷ്ഠാനം നടക്കുന്നത്. പെരുവണ്ണാന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്. താലപ്പൊലി, പൂരം, വേല തുടങ്ങിയ ഉത്സവങ്ങളുടെ ഭാഗമായാണ് ഈ അനുഷ്ഠാനം അരങ്ങേറുന്നത്.

പൂതത്തിന് തുടിയാണ് വാദ്യം. തിറയ്ക്ക് പ്രധാനമായും പറ വാദ്യോപകരണമായി ഉപയോഗിക്കുന്നു.

തിറയുത്സവത്തിന്റെ വിവരം നാട്ടുകാരെ അറിയിക്കുന്നതിനായി പൂതം കെട്ടി വീടുകള്‍ കയറിയിറങ്ങുന്ന പതിവുണ്ട്. കാവേറ്റം അഥവാ കാവില്‍ കയറല്‍ ചടങ്ങ് ഈ അനുഷ്ഠാനത്തിന്റെ പ്രധാനഭാഗമാണ്.

തിറയുടെ മുടി അര്‍ദ്ധവൃത്താകൃതിയിലുള്ളതാണ്. മുടിക്കും 'തിറ' എന്നു പറയും. കനം കുറഞ്ഞ മരമുപയോഗിച്ചാണ് പൂതത്തിന്റെ മുടിയും മറ്റും നിര്‍മ്മിക്കുന്നത്. നാവ് പുറത്തേക്കു തള്ളിനില്‍ക്കുന്ന രൂപത്തിലുള്ള മുഖം മൂടി ധരിക്കും. ചെങ്ങണപുല്ല്, പീലിത്തണ്ട്, പൂക്കണ്ണാടി വിവിധതരം ചായങ്ങള്‍ ഇവ അലങ്കാരത്തിനായി ഉപയോഗിക്കും. ധാരാളം ആഭരണങ്ങളും പൂതം അണിയാറുണ്ട്. കരിവള, കൈവള, തോള്‍വള, മാര്‍ത്താലി, അരത്താലി തുടങ്ങിയ ആഭരണങ്ങള്‍ അണിയാറുണ്ട്. കഥകളിയോടു സമാനമായ വസ്ത്രരീതിയാണ് പൂതത്തിന്റേത്. മഞ്ഞള്‍ മുക്കിയ അടിവസ്ത്രവും ഉടുത്തുകെട്ടുമാണ് വസ്ത്രധാരണരീതി. പൊന്തക്കോലും, പരിശയും കൈയിലുണ്ടാവും.

നല്ല മെയ്വഴക്കമുളള കലാകാരന്മാരാണ് ഈ അനുഷ്ഠാനം അവതരിപ്പിക്കുന്നത്. അവതരണത്തിന്റെ ഭാഗമായി സങ്കീര്‍ണ്ണമായ ചുവടുകളും പ്രകടനങ്ങളും നടത്താറുണ്ട്. ചിലമ്പാട്ടം, തെരുപ്പറക്കല്‍, കുതിരച്ചാട്ടം, മുതലച്ചാട്ടം, പിണങ്കാല്, അടിവാള്‍, വെട്ടിമലക്കം തുടങ്ങിയ ചുവടുകള്‍ ഇതിന്റെ ഭാഗമായുള്ള പ്രകടനങ്ങളാണ്.

കേരളത്തിലെ പല പ്രദേശങ്ങളിലും പൂതം എന്ന അനുഷാഠാനം കണ്ടുവരുന്നുണ്ട്. പാണ സമുദായക്കാരുടെ പൂതന്‍, പറയ സമുദായക്കാരുടെ പറപൂതന്‍, ചില ആദിവാസികളുടെ ഇടയിലുള്ള നായാടിപൂതം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഉത്തര കേരളത്തിലെ തെയ്യക്കോലങ്ങളുടെ ഇടയിലും വിവിധതരം പൂതങ്ങളുണ്ട്.

വള്ളുവനാട്ടിലേയും അതിന്റെ സമീപപ്രദേശങ്ങളായ തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെയും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാൻ/മണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന ഒരു പ്രാചീന നാടൻ കലാരൂപമാണ് പൂതനും തിറയും [1]. ദേവീക്ഷേത്രങ്ങളിലെ വേലപൂരങ്ങളോടനുബന്ധിച്ച് പൂരത്തിന്ന് എട്ടോ പത്തോ ദിവസം മുമ്പു മുതൽ ഇവർ വേഷമണിഞ്ഞു അതാതു ദേശങ്ങളിലെ എല്ലാ വീടുകളിലും എത്തി കളിക്കുന്നു. കൂട്ടിന്ന് തുടിമേളവും ഉണ്ടായിരിക്കും. പൂതത്തിന്ന് വർണാഭമായ വസ്ത്രങ്ങളും തലയിൽ കുട്ടികൾക്ക് ഭയം ജനിപ്പിക്കുന്ന മട്ടിൽ ഉന്തിനിൽക്കുന്ന നാക്കും ഉണ്ടക്കണ്ണുകളുമുള്ള മുഖം മൂടിയോടുകൂടിയ കിരീടവുമുണ്ടാകും. തിറക്ക് തലയിൽ കയറ്റി വച്ച് വഹിക്കുന്ന വളരെ വലിപ്പമുള്ള കിരീടം (മുടി) മാത്രമാണുണ്ടാകുക. വലിപ്പം കൂടിയതായതിനാൽ മുടിയുടെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ ഓരോ അറ്റം ബന്ധിച്ച് മറ്റെ അറ്റങ്ങൾ കൈകളിൽ പിടിച്ച് തുലനം ചെയ്തുകൊണ്ടേ അവർക്കു നൃത്തം ചെയ്യാനാകൂ. തിറയുടെ മുഖത്ത് അരിമാവുകൊണ്ടും മറ്റും ചായം തേച്ചിരിക്കും. അരളിപ്പൂക്കൾ കൊണ്ടുള്ള അമ്പിളിപ്പൂമാലയും തിറ ധരിച്ചിരിക്കും.


പൂതൻ
പൂതത്തിനും തിറക്കും കാലിൽ ചിലമ്പുകളും അരയിൽ മണികളുമുണ്ടാകും. ഇവർ നടക്കുമ്പോളുണ്ടാകുന്ന ശ്രുതിമധുരമായ മണികിലുക്കവും ചിലമ്പൊലിയും കുംഭം മീനം മാസങ്ങളിലെ വള്ളുവനാടൻ ഗ്രാമങ്ങളെ സംഗീതസാന്ദ്രമാക്കുന്നു. ഓരോ സംഘത്തിലും ഒന്നിൽ കൂടുതൽ പൂതങ്ങളും തിറകളുമുണ്ടാകാം. വീട്ടുമുറ്റങ്ങളിൽ ഇവരുടെ നൃത്തം വളരെ രസകരമാണ്‌. വീടുകളിൽ [വൈകുന്നേരം 7:33 -നു, 23/5/2017] ലത ടീച്ചർ: നിന്ന് ഈ നൃത്തസംഘത്തിന്ന് അരിയും നെല്ലും പണവും വസ്ത്രങ്ങളും സമ്മാനമായി കിട്ടും. ഒടുവിൽ പൂരദിവസം അതാത് ക്ഷേത്രങ്ങളിൽ എത്തി അവിടെയും കളിച്ച് ദേവീദർശനവും നടത്തി അവർ പിരിയുന്നു.

പണ്ട് ചെറിയ കുട്ടികൾ കുസൃതി കാണിക്കുമ്പോൾ നാട്ടിൻപുറങ്ങളിൽ അമ്മമാർ " നിന്നെ ഞാൻ പൂതത്തിന്നു പിടിച്ചു കൊടുക്കും" എന്നു പറഞ്ഞ്‌ അവരെ ശാസിക്കാറുണ്ടായിരുന്നു. അതിന്നു തെളിവെന്നോണം പൂതങ്ങൾ വീടുകളിൽ ചെന്നാൽ ചെറിയ കുട്ടികളെ പ്രത്യേകം അന്വേഷിച്ചു കണ്ട് കളിയാക്കി വിടുകയും ചെയ്യും.

ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന മനോഹരവും പ്രസിദ്ധവുമായ കവിത ഇതിനെ ഉപജീവിച്ചുള്ളതാണ്‌.

പാണപ്പൂതം തിരുത്തുക

പാണൻ സമുദായക്കാർ പൂതൻ വേഷം മാത്രം കെട്ടി (പാണപ്പൂതം) ഇതുപോലെ വീടുകളിൽ പോയി കളിക്കാറുണ്ട്. പക്ഷെ അവരുടെ വേഷഭൂഷാദികൾക്ക് കെട്ടും മട്ടും വളരെ കുറവായാണ്‌ കണ്ടിട്ടുള്ളത്.
*************************************************
അഭിപ്രായങ്ങള്‍
1
                    


3
(പ്രജിത)                    


കൂട്ടിച്ചേർക്കുന്നത് ഒരു മാസികയിൽ വന്നത്

പാലക്കാട് മലപ്പുറം ജില്ലകളുടെ ചില ഭാഗങ്ങളിലും നിലനില്‍ക്കുന്ന തിറ-പൂതന്‍ കളിയില്‍ കണ്ണകീ-കോവല കഥ അടിസ്ഥാന പ്രമാണമാണ്.
കേരളത്തില്‍ തുലാവര്‍ഷം പെയ്‌തൊഴിഞ്ഞാല്‍ നാട്ടുവഴികളും, പാടങ്ങളും ക്ഷേത്രോത്സവങ്ങളും അനുബന്ധ ചടങ്ങുകളും കൊണ്ട് നിറയും. പഴയ കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമായുള്ള ആചാരക്രമങ്ങളും, കലാരൂപങ്ങളുമൊക്കെയാണിതില്‍ പ്രധാനമായും കാണാന്‍ സാധിക്കുക. വീടുവീടാന്തരം കയറി നെല്ലുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പറവെപ്പിലൂടെ സ്വീകരിക്കുന്ന ഗ്രാമാധിപന്‍മാരായ ദൈവങ്ങളുടെ പ്രതിരൂപങ്ങളെ നമുക്കിത്തരം ഉത്സവങ്ങളിലും ആചാരങ്ങളിലും കാണാന്‍ സാധിക്കും. മധ്യകേരളത്തില്‍, പ്രധാനമായും വള്ളുവനാടന്‍ പ്രദേശങ്ങളില്‍ പൂരമഹോത്സവങ്ങള്‍ ഗ്രാമശരീരമേറുന്നതിക്കാലത്താണ്. തുലാവര്‍ഷത്തിനുശേഷം ഇവിടങ്ങളില്‍ കൊയ്‌തൊഴിയുന്ന പാടങ്ങള്‍ ഉത്സവങ്ങള്‍ക്കുള്ളതാണ്. അറങ്ങോട്ടുകരമുല്ലയ്ക്കല്‍ മുതല്‍ മുളയങ്കാവ് കാളവേലവരെയുള്ള ആഘോഷങ്ങള്‍ പൂരോത്സവത്തിന്റെ ഭാഗമായി ദര്‍ശിക്കാം. ഭഗവതിപ്പാട്ട്, താലപ്പൊലി, ആറാട്ട്, പൂരം തുടങ്ങിയവയാണ് പ്രധാന ഉത്സവങ്ങള്‍. ഇവയില്‍ നയനസൗകുമാര്യമുള്ള കലാരൂപമാണ് പൂതനും തിറയും. ഇവിടുത്തെ തിറ വടക്കെ മലബാറിലെ തെയ്യം തിറയുമായി പേരിലും, അണിയുന്ന കോലത്തിലും ഏറെ സാമ്യം പുലര്‍ത്തുന്നുണ്ടെങ്കിലും പ്രമേയത്തില്‍ വ്യത്യാസമുണ്ട്. ഇവിടെയും പെരുവണ്ണാന്‍ സമുദായാംഗങ്ങളാണ് വേഷമണിയുന്നത്. പക്ഷേ കാവേറ്റത്തിനുള്ള അധികാരം ദേശത്തെ ഈഴവര്‍ക്കാണ്. ദേശത്തെ ഏറ്റവും മുതിര്‍ന്ന ഈഴവക്കാരണവരായ ദേശത്തണ്ടാന്റെ അനുമതിയോടെയും, നേതൃത്വത്തിലുമാണ് കാവേറ്റം. പറ എന്ന നാട്ടുവാദ്യത്തിന്റെ ആസുരതാളത്തില്‍ പതിനെട്ടുകോല്‍ കൊട്ടിക്കയറിയും ഇറങ്ങിയുമുള്ള കാവേറ്റം മനസ്സുകളെ ത്രസിപ്പിക്കുന്നതാണ്. ആദിമമായൊരു താളവിന്യാസത്തിന്റെ ലഹരിയില്‍ ദേശക്കാര്‍ മേളത്തോടൊപ്പം ആടുകയും താളംപിടിക്കുകയും ചെയ്യുന്നതുപോലും ഒരുത്സവക്കാഴ്ചയാണ്. അതുകൊണ്ടുതന്നെ വേഷമണിയുന്നവരിലും, ആചാരങ്ങളില്‍ പങ്കുകൊള്ളുന്നവരിലും മാത്രമൊതുങ്ങാതെ, കാണികളെപ്പോലും കലയുടെ ഭാഗമാക്കിത്തീര്‍ക്കുന്നൊരു മാന്ത്രികത ഇത്തരം ഗ്രാമ്യ കലാനുഷ്ഠാനങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്.
തിറയുടെ കാവേറ്റ ഉത്സവത്തിന് വിളംബരമെന്നോണം ഉത്സവത്തിന് രണ്ടോ മൂന്നോ ദിവസംമുമ്പ് തിറയുടെ വരവറിയിച്ച് പൂതന്‍ വീടുകളിലെത്തും. വടക്കന്‍ കേരളത്തിലെ വടകര, നാദാപുരം, കുറ്റ്യാടി മേഖലകളില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ആചാരമായ ഓണത്തെയ്യം (ഓണപ്പൊട്ടന്‍, ഓണേശ്വരന്‍ എന്നൊക്കെ പ്രാദേശിക വകഭേദങ്ങളുണ്ട്) തിരുവോണനാളില്‍ വീടുകളിലെത്തുന്നതിനു മുന്നോടിയായി വേടനും പൂതവും പാട്ടുപാടി വീടുകളിലെത്തുന്ന പതിവുണ്ട്. ഇവിടെയും ഓണപ്പൊട്ടന്റെ വരവറിയിച്ചുകൊണ്ടാണ് പൂതവും വേടനും വീടുകളിലെത്തുന്നത്. വടക്കന്‍-മധ്യ കേരളങ്ങളിലെ ആചാരസാമ്യം സൂചിപ്പിക്കാനാണിതിവിടെ പ്രതിപാദിച്ചത്. പഴയ മുണ്ടും, നെല്ലും, നാളീകേരവുമാണ് പൂതനുകിട്ടുന്ന ദക്ഷിണ. പൂതന്റെ രൂപവും, ഭാവങ്ങളും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുന്നവയാണ്. പൂതന്റെ ഊരുചുറ്റി വിളംബരത്തിനുശേഷം പിറ്റെദിവസമോ, അതിനടുത്ത ദിവസമോ ആണ് തിറയുടെ ദേശം ചുറ്റല്‍. വേഷം കെട്ടിയാടുന്നവരുടെ വീട്ടില്‍ നിന്നുമിറങ്ങി തിറ നേരെ പോവുന്നത് ദേശത്തണ്ടാന്റെ വീട്ടിലേക്കാണ്. അടിയാളരുടെ ജാതീയമായൊരൈക്യം ഈയൊരാചാരത്തില്‍ കാണാന്‍ സാധിക്കും. ദേശത്തണ്ടാന്റെ അനുമതിയോടെയാണ് തിറ കാവേറ്റം നടത്തുന്നത്. തണ്ടാന്റെ വസതിയിലെ ചടങ്ങുകള്‍ക്കു ശേഷം ദേശത്തണ്ടാന്‍ സ്ഥാനക്കോലും പിടിച്ച് മുന്നില്‍ നടക്കുന്നു. തിറയും നാട്ടുപരിവാരങ്ങളും പിന്നാലെയും.
തിറ വീട്ടിലെത്തുമ്പോള്‍ നിലവിളക്കുകൊളുത്തി സ്വീകരിച്ച് നിറച്ച് വെച്ച് (പറനിറയ്ക്കല്‍) നടത്തുന്നു. കാര്‍ഷികവിഭവങ്ങളാണിവിടെ പറയില്‍ ദക്ഷിണയായി നിറയ്ക്കപ്പെടുന്നത്. ചിലയിടങ്ങളില്‍ [വൈകുന്നേരം 7:48 -നു, 23/5/2017] +91 94966 52701: നെല്ലുമാത്രവും, ചിലയിടങ്ങളില്‍ വെള്ളരി, നാളികേരം തുടങ്ങിയ വിഭവങ്ങളും പറ നിറയ്ക്കുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്. പറ സ്വീകരിക്കുന്ന തിറ കുമ്പിട്ട് അരിയും നെല്ലും വാരിയെറിഞ്ഞ് അനുഗ്രഹിക്കുന്നു. അടുത്തവര്‍ഷത്തെ വിളവ് കേമമാവാനുള്ള അനുഗ്രഹമാണ് നല്‍കപ്പെടുന്നത്. കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമായുള്ള ഈയൊരാചാരത്തില്‍ ചിലപ്പതികാരത്തിലെ കണ്ണകീ സങ്കല്‍പ്പം ദര്‍ശിക്കാനാവുക കൂടുതലും തിറയിലാണ്. ഇതുമായി ബന്ധപ്പെട്ട പാട്ടുകളില്‍ കണ്ണകിയുടെയും കോവലന്റെയും, പൂതത്തിന്റെയും കഥ മനസ്സിലാക്കാന്‍ കഴിയും.
ചിലപ്പതികാരം കഥയിലെ കണ്ണകിയുടെയും കോവലന്റെയും കഥ പ്രസിദ്ധമാണല്ലോ. കച്ചവടാവശ്യത്തിനായി മധുരയിലേക്കുള്ള യാത്രാമധ്യേ കണ്ണകിക്ക് ചിലമ്പ് നിര്‍മ്മിക്കാനായി കോവലന്‍ ഒരു തട്ടാനെ (സ്വര്‍ണ്ണപ്പണിക്കാരനെ) ഏല്‍പ്പിക്കുന്നു. തട്ടാന്‍ ചിലമ്പ് നിര്‍മ്മാണത്തില്‍ കൃത്രിമം കാണിക്കാതിരിക്കാന്‍ പൂതത്തെ കാവല്‍ നിര്‍ത്തുകയും ചെയ്യുന്നു. ചിലമ്പ് നിര്‍മ്മിച്ച തട്ടാന്‍ നേരത്തെതന്നെ പൂതത്തെ പറ്റിക്കാനുള്ള ഉപായം കണ്ടെത്തിയിരുന്നു. സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമധ്യേയുള്ള ഒരു പാലത്തിനടിയില്‍ ഒരു പിച്ചളച്ചിലമ്പ് നിര്‍മ്മിച്ചുവച്ചിരുന്നു. കാവലേര്‍പ്പെടുത്തിയ പൂതത്തിനു മുന്നില്‍വച്ച് രണ്ട് സ്വര്‍ണ്ണച്ചിലമ്പുകള്‍ നിര്‍മ്മിച്ച തട്ടാന്‍, ചിലമ്പുമെടുത്ത് കണ്ണകിക്ക് നല്‍കാനുള്ള മാര്‍ഗ്ഗമധ്യേ നേരത്തെ പിച്ചളച്ചിലമ്പൊളിപ്പിച്ചുവച്ച പാലത്തിനടുത്തെത്തിയപ്പോള്‍ തോട്ടില്‍ വീഴുന്നതായി ഭാവിക്കുകയും, സ്വര്‍ണ്ണച്ചിലമ്പിനുപകരം പിച്ചളച്ചിലമ്പ് മാറ്റിയെടുക്കുകയും ചെയ്തു. ചതി സംഭവിച്ചതറിയാതെ യാത്രതുടര്‍ന്ന പൂതം ചിലമ്പ് കണ്ണകിക്ക് നല്‍കുകയും ചെയ്തു. പിന്നീട് കണ്ണകി ചിലമ്പണിയാന്‍ ശ്രമിക്കുമ്പോഴാണ് ഒരു ചിലമ്പ് സ്വര്‍ണ്ണമല്ല പിച്ചളയാണെന്ന് തിരിച്ചറിയുന്നത്.  കാവലേല്‍പ്പിച്ച പൂതത്തെ ക്രൂദ്ധയായി നോക്കിയ കണ്ണകിയുടെ മുന്നില്‍ അമളിപറ്റിയതറിഞ്ഞ പൂതം ഇളിഭ്യനായി നാക്കുകടിച്ചു. അതിന്റെ സ്മരണയ്ക്കായി പൂതത്തിന്റെ വേഷത്തിലിപ്പോഴും നാക്കു കടിച്ചുപിടിച്ച മുഖം മൂടിയാണ് ധരിക്കുന്നത്.
ചതിവു പറ്റിയതറിഞ്ഞ പൂതം അന്നുമുതല്‍ തട്ടാനെയന്വേഷിച്ചു നടപ്പാണ്. അതിന്റെ ഭാഗമായാണ് പൂതം കൊയ്ത്തുകഴിയുന്ന കാലത്ത് വീടുകള്‍ കയറിയിറങ്ങുന്നതെന്നാണ് സങ്കല്‍പ്പം. പൂതത്തിന്റെ സന്ദര്‍ശനത്തിനുപിന്നാലെ തിറയുടെ രൂപത്തില്‍ കണ്ണകിയും വീടുകള്‍ സന്ദര്‍ശിക്കുന്നു. പൂതത്തിന്റെ വരവും, പിന്നാലെയുള്ള തിറയുടെ വരവും ഗ്രാമീണ ജനത ഭക്തിപുരസ്സരമാണ് ആഘോഷിക്കുന്നത്. പൂതത്തിന്റെയും, തിറയുടെയും വേഷവിധാനങ്ങളില്‍ ചെലുത്തുന്ന ശ്രദ്ധയും, ആചാരബദ്ധതയും ഇതിനുദാഹരണങ്ങളാണ്.  (പ്രവീണ്‍ വര്‍മ്മ)
                   
വിവരണം ഗംഭീരം(ശിവശങ്കരൻ)
                  
പൂതനും തിറയും
 തിരൂരും അനുബന്ധ പ്രദേശങ്ങളിലും ജനിച്ചു വളർന്നവരെ സംബന്ധിച്ചിടത്തോളം വൈരങ്കോട് തീയാട്ടിന്റെ അനുബന്ധമായി നാട്ടിലും വീട്ടിലുമെത്തുന്ന അതിഥികൾ. ഭക്തി, ഭയം, കൗതുകം, വീരപരിവേഷം ഇതെല്ലാം കലർന്ന മനോഭാവത്തോടെ ഓരോ ബാല്യവും മനസ്സിലാരാധിക്കുന്ന രൂപങ്ങൾ. ഇടശ്ശേരി പറയുമ്പോലെ അമ്മയുടെ കോന്തലത്തുമ്പിൽ തൂങ്ങി ഒട്ടു കണ്ടും ഒട്ടു മറഞ്ഞും ആസ്വദിക്കുന്നവ. പൂതന്റെ തുടികൊട്ടിനായി കൊതിക്കുമ്പോൾ തന്നെ ഇടവഴികളിൽ ഒറ്റയ്ക്കായാൽ നടുങ്ങുന്ന പിഞ്ചുമനസ്സുകൾ. പിന്നാലെ നടന്ന് മയിൽപീലിമുടികൾ തൊടുന്നതിലെ കൗതുകം . മണ്ണാർപ്പൂതം, പറപ്പൂതം, വൈക്കോൽപ്പുതം ഇങ്ങനെ ജാതി വേഷം ഒക്കെ പേരിനെ നിർണ്ണയിക്കുന്നു. കൂടുതൽ കായികമായ അഭ്യാസങ്ങൾ കാണിക്കുന്നതിറ .... കനമേറിയ കോപ്പ് (കിരീടം) ' വച്ച് കൊണ്ട്നിലത്തിട്ട പണം കണ്ണ് കൊണ്ട് എടുക്കുന്നതൊക്കെ കാണുമ്പോൾ ഓരോ കാഴ്ചക്കാരനും തിരികെ കിട്ടുന്നത് വിടർ കണ്ണുകളുള്ള ബാല്യത്തിന്റെ നിഷ്കളങ്കത  (സ്വപ്ന)                   

പൂതനും തിറയും ഒരിക്കൽ ഗംഭീരമായ ചർച്ചകൾക്ക് വിധേയമായതാണ്
വിശദമായ വിവരണവും സഹായികളും
എല്ലാവർക്കും നന്ദി (രതീഷ്)                    

ഇടശ്ശേരിയുടെ പൂതപ്പാട്ട് വള്ളുവനാട്ടെ കണ്ണകി കോവലൻ കഥ പറയുന്ന കലാരൂപവുമായി ബന്ധമുള്ളതാണോ?  (നെസ്സി)                   


കഥ
ഗൃഹസന്ദർശനം അഥവാ മറ്റൊരു പൂതപ്പാട്ട്.

ഇടശ്ശേരിയുടെ പൂതത്തെ പോലെ അവർ ഉണ്ണിയെത്തേടി ഓരോ വീട്ടിലും ചെന്നു. വന്നു കയറി പൂതങ്ങളെ പിണക്കാതെ തന്നെ വീട്ടുകാർ പടിയിറക്കി വിട്ടു.
ഉണ്ണിയെ വിടില്ലേ?
പടിയിറങ്ങുമ്പോഴും വന്നവർക്ക് സംശയം
തീർച്ചയായും. -നങ്ങേലിമാർ ഉറപ്പു നൽകി.

ഇതിപ്പോൾ എത്രാമത്തെ പൂതങ്ങളാണ്?
അച്ഛന്റെ സംശയം.
മൂന്നാമത്തെ യോ  നാലാമത്തെ യോആണ്. നമുക്ക് വരരുതെന്ന് പറയാൻ പറ്റില്ലല്ലോ. പൂതത്തിന് അങ്ങനെയൊരു വാക്കു നൽകിപ്പോയല്ലോ.
അതൊക്കെ പോകട്ടെ, ഇവിടത്തെ ഉണ്ണിയെ എന്തു ചെയ്യണം?
അത് സി.ബി.എസ്.സി തന്നെ.
അതു തെറ്റല്ലേ? പൊതു പള്ളി കൂടമല്ലേഅഭികാമ്യം?
ആരു പറഞ്ഞു. ഇവിടെ വന്ന നാലു പൂതങ്ങളിൽ മൂന്നെണ്ണത്തിന്റെ ഉണ്ണികളും സി.ബി.എസ്.സിയാണ്.
അങ്ങനെ യോ!
അല്ല പിന്നെ.
അതൊക്കെ മാറിയെന്നാണല്ലോ കേട്ടത് ?
എവിടെ?
അതെന്തായാലും പൊതു പള്ളിക്കൂടം തന്നെ മെച്ചം.
അത്രയ്ക്കു മെച്ചമാണെങ്കിൽ അവർ മാതൃക കാണിക്കട്ടെ.
അല്ല, ആരോ വരുന്നുണ്ട്. മണികിലുക്കം കേൾക്കുന്നു. ഒരു കാര്യം ചെയ്യ്, ഇത് ഉണ്ണിയുടെ വീടല്ലെന്ന് പറഞ്ഞേക്ക്.
അതാ നല്ലത്. പൂതങ്ങളെക്കൊണ്ട് തോറ്റു.
അങ്ങനെ പറയരുത്. പൂതംപാവമല്ലേ.
എന്തു പാവം, അസത്തു പൂതങ്ങൾ.
                 കെ.കെ.പല്ലശ്ശന  
                  
എത്രയെത്ര കലാരൂപങ്ങൾ..
വിസ്മയകരം കാഴ്ചയിലെ വിസ്മയം...💐💐💐                    
വടക്കൻ കേരളത്തിലെ തെയ്യം തിറയുമായും ബന്ധപ്പെട്ടു കിടക്കുന്ന കലാരൂപമാണെന്ന് തോന്നുന്നു                    
പെരുങ്കളിയാട്ടം.. പെരുവണ്ണാൻ കെട്ടിയാടുന്നതല്ലേ? ഇതും തെയ്യത്തിന്റെ മറ്റൊരു രൂപമല്ലേ? (അനില്‍)                              
*************************************************************************
                                                                                                                                                          ഹോം