ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

5-9-2017

🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം... അവതരണം: പ്രജിത
🎉🎉🎉🎉🎉🎉🎉

🌘ദൃശ്യകലയുടെ വരമൊഴിയിണക്കത്തിലേക്ക് സ്വാഗതം.... 


സുഹൃത്തുക്കളെ..
        'ദൃശ്യകലയുടെ വരമൊഴിയിണക്ക'ത്തിന്റെ നാൽപ്പത്തിരണ്ടാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു ഓണപ്പൊട്ടൻ     


വടക്കേ മലബാറിൽഓണത്തോടനുബന്ധിച്ച്അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണ്‌ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്നും പേരുണ്ട് . ഓണത്തെയ്യത്തിൽത്തന്നെസംസാരിക്കാത്ത തെയ്യമാണ്‌ ഇത്. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന് അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌.

മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെചിങ്ങത്തിലെ ഉത്രാടത്തിനുംതിരുവോണത്തിനുമാണ്‌ ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്‌.ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. മുഖത്ത്‌ ചായവും കുരുത്തോലക്കുടയുംകൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്. ഉത്രാടം,തിരുവോണം നാളുകളിൽ വീടുകളിലെത്തി അനുഗ്രഹം ചൊരിയുന്നതിന് മലയസമുദായത്തിൽപ്പെട്ടവരാണ് ഈ വേഷം കെട്ടുന്നത്.ഇതിനായി 10 ദിവസത്തെ വ്രതമെടുക്കും.വേഷം കെട്ടുന്നതിന്റെ തലേന്ന് ഒരുനേരത്തെ അരിഭക്ഷണത്തിനു ശേഷം അർധരാത്രി പിന്നിടുന്നതോടെ മുഖത്തേപ്പ് തുടങ്ങും.ചായില്യക്കൂട്ടാണ് ഇതിനുപയോഗിക്കുന്നത്.വിളക്കിൻതിരിയുടെ പുകകൊണ്ടുള്ള കൺമഷിയും നിറച്ചാർത്തിനെടുക്കുന്നു.ബ്രഷിന്റെ സ്ഥാനത്ത് ഈർക്കിൽകൊണ്ടാണ് മുഖത്ത് ചായം പൂശുക കഥകളികലാകാരന്മാരെപ്പോലെ കടക്കണ്ണ് വരയുക ഓണപ്പൊട്ടന് പ്രധാനമാണ്.നെറ്റിയിൽ ഗോപിയും തൊടും.വേഷം അണിഞ്ഞ് കിരീടം ചൂടിയാൽ പിന്നെ സംസാരിക്കാൻ പാടില്ലെന്നാണ് പ്രമാണം.അതുകൊണ്ടാണ് ഓണപ്പൊട്ടൻ എന്ന പേരുകിട്ടിയത്. മഹാബലിയെ വാമനൻ പാതാളത്തിലേക്ക് താഴ്ത്തുമ്പോൾ വർഷത്തിലൊരിക്കൽ പ്രജകളെ കാണാനുളള അനുമതി നൽകിയിരുന്നു.എന്നാൽ പ്രജകളോട് സംസാരിക്കാൻ പാടില്ലെന്നായിരുന്നു നിബന്ധന.പണ്ട് പ്രമാണിവർഗത്തിന്റെ വീട്ടിലായിരുന്നു ആദ്യം പോകേണ്ടിയിരുന്നത്.കീഴ്ജാതിക്കാരാണെങ്കിലും മലയസമുദായക്കാർ ഓണപ്പൊട്ടൻ വേഷം കെട്ടിയാൽ അയിത്തം കൽപ്പിക്കാറില്ല.ദെെവത്തിന്റെ പ്രതിപുരുഷനായി കാണുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്യും.ഇന്ന് പ്രമാണിയെന്നോ പിന്നോക്കക്കാരനെന്നോ ഉള്ള പരിഗണന കൂടാതെയാണ് ഓണപ്പൊട്ടന്റെ യാത്ര.പുലർച്ചെ 5 മണിയോടെ പ്രജകളെ കാണാൻ ഇറങ്ങുന്ന ഓണപ്പൊട്ടൻ നടക്കുക അപൂർമാണ്.ഓണപ്പൊട്ടന്റെ ചമയം വളരെ മനോഹരമാണ്.പ്രകൃതിയിൽനിന്നും കിട്ടുന്ന വിവിധ വസ്തുക്കളാണ് മെയ്ക്കാപ്പിന് ഉപയോഗിക്കുന്നത്.മുരിക്ക്,മരം കൊണ്ടുണ്ടാക്കിയ കിരീടം, വാഴനാര് ചീകി ഉണ്ടാക്കുന്ന മുടി,പനയോലയുടെ കാക്കുട,തെച്ചിപ്പൂ കൊണ്ടുള്ള അലങ്കാരങ്ങൾ ഇങ്ങനെയെല്ലാം പരിസരത്തുനിന്ന് കിട്ടുന്ന വസ്തുക്കൾ.മുഖത്തെഴുത്തിന് മഞ്ഞൾ,നൂറ്,വെളിച്ചെണ്ണക്കരി,ചായില്യം,മനയോല എന്നിവ ഉപയോഗിക്കുന്നു.കാക്കുടയിൽ കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങൾ തൂക്കിയിട്ടിരിക്കും.തെയ്യത്തിന്റെ നാടായ കടത്തനാട്ടിൽ മഹാബലിയെ തെയ്യക്കോലമാക്കി രൂപാന്തരപ്പെടുത്തി എന്നതാണ് ശരി.വെെകുന്നേരത്തിനു മുമ്പ് പ്രജകളെ കണ്ടു തീർക്കേണ്ടതിനാൽ മണി കിലുക്കി ഓടുകയാണ് ചെയ്യുക.ഓരോ വീടുകളിലും ചെന്ന് കുടുംബങ്ങൾക്ക് അനുഗ്രഹം ചൊരിയുന്നു.വീട്ടുകാർ ദക്ഷിണയായി നൽകുന്ന അരിയും പണവും സ്വീകരിച്ച് അടുത്ത വീടുകളിലേക്ക് പായുന്നു.പൂക്കളം ഒരുക്കിയും നിലവിളക്ക് കത്തിച്ചുമാണ് വീട്ടുകാർ ഓണപ്പൊട്ടനെ വരവേൽക്കുക.പ്രത്യേക താളത്തിലുള്ള മണിക്കിലുക്കം ദൂരെ നിന്ന് കേൾക്കുമ്പോൾ അറിയാം ഓണപ്പൊട്ടൻ വരുന്നുണ്ടെന്ന്.കുട്ടികൾ കൗതുകത്തോടെ പിന്നാലെ ചെല്ലുന്നു. മുതിർന്നവർക്കാകട്ടെ ഓണപ്പൊട്ടൻ വേഷം കെട്ടിയതാരെന്നറിയാനാണ് കൗതുകം.                        
                                                           

                               


ഓണപ്പൊട്ടന്റെ വരവിനും ഒരു ചിട്ടയുണ്ടത്രെ.അതും കൂടി കൂട്ടിച്ചേർത്ത് വിട...                        
മുഖത്ത് ചായം പൂശി, ചുവന്നപട്ടുടുത്ത് , തെച്ചിപ്പൂ ചൂടി, കയ്യിലെ മണി കിലുക്കിയാണ് ഓണപ്പൊട്ടന്‍ വരിക. കുറ്റ്യാടിയിലെ പന്തീരടി തറവാട്ടിലേക്കാണ് ആദ്യമെത്തുക. ഇതിനായി, നാട്ടുരാജാവായിരുന്ന നെട്ടൂര്‍ കാരണവര്‍ ഓണപ്പൊട്ടന്മാരെ തറവാടിനടുത്ത് വെള്ളോരിപ്പ് എന്ന സ്ഥലത്ത് താമസിപ്പിച്ചു. നെട്ടൂര്‍ കാരണവരില്‍ നിന്ന് കോടി വാങ്ങിയ ശേഷം മറ്റ് വീടുകളിലും പോകും.
ഓണക്കാലമായതിനാലാണ്  ഓണപ്പൊട്ടൻഎന്ന  കലാരൂപം അവതരിപ്പിക്കാൻ തെരഞ്ഞെടുത്തത്.
പക്ഷെ,തിരക്കുകൾ കാരണം അവതരണം ചുരുങ്ങി.എല്ലാ ഗ്രൂപ്പംഗങ്ങളുടെയും സജീവമായ ഇടപെടലുകളും കൂട്ടിച്ചർക്കലുകളും പ്രതീക്ഷിച്ചു കൊണ്ട് മാറിനിൽക്കട്ടെ....

************************************************

kala: 
ഓണപ്പൊട്ടൻ
ചിങ്ങത്തിലോണം ബഹുകേമമാക്കാൻ
ചെറ്റപ്പുരയ്ക്കും കയറുന്നു പൊട്ടൻ,
മാവേലി വാഴും ഗതകാല ചിത്രം
മർത്ത്യന്നു നന്നായ് വിവരിച്ചിടും പോൽ,

        മിണ്ടാതെ, തേയ് പ്പിട്ടു നടന്നു കൊണ്ടും,
        ഇണ്ടൽ നരന്നങ്ങു കളഞ്ഞു കൊണ്ടും,
        ഓണേശ്വരൻ വീടുകളൊന്നൊഴിയ്ക്കാ-
         തിന്നും വരുന്നൂ,തിരുവോണമായാൽ

Ratheesh: ഓണപ്പൊട്ടൻ അവസരത്തിനു ചേരുന്നതായി
ഇന്ദ്രവജ്ര കല ടീച്ചർക്കും

Vasudevan: ഓണപ്പൊട്ടൻ ഇപ്പഴും വടകര ഭാഗങ്ങളിൽ വരാറുണ്ട്. കുട്ടികളാണ് വേഷം കെട്ടി വരാറ്. മുതിർന്നവർ വരാറേയില്ല.

അനുഷ്ടാനാംശത്തിൽ മുതിർന്നവർ വ്രതമെടുത്ത് ഓണപ്പൊട്ടനായി വരുമ്പോൾ , ഇക്കാലത്ത് കുട്ടികൾ വേഷം കെട്ടി മണികിലുക്കി വരുന്നതാവാം.
മാത്രമല്ല എൺപതുകളിലും തൊണ്ണൂറിന്റെ ആദ്യ പതിവരെയും വടകര ഭാഗത്ത് ഓണപ്പൊട്ടൻ വ്യാപകമല്ല.
പക്ഷേ ഇക്കാലത്ത് കൂടിയിട്ടുണ്ട്.
(ചുരുങ്ങിയത് എന്റെ നാട്ടിലെങ്കിലും)

Sivasankaran: ഓണത്തോടനുബന്ധിച്ച് വന്ന കാഴ്ചയുടെ വിസ്മയത്തിൽ
ഓണപ്പൊട്ടൻ തന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതമായി. വിവരണത്തിനും ചിത്രങ്ങൾക്കും ഈ ശ്രമത്തിനും അഭിനന്ദനങ്ങൾ പ്രജിതാ

Mini Thahir: ചുരുങ്ങിയില്ല.... അവതരണം ഗംഭീരം....
കൂട്ടിച്ചേർക്കലുകളും....
കലാരൂപങ്ങൾ അധികമൊന്നും കാണാൻ സാധിച്ചിട്ടില്ല.... നേരം തെറ്റിയ നേരത്താ പല കലാരൂപങ്ങളം അവതരിപ്പിക്കുന്നത്. പിന്നെങ്ങനെ എന്നെപ്പോലുള്ളവർക്ക് കാണാൻ സാധിക്കും..

************************************************