ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

6-6-2017

കാഴ്ചയിലെ വിസ്മയം
പ്രജിത

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ ഇരുപത്തിയൊൻപതാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു  
മന്നാൻ കൂത്ത്.
ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രചാരമുള്ള 
ദൃശ്യകലാ രൂപം .
അഭിപ്രായങ്ങളും  കൂട്ടിച്ചേർക്കലുകളും  വന്നോട്ടെ...                        

മന്നാന്‍ കൂത്ത്

ഇടുക്കി ജില്ലയിലെ വനമേഖലയില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാന്‍. മധുരമീനാക്ഷിയാണ് ഇവരുടെ ആരാധനാമൂര്‍ത്തി. വ്യവസ്ഥാപിതമായ ഭരണക്രമമുള്ള അപൂര്‍വം ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണിത്. രാജാവാണ് ഗോത്രത്തലവന്‍. മന്നാന്‍മാര്‍ക്ക് ഇപ്പോഴും രാജാവുണ്ട്. ഭരണത്തിന്റെ ആസ്ഥാനം ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍ മലയാണ്. രാജാവിന്റെ ആസ്ഥാനമായ കാഞ്ചിയാര്‍ മലയിലാണ് 'കാലവൂട്ട്' ഉത്സവം നടക്കുന്നത, വിളവെടുപ്പുത്സവമാണിത്. 

മന്നാന്മാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് മന്നാന്‍കൂത്ത്. കോവിലന്റേയും കണ്ണകിയുടെയും കഥയാണ് കൂത്തിലെ പ്രമേയം. 

കൂത്ത് ആരംഭിക്കുന്നതിന് മുന്നോടിയായി കഥകളിയിലെപ്പോലെ കേളി കൊട്ടി അറിയിക്കുന്ന സമ്പ്രദായമുണ്ട്. ഇലത്താളത്തിന്റെ രൂപത്തിലുള്ള ചാരല്, തുകല് കൊണ്ടുള്ള 'മത്താളം' എന്നീ ഉപകരണങ്ങളാണ് വാദ്യത്തിനായി ഉപയോഗിക്കുന്നത്. ദേവതാവന്ദനത്തോടെയാണ് കളി ആരംഭിക്കുന്നത്.

കൂത്ത് ആടുന്നവര്‍ എന്ന് അര്‍ത്ഥമുള്ള കൂത്താടികളാണ് കളിയിലെ വേഷക്കാര്‍. പെണ്‍ത്താടികളും ആണ്‍ത്താടികളും രംഗത്ത് വരും. ആണുങ്ങള്‍ തന്നെയാണ് സ്ത്രീകളുടെ വേഷവും ചെയ്യുന്നത്. അരിപ്പൊടിയും വെളിച്ചെണ്ണയും ചേര്‍ന്ന കൂട്ടാണ് മുഖത്ത് തേക്കുന്നത്. കൈയില്‍ വളയും കാലില്‍ ചിലങ്കയും അണിയും. ആണുങ്ങള്‍ മുണ്ട് തറ്റുടുത്ത് തോര്‍ത്ത് തലയില്‍ കെട്ടും. ഒരോ പുതിയ കഥാപാത്രം രംഗത്ത് വരുന്നതിന് മുന്നോടിയായി തിരശ്ശീല ഉയര്‍ത്തി പിടിക്കുകയും ആചാരപ്പാട്ട് പാടുകയും ചെയ്യും. കുലദേവതകളെ സ്മരിച്ചു കൊണ്ടുള്ളതാണ് ആചാരപ്പാട്ട്. തുടര്‍ന്നാണ് കോവിലന്‍പാട്ട് തുടങ്ങുന്നത്.

കേരളത്തിലെ കലാരൂപങ്ങളില്‍ കണ്ടുവരുന്ന പൊറാട്ടുവേഷങ്ങള്‍ക്ക് സമാനമായ 'കോമാളി' മന്നാന്‍ കൂത്തിലുണ്ട്. കോമാളി ചെയ്യുന്ന ആളിന് ഇഷ്ടമുളള വേഷം അവതരിപ്പിക്കാം. കഥാപാത്രത്തിന് ചേര്‍ന്ന സാധാരണവേഷത്തിലാണ് കോമാളി വേദിയിലെത്തുന്നത്. മുഖംമൂടിയും ഉപയോഗിക്കും.

കൂത്തിനിടയില്‍ നടത്തുന്ന സവിശേഷമായ നൃത്തമാണ് 'കന്നിയാട്ടം'. സ്ത്രീകളാണ് കന്നിയാട്ടം നടത്തുന്നത്. കൂത്ത് അനുഷ്ഠാനനിഷ്ഠയോടു കൂടി നടത്തുമ്പോള്‍ മാത്രമേ കന്നിയാട്ടം നടത്താറുള്ളൂ. കണ്ണകിയുടെ കഥ ആവേശകരമായ മുഹൂര്‍ത്തങ്ങളിലെത്തുന്ന സന്ദര്‍ഭങ്ങളിലാണ് കന്നിയാട്ടാക്കാരിറങ്ങുന്നത്. അതോടെ വാദ്യം മുറുകുകയും പാട്ടും തുള്ളലും ദ്രുതഗതിയിലാകുകയും ചെയ്യും. 

വനാന്തര്‍ഭാഗത്ത് കഴിയുന്ന ഗോത്രവര്‍ഗ്ഗക്കാരുടേതായ മന്നാന്‍ കൂത്തിലെ പല അംശങ്ങള്‍ക്കും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരമുള്ള നാടന്‍ കലാരൂപങ്ങളോടും കഥകളിയിലെ ചില അവതരണരീതിയോടും സാദൃശ്യമുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

കാലാവൂട്ട് മഹോത്സവം ആദിവാസികളുടെ ഒരു പ്രധാന ഉത്സവമാണ്. ഗോത്രസംസ്കാരത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് ഇടുക്കി ജില്ലയിലെ കോവില്‍ മലയിലാണ് മാര്‍ച്ച് ആദ്യം കാലാവൂട്ട് മഹോത്സവം നടന്നത്. വേനല്‍ക്കാലാരംഭം വിളവെടുപ്പിന്റെ കാലം കൂടിയാണ്. വിളവെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഉത്സവങ്ങളിലൊന്നാണ് കാലാവൂട്ട്. മന്നാന്‍ സമുദായത്തിന്റെ പാരമ്പര്യ കലാരൂപമായ കൂത്തോടു കൂടിയാണ് കാലാവൂട്ട് മഹോത്സവം ആരംഭിക്കുന്നത്. നാല്‍പ്പത്തിരണ്ട് കുടികളില്‍ നിന്നുള്ള ആദിവാസികളുടെ ഒത്തുകൂടല്‍ കൂടിയാണ് ഈ ഉത്സവം. മന്നാന്‍ കൂത്ത് അരങ്ങേറുന്നതും ഇവരുടെ സാന്നിദ്ധ്യത്തില്‍ തന്നെയാണ്. 
കൂത്തിന്റെ പാട്ടുകള്‍ പറയുന്നത് ചിലപ്പതികാരത്തിലെ കണ്ണകിയുടേയും കോവലന്റേയും കഥയാണ്. മുളയുപയോഗിച്ച് ഉണ്ടാക്കിയ ഇരിപ്പിടങ്ങളില്‍ പാട്ടുകാര്‍ ഇരിക്കുന്നു. പുരുഷന്‍മാര്‍ തന്നെയാണ് സ്ത്രീവേഷവും കെട്ടുന്നത്. മൃഗവേഷം, പുരുഷവേഷം, കോമാളി, പക്ഷികള്‍ തുടങ്ങിയവയാണ് പ്രധാനവേഷങ്ങള്‍. മത്താളം, ചിരല, ചിലങ്ക തുടങ്ങിയ പിന്നണിവാദ്യങ്ങളുടെ അകമ്പടിയോടെ നടക്കുന്ന കൂത്ത് നേരം പുലരുവോളം നീളും. കേരളത്തില്‍ ഇന്നും രാജഭരണം നിലനിര്‍ത്തിപ്പോരുന്ന ഒരു സമുദായമാണ് മന്നാന്‍. കോവില്‍മലയിലാണ് രാജാവിന്റെ ആസ്ഥാനം. തങ്ങള്‍ക്ക് കിട്ടിയ വിളവിന്റെ വിഹിതം രാജാവിന് സമര്‍പ്പിച്ച് കോവില്‍മല മുത്തിയമ്മയെന്ന കുലദൈവത്തെ വണങ്ങാനും കൂടിയാണ്  ആദിവാസികള്‍ കോവില്‍മലയില്‍ എത്തുന്നത്. കാലാവൂട്ട് മഹോത്സത്തിന്റെ പ്രധാന ചടങ്ങായ കൂത്ത് കാണാന്‍ വിദേശികളടക്കം നിരവധിപേര്‍ ഇത്തവണയും കോവില്‍മലയിലെത്തി.
കോവിൽമല👇
ഇടുക്കി ജില്ലയിലെ മന്നാൻ എന്ന ആദിവാസി സമുദായത്തിൻ‌റെ രാജ തലസ്ഥാനമാണ് കോവിൽമല. ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നാണിത്. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രമായ കട്ടപ്പനയിൽനിന്നും 17 കിലോ മിറ്റർ‌ അകലെപെരിയാറിൻ‌റെ അടുത്താണ്‌ ഈ പ്രദേശം.കോഴിമല എന്നും ഈ പ്രദേശം അറിയപ്പെടുന്നു. കേരളത്തിൽ‌ രാജഭരണം നിലവിലുള്ള ഏക സമൂഹമാണ്‌ മന്നാൻ‌ആദിവാസികൾ‌. അരിയാൻ രാജമന്നാൻഎന്ന പേരുള്ള 24 വയസ്‌ പ്രായമുള്ള യുവരാജാവായിരുന്നു ഈ സമൂഹത്തെ ഭരിച്ചിരുന്നത്. 2011 ഡിസംബർ 28-ന് കുടൽ സംബന്ധമായ അസുഖത്താൽ ഇദ്ദേഹം അന്തരിച്ചു                        

*************************************************
⁠⁠⁠⁠⁠വിജു:രതീഷ് മാഷിന് ഇടുക്കിക്കാരനായതിനാൽ കൂടുതൽ വ്യക്തത വരുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു! വിവരണം കേമമായി!

രതീഷ് കൃഷണൻ: മന്നാൻ കൂത്ത് 
ജീവിതത്തിൽ ആദ്യമായി വായിക്ക്കുന്നു..
അഭിവാദ്യങ്ങൾ...
ഇടുക്കിയിലേക്ക് ഇത് കാണാൻ പോകും...🤓🙏🏿                        
                    
സീത: പുതിയ അറിവാണിത്.ദൃശ്വകലയില്നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.                        

അനില്‍ യൂണി: ഒരു കലാരൂപം കൂടി അറിവിലേക്ക്...
                      
സുജാത അനിൽ: മന്നാൻ കൂത്ത് - പുതിയ അറിവ്.
വളരെ സന്തോഷം ഇത്തരം പങ്കbവയ്ക്കലുകൾക്ക്.                        

പ്രജിത: പങ്കുെവയ്ക്കലുകളുടെ കൂടെ ഞാനും പുതിയ അറിവുകൾ നേടുന്നു...                        

സ്വപ്ന: പ്രജിത ടീച്ചർ .....
പുതിയ അറിവുകൾക്ക് നന്ദി, അഭിനന്ദനങ്ങൾ                        

പ്രവീണ്‍ വര്‍മ്മ: മന്നാൻ കൂത്ത് എന്ന അറിവിന് പ്രജിത ടീച്ചർ🙏                        

ശിവശങ്കരൻ: മന്നാൻ കൂത്ത്
വിവരണവും ചിത്രങ്ങളും വീഡിയോയും ഗംഭീരം തന്നെയായി .
അഭിനന്ദനങ്ങൾ                        

പ്രജിത: കൂട്ടുചേർന്ന എല്ലാവർക്കും നന്ദി...🙏                        

*********************************************************