ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

7-6-2017



📚ലോക സാഹിത്യം
നെസി📚📚📚📚📚📚📚
ജർമ്മൻ നോവലിസ്റ്റ് ഹെർമൻ ഹെസ്സെയുടെ
📕📕📕📕📕📕📕
          സിദ്ധ്വാർത്ഥ
📕📕📕📕📕📕📕
          ഒന്നാം ലോകമഹായുദ്ധത്തിന് മുൻപായി ഇന്ത്യ സന്ദർശിച്ച ഹെർമൻ ഹെസ്സെ ബുദ്ധന്റെ ജീവിതകഥയിൽ ആകൃഷ്ടനായി രചിച്ച കൃതിയാണ് സിദ്ധാർത്ഥ.ഒരു ബ്രാഹ്മണ യുവാവായ സിദ്ധ്വാർത്ഥ സ്വന്തം സ്വത്വമന്വേഷിച്ചു നടത്തുന്ന യാത്രയുടെ തീർത്ഥാടനത്തിന്റെ അന്വേഷണത്തിന്റെ കണ്ടെത്തലിന്റെ കഥയാണ്
           📗സിദ്ധ്വാർത്ഥ📗
സിദ്ധ്വാർത്ഥനും ഗോവിന്ദനും വാസുദേവനും കമലയും സാക്ഷാൽ ബുദ്ധനും നോവലിൽ നമ്മെ വിസ്മയിപ്പിക്കുന്നു. പാശ്ചാത്യ പൗരസ്ത്യ ജീവിത ദർശനങ്ങളുടെ വിശാലമായ ലോകത്തേയ്ക്ക് ഒരു  പോലെ വെളിച്ചം വീശാൻ ഹെസ്സെയ്ക്ക് കഴിയുന്നു.
📔📔📔📔📔📔📔📔.                    

     രണ്ടു തലത്തിൽ നിൽക്കുന്ന രണ്ട് പുസ്തക പരിചയ കുറിപ്പുകൾ ഇവിടെ പരിചയപ്പെടുത്തുന്നു. സിദ്ധ്വാർത്ഥ ഒൻപതാം തരത്തിൽ പാഠഭാഗമാണല്ലോ. ഈ പുസ്തകാസ്വാദന കുറിപ്പുകൾ എല്ലാവർക്കും പ്രയോജനപ്പെടും... എല്ലാവരും പുസ്തകം വായിക്കും എന്ന പ്രതീക്ഷയിൽ📘

പുസ്തക പരിചയപ്പെടുത്തുന്നു

സിദ്ധാർത്ഥ - നോവൽ
ഹെർമൻ ഹെസ്സെ

വിവർത്തക: കെ. ഉഷ
പ്രസാധകർ:  കൈരളി ബുക്സ്,  കണ്ണൂർ

ഹെർമൻ ഹെസ്സെ:  ജർമ്മൻ നോവലിസ്റ്റ്, കവി, ചിത്രകാരൻ,  ബുദ്ധിജീവി.

മുഖ്യകൃതികൾ: സിദ്ധാർത്ഥ, സ്റ്റെപ്പൻ വുൾഫ്, ദ ഗ്ലാസ്സ് ബീഡ് ഗെയിം

ജനനം: 1877 ജൂലൈ രണ്ട്. ജർമ്മനിയിലെ കാൾവിനിൽ
മരണം : 1962 ആഗസ്റ്റ് 9 ന് സ്വിറ്റ്സർലൻഡിലെ മൊണ്ടാനോലയിൽ
ബഹുമതി: 1946 ൽ സാഹിത്യത്തിനുള്ള നൊബേൽ പ്രൈസ്.

       ബുദ്ധിസ്സത്തിന്റെ ആദ്യകാല ദിനങ്ങളെയും, അനുഭവത്തിനും ബോധോദയത്തിനുമായി ഒരു മനുഷ്യൻ നടത്തുന്ന അന്വേഷണങ്ങളെയുമാണ് സ്വപ്ന സദൃശ്യമായ വർണ്ണനയോടെ ഹെർമൻ ഹെസ്സെ ഈ നോവലിൽ ആവിഷ്കരിക്കുന്നത്.

      പരിചിതമായ സാമൂഹികാദർശങ്ങളിൽ നിന്ന് ആക്രാമകമായി അകന്നു നടക്കുകയും ആ പ്രക്രിയക്കിടയിൽ അപ്രതീക്ഷിതമായി ബോധം നേടുകയും ചെയ്യുന്നവരാണ് ഹെസ്സെയുടെ മുഖ്യകഥാപാത്രങ്ങൾ ഏറെയും.

വിവർത്തക: കെ. ഉഷ. 1955ൽ ഇരിട്ടിയിൽ ജനനം. ബിരുദാനന്തര ബിരുദം.
ബാലസാഹിത്യം, നോവൽ,  ചെറുകഥകൾ, കുട്ടികൾക്കായി ശാസ്ത്രലേഖനങ്ങൾ എന്നിവ എഴുതുന്നു.
ശിവപുരം സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചു.

ബുദ്ധനോടും, ഗോവിന്ദനോടും പിരിയുന്ന സിദ്ധാർത്ഥൻ, നാൽക്കുട്ടപെരുവഴിയിൽ നില്ക്കുന്നു.  അവിടെ നിന്നുകൊണ്ട് അയാൾ ചിന്തിച്ചു.
താനിപ്പോൾ പഴയ സിദ്ധാർത്ഥനല്ല, സന്യാസിയല്ല, പുരോഹിതനല്ല, ബ്രാഹ്മണനുമല്ല. പിന്നാരാണ്???

ഹിമസമാനമായ ശൈത്യത്തിന്റെ ആഴങ്ങളിലേക്ക് ഉടലുണർവുകൾ ആണ്ടുപോകുന്നത് അയാൾ അറിയുന്നു. ഏകാകിയാണെന്ന സത്യം മഞ്ഞുകണംപോലെ ഉള്ളിലുരുകിയിറങ്ങുന്നതും സിദ്ധാർത്ഥൻ തിരിച്ചറിയുന്നു.

       എവിടെയും ഇടമില്ലാത്ത  ഒരുവനായി തീർന്ന തിരിച്ചറിവിൽ തന്റെ ഇത്രയും നാളത്തെ ജീവിതം ആ നാൽക്കൂട്ടപ്പെരുവഴിയിൽ ഉപേക്ഷിച്ചു നടക്കുന്നു.

പുഴക്കരയിലെത്തിയ സിദ്ധാർത്ഥൻ കടത്തുകൂലി കടം പറഞ്ഞ് കടത്തുകാരനുമായി സൗഹൃദം സ്ഥാപിക്കുന്നു.

കടത്തു കടന്ന് പട്ടണത്തിലേക്ക് നടക്കുന്നു. താങ്കൾ ഇനിയും ഈ വഴി വരും എന്ന കടത്തുകാരന്റെ വാക്കുകൾ ഈ നോവലിന്റെ ഗതിയെ നിർണ്ണയിക്കുന്ന ഒന്നാണ്.

കാരണം  ഇനിയുള്ള സിദ്ധാർത്ഥന്റെ ജീവിതത്തിൽ ഗോവിന്ദന്റെ സ്ഥാനം കടത്തുകാരനായ  വാസുദേവനാണ്. ഇവർ മൂവരല്ല. സിദ്ധാർത്ഥൻ തന്നെയാണ് ഗോവിന്ദൻ,  സിദ്ധാർത്ഥൻ തന്നെയാണ് വാസുദേവനും.

ഇത്തരം രചനാ സങ്കേതം വളരെ മനോഹരമായി ഹെസ്സെ  ഈ നോവലിൽ പ്രയോഗിച്ചിരിക്കുന്നു. സിദ്ധാർത്ഥന്റെ രണ്ടു ചെറുപതിപ്പുകളെ സൃഷ്ടിച്ചിരിക്കുന്നു.

ഒരാളെ ബുദ്ധാശ്രമത്തിലുപേക്ഷിച്ചു.
ഇനിയൊരാളെ മുന്നോട്ടുള്ള പാതയിൽ ഒരുക്കി നിറുത്തിയിരിക്കുന്നു.

   പട്ടണത്തിലെത്തിയ സിദ്ധാർത്ഥൻ കമല എന്ന ഗണികയുമായി സൗഹൃദം സ്ഥാപിക്കുന്നു. അവിടെ തന്റെ ഊടുവയ്പായി അയാൾ പറയുന്നത്, "ഉപവസിക്കാനറിയാം, ചിന്തിക്കാനറിയാം, കാത്തിരിക്കാനറിയാം എന്നാണ്.
കമലയെ പാടിക്കേൾപ്പിച്ച പാട്ടിന്റെ പ്രതിഫലമായി ആദ്യ ചുംബനം അയാൾ സ്വീകരിക്കുന്നു.

കമലയുടെ നിർദ്ദേശപ്രകാരം കാമസ്വാമിയെ പോയി കാണുന്നു. ക്രമേണ കാമസ്വാമിയുടെ വ്യാപാര പങ്കാളിയായി ധാരാളം പണം സമ്പാദിക്കുന്നു.
കാലക്രമേണ താപസ സിദ്ധികൾ ഒന്നായി സിദ്ധാർത്ഥനെ വിട്ടകലുന്നു. സാധാരണ ( കേവല) മനുഷ്യനായി അയാൾ മാറുന്നു.  ചൂതുകളിയിലും, മദ്യപാനത്തിലും കമലയോടൊത്തുള്ള പ്രണയ സല്ലാപത്തിലും അഭിരമിക്കുന്നു.
എല്ലാം നഷ്ടമായ അയാൾ പരിതപിക്കുന്നില്ല.

ഒരു രാത്രി തന്റെ നിലവിലെ ജീവിതം വിട്ടിറങ്ങുന്നു.

എന്നാൽ ബാക്കിപത്രമായി കമലയുടെ വയറ്റിൽ ജീവന്റെ നാമ്പ് വളർന്നു തുടങ്ങിയിരുന്നു.

നടന്നുനടന്ന്   പണ്ട്  കടം പറഞ്ഞ കടത്തിറങ്ങിയ നദിയോരത്ത് സിദ്ധാർത്ഥൻ എത്തുന്നു.


മരണം ഒരു മോഹമായി അയാളെ ചൂഴ്ന്നു നില്ക്കുന്നു. ആ പ്രലോഭനത്തിൽ നിന്നും, മധുരമായ ക്ഷണത്തിൽ നിന്നും മോചിതനായ സിദ്ധാർത്ഥൻ നീണ്ട നിദ്രയിലേക്ക് വീഴുന്നു.

നിദ്രാവസാനം കണ്ണുകൾ ഉയർത്തി നോക്കുന്നത് വാസുദേവനിലേക്കാണ്. ...

രണ്ടു ഭാഗങ്ങളായാണ് ചെറുതും  എന്നാൽ ആശയങ്ങളാൽ  അതി ബൃഹത്തുമായ  ഈ നോവലിന്റെ രചന.

മുഖ്യകഥാപാത്രങ്ങൾ:
 ബ്രാഹ്മണകുമാരനായ സിദ്ധാർത്ഥൻ, കൂട്ടുകാരൻ ഗോവിന്ദൻ,  ഗൗതമ ബുദ്ധൻ, കടത്തുകാരനായ വാസുദേവൻ,  ഗണികയും പിന്നീട് സിദ്ധാർത്ഥന്റെ കാമുകിയുമാകുന്ന കമല, കമലയിൽ സിദ്ധാർത്ഥനു പിറക്കുന്ന മകൻ, വ്യാപാരിയായ കാമസ്വാമി....

       പഠിക്കാൻ മിടുക്കനായിരുന്നു, ബ്രാഹ്മണബാലനായ സിദ്ധാർത്ഥൻ. പാഠഭാഗങ്ങൾ അതിവേഗം പഠിക്കുമ്പോഴും, സംശയങ്ങളിൽനിന്ന് ചോദ്യങ്ങളിലേക്കും അവയുടെ ഉത്തരം തേടിയുള്ള അശാന്തിയിലേക്കും അലയുന്ന മനസ്സായിരുന്നു അയാളുടേത്.

എല്ലാത്തിന്റെയും കൂടെ ആയിരിക്കെത്തന്നെ ഒന്നിന്റെയും സ്വന്തമല്ലാത്ത അവസ്ഥ.
നിർവ്വികാരതയും നിർവ്വാണവുമല്ലാത്ത അവസ്ഥ.

അവൻ നീട്ടിയ പാത്രം നിറഞ്ഞില്ല.
അവന്റെ പ്രജ്ഞ തൃപ്തമായില്ല.
അവന്റെ ആത്മാവ് ശാന്തമായില്ല.
അവന്റെ ഹൃദയം വിശ്രാന്തിയറിഞ്ഞില്ല.

     എല്ലാ ആരാധനയും പരമവും ഏകവുമായ ആത്മാവിനുള്ളതായിരിക്കണ്ടെ. പക്ഷേ,  ഈ ആത്മാവിനെ എവിടെ കണ്ടെത്തും. അച്ഛനോ ഗുരുക്കന്മാരോ ആ വഴി ചൂണ്ടിക്കാണിച്ചിട്ടില്ല. അവർക്കറിയില്ല. മന്ത്രങ്ങളിലൊനും അത് പറയുന്നുമില്ല.

    അശാന്തമായ മനസ്സിനെ തണുപ്പിക്കാൻ സന്യാസം സ്വീകരിക്കാൻ സിദ്ധാർത്ഥൻ തീരുമാനിക്കുന്നു.
ഒരു രാവു മുഴുവൻ പിതാവിന്റെ മുമ്പിൽ അനുമതിക്കായി വിറകൊള്ളുന്ന കാലുകളുമായി നില്ക്കുവാൻ സിദ്ധാർത്ഥന് വിഷമമില്ലായിരുന്നു. അത്രമാത്രം ലക്ഷ്യത്തിലേക്കുള്ള പ്രയാണം അയാളെ ആകർഷിച്ചിരുന്നു.

 ഒടുവിൽ പിതാവിന്റെ അനുമതി വാങ്ങി സന്യസിക്കാൻ പുറപ്പെടുന്നു.
തന്റെ വീടുവിട്ട് പ്രധാന നിരത്തിലേക്കിറങ്ങുന്ന വഴിയിലെ കുടിലിൽനിന്ന് ഒരു നിഴൽ തന്നെ പിൻതുടരുന്നത് സിദ്ധാർത്ഥനറിഞ്ഞു.

നീ ..വന്നു.... സിദ്ധാർത്ഥൻ പുഞ്ചിരിയോടെ പറഞ്ഞു....

ഞാൻ വന്നു..... മറുപടിയെത്തി.

അത് ഗോവിന്ദനായിരുന്നു...

    നീണ്ട യാത്രക്കുശേഷം ശ്രാവസ്തി എന്ന പട്ടണത്തിൽ ജേതവനത്തിൽ സിദ്ധാർത്ഥനും ഗോവിന്ദനുമെത്തി. ബുദ്ധഭിക്ഷുക്കളുടെ ആധിക്യം അവരെ അമ്പരപ്പടുത്തി. പിറ്റേ ദിവസം സാധാരണ ഭിക്ഷുവിനെപ്പോലെ ഭിക്ഷാപാത്രവുമായി പോകുന്ന ബുദ്ധനെ അവർ പിന്തുടർന്നു.   "ആരോഗ്യവാനായ ഒരു ശിശുവിന്റേതിനോട് താരതമ്യപ്പെടുത്താവുന്ന നിഗൂഢമായ മന്ദഹാസവുമായി, ശാന്തനായി,  നിശബ്ദനായി തെരുവിലുടെ ബുദ്ധൻ നടന്നു.
വേഷഭൂഷകളിൽ മറ്റു ഭിക്ഷുക്കളോട് യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ലെങ്കിലും ആ മുഖം, പാദം, ശാന്തമായി കീഴോട്ടു നോക്കുന്ന ദൃഷ്ടികൾ, എന്തിന് ആ കൈവിരലുകൾ പോലും ശാന്തിയുടെ സ്വരങ്ങൾ പുറപ്പെടുവിച്ചു. അദ്ദേഹം പൂർണ്ണതയെ തിരയുകയും,  സദാസമയവും അഭംഗുരമായ ശാന്തിയുടെ ഒളിമങ്ങാത്ത പ്രഭ പ്രസരിപ്പിക്കുകയും ചെയ്തു.
(പേജ് 27)

      ഗോവിന്ദന് ഇതെല്ലാം അത്ഭുതമായിരുന്നു. സിദ്ധാർത്ഥനാകട്ടെ ഇതിനോടൊന്നും യാതൊരു പ്രതിപത്തിയും പ്രകടിപ്പിച്ചില്ല. സ്വതേയുള്ള നിർവികാരതയും, അന്യമനസ്കതയും ഇവിടെയും പുലർത്തി.
എന്നാൽ ബുദ്ധൻ, വിരൽത്തുമ്പോളം വിശുദ്ധനാണെന്നും, ആ വിരലുകളിലെ ഓരോ അസ്ഥിസന്ധിയും ജ്ഞാനത്താൽ ബന്ധിതമാണെന്നും, അവയിൽ നിന്നും സത്യത്തിന്റെ പ്രകാശം വരുന്നുണ്ടെന്നും സിദ്ധാർത്ഥൻ തിരിച്ചറിഞ്ഞു.

ആദ്യമായാണ് അയാൾക്ക് മറ്റൊരാളോട് ഇത്രയും ആദരവും പ്രേമവും തോന്നുന്നത്.

     വൈകുന്നേരം തന്റെ പ്രഭാഷണത്തിൽ, ജീവിതത്തിലെ നാലു മൂല്യങ്ങളെക്കുറിച്ചും, അഷ്ടാംഗമാർഗ്ഗത്തെക്കുറിച്ചും ബുദ്ധൻ സംസാരിച്ചു.  നക്ഷത്ര ദീപ്തിപോലെ അദ്ദേഹത്തിന്റെ വ്യക്തവും ശാന്തവുമായ സ്വരം ശ്രോതാക്കളുടെ ഹൃദയത്തിൽ വാർന്നു വീണുകൊണ്ടിരുന്നു.

ഗോവിന്ദനും മറ്റുള്ളവരും തങ്ങളെ സംഘാഗങ്ങളായി സ്വീകരിക്കാൻ ബുദ്ധനോടപേക്ഷിച്ചു. അപേക്ഷ സ്വീകരിക്കപ്പെട്ടു. ഗോവിന്ദൻ സിദ്ധാർത്ഥനെ നിർബന്ധിച്ചെങ്കിലും അയാൾ അതിൽപെടാതെ മാറിനിന്നു.
പിറ്റേന്ന് ഗൗതമ ബുദ്ധനുമായി സിദ്ധാർത്ഥൻ നേരിട്ട് സംസാരിക്കുന്നു.  ശാന്തിയിൽ മേവുന്ന ബുദ്ധനും അടങ്ങാത്ത ജ്ഞാനതൃഷ്ണയാൽ എത്തിയിരിക്കുന്ന സിദ്ധാർത്ഥനും തമ്മിൽ ചെറുതെങ്കിലും മനോഹരമായ സംവാദം നടന്നു.

അനന്യമായ തേജസ്സോടെ, സൗഹൃദം നിറഞ്ഞ ചിരിയോടെ, കൈകളുടെ അവ്യക്തമായ ചെറുചലനത്തിലൂടെ അയാൾ ക്ക് ബുദ്ധൻ യാത്രാനുമതി നല്കി.
 
        " ഹേ, സന്യാസി, താങ്കൾ മിടുക്കനാണ്. സമർത്ഥമായ രീതിയിൽ സംസാരിക്കാനും താങ്കൾക്കറിയാം.  എന്നാൽ എന്റെ സ്നേഹിതാ, ഈ അതിസാമർത്ഥ്യം നിന്നെ അപകടങ്ങളിൽ എത്തിക്കും."
ബുദ്ധൻ പറഞ്ഞു.

തിരിഞ്ഞു നടക്കുന്ന സിദ്ധാർത്ഥൻ, തന്നിൽ നിന്നെന്തൊക്കെയോ ബുദ്ധൻ കവർന്നെടുത്തതായി അറിയുന്നു. കൂടാതെ എന്തൊക്കെയോ തനിക്ക് സമ്മാനിക്കുകയും ചെയ്തിരിക്കുന്നു.
തന്റെ ഉറ്റ ചങ്ങാതിയായ ഗോവിന്ദനെ തന്നിൽനിന്ന് അടർത്തിമാറ്റാൻ കൂടി ഈ ഭിക്ഷുവിനു സാധിച്ചു. തന്റെ നിഴലായിരുന്നവൻ ഇപ്പോൾ അദ്ദേഹത്തിന്റെ നിഴലായിരിക്കുന്നു.
ഈ മഹാന്റെ ദർശനങ്ങളൊന്നും തന്നെ  വശീകരിക്കാത്ത നിലയ്ക്ക്  വേറൊരാളുടെ ചിന്തകളും ഉപദേശങ്ങളും തന്നെ വശീകരിക്കുകയില്ല.

ഒരു ഞെട്ടലോടെ പരമമായ സത്യം  സിദ്ധാർത്ഥൻ തിരിച്ചറിയുന്നു.  "സിദ്ധാർത്ഥനായ തന്നെ  അദ്ദേഹം തനിക്കുതന്നെ വിട്ടുതന്നിരിക്കുന്നു."

    അവിടെനിന്നും നടന്നു നീങ്ങുമ്പോൾ താൻ പിന്നിലുപേക്ഷിച്ചത് പ്രിയ തോഴനായ ഗോവിന്ദനെ മാത്രമല്ലെന്നും തന്റെ ഇതുവരെയുള്ള ജീവിതം കൂടിയാണെന്നും സിദ്ധാർത്ഥൻ അറിയുന്നു.

അയാൾ തന്റെ യാത്ര തുടരുകയായിരുന്നു....

അത് ജ്ഞാനത്തിലേക്കോ....

ഭൗതീകതയിലേക്കോ......

ആത്മീയതയിലേക്കോ....

ലൗകീകതയിലേക്കോ....

സന്യാസിമാർക്കൊപ്പം ചേർന്ന സിദ്ധാർത്ഥനും ഗോവിന്ദനും അതിനൊത്ത ജീവിതം ആരംഭിച്ചു.  കൗപീനവും ചെമ്മൺനിറമുള്ള പുതപ്പുമൊഴികെ തന്റെ വസ്ത്രങ്ങൾ മുഴുവൻ ഒരു ദരിദ്ര ബ്രാഹ്മണന് ദാനം ചെയ്യുന്നു.

 ഭിക്ഷ യാചിച്ചു കിട്ടുന്ന ഭക്ഷണം ഒരു നേരം മാത്രം ഭക്ഷിച്ചു. അതുവഴി ഉപവാസം അഭ്യസിക്കുന്നു. ആദ്യം പതിനാല്, പിന്നീട് ഇരുപത്തിയെട്ട് ഇങ്ങനെ ഉപവാസദിവസങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിക്കുന്നു.  ശരീരത്തിൽ നിന്നും മാംസളത അപ്രത്യക്ഷമായി.  കണ്ണുകളിൽ വിചിത്ര സ്വപ്നങ്ങൾ പ്രതിഫലിച്ചു.

     എന്തിനെയും നിർമമനായി, നിർവികാരനായി, നിസംഗതയോടെ നോക്കികാണുവാൻ സിദ്ധാർത്ഥൻ ശീലിക്കുന്നു.
വേദനയും ദാഹവും തിരസ്കാരവും എല്ലാം മുക്തി എന്ന ലക്ഷ്യത്തിലേക്കാണെന്ന് വിശ്വസിക്കുന്നു.
 
         പിന്നീട് ധ്യാനത്തിലൂടെ മനസ്സിനെ ശൂന്യമാക്കാൻ ശ്രമിക്കുന്നു.  ഒരായിരം തവണ സ്വത്വം നഷ്ടപ്പെട്ട് ദിവസങ്ങളോളം ശൂന്യതയിൽ നിലനില്ക്കാൻ സിദ്ധാർത്ഥന് സാധിക്കുന്നു.  പക്ഷേ അഹത്തിൽ നിന്ന് അകലേക്ക് കൊണ്ടുപോയ ഓരോ പാതയും തിരിച്ച് അഹത്തിൽ തന്നെ അവസാനിക്കുന്നത് സിദ്ധാർത്ഥൻ തിരിച്ചറിയുന്നു.

        തുടർന്ന് പരകായപ്രവേശത്തിന്റെ സിദ്ധിയിലൂടെ നായായും, നരിയായും മറ്റൊരു നരനായും, പക്ഷിയായും മാറാൻ പരിശീലിക്കുന്നു.
 ( ഇവിടെ സർവ്വഞ്ജപീഠത്തിലേക്ക് യാത്ര ചെയ്ത ശങ്കരാചാര്യരെ ഓർമ്മ വരുന്നു.  )
എന്നാൽ ആത്മദാഹം ശമിപ്പിക്കാൻ സിദ്ധാർത്ഥനു കഴിയുന്നില്ല.

     ഈ സന്യാസിമാരിൽ നിന്ന് പഠിച്ചതത്രയും സത്രത്തിൽനിന്നോ, ചുമട്ടുകാരിൽനിന്നോ, വേശ്യാഗൃഹത്തിൽ നിന്നോ, ചൂതാട്ടക്കാരിൽ നിന്നോ ഇതിലും വേഗത്തിൽ താൻ പഠിക്കുമായിരുന്നു എന്നുപറയുന്ന സിദ്ധാർത്ഥന്റെ മനസ്സ് ആത്മഞ്ജാനത്തിന്റെ പരമപദം തേടുവാൻ വെമ്പുകയായിരുന്നു.
ഒന്നിലും തൃപ്തിയടയുന്നില്ല.

        അപ്പോഴാണ് ഗൗതമ ബുദ്ധനെക്കുറിച്ച് കേൾക്കുന്നത്.


സന്യാസിമാരോട് അല്പം കലഹിച്ചാണെങ്കിലും പുതിയ  അറിവിന്റെ തീരം തേടി സിദ്ധാർത്ഥൻ നടക്കുന്നു.
കൂടെ ഗോവിന്ദനും ഉണ്ടായിരുന്നു.

വാസുദേവൻ സിദ്ധാർത്ഥനെ കൂടെ താമസിപ്പിക്കുന്നു.
ആ കടത്ത് കടന്നുപോകുന്നവർ മുനിവര്യരെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ജ്ഞാനവൃദ്ധരെക്കുറിച്ച് സംസാരിക്കുന്നു.
പലരും അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇവരോട് ചർച്ച ചെയ്യുന്നു.

വാസുദേവൻ തന്റെ സഹചാരിയായ പുഴയുടെ ഭാഷ സാദ്ധാർത്ഥനെ പഠിപ്പിക്കുന്നു. പുഴയുടെ ചിരി, മൗനം, പരിഹാസം, നൊമ്പരം എന്നിവ അറിയാൻ സിദ്ധാർത്ഥൻ പഠിക്കുന്നു.

കാലചക്രമുരുളുമ്പോൾ, തന്റെ സമ്പത്തെല്ലാം വെടിഞ്ഞ് ബുദ്ധമാർഗ്ഗം തേടി കമലയും കുഞ്ഞും കടവിലെത്തുന്നു. ബുദ്ധാശ്രമത്തിലേക്കുള്ള യാത്രയിൽ കടവിലെത്തിയ കമല സാദ്ധാർത്ഥനെ കാണുന്നു. പഴയ തന്റെ ശിഷ്യനും കാമുകനുമായിരുന്ന സിദ്ധാർത്ഥനോട് ഈ കുഞ്ഞ് സിദ്ധാർത്ഥന്റേതാണ് എന്ന് കമല അറിയീക്കുന്നു. രോഗിയും അവശയുമായ കമല സിദ്ധാർത്ഥന്റെയും വാസുദേവന്റെയും പരിചരണത്തിൽ സമാധാനമായി മരിക്കുന്നു.

മകനെ സിദ്ധാർത്ഥൻ സംരക്ഷിക്കുന്നു. അനുസരണക്കേടും വളർത്തുദോഷവുമുള്ള മകൻ അയാൾക്കൊരു ബാധ്യതയായി മാറുന്നു.  അവനൊരിക്കലും പിതാവായി അയാളെ കാണുവാനോ അംഗീകരിക്കാനോ ആവുന്നില്ല.  വിട്ടുവീഴ്ചകളുടെയും സഹനത്തിന്റെയും ദിനരാത്രങ്ങൾക്കൊടുവിൽ അവൻ അയാളെ വിട്ട് ഓടിപ്പോകുന്നു. അയാൾ എത്രമാത്രം അവനെ സ്നേഹിച്ചുവോ അതിന്റെ പതിന്മടങ്ങ് അവനയാളെ വെറുത്തു. ഓടിപ്പോയ മകനെത്തേടി പട്ടണത്തിലേക്ക് പുറപ്പെടാൻ തയ്യാറായ സിദ്ധാർത്ഥനെ വാസുദേവൻ കേവലം ഒരു നോട്ടത്തിലൂടെ വിലക്കുന്നു.

പിന്നീട് വാസുദേവനും സിദ്ധാർത്ഥനും മാത്രമാകുന്നു.
പുഴയുമായി അഭേദ്യമായൊരു ബന്ധം സിദ്ധാർത്ഥൻ സ്ഥാപിക്കുന്നു.

നാളുകൾക്കു ശേഷം വാസുദേവൻ വാനപ്രസ്ഥത്തിനായി പുറപ്പെടുന്നു.

കടത്തുകാരനായി മാറിയ സിദ്ധാർത്ഥൻ തന്റെ ജീവിതം, പ്രകൃതിയും, പുഴയും, കടത്തുകടന്ന് പട്ടണത്തിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നവരുമായുള്ള സഹവാസത്തിലും മാത്രമായി ഒതുങ്ങുന്നു.

വളരെ നാളുകൾക്കു ശേഷം ബുദ്ധസന്യാസിയായ ഗോവിന്ദൻ കടവിലെത്തുന്നു.
ജ്ഞാനം തേടിപ്പോയ തന്റെ കൂട്ടുകാരനെ തിരിച്ചറിയാൻ ഗോവിന്ദനു സാധിക്കുന്നില്ല.

ഒരന്വേഷകനാണ് താനെന്ന പ്രസ്താവനയ്ക്ക്, നിങ്ങൾ ഇപ്പോഴും അന്വേഷകനാണോ എന്ന മറുചോദ്യവുമായി സിദ്ധാർത്ഥൻ നേരിടുന്നു.
ഒരാൾക്ക് അറിവ് പകർന്നു കൊടുക്കാൻ സാധിക്കും.  എന്നാൽ ജ്ഞാനം പകരാനാവില്ല. അത് സ്വയം ആർജിക്കേണ്ടതാണ്. എല്ലാവരിലും ഒരു ബുദ്ധനുണ്ട് അത് തിരിച്ചറിയലാണ് യഥാർത്ഥ ജ്ഞാനം.

ഗോവിന്ദൻ തന്റെ ചങ്ങാതിയെ തിരിച്ചറിയുന്നു.
ജനിമൃതികളുടെ രഹസ്യവും, സുഖ, ദുഃഖങ്ങളുടെ പൊരുളും , ആത്മീയ, ലൗകീകതയുടെ മാനങ്ങളും അവർ തമ്മിൽ സംസാരിക്കുന്നു.

അലൗകീകമായ ആനന്ദത്തിൽ നിറഞ്ഞ ഗോവിന്ദൻ സിദ്ധാർത്ഥന്റെ ആവശ്യപ്രകാരം അയാളുടെ നിറുകയിൽ ചുംബിക്കുന്നു.

ഗോവിന്ദന്റെ കൺമുന്നിൽ സിദ്ധാർത്ഥനല്ലായിരുന്നു. ഒഴുകിമാറുന്ന അനേക സഹസ്രം രൂപങ്ങളുടെ മേൽ ഒരാവരണം പോലെ പടരുന്ന പുഞ്ചിരി. ആയിരമായിരം ജനിമൃതികൾക്കുമേൽ ഒരേപോലെ വ്യാപിക്കുന്ന സിദ്ധാർത്ഥന്റെ ഈ ചിരി തന്നെയാണ് ഗൗതമ ബുദ്ധന്റെ മുഖത്തുണ്ടായിരുന്നതെന്ന് ഗോവിന്ദൻ തിരിച്ചറിയുന്നു.

തന്റെ മുന്നിൽ നില്ക്കുന്നത് സിദ്ധാർത്ഥനാണോ, ഗൗതമനാണോ, അതോ, താനും മറ്റുള്ളവരുമാണോ എന്നു തിരിച്ചറിയാനാവാതെ പരമമായ ആനന്ദത്തിൽ ലയിച്ച് ഗോവിന്ദൻ നിന്നു.
പരമമായ ജ്ഞാനത്തിന്റെ, ബോധോദയത്തിന്റെ അവസാനം, താൻതന്നെയായ, ഗൗതമനായ, മറ്റുള്ളവരായ, പ്രകൃതിയും, ഈശ്വരനും എല്ലാമായ, ഓംകാരമായ സിദ്ധാർത്ഥനെ ഗോവിന്ദൻ സാഷ്ടാംഗം പ്രണമിക്കുന്നു.

കുറിപ്പ് തയ്യാറാക്കിയത് :
കുരുവിള ജോൺ.
🙏🙏🙏🙏🙏🙏🙏🙏🙏⁠⁠⁠⁠



ആത്മ സാക്ഷാത്ക്കാരത്തിന്റെ വേറിട്ട വഴികള്‍

ഡിസംബറിന്റെ പുണ്യദിനങ്ങളില്‍ ഉണ്ണിയേശുവിനു പിറക്കാന്‍ എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ ഒരു നനുത്ത ശയ്യ ഒരുക്കുവാന്‍ മറിയവും യൗസേഫും സന്തോഷത്തിന്റെ അടരുകള്‍ സൃഷ്ടിക്കുമ്പോള്‍ പ്രത്യേകമായ വായനയ്ക്ക് ഞാന്‍ തിരഞ്ഞെടുത്ത ഗ്രന്ഥമാണ് സിദ്ധാര്‍ത്ഥ. നോബേല്‍ സമ്മാന ജേതാവായ ഹെര്‍മ്മന്‍ ഹെസ്സെയുടെ വിശ്വവിഖ്യാതമായ നോവല്‍.

ജീവിതത്തിന്റെ പലതട്ടുകളിലൂടെ കടന്ന് ആത്മാസാക്ഷാത്ക്കാരം നേടുന്ന സിദ്ധാര്‍ത്ഥ എന്ന യുവാവിന്റെ കഥയാണത്. മനസ്സിന്റെ തലത്തില്‍ നിന്നും ശരീരത്തിന്റെയും പിന്നെ ആത്മാവിന്റെ തലത്തിലേയക്കും പോകുന്ന ഈ കഥ ആദ്യന്തം ആകാംക്ഷയോടെ വായിച്ചു തീര്‍ക്കാന്‍ സാധിക്കുന്നു.

സിദ്ധാര്‍ത്ഥനും കളിക്കൂട്ടുകാരനായ ഗോവിന്ദനും ഒന്നിച്ചാണ് ഗുരുകുലത്തില്‍ പഠിക്കുന്നതും വ്രതാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതും അച്ഛന്മമാര്‍ക്കു പ്രയങ്കരമാകുന്നതും, സംയമനത്തിന്റെ , യൗവനത്തിന്റെ നാളുകളില്‍ രണ്ടുപേരും മാതാപിതാക്കളെ വിട്ട് ശ്രമണ സന്യാസിമാരാകുന്നു. ആയിടയ്ക്ക് ഗൗതമബുദ്ധനെ കാണുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ആശയങ്ങളും മനസ്സിലാക്കുകയും ചെയ്യുന്നു. ഗോവിന്ദന്‍ ബുദ്ധശിഷ്യനായി മാറുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥന്‍ ഗൗതമബുദ്ധന്റെ ആശയങ്ങളോടു യോജിക്കാതെ എല്ലാ ആചാര്യന്മാരെയും ഉപേക്ഷിച്ച് തന്റെ വഴിക്കു പോകുന്നു. കാമകലയില്‍ നിപുണയായ കമല എന്ന ദേവദാസി നല്‍കുന്ന സുഖങ്ങളിലും കാമസ്വാമിയോടു ചേര്‍ന്നുള്ള ലൗകിക നേട്ടങ്ങളിലും മനസ്സുടക്കി വര്‍ഷങ്ങള്‍ കടന്നുപോകുന്നു. പക്ഷെ അതൊന്നും സിദ്ധാര്‍ത്ഥന് പരിപൂര്‍ണ തൃപ്തി നല്‍കിയില്ല. ഒടുവില്‍ തന്റെ കൊട്ടാര സദൃശ്യമായ മാളികയും കമലയേയും ഉപേക്ഷിച്ച് പഴയ സന്യാസിയായി സിദ്ധാര്‍ത്ഥ തിരിച്ചു പോകുന്നു.

അദ്ദേഹം നദിക്കരയില്‍ പഴയ ഒരു പരിചയക്കാരനായ വാസുദേവന്‍ എന്ന തോണിക്കാരന്റെ അടുത്തെത്തി; ജീവിതം തുടങ്ങുന്നു. അവിടെ നദിയെ ഏകാഗ്രതയോടെ നോക്കിയിരുന്ന സിദ്ധാര്‍ത്ഥന്‍ പരിചിതമായ എല്ലാ മുഖങ്ങളും കൂടികലര്‍ന്ന് ഒഴുകുന്നത്; എല്ലാ ശബ്ദങ്ങളും ലയിച്ച് ഒന്നായിത്തീരുന്നത് അിറയുന്നു. എല്ലാ മനുഷ്യരും താളാത്മകമായ കാലാതീതമായ ഒരേക ഭാവത്തില്‍ പരസ്പരം ഖണ്ഡിക്കപ്പെട്ടിരിക്കുന്നത് അറിയുന്നു. യോഗാത്മക ചിന്തയിലേക്കും ജ്ഞാനോദയത്തിലേക്കും കടന്നുവന്ന അദ്ദേഹത്തിന്റെ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു. ആത്മീയമായ ബോധോദയം ഉണ്ടാകുന്നതുവരെ അശാന്തിയനുഭവിച്ച ബ്രാഹ്മണ യുവാവിന്റെ കഥ നല്ല വായനാനുഭവമാണ്.

രണ്ടു വ്യത്യസ്ഥമായ ജീവിത ദര്‍ശനങ്ങളാണ് സിദ്ധാര്‍ത്ഥ തരുന്നത്. രണ്ടു ബുദ്ധന്മാരുടെ കഥയാണത്. രണ്ടു സിദ്ധാര്‍ത്ഥന്മാരുടെ , ഗൗതമബുദ്ധന്‍ എന്ന സിദ്ധാര്‍ത്ഥനും ഹെസ്സെയുടെ ആത്മസൃഷ്ടിയായ സിദ്ധാര്‍ത്ഥനും. പൗരസ്ത്യ സംസ്‌ക്കാരത്തിന്റെ മാതൃകയായ ഗൗതമബുദ്ധന്‍ ജീവിത നിഷേധത്തിലൂടെ ആത്മസാക്ഷാത്ക്കാരം നേടുമ്പോള്‍ പാശ്ചാത്യ മാതൃകയായ സിദ്ധാര്‍ത്ഥ ജീവിതത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ച് അവസാനം അതിന്റെ നിസ്സാരത മനസ്സിലാക്കി ആത്മസാക്ഷാത്ക്കാരത്തിലെത്തിച്ചേരുന്നു.

ഒരു നല്ല വായനക്കാരന്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട മനോഹരമായ ഒരു നോവലാണിത്.

(ഹെര്‍മന്‍ ഹെസ്സെ 1877 ല്‍ ജര്‍മ്മനിയിലെ കാല്‍വില്‍ ജനിച്ചു. Steppenwolf, Narcissus and Goldmund, Glass Bead എന്നിവ അദ്ദേഹത്തിന്റെ നോവലുകളാണ്. 1946-ല്‍ നോബല്‍ സമ്മാനം ലഭിച്ചു. 1962-ല്‍ മരിച്ചു.)

ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍ (കൊച്ചേച്ചി)

📖
     കൂട്ടുചേരലുകൾ ഉണ്ടാവും എന്ന പ്രതീക്ഷയോടെ✍

***************************************************
⁠⁠⁠⁠⁠
വിജു: നല്ലൊരു വായനാനുഭവം പകർന്ന നെസി ടീച്ചറിന്ന്🙏🙏🙏                    

മിനി താഹിർ: ഹെർമൻ ഹെസ്സെ..
സിദ്ധാർത്ഥ..
രണ്ടു പരിചയപ്പെടുത്തലുകളും നന്നായിട്ടുണ്ട്...
എന്റെ സുഹൃത്തായ കുരുവിള മാഷിന്റെ ഈ കുറിപ്പ് ഞാൻ കഴിഞ്ഞ വർഷം വായിച്ചിരുന്നു... ഇടയ്ക്ക് പിന്നെയും..
 9ആം ക്ലാസിലെ പാഠം എടുക്കാൻ എനിക്ക് ഏറെ പ്രയോജനപ്പെട്ട ഒന്നാണ് ഈ കുറിപ്പ്.
മാഷിന്റെ പുസ്തക പരിചയങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ....
ഈ കുറിപ്പിൽ ഒന്നുമില്ല.... പുസ്തകത്തിൽ ഉള്ളത് വിശദീകരിച്ചിരിക്കുന്നു എന്നു മാത്രം....
ഇത്രയും വായനയുള്ള ഏറെപ്പേരെ എനിക്കു പരിചയമില്ല.....
ഇടയ്ക്ക് 10.. 12 വർഷത്തോളം വായന ഉപേക്ഷിക്കേണ്ടി വന്ന എനിക്ക് വീണ്ടും വായിച്ചു തുടങ്ങിയെങ്കിലും പഴയ പോലുള്ള ഒരു വായനയ്ക്ക് പ്രചോദനം മാഷിന്റെ പുസ്തകം പരിചയപ്പെടുത്തലുകളാണ്.... ( മറ്റൊരു ഗ്രൂപ്പിൽ)....                    
പ്രവീണ്‍ വര്‍മ്മ: കുരുവിള സാറിന്റെ ഈ കുറിപ്പിനെക്കുറിച്ച് സബുന്നിസ ടീച്ചർ വ്യക്തമാക്കിയത് കൂടാതൊന്ന് കൂടി പറയട്ടെ;
സിദ്ധാർത്ഥാ കുറിപ്പ് സാറിന്റെ മറ്റ് കുറിപ്പുകളിൽ നിന്ന് വ്യത്യസ്തമായനുഭവപ്പെടുന്നു. പുസ്തകത്തെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന കുറിപ്പായാണ് ഇത് മാറിയിരിക്കുന്നത്.
ഹെസ്സെയെയും സിദ്ധാർത്ഥയെയും ഭംഗിയായി പരിചയപ്പെടുത്തിയതിന് നെസി ടീച്ചർക്ക്🙏     
               
നെസ്സി: അൽപ്പം നീളം കൂടുതലാണ്... എങ്കിലും വായിച്ചവർക്കും വായിക്കാത്തവർക്കും പ്രയോജനപ്പെടും എന്നു തോന്നുന്നു .ഒരു പക് ഷേ ഒതുക്കവും ഭംഗിയും രണ്ടാമത്തെ കുറിപ്പിനാണെങ്കിലും. സാമാന്യ ബുദ്ധിക്ക് പലപ്പോഴും പിടി തരാത്ത ബുദ്ധന്റെ ജീവിതം അതിന്റെ വ്യത്യസ്ത തലങ്ങൾ എല്ലാം എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ നോവൽ അത്തരം സന്ദേഹങ്ങൾക്ക് അതിനൊരുത്തരമാകുമോ? പ്രതികരണം പ്രതീക്ഷിക്കുന്നു. വായിച്ചവരിൽ നിന്നും.                    

മിനി താഹിർ: പുസ്തക പരിചയം എന്നു പറയുമ്പോൾ തീർച്ചയായും വായനക്കാരനെ വായിക്കാൻ പ്രേരിപ്പിക്കുന്നതാവണം... തീർച്ചയായും അതിതിലുണ്ട്....
പിരിചയപ്പെടുത്തലിൽ വിമർശനാത്മക വിലയിരുത്തലിന് പ്രസക്തിയില്ലല്ലോ.....                    

അനില്‍: സിദ്ധാർഥ...
വെറുമൊരു ഗ്രന്ഥം മാത്രമല്ല.
ലോക സാഹിത്യത്തിൽ ഭാരതത്തിനുള്ള ഒരു ഇടം കൂടിയാണ്..
നെസി ടീച്ചർക്ക് 💐💐💐                    

വിജു: എല്ലാവരും കാണുന്നു വിലയിരുത്തുന്നു !പക്ഷെ അതെഴുതി ഫലിപ്പിക്കിന്നില്ലെന്നേ ഉള്ളൂ! ചിലർക്കെല്ലാം ഇത് പുതിയ അറിവാണ്: അവർ ആദ്യമായി കടലു കണ്ട കുട്ടിയെ പോലെയും !                    

സുജാത അനിൽ: സിദ്ധാർത്ഥ വായിച്ച നോവലാണ്. പഠിപ്പിക്കാനുമുണ്ട്. ആ നോവൽ വായനയെക്കാൾ മനോഹരമാണ് ഞങ്ങളുടെ സ്വന്തം കുരുവിള മാഷിന്റെ കുറിപ്പ്.അദ്ദേഹത്തിന്റെ  പല വായനക്കുറിപ്പുകളും പിന്നീട് പുസ്തകം വായിക്കാൻ തോന്നാത്ത തരത്തിൽ അവതരിപ്പിക്കുന്നതാണ്. പുസ്തകവായന അത്ര ഗഹനമായി കലാപരമായി സൂക്ഷമതയോടെ കൈകാര്യം ചെയ്യുന്നു എന്ന് സാരം. കടുത്ത വായനയുള്ള അദ്ദേഹം ഈ ഗ്രൂപ്പിലില്ലേലും സേവനങ്ങൾ ലഭ്യമാകുന്നുവല്ലോ. അവതാരകയക്കും ഒപ്പം മാഷിനും അഭിനന്ദനങ്ങൾ.                    

ശിവശങ്കരൻ: സിദ്ധാർത്ഥ നോവൽ പരിചയപ്പെടുത്തിയത് എന്തുകൊണ്ടും ഉചിതമായി .
9ൽ പഠിപ്പിക്കുന്നവർക്കും പഠിക്കുന്ന കുട്ടികൾക്കും ഏറെ പ്രയോജനകരം ..
അഭിനന്ദനങ്ങൾ നെസി ടീച്ചർ

സുജാത അനിൽ: ഈ നോവൽ  ഗൗതമ ബുദ്ധന്റെ ജീവിതമല്ല. അതിന്റെ  അരികിലൂടെ പതയാതെ ഒഴുകുന്ന ഒരു കുഞ്ഞരുവിയാണ് സിദ്ധാർത്ഥ.
എന്നാൽ  പല ഘട്ടങ്ങളിലും ഇവർ ഒന്നാകുന്നു. ( ഒരേ ധാരയിൽ ചലിക്കുന്നു)
ഗൗതമബുദ്ധൻ വേറെ..
സിദ്ധാർത്ഥ വേറെ  .....
കൂട്ടിവായനക്കപ്പുറം സമാനതകൾ  കണ്ടെത്താൻ കഴിയും....   

സ്വപ്ന: സിദ്ധാർത്ഥ യുടെ ഓർമ്മപ്പെടുത്തൽ തികച്ചും സന്ദർഭോചിതമായി.മറ്റു പുസ്തകങ്ങൾക്കൊപ്പം പാo പുസ്തകങ്ങളിലേക്ക് കൂടുതൽ തെളിച്ചം നൽകുന്ന വായനകളും PTയിൽ അനിവാര്യമാണ്.

***************************************************************