ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

6

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍


 ദൃശ്യകലാനുഭവങ്ങളുടെ      വരമൊഴിയിണക്കത്തിലേക്ക്

 ഭാഗം - VI      
             ഇരുളർ നൃത്തം

സിനിമ, ചവിട്ടുനാടകം (ശിവശങ്കരൻ മാഷ് അവതരിപ്പിച്ചത് ), അർജ്ജു നൃത്തം, അലാമിക്കളി, തെയ്യം, കഴിഞ്ഞ്  ആറാമതായി ഇവിടെ സൂചിപ്പിക്കുന്നത് മൂന്നോളം പേരുകളിൽ അറിയപ്പെടുന്ന ഒരു കലാരൂപമാണ്. ആദ്യമേ പറയട്ടെ; ഞാനിത് നേരിൽ കണ്ടിട്ടില്ല.

 ഇരുളർ നൃത്തം

 ഏലേലക്കരടി

 കരടിയാട്ടം 

ഈ പേരുകളിലറിയപ്പെടുന്ന കലാരൂപത്തെക്കുറിച്ച് കിട്ടിയ അറിവുകൾ ഇവിടെ നിരത്തുന്നു. ഒരുപാട് തിരുത്തലുകളും കൂട്ടി ചേർക്കലുകളും നിങ്ങളിൽ നിന്നാശിച്ചു കൊണ്ട് .........


ഇരുളർ നൃത്തം
ഏലേലക്കരടി  അഥവാ
കരടിയാട്ടം

പുരാതനമായ പല അനുഷ്ഠനകലകളും അന്യം നിന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന്. ഗോത്രമേഖലയുമായി ബന്ധപ്പെട്ട പല അനുഷ്ഠാന കലകളും കേരളത്തിലുണ്ട്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലുള്ള അഗളി(അട്ടപ്പാടി)യിലെ ആദിവാസികളാണ് ഇരുളർ. ഇവരുടെ നൃത്തത്തെ ഏലേലക്കരടിയെന്നും കരടിയാട്ടമെന്നും അറിയപ്പെടുന്നു. അഞ്ഞൂറു വർഷത്തിലേറെ പഴക്കമുണ്ട് ഈ സംഘനൃത്തത്തിന് എന്ന് കേൾക്കുന്നുണ്ട്. കരടിയാട്ടം സാധാരണയായി വിശേഷാവസരങ്ങളില്‍ നടത്തുന്ന ഒരു അനുഷ്ടാന കലയാണ് .സ്ത്രീകളും പുരുഷന്മാരും തുല്യമായ എണ്ണത്തില്‍ പങ്കെടുക്കുന്നു . ലിംഗഭേദമില്ലാതെ ഒന്നായി ചോടുവച്ചു , ഒരേ മനസായി , ഒരേ നൂലിലെ മുത്തുകള്‍ പോലെ ഒരുമിച്ച് കത്തിയുയരുന്ന തീജ്വാലകള്‍ക്ക് ചുറ്റും അവര്‍ ആടുന്നു .പരേതന്റെ ആത്മ മോക്ഷത്തിനും ദൈവ പ്രീതിക്കുമായി ഉത്സവ വേളകളില്‍ അവതരിപ്പിക്കുന്ന ഒന്നാണു ഇത്. മല്ലീശ്വരൻ ക്ഷേത്രത്തിൽ ശിവരാത്രി ദിവസം ഈ നൃത്തം അവതരിപ്പിക്കറുണ്ട്.  ‘ഏലേലെ ..കരടി ഏലേലെ..‘ എന്നിങ്ങനെ പാടിക്കൊണ്ട് വട്ടത്തിൽ സ്ത്രീപുരുഷന്മാർ ഇടകലർന്ന് നിന്ന് ചുവടുവെച്ച് കളിക്കും. ഈ പാട്ടിന്റെ തുടക്കത്തില്‍ സൂചിപ്പിക്കുന്ന പോലെ ഏലേലെക്കരടി എന്നും കരടിയാട്ടത്തിനു പേരുണ്ട്.  അട്ടപ്പാടിയില്‍ അധികവും ഇരുളരും മദുകരും ആണ് ഉള്ളതെങ്കിലും ഈ നൃത്തം ഇരുളര്‍ക്കിടയിലാണ് കൂടുതലും പ്രചാരമുള്ളത്  .മല്ലീശ്വര പര്‍വതത്തെ ആകമാനം ശിവലിംഗമായി കണ്ടാണ്‌ ആരാധിക്കുന്നത് .ഏറ്റവും ചുരുങ്ങിയത് പത്ത് പേരെങ്കിലും ഈ നൃത്തത്തില്‍ പങ്കെടുക്കണം . ഇതിലും കൂടുതല്‍ എണ്ണം ആളുകളും പങ്കെടുക്കാറുണ്ട് . അനുഷ്ടാന കലകള്‍ പലപ്പോഴും നല്ല വേഷവിധാനത്തോട് കൂടിയതായിരിക്കും എന്നാല്‍ ഏലേല കരടിക്ക് പ്രത്യേക വേഷ വിധാനങ്ങള്‍ ഒന്നുമില്ല . പരമ്പരാഗതമായ ആദിവാസി വസ്ത്രങ്ങള്‍ തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത് . ചെണ്ടയാണ് പ്രധാന വാദ്യം . കുറുംകുഴലുകളും തകിലും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട് . രാത്രികളില്‍ ആണ് ഏലേലക്കരടി കൂടുതലും നടക്കുന്നതെങ്കിലും പകലും ചിലപ്പോള്‍ കളി നടക്കാറുണ്ട് .മനുഷ്യനും കരടിയും തമ്മിലുള്ള ഒരു ഏറ്റു മുട്ടലാണ് നൃത്തത്തിന്റെ പ്രമേയം . പാട്ടിലും ഇത് തെളിഞ്ഞു വരുന്നു . വീര രസമുള്ള ഈ നൃത്തത്തില്‍ കരടിയുടെ ശല്യം മൂലം അതിനെ വേട്ടയാടാന്‍ പോകുന്നതും ഇരുവരും തമ്മില്‍ ഏറ്റു മുട്ടുന്നതും അവസാനം അതിനെ കൊല്ലുന്നതും വ്യക്തമാക്കുന്നു . താളാത്മകമായ ചുവടുകളും ഇടയ്ക്കിടയ്ക്ക്  അട്ടഹാസങ്ങളും  പോരിനു വിളിക്കുന്നതും അലര്‍ച്ചകളും ഒക്കെ നൃത്തത്തില്‍ ഉണ്ട് .
കേരളത്തിലും തമിഴ്നാട് അതിര്‍ത്തിയിലും ഉള്ള പ്രധാന ഗിരിവര്‍ഗമായ ഇരുളരുടെ ജീവിതത്തില്‍ കരടി എന്നും ഉറക്കം കൊല്ലിയാണ് . നിത്യജീവിതവും പ്രകൃതിയുമായും ഇഴ ചേര്‍ന്നുള്ള ഒരു കലാരൂപമാണ്‌ ഇത് .ആദ്യകാലങ്ങളില്‍ ഗുഹകളില്‍ കഴിഞ്ഞിരുന്ന ഇവര്‍ കൃഷിചെയ്തും ചെറു മൃഗങ്ങളെ വേട്ടയാടിയും ആണ് ജീവിച്ചിരുന്നത് . സ്വജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ് ഇവരുടെ ആരാധനയിലും കലകളിലും തെളിഞ്ഞു കാണുന്നത് .
ചിലപ്പോൾ പകലും കളി നടക്കാറുണ്ട്. കാവുന്റിക്കൽ ബിണ്ണൻ കേളു മൂപ്പൻ, മുട്ടി മൂപ്പൻ ,കടമ്പാറ ഊരിലെ നാട്ടുമൂപ്പൻ എന്നിവർ ഏലേലക്കരടി നൃത്തത്തിലെ പഴയകാല ആശാന്മാരായിരുന്നു.