കുതിരലാടം പെയ്ത മഞ്ഞുവഴികള്‍
(അമര്‍നാഥ് യാത്ര- ഭാഗം-6)
〰〰〰〰〰〰〰〰
ബാബു ഒതുക്കുങ്ങല്‍
➖➖➖➖➖➖➖➖അപൂര്‍വ്വ സസ്യങ്ങള്‍ നിറഞ്ഞ വനത്തില്‍ നിന്ന് ഒന്നുമാത്രം പറിച്ചെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഹനൂമാന്‍ ദ്രോണഗിരി പര്‍വ്വതം മുഴുവന്‍ ഉയര്‍ത്തിക്കൊണ്ടുപോയത്.മൃതസഞ്ജീവനി കേവലം മൃതിയെ വെല്ലുന്ന സിദ്ധൗഷമല്ല, ഹിമഗിരി ചൂടുന്ന ഔഷധവൈവിദ്ധ്യത്തിന്‍റെ സൂചകമാണ്. വായുവിന് പോലും ഔഷധഗുണമുള്ള ഹിമാലയ സാനുക്കളില്‍ നിന്നാണ് ഭാരതത്തിലെ പുരാതന ഭിഷഗ്വരന്മാര്‍ ആയുര്‍വേദം കണ്ടെടുത്തത്. മൃതസഞ്ജീവനി മാത്രമല്ല വിഷസസ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണിവിടം. ഹിമാലയത്തിലൂടെയുള്ള കാല്‍നടയാത്രയില്‍ നില്‍ക്കാനോ വിശ്രമിക്കാനോ പാടില്ലാത്ത ചിലയിടങ്ങളുണ്ടത്രേ.മോഹാലസ്യപ്പെടുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം.
ബന്‍ ക ജരിയ ഒരു ഔഷധസസ്യമാണെന്നാണ് അവര്‍ പറഞ്ഞത്. കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാ അരിഷ്ടതകള്‍ക്കുമുള്ള സിദ്ധൗഷധം. ഞങ്ങള്‍ നടന്നുപോകുമ്പോള്‍ അവര്‍ മൂന്ന് സന്യാസിമാര്‍ വഴിയരികില്‍ കുന്തിച്ചിരുന്ന് കിഴങ്ങുകള്‍ വേര്‍പെടുത്തുകയായിരുന്നു. കാണ്ഡവും ഇലകളും ഉപേക്ഷിക്കാന്‍ പാകത്തിന് മാറ്റിവയ്ക്കുകയും മണ്ണ് പുരണ്ട രണ്ടിഞ്ച് വലിപ്പമുള്ള നീണ്ട കിഴങ്ങുകള്‍ കിഴി കെട്ടുന്നതിനായി നിലത്ത് വിരിച്ചുവച്ച തുണിയിലിടുകയും ചെയ്തുകൊണ്ടിരുന്നു.ഏതെങ്കിലും ഔഷധിയുടെ പ്രാദേശികമായ പേരായതുകൊണ്ടാകാം ആ ചെടി എന്താണെന്നറിയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പഞ്ചതര്‍ണിയിലേക്ക് ഇനി മൂന്ന് കിലോമീറ്റര്‍ മാത്രമേയുള്ളൂ എന്ന് കാണിക്കുന്ന ബോര്‍ഡ് കാണാറായി. ഉടന്‍തന്നെ തൊട്ടടുത്തെന്ന പോലെ ക്യാമ്പിന്‍റെ ടെന്‍റുകളും ദൃശ്യമായി. അത് പഞ്ചതര്‍ണിയോണോ, അവിടേയ്ക്കാണോ മൂന്ന് കിലോമീറ്റര്‍ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് കുതിരക്കാര്‍ കടന്നുപോയി.അവരോട് ചോദിച്ചു, അതുതന്നെയാണ് പഞ്ചതര്‍ണ്ണി. അകലെയാണെങ്കിലും കാഴ്ചയുടെ പരപ്പുകൊണ്ട് അടുത്താണെന്ന് തോന്നിക്കുന്നു എല്ലാം. പിന്നെയൊരു മുനമ്പില്‍ നിന്ന് കുത്തനെ താഴേയ്ക്കിറങ്ങിയത് ഒരു താഴ്വരയിലേക്ക്. മേലോട്ട് നോക്കുമ്പോള്‍ മുനമ്പില്‍നിന്ന് ഞങ്ങളിറങ്ങിവന്നത് എത്ര അപായം നിറഞ്ഞ ചരിവിലൂടെയാണന്ന ചിന്തയില്‍ തരിച്ചുനിന്നുപോയി. ശരിയായ വഴി മലയെ ചുറ്റി വളഞ്ഞുവരുന്നതാണെന്നും ആ സാഹസം കൊണ്ട് അര കിലോമീറ്ററെങ്കിലും ലാഭിച്ചിട്ടുണ്ടാകുമെന്നും മനസ്സിലായി. താഴ്വരയില്‍ ഒരു പാറക്കല്ലിലിരുന്ന് കിഴക്കോട്ട് നോക്കുമ്പോള്‍ അവിടെയതാ വലിയൊരു മഞ്ഞുപര്‍വ്വതം.നീണ്ടുകിടക്കുന്ന പര്‍വതത്തിന്‍റെ കുഴിഞ്ഞുകിടക്കുന്ന ഒരു ചരിവ് മുഴുവന്‍ ഐസ്ക്രീം കോരിയൊഴിച്ച പോലെ മഞ്ഞ് തൂവിക്കിടക്കുന്നുണ്ട്.അതിനിരുവശവും പര്‍വ്വതത്തിന്‍റെ മേനിയില്‍ മണ്ണുമാന്തിയന്ത്രത്തിന്‍റെ കൈകള്‍ കൊണ്ട് ആഞ്ഞുവരച്ചപോലെ ലംബമായിക്കിടക്കുന്ന ചാലുകള്‍, അതില്‍ അടി മുതല്‍ മുടിവരെ മഞ്ഞ്.പര്‍വ്വതത്തിന്‍റെ ഉച്ചിയില്‍ ബാഷ്പം പുകയുന്നുണ്ട്.
വലതുഭാഗത്തുള്ള നദിയെ ഒരു ഉരുക്കുപാലം മുറിച്ചുകടന്നുകൊണ്ട് ഞങ്ങള്‍ ഇടതുഭാഗത്തേക്ക് തള്ളിനീക്കി. പാറകളുടെ ചരിവിലൊക്കെ അമര്‍നാഥ് യാത്രയുടെ സുരക്ഷാചുമതലയുള്ള ഗാലന്‍റ് ഗറില്ലാസ് എന്ന സൈനികവിഭാഗത്തിന്‍റെ പരസ്യവാചകവും ആശംസകളും പച്ചയില്‍ വെള്ള നിറത്തില്‍ പെയിന്‍റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.പുഴ കടന്നതോടെ കണ്ട ലംഗറില്‍ കടന്ന് ചായ കുടിച്ചു. സൗജന്യ താമസസൗകര്യവും ഇവിടെയുണ്ട്.എന്നാല്‍ കുതിരപ്പുറത്ത് നേരത്തെ അവിടെയെത്തിയ പ്രേമും സജീഷേട്ടനും ടെന്‍റ് വാടകയ്ക്കെടുത്തുകഴിഞ്ഞിരുന്നു. ഏതാനും സമയത്തെ നടത്തം രണ്ട് പര്‍വ്വതങ്ങള്‍ക്കിടയില്‍ വയല്‍ പോലെ നീണ്ടുപരന്ന് കിടക്കുന്ന വിശാലമായ ഒരു ഭൂപ്രദേശം കണ്ടു. ക്രിക്കറ്റ് പിച്ച് പോലെ പുല്ല് പതിഞ്ഞു നില്‍ക്കുകയാണ് മുഴുവന്‍. അതിന്‍റെ ഒരറ്റത്ത് ക്യാമ്പുകള്‍ വിദൂരതയില്‍ കാണാറായി.രണ്ടായി പകുത്തുകിടക്കുന്ന ഒരു കൂറ്റന്‍ പര്‍വ്വതത്തിന്‍റെ താഴ്വരയില്‍ ടെന്‍റുകള്‍ മണ്‍തരി പോലെയോ മണല്‍ത്തരി പോലെയോ തോന്നിച്ചു.വയല്‍ മുറിച്ചുകടക്കാന്‍ സിമന്‍റില്‍ പണിത നടപ്പാതയുണ്ട്. വയലിന്‍റെ മദ്ധ്യത്തിലൂടെ അതിനെ രണ്ടായി പിളര്‍ത്തുകൊണ്ട് സ്ഫടികം പോലെ ഒരു നീര്‍ച്ചാല്‍ കടന്നുപോകുന്നുണ്ട്. വയലില്‍നിന്ന് കിഴക്കോട്ട് നോക്കുമ്പോള്‍ മഞ്ഞുമലകളുടെ കാഴ്ച അതിഗംഭീരമെന്ന് പറയാം. ഒരിക്കല്‍കൂടി ഒരുരുക്കുപാലത്തിലൂടെ നദി കടന്നതോടെ ഞങ്ങള്‍ പഞ്ചതര്‍ണ്ണി ക്യാമ്പ് പരിധിയിലെത്തി.
“മഹാ പേടിത്തൊണ്ടന്മാരാണ് മലയാളികള്‍. രണ്ടര ലക്ഷം പേര്‍ വന്നുപോയതില്‍ നാട്ടുകാര്‍ വെറും ഇരുനൂറോ ഇരുനൂറ്റമ്പതോ മാത്രം. അതും ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ വേണ്ടപ്പെട്ടവര്‍. വാര്‍ത്തകള്‍ വായിച്ച് പേടിച്ച് മാളത്തിലൊളിക്കാതെ ഈ വഴിയൊക്കെ വന്നുനോക്കിക്കൂടേ? എന്താണ് സത്യാവസ്ഥയെന്ന് നേരില്‍ കണ്ടുകൂടേ?”. സെക്യൂരിറ്റി പോസ്റ്റ് കടന്നയുടന്‍ കണ്ട മലയാളിയായ പട്ടാളക്കാരന്‍ പറഞ്ഞു. അതുവഴി കടന്നുപോയ മറ്റൊരു പട്ടാളക്കാരനോട് എന്തോ പറയുന്നതിനിടെയാണ് അയാള്‍ മലയാളിയാണെന്ന് ഞങ്ങള്‍ കണ്ടെത്തിയത്. "നിങ്ങളെവിടെയാണ്?” മലയാളിയെ കണ്ടുമുട്ടിയാല്‍ ആദ്യം ചോദിക്കുന്നത് ഇതായിരിക്കും. അയാളോട് യാത്ര പറഞ്ഞപ്പോഴേക്കും ക്യാമ്പിലെത്തിക്കഴിഞ്ഞിരുന്നു.കോണ്‍ക്രീറ്റിലുയര്‍ത്തിയ നടപ്പാത, ഇടതുഭാഗത്ത് കമ്പിവേലി, അതിനപ്പുറം വേനലിലെ നിളാനദിയെപ്പോലെ അല്ലെങ്കില്‍ നീണ്ടൊരു വയല്‍ പോലെ വിശാലമായൊരു പുല്‍പ്പരപ്പ്, അതിനു നടുവില്‍ ഒരു നദി-ചെറുതല്ലെങ്കിലും പുല്‍പ്പരപ്പിന്‍റെ വിശാലതയില്‍ അത് ചെറുതായി കാണുന്നുവെന്ന് മാത്രം, വലതുഭാഗത്ത് മുപ്പതോളം ടെന്‍റുകള്‍,അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും ഉന്നതമായ പര്‍വ്വതങ്ങള്‍- ഒരു വശത്ത് മഞ്ഞുചൂടിയവ,അവയ്ക്കിടയിലൂടെ അമര്‍നാഥിലേക്കുള്ള നടപ്പാത വളഞ്ഞ് കാഴ്ചയില്‍നിന്ന് അപ്രത്യക്ഷമാകുന്നു.ഇതാണ് പഞ്ചതര്‍ണ്ണി- അമര്‍നാഥിലേക്കുള്ള യാത്രയില്‍ അവസാനത്തെ താമസകേന്ദ്രം.
പ്രേമും സജീഷേട്ടനും എടുത്ത ടെന്‍റ് എവിടെയെന്നറിയില്ല, ചന്ദ്രേട്ടന്‍റെ മൊബൈല്‍ നിലച്ചുപോയിരിക്കുന്നു. ഓരോ ടെന്‍റിലും കയറി നോക്കുക എന്നത് അപ്രായോഗികം. പിന്നെ ഞങ്ങള്‍ അവസാനത്തെ ആ അടവെടുത്തു. ടെന്‍റുകളുടെ നിരകള്‍ക്ക് നടുവിലൂടെ "ഹോയ് പ്രേംജീ.." എന്ന് ഉറക്കെ വിളിച്ചുകൊണ്ട് നടക്കാന്‍ തുടങ്ങി. "ഹോയ് നാരായണ്‍ജീ..." ഏതാനും ടെന്‍റുകള്‍ പിന്നിട്ടപ്പോള്‍ മറുവിളി കിട്ടി. തകരക്കട്ടിലുകളും ലൈറ്റുമുണ്ട്- ഭാഗ്യം.പുറത്തുനിന്ന് ഹെലികോപ്റ്ററുകളുടെ ഇരമ്പം കേള്‍ക്കുന്നുണ്ട്. സമയം ഉച്ച കഴിഞ്ഞ് മൂന്നരയായിട്ടേയുള്ളൂ. ബാഗും മറ്റും ടെന്‍റില്‍ വച്ച് പതുക്കെ പുറത്തിറങ്ങി. കമ്പിവേലിക്കപ്പുറം നദിയുടെ തീരത്തുനിന്നാണ് ഇരമ്പം കേള്‍ക്കുന്നത്. തുമ്പികള്‍ പൂവില്‍ വന്നിറങ്ങിപ്പോവുന്നതുപോലെ കോപ്റ്ററുകള്‍ താഴുകയും പൊങ്ങുകയും ചെയ്യുന്നുണ്ട്.നദീതിരത്തുള്ള ഹെലിപ്പാഡില്‍ കോപ്റ്റര്‍ ഏതാനും സെക്കന്‍റുകള്‍ നിര്‍ത്തുകയും യാത്രക്കാര്‍ ചാടിയിറങ്ങുകയും കയറാനുള്ളവര്‍ ആ നിമിഷം ചാടിക്കയറുകയും ചെയ്യും. ഇറങ്ങാനുള്ള കോപ്റ്റര്‍ വന്നിട്ടുണ്ടെങ്കില്‍ അത്രയും സമയം അത് മുകളില്‍ വട്ടമിട്ട് പറക്കുകയും ചെയ്യും. തൊട്ടപ്പുറത്തെ ഒരു ടെന്‍റിന്‍റെ കര്‍ട്ടന്‍ തുറന്നിട്ടിരിക്കുന്നു. അതില്‍ ചാരനിറമുള്ള കമ്പിളിക്കുപ്പായമിട്ട സദ്ദാം ഹുസൈനെപ്പോലൊരാള്‍ കുന്തിച്ചിരുന്ന് ഹുക്ക വലിക്കുന്നുണ്ട്. അതുകണ്ട് കൗതുകം തോന്നി. ക്യാമറ അങ്ങോട്ട് തിരിച്ചുപിടിച്ചു. ഇതാ ഫോട്ടോയെടുത്തോളൂ എന്ന ഭാവേന അയാള്‍ എന്നെ നോക്കി ഒന്നുകൂടി ആഞ്ഞുവലിച്ചു. നാരായണിന്‍റെ കൂടെ കൈലാസയാത്രയിലുണ്ടായിരുന്ന ഗുരുവായൂര്‍ക്കാരന്‍ കൃഷ്ണേട്ടനെയും ബാംഗ്ലൂര്‍കാരന്‍ ശ്രീനിവാസും ഇവിടെവച്ച് ഞങ്ങളോടൊപ്പം ചേര്‍ന്നു. അമ്പത് കഴിഞ്ഞവരാണ് രണ്ടുപേരും. ഒരുമാസത്തിനടുത്തായത്രേ രണ്ടും വീടുവിട്ടിട്ട്, പറവകളെപ്പോലെ. കൃഷ്ണേട്ടന്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍. ഓഷോയെപ്പോലെ തേജസ്വിയായ ഒരാള്‍. ബാഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശ്രീനിവാസിനാ മലയാളം കഷ്ടിയാണ്. കൈലാസത്തിന്‍റെ അപൂര്‍വ്വചിത്രങ്ങളുണ്ട് ഇയാളുടെ ടാബില്‍. ഇരുവരും ഞങ്ങളുടെ ടെന്‍റില്‍ത്തന്നെയാണ് ഇടം കണ്ടെത്തിയത്.
പഞ്ചതര്‍ണ്ണി നദിയില്‍ ഒന്ന് നീരാടണം. ലുങ്കിയുടുത്ത് പുറത്തിറങ്ങിയപ്പോള്‍ ചെറിയ വെയിലുണ്ടായിരുന്നു,ചൂടും. ലുങ്കി കണ്ട് ഇവരിത് എവിടത്തുകാരാണെന്ന് ആളുകള്‍ തുറിച്ചുനോക്കി. ചെക്ക് പോയിന്‍റ് കടക്കുമ്പോള്‍ തട്ടമിട്ട ഒരു കാശ്മീരി പോലീസുകാരി'കുളിക്കാന്‍ പോകുകയാണോ' എന്ന് കുശലം ചോദിച്ചു. "അങ്ങേക്കരയിലൊരു ഉഷ്ണനീരുറവയുണ്ട്”- അവര്‍ പറഞ്ഞു. അവര്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി. ഒരു ചെറിയ മരക്കുടിലുണ്ട്, കുതിരകള്‍ മേയുന്നുണ്ട്. ആരുമില്ലാതെ വിജനമായിക്കിടക്കുകയാണ്.കണ്ണെത്താദൂരത്താണ്. കുറച്ചൊന്നുമല്ല നടക്കാന്‍.ക്യാമ്പിലേക്ക് വന്നത് തന്നെയാണ് പുഴയിലേക്കുള്ള വഴി. കൈവരിയില്ലാത്ത മരപ്പാലം കടന്നു.ഉഷ്ണനീരുറവ വരെയൊന്നും നടക്കാനാവില്ലെന്നുറച്ച് നദിക്കരയിലെത്തി. ആഴമെത്രയെന്ന് വെളിപ്പെടുത്താതെ പരന്നുകിടക്കുകയാണ് പഞ്ചതര്‍ണ്ണീ നദി. അപ്പുറത്ത് ഒരാള്‍ കുളിക്കുന്നതു കണ്ട് അവിടെയെത്തി. വെളളത്തിന്‍റെ തണുപ്പുകൊണ്ടാകണം കൃഷ്ണേട്ടനും ശ്രീനിവാസേട്ടനും നാരായണും കുളിക്കാതെ ഉഷ്ണനീരുറവയുടെ ഭാഗത്തേക്ക് നടന്നു. ഞാനും സജീഷേട്ടനും നദിയിലിറങ്ങി. അടിത്തട്ടിലെ മൂര്‍ത്ത കല്ലുകള്‍ കാലുകള്‍ നോവിക്കുന്നുണ്ട്. പക്ഷേ അതിലേറെ നോവിച്ചത് തണുപ്പായിരുന്നു. മുങ്ങുന്നത് പോയിട്ട് വെള്ളത്തില്‍ ഏതാനും സെക്കന്‍റുകള്‍ നില്‍ക്കാന്‍തന്നെ കഴിയില്ലെന്ന് മനസ്സിലായി. ഇന്നലെ വെള്ളച്ചാട്ടത്തില്‍ വച്ച് ചെയ്തപോലെ വെള്ളം തേവിത്തെറിപ്പിച്ച് കുളിച്ച് കരയ്ക്കുകയറി. മനസ്സും ശരീരവും ശുദ്ധമായതോടെ ചുറ്റുമുള്ള കാഴ്ചകളിലേക്ക് കണ്ണുകള്‍ പാഞ്ഞു. പച്ചപ്പുല്ലു നിറഞ്ഞ താഴ്വരയും വിദൂരതയില്‍ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞു കിടക്കുന്ന പര്‍വ്വതനിരകളുമാണ്. മുകളില്‍ പതുപതുത്ത മഞ്ഞ്.അതുരുകി പളുങ്കുധാരയായി താഴ്വരയിലൂട ഒരു ചോലയായി ഒഴുകി വരികയും അത് കൈവഴിയായി പഞ്ചതര്‍ണ്ണിയില്‍ ചെന്നുചേരുകയും ചെയ്യുന്നുണ്ട്.
ഉഷ്ണനീര്‍ തേടിപ്പോയവരെ ഒരു പൊട്ടുപോലെ ദൂരെ കാണുന്നുണ്ട്. ഇനിയും ഏറെ ദൂരം താണ്ടാനുണ്ടെന്നു തോന്നുന്നു അവര്‍ക്ക്. ഞങ്ങള്‍ നേരെ ടെന്‍റിലേക്ക് നടന്നു. അവരിനി എപ്പോള്‍ അവിടെയെത്തും?എപ്പോള്‍ തിരിച്ചെത്തും? അറിയില്ല. ഇങ്ങോട്ട് വന്നപ്പോഴുണ്ടായിരുന്ന ഇളവെയിലും ചൂടുമൊക്കെ പമ്പകന്നിരിക്കുന്നു. അസ്സല്‍ തണുപ്പും ശീതക്കാറ്റും ശരീരത്തിലേക്ക് അടിച്ചുകയറുന്നുണ്ട്. എങ്ങനെയും ടെന്‍റിലെത്തിപ്പെടണം, സ്വെറ്ററോ കോട്ടോ ഒന്നുമില്ല ശരീരത്തില്‍. ചെക്ക് പോയിന്‍റ് കടന്നപ്പോള്‍ ആ തട്ടമിട്ട പോലീസുകാരി അവിടെത്തന്നെയുണ്ട്. “നഹാനാ ഹോഗയാ ക്യാ?” അവര്‍ ചോദിച്ചു. "ഹാം.ടണ്ഡാ പാനീ മേം". “ഗരം പാനീ മേ ക്യോം നഹീം?”-അവര്‍ വീണ്ടും ചോദിച്ചു. “പോയവരെക്കുറിച്ച് യാതൊരു വിവരവുമില്ല”- കൈ കെട്ടി കക്ഷത്തില്‍ വിരലുകള്‍ തിരുകി ഞങ്ങള്‍ നടന്നു.
🌔🌔🌔🌔🌔🌔🌔🌔