ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

31-7-2017

സർഗസംവേദനത്തിലേക്ക് സ്വാഗതം..🙏🏻
അനില്‍

ബുദ്ധനെ എറിഞ്ഞ കല്ല്-ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍
📚📚📚📚📚📚📚📚
     ഭഗവദ്ഗീതയും കുറെ മുലകളും'(1967)എന്ന പുസ്തകം വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയത് ഇന്നായിരുന്നെങ്കില്‍ ഒരുപക്ഷെ മതാചാര പോലീസുകാര്‍ എം.എഫ്.ഹുസ്സൈനെപ്പോലെ  ബേപ്പൂര്‍ സുല്‍ത്താനെയും നാടുകടത്തിയേനെ. ഇപ്പോഴിതാ ‘ബുദ്ധനെ എറിഞ്ഞ കല്ല്-ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍’ (2014 നവമ്പര്‍) എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഗീതാവിമര്‍ശന പഠനഗ്രന്ഥം പുറത്തിറങ്ങിയപ്പോഴേ പലര്‍ക്കുമത് കണ്ണിലെ കരടായി മാറിയിരിക്കുന്നു. പുസ്തകം ബുക്ക് ഷോപ്പുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ ഉള്ളടക്കം ഊഹിച്ച് പല മതചിന്തകരും വിമര്‍ശനങ്ങള്‍ പുറത്തിറക്കി! വായനാലോകത്ത് ആശയസംവാദത്തിന്റെ അലകളിളക്കിയ നാസ്തികനായ ദൈവം (2009), മൃത്യുവിന്റെ വ്യാകരണം(2011), പകിട പതിമൂന്ന് (2013)  തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവും ശാസ്ത്രപ്രചാരകനുമായ രവിചന്ദ്രന്‍ സി. ആണ് ‘ബുദ്ധനെ എറിഞ്ഞ കല്ലി’ന്റെ രചയിതാവ്.

കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജുനസാരഥിയെങ്കില്‍ ഒരു പക്ഷേ കുരുക്ഷേത്രയുദ്ധം തന്നെ റദ്ദാക്കപ്പെടുമായിരുന്നുവെന്നാണ് പ്രാരംഭഭാഗത്ത് ‘ബുദ്ധനെ എറിഞ്ഞ കല്ല്’ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ആദിശങ്കരന്റെ ഭാഷ്യമാണ് ഗീതയുടെ മതപ്രസക്തിക്ക് മുഖ്യ കാരണം. ബ്രിട്ടീഷുകാരുടെ വരവിനുശേഷം ഗീതയിലുള്ള താല്പര്യം വര്‍ദ്ധിച്ചു. പിന്നീടിങ്ങോട്ട് കുര്‍ആന്‍, ബൈബിള്‍, ധര്‍മ്മപദ തുടങ്ങിയ സുവിശേഷങ്ങള്‍ക്ക് ബദല്‍ എന്ന മട്ടിലാണ് ഗീതയെ മതവ്യാഖ്യാതാക്കള്‍ വളര്‍ത്തിക്കൊണ്ടുവന്നത്-ഗീത മതേതരമാണെന്ന പരസ്യവും കൊടുത്തു.

ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന ഒരു ‘കട്ട് ആന്‍ഡ് പേസ്റ്റ്’ഗ്രന്ഥമായതുകൊണ്ടുതന്നെ ‘ഗീതാവ്യാഖ്യാനം’ എന്നത് വലിയൊരു സാദ്ധ്യതയും ഇന്ന് പലരുടെയും മുഖ്യ ഉപജീവനമാര്‍ഗ്ഗവുമായി മാറിയിട്ടുണ്ട്. കുരുക്ഷേത്രയുദ്ധം മനുഷ്യന്റെ ആന്തരികസംഘര്‍ഷങ്ങളുടെ ബഹിര്‍സ്ഫുരണമാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ മുതല്‍ യുദ്ധം ചരിത്രസംഭവമാണെന്ന് ശാഠ്യംപിടിക്കുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്. ‘വ്യാഖ്യാനഫാക്ടറി’ എന്ന അദ്ധ്യായത്തില്‍ ഇത്തരം വ്യാഖ്യാനപരാക്രമങ്ങളുടെ വിശകലനമുണ്ട്. ‘വ്യാഖ്യാനഫാക്ടറി വീര്‍പ്പിച്ചെടുത്ത മതബലൂണാണ് ഗീത’ എന്ന രവിചന്ദ്രന്റെ പരാമര്‍ശം ദയാശൂന്യമായ ഒരു പൊളിച്ചെഴുത്താണ്.

കുരുക്ഷേത്രയുദ്ധം നടന്നോ-ഇല്ലയോ കൃഷ്ണനും അര്‍ജുനനും ജീവിച്ചിരുന്നോ-ഇല്ലയോ തുടങ്ങിയ ചോദ്യങ്ങളൊന്നും പ്രസക്തമല്ലെന്ന നിലപാടാണ് ഗ്രന്ഥകാരനുള്ളത്. സവര്‍ണ്ണരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലു വര്‍ണ്ണങ്ങളാക്കി തിരിച്ച് ഓരോ വര്‍ണ്ണത്തിനും നിശ്ചിതകര്‍മ്മങ്ങള്‍ കല്‍പ്പിച്ചുനല്‍കുകയും വിരുദ്ധകര്‍മ്മം ചെയ്യുന്നവരെ വര്‍ണ്ണാടിസ്ഥാനത്തില്‍ ശിക്ഷിക്കുകയുംചെയ്യുന്ന ചാതുര്‍വര്‍ണ്യസമ്പ്രദായത്തിനു ധാര്‍മ്മികാടിത്തറ നല്‍കുന്ന ഗ്രന്ഥമാണ് ഗീത. മറിച്ചുള്ള ‘പെയിന്റടി വ്യാഖ്യാനങ്ങള്‍’ ഒന്നൊന്നായി ‘ബുദ്ധനെ എറിഞ്ഞ കല്ലി’ല്‍ ഖണ്ഡിക്കപ്പെടുന്നുണ്ട്.

125 വര്‍ഷം ജീവിക്കണമെന്നാഗ്രഹിച്ച ഗാന്ധിജിയും ഗാന്ധിയെ വെടിയുണ്ടകള്‍ കൊണ്ടാദരിച്ച നാഥുറാം ഗോഡ്‌സെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച മതഗ്രന്ഥം ഭഗവദ്ഗീതയായിരുന്നുവെന്ന് രവിചന്ദ്രന്‍ എഴുതുമ്പോള്‍ വായനക്കാരന് മനസ്സിലാക്കാന്‍ പലതുമുണ്ട്. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെക്കുറിച്ച് ഗീതയും നിശബ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണ്. ഗീതാസന്ദേശം ഹിംസാത്മകമാണ്-ബുദ്ധനാകട്ടെ അഹിംസയുടെ ശക്തനായ വക്താവും. അതുകൊണ്ട് തന്നെയാണ് താത്വികതലത്തില്‍ ഭഗവത്ഗീത ‘ബുദ്ധനെ എറിഞ്ഞ കല്ല്’ആയി പരിണമിക്കുന്നത്.

ഗീതയിലെ സത്കര്‍മ്മം എന്നത്, സ്വന്തം വര്‍ണത്തിന്റെ കര്‍മ്മം നിര്‍വ്വഹിക്കലാണ്. അന്യവര്‍ണത്തിന്റെ കര്‍മ്മം ദുഷ്‌കര്‍മ്മമാണ്. അവിടെ നീതിക്കോ മാനവിക വികാരങ്ങള്‍ക്കോ യാതൊരു പ്രാധാന്യവുമില്ല. അതുകൊണ്ട് ഗീതയനുസരിച്ച് സത്കര്‍മ്മം സാന്മാര്‍ഗികമോ ദുഷ്‌കര്‍മ്മം അസാന്മാര്‍ഗികമോ അല്ല!  ‘ധര്‍മ്മ സംരക്ഷണ’ത്തിനായി ചതിയും വഞ്ചനയും ഹിംസയും ഒഴിവാക്കേണ്ടതില്ലെന്നാണ് മഹാഭരതവും ഗീതയും പഠിപ്പിക്കുന്നത്. തോട്ടി തോട്ടിയായി ജീവിച്ചില്ലെങ്കില്‍ അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെന്ന് പ്രചരിപ്പിക്കുന്ന ഗ്രന്ഥമാണെങ്കിലും ഗീത ഒരു അന്ധവിശ്വാസഗ്രന്ഥമാണെന്ന് ഒരു ഗ്രേഡിലുള്ള ഗീതാഭക്തനും സമ്മതിച്ചുതരില്ല. കൂടുവിട്ട് കൂടുമാറുന്ന, ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരം സ്വീകരിക്കുന്ന ആത്മാവ് എന്ന സങ്കല്‍പ്പത്തെ പ്രതിനിധാനം ചെയ്യുന്ന ഗീതയക്ക് അലഞ്ഞു തിരിയുന്ന ആത്മാവിനെയും ആത്മാവിനെ നിയന്ത്രിക്കുന്ന മന്ത്രവാദത്തെയും എങ്ങനെ നിരാകരിക്കാനാകും?!

ഫലേച്ഛ കൂടാതെ സ്വകര്‍മ്മം ചെയ്യുന്നതിനാണ് ഗീത ഉപദേശിക്കുന്നത്. ശ്രദ്ധ കര്‍മ്മത്തിലാകണം, ഫലത്തിലാകരുത്. പരധര്‍മ്മം നല്ലതാണെങ്കിലും വര്‍ജ്ജിക്കണം. സ്വകര്‍മ്മം മോശമായാലും അനുഷ്ഠിക്കണം. ഓരോ വിഭാഗത്തിനും കല്‍പ്പിച്ചുനല്‍കിയിരിക്കുന്ന തൊഴിലുകള്‍ മാറാതിരിക്കുക എന്നതും സ്വന്തം തൊഴിലിനെക്കുറിച്ച് പരാതിപ്പെടാതിരിക്കുക എന്നതും വ്യവസ്ഥിതിസംരക്ഷണത്തിന് അനിവാര്യമാണ്. ഇക്കാര്യം ‘ദൈവത്തെ കൊണ്ട് പറയിച്ച്’ജനത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് ഗീതയുടെ ജന്മലക്ഷ്യം.

ബുദ്ധന്‍ അഹിംസക്കുവേണ്ടി ജീവിച്ചുവെങ്കില്‍ ഗീത ലക്ഷ്യമിടുന്നത് മനുഷ്യക്കുരുതിയാണ്. രക്തം ഒഴുകുമ്പോഴാണല്ലോ ഗീതയിലെ കൃഷ്ണന് സന്തോഷം വരുന്നത്! ചോര കാണുമ്പോള്‍ ചിരിക്കുന്ന പരമ്പരാഗതദൈവം തന്നെയാണ് ഗീതയിലെ കൃഷ്ണനെന്ന് ‘ദൈവോഫോബിയ’ എന്ന അദ്ധ്യായത്തില്‍ രവിചന്ദ്രന്‍ യുക്തിസഹമായി സമര്‍ത്ഥിക്കുന്നു. ബ്രഹ്മസമാജ സ്ഥാപകനായ രാജാറാം മോഹന്‍ റോയ്, ശ്രീനാരായണഗുരു തുടങ്ങിയവര്‍ ഗീതയെക്കുറിച്ച് നിശബ്ദത പാലിച്ചു. ഭക്തകവിയായ തുഞ്ചത്ത് എഴുത്തച്ഛന്‍ തന്റെ മഹാഭാരതത്തില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്താത്തതും ശ്രദ്ധേയമാണ്.

അന്ധമായ മതഭക്തിയും വിശ്വസിക്കുന്നതൊക്കെ ശരിയാകണേ എന്ന അഗാധമായ ആഗ്രഹവുമുണ്ടെങ്കില്‍ മതപുസ്തകങ്ങളില്‍ സമസ്ത പരിഹാരങ്ങളും ആധുനിക ശാസ്ത്രത്തിനുപോലും അജ്ഞാതമായ പ്രപഞ്ചസത്യങ്ങളും കണ്ടെത്താനാകുമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഗീതാവിശ്വാസത്തിന്റെ കാര്യവും വിഭിന്നമല്ല. ഗീത വായിച്ച് മന:ശ്ശാന്തി നേടുമെന്ന് വാദിക്കുന്നവര്‍ ഗീതയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ഒരിക്കലും അനുഭവിക്കാനിടയില്ലാത്ത ഒരു സാങ്കല്‍പ്പിക പ്രശ്‌നത്തിനു പരിഹാരം തേടുകയാണ്. ഗീതയില്‍ വിശ്വസിക്കുന്നവനു് ഗീത തരുന്നതുപോലെ മന്ത്രവാദത്തില്‍ വിശ്വസിക്കുന്നവന് മന്ത്രവാദവും മന:സ്സുഖവും സന്തോഷവുമൊക്കെ പ്രദാനംചെയ്യുന്നുണ്ട്. ഗീതയും ഉപനിഷത്തും മന്ത്രവാദവുമൊക്കെ ഫലത്തില്‍ ഒരേ സാധനമാണ്. ഗീതയും ഉപനിഷത്തും ബൗദ്ധികമെങ്കില്‍ കൂടോത്രവും മൃഗബലിയും പൊങ്കാലയും അങ്ങനെതന്നെ-രവിചന്ദ്രന്‍ തുറന്നടിക്കുന്നു.

ഭാഷാമേന്മയുള്ളതും ശ്രവണസുന്ദരവുമായ വരികള്‍ മറ്റേതൊരു മതഗ്രന്ഥത്തെയും പോലെ ഗീതയുലുമുണ്ട് എന്നതു സത്യം. പൂര്‍ണമായും തിന്മനിറഞ്ഞ ഒന്ന് രചിക്കാന്‍ മനുഷ്യനാകില്ല. രചനാകാലഘട്ടത്തില്‍ സയന്‍സും ഗീതയിലുണ്ടാവും. അതിലപ്പുറം ആധുനിക സയന്‍സൊക്കെ ഗീതിയില്‍ തളംകെട്ടിക്കിടക്കുകയാണെന്ന വാദം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അപഹാസ്യമാണ്. ഗീത സത്യത്തില്‍ ബ്രാഹ്മണരുടെ മോഹപദ്ധതിയാണ്. അവരാണതിന്റെ മുഖ്യ ഗുണഭോക്താവ്. ശൂദ്രവര്‍ണത്തെയും തമോഗുണത്തെയും അധിക്ഷേപിച്ച് വശംകെടുന്ന ഗീതയില്‍ ബ്രാഹ്മണനെതിരെ ഒരു വരിപോലുമില്ല. ബ്രാഹ്മണേതരര്‍ ഗീത പഠിക്കുന്നതിനെ മഹത്വവല്‍ക്കരിക്കുന്ന ചില ഗീതാഭക്തരുണ്ട്. എന്നാല്‍ തനിക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ അവര്‍ സൗകര്യപൂര്‍വം മറക്കുന്നു. ഇന്ന് ചില ‘ശൂദ്രന്മാരും’ ‘അധ:കൃതരു’മെല്ലാം ഗീതാവ്യാഖ്യാതാക്കളായി ജീവിക്കുന്നുവെങ്കില്‍ അതിന്റെ മഹത്വം തിരയേണ്ടത് ഗീതയിലെ വര്‍ണ്ണാശ്രമധര്‍മ്മത്തിലല്ല മറിച്ച് രാജ്യത്തെ മതേതര ഭരണഘടനയിലാണ്.

ഗീതയുടെ തത്വചിന്താപരവും സാമൂഹികശാസ്ത്രപരവുമായ മാനങ്ങളാണ് ‘ബുദ്ധനെ എറിഞ്ഞ കല്ലി’ല്‍ പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്നത്. ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്ത് ഗീത മുന്നോട്ടുവെക്കുന്ന വേദാന്തസങ്കല്‍പ്പത്തിന്റെ കഥയില്ലായ്മ അനാവരണം ചെയ്യപ്പെടുന്നു. ശാസ്ത്രീയ വിശദീകരണങ്ങളും നിഗമനങ്ങളുമാണ് പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ഗീതയും മായയും, വേദാന്തം എന്ന യക്ഷിക്കഥ, ബോധത്തിന്റെ ജനിതകം എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളിലായി ആത്മാവ്, ബോധം, പുനര്‍ജന്മം, ബ്രഹ്മസങ്കല്‍പ്പം തുടങ്ങിയ വിഷയങ്ങള്‍ കൂടി വിശകലനം ചെയ്യുന്ന 560 പേജുള്ള ഈ പുസ്തകം മലയാളവായനാലോകത്ത് ഒരു ചുഴലിക്കാറ്റായി വീശിയടിക്കുമെന്നുറപ്പാണ്. മലയാളത്തില്‍ ഇന്നുവരെ ഇതുപോലൊരു ഗീതാവിമര്‍ശന ഗ്രന്ഥമിറങ്ങിയിട്ടില്ലെന്ന് നിസ്സംശയം പറയാം.
🌹🌹🌹🌹🌹🌹🌹🌹
       🖌 രവിചന്ദ്രൻ .സി






******************************************************
പ്രവീണ്‍ വര്‍മ്മ: ഭഗവദ് ഗീതാ വ്യാഖ്യാനങ്ങളെ വിലയിരുത്തിയും ബുദ്ധനെയും കൃഷ്ണനേയും പക്ഷങ്ങളിലാക്കിയുമുള്ള രവിചന്ദ്രന്റെ ഈ പുസ്തകം വായിക്കാതെ പോയതിൽ വിഷമമുണ്ട്. ശ്രദ്ധയിൽപെടുത്തിയതിന്  🙏

 വാസുദേവന്‍: ഭഗവദ് ഗീത ശരിക്കും കൃഷ്ണൻ പറഞ്ഞവ തന്നെയോ?
കൃഷ്ണനോ കൃഷ്ണന്റെ അനുയായികളോ അല്ല കൃഷ്ണ ഗീത അവതരിപ്പിക്കുന്നത് എന്നതാണ് സത്യം .
കൃഷ്ണന്റെ ശത്രു ക്യാമ്പിലെ ഒരു സൂതൻ ഉദ്ധരിക്കുന്നതായിട്ടാണുള്ളത്.
കൃഷ്ണൻ ഇങ്ങനെയൊന്നും പറയില്ല.

രതീഷ്: ഇന്ന് അനിൽ വെടിക്കോപ്പുമായി ഇറങ്ങിയിട്ടും പ്രതീക്ഷിച്ച പൊട്ടിത്തെറി പോയിട്ട് ചെറുതെറി പോലും കണ്ടില്ല
പിന്നെ പ്രവീൺ മാഷ് പറഞ്ഞ കാര്യം
ഇവിടെ ഗ്രൂപ്പിന് വേണ്ട കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുക
(PT യിൽ പ്രത്യേകിച്ചും)

സ്വപ്ന: ഇതിഹാസങ്ങൾ മനുഷ്യ കഥാനുഗായികളാണെന്ന് വിലയിരുത്താറുണ്ട്. ഏത് തരം മനുഷ്യരുടെ എന്നതാണ് ചോദ്യം. അഥവാ ആരെയാണ് മനുഷ്യരെന്ന് അംഗീകരിച്ചിരുന്നത്? കാട്ടാളത്തിയേയും 5 മക്കളേയും അരക്കില്ലത്തിലിട്ടു കൊന്ന് സ്വയം രക്ഷ നേടിയ കുന്തിയാണോ ധർമ്മത്തിന്റെ മാതൃക ? ഭർത്താവിനോടുള്ള ആദരവിന്റെ പേരിൽ പുറം കാഴ്ചകളിൽ നിന്ന് / മക്കളുടെ അധാർമ്മികതകളിൽ നിന്നു പോലും കാഴ്ച മറയ്ക്കേണ്ടി വന്ന ഗാന്ധാരിയോ? ഇണപ്പക്ഷികളിലൊന്നിന്റെ വേർപാടിൽ ശോക മനുഭവിച്ച വാത്മീകിയ്ക്ക് വേടന്റെ വിശപ്പ് കാണാൻ സാധിക്കാതെ പോയോ?
വിജയിച്ചവൻ പറഞ്ഞതും ചെയ്തതും ധർമ്മം. രാജാക്കന്മാരും ബ്രാഹ്മണരും ഒഴികെയുള്ളവരൊന്നും മനുഷ്യരുമല്ല
ഇതിഹാസങ്ങളേയും പുരാണങ്ങളേയും ഏത് മത ഗ്രന്ഥത്തേയും കവിഭാവനയിലുണ്ടായ രചനകൾ എന്നതിലപ്പുറം സ്ഥാനം കല്പിക്കേണ്ടതുണ്ടോ?

മിനി താഹിര്‍  ഞാൻ ഈ പുസ്തകം വായിച്ചിട്ടില്ല... എന്നാൽ കേട്ടിട്ടുണ്ട്.... അതിന്റെ പ്രമേയം... നേരിടുന്ന വെല്ലുവിളികൾ... ഇനിയും വരാനിരിക്കുന്ന കോലാഹലങ്ങൾ ഒക്കെ...
ബുദ്ധമതത്തെ പ്രതിരോധിക്കാൻ അന്നത്തെ സംഘടിത ശക്തികൾ ഉരുട്ടിയെടുത്ത ഒരു ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഭഗവത് ഗീതയെ രവിചന്ദ്രൻ കാണുന്നത്...
പ്രമേയ പരിസരം ഗ്രഹിക്കാൻ കഴിയുന്ന തരത്തിൽ നല്ല പരിചയപ്പെടുത്തൽ.....🌹
കൂടുതൽ അഭിപ്രായം പറയുന്നില്ല... എല്ലാവരും വായിക്കാൻ ശ്രമിക്കൂ....
ഞാനും പുസ്തകം വാങ്ങുന്നുണ്ട്....👍🙏

നെസി: വായിക്കണമെന്നാഗ്രഹിച്ച പുസ്തകമായിരുന്നു. ഇനി തീർച്ചയായും വായിക്കും. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യാൻ ആഹ്വാനിക്കുന്ന ഒരു ആശയസംഹിത എങ്ങനെ യുദ്ധത്തെ ന്യായീകരിക്കും. കാരണം കുരുക്ഷേത്രയുദ്ധത്തിന് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നല്ലോ? അതിനു വേണ്ടിയല്ലേ ചതിയും വഞ്ചനയും നടത്തിയതും .

പ്രജിത
P

സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട്. അവരിൽ ഭാരതത്തിൽ നിന്നുള്ളവരിൽ ഏറ്റവും പ്രമുഖൻ കോസാംബിയാണ്‌.ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളിൽ ഏറ്റവും പ്രമുഖമായത്വ ഗീതയാണെന്നുമാണു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് മറ്റു പല ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്.