ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

5-7-2017

ലോകസാഹിത്യത്തിലേക്ക് സ്വാഗതം
നെസി
🌈എഴുത്തുകാരൻ🌈
🎖🎖🎖🎖🎖🎖🎖
 കസൻ‌ദ്സക്കിസ്
📝📝📝📝📝📝
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാർശനികനുമായിരുന്നു നിക്കോസ് കസൻ‌ദ്സക്കിസ് (ഗ്രീക്ക്: Νίκος Καζαντζάκης).[1] ഓട്ടമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ക്രീറ്റിലെ ഹെരാക്ലിയോണിൽ 1883, ഫെബ്രുവരി 18-ന്‌ ജനിച്ച അദ്ദേഹം, ജർമ്മനിയിലെ ഫ്രീബർഗ്ഗിൽ 1957 ഒക്ടോബർ 26-ന്‌ അന്തരിച്ചു. മരണാനന്തരം, 1964-ൽ, അദ്ദേഹത്തിന്റെ നോവലുകളിലൊന്നായ "ഗ്രീക്കുകാരൻ സോർബാ"-യുടെ ചലച്ചിത്രഭാഷ്യം വെളിച്ചം കണ്ടതോടെയാണ്‌ കസൻ‌ദ്സക്കിസ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

കസാൻ‌ദ്സക്കിസ് ജനിക്കുമ്പോൾ ക്രീറ്റ് തുർക്കിയുടെ ഓട്ടമൻ സാമ്രാജ്യത്തിന്റെ അധിനിവേശത്തിലായിരുന്നു. കസാൻ‌ദ്സകിസ് എന്ന കുടുംബപ്പേര്‌ കുട്ടകം(cauldron) എന്നർത്ഥമുള്ള "ഖസാൻസി" എന്ന തുർക്കി ഭാഷാപദത്തിൽ നിന്ന് സിദ്ധിച്ചതും കുട്ടകക്കാരൻ എന്നു പരിഭാഷപ്പെടുത്താവുന്നതുമാണ്‌‌. വലിയ പാത്രങ്ങൾ നിർമ്മിക്കുകയും, കേടുപാടുകൾ നീക്കുകയും വിൽക്കുകയും ചെയ്യുന്ന തൊഴിലിനെയാണ്‌ അതു സൂചിപ്പിക്കുന്നത്.


കസാൻ‌ദ്സക്കിസിന്റെ ബാല്യകാലത്ത്, ഓട്ടമൻ ആധിപത്യത്തിൽ നിന്നുള്ള മോചനത്തിനും ഗ്രീസിന്റെ ഭാഗമായിത്തീരുന്നതിനും വേണ്ടിയുള്ള ജനമുന്നേറ്റങ്ങൾ ക്രീറ്റിൽ പതിവായിരുന്നു. 1902 മുതൽ കസൻ‌ദ്സക്കിസ് ആഥൻസ് സർ‌വകലാശാലയിൽ നിയമം പഠിച്ചു. 1907-ൽ അദ്ദേഹം തത്ത്വചിന്ത പഠിക്കാനായി പാരിസിലേയ്ക്കു പോയി. അവിടെ അദ്ദേഹം ഹെൻറി ബേർഗ്സന്റെ സ്വാധീനത്തിൽ വന്നു. ഗ്രീസിൽ മടങ്ങിയെത്തിയ കസൻ‌ദ്സക്കിസ് ദാർശനികരചനകൾ പരിഭാഷപ്പെടുത്താൻ തുടങ്ങി. 1914-ൽ അദ്ദേഹം കവിയും നാടകകൃത്തുമായ അഞ്ജലസ് സിഖെലിയാനസിനെ പരിചയപ്പെട്ടു. സിഖലിയാനസിന്റെ ദേശീയവാദ മനസ്ഥിതിയുടെ സ്വാധീനത്തിൽ അവരിരുവരും ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്തീയ സംസ്കാരം പ്രബലമായിരുന്ന പ്രദേശങ്ങൾ ചുറ്റിക്കറങ്ങി.

1911-ൽ കസൻ‌ദ്സക്കിസ് ഗലാതിയ അൽക്സിയൗവിനെ വിവാഹം കഴിച്ചെങ്കിലും 1926-ൽ അവർ വിവാഹമോചിതരായി. 1945-ൽ അദ്ദേഹം എലേനി സമിയൗവിനെ വിവാഹം കഴിച്ചു. 1922-നും 1957-ലെ മരണത്തിനും ഇടയ്ക്ക് അദ്ദേഹം ഒട്ടേറെ നാടുകളിൽ സഞ്ചരിച്ചു. ജർമ്മനി, ഫ്രാൻസ്(1922-1924), ഇറ്റലി, റഷ്യ(1925), സ്പെയിൻ(1932), സൈപ്രസ്, ഈജിപ്ത്, ചെക്കോസ്ലോവാക്യ, ചൈന, ജപ്പാൻ എന്നിവ അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളിൽ ചിലതാണ്‌.

സംഘർഷം നിറഞ്ഞ രാഷ്ടീയ കാലാവസ്ഥ നിലനിന്നിരുന്ന ബെർളിനിൽ ആയിരിക്കെ കമ്മ്യൂണിസത്തെ കണ്ടെത്തിയ കസൻ‌ദ്സക്കിസ് ലെനിന്റെ ആരാധകനായിത്തീർന്നു. ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൂർണ്ണപ്രതിബദ്ധത അർപ്പിച്ചില്ലെങ്കിലും അദ്ദേഹം സോവിയറ്റ് യൂണിയൻ സന്ദർശിക്കുകയും ഇടതുപക്ഷ രാഷ്ടീയക്കാരനും എഴുത്തുകാരനുമായിരുന്ന വിക്ടർ സെർനിനൊപ്പം താമസിക്കുകയും ചെയ്തു. അധികാരത്തിലേയ്ക്കുള്ള ജോസഫ് സ്റ്റാലിന്റെ ഉയർച്ച നിരീക്ഷിച്ച അദ്ദേഹത്തിന്‌ സോവിയറ്റ് മാതൃകയിലുള്ള കമ്മ്യൂണിസം മടുത്തു. ഇക്കാലത്തു തന്നെ കസൻ‌ദ്സക്കിസിന്റെ ദേശീയവാദം കൂടുതൽ സാർ‌വലൗകികതയുള്ള മാനവികതയ്ക്ക് വഴിമാറിക്കൊടുക്കുകയും ചെയ്തു.

1945-ൽ കമ്മ്യൂണിസ്റ്റിതര ഇടതുപക്ഷത്തിന്റേതായ ഒരു ചെറിയ കക്ഷിയുടെ നേതാവായിത്തീർന്ന കസൻ‌ദ്സക്കിസ് ഗ്രീസിലെ സർക്കാരിൽ വകുപ്പില്ലാത്ത മന്ത്രിയായി. എന്നാൽ അടുത്ത വർഷം അദ്ദേഹം ആ സ്ഥാനം രാജിവച്ചു.

1946-ൽ ഗ്രീക്ക് സാഹിത്യകാരന്മാരുടെ സംഘം അദ്ദേഹത്തേയും അഞ്ജലോസ് സിഖലിയാനസിനേയും സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്‌ നാമനിർദ്ദേശം ചെയ്തു. 1957-ൽ കസൻ‌ദ്സക്കിസിനേക്കാൽ ഒരു വോട്ട് കൂടുതൽ നേടിയാണ്‌ ആൽബർട്ട് കാമ്യു സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്. സമ്മാനത്തിന്‌ തന്നേക്കാൾ നൂറിരട്ടി അർഹനായത് കസൻ‌ദ്സക്കിസ് ആണെന്ന് കാമ്യു പിന്നീട് നിരീക്ഷിച്ചതായി പറയപ്പെടുന്നു.

1957-ൽ രക്താർബുദ ബാധിതനായിരുന്നെങ്കിലും കസൻ‌ദ്സക്കിസ് ചൈനയും ജപ്പാനും സന്ദർശിക്കുന്നതിന്‌ പുറപ്പെട്ടു. മടക്കയാത്രയിൽ വിമാനത്തിൽ വച്ച് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ജർമ്മനിയിലെ ഫ്രീബർഗിലേയ്ക്കു മറ്റി. അവിടെ അദ്ദേഹം മരിച്ചു. കസൻ‌ദ്സക്കിസിനെ ഒരു സിമിത്തേരിയിൽ സംസ്കരിക്കാൻ ഓർത്തഡോക്സ് സഭ വിസമ്മതിച്ചതിനെ തുടർന്ന് ഹെരാക്ലിയോൺ നഗരത്തിന്റെ ഭിത്തിയോടു ചേർത്താണ്‌ സംസ്കരിച്ചത്. ഞാൻ ഒന്നും ആശിക്കുന്നില്ല; ഒന്നും ഭയപ്പെടുന്നില്ല; ഞാൻ സ്വതന്ത്രനാണ്‌ (Δεν ελπίζω τίποτα. Δε φοβάμαι τίποτα. Είμαι λέφτερος.) എന്നാണ്‌ അദ്ദേഹത്തിന്റെ ശവകുടീരത്തിലെ ലിഖിതം.

1906-ൽ നിർ‌വാമി എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിച്ച "സർപ്പവും ലില്ലിയും" എന്ന കഥയായിരുന്നു കസൻ‌ദ്സക്കിസിന്റെ ആദ്യരചന. 1909-ൽ അദ്ദേഹം "കോമഡി" എന്ന ഏകാങ്കനാടകം രചിച്ചു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സാർത്രിനേയും കാമ്യുവിനേയും പോലുള്ളവരുടെ രചനകളിൽ നിറഞ്ഞു നിന്ന അസ്തിത്വസംബന്ധിയായ പ്രശ്നങ്ങളാണ്‌ ഈ നാടകത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. 1910-ൽ പാരിസിലെ പഠനത്തിനു ശേഷം അദ്ദേഹം ഒരു ഗ്രീക്ക് നാടോടി കഥയെ ആശ്രയിച്ച് "മുഖ്യശില്പി" എന്ന ദുരന്തനാടകവും എഴുതി.

33,333 വരികളിൽ എഴുതിയ "ഒഡീസ്സി: ഒരാധുനികസമ്പൂർത്തി" ([The Odyssey: A Modern Sequel) എന്ന ഇതിഹാസകാവ്യമാണ്‌ തന്റെ മുഖ്യരചനയായി കസൻ‌ദ്സക്കിസ് കണക്കാക്കിയത്. 1924 എഴുതി തുടങ്ങി മൂന്നുവട്ടം പകർത്തിയെഴുതിയ ഈ കൃതി 1938-ലാണ്‌ അദ്ദേഹം പ്രസിദ്ധീകരിച്ചത്. മറ്റൊരു ഗ്രീക്ക് സാഹിത്യകാരനായ പന്തേലിസ് പ്രെവലാക്കിസ് ഈ കൃതിയെ "തന്റെ അളവറ്റ ആത്മീയാനുഭവങ്ങൾ രേഖപ്പെടുത്തിവയ്ക്കാനുള്ള ഗ്രന്ഥകാരന്റെ അമാനുഷപ്രയത്നം" എന്നു വിളിച്ചു. ഹോമറിന്റെ ഒഡീസ്സിയുടെ ഘടന പിന്തുടരുന്ന ഈ കാവ്യം 24 ഘണ്ഡങ്ങളായി തിരിച്ചിരിക്കുന്നു.

കസൻ‌ദ്സക്കിസിന്റെ പ്രധാനപ്പെട്ട നോവലുകൾ "ഗ്രീക്കുകാരൻ സോബ്രാ" (Zorba the Greek -1946); "ഗ്രീക്ക് പീഡാനുഭവം" (The Greek Passion -1948); "ക്യാപ്റ്റൻ മിക്കാലിസ്" (Captain Michalis -1950); ക്രിസ്തുവിൻറെ അന്ത്യപ്രലോഭനം (The Last Temptation of Christ -1951); അസീസ്സിയിലെ ഫ്രാൻസിസിന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ "ദൈവത്തിന്റെ നിസ്വൻ" (God's Pauper - 1956); എന്നിവയാണ്‌. ആത്മകഥപരവും കല്പിതവുമായ അംശങ്ങൾ ചേർത്ത് എഴുതിയ "ഗ്രെക്കോയ്ക്കുള്ള റിപ്പോർട്ട്" (Report to Greco -1961) എന്ന രചനയിൽ കസൻ‌ദ്സക്കിസ് തന്റെ ദർശനത്തെ "ക്രീറ്റുകാരന്റെ മിഴിക്കോൺ" (Cretan Glance) എന്നു സംഗ്രഹിച്ചു വിശേഷിപ്പിച്ചു.

യൗവനം മുതൽ കസാൻ‌ദ്സക്കിസിനെ ഒരുതരം ആത്മീയ അസ്വാസ്ഥ്യം ബാധിച്ചിരുന്നു. ശമിക്കാത്ത വിഷയാസക്തിയുമായി നിരന്തരം മത്സരിച്ചിരുന്ന ദുഖിതനായ പരിവ്രാജകൻ എന്ന് മലയാളത്തിലെ സാഹിത്യചിന്തകൻ കെ.പി. അപ്പൻ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[2] തത്ത്വമീമാംസാപരവും അസ്തിത്വപരവുമായ പ്രശ്നങ്ങളുടെ അലട്ടലിൽ അദ്ദേഹം പഠനത്തിലും, ദേശാടനത്തിലും, എല്ലാത്തരം മനുഷ്യരുമായുള്ള സമ്പർക്കത്തിലും വിവിധതരം ജീവിതാനുഭവങ്ങളിലും ആശ്വാസം തേടി. അദ്ദേഹത്തിന്റെ രചനകളിൽ നീച്ചയുടെ സ്വാധീനം വ്യക്തമാണ്‌. നീച്ചയുടെ ദൈവനിഷേധവും, അതിമാനുഷസങ്കല്പവും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. അതേസമയം ആത്മീയമായ ആധികളും അദ്ദേഹത്തെ അലട്ടി. ദൈവസം‌യോഗം ആഗ്രഹിച്ച അദ്ദേഹം ഇടയ്ക്ക് ആറുമാസത്തേയ്ക്ക് കഠിനതപസ്സിനും ബ്രഹ്മചര്യനിഷ്ഠയ്ക്കും പേരുകേട്ട ഒരു ആശ്രമത്തിലെ അന്തേവാസിയാവുക പോലും ചെയ്തു.[ക]

1927-ൽ അദ്ദേഹം 1923-ൽ ബെർലിനിലായിരിക്കെ എഴുതിയ "ആധ്യാത്മികാഭ്യാസങ്ങൾ" (Spiritual Exercises) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചത് "ദൈവത്തിന്റെ രക്ഷകന്മാർ"(The Saviors of God) എന്ന പേരിലാണ്‌.


യൗവനം മുതൽ ജീവിതാന്ത്യം വരെ യേശുവിന്റെ വ്യക്തിത്വം കസൻ‌ദ്സക്കിസിന്റെ ചിന്തയിൽ നിറഞ്ഞു നിന്നു. "ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം" എന്ന വിവാദരചനയിലെ ക്രിസ്തു, ഗ്രന്ഥകർത്താവിന്റെ തന്നെ അസ്തിത്വ-ദാർശനിക സമസ്യകളെ പ്രതിഭലിപ്പിക്കുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ അലട്ടലിൽ ഞെരുങ്ങിയും വിരുദ്ധ വാസനകളാൽ പീഡിതനായും കഴിഞ്ഞ ഒരു യേശുവിനെയാണ്‌ ഈ രചനയിൽ കസൻ‌ദ്സക്കിസ് ചിത്രീകരിച്ചത്. ദൈവികമായ രക്ഷാദൗത്യവും, സ്നേഹിക്കപ്പെടുകയും ജീവിതം ആസ്വദിക്കുകയും, കുടുംബം സൃഷ്ടിക്കുകയും ചെയ്യാനുള്ള മാനുഷിക ചോദനകളും അദ്ദേഹത്തിന്റെ യേശുവിനെ വിരുദ്ധദിശകളിലേയ്ക്ക് വലിച്ചിഴച്ചു. തന്നെ ഏല്പിച്ച ദൗത്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻ പാടുപെടുന്ന യേശുവിന്‌ സ്വന്തം മനസ്സക്ഷിയുടെ വിചാരണയെ നേരിടേണ്ടി വരുന്നു. ഒടുവിൽ മാനുഷികമായ മോഹങ്ങളെ ബൃഹത്തായ ദൗത്യത്തിനായി ബലികഴിക്കുന്ന ഈ കൃതിയിലെ യേശു, നിർ‌വികാരനായ ദൈവമെന്നതിനു പകരം വാസനകളും വികാരങ്ങളും നിറഞ്ഞ ദുരന്തവ്യക്തിത്വമാണ്‌. സംശയങ്ങൾക്കും, ഭീതികൾക്കും തിന്മയ്ക്കുപോലും വശം‌വദനായ അദ്ദേഹം അന്തിമവിശകലനത്തിൽ, മുഴുവൻ മനുഷ്യരാശിയുടേയും സംഘർഷങ്ങളുടെ പ്രതിനിധിയായ മനുഷ്യപുത്രനാണ്‌.

വ്യവസ്ഥാപിത ക്രിസ്തുമതത്തിലെ യാഥാസ്ഥിതികർ കസൻ‌ദ്സക്കിസിന്റെ രചനകളെ അപലപിച്ചു. 1955-ൽ ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ കസൻ‌ദ്സക്കിസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "വിശുദ്ധപിതാക്കന്മാരേ, നിങ്ങൾ എനിക്ക് ശാപം തരുന്നു; എന്നാൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങളുടെ മനസ്സാക്ഷി എന്റേതുപോലെ ശുദ്ധമാകട്ടെ; നിങ്ങൾ എന്നെപ്പോലെ ധാർമ്മികരുമാകട്ടെ." "യേശുവിന്റെ അന്ത്യപ്രലോഭനം" എന്ന രചനയെ റോമൻ കത്തോലിക്കാ സഭ അതിന്റെ നിരോധിതഗ്രന്ഥങ്ങളുടെ പട്ടികയിൽ ചേർത്തപ്പോൾ, കസൻ‌ദ്സക്കിസ് വത്തിക്കാനിലേയ്ക്കയച്ച കമ്പിസന്ദേശത്തിൽ ആദ്യകാലസഭാപിതാവ് തെർത്തുല്യന്റെ ഈ വാക്യമായിരുന്നു: "കർത്താവേ, ഞാൻ എന്റെ അപ്പീൽ അവിടുത്തെ ന്യായാസനത്തിനു മുൻപിൽ സമർപ്പിക്കുന്നു"(Ad tuum, Domine, tribunal appello.)                        

പുസ്തകം : ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം 
രചയിതാവ് : നിക്കോസ് കസൻ‌ദ്സാക്കിസ്
അവലോകനം : ജിനു ജയദേവൻ

ഗ്രീക്ക് എഴുത്തുകാരനും ദാർശനികനും ആയിരുന്ന നിക്കോസ് കസൻ‌ദ്സാക്കിസിന്റെ കൃതി ആണ് "ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം. ജ്യേഷ്ടന്‍ ആണ് ഇങ്ങനെ ഒരു പുസ്തകം ഉണ്ട് , നിരോധിച്ച പുസ്തകങ്ങളുടെ ഗണത്തില്‍ വരുന്ന ഒന്നാണ് എന്ന് കുറച്ചു വര്‍ഷങ്ങള്‍ക്ക്  മുമ്പ് പറഞ്ഞു തന്നത്. 

ആത്മീയപരമായും അല്ലാതെയും ഉള്ള ജീവിത രീതി പിന്തുടര്‍ന്ന   നിക്കോസ് കസാന്ദ്സാക്കിസിന് യേശുവും ബൈബിളും  ഇഷ്ട വിഷയങ്ങള്‍ ആയിരുന്നു .  തന്റെ കൃതികളിലെ വിഷയങ്ങള്‍ വ്യവസ്ഥാപിത ക്രിസ്തുമതത്തിലെ വിശ്വാസങ്ങള്ക്ക്  എതിരായിരുന്നത് കൊണ്ടാണ് അദ്ദേഹത്തെ ഓർത്തഡോക്സ് സഭയിൽ നിന്ന് പുറത്താക്കിയത്. അതിനെതിരായി അദ്ദേഹം  പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "വിശുദ്ധപിതാക്കന്മാരേ, നിങ്ങൾ എനിക്ക് ശാപം തരുന്നു; എന്നാൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങളുടെ മനസ്സാക്ഷി എന്റേതുപോലെ ശുദ്ധമാകട്ടെ; നിങ്ങൾ എന്നെപ്പോലെ ധാർമ്മികരുമാകട്ടെ." എന്നാണു. "യേശുവിന്റെ അന്ത്യപ്രലോഭനം" എന്ന രചനയെ റോമൻ കത്തോലിക്കാ സഭ അതിന്റെ നിരോധിതഗ്രന്ഥങ്ങളുടെ പട്ടികയിൽ ചേർത്തപ്പോൾ, കസൻ‌ദ്സക്കിസ് വത്തിക്കാനിലേയ്ക്കയച്ച കമ്പിസന്ദേശത്തിൽ ആദ്യകാലസഭാപിതാവ് തെർത്തുല്യന്റെ ഈ വാക്യമായിരുന്നു: "കർത്താവേ, ഞാൻ എന്റെ അപ്പീൽ അവിടുത്തെ ന്യായാസനത്തിനു മുൻപിൽ സമർപ്പിക്കുന്നു"
(Ad tuum, Domine, tribunal appello.) . 

ഗ്രന്ഥകാരനെ കുറിച്ച് അറിയുവാന്‍  വിക്കിപ്പീടിയ അടക്കം ഉള്ള ഓണ്ലൈസന്‍ മാധ്യമങ്ങളെ ആശ്രയിച്ചിട്ടുണ്ട് .

പുസ്തക വായനയില്‍ നിന്നും എനിക്ക് മനസ്സിലായ കുറച്ചു കാര്യങ്ങള്‍ .......

 സ്വന്തം ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാൻ പറ്റാത്ത ഒരു സാധാരണ മനുഷ്യന്റെ ആത്മ നൊമ്പരങ്ങൾ ആണ് ഈ കൃതി. ആത്മീയ  വിചാരങ്ങൾക്കും  അപ്പുറം ഒരു സാധാരണ മനുഷ്യന്റെ വിലാപങ്ങൾ ആണ് ഈ പുസ്തകത്തിൽ കൂടുതലായും നിഴലിച്ചു നില്ക്കുന്നത് . ദൈവികമായോ ആത്മീയമായോ   തന്റെ മേൽ  വന്നു പതിക്കുന്ന സമ്മർദ്ദത്തിനെ  അതി ജീവിക്കാൻ ഉള്ള ഒരു ( ഭാര്യ, കുടുംബം , കുട്ടികൾ എന്നീ സ്വപ്‌നങ്ങൾ ഉള്ള ) യുവാവിന്റെ ശ്രമങ്ങളാണ് ഈ പുസ്തകത്തിന്റെ തുടക്കം വിവരിക്കുന്നത്  . 

സ്വയം ഇനി രക്ഷപെടാന്‍ ആവില്ല എന്ന് ബോധം വരുന്ന നിമിഷത്തില്‍ അദ്ദേഹത്തിന്റെ വിലാപമാണ്‌  താഴെ എഴുതിയിരിക്കുന്നത് 

“I can’t! I’m illiterate, an idler, afraid of everything. I love good food, wine, laughter. I want to marry, to have children. ... Leave me alone!”

യേശു , താന്‍ എന്താണെന്ന് അറിയാത്ത , എന്താവണം എന്നറിയാത്ത ഒരു സാധാരണ മനുഷ്യന്‍ മാത്രമായാണ് ആദ്യമായി നമ്മുടെ മുന്നിലേക്ക് വരുന്നത്. ചെയ്തു എന്ന് കരുതുന്ന തെറ്റുകൾക്ക് , ചെയ്തു പോയേക്കാം എന്ന് കരുതുന്ന തെറ്റുകള്ക്ക് സ്വയം ശിക്ഷിക്കുവാൻ മുള്ളുകൾ നിറഞ്ഞ തുകൽ ബെൽറ്റ്‌ ശരീരത്തിൽ ധരിച്ചാണ് കുരിശുകൾ മാത്രം പണിയുന്ന മരപ്പണിക്കാരനായ യേശു ഓരോ ദിവസവും കഴിയുന്നത്‌ . 

മേരി , യേശുവിന്റെ അമ്മ , മകനെ ഓര്ത്തുൻ ഓരോ നിമിഷവും കരയുന്ന,  എന്നും തന്റെ സ്വന്തം ദുര്വിയധിയെ ശപിക്കുന്ന  ഒരു സ്ത്രീയാണ് . മകന്‍ മറ്റുള്ള യുവാക്കളെ പോലെ എന്നെങ്കിലും ആവുമെന്നും വിവാഹിതന്‍ ആവുമെന്നും കുടുംബ ജീവിതം നയിക്കുമെന്നും അവര്‍ സ്വപ്നം കാണുന്നുണ്ട് . ദൈവ വഴിയില്‍ യാത്രയാവുന്ന മകനെ അന്വേഷിച്ചലയുന്ന ദൈന്യത അര്ഹി്ക്കുന്ന ഒരു കഥാപാത്രം .

ജീസസിന്റെ പ്രണയ വിചാരം ആണ് മഗ്ദലന മറിയം. അവളെയാണ് യേശു ഏറ്റവും അധികം ആഗ്രഹിക്കുന്നതും  . അവളിലേക്ക്‌ എത്തിപ്പെടാൻ ഓരോ തവണയും അയാള് ശ്രമിക്കുകയും ചെയ്യുന്നുണ്ട്, പക്ഷെ ദൈവം അതിനനുവദിക്കുന്നില്ല എന്നുള്ള സ്വന്ത വിചാരത്തിൽ അയാൾ സ്വയം കണ്ടെത്തുവാൻ എന്ന രീതിയിൽ , എന്റെ ജീവിതം അവസാനിക്കേണ്ടത് ഒരു ദൈവ ദാസനായി മാത്രമാണെന്ന് സ്വയം കരുതി അതിനായി തിരിക്കുകയാണ്. വഴി മദ്ധ്യേ യേശു മഗ്ദലന മറിയത്തിനെ കാണുവാൻ അവളുടെ വീട്ടില് ചെല്ലുകയും അവളോട്‌ മാപ്പ് ചോദിക്കുകയും അവളോടൊപ്പം ഒരു ദിവസം താമസിക്കുകയും ചെയ്യുന്നുണ്ട്.

അതെ സമയം ജീസസിനെ വളരെ അധികം പ്രണയിക്കുകയും അവനോടൊപ്പം ജീവിക്കാൻ ആഗ്രിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ ആണ് ഇതിൽ വേശ്യയായ മഗ്ദലനം. അവനെ മാത്രമാണ് അവൾ ആത്മാർഥമായി സ്നേഹിചിട്ടുള്ളത് , അവൾ സ്വീകരിക്കുന്ന ഓരോ പുരുഷനിലും അവൾ തേടുന്നത് ജീസസിനെയാണ് . മറ്റൊരാൾക്കും അവൻ നല്കിയ സന്തോഷം നല്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല എന്നും ദൈവത്തെയല്ല ആരാധിക്കുന്നതെന്നും അവൾ സ്വയം വെളിപ്പെടുത്തുന്നുണ്ട് . യാത്ര പറയാതെ ഇറങ്ങി പോവുന്ന യേശുവിനെ ഓർത്തു കരയുന്നവളാണ് മഗ്ദലനം .

താൻ ആരെന്നു മനസ്സിലാക്കുവാൻ കഴിയുന്ന രാത്രി യേശു ചെന്നെത്തുന്ന സന്യാസിമഠത്തിൽ യൂദാസ് കാത്തിരിപ്പുണ്ട്‌ യേശുവിനെ കൊല്ലുവാൻ ..... മരണത്തെ പോലും ഭയമില്ലാതെ എല്ലാം ദൈവ നിശ്ചയം എന്ന് വിശ്വസിച്ചു കൊല കത്തിക്ക് മുമ്പിലേക്ക്  കഴുത്ത് നീട്ടി കൊടുക്കുന്ന  യേശുവിനെ  കണ്ടു അവനാരെന്നു മനസ്സിലാക്കുവാൻ കഴിയാതെ യൂദാസ് വിവശനാവുവുകയും അവിടെ നിന്നും ഒളിച്ചോടുകയും ചെയ്യുന്നു .   യേശുവിന്റെ  പിന്നീടുള്ള യാത്രകളിൽ അനുഗമിക്കുന്നവനാ യി മാറുന്നു  എങ്കിൽ കൂടിയും   ഇസ്രയേലിനെ റോമൻ ഭരണത്തിൽ നിന്നും രക്ഷിചെടുക്കുവാൻ ശ്രമിക്കുന്ന ഒരു വിപ്ലവകാരിയാണ് യൂദാസ് . യേശു ദൈവത്തിന്റെ പ്രതി പുരുഷന എന്ന് വിശ്വസിക്കുവാൻ യൂദാസ് തയാറാവുന്നില്ല . ആ സംശയ നിവാരണത്തിനായി ആണ് യേശുവിനോടൊപ്പം  യൂദാസും  ജോർദാൻ നദിക്കരയിലെ ജ്ഞാനസ്‌നാനം ചെയ്യുന്നയാളെ  കാണാൻ ചെല്ലുന്നതും അവിടെ വെച്ച് യേശുവിനെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതും .

ഏകാന്തതയിൽ തനിക്കു ദൈവത്തിനോട് നേരിട്ട്  സംസാരിക്കുവാനാവും എന്ന് വിശ്വസിക്കുന്ന യേശു തന്റെ അനുയായികളെ പിന്നിൽ ഉപേക്ഷിച്ചു മരുഭൂമിയിലേക്ക് പോവുകയാണ് പിന്നീട്  ചെയ്യുന്നത് . യൂദാസ് അനുഗമിക്കാൻ ശ്രമിക്കുന്നു എങ്കിൽ കൂടിയും അയാളെ തിരികെ അയച്ചു യേശു യാത്രയാവുന്നു . പിന്നീടുള്ള പകലുകളിലും രാത്രികളിലും അയാളുടെ മനസ്സിലെ  സംഘര്ഷം കാണാൻ കഴിയും . സ്വന്തം ആത്മാവിനെ സ്ത്രീ രൂപം പൂണ്ട ഒരു സർപ്പമായും , പിന്നീട് സ്വയമേ തന്നെ ഒരു സിംഹമായും യേശു  കാണുന്നു  . ആത്മാവ് പറയുന്നത്   "നീ രക്ഷിക്കേണ്ടത് ലോകത്തിനെ അല്ല , നിന്നെ ,സ്നേഹിക്കുന്ന  നീ സ്നേഹിക്കുന്ന മഗ്ദലന മറിയത്തെ ആണ്. അവളെ വിവാഹം കഴിക്കു, അവളിൽ നിനക്കുണ്ടാവുന്ന  മക്കൾക്കൊപ്പം ജീവിക്കൂ ... "  എന്നാണ് . ഈ പ്രലോഭനത്തെ  തരണം  ചെയ്യുന്ന യേശുവിനു  കാണാൻ കഴിയുന്നതു സിംഹമായി മാറിയ സ്വന്തം  ജീവനെയാണ്‌  .  ഒരു രാജ്യം കേട്ടിപ്പെട്ടുക്കെണ്ടാവൻ ആണ് നീ എന്നും ലോകം കീഴടക്കെണ്ടവനായ നിനക്ക് മഗ്ദലനം ഒരു ഭാര്യ ആവില്ല എന്നും സിംഹത്തിന്റെ അഭിപ്രായത്തെ . ആദ്യം എതിർക്കുന്നു എങ്കിൽ കൂടിയും യേശു സിംഹം പറഞ്ഞു വെച്ച  വഴിയിലൂടെയാണ് യാത്ര തുടരുന്നത് .

സ്ത്രീ കുടുംബം മക്കൾ എന്നിങ്ങനെ ഉള്ള പ്രലോഭനങ്ങളിൽ നിന്നും സ്വയം മുക്തനാണ്   എന്ന് വിശ്വസിച്ചു  "ഞാൻ ദൈവത്തിനെ മകൻ" എന്ന് തന്നോട് തന്നെ പറഞ്ഞു കൊണ്ടാണ്  പിന്നീട് യേശു ജറുസലേമിലെക്ക് യാത്ര തുടങ്ങുന്നത് . പിന്നീട് വിവിധ ദേശങ്ങളിലായി ദൈവ വചനങ്ങൾ പറഞ്ഞു നടക്കുന്ന യേശു , നിലവിലുള്ള ദൈവ വിശ്വാസ രീതികളെ എല്ലാം പരസ്യമായി അധിക്ഷേപിക്കുകയും അത് വഴി ഭരണാധികാരികളിൽ നിന്നും ഉന്നതാധികാര സ്ഥാനങ്ങൾ കയ്യാളുന്ന പുരോഹിതന്മാുരിൽ നിന്നും വെറുപ്പ്‌ സമ്പാദിച്ചു കൂട്ടുന്നുമുണ്ട് . അനുയായികൾ ജീസസ്സിനു കൊടുക്കുന്ന സ്ഥാനങ്ങൾ പലതാണ് . യഹൂദഗുരു, ആചാര്യൻ , പ്രവാചകൻ അങ്ങനെ പോവുന്നു ആ സ്ഥാനങ്ങൾ 

മാത്യു യേശുവിന്റെ വചനങ്ങളെ എഴുതിയെടുക്കുവാൻ ശ്രമിക്കുന്നുണ്ട്  അല്ലെങ്കിൽ യേശുവിന്റെ എല്ലാ വാക്കുകളെയും ശ്രദ്ധിച്ചു കേൾക്കുന്ന മാത്യൂ അത് രാത്രികളിൽ  സുവിശേഷങ്ങൾ എന്ന പേരിൽ  എഴുതി വെക്കുന്നു. പക്ഷെ മാത്യുവിന്റെ സുവിശേഷം വായിച്ച യേശു അത് വലിച്ചു ദൂരെ എറിയുകയും "ഞാൻ ഇതല്ല പറഞ്ഞത് " എന്ന് വിളിച്ചു പറഞ്ഞു ആക്രോശിക്കുകയും ചെയ്യുന്നതും കാണാം . എങ്ങനെ ഇതെഴുതി എന്നുള്ള ചോദ്യത്തിനു പ്രധാന ദൈവദൂതന്‍ രാത്രികളിൽ എന്റെ ചെവിയിൽ  ഓതി തന്നവയാണ്  ഇവ എന്നാണു മാത്യുവിന്റെ  മറുപടി. താങ്കള്‍ പറഞ്ഞവയെ എഴുതാന്‍ ദൈവ ദൂതന്‍ എന്നെ അനുവദിക്കുന്നില്ല എന്നൊക്കെയാണ് മാത്യുവിന്റെ ന്യായ വാദങ്ങളെല്ലാം . 

ക്രൈസ്തവ സഭയുടെ താല്പര്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ വേണ്ടി കാലാ കാലങ്ങളായി  എഴുതിയതും തിരുത്തിയതുമായ ഒന്നാണ്  ബൈബിളും അനുബന്ധ ലേഖനങ്ങളും എന്ന വാദത്തിനു ശക്തി കൂട്ടുന്നുണ്ടോ ഇത് ?

താന്‍ കൊല്ലപ്പെടുമെന്ന് യേശുവിനു അറിയാം എന്നാണു ഈ പുസ്തകത്തില്‍ പറയുന്നത് . അത് തന്റെ അനുയായികളോട് പറയുകയും ചെയ്യുന്നുണ്ട് . തന്നെ ഒറ്റിക്കൊടുക്കുവാന്‍ യൂദാസിനോട്‌  ആവശ്യപ്പെടുന്നത് യേശു തന്നെയാണ് . മൂന്നു ദിവസത്തില്‍ ഞാന്‍ ഉയിര്‍ത്തെഴുനെല്‍ക്കുമെന്നും അത് വരെ മാത്രമാണ് ദു:ഖം എന്നും അനുയായികളോട് പറയുന്നുണ്ട് . നാളെ സൂര്യന്‍ ഉദിക്കുന്നതിന്  മുമ്പ് മൂന്നു തവണ നീയെന്നെ തള്ളി പറയും എന്ന് യേശു പീറ്ററിനോടു പറയുന്നുണ്ട് . യൂദാസ് ഒഴികെ എല്ലാവരെയും ദുര്‍ബലരായ അനുയായികള്‍ ആയിട്ടാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത് .

തന്റെ ഏറ്റവും വലിയ വ്യാകുലതകളും സങ്കടങ്ങളും യേശു പങ്കു വെക്കുന്നത്   ഏറ്റവും പ്രിയപ്പെട്ട അനുയായിയായ യൂദാസിനോടാണ് . തന്റെ മരണം മുന്കൂട്ടി കാണുന്ന യേശു തന്നെയാണ് യൂദാസിനോട് തന്നെ പുരോഹിതന്മാര്ക്ക് കാണിച്ചു കൊടുക്കുവാൻ പറയുന്നതും ചെയ്യിക്കുന്നതും . സ്വന്തം ഗുരുവിനെ ഒറ്റിക്കൊടുക്കുവാൻ താങ്കൾ തയ്യാറാവുമോ എന്നുള്ള യൂദാസിന്റെ ചോദ്യത്തിനു മുന്നിൽ മൗനിയായി മാറുന്നു യേശു. "എനിക്ക്  കഴിയില്ല" എന്ന് സമ്മതിക്കുന്ന യേശുവിന്റെ മറുപടി "അത് കൊണ്ടാണ് ഞാൻ അതിലും എളുപ്പമായ മരണത്തെ ഏറ്റെടുക്കുന്നത് " എന്നതാണ്  . കുരിശു ചുമന്നു കൊണ്ട്  പോവുന്ന യേശുവിനെ തള്ളിപ്പറയുന്ന, സ്വന്തം ജീവൻ കാക്കാൻ വേണ്ടി  ഒളിച്ചിരിക്കുന്ന ഭീരുക്കൾ മാത്രമാവുന്നു മറ്റുള്ള എല്ലാ അനുയായികളും .  ഒരിക്കൽ മാത്രം കണ്ടു പരിചയമുള്ള ഒരു സത്രമുടമയാണ് കുരിശിന്റെ ഭാരം താങ്ങാൻ ആവാതെ വീഴുന്ന യേശുവിൽ നിന്നും കുരിശു ഏറ്റു വാങ്ങുന്നതും അത് പിന്നീട് ചുമന്നു കൊണ്ട് പോവുന്നതും.  

The Cyrenian rushed forward, lifted him up, took the cross and loaded it upon his own back. Then he turned and smiled at Jesus. 
“Courage,” he said to him. “I‟m here; don‟t be afraid.”

പിന്നീട് ക്രൂശിതനായി കിടക്കുന്ന യേശുവിനു ഉണ്ടാകുന്ന ചിന്തകള്‍ , മരണ സമയത്ത് അദ്ദേഹത്തിന്റെു ആഗ്രഹങ്ങള്‍ , കഴിഞ്ഞ ജീവിതത്തില്‍ നിന്നും കണ്ടവയും അനുഭവിച്ചതുമായ എല്ലാം കൂടിച്ചേര്ന്നു  , ആ ഓര്മ്മ്കളെ  പുനര്ജ്ജീ വിതത്തില്‍ കിട്ടാന്‍ പോവുന്നവയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ എന്നിവ നമ്മെ മനസ്സിലാക്കി തരുന്നുണ്ട്  എന്തായിരുന്നു  യേശുവിന്റെ അന്ത്യ പ്രലോഭനം എന്ന് . 

യേശുവിന്റെ  മരണത്തിനും  ഉയിര്ത്തെ ഴുന്നേല്‍പ്പിനും ശേഷമുള്ള കാര്യവിവരണങ്ങള്‍ വായനക്കാരനെ തീര്ത്തും  അതിശയിപ്പിക്കുകയാണ് ചെയ്യുക . അതില്‍ ഗ്രന്ഥകാരന്റെ അവിശ്വസനീയമായ വിജയത്തെ അംഗീകരിക്കാതിരിക്കാന്‍ പറ്റില്ല  . 

പുറം വായനയില്‍ കിട്ടുന്ന അറിവാണ് ഈ മേല്‍ വിവരിച്ചത്  . ഒരു തവണ മാത്രം വായിച്ചു മാറ്റി വെക്കാന്‍ പറ്റിയ ഒന്നല്ല ഈ പുസ്തകം. യേശുവിനെ ഒരു സാധാരണ മനുഷ്യന്‍ മാത്രമാക്കി കാണിച്ചു അയാളുടെ മാനസിക ആത്മീയ  വ്യാപാരങ്ങളെ പൊളിച്ചു കാണിക്കല്‍ ആവുന്നുണ്ട്‌ ഇത് പൂര്ണ്ണാമായും . ദൈവപുത്രന്‍ സ്വയവും മറ്റുള്ളവരും വാഴ്ത്തുമ്പോള്‍ കൂടിയും  സ്ത്രീ എന്നത് ഒരു വികാരമായി യേശുവിന്റെ മനസ്സില്‍ ഉണ്ട് . താന്‍ ആരെന്നു മനസ്സിലാക്കി തിരികെ വരുന്ന രാത്രി താമസിക്കാന്‍ സൗകര്യം കൊടുക്കുന്ന മാര്താ്മ -മറിയം സഹോദരിമാരെയും  യേശു കാണുന്നത് ഇതേ വികാരത്തോടെ തന്നെ ആണ്. 

സാധാരണ മനുഷ്യര്ക്ക് ‌  യേശു , പ്രലോഭനങ്ങള്ക്ക്  വഴിപ്പെടാത്ത , ദൈവത്തില്‍ മാത്രം വിശ്വസിക്കുന്ന, ആ പാത അനുഷ്ടിച്ചിരുന്ന ഒരു ദൂതനാണ്‌ . സാധാരണ മനുഷ്യന് , അവന്‍ ആഗ്രഹിക്കുന്ന എല്ലാ ആനന്ദത്തിനെയും നിരാകരിച്ച, കീഴടക്കാനാവാത്ത  എല്ലാ വശീകരണങ്ങളെയും അതി ജീവിച്ച ദൈവ പുത്രനാണ് യേശു എന്നാണു കരുതിയിരിക്കുന്നത് , അല്ലെങ്കില്‍ മത ഗ്രന്ഥങ്ങളും പുരോഹിതന്‍മാരുമെല്ലാം പറഞ്ഞു പഠിപ്പിച്ചത് അങ്ങനെ ആയിരുന്നു . കുരിശില്‍ ഏറ്റപ്പെടുന്നതിനായുള്ള, ദൈവത്തിലേക്കുള്ള , അനശ്വരതയിലേക്കുള്ള ത്യാഗത്തിന്റെ പരമമായ യാത്രയില്‍ യേശു എല്ലാ തരത്തിലും ഉള്ള വൈഷമ്യതകളും അനുഭവിക്കുന്നുണ്ട് . ഈ കാര്യമാണ് നമ്മള്ക്കെലല്ലാം അറിയാവുന്നത് . അത് കൊണ്ട് തന്നെയാണ് യേശുവിനെ ദൈവപുത്രന്‍ എന്ന രീതിയില്‍ നമ്മള്‍ അംഗീകരിക്കുന്നതും ആരാധികുന്നതും. 

ഈ പുസ്തകത്തിലും പറയുന്നത് ഇത് തന്നെ പക്ഷെ ഒരു പച്ചയായ മനുഷ്യന്‍ എന്നതില്‍ നിന്നും ദൈവ പുത്രനിലേക്ക്   തന്റെ എല്ലാ വിധത്തിലും ഉള്ള വിഷയാസക്തികളെയും ആത്മാവിലേക്ക് , ദൈവിക വിചാരത്തിലേക്ക് മാറ്റി മനുഷ്യ നന്മക്കായി , അനുയായികള്ക്ക്ത ദൈവത്തെ ആരാധിക്കുന്നവര്ക്ക്   സ്വര്ഗ്ഗ രാജ്യം  കിട്ടുമെന്ന് ബോധ്യപ്പെടുത്തുവാന്‍  ഗൊൽഗോഥായിലെത്തി കുരിശ്ശില്‍ ഏറുന്നു എന്നാണു പറഞ്ഞിരിക്കുന്നത് എന്ന് മാത്രം . 

പുസ്തകത്തെ കുറിച്ച്  നിക്കോസ് കസാന്ദ്സാക്കിസിന്റെ വാക്കുകള്‍ 

ജീവിതകാലം മുഴുവന്‍ സ്വന്തം ആത്മാവും ശരീരവും തമ്മില്‍ ഉള്ള യുദ്ധത്തില്‍ അകപ്പെട്ടു തളര്ന്നി ഒരു മനുഷ്യന്റെ ചിന്തകളുടെയും അനുഭവങ്ങളുടെയും സങ്കലനം ആണ് ഈ കൃതി .
ഇതൊരു ജീവചരിത്രമല്ല . സംഘര്ഷംം അനുഭവിക്കുന്ന ഓരോ മനുഷ്യന്റെയും കുമ്പസാരമാണ് . ഇത് പ്രസിദ്ധീകരിക്കുക വഴി ഞാന്‍ ചെയ്തത് എന്റെ കടമ മാത്രമാണ് . ഒരുപാടു ദുരിതങ്ങള്‍ അനുഭവിച്ച , കയ്പ്പേറിയ ജീവിതം നയിച്ച , ഒരുപാടു പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തിയ ഒരു മനുഷ്യന്റെ കടമ മാത്രം . ഈ പുസ്തകം വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും ഇതില്‍ നിറഞ്ഞു നില്ക്കു ന്ന സ്നേഹം പോലെ , ഇതിനു മുമ്പ് ഒരിക്കല്‍ പോലും ചെയ്യാതിരുന്നത് പോലെ , ഇത് വരെക്കും എല്ലാം അധികം യേശുവിനെ സ്നേഹിക്കും .
 ( നിക്കോസ് കസാന്ദ്സാക്കിസ്)

ഈ പുസ്തകം വായിച്ചു കഴിഞ്ഞു യേശു ആരെന്നു നമ്മള്‍ നമ്മോടു തന്നെ  ചോദിക്കുകയാണെങ്കില്‍  ഒരുപാടുത്തരങ്ങള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞു വന്നേക്കാം. 

ദൂതന്‍  

വിശ്വാസി

യഹൂദനായ ആചാര്യന്‍

ഗുരു

പണ്ഡിതന്‍ 

അതീന്ദ്രിയ ജ്ഞാനമുള്ളവന്‍

പ്രവാചകന്‍ 

അവിശ്വാസി

കലാപകാരി 

ദൈവപുത്രന്‍ 

ഒരു പച്ചയായ മനുഷ്യന്‍ 

ഇതില്‍ ആരാണ് ഇദ്ദേഹം എന്ന സന്ദേഹത്തിനിടയില്‍ മുങ്ങി നില്‍ക്കുന്ന നമ്മുടെ നേര്‍ക്ക്‌  ‌ നിഗൂഡമായ ചിരിയുമായി നില്‍ക്കുന്നവനായി മാറുന്നു കഥാകാരന്‍  നിക്കോസ് കസാന്ദ്സാക്കിസ്.


****************
രതീഷ് ലോകത്തെ ഭ്രമിപ്പിച്ച   ആന്ത്യ പ്രലോഭനം വിശദമായി അവതരിപ്പിച്ചതിന് നെസി ടീച്ചറെ അഭിനന്ദിക്കട്ടെ
സോർബാ ദ ഗ്രീക്ക് മുമ്പൊരിക്കൽ ബെന്നി മാഷ് പരിചയപ്പെടുത്തിയിരുന്നു.
ടെംടേഷനെ ശരിയായി അറിയാൻ / വായിക്കാൻ വഴിയൊരുങ്ങിയിരിക്കുന്നു 

 ജ്യോതി പ്രശസ്ത കഥാകൃത്ത് പി.എം ആന്റണി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരിൽ ഇതിനെ നാടകമാക്കി.... വിവാദമായി..... 

വാസുദേവന്‍ കസാന്‍ ദ സാക്കി സിന്റെ ഫ്രീഡം ഓർ ഡെത്ത് എന്ന കൃതി ഗ്രീക്കുകാരുടെ തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ കഥയാണ്.
 അന്ധത ,ദാരിദ്യം, പീഢനം ' ഇവയൊക്കെ നടമാടുമ്പോഴും കെട്ടടങ്ങാത്ത ഗ്രീക്ക് വ്യക്തിത്വം ഈ കൃതി വരച്ചുകാട്ടുന്നു.
പോരാട്ടവും സ്നേഹവും ഏറ്റവും തീക്ഷമായി ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
തർക്കി ക്കെതിരെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇതിലെ നായകൻ ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ ശത്രുവായ തുർക്കിക്കാരനുമായി സ്നേഹ ബന്ധത്തിലാവുന്നു.
അവർ രക്ത സഹോദരന്മാരായി മാറുകയും പിന്നീട് പരസപ്പരം യുദ്ധം വെട്ടി മരിക്കുകയും ചെയ്യുന്നു.
ഇങ്ങനെ സ്നേഹം വെറുപ്പ് യുദ്ധം അതിർത്തി ദേശീയത തടങ്ങി വിരുദ്ധക്കളായ മനോവികാരങ്ങളുടെ സംഗമവേദിയാവുന്നു കൃതി.

********************************************************************