ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

31-5-2017



ലോക സാഹിത്യം
നെസ്സി: 📚 
        
   
✍ മിഖായെൽ ഷോളൊ ഖോവ് 

റഷ്യയിലെ കൊസ്സാക് പ്രവിശ്യയിലെ ഒരു കർഷക കുടുംബത്തിൽ 1905-ൽ ജനനം. 13-ാം വയസ്സിൽ 1918-ലെ  റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ ബോൾഷെവിക്കുകളോടൊപ്പം പൊരുതി.1926-ൽ ഡോണിൽ നിന്നുള്ള കഥകൾ എന്ന സമാഹാരം പുറത്തുവന്നു. നീണ്ട 14 വർഷത്തെ പരിശ്രമത്തിനൊടുവിൽ 1940 ൽ🔴 ഡോൺ ശാന്തമായൊഴുകുന്നു🔴 എന്ന ബൃഹദ് നോവൽ പുറത്തു വന്നു .സോഷ്യലിസ്റ്റ് റിയലിസ്റ്റ് നോവലുകളുടെ ഏറ്റവും വലിയ മാതൃകയായി കണക്കാക്കപ്പെടുന്ന ഈ നോവൽ, റഷ്യയിൽ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. ഈ കൃതി 1962-ലെ നോബൽ സമ്മാനത്തിന് അദ്ദേഹത്തെ അർഹനാക്കി.1984 ഫിബ്രുവരി 2 1 ന് അന്തരിച്ചു.✍

📚📚📚📚📚📚📚📚

📗 ഡോൺ ശാന്തമായൊഴുകുന്നു 📗
📖📖📖📖📖📖📖

ബോൾഷെവിക് വിപ്ളവകാലത്തെ റഷ്യൻകൊസ്സാക്ക് ജീവിതത്തെ വന്യമായി ആവിഷ്കരിക്കുന്ന നോവൽ.റഷ്യൻ ഗ്രാമ്യ ജീവിതവും യുദ്ധവും പ്രണയവും മരണവും കൊണ്ട് നെയ്തെടുത്ത ക്യാൻവാസിൽ രചന.✍
📖
     പരിഭാഷ
കെ.പി.ബാലചന്ദ്രൻ

  📚📚📚📚📚📚    
                   
പ്രസാധകർ
മാതൃഭൂമി
📚📚📚📚📚📚📚                      

ഡോൺ ശാന്തമായി ഒഴുകുന്നു

മിഖായേൽ ഷെളോക്കോവ്‌

യോഷൻസ്‌കായ എന്ന കൊച്ചുഗ്രാമം. റഷ്യയുടെ തെക്കു പടിഞ്ഞാറു ഭാഗത്തുകൂടി ആയിരത്തി ഇരുന്നൂറു മൈൽ നീളത്തിൽ ഒഴുകുന്ന ഡോൺനദിയുടെ താഴ്‌വാരത്താണ്‌ ഈ ഗ്രാമ സൗഭഗത. ആ പ്രദേശത്തെ ജനമാണ്‌ കൊസാക്കുകൾ. കഷ്‌ടപ്പാടുകളുടെയും നൊമ്പരങ്ങളുടെയും ആകെത്തുകയാണ്‌ അവരുടെ ജീവിതം.

കൊസാക്കുകളുടെ സ്വയം ഭരണാവകാശം സർക്കാർ അനുവദിച്ചുകൊടുത്തിരിക്കുന്നു.

കൊസാക്കുവർഗ്ഗത്തിൽപെട്ട സൈനികോദ്യോഗസ്ഥൻമാരുടെ കീഴിൽ കൊസാക്കുകൾ റഷ്യൻ സൈന്യത്തിൽ സേവനം നടത്തിയിരുന്നവരാണ്‌. സൈന്യസേവനം അവസാനിച്ചാൽ അവർ ഡോൺ നദീതീരത്തേക്ക്‌ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുപോരും. കൃഷിയാണ്‌ ഉപജീവനമാർഗ്ഗം.

ഡോൺ നദീതീരത്തുളള കൊസാക്കു വർഗ്ഗത്തിലെ മെലോക്കോഫിന്റെ രണ്ടാമത്തെ മകനാണ്‌ ഗ്രിഗറി. പീറ്റർ മൂത്തമകൻ. ഒരു തുണ്ട്‌ ഭൂമി മാത്രം സ്വന്തമായുളള വ്യക്തിയാണ്‌ മെലോക്കോഫ്‌. അയാൾക്ക്‌ കൃഷി ഒരു വാശിയേറിയ ജീവിതാവസ്ഥയാണ്‌. അയാൾ തന്റെ ഭൂമി ഉഴുതു മറിക്കും, വിതയ്‌ക്കും, പാടുപെടും, കൊയ്‌തെടുക്കും. ജീവിതം അല്ലലും അലട്ടുമായി മുന്നോട്ടു പോകുന്നു.

കൊസാക്കുകാർ പ്രതിവിപ്ലവകക്ഷികളോടു ചേർന്നു. അത്‌ റഷ്യൻ ഗവൺമെന്റിന്‌ ഇഷ്‌ടപ്പെട്ടില്ല. ഗവൺമെന്റ്‌ അവർക്ക്‌ നേരത്തെ അനുവദിച്ച ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറച്ചു. കൊസാക്കുകളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി.

ഗ്രിഗറി ധീരനായ യോദ്ധാവാണ്‌. അയാൾ ജർമ്മനിക്കെതിരെ യുദ്ധം ചെയ്യാൻ തുടങ്ങി. ബോൾഷെവിക്കുകൾക്കെതിരെയും യുദ്ധം ചെയ്‌തു. അയാൾ റഷ്യയെ സ്‌നേഹിക്കുന്നു എങ്കിലും സർ ചക്രവർത്തിമാരെ വെറുക്കുന്നു. സോഷ്യലിസ്‌റ്റ്‌ സ്‌റ്റേറ്റു വേഗം സംജാതമാകാൻ ഗ്രിഗറി കൊതിക്കുന്നു. ആ ആഗ്രഹത്തോടൊപ്പം അയാൾക്ക്‌ മറ്റൊരാഗ്രഹമുണ്ട്‌. പുതിയ സർക്കാർ കൊസാക്കുകളെ ആക്രമിക്കരുത്‌. അവരുടെ ജീവിതം ദുഃഖമയമാക്കരുത്‌.

മെലോക്കോഫിന്റെ താൽപര്യമായിരുന്നു മകൻ ഗ്രിഗറി വിവാഹം കഴിക്കണമെന്നത്‌. പട്ടാള സേവനവുമായി മാത്രം നടന്നാൽ ജീവിതം ഉണ്ടാവില്ലല്ലോ. നിർബന്ധം മൂത്തുവന്നപ്പോൾ ഗ്രിഗറി നടാലിയ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. മെല്ലെ ആ പെൺകുട്ടിയോട്‌ അയാൾക്ക്‌ താൽപര്യം കുറഞ്ഞു. അയാളുടെ ആശ മറ്റൊരു വഴിക്കുതിരിഞ്ഞു. കൂട്ടുകാരനായ സ്‌റ്റെപ്പാന്റെ ഭാര്യ ആക്‌സിനിയയെ അയാൾ വെപ്പാട്ടിയാക്കി.

പീറ്ററും ഗ്രിഗറിയും ആഭ്യന്തരയുദ്ധകാലഘട്ടത്തിൽ റഷ്യൻ സൈന്യത്തിൽ ചേർന്നു. ആയിടയ്‌ക്ക്‌ ഗ്രിഗറി യുദ്ധം ചെയ്‌തത്‌ ജർമൻകാരോടും പോളണ്ടുകാരോടുമാണ്‌. മനുഷ്യരെ വാളുകൊണ്ട്‌ കൊല്ലണമെന്നാണ്‌ ഗ്രിഗറിക്കു കിട്ടിയ മിലിട്ടറി നിർദേശം. തന്റെ ജോലി അയാൾ വേണ്ട രീതിയിൽ നിർവ്വഹിച്ചു.

ആയിടക്ക്‌ കെറൻസ്‌ക്കിയുടെ നേതൃത്വത്തിലുണ്ടായ വിപ്ലവം അതിരൂക്ഷമായിരുന്നു. തലസ്ഥാനനഗരിയിലൂടെ മുഴങ്ങിക്കേട്ട വിപ്ലവാഭിവാദ്യങ്ങൾ സാറിസ്‌റ്റ്‌ സർക്കാരിന്റെ അടിത്തറ തകർക്കുന്നതായിരുന്നു. ആ ഗവൺമെന്റ്‌ തകിടം മറിയുകയും ചെയ്‌തു.

ഗ്രിഗറിക്ക്‌ യുദ്ധത്തിൽ അപകടം പിണഞ്ഞു. അയാൾക്ക്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നു. റഷ്യയും തൊഴിലാളി വർഗ്ഗവും ആയിരുന്നു അയാളുടെ മനസ്സുമുഴുവൻ. മരണം അയാൾക്ക്‌ പേടിയേ അല്ല.

കാലം മാറുകയായിരുന്നു.

ഇപ്പോൾ കൊസാക്കുകൾ സോവിയറ്റ്‌ റഷ്യക്ക്‌ എതിരെ യുദ്ധം ചെയ്യാൻ തുടങ്ങി. ചികിത്സ കഴിഞ്ഞ്‌ പുതിയ ഊർജ്ജവുമായി ആശുപത്രിവിട്ട ഗ്രിഗറി വീണ്ടും യുദ്ധരംഗത്തെത്തി. യുദ്ധവും വീര്യവും ക്രൂരതയും മാത്രമായി ആ മനുഷ്യന്റെ ഒരേയൊരു ലക്ഷ്യം. ദയവ്‌ എന്നത്‌ അയാളിൽ നിന്ന്‌ എന്നെന്നേക്കുമായി അകറ്റപ്പെട്ടു.

ചെമ്പട കൊസാക്കുകളെ എതിർത്തു തുടങ്ങി. ഗ്രിഗറി കൊസാക്കുകളെ നാട്ടിലേക്കു നയിച്ചു. തന്റെ ആഗ്രഹങ്ങൾ വൃഥാവിലായെന്ന്‌ ആ യോദ്ധാവിനു തോന്നി. ഗ്രിഗറിയോട്‌ പകപോക്കാൻ കൊതിച്ചിരുന്ന ചെമ്പട ഗ്രിഗറിയുടെ വെപ്പാട്ടിയെ വെടിവച്ചുകൊന്നു. പിതാവ്‌ മരിച്ചു.

[വൈകുന്നേരം 7:32 -നു, 31/5/2017] നെസ്സി: ആക്‌സിനിയയെ വളരെ വേദനയോടെ ഗ്രിഗറി മണ്ണുമാന്തി സംസ്‌കരിച്ചു. തന്റെ തെറ്റുകളുടെ ഫലം തെളിഞ്ഞു വരുന്നതായി അയാൾക്കു തോന്നി. ഗർഭഛിദ്രം നടത്തി നടാലിയേയും കൊന്നു.

അയാൾ തന്റെ ഗ്രാമത്തിലേക്കു തിരിച്ചു. ഗ്രാമം ദുഃഖദുരിതത്തിൽ ആണ്ടുകിടക്കുന്നു. മറ്റൊരു ദുഃഖപ്രതീകം പോലെ താടിയും മുടിയും വളർത്തി അതാ തന്റെ മകൻ നിൽക്കുന്നു. മകന്റെ ആ നോട്ടവും ഭാവവും കണ്ട്‌ അയാൾക്ക്‌ കുറ്റബോധവും ഭയവും തോന്നി.

അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലാത്തമട്ടിൽ ഡോൺ ശാന്തമായി ഒഴുകുകയായിരുന്നു.                      
[വൈകുന്നേരം 7:33 -നു, 31/5/2017] നെസ്സി: റഷ്യൻ സാഹിത്യകാരനായ മിഹായേൽ അലക്സാന്റ്റോവിച്ച് ഷോളഖോഫ് (ജനനം - 1905 മെയ് 24, മരണം - 1984 ഫെബ്രുവരി 21) പഴയ റഷ്യയിലെ വ്ഷൻസ്കായയിലാണ് ജനിച്ചത്. 1965 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കാർജിൻ, മോസ്കോ എന്നിവിടങ്ങളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ഷോളഖോഫ്. റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ ബോൾഷെവിക്കുകളുടെ പക്ഷം ചേർന്നു പ്രവർത്തിച്ചു.പതിനേഴാം വയസ്സു മുതൽ എഴുതിത്തുടങ്ങിയ ഷോളഖോഫ് 19 മത്തെ വയസ്സിൽ തന്റെ ആദ്യ ക്റൂതിയായ ' ദ ബെർത്ത് മാർക്ക്' രചിച്ചു. തുടർന്ന് പത്രപ്രവർത്തനത്തിൽ അഭിനിവേശം പുലർത്തിയ അദ്ദേഹം മോസ്ക്കോയിലേയ്ക്കു താമസം മാറ്റി. 1922 മുതൽ 1924 വരെ കല്ലാശ്ശാരിയായും,കണക്കെഴുത്തുകാരനായും ഷോളഖോഫ് പല ജോലികളും ഇതിനിടയിൽ ചെയ്തു.എഴുത്തുകാർക്കുള്ള പരിശീലന സെമിനാറുകളിലും അദ്ദേഹം പന്കെടുത്തു.1923 ലാണ് ആക്ഷേപഹാസ്യരൂപത്തിലുള്ള 'ദ ടെസ്റ്റ്'('പരീക്ഷണം'‌‌)എന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചത്. 1926 ൽ ആദ്യ നോവലായ ഡോണിൽ നിന്നുള്ള കഥകളും പ്രസിദ്ധീകരിയ്ക്കപ്പെട്ടു.

ഷോളൊക്കോവ് റഷ്യയിലെ കാമെൻസ്ഖായ പ്രദേശത്താണ് ജനിച്ചത്. കാമെൻസ്‌ഖായയിൽ സ്റ്റാനിസ്റ്റ വെഷൻസ്കായ എന്ന സ്ഥലത്തിന്റെ ഭാഗമായ ക്രുഴ്ലിനിൻ ഹാം‌ലെറ്റ് എന്ന സ്ഥലം - കൊസാക്കുകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലമായിരുന്നു ജന്മപ്രദേശം. അദ്ദേഹത്തിന്റെ അച്ഛൻ ഒരു കൃഷിക്കാരനും കാലിക്കച്ചവടക്കാരനും മില്ല് ഉടമയുമായി ജോലിചെയ്തു. ഷോളൊക്കോവിന്റെ അമ്മ ഉക്രെയിനിലെ കർഷക കുടുംബത്തിൽനിന്ന് വരുന്നവളും ഒരു കൊസാഖിന്റെ വിധവയുമായിരുന്നു. അമ്മയ്ക്ക് അക്ഷരാദ്ധ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും മകനുമായി എഴുത്തുകൾ അയക്കുവാനായി അമ്മ എഴുതുവാനും വായിക്കുവാനും പഠിച്ചു. ഷോളൊക്കോവ് കാർഗിൻ, മോസ്കോ, ബൊഗുച്ചാർ, വെഷെൻസ്ഖായ എന്നീ സ്ഥലങ്ങളിൽ പഠിച്ചു. 13-ആമത്തെ അവയസ്സിൽ അദ്ദേഹം റഷ്യൻ ആഭ്യന്തരയുദ്ധത്തിന്റെ വിപ്ലവകാരികളോടുചെർന്നു.

ഷോളൊക്കോവ് 17-ആമത്തെ വയസ്സിൽ എഴുതിത്തുടങ്ങി. ജന്മാടയാളം (ഷോളൊക്കോവിന്റെ ആദ്യത്തെ കഥ) അദ്ദേഹത്തിന് 19 വയസ്സായപ്പോൾ പ്രസിദ്ധീകരിച്ചു.1922-ൽ അദ്ദേഹം മോസ്കോവിലേക്കു താമസം മാറ്റി ഒരു പത്രത്തിൽ പ്രവർത്തിച്ചുതുടങ്ങി. എഴുത്തുകാരനായെങ്കിലും ജീവിക്കുവാനായി അദ്ദേഹത്തിന് കൂലിപ്പണി ചെയ്യേണ്ടിയും വന്നു. കപ്പലിൽ കയറ്റിയിറക്കു തൊഴിലാളിയും കൽപ്പണിക്കാരനും കണക്കെഴുത്തുകാരനുമായി അദ്ദേഹം 1922 മുതൽ 1924 വരെ ജോലിചെയ്തു. ഇടക്ക് എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേർന്നു. അദ്ദേഹത്തിന്റെ ആദ്യമായി അച്ചടിക്കപ്പെട്ട കൃതി ‘എ ടെസ്റ്റ്’ (ഒരു പരീക്ഷണം) എന്ന ആക്ഷേപഹാസ്യ ലേഖനമായിരുന്നു.

1924-ൽ ഷോളൊക്കോവ് വെഷെൻസ്ഖായയിൽ തിരിച്ചുവരികയും മുഴുവൻ സമയ എഴുത്തുകാരനാവുകയും ചെയ്തു. അതേവർഷം അദ്ദേഹം മരിയ പെട്രോവിയ ഗ്രൊമൊസ്ലാവ്സ്കായിയ എന്ന യുവതിയെ വിവാഹം ചെയ്തു. അവർക്ക് രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും ഉണ്ടായി.

അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം ‘ഡോൺ നദിയിൽ നിന്നുള്ള കഥകൾ’ - കൊസാഖുകളുടെ ഒന്നാം ലോകമഹായുദ്ധത്തിന്റെയും റഷ്യൻ ആഭ്യന്തരയുദ്ധത്തിന്റെയും കാലത്തുള്ള കഥകളുടെ സമാഹാരം - 1926-ൽ പ്രസിദ്ധീകരിച്ചു. അതേവർഷം ‘ഡോൺ ശാന്തമായി ഒഴുകുന്നു’ എന്ന കൃതി എഴുതിത്തുടങ്ങി. 14 വർഷം കൊണ്ട് എഴുതിയ ഈ കൃതിക്ക് സ്റ്റാലിൻ പുരസ്കാരം ലഭിച്ചു. സോവിയറ്റ് യൂണിയനിലെ ഏറ്റവും വായിക്കപ്പെട്ട കൃതിയായി മാറിയ ഈ കൃതി സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ശക്തമായ ഉദാഹരണമായി വാഴ്ത്തപ്പെട്ടു. ഇതേ കൃതിക്ക് 1965-ൽ അദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചു. ‘കന്യകയാ‍യ മണ്ണ് ഉഴുതപ്പോൾ‘ (Virgin Soil upturned) എന്ന കൃതി 28 വർഷം കൊണ്ടാണ് പൂർത്തിയായത്. ലെനിൻ സമ്മാനം ഈ കൃതിക്കു ലഭിച്ചു. നാളെയുടെ വിത്തുകൾ (1932), ഡോണിന്റെ വിളവെടുപ്പ് (1960) എന്നീ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പുസ്തകം ഡോൺ പ്രദേശത്തെ സാമൂഹിക ജീവിതത്തിന്റെ കഥ പറയുന്നു. ‘ഒരു മനുഷ്യന്റെ വിധി’ എന്ന ചെറുകഥ ഒരു റഷ്യൻ സിനിമയാക്കി. റഷ്യയുടെ രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കായിരുന്നു അദ്ദേഹത്തിന്റെ അപൂർണമായ ‘അവർ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തു’ എന്ന കൃതിയുടെ വിഷയം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് അദ്ദേഹം റഷ്യൻ യുദ്ധ പങ്കാളിത്തത്തെക്കുറിച്ച് പല മാസികകളിലും എഴുതി.

അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ 1956-നും 1960-നും ഇടയിലായി 8 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.

ഷോളൊക്കോവ് ‘ഡോൺ ശാന്തമായി ഒഴുകുന്നു’എന്ന കൃതിയിൽ സാഹിത്യമോഷണം നടത്തി എന്ന് അലക്സാണ്ടർ സോൾഷെനിറ്റ്സിനും മറ്റു പലരും ആരോപിച്ചു. ഈ ആരോപണങ്ങൾ സാഹചര്യത്തെളിവുകളെ മുൻനിർത്തി ആയിരുന്നു. ഷോളൊക്കോവിന്റെ മറ്റു പുസ്തകങ്ങളും ‘ഡോൺ ശാന്തമായി ഒഴുകുന്നു’ എന്ന കൃതിയും തമ്മിൽ എഴുത്തിന്റെ നിലവാരത്തിൽ വലിയ വ്യത്യാസമുണ്ട്. ഈ കൃതിയുടെ കരടു രൂപങ്ങളൊന്നും തന്നെ ഷോളൊക്കോവിനു കാണിച്ചുകൊടുക്കുവാനും സാധിക്കാത്തത് കാര്യങ്ങൾ വഷളാക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ സൈനികർ കരടുകളെല്ലാം നശിപ്പിച്ചു എന്നായിരുന്നു ഷോളൊക്കോവിന്റെ പക്ഷം. 1984-ൽ ഗെയിർ ജേറ്റ്സായും മറ്റു പലരും കമ്പ്യൂട്ടറിന്റെ സഹായത്താൽ ഷോളൊക്കോവായിരിക്കാം ഈ കൃതിയുടെ യഥാർത്ഥ കർത്താവ് എന്നു സ്ഥാപിച്ചു. 1987-ൽ ഈ കൃതിയുടെ ആയിരക്കണക്കിന് പേജുകളോളം വരുന്ന കരടുകൾ കണ്ടെടുക്കുകയും ഷോളൊക്കോവിന്റേതാണ് ഈ കൃതി എന്ന് സ്ഥാപിക്കുകയും ചെയ്തു.

ഡോൺസ്കി റസാക്സി - ഡോണിൽ നിന്നുള്ള കഥകൾ (1925)
ലാസുരെവാജ സ്റ്റെപ്പ് (1926)
റ്റിഖിലി ഡോൺ (നിശ്ശബ്ദ ഡോൺ) (1928-1940) ഡോൺ ശാന്തമായി ഒഴുകുന്നു (1934), ഡോൺ വീട്ടിൽനിന്ന് കടലിലേക്കു ഒഴുകുന്നു (1940)
കന്യകയായ മണ്ണ് ഉഴുതുമറിച്ചപ്പോൾ (1932-1960)
ഡോണിലെ വിളവെടുപ്പ് (1960)
അവർ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തു (1942)
വെറുപ്പിന്റെ ശാസ്ത്രം (1942)
സ്ലോവോ ഓ റോഡിൻ (1951)
ഒരു മനുഷ്യന്റെ വിധി (1959)
സോബ്രനീ സോച്ചിനെനി (1962)
ആദ്യകാല കഥകൾ (1966)
ഒരു മനുഷ്യന്റെ കഥയും മറ്റു കഥകളും (1923-1963)
ക്രുദ്ധരും നല്ലവരുമായ യോധാക്കൾ (1967)
ഹൃദയത്തിന്റെ വിളികേട്ട് (1970)
സമ്പൂർണ്ണ കൃതികൾ (1984)
ഷോളൊക്കോവ്  സ്റ്റാലിൻ (1994)

And Quiet Flows the Don

ഡോണ്‍  ശാന്തമായൊഴുകുന്നു
പ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍  മിഖായേല്‍ ഷോളഖോവിന്‍റെ “ ഡോണ്‍ ശാന്തമായൊഴുകുന്നു “എന്ന കൃതി സാര്‍ ചക്രവര്‍ത്തിയുടെ കാലം,ഒന്നാം ലോക മഹായുദ്ധം,യുദ്ധത്തെത്തുടര്‍ന്നുള്ള ആഭ്യന്നതര യുദ്ധം എന്നിവയിലൂടെ കടന്നുപോകുന്ന പ്രസിദ്ധമായ നോവലാണ്. രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്കൊപ്പം ഗ്രാമത്തിലെ കര്‍ഷക ജീവിതം,പ്രണയം,കലഹം,പക,ക്രൂരത എന്നിവയൊക്കെയും മനോഹരമായി ചിത്രീകരിക്കുന്ന ഒരു രചനയാണിത്.
നോവലിന്‍റെ ആദ്യ ഭാഗങ്ങള്‍ ഡോണ്‍ നദിയുടെ തീരത്തുള്ള ഗ്രാമത്തിന്‍റെ മനോഹരമായ വിവരണത്തിലൂടെയും അവിടത്തെ കര്‍ഷക ജീവിതത്തിന്‍റെ വര്‍ണ്ണനകളിലൂടെയും അതീവഹൃദ്യമായ ഒരനുഭവം വായനക്കാരന് നല്കുന്നു. മിഖായല്‍ 1928ലാണ് “And Quiet Flows The Don” എഴുതിയത്. ഒക്ടോബര്‍ വിപ്ലവത്തിനെ തുടര്‍ന്നുണ്ടായ ഭീകരമായ സഹനത്തിന്‍റെ കഥയാണ് അവസാനഭാഗം.
ആത്മകഥാംശം നിലനില്ക്കുന്ന ഒരു നോവലാണിത്. ഡോണ്‍ സമതലത്തിലെ വിയഷെന്‍സ്കാ ഗ്രാമത്തിലാണ് മിഖായേല്‍ 1905ല്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ അമ്മവീട്ടുകാര്‍ ടര്‍ക്കിയില്‍ നിന്നുള്ള യുദ്ധത്തടവുകാരായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്തെ ജര്‍മ്മനാക്രമണം താറുമാറാക്കിയ വിദ്യാഭ്യാസം,തുടര്‍ന്ന് യുദ്ധത്തിലുള്ള സജീവ ഇടപെടല്‍, പതിനാറാം വയസ്സില്‍ സമരത്തിനിറങ്ങി. ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം നടന്ന ആഭ്യന്തര കലാപകാലത്ത് ലഹളക്കാരെ അടിച്ചമര്‍ത്താനും മിഖായല്‍ ഉണ്ടായിരുന്നു. ഡോണ്‍ കൊസാക്കുകളുടെ ജീവിതമാണ് നോവലിന്‍റെ തന്തു. 14 വര്‍ഷം കൊണ്ടാണ് രചന നടത്തിയത്. വിപ്ലവകാലത്ത് പെട്രോഗ്രാഡിനെതിരായി നടന്ന ആക്രമണങ്ങളില്‍ കൊസാക്കുകളുടെ പങ്കാളിത്തം നന്നായി ചിത്രീകരിച്ചിട്ടുണ്ട് നോവലില്‍. റഷ്യയുടെയും ടാര്‍ട്ടാര്‍  ഭൂമികളുടെയും ഇടയിലെ തര്‍ക്കഭൂമിയില്‍ ഇരുകൂട്ടര്‍ക്കും വഴങ്ങാതെ ,സൌകര്യം കിട്ടുന്നവരെ കൊള്ളയടിച്ചുകൊണ്ട് സ്വതന്ത്രരായി വിഹരിച്ചിരുന്ന സമൂഹമാണ് കൊസാക്കുകള്‍.ശത്രുവിനെ നേരിടാന്‍ അതിസമര്‍ത്ഥരായിരുന്നു ഇവര്‍.എന്നാല്‍ സ്വതന്ത്രചിന്താഗതിക്കാരായ ഇവരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അമര്‍ച്ച ചെയ്തു. പലരേയും നാടുകടത്തി.സാമൂഹ്യസമത്വം നഷ്ടപ്പെട്ട ഇവരുടെയിടയില്‍ ജന്മിത്വസമ്പ്രദായം നിലവില്‍ വന്നു. സാധാരണ കൊസാക്കുകള്‍ കൂലിപ്പാട്ടാളക്കാരായി മാറി. പൊതു ഉടമയിലുള്ള ഭൂമിയില്‍ കൃഷിചെയ്യുന്നതിന് ഇവര്‍ക്ക് നികുതി കൊടുക്കേണ്ടിയിരുന്നില്ല. പകരം അടിയന്തിരഘട്ടങ്ങളില്‍ യുദ്ധം ചെയ്യാന്‍ പോകേണ്ടിവന്നു. ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കൊസാക്കുകളെ ഉപയോഗിച്ചു . 1905ലും 1914-18ലും നടന്ന യുദ്ധങ്ങള്‍ കഥാകാരന്‍ വിവരിക്കുന്നുണ്ട്.
ഗ്രിഗര് മെല്‍ക്കോവും സ്റ്റീഫന്‍റെ ഭാര്യയായ അക്സീനിയയും തമ്മിലുള്ള പ്രേമമാണ് നോവലിന്‍റെ നട്ടെല്ല്. അവസാനഭാഗത്ത് പ്രണയം യുദ്ധത്തിന് വഴിമാറുന്നു. 1914-1917ലെ റൂസ്സോ-ജര്‍മ്മന്‍ സമരവും തുടര്‍ന്നുണ്ടായ ഒക്ടോബര്‍ വിപ്ലവും 1918-21ലെ ആഭ്യന്തര സമരവുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. മലയാളി വായനക്കാര്‍ക്ക് അപരിചിതമായ ഒരു മേഖലയില്‍ നടന്ന യുദ്ധം എന്ന നിലയില്‍ ഈ ഭാഗം വായിച്ചു മനസ്സിലാക്കാന്‍ കുറച്ചുപ്രയാസമാണ്.
1941ല്‍ നാസികള്‍ റഷ്യ ആക്രമിച്ചപ്പോള്‍ ഒരു സമരലേഖകനായി ഷൊളോഖോവ് മുന്നണിയിലുണ്ടായിരുന്നു. ഗ്രാമവസതിയില്‍ താമസിച്ചിരുന്ന സ്വമാതാവ് ,ശത്രുവിന്‍റെ ബോംബിനിരയായ വസ്തുത സമരമുഖത്തുവച്ചാണ് അദ്ദേഹം അറിയുന്നത്. അതെല്ലാം നോവലിന്‍റെ രചന തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നായാട്ടും മീന്‍പിടുത്തവും ഗ്രാമീണ ജീവിതവും സഹജീവിസ്നേഹവും ഒത്തുചേര്‍ന്ന എഴുത്തുകാരന്‍റെ ,രചനയിലും അവയുടെ വിവരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
മാത്യൂ ലൂക്കാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുതിയ കാല വിവര്‍ത്തനങ്ങളേക്കാള്  മനോഹരമാണ് ലൂക്കിന്‍റെ രചനാ രീതി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

⁠⁠⁠⁠⁠******************************************
അശോക് ഡിക്രൂസ്: റഷ്യൻ പുസ്തകങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഈ അവസാന പേജാണ്. മിഖായേൽ ഷൊളോഖോവും ഇവാൻ തുർഗനേവും ലിയോ ടോൾസ്റ്റോയിയും അലക്സാണ്ടർ പുഷ്കിനുമൊക്കെ ഒരു കാലത്ത് വീട്ടിലും മനസ്സിലും സ്ഥിരതാമസമാക്കാനുള്ള എളുപ്പവഴിയായിരുന്നു അത്. എത്ര കമനീയമായിരുന്നു ഓരോ പുസ്തകങ്ങളുടെയും അച്ചടിയും മേനിക്കടലാസും ഗെറ്റപ്പും! ഞാൻ മോസ്കോയിലേക്ക് നിർദ്ദേശങ്ങളൊന്നും അയച്ചിട്ടില്ല. പക്ഷേ എന്നെ അന്നും ഇന്നും ആഹ്ലാദിപ്പിച്ച രൂപകല്പനയായിരുന്നു ആ പുസ്തകങ്ങൾക്ക്. ശാന്തമായൊഴുക്കുന്ന / ഒഴുകിക്കൊണ്ടേയിരിക്കുന്ന ഡോണിനെ വീണ്ടും കാട്ടിത്തന്നതിന് ടീച്ചർക്ക് അഭിവാദ്യങ്ങൾ !                      

അനില്‍: വളരെ കൃത്യമായും ലളിതമായും ഒരു വിഖ്യാത ഗ്രന്ഥത്തെ
നെസി ടീച്ചർ
വരച്ചിട്ടിരിക്കുന്നു.. ഗ്രിഗറി എന്ന കഥാപാത്രത്തിന്റെ ക്രൗര്യവും പതനവും ഗ്രാമീണ ജീവിത പശ്ചാത്തലത്തിൽ
അവതരിപ്പിക്കമ്പോഴും റഷ്യൻ ആഭ്യന്തര യുദ്ധങ്ങളുടെ കാണാ കാഴ്ചകളിലേക്കും ഷോളോക്കോവ്  നമ്മെ കൂട്ടികൊണ്ട് പോകുന്നു..
അവതരണത്തിന് അഭിനന്ദനങ്ങൾ നെസിടീച്ചർ💐💐💐                      

ശിവശങ്കരൻ: ഷെളോക്കോവിന്റെ
ഡോൺ ശാന്തമായി ഒഴുകുന്നു
എന്ന കൃതിയെ സൂക്ഷ്മമായി പരിചയപ്പെടുത്തിയ നെസി ടീച്ചർക്ക് അഭിനന്ദനങ്ങൾ                      

ജ്യോതി: വായിക്കാത്ത പുസ്തകം വെടിപ്പായി വായിച്ചു തന്ന നെസി ടീച്ചർ.....🌹🌹😀


*****************************************************************************
*****************************************************************************
ആനുകാലികങ്ങൾ

മാധ്യമം ആഴ്ചപ്പതിപ്പ്
പുസ്തകം 20, ജൂൺ- 5-2017

ട്രാൻസ്ജെൻഡേഴ്സ് നേരിടുന്ന പ്രശ്നങ്ങളുമായി ഈ ലക്കം മാധ്യമം  തുടങ്ങുന്നു.
കേരളത്തിൽ ട്രാൻസ്ജെൻഡർ നയം പ്രഖ്യാപിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു.
ഇഴഞ്ഞും വലിഞ്ഞും നടപ്പാക്കേണ്ട ഒന്നാണോ ഇത്.
കൊച്ചി മെട്രോ റെയിലിൽ ഇരുപത്തിമൂന്നു ട്രാൻസ്ജെൻഡേഴ്സിനു ജോലി നല്കിയാൽ തീരുന്ന പരിഗണനയാണോ അവർക്ക് ലഭിക്കേണ്ടത്. ശ്യാമ എസ് ചോദിക്കുന്നു.....
സമൂഹ മനസാക്ഷിയോട് ഈ ചോദ്യം  ഉണർത്തുകയാണവർ.....
പ്രതികരിക്കുക.

മൂന്നു കവിതകൾ:  പി. രാമൻ
..........................
പൊടി പിടിക്കാനുള്ളതാണ്
വസ്തുക്കളൊക്കെയും

മനുഷ്യനുമതെ
വസ്തുതന്നെ
ഒലിച്ചിറങ്ങുന്ന
കണ്ണീർച്ചാലും
ചോരത്തുള്ളികൂടിയും
പൊടിപിടിച്ചിരിക്കുന്നു*....

വ്യത്യസ്തമായ മനുഷ്യാവസ്ഥയുടെ കാവ്യരൂപം ഈ കവിതകളിൽകാണാം.

സംഭാഷണം :
ആർ. പി. അമുദനും നഹിമ പൂന്തോട്ടത്തിലുമായി.

തമിഴ് ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ അമുദൻ മനസ്സു തുറക്കുന്നു.
ജീവിതം പോരാട്ടമാക്കി മാറ്റി കുറേ ആളുകൾ,  അവരുടെ ശബ്ദമാണ് കൂടംകുളത്തും, മറ്റു സമരമുഖങ്ങളിലും മുഴങ്ങിയത്. ഇന്ത്യയുടെ ഇന്നത്തെ യാത്ര ഒരു സവർണ്ണ ഫ്യൂഡൽ ജാതീയ രാഷ്ടീയത്തിലേക്കാണ് എന്നു പറയാൻ  അമുദൻ മടിക്കുന്നില്ല.

ലേഖനം  : കുട്ടികളോടൊപ്പം ഇനി നമുക്കും പോകാം സ്കൂളിലേക്ക് - എ. കെ അബ്ദുൽ ഹക്കീം.

വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ പ്രശ്നങ്ങളും അവ എങ്ങനെ  രൂപംകൊണ്ടു  എന്നതും എന്താണവയുടെ പരിഹാരമാർഗ്ഗവും എന്ന് ഇവിടെ  ചർച്ച ചെയ്യുന്നു.

സംഭാഷണം : മൂന്നാർ സമരത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ല
ശ്രീ. സി. ആർ നീലകണ്ഠനുമായി ഫഹീം ചമ്രവട്ടം നടത്തുന്ന  സംഭാഷണം.

മൂന്നാർ സമരത്തിൽ ഒരുപാട് പഴികേട്ട ഒരു വ്യക്തിയാണ് സി. ആർ നീലകണ്ഠൻ.
തന്റെ നിലപാടുകൾ  ഇവിടെ  തുറന്നു പറയുന്നു.

ടെക്കികൾ ഇനി ഇങ്ങോട്ട്

ഐടി രംഗത്തെ അരക്ഷിതാവസ്ഥ. പുതിയ തൊഴിൽ സംസ്കാരവുമായി അവതരിച്ച ഐടി മേഖല തകർച്ചയെ നേരിടുമ്പോൾ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ ടെക്കികൾ നില്ക്കുന്നു.

തകരുന്ന വയനാട്
ബച്ചു ചെറുവാടി എടുത്ത ഫോട്ടോകൾ  വയനാടിന്റെ നാശത്തിന്റെയും കൊടിയ വരൾച്ചയുടെയും ചിത്രം  ദൃശ്യമാക്കുന്നു.

ഭക്ഷ്യ സുരക്ഷയും ജനിതക സാങ്കേതികവിദ്യയും

ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തുകൾ  സമ്മാനിച്ച ചില കൊച്ചു നേട്ടങ്ങൾ കണ്ടു കൊണ്ട് ഇപ്പോൾ  ജി. എം കടുകുമായി രംഗ പ്രവേശനം ചെയ്ത കുത്തകകളുടെ   നീക്കത്തിനെതിരേ പ്രതിരോധം തീർക്കണം. - പുഷ്പ എം . ഭാർഗ്ഗവ എഴുതുന്നു.

കളി, പണം, രാഷ്ട്രീയം
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മറനീക്കി കാണിക്കുനാന ലേഖനം. ടി. ഏ.  ഷിഹാബ് എഴുതുന്നു.

കഥ : ഗംഗാരുവും അനുകരണ കുടുംബവും
സി. ഗണേഷ്.
രണ്ടു കുടുംബങ്ങൾ.  ഒന്നിനെ അതുപോലെ അനുകരിക്കുന്ന മറ്റൊരു കുടുംബം. ആദ്യകുടുംബത്തിലെ നാഥൻ ടോയ്ലെറ്റിലിരുന്നു ഹൃദയാഘാതം മൂലം മരിക്കുന്നു.  അതുപോലെതന്നെ  ഗംഗാരുവും മരണത്തിനു മുന്നോടിയായി ബാത്ത്റൂമിൽ പ്രവേശിക്കുന്നു. അടുത്തു നിന്നവർ ക്രിമറ്റോറിയം ബുക്ക് ചെയ്യാൻ ഫോണെടുക്കുന്നു.

നിങ്ങളുടെ ഒരു പകർപ്പ് എവിടെയോ ഉണ്ട്.  അത് ചിലപ്പോൾ നിങ്ങളുടെ സമീപം തന്നെയായിരിക്കും എന്നത് അന്വർത്ഥമാക്കുന്ന കഥ. ചില മാനസീക വ്യഥകളുടേയും.....

തുടർന്ന് പ്രതിവാര പംക്തികളും......
മാധ്യമം മധ്യമനിലവാരമായി

കുറിപ്പ് തയ്യാറാക്കിയത് :

കുരുവിള ജോൺ
****************************************************************************
മാതൃഭൂമി - ആഴ്ചപ്പതിപ്പ്
2017 ജൂൺ 4. പുസ്തകം - 95
ലക്കം - 12

സോളോ സ്റ്റോറീസ് : വേണു

വിഖ്യാത ക്യാമറാമാൻ വേണുവിന്റെ യാത്രാക്കുറിപ്പ് ആരംഭിക്കുന്നു.
കാറിൽ  ഒറ്റയ്ക്ക് നടത്തിയ യാത്രാവിവരണം. ഗൂഗിളിന്റെ സഹായത്തോടെ ആയിരുന്നു യാത്ര. വിവരണവും ചിത്രങ്ങളും അതീവ ഹൃദ്യം.

വെള്ളത്തിനുവേണ്ടി ഒന്നിച്ചു, ജയിച്ച ജനകീയ സൈന്യം : ലേഖനം - ആർ. നന്ദലാൽ.
ജനകീയ പ്രതിരോധത്തിന്റെ വിജയഗാഥ. ഏഴിമല നാവിക അക്കാദമിയുടെ സ്വീവേജ് പ്ളാന്റിൽ നിന്നുള്ള മാലിന്യം  അടുത്തുള്ള കിണറുകളിലേക്ക് ഒഴുകിയെത്തുന്നു. കേരളം മുഴുവൻ വരൾച്ചയുടെ പിടിയിലമർന്നപ്പോഴും അവരുടെ കിണറുകളിൽ  നിറയെ വെള്ളമായിരുന്നു. പക്ഷേ  നാറുന്ന വെള്ളം.  അതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തിയ ജനകീയ സമര ചരിത്രം. ഒരുമിച്ചു നിന്നാൽ  നാവിക അക്കാദമിയെപ്പോലും മുട്ടുകുത്തിക്കാം എന്ന ജനകീയ സമരത്തിന്റെ  നേർ സാക്ഷ്യം.

പ്രാണന്റെ പിന്നിൽ കുറിച്ചിട്ടുണ്ട് വേദന
ലേഖനം : എതിരവൻ കതിരവൻ

വേദന എങ്ങനെ  അനുഭവമാകുന്നു. എങ്ങനെ രൂപപ്പെടുന്നു. അത് ശരീര കോശങ്ങളിലേക്ക് പടരുന്നതെങ്ങനെ.
ഒരേ മുറിവ് രണ്ടു പേർക്കുണ്ടായാൽ വേദന വ്യത്യസ്തമായിരിക്കും. യുദ്ധരംഗത്ത് പട്ടാളക്കാരന് മുറിവേല്ക്കുന്നത് ഉദാഹരണം. അവന്റെ  മസ്തിഷ്കം മരവിപ്പിലേക്ക് വഴുതുന്നു..... ... മനോഹരമായ ശാസ്ത്ര ലേഖനം.

എഴുത്തിന്റെ ജീവശാസ്ത്രവും ജീവ ശാസ്ത്രത്തിന്റെ  എഴുത്തും
പഠനം : ആഷാമേനോൻ

രോഗാതുരനായ ഒരുവന്റെ പാണ്ഡുരപടലങ്ങളിൽ എങ്ങനെയാണ് സർഗാത്മകത തിരളുക. കസൻദ് സാക്കീസ്, കാൾ സാഗൻ, തോമസ് മൻ, ആൾഡസ് ഹക്സലി, കെ. പി. അപ്പൻ എന്നിവരുടെ രചനകൾ മുൻനിറുത്തി പരിശോധിക്കുന്നു.  പ്രൗഢമായ രചന.

അഭിമുഖം :
ജനകീയ സമരങ്ങളെ ഇടതുപക്ഷം ആശങ്കയോടെ കാണരുത്
പ്രഭാത് പട്നായിക്കുമായി ജിപ്സൺ ജോൺ,  ജിതീഷ് പി. എം എന്നിവർ നടത്തിയ അഭിമുഖം.

തങ്ങൾക്ക് പങ്കാളിത്തമില്ലാത്ത ജനകീയ സമരങ്ങളെ ശത്രുതാപരമായാണ് ഇടതുപക്ഷം കാണുന്നത്. അത് ശരിയായ നിലപാടല്ല. പ്രമുഖ  ഇടത് സഹയാത്രികൻ  പ്രഭാത പട്നായിക് മനസ്സ് തുറക്കുന്നു.  സാമൂഹ്യ സമരങ്ങൾക്കും  പ്രസ്ഥാനങ്ങൾക്കും ജനങ്ങൾക്കിടയിൽ രാഷ്ട്രീയമായ പിന്തുണയോ, രാഷ്ട്രീയ സ്വീകാര്യതയോ ഇല്ല എന്നതാണ് ഇറോം ശർമിളയുടെയും മേധാ പട്കറുടെയും തിരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നത്.

കഥ : സങ്കടം - ഉണ്ണി. ആർ.

ബസ്സിൽ നിന്നിറങ്ങുമ്പോൾ രാധയുടെ ചന്തിക്ക് ആരോ മുറുക്കെ പിടിച്ചു.  ആളെക്കണ്ടു. പിറകേ ഓടി. പക്ഷേ  പിടി കിട്ടിയില്ല. പിന്നീട് ഒരുപാട് അലച്ചിലിനുശേഷം ആളെ കണ്ടപ്പോൾ  അപകടത്തിൽ പെട്ട അയാളെ ആശുപത്രിയിൽ  എത്തിക്കേണ്ടി വരുന്നു. പിന്നീട്  വീട്ടുകാരുടെ മുന്നിൽ വച്ച് രണ്ടുപൊട്ടിക്കാമെന്ന് കരുതി ചെന്നപ്പോൾ  അയാളുടെ സഞ്ചയനം കഴിഞ്ഞിരുന്നു.  സങ്കടങ്ങൾ ഗതിമാറിയൊഴുകുന്ന കഥ.

അന്നത്തെ  ആഴ്ചപ്പതിപ്പ്

ഇടപ്പള്ളിയുടെ
മണിമുഴക്കവും ചങ്ങമ്പുഴയുടെ
തകർന്ന മുരളിയും ഈ ലക്കത്തിൽ കൊടുത്തിരിക്കുന്നു. കുട്ടികൃഷ്ണമാരാർ ഇടപ്പള്ളിയെ അനുസ്മരിക്കുന്ന ലേഖനവും ഇതിലുണ്ട്.

നേരു പൂക്കുന്ന കാടകങ്ങൾ
പി. കെ തിലക്.
നാരായന്റെ  കഥകളെ  ലേഖകൻ വിലയിരുത്തുന്നു. ഹാസ്യവും ജീവിതത്തിന്റെ പ്രതിരോധവും തീർത്ത കഥകൾ  പുനർ വായന നടത്തുന്നു.

പതിവു പംക്തികൾ : മുകുന്ദന്റെ നോവൽ, കോളേജ് മാഗസിൻ,  മധുര ചൂരൽ,  ചോക്കുപൊടി,  ബാലപംക്തി, പുസ്തക പരിചയം തുടങ്ങിയവ.

വിഭവസമൃദ്ധിയിൽ നമ്മുടെ മാതൃഭൂമിപോൽ വിളങ്ങുന്നു ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ്.

കുറിപ്പ് തയ്യാറാക്കിയത് :
കുരുവിള ജോൺ

****************************************************************************