ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

9

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ 

ചൊവ്വാ ദിന പ്രൈം ടൈമിലേക്ക് സ്വാഗതം.
ഒമ്പതാം ഭാഗമായി നിങ്ങളൊരുപാട് കേട്ടിരിക്കാനിടയുള്ള ഒന്നാണ് തിരഞ്ഞെടുത്തത്.

കുറത്തിയാട്ടം

ഇതേക്കുറിച്ച് ഒരു ചെറു കുറിപ്പും മൂന്ന് വീഡിയോ ക്ലിപ്പിങും ഇടുന്നു.

കുറത്തിയാട്ടം
കേരളത്തിലെ സംഗീതനാടകം പോലുള്ള ഗ്രാമീണകലാരൂപമാണ്‌ കുറത്തിയാട്ടം. കേരളത്തിന്റെ നാടൻ കലാവിഭാഗത്തിലെ ഒരു സുപ്രധാന കണ്ണിയാണ് ഇത്. പ്രാദേശികമായി ശൈലീഭേദങ്ങളുണ്ടെങ്കിലും കഥാതന്തുവിലെ ഏകത്വവും ദ്രാവിഡ കലാപാരമ്പര്യത്തിന്റെ നിറവും ഈ കലാരൂപത്തെ മനോഹരമാക്കുന്നു. ചില ക്ഷേത്രങ്ങളോടനുബന്ധിച്ച് അനുഷ്ഠാന രൂപത്തിലും അവതരിപ്പിച്ചു വരുന്നുണ്ട് ഈ കലാരൂപം.

വടക്കന്‍  കുറത്തിയാട്ടം, തെക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ കുറത്തിയാട്ടത്തിന്‌ വക ഭേദങ്ങളുണ്ട്‌.

വടക്കൻ കുറത്തിയാട്ടത്തിൽ ഗദ്യസംഭാഷണത്തേക്കാൾ ഗാനങ്ങൾക്കാണ് പ്രാധാന്യം. പൊതുവായുള്ള കുറത്തി, കുറവന്‍ കഥാപാത്രങ്ങള്‍ക്കു പുറമേ നാട്ടുപ്രമാണി, വുദ്ധന്‍, കള്ളുഷാപ്പുകാരന്‍ തുടങ്ങിയ പല വേഷങ്ങള്‍ വടക്കന്‍ ശൈലിയിലുണ്ട്. തൃശ്ശൂർ പൂരം കാണുവാൻ ചെന്ന കുറവനും കുറത്തിയും തിക്കിലും തിരക്കിലും പെട്ട് കാണാതാകുകയും അവസാനം അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുന്നതാണ് വടക്കൻ കുറത്തിയാട്ടത്തിന്റെ ഇതിവൃത്തം. ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന സംവാദങ്ങളാണ് രസകരമായ ഭാഗം. മദ്യപാനം, മറ്റു സാമൂഹ്യ തിന്മകള്‍ തുടങ്ങിയവക്കെതിരായ വിമര്‍ശനവും ഇതിലുണ്ടാകും.

തെക്കന്‍ രീതി തികച്ചും ക്ഷേത്രകലയെന്ന രീതിയിലാണ്. ശിവപാര്‍വ്വതിമാരും, പുരാണ കഥാപാത്രങ്ങളും കഥാപാത്രങ്ങളാകുന്നു.
കുറത്തി, കുറുവൻ, മുത്തിയമ്മ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. പാർവതിയുടെയും മഹാലക്ഷ്മിയുടെയും സങ്കല്പത്തിലുള്ള കുറത്തിവേഷങ്ങൾ രംഗത്തുവന്ന് ഭർത്താക്കൻമാരുടെ കുറ്റം പറയുകയും തർക്കത്തിലാകുകയും ചെയ്യുന്നു. അവസാനം സരസ്വതീ സങ്കല്പത്തിലുള്ള കുറത്തിയെത്തി ഇവരുടെ തർക്കം പരിഹരിക്കുന്നതാണ് ഇതിന്റെ കാതൽ. കുറവന്റെ മാതാവായ മുത്തിയമ്മ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു ഹാസ്യകഥാപാത്രമാണ്.

മുന്‍ കാലങ്ങളില്‍ പുരുഷന്‍മാര്‍ തന്നെ സ്ത്രീ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും പില്‍‌ക്കാലത്ത് സ്ത്രീകളും വേദിയില്‍ എത്തി. കഥാപാത്രങ്ങള്‍ പാടുന്ന ഗാനങ്ങള്‍ പിന്നണി ഗായകന്മാര്‍ ഏറ്റുപാടുന്നു. പാട്ടുകാരനോടൊപ്പം കൈമണിയും ഹാർമ്മോണിയവും മൃദംഗം/തബലയും ചേർന്ന് വാദ്യഘോഷമൊരുക്കുന്നു.
സമകാലീന വിഷയങ്ങളെക്കുറിച്ചുള്ള, പൊറാട്ടു വേഷങ്ങളുടെ ആക്ഷേപഹാസ്യ പ്രകടനങ്ങളിലൂടെ ആരംഭിച്ച് കുറവന്റേയും കുറത്തിയുടെയും കലഹങ്ങളിലൂടെ പുരോഗമിക്കുന്ന, ഹാസ്യാത്മകവും അതേസമയം അർത്ഥപൂർണ്ണവുമായ അവതരണം ദാമ്പത്യത്തിന്റെ നല്ല സന്ദേശം കാണികളിലെത്തിക്കുന്നു.
ഗദ്യത്തേക്കാൾ പിന്നണി ഗായകന്റെ ഗാനരൂപത്തിലാണ് സംഭാഷണങ്ങളേറെയും. ഭാഷ വളരെ ലളിതവും നാടൻ പ്രയോഗങ്ങളാൽ സമ്പന്നവുമാണ്.

വടക്കന്‍ രീതി ഏകദേശം നാമാവശേഷമായി. തെക്കന്‍ രീതി ചില ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്നതുകൊണ്ട് നിലനില്‍ക്കുന്നു.

അന്ത്യനാളുകളെണ്ണിക്കഴിയുന്ന നമ്മുടെ പാരമ്പര്യ കലകളെപ്പോലെ കുറത്തിയാട്ടവും അവഗണനയിലാണ്.
രണ്ട് നൂറ്റാണ്ടു പഴക്കമുള്ള കുറത്തിയാട്ടമെന്ന കഥചൊല്ലിയാട്ടം ആവശ്യത്തിന് വേദികളും കലാകാരന്മാരും ആസ്വാദകരുമില്ലാതെയായിരിക്കുന്നു.പുതിയ തലമുറക്ക് ഇവ പഠിച്ചെടുക്കുന്നതിലുള്ള താത്പര്യക്കുറവും, പ്രൌഢകലകള്‍ക്കു ലഭിക്കുന്ന അംഗീകാരം ലഭിക്കാത്തതും സംഗീത പ്രധാനമായ ഈ ദൃശ്യകലയുടെ അപചയത്തിന് കാരണമാക്കി.

ഗ്രാമ്യ നിഷ്ക്കളങ്കത തുടിച്ചു നില്ക്കുന്ന ഈ കലാരൂപം തീർച്ചയായും സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്.


ഇന്നിനി ഞാനോതുവത്

ഒരേ കലാരൂപം വ്യത്യസ്ത രീതിയിൽ തെക്കും വടക്കുമായി പ്രചരിച്ചിരിക്കുക; കുറത്തിയാട്ടത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി കാണാം. ഈ പ്രത്യേകതയുള്ള മറ്റു കലാരൂപങ്ങളൊരുപാടുണ്ടോ? ഉണ്ടെങ്കിൽ അവയെ വേറിട്ട രീതിയിൽ പഠനവിഷയമാക്കേണ്ടതല്ലേ?